2020 മേയ് 1, വെള്ളിയാഴ്‌ച

പകരത്തിനു പകരം

    "പകരത്തിനു പകരം"
          (നർമ്മകവിത)

വിരമിച്ചിട്ട്  സർവീസിൽ   
        നിന്നും പിന്നെ സ്ഥിരമായ്   
വാസം നാട്ടിലാക്കീടാം 
        ഉറപ്പിച്ചിട്ടു ഞങ്ങൾ 
വീടൊന്നു വൃത്തിയാക്കാൻ  
       രണ്ടു  മാസങ്ങൾ മുൻപേ 
വന്നു വീടൊക്കെ നന്നായ് 
        പെയിന്റിട്ട്  ഭംഗിയാക്കി. 

വഴിയിലെ നഴ്സറീന്ന്, 
         തിരികെപ്പോകും മുൻപു,  
വാഴത്തയ്യ് വാങ്ങി നട്ടു! 
         ടിഷ്യു കൾച്ചറ് ചെയ്തതാം.  
മാസങ്ങൾ രണ്ടുകഴിഞ്ഞ് 
         ഞങ്ങളു  നാട്ടിലെത്തി
വാസം സുഖമായ്‌ മുന്നോട്ട്, 
         വാഴേം പെട്ടെന്ന്  വളർന്നു

"ഞാനെന്നും വീട്ടില്  ചെന്നാൽ 
          ആനന്ദം കലർന്നെന്റെ  
വാഴയ്ക്ക്  വളമിട്ട്  
           നല്ലപോൽ വെള്ളം കോരും
നല്ല തൈവാഴവച്ചു, 
           നല്ലപോൽ വളവുമിട്ട് 
തെല്ലതു സൂക്ഷിച്ചെന്നാൽ 
           പത്തുമാസം ചെല്ലുമ്പോൾ

നല്ലോരു കുലകിട്ടും
           ഉല്ലാസമല്ലോ വാഴ
കുലച്ചു കാണാൻ " എന്നു
          പ്രൈമറി ക്ലാസ്സിൽ വച്ച്
വായ്പ്പാട്ടായ് പഠിച്ചതെത്ര
         നന്നായെന്നോർത്തുകൊണ്ടാ 
വാഴയ്ക്കു  വളവുമിട്ട്  
         വെള്ളവുമെന്നും കോരി 

വാഴയത് ചെങ്കലതി,  
         ദിനംതോറും വളർന്നിട്ട് 
വല്ലാതെ തടിച്ചു വീർത്ത് 
         ടെറസ്സിന്ന് മോളിൽ പൊങ്ങി
പത്തു മാസമായിട്ടും 
         കുലയ്ക്കും ഭാവമില്ല   
പതിന്നാല് മാസമെത്തേ 
         ഞാനൊരാർട്ടിക്കിൾ കണ്ടു

"പൂക്കാത്ത, കായിക്കാത്ത
          ചെടികൾ കുലുക്കുക
പയറും പാവലിന്റേം
          തലപ്പു മുറിക്കുക
പൂക്കും കായ്ച്ചീടുമവ"
          'സൈക്കോളജി'യാണുപോൽ
'പേടിച്ചിട്ടാണു പോലും
          വംശം നശിക്കുമെന്ന'

പരീക്ഷിച്ചു നോക്കുക
          ഞാനും തീരുമാനിച്ചു
പിന്നെ മടിക്കാതോട്ടും 
          എന്നും പതിവായിട്ടു 
സന്ധ്യക്കും കാലത്തും ഞാൻ  
          കുലുക്കിയല്ലോ വാഴ
എനിക്കു  'വട്ടാ'ണെന്നായ് 
          വാമഭാഗവുമമ്മേം

'വന്ധ്യയാകുമീ വാഴ
          കണ്ടില്ലേ വണ്ണിക്കുന്നേ
വന്ധ്യയാം സ്ത്രീജനവും
           ഇതുപോലെ'യാണുപോൽ    പിന്നോട്ടു മാറാതെ ഞാൻ
          കുലുക്കൽ തുടരുക
എന്നതു യജ്ജമാക്കി 
           തോറ്റുപിന്മാറിക്കൂടാ!

പതിനാറാം മാസത്തിൽ
           ഒരു സുപ്രഭാതത്തിൽ
പതിവു പോലെ ഞാനെൻ
           'വാഴ കുലുക്ക'ലെന്ന 
യഞ്ജത്തിനായിച്ചെല്ലേ 
             എനിക്ക് വിശ്വസിക്കാനാ-
യില്ല, എൻ വാഴയതാ 
             കൂമ്പിട്ടു നിൽക്കുന്നല്ലോ!   
            




           
             
         


   

 
 
            
          

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ