10. വേനൽ മഴക്കാല വ്യോമം
ഗ്രീഷ്മത്തിൻ വേളയിലനുപമമോഹനം
ഗഗനമമലമാം സാന്ദ്ര നീലിമയാൽ
അരുണോദയത്തിലെ വ്യോമത്തിൻ വദനം
അത്യന്ത സുന്ദരമാമരുണാഭയാലേ
ഭാസുരനുയരവേ ആതപ താപവും
ഭീതിതമാം വിധമുയരുകയെന്നതും
പൊതുവിധി, ഗ്രീഷ്മത്തിൽ കാലചക്രത്തിന്റെ
പതിവുക്രിയയാമത,തിനില്ല മാറ്റം
ഗ്രീഷ്മത്തിൻ വ്യോമമേ പുലർകാലയർക്കന്റെ
ഊഷ്മളരശ്മിയാൽ തുടുത്ത നിൻവദനം
മദ്ധ്യാന്ഹ സൂര്യന്റെ കഠിന താപത്താലേ
മാഴ്കി, വിളറീട്ടു സായാന്ഹമണയവേ
കാർമേഘപൂരിതമായിടുമതു പിന്നെ
കദനം നിഴലിട്ടു നിൽക്കുവാൻ കാരണം
വരുണന്റെയുള്ളിലെ കദനം കലങ്ങീട്ട്
വെളിയിൽവന്നാവിയായ്പൊങ്ങിപ്പറന്നതാം
അനിലപ്പോൾ നിന്റെ വദനം തഴുകുകിൽ
അറിയാതെ നിൻകദനം മഴയായലിഞ്ഞ്
പൊഴിയുമഥ തെളിയും തവവദനം വെൺ
പയോധര പാളികളാലപൂർവ്വ ദൃശ്യമായ്
പിറകേയരുണന്റെ കിരണങ്ങൾ തട്ടീട്ട്
പലവർണ്ണച്ചായത്തിൻ കൂട്ടിനാൽ നിന്മുഖം
പ്രഭാമയമായിട്ട് വിളങ്ങുവത് കാൺമവേ
പുഞ്ചിരി വിടർന്നീടും മാനവന്നാനനേ
നൈമിഷികമായിടാം ചേതോമയമാകും
നിന്റെയീ സൗന്ദര്യമീ ഗ്രീഷ്മ സന്ധ്യയിൽ
ദിനകരൻ തന്നുടെ കൃത്യവിരാമത്തിൽ
ദിനത്തെ ത്യജിച്ചിട്ട് രജനിയെ വേൾക്കവേ
പിന്നെയും നിൻ വദനം കദനത്തിനാലേ
പുകഞ്ഞിടും മൂടിടുമിരുൾ മറയാലേ
പ്രഹേളിക പോലെന്നാൽ നിന്നാനം വീണ്ടും
പ്രഫുല്ലമാകില്ലയോ താരചന്ദ്രന്മാരാൽ!
പ്രകൃതീ നിയതികൾ മാനിച്ചിടേണ്ടവ
വികൃതിയായവയെ കാണാതിരിക്കുക
പ്രകൃതിതൻ കർത്തവ്വ്യം നിറവേറ്റുമത് കൃത്യം
പ്രത്യക്ഷമായ്ത്തന്നതിനില്ലൊട്ടു സംശയം!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ