35. "പൊട്ടനെ ചെട്ടി ചതിച്ചാൽ......."
സ്വീകരണ ഹാളിലെ ചില്ലിട്ട പെട്ടിയിലെ
സലിലത്തിൽ നീന്തിടും അഴകുള്ള കാഞ്ചന
മൽസ്യങ്ങൾ ഓർക്കുകയായ് ദിവസവും രാവിലെ
മത്സരിച്ചോടിയെത്തും കുഞ്ഞുങ്ങളിന്നെവിടെ?
വരാന്തയിൽ തൂങ്ങിടുന്ന കമ്പിക്കൂട്ടിൽ നിന്നും
വിളിച്ചുചോദിക്കുകയായ് തത്തമ്മയുറക്കെ
"എല്ലാരുമെവിടെപ്പോയാരുമില്ലേയിവിടെ,
വല്ലാതെ വിശക്കുന്നൂ കൊത്തിക്കൊറിക്കാൻ തരൂ"
സ്വർണ്ണമീനതു കേട്ടൂ ചൊല്ലീ തത്തമ്മയോടായ്
"സ്വയമടച്ചവരെല്ലാം ഉള്ളിലായിരിപ്പാണ്
പേടിയാ വെളീൽ വരാൻ ഭീകരനാം കൊറോണാ
പിടിച്ചാലോ പോയിക്കിട്ടും ജീവിതമെന്നോർത്തിട്ട്
നമ്മളെ കൂട്ടിലാക്കിയ വീട്ടുകാരേയൊക്കെ
നിസ്സാരനായിടുമൊരു അണുവാം കൊറോണ
വീടെന്ന കൂട്ടിലാക്കി തളച്ചിട്ടിരിക്കുന്നു
വീട്ടിൽ നിന്നിറങ്ങുവാൻ സ്വാതന്ത്ര്യമവർക്കില്ല
ഞങ്ങളെ വെറുമൊരു അലങ്കാരവസ്തുവായ്
ഞെങ്ങിഞെരുങ്ങും വിധം കണ്ണാണിക്കൂട്ടിലാക്കി.
ആഴക്കടലലകളിൽ നീന്തിത്തുടിക്കേണ്ട
ആർഭാടം നിഷേധിച്ചോർ ഇന്നുവീടെന്ന കൂട്ടിൽ!"
"വിശാല സുന്ദരമാം വിഹായസ്സിൽ പറന്നും
വിടപികളിലെ പലയിനം പഴം തിന്നും
സ്വാതന്ത്ര്യമാസ്വദിച്ചു പാടിപ്പറക്കാനെനിക്ക്
സ്വാതന്ത്ര്യം നിഷേധിച്ചോർ ഇന്നു വീടെന്ന കൂട്ടിൽ? "
സ്വർണ്ണമത്സ്യവും തത്തേം ഇവ്വിധം സംവദിക്കേ
സ്വരമൊന്നുയർന്നു കേട്ടൂ കുക്കുടക്കൂട്ടിൽ നിന്നും
"പുലർച്ചെക്കൂവി ഞാനെൻ കൃത്യം നിർവഹിച്ചെന്നാൽ
പതിവിൻപടിയെന്നെ തുറന്നു വിട്ടില്ലല്ലോ!"
"അറിഞ്ഞോ കൂവേ പൂവാ" തത്ത ചൊല്ലീയുറക്കെ
"അവരൊക്കെയും വീട്ടു തടങ്കലിലാണെന്നേ
അവരെത്തളച്ചെന്നേ കൊറോണായണുച്ചെക്കൻ
അവരെ നമ്പിടാതെ നീ രക്ഷപ്പെടാൻ നോക്ക്"
പൂവന്നരിശമായി ഇത്രനാളിവരെന്നെ
പതിവായലാറംപോൽ അലറിയ്ക്കുവാനായി
കൂട്ടിലാക്കിയിട്ടിപ്പോൾ തുറന്നുവിടാതിതാ
പട്ടിണിക്കിടുകയായ്, പറ്റുകില്ലിനിമേലത്
തത്തമ്മയോടായ് ചൊല്ലീ കുക്കുടൻ, "നീ പെട്ടെന്നു
താഴെക്കിടന്നുറങ്ങും ശ്വാനനോടായിച്ചൊല്ലൂ
എന്നേ തുറന്നു വിടാൻ ഞങ്ങൾ വന്നു നിങ്ങളെ
ഒന്നൊന്നായ് വിടാം തുറന്ന് നമ്മൾക്കു ക്ഷപ്പെടാം"
ശുകത്തിന്റെ വാക്കുകൾ കേൾക്കവേ ചൊല്ലീ ശ്വാനൻ
"ശുകമേ കേൾക്കൂ ഞാനെൻ യജമാനനോടൊട്ടും
നന്ദികേട് കാണിക്കില്ല എന്തു വന്നെന്നാകിലും
നിങ്ങൾ വേണമെന്നാകിൽ രക്ഷപ്പെട്ടോളൂ സ്വയം.
എങ്കിലും നിങ്ങൾ കേൾക്കൂ കേട്ടതു പാതി സത്യം
എന്തെന്നാൽ അറിഞ്ഞോളൂ കൊറോണാ ബാധിക്കുക
മനുഷ്യനെ മാത്രമാവില്ല, പിടിക്കുമവൻ
മറ്റു മൃഗങ്ങളേയും ജന്തുക്കളേമൊരുപോൽ!
പേടിയായെല്ലാവർക്കും ഒന്നായുറപ്പിച്ചവർ
പോയിടാ വെളിയിലേക്കിപ്പോൾ കഴിയുന്നേടം
സ്വർഗ്ഗം അവിടെത്തന്നെ മേലിലും കഴിയുക
സ്വസ്ഥമായ് ശാന്തിയോടെ, എന്തുവന്നെന്നാകിലും!
ഒന്നാശ്വസിക്കാമല്ലോ നമ്മളെപ്പോലെ തന്നെ
ഇന്നീ മനുഷ്യന്മാരും വീടാകും കൂട്ടിന്നുള്ളിൽ!
പാട്ട് പാടാം നമുക്കൊന്നായ് മനുഷ്യന്റെ സ്വന്തം ചൊല്ല്
"പൊട്ടനെ ചെട്ടീം അവനെ ദൈവോം ചതിക്കു"മെന്ന്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ