16. പുലർകാല കാഴ്ചകൾ
പൂർവ്വദിക്കിലരുണനുയരും മുൻപേ
പൂങ്കോഴി സ്വയമുണർന്നുറക്കെക്കൂവി
നിത്യത്തൊഴിലവനഭ്യസിച്ചു നന്നായ്,
നിത്യവു, മുണരേണ്ടവരുമുണരും !
സഹ്യാദ്രിമലകൾതന്നിടയിൽക്കൂടി
സവിതാവുതലപൊക്കിനോക്കിത്തന്റെ
കിരണകരങ്ങൾകൊണ്ട് തലോടീടവേ
തരളിതയായിട്ടതിലജ്ജയാലേ,
പ്രത്യൂഷ മഞ്ഞലകൾ മെല്ലേ വലിഞ്ഞിട്ട്
പൃഥ്വിതൻ മാറിലേയ്ക്കലിഞ്ഞുചേർന്നു
പോകവേ വഴിയിലെ പുല്ലിൻതുമ്പിലും
പൂക്കൾതന്നരുമ ദലങ്ങളിലൊക്കെ
ലാവണ്യകണികകളൊട്ടിച്ചു വച്ചു
ലാളിത്യമേകീ, ദിനകരനവയിൽ
പ്രകാശത്തിന്നൂഷ്മള ചുംബനമേകി
പ്രകൃതിതൻവിസ്മയക്കണിയൊരുക്കി.
ഒരു മാത്രതൻ കണിക്കാഴ്ചയാണേലും
ഒരുകുഞ്ഞു സൂര്യനോരോകണികേലും
ഓരോ കണികയുമൊരു സ്ഫടികച്ചെപ്പ്
ഓരോന്നിലും ചുറ്റുപാടിൻ പ്രതിബിംബം!
കാകന്മാരടുക്കളയങ്കണത്തെത്തി
കാകാരവമുണ്ടാക്കിച്ചോദിച്ചുറക്കെ
"വരുമോ സുഷുപ്തി വിട്ടൊന്നെഴുന്നേറ്റു
തരുമോ അടുക്കളേൽശേഷിച്ചയെച്ചിൽ?"
******* ******* *******
ഉറക്കമുണർന്നു ഞാൻ കോട്ടുവായുമിട്ട്
ഉറക്കമകറ്റാനായ് കണ്ണും തിരുമ്മി
ഉമ്മറത്തെത്തവേ കാണ്മതോയെന്നമ്മ
ഉറക്കമുണർന്നു കുളിയും കഴിഞ്ഞിട്ട്
അടുക്കളേൽക്കയറിക്കടുംകാപ്പിയിട്ട്
അച്ഛന്നു നൽകി, അതുകുടിച്ചിട്ടച്ഛൻ
വൃഷഭങ്ങളേയും തെളിച്ച് നടക്കുന്നു
വയലിലേക്ക്, തോളിൽ കലപ്പയുമേന്തി!
******* ******* *******
ഇന്നാ നൽക്കാഴ്ചകളോർമ്മയായ് മാറവേ
ഇനിയതൊരൂഷ്മള നീറ്റലാം ഹൃത്തിൽ
കാലചക്രത്തിന്റെ കയ്യിൽ നാമെല്ലാരും
കേവലമിന്നിൻ കളിപ്പാവകൾ മാത്രം!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ