36 അമൃത ചംക്രമണം
അരുണനാഴിയിൽ കിരണം തൊട്ടതും
വരുണനാവിയായ് ഉയർത്തി വിട്ടു നീർ
അനിലനാവിയെ വഹിച്ചുകൊണ്ടുപോയ്
അനന്തമാകുമംബരത്തിലെത്തിച്ചു
വിശാലമാം വിഹായസ്സിൻ പറന്നിടേ
വലാഹകം ശ്യാമനിറത്തിലായിതേ
അവയിലൊക്കെയും ജലഭാരമേറെ
അനിലൻവേഗേന പയോധരങ്ങളെ
അടുപ്പിച്ചു തമ്മിൽ ഇടുപ്പിച്ചീടവേ
അരുണദേവന്റെ കിരണങ്ങൾ മെല്ലേ
കരിമേഘങ്ങളെ പിഴിഞ്ഞു നീരാക്കി
ചൊരിയുകയായി മഴയായ് ഭൂമിയിൽ
മലയിലും പിന്നെ വയലിലും വീണി-
ട്ടൊലിച്ചു തോടായിട്ടരുവിയായ് മാറീ-
ട്ടൊഴുകിച്ചെന്നിട്ടാ പുഴയിലായ് ചേർന്നി-
ട്ടലയാഴിതന്നിലലിഞ്ഞാവിയാകാൻ
അമൃതമിങ്ങനെയെന്നുമവനിയും
അലയാഴിയുമംബരവുമൊരുപോൽ
കാലാകാലങ്ങളായ് ചങ്ക്രമം ചെയ്യുന്നത്
കാത്തുകൊള്ളാനല്ലേ ജീവജാലങ്ങളെ
പുല്ലിനും, പുഴുവിനും കാണാനാകാത്ത
പേരില്ലായണുവിനും മറ്റ് ജന്തുക്കൾക്കും
സസ്യലതകൾക്കും വിടപികൾക്കുമേ
സ്രഷ്ടാവ് കനിഞ്ഞു ജീവന്റെതുടിപ്പേകേ
ജീവാമൃതം പകർന്നു നൽകിയാ പുതു
ജീവൻനിലനിറുത്തുവാൻ സ്രഷ്ടാവിന്റെ
കൂട്ടാളിയായ് നിശ്ശബ്ദം മുന്നേറുന്നൊരു
കളങ്കമില്ലാ വിസ്മയമാണമൃതം!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ