2020 ജൂലൈ 15, ബുധനാഴ്‌ച

43. ഫയദോറിന്റെ അന്ന

 

      43.  ഫയദോറിന്റെ അന്ന

.     ഉപഗുപ്തൻ കെ അയിലറ
                  (8547487211) 
                     
(പെരുമ്പടവം ശ്രീധരൻ സാറിന്റെ  "ഒരു സങ്കീർത്തനം പോലെ" യിലെ       
 അന്നയ്ക്ക് ഒരു  സങ്കീർത്തനം)
                      *********
ഒരു ഡോക്ടറാകുവാനാഗ്രഹിച്ചെങ്കിലും 
ചുരുക്കെഴുത്തഭ്യസിക്കാൻ വിധി കിട്ടിയോൾ 
ഒരു ധാരണപോലുമില്ലാത്ത നിമിഷം
ഒരുവിധിപോൽ ഫയദോറിൻ   സ്റ്റെനോയെന്ന

പദവിയിലെത്തുക സാധ്യമാകേ തന്റെ  
ഹൃദയത്തിലന്നയ്ക്കൊരാന്തലുളവായി 
തന്നേയും കരയിച്ചു 'പാവപ്പെട്ടോ'രൊക്കെ
തന്റെ പിതാവിൻ പ്രിയ ഗ്രന്ഥകാരനവൻ 
 
കടം തീർക്കുവാനായ് കഥയെഴുതുന്നവൻ 
കദനം നിറഞ്ഞോരു ഹൃത്തിന്റെയുടമ 
ചുഴലിയാലുഴറും മനസ്സിന്റെ പീഢനം
ഒഴിയാതെയെന്നുമലഞ്ഞു നടന്നവൻ

അധമർണ്ണനെന്നാലും കടമെടുത്ത് വീണ്ടും
ചൂതാട്ടവും മദ്യപാനവുമൊരുപോലെ   
ഹരമായെടുത്തു പകരമായിത്തന്റെ
ഹൃദയവ്യഥകൾ കഥകളായ് മാറ്റിയോൻ 

അവന്റെ സംഘർഷഭരിതമാം ഹൃത്തിന്റെ
ആഴങ്ങളിൽ കുടികൊള്ളുന്ന ചുഴലിയും 
വ്യഥയും വ്രണിത വികാരങ്ങളുമതിൻ 
വിശുദ്ധിയുമഴകും തൊട്ടറിയേ തന്റെ

ഹൃദയത്തിനുള്ളിലൊരു ദിവ്യപ്രകാശം
ഹിമസുഗന്ധംപോലെ മെല്ലെപ്പരക്കവേ
അറിയാതെ തന്മനമവാനായ്തുടിയ്ക്കാൻ
അതിയായി വെമ്പുന്നതറിഞ്ഞീടവേ ആ 
   
മഥിത ഹൃദയത്തിന്നാഴങ്ങളിൽ പൊയി
വ്യഥകളെനീക്കിയെടുക്കാൻതുനിഞ്ഞു താൻ 
വ്യഥിത ഹൃദയത്തിന്നുള്ളിലേക്കിത്തിരി 
മധുരം പകർന്നുകൊടുക്കാൻ ശ്രമിച്ചു താൻ 

ദൈവത്തിൻ കയ്യൊപ്പു ഹൃദയത്തിന്മേലുള്ള
ദസ്തയേവ്സ്കിയുടെ പീഢിതഹൃദയത്തെ
ദയയാം മരുന്നു പുരട്ടി മൃദുവാക്കി
ദിവ്യാനുരാഗത്തിൻ കനവു നിറച്ചു താൻ!



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ