2020 ജൂലൈ 22, ബുധനാഴ്‌ച

37. പാക്യ ജനക ചംക്രമണം

     37.  പാക്യജനക ചംക്രമണം
            (നൈട്രജൻസൈക്കിൾ : ശാസ്ത്ര കവിത) 
        
അറിയുമോ നിങ്ങൾക്കെന്നേ  നിങ്ങൾക്കു ചുറ്റുമുള്ളീ 
അന്തരീക്ഷത്തിൽ മുക്കാൽ ഭാഗവും  നിറയെ ഞാൻ!
അരൂപിയാണെങ്കിലും വസിപ്പൂ  നിങ്ങളിലും
അറിയുവാൻ വഴിയു,ണ്ടെങ്കിലും  കാണുന്നില്ല!

മൂലകങ്ങളിലൊന്നാം നൈട്രജനെന്നും  പിന്നെ
മലയാളത്തിൽ പാക്യജനകമെന്നും  നിങ്ങൾ
അറിയുമെന്നെ,യെന്നാൽ  വിശദമായിട്ടൊന്നു 
അറിയേണമെന്നുണ്ടേൽ  പറയാ,മറിഞ്ഞോളൂ

അത്യന്താപേക്ഷിതം ഞാൻ ജീവൻ നില നിർത്തുവാൻ.
അതുകൊണ്ടുണ്ട് മാംസ്യത്തിൽ, മർമ്മാമ്ലങ്ങളിലും ഞാൻ
ജീവികൾതൻ 'ഡിഎൻഏ'ൽ  അടങ്ങിയിട്ടുള്ളോരാ  
ജീനിൻ മുഖ്യ ചേരുവയടിസ്ഥാനമാണെന്റെ!

ജീവന്റെ  നിലനിൽപ്പിന്‌  എന്നെ  നിങ്ങൾക്കെത്രയും
അവശ്യാവശ്യമെന്നാൽ എന്നെക്കിട്ടില്ല  നേരി-
ട്ടോക്സിജൻ  പോലെ, കിട്ടും സസ്യം  വഴിയെന്റെ സം- 
യുക്തങ്ങളായീടുന്ന   നൈട്രജൻ ഒക്സൈഡായും   

അമോണിയയായും, നൈട്രേറ്റുമായ്  മണ്ണിലെത്തേ . 
അതിനാദ്യമായെന്നെ  ഒരു നൈട്രജൻ സ്ഥിരീ-
കരണമെന്ന പ്രക്രിയ വഴി  സൂക്ഷ്മാണുക്കൾ
ഒരു രൂപമാറ്റമെന്നിൽ ഉണ്ടാക്കി  വയ്‌ക്കേണം

മൃതശരീരത്തെയും  ജന്തു  വിസർജ്യത്തെയും 
പതിവായ് അമോണീകരണാണുക്കളും  രാസ-
സംശ്ലേഷക നൈട്രീകരണാണുക്കളും  കൂടി 
സംയോജിച്ച് വിഘടനം  ചെയ്തുണ്ടാക്കിടാം നൈട്രേറ്റ് .!

ആകാശവായുവിൽ നിന്നെന്നെയും സ്വീകരിച്ചു  
ആൽഗകൾക്കും ചിലപയർ വർഗ്ഗ  ചെടികൾക്കും 
അണുക്കൾ വഴിയുണ്ടാക്കാംഎന്റെ  സംയുക്തങ്ങൾ     
അതിനാൽ  വളർത്തിടൂ ആൽഗകളും  പയറും   

അറിയാമോ നിങ്ങൾക്കു  ഇടിമിന്നലിൽക്കൂടി
അന്തരീക്ഷത്തിൽ വച്ച് നൈട്രജൻ ഓക്ക്സൈഡായ് ഞാൻ 
മാരിയിൽക്കൂടി നേരേ  മണ്ണിലെത്തീടുമെന്നിട്ട് 
മാറും നൈട്രേറ്റുകളായ്, ചെടിക്ക് വലിച്ചെടുക്കാൻ!   
                          
ആവക സംയുക്തങ്ങൾ  മണ്ണിലെയ്‌ക്കെത്തീടവേ 
ആഗിരണം ചെയ്യും അവയെ സസ്യങ്ങളൊക്കെ.
എത്തും അവയിൽക്കൂടി  ഞാനാകുമിഷ്ട  പ്രോട്ടീൻ   
എന്ന മാംസ്യത്തിലും പിന്നെ  മർമ്മാംമ്ലങ്ങളിലും.
                    
മൃതജൈവ വസ്തുക്കളിൽ  പ്രത്യേകാണുക്കൾതൻ 
ചെയ്തിയാൽ   അന്തരീക്ഷത്തിൽ  നിന്നുമാഗിരണം
ചെയ്യപ്പെട്ട ഞാനാം നൈട്രജന്റെയൊരു  ഭാഗം 
ചെന്നെത്തുമന്തരീക്ഷേ നൈട്രജനായി  വീണ്ടും !!!i 
      
മർമ്മാമ്‌ളം  =  Nucleic Acid 

         
            

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ