2020 ജൂലൈ 27, തിങ്കളാഴ്‌ച

53. ഉറക്ക നീതികൾ

         53.  ഉറക്ക നീതികൾ
           (ശാസ്ത്ര കവിത)  
                                 
ഉറക്കമൊഴിവാക്കി മനുജന്ന് കഴിയാൻ, 
ഉയിരു കാത്തീടുവാ,നാവില്ല നിശ്ചയം
ഉറക്കമെന്നാൽ ക്ഷീണം മാറ്റി മനുജന്നു 
ഉന്മേഷമേകുവാനുതകുമുപാധിയാം

തനുവും മനവുമൊരുമിച്ചു വിശ്രമം
തേടിയിട്ടൊരു വ്യക്തി പരിസരബോധം
മറന്നുപോയീടുകിലാ സമയത്തെ നാ-
മറിയുന്നുറക്കമെന്നുള്ളോരു പേരിനാൽ

ഉറങ്ങവേ ഹൃദയമിടിപ്പും തനുവിൻ  
ഊഷ്മാവും, ശ്വസനഗതിയും നിണത്തിന്റെ
ഞെരുക്കവും കാൽസ്യത്തിൻ അളവുമെല്ലാമേ
കുറയുമെന്നുള്ളതും ശാസ്ത്രത്താൽ നിശ്ചിതം 

ഉറങ്ങവേ വൈദ്യുത ജോലി തലച്ചോറിൽ
ഉണ്ടായിടും രണ്ടുവിധമിടവിട്ടവ,    
ദ്രുതദൃഷ്‌ടീ ചലനദശയെന്നും പിന്നെ
ദൃഷ്‌ടീ ചലന വിഹീനദശയെന്നതും.

ദ്രുതദൃഷ്‌ടീ ചലനദശയിൽ നടക്കും
ചിന്തയുടേയും തനുവിന്റെയും ചേഷ്ടകൾ.
ദൃഷ്‌ടീ ചലന വിഹീന ദശേ ഗാഢ നി-
ദ്രയുമതുപോൽ സ്വപ്നാടനവുമുണ്ടാകും! 
                 
നിശയിലെയുറക്കമേഴു മണിക്കൂറായ് 
നിജപ്പെടുത്തീടിൽ തലച്ചോറിൻ യുവത്വം
നീട്ടിടാം വർഷം രണ്ടായ്, ചൊല്ലൂ ഗവേഷകർ, 
നീണ്ട നിരീക്ഷണങ്ങൾ ചെയ്തതിൻ ശേഷം!

വാർധക്യ സമയത്തു കൃത്യതയില്ലാത്ത 
നിദ്ര അൽഷൈമേഴ്‌സു, മധികമുറങ്ങുകിൽ
പിടിപെട്ടിടാം ഹൃദയ രോഗങ്ങൾ പോരേൽ   
പ്രമേഹവും, ഭാരവർദ്ധനവുമുണ്ടാകാം.! 
    
നിദ്രാവേളയിലെ സജീവ പ്രവർത്തികൾ
കേന്ദ്രീകരിച്ചീടും 'ഡയൽ കെ ഫലോ'ണെന്ന
സ്ഥലത്തും, മസ്തിഷ്ക്കത്തണ്ടിലും കണ്ടീടുന്ന
സിരാതന്തുക്കളിൽ, തെളിയിപ്പൂ 'ഈഈജി'

നിദ്രയിലുണ്ടാകുമവസ്ഥകളെന്തെന്നാൽ
നിദ്രാധിക്യം, സ്വപ്നസംഭാഷണ, മതുപോൽ
നിദ്രാലസ്യം, പേടിസ്വപ്നങ്ങൾ എന്നിവയും.
നിങ്ങൾ ക്രമീകരിക്കൂ അതിനാലുറക്കം 

ഉറക്കം പലവിധമെന്നറിയാം നിങ്ങൾക്ക്  
കൂർക്കം വലിച്ചും, കിടന്നുമിരുന്നും, നിന്നും
നടന്നിട്ടുമെന്നാലു,മാവില്ലുണർത്തുവാ-
നുറക്കം നടിപ്പോരേ നിങ്ങൾക്കൊരിക്കലും!!!  


    

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ