ദണ്ഡകാരണ്യം മുതൽ ഇന്ദ്രപ്രസ്ഥം വരെ
തികച്ചും വ്യത്യസ്തമായ ഔദ്യോഗിക ജീവിതാനുഭവങ്ങൾ
തികച്ചും വ്യത്യസ്തമായ ഔദ്യോഗിക ജീവിതാനുഭവങ്ങൾ
ഉപഗുപ്തൻ കെ. അയിലറ
8547487211, 7012897964
ഞാൻ കേന്ദ്ര തൊഴിൽ മന്ത്രാലയത്തിൽ ആയിരിക്കെയാണ്, എന്റെ എതിർപ്പുകൾ വകവയ്ക്കാതെ 1982 അവസാനം എന്നെ തിരുവനന്തപുരത്തെ, അഴിമതിയുടെ വിഹാര കേന്ദ്രമായ, എമിഗ്രേഷൻ ഓഫീസിലേയ്ക്ക് എമിഗ്രേഷൻ ഓഫീസറായി സ്ഥലം മാറ്റിയത്. നിയമം വിട്ട് ഒരു കളിയും ഇല്ലെന്നുള്ള ഉറച്ച തീരുമാനത്തോടെ എത്തിയ എനിക്ക് ആദ്യ ദിവസം മുതൽ തന്നെ, ഗൾഫ് മോഹികൾക്ക് നിയമവിരുദ്ധമായി എമിഗ്രേഷൻ ക്ലിയറൻസ് നൽകുവാനായി, ഉന്നത രാഷ്ട്രീയക്കാരുടെയും പോലീസു കാരുടെയും ട്രാവൽ ഏജന്റന്മാരുടെയും മറ്റും സമ്മർദ്ദം ഉണ്ടായിത്തുടങ്ങി. ഞാൻ വഴങ്ങില്ലെന്ന് കണ്ടപ്പോൾ അവരെല്ലാവരും ചേർന്ന്, എന്നെ വെല്ലുവിളിച്ചുകൊണ്ട്, എയർപോർട് പോലീസിന്റെ സഹായത്തോടെ എമിഗ്രേഷൻ ക്ലിയറൻസില്ലാതെയും വ്യജ ക്ലിയ റൻസോടുകൂടെയും മനുഷ്യക്കടത്തും 'ചവിട്ടിക്കയറ്റും' തുടങ്ങി. സിറ്റി പോലീസിന്റെ സഹായത്തോടെ എയർപോട്ടിൽ ഫ്‌ളൈറ്റ് സമയം റെയ്ഡ് നടത്തിയെങ്കിലും ആ പോലിസ് തന്നെ തങ്ങളുടെ 'സഹോദരങ്ങൾ'ക്ക് വിവരം ചോർത്തിക്കൊടുത്തതിനാൽ അത് ചീറ്റിപ്പോയി. തൊൽവി സമ്മതിച്ചു കൊടുക്കുവാൻ തയ്യാറല്ലാതിരുന്നതിനാൽ ഒരു ഞായറാഴ്ച ഒറ്റയാൾ റെയ്ഡ് നടത്തി മൂന്ന് SI മാരെ കുടുക്കി ആഭ്യന്തര സെക്രട്ടറിയുടെ സഹായത്തോടെ അവരെ സസ്‌പെൻഡ് ചെയ്യിച്ചു. അവിടെത്തുടങ്ങി എന്റെ സംഘർഷmങ്ങളുടെയും എതിർപ്പുകളുടെയും പോരാട്ടങ്ങളുടെയും, സ്വന്തം ഓഫീസിലെ ഒറ്റയപ്പെടലിന്റെയും, അതിജീവനത്തിന്റെയും അന്തിമ വിജയത്തിന്റെയും അഞ്ചു വർഷത്തെ വേറിട്ട കഥകൾ. എനിക്കെതിരെ സംസ്ഥാന മുഖ്യമന്ത്രിയും എംപി മാരും കേരളത്തിൽ നിന്നുള്ള വിദേശകാര്യ മന്ത്രിപോലും നടത്തിയ നീക്കങ്ങളും ശ്രമങ്ങളും ലോക്‌സഭയിലും രാജ്യസഭയിലും എനിക്കെതിരെ നടത്തിയ നീക്കങ്ങൾ പോലും പരാജയപ്പെടുകയുണ്ടായി.
സർവീസിന്റെ അവസാന കാലങ്ങളിൽ ഒരു കേന്ദ്ര മന്ത്രാലയത്തിലെ Finance Under Secretary/Dy. Secretary ആയിരിക്കെ അവിടെ ഉന്നതങ്ങളിൽ നടന്നിരുന്ന അഴിമതികൾക്ക് കൂട്ടുനിൽക്കാതെ എതിർത്തു പൊരുതി, പ്രതിഷേധിച്ച് voluntary retairment എടുത്തിട്ട് വിടവാങ്ങൽ പ്രസംഗത്തിൽ അവരുടെ അഴിമതിയും കള്ളക്കളികളും, സെക്രട്ടറി സഹിതം ഉന്നതരടങ്ങിയ വലിയ സദസ്സിൽ, തുറന്നു കാട്ടി സദസ്യരുടെ കയ്യടി നേടുകയും, അതിലൂടെ എന്നെ എതിർത്ത ഉന്നതർക്കെതിരെ സെക്രെട്ടറിയ്ക്ക് നടപടിയെടുക്കേണ്ടി വന്നതും വേറിട്ടൊരു കഥ.
മുകളിൽ വിവരിച്ചിരിക്കുന്നത്,
"ദണ്ഡകാരണ്യം മുതൽ ഇന്ദ്രപ്രസ്ഥം വരെ" എന്ന് പേരിട്ടിരിക്കുന്ന എന്റെ ആത്മകഥയിലെ (service story ) "അനന്തപുരി യുദ്ധകാണ്ഡം" എന്ന അദ്ധ്യായത്തിലെയും "ഇന്ദ്രപ്രസ്ഥകാണ്ഡം "എന്ന അദ്ധ്യായത്തിലെയും ചില സംഭവങ്ങളുടെ സൂചനകൾ മാത്രമാണ്. ഈ പുസ്തകത്തിന് പ്രസിദ്ധ സാഹിത്യസ്‌കാരൻ ശ്രീ. ജി എൻ പണിക്കർ എഴുതിയിരിക്കുന്ന അവതാരികയിലെ ചില പ്രസക്ത ഭാഗങ്ങൾ കൂടി താഴെ ഉദ്ധരിക്കുന്നു.
"പല സവിഷേതകളാലും ഏറെ വ്യത്യസ്തമായ ഒരു ആത്മകഥയാണ് ഉപഗുപ്തൻ കെ. അയിലറയുടെ 'ദണ്ഡകാരണ്യം മുതൽ ഇന്ദ്രപ്രസ്ഥം വരെ'. മറ്റൊരു ആത്മകഥയിലും, എന്തിന്, മറ്റൊരു പുസ്തകത്തിലും കണ്ടിട്ടില്ലാത്ത ഒരു പ്രത്യേകത, ഓരോ അദ്ധ്യായത്തിനും ഒടുവിൽ 'മേമ്പൊടി' ആയി എഴുതിച്ചേർത്തിട്ടുള്ള കാവ്യ മധുരമായ ശ്ലോകങ്ങളാണ്. ഉപഗുപ്തൻ സെൻട്രൽ സെക്രട്ടറിയേറ്റ് സർവീസിൽ കൽക്കട്ടയിലെത്തി ജോലിക്കൊപ്പം, മനുഷ്യത്വമില്ലാത്ത 'ബോസ്സി'നോട് വഴക്കിട്ടും, ഗത്യന്തരമില്ലാതെ, ധിക്കരിച്ചും രാത്രി കോളേജിൽ പഠിച്ചു
ഡിഗ്രി നേടിയിട്ട് ഡൽഹിയിലെത്തി അവിടുത്തെ സങ്കീർണവും വ്യക്തിപരവുമായ അനുഭവങ്ങൾക്കിടെയാണ് എമിഗ്രേഷൻ ഓഫീസിന്റെ ചുമതലക്കാരനായി അദ്ദേഹം തിരുവനന്തപുരത്ത് എത്തുന്നത്. അഞ്ചു വർഷക്കാലം എമിഗ്രേഷൻ ഓഫീസർ എന്ന നിലയിൽ ഉപഗുപ്തൻ നടത്തിയ ധീരവും സാഹസികവുമായ നിരന്തരമായ ശ്രമങ്ങൾ വിവരിക്കുന്ന "അനന്തപുരി യുദ്ധകാണ്ഡ" മാണ് ഈ ലേഖകനെ ഏറ്റവുമധികം ആകർഷിച്ചതും ചിന്താധീനനാക്കിയതും. മനുഷ്യക്കടത്തു മാഫിയയുടെ വിഹാര വേദിയാകാറുള്ള എമിഗ്രേഷൻ ഓഫീസിന്റെ ചുമതലാ പദവി അദ്ദേഹത്തിനുണ്ടാക്കിയ മനഃപ്രയാസവും ടെൻഷനും ഭീഷണികളും നിരവധിയാണ്. എമിഗ്രേഷൻ ഓഫീസർ എന്ന നിലയിൽ ഉപഗുപ്തൻ നടത്തിയ സാഹസിക നീക്കങ്ങളെക്കുറിച്ചു മാതൃഭൂമി പത്രത്തിന്റെ ലേഖകൻ ജി. ശേഖരൻ നായർ പ്രസിദ്ധീകരിച്ച തന്റെ 'അക്കരപ്പച്ച' എന്ന ലേഖന പരമ്പരയിൽ വിശദീകരിച്ചിട്ടുണ്ട്. എം.എൽ.എ. മാരും, എം.പി. മാരും, സംസ്ഥാന-കേന്ദ്ര മന്ത്രിമാരും, ട്രാവൽ ഏജന്റുമാരും ഒക്കെ രോഷാകുലരായി അഞ്ചു വർഷങ്ങളോളം അദ്ദേഹത്തിനെതിരെ നീങ്ങിയെങ്കിലും, അതെല്ലാം അതിജീവിച്ചതിന് ശേഷമാണ് അദ്ദേഹത്തിന് തിരികെ ഡൽഹിയ്ക്ക് സ്ഥലം മാറ്റമായത്.
1996 ൽ ഗ്രാമീണ വികസന മന്ത്രാലയത്തിൽ അണ്ടർ സെക്രട്ടറിയായ ഉപഗുപ്തന് അവിടുത്തെ പല കളികളും അരോചകമായിത്തന്നെ അനുഭവപ്പെട്ടു. ഉപഗുപ്തന്റെ തികച്ചും നിയമപരവും നിഷ്പക്ഷവുമായ നിലപാടുകൾ പല ഉന്നതർക്കും രുചിക്കാതായി. സർവീസിൽ നിന്നും സ്വയം വിരമിക്കുവാൻ തീരുമാനിച്ച ഉപഗുപ്തൻ വിരമിക്കൽ സദസ്സിൽ നടത്തിയത് അസാധാരണമായ, ഒരു വിടവാങ്ങൽ പ്രസംഗം ആയിരുന്നു.
കേന്ദ്ര സർവീസിൽ നിന്ന് പിരിഞ്ഞ ഉപഗുപ്തൻ ലോകാരോഗ്യ സംഘടനയിൽ (WHO) ഉദ്യോഗസ്ഥനായി ചേരുകയും പത്തു വർഷം അവിടെ തുടരുകയും ചെയ്തു. 'അന്താരാഷ്ട്ര ശാന്തീ കാണ്ഡം' എന്ന ഈ അദ്ധ്യായത്തിൽ അദ്ദേഹം പറയുന്നു:
"സംസ്കാരത്തിലെ ഔന്നത്യവും, ജോലിയോടുള്ള ആത്മാർത്ഥതയും, കൂറും, സഹപ്രവർത്തകരോട് സ്നേഹവും സാഹോദര്യവും വച്ചു പുലർത്തുന്ന, ദേശീയതലത്തിലും അന്തർദേശീയ തലത്തിലുമുള്ള അനേകം ഡോക്ടർമാരുടെ കൂടെയുള്ള ജോലിയും സഹവർത്തിത്വവും, എന്റെ മുപ്പത്തൊൻപതോളം വർഷത്തെ കേന്ദ്ര ഗവൺന്മേന്റ് 'ബ്യുറോക്രാറ്റു' കളോടൊപ്പം കഴിഞ്ഞപ്പോഴുണ്ടായിരുന്ന പ്രക്ഷുബ്ധവും, കലുഷിതവും, കുതികാൽ വയ്പുകളും മറ്റും നിറഞ്ഞതുമായ അന്തരീക്ഷത്തിൽ നിന്നും എത്രയോ വ്യത്യസ്തം! ആത്മാർത്ഥതയ്ക്കും സത്യസന്ധതയ്ക്കും പുല്ലുവില കൽപ്പിക്കുന്ന ബ്യുറോക്ക്രാറ്റുകളെവിടെ, അവയ്ക്ക് പൊന്നുംവില കൽപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഈ മാന്യ വ്യക്തികളെവിടെ?!"
നിയമങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് ധീരമായും സ്ഥിരോത്സാഹത്തോടും തന്റെ കടമകൾ അനുഷ്ഠിച്ച ഉപഗുപ്തന്റെ ഈ ആത്മകഥ വായനക്കാരുടെ ജീവിതാനുഭവത്തിന്റെ അതിർത്തി രേഖകൾ മാറ്റി വരയ്ക്കും, തീർച്ച. അതുപോലെ, ഒരു പ്രവാസി ജോലിദാതാവിന്റെ പറ്റിപ്പിനിരയായ നിസ്സഹായയായ ഒരു സ്ത്രീയ്ക്ക്, അയാളെ വരച്ച വരയിൽ നിറുത്തി, അയാളിൽ നിന്നും വൻ തുക വാങ്ങിക്കൊടുത്തത് ഉപഗുപ്തന്റെ ദയയ്ക്ക് ഒരുദാഹരണമാണ്. നിറകണ്ണുകളോടെ ആ നിർഭാഗ്യ "സാറിനു നൂറു പുണ്യം കിട്ടും" എന്ന് ഉപഗുപ്തനോട് പറഞ്ഞിട്ട് ഇറങ്ങിപ്പോകുമ്പോൾ വായനക്കാരായ നമ്മുടെ കണ്ണുകളും ഈറനണിയും, തീർച്ച.
ഉപഗുപ്തന്റെ "ദണ്ഡകാരണ്യം മുതൽ ഇന്ദ്രപ്രസ്ഥം വരെ" നമ്മുടെ ആത്മകഥാ സാഹിത്യത്തിനും, മൊത്തം മലയാള സാഹിത്യത്തിനും, ഒരു മുതൽക്കൂട്ട് തന്നെ. ദിശാ ബോധം നഷ്ട്ടപ്പെട്ട ഇന്നത്തെ തലമുറ ചെറുപ്പക്കാരും പ്രവാസികളും, പ്രത്യേകിച്ചും സംസ്ഥാന-കേന്ദ്ര സർക്കാർ ജീവനക്കാരും അവശ്യം ഈ പുസ്തകം വായിച്ചിരിക്കേണ്ടതാണ്. കഠിനാദ്ധ്വാനത്തിന്റെ, ധീരമായ, ആദർശസമ്പന്നമായ, ജീവിതം എങ്ങിനെ രൂപപ്പെടുത്തിയെടുക്കണമെന്ന് അവർ ഈ കൃതിയിൽ നിന്ന് പഠിക്കുവാനിടയുണ്ട് . വിവിധ രീതികളിൽ അതീവ ശ്രദ്ധേയമായ ഈ ആത്മകഥ മലയാള വായനക്കാരുടെ മുൻപിൽ എടുത്തു വയ്ക്കാൻ എനിക്ക് ഏറെ സന്തോഷമുണ്ട്; അതിലേറെ അഭിമാനവും!"
പുസ്തകം Prabhath Book House ന്റെ എല്ലാ ശാഖകളിലും ലഭ്യമാണ്. കൂടാതെ അവരുടെ web site വഴി online ആയും ഇത് വാങ്ങാവുന്നതാണ്. എന്റെ വേറിട്ട ഔദ്യോഗികാനുഭവങ്ങൾ പ്രിയ സഹ-CGPA അംഗങ്ങളുമായി പങ്കുവയ്ക്കുന്നതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്.
ഉപഗുപ്തൻ കെ. അയിലറ
8547487211, 7012897964
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ