56. കൊറോണച്ചിന്തകൾ
അടങ്ങിയിരിക്കുവാൻ അറിയാ 'കൊറോണ' ഞാൻ
അടുത്തുവരുന്നോരെ നിശ്ചയമകത്താക്കും
അഹങ്കാരിയാമൊരു പരമാണുവാണു ഞാൻ
"രാജ്യാന്തരങ്ങളിൽ കറങ്ങിപ്പടരേണ്ട
അജയ്യനായീടേണ്ട യോഗാശ്വമാണു ഞാൻ
മനുഷ്യന്നഹങ്കാരം അലിയിച്ചേ കളയും
'സാനിറ്ററൈസർ' ഞാൻ നിസ്സാരനല്ല, റിയൂ
"എന്റെ മുൻഗാമികളെ നിങ്ങൾക്കറിയാമല്ലോ!
എന്നേക്കാളവരൊട്ടും പിറകിലല്ലാരുന്നു
നൂറു വർഷങ്ങളൊരുപോലേയിടവിട്ടവർ
നാടായ നാടൊക്കെ വിറപ്പിച്ചു മുന്നേറി
"പതിനെട്ടാം നൂറ്റാണ്ടിൽ ഇരുപതാം വർഷത്തിൽ
പ്ലേഗു കൊണ്ടുപോയതോ ഫ്രാൻസിൽ നിന്നൊരു ലക്ഷം
പത്തൊൻപതാം നൂറ്റാണ്ടിലെ പത്തൊൻപതാം വർഷേ
പൂർവ ഇന്ത്യയിൽ നിന്നും കോളറേമൊരു ലക്ഷം
"ഇരുപതാം നൂറ്റാണ്ടിൽ ഇരുപതാം വർഷത്തിൽ
ഒരുകോടിക്കു മേലേ സ്പാനിഷ്ഫ്‌ളൂ കൊണ്ടുപോയി!
ഈയൊരു നൂറ്റാണ്ടിലെ ഇരുപതാം വർഷമിത്
ഇപ്രാവശ്യമെത്രപേർ എനിക്കിരയാകുമോ!?
"പ്രവചിക്കുവാനാമോ? മനുഷ്യാ നിനക്കൊന്നു
പ്രവചനം നിനക്കു നിസ്സാരമല്ലേ വെറും!
കൊണ്ടു ഞാൻ പോകും തീർച്ച! എനിക്കു വേണ്ടുന്നോരേ
കഴിവുണ്ടെങ്കിൽ തടയ് നമുക്ക് നോക്കാമൊരു കൈ "
പത്തി താഴ്ത്തീടുന്നിതാ മനുഷ്യന്റെയഹങ്കാരം
ഒത്തൊരുമയോടവൻ, അകന്നുനിന്നാണേലും,
പൊതുവായ ശത്രുവെ തുരത്തുവാനായിട്ടു
ജാതിമതമില്ലാതെ രാത്രിപകലില്ലാതെ
പൊരുതുകയാണിന്നു തുരത്താൻ കൊറോണയെ,
പൊട്ടിക്കുകയാണവൻ കൊറോണാ വഴിയിലെ
കണ്ണികൾ "ബ്രെക്ക് ദി ചെയിൻ" പോലുള്ള മാർഗ്ഗം വഴീം
കയ്യുകൾ കഴുകിയും അന്യോന്യം തൊടാതേയും.
മതങ്ങൾ ഒറ്റക്കെട്ടായ്, വിദ്വേഷം മറന്നവർ.
മാസങ്ങൾക്കുമുൻപവർ തമ്മിൽ തല്ലിയതല്ലേ?
മനുഷ്യന്ന്, സർക്കാരിന്ന് സ്വയം പറ്റാത്ത കാര്യ-
മറിയാതെയാണേലും ചെയ്‌വൂ കൊറോണ മൂലം!
അമ്പലോം പള്ളികളും അടഞ്ഞുകിടപ്പായി
അകത്തുള്ള ദൈവങ്ങൾ കണ്ണടച്ചിരുട്ടാക്കി
അവരും പേടിക്കുന്നോ അണുവാം കൊറോണയെ
അതിനെയോടിക്കുവാൻ കഴിവില്ലെന്നോ, കഷ്ടം!
ആചാരങ്ങളവർക്കു വേണ്ടാതായെന്നു തോന്നും
ആചാരങ്ങൾ നടത്താൻ വേണ്ടാ പുരോഹിതരും
മഹാമാരി തുരത്താൻ കഴിയാ ദൈവങ്ങളും മതപുരോഹിതരും അധികപ്പറ്റാവില്ലേ?
മതവുംആചാരവും ഇല്ലാത്തൊരവസ്ഥയിൽ
മനുഷ്യൻ ഇതുപോലെ നന്നായീടുമെന്നാകിൽ
അത്രയും നന്ന്, മനുഷ്യൻ തമ്മിൽ തല്ലീടില്ലല്ലോ!
അത്രയുമാശ്വാസമാം സർക്കാരിന്നുമതുപോൽ
കൊറോണ പോകും തീർച്ച പിടിച്ചുകെട്ടും നമ്മൾ
കൂടെക്കൊണ്ടുപോട്ടവൻ മതവും ആചാരവും,
വിദ്വേഷോം, അവിശ്വാസോം, മനുഷ്യൻ നന്നാവട്ടേ!
വളരട്ടേ സൗഹൃദം അന്യോന്യം സ്നേഹിക്കട്ടേ
മനുഷ്യൻ ഒന്നാണെന്ന ബോധമുണ്ടായാൽപ്പിന്നെ
മേലിൽ വരുകില്ലല്ലോ 'കൊറോണക്കിറോണകൾ'!
അല്ലാ, വീണ്ടും മനുഷ്യൻ തൻനിറം കാണിക്കുകിൽ
അണുക്കൾ വന്നേപോകും പാഠം പഠിക്കുമവൻ !
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ