2020 ഏപ്രിൽ 15, ബുധനാഴ്‌ച

കൊറോണാ നിരീക്ഷണത്തിൽ

കൊറോണാ നിരീക്ഷണത്തിന്റെ ഇര 
                  ************                        
.     ഉപഗുപ്തൻ കെ. അയിലറ                     
                  ************
ഈനാലു ചുവരുകൾക്കുള്ളിലകപ്പെട്ടൊരെൻ  
ഇടനെഞ്ചിൽ ഉഴറിക്കുറുകുന്ന പക്ഷിയൊന്ന്     
അറിയാതെ ലക്ഷ്മണ രേഖയാം വാതിൽപ്പടി 
മറികടക്കുവാനുള്ള തൃഷ്ണയടക്കീയിട്ട്  

ചിറകുകളടിക്കാതെ,  വാതിൽ കടക്കാതെ
പറന്നുപോയ് ബാല്യകാലത്തിലേക്കതു മെല്ലെ   
ഇരുവശവുമിരുളിൻ  ചുവരുകളാലേ 
ഇടുങ്ങിയൊരു വഴിയാണതെന്നിരുന്നാലും

ഉള്ളിലെരിയും മൺ ചിരാതിന്റെ തിരിയിലെ  
വെള്ളിവെളിച്ചമതിനു വഴി കാണിക്കവേ 
മെല്ലേപറന്നുപോയോർമ്മയുടെചിറകേറി ബാല്യത്തിൻ കുളിരുള്ളോ-      
        രൂഷ്മളതയിലേക്ക് !  

മറവിയിലാണ്ടോരു ബാല്യകാലസഖികൾ
മറനീക്കിയെത്തീട്ടു പുതുക്കീ പരിചയം    
പരിഭവമായി, കളിചിരിയായി പിന്നെ
പഴംകഥകൾ തന്നുടെ കെട്ടുകളഴിഞ്ഞു

കുസൃതിക്കഥകളും കളിയിലെക്കാര്യവും
കറകളഞ്ഞുള്ള പരസ്പര സഹായവും
സ്കൂളിലേക്കൊരുമിച്ചു പൊയിട്ടുവരുന്നതും
സഹപാഠികളൊന്നിച്ചു ടൂറു പോകുന്നതും

പരീക്ഷയ്ക്കൊരുമിച്ചു പഠനം നടത്തീട്ടു
പരീക്ഷാഫലത്തിനായ് കാത്തിരിക്കുന്നതും
ഒന്നുപോലെല്ലാരും വിജയിച്ചെന്നറിയുമ്പോൾ
നന്നായിട്ടാഹ്ലാദ പ്രകടനം നടത്തിയും

പുതുപഠനകാല പുസ്തകം വാങ്ങീട്ടതിൻ 
പുതുമണമാസ്വദിച്ച്  രസിക്കുവതുമെല്ലാം  പുനരനുഭവിച്ചിട്ട്  നിരീക്ഷണകാലത്തെ 
മനസ്സിന്റെ വൈകാരിക തന്ത്രികൾ തന്നുടെ

പിരിമുറുക്കമൊന്നയഞ്ഞീടവെ കേൾക്കുന്നു 
ദൂരെനിന്നും കൊറോണാ നിരീക്ഷകരുടെ
തുരുതുരെയായുള്ളോരു  ടക്ടകാമുട്ടുകൾ
കരുണയില്ലാതവർ രസച്ചരട് പൊട്ടിച്ചു!

(Copy Right  :  Upagupthan K. Ayilara)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ