സുദീർഘമായ ഒരു യാത്രയുടെ തുടക്കം
ട്രെയിൻ പുനലൂർ സ്റ്റേഷനിൽ നിന്നും മദ്രാസ് എഗ്മോറിലേയ്ക്ക്
പുറപ്പെടേണ്ട സമയത്തിനും ഏതാണ്ട് ഒരു മണിക്കൂർ മുൻപു തന്നെ ഞാനും അച്ഛനും സ്റ്റേഷനിൽ എത്തിച്ചേർന്നു. റിസർവേഷൻ ഇല്ലാതിരുന്നതിനാൽ, ജനറൽ കംപാർട്മെന്റ് ഏതു ഭാഗത്തായിരിക്കുമെന്നു ഒരു പോർട്ടറോട് തിരക്കി ഉറപ്പു വരുത്തിയിട്ട് ഒരു ഒഴിഞ്ഞ സിമെന്റ് ബഞ്ചിനോട് ചേർത്ത് ഇരുമ്പു പെട്ടിയും ബെഡ്‌ഹോൾഡറും ചണസഞ്ചിയും താഴെ വച്ചിട്ടു ബഞ്ചിൽ ഇരിപ്പുറപ്പിച്ചു . അനിശ്ചിത കാലത്തേയ്ക്കുള്ള ഒരു വേർ പിരിയലായതിനാലായിരിക്കാം, രണ്ടുപേരും അവരവരുടേതായ മനോവിചാരങ്ങളിൽ മുഴുകി, മൗനരായിരുന്നു. ഇടയ്ക്കിടെ ഞാൻ അച്ഛന്റെ മുഖത്തേയ്ക്കു ഒളികണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു. ആ മുഖത്ത് പ്രതിഫലിച്ചിരുന്ന വിവിധ വികാരങ്ങൾ - വേർപാടിന്റെ, കുടുംബം രക്ഷപ്പെടുവാൻ ഉതകുന്ന ഒരു ജോലി എനിക്കു തരപ്പെടുമോ എന്ന ആകാംക്ഷയുടെ, അതിലുപരി, എനിക്കു ഈ യാത്രയ്ക്കുള്ള വണ്ടിക്കൂലിയായ വെറും മുപ്പതു രൂപാ സ്വയം തരപ്പെടുത്തിത്തരുവാൻ സാധിക്കാതെ പോയതിന്റെ ദൈന്യത കലർന്ന നിസ്സഹായത - എല്ലാം എനിക്കു മനസ്സിലാക്കുവാൻ കഴിയുമായിരുന്നതേയുള്ളു.
അന്ന് മൂത്ത സഹോദരി വിലാസിനിച്ചേച്ചിയുടെ ഭർത്താവ് ഗോപാലൻ അളിയൻ മദ്ധ്യപ്രദേശിൽ ബസ്തർ ജില്ലയിലെ ബോർഗാവ് എന്ന സ്ഥലത്തു കേന്ദ്ര ഗവണ്മെന്റിന്റെ കീഴിലുള്ള ദണ്ഡകാരണ്യ പ്രോജെക്ടിൽ ജോലി ചെയ്യുകയായിരുന്നു. (ഇന്ന് ആ ജില്ലയും മറ്റു കുറേ സ്ഥലങ്ങളും ഇപ്പോഴത്തെ ച്ഛത്തിസ്‌ഗാഡ് സ്റ്റേറ്റിലെ മാവോയിസ്റ്റ് ശക്തി കേന്ദ്രമായി മാറിക്കഴിഞ്ഞിരിക്കുന്നു ). അവിടെ എത്തിയാൽ എനിക്കു എന്തെങ്കിലും ഒരു ജോലി തരപ്പെട്ടു കിട്ടുവാൻ സാധിച്ചേയ്ക്കുമെന്നു അളിയൻ ചേചച്ചിയ്ക്കെഴുതിയിട്ട് ഒന്നര മാസത്തോളമായെങ്കിലും വണ്ടിക്കൂലിക്കും വഴിച്ചെലവിനുമുള്ള തുക കണ്ടെത്തുവാൻ അച്ഛന്
കഴിയാതെ വന്നപ്പോൾ ചേച്ചി തന്നെ ആ തുക, എനിക്കു ജോലി കിട്ടിയാലുടൻ ഞാൻ തന്നെ തിരിച്ചു കൊടുക്കുമെന്ന വ്യവസ്ഥയിൽ, ഒരു അകന്ന ബന്ധുവിന്റ കയ്യിൽ നിന്നും തരപ്പെടുത്തുകയാണുണ്ടായത്.
അളിയൻ വഴി വിശദമായി എഴുതിയറിയിച്ചിരുന്നു. മദ്രാസ് എഗ്‌മോറിലെത്തിയിട്ടു മദ്രാസ് സെൻട്രൽ സ്റ്റേഷനിൽ നിന്നും ഡെൽഹിയ്ക്കുള്ള ട്രെയിനിൽ കയറി നാഗ്പൂരിൽ ഇറങ്ങിയാൽ മതി, അളിയൻ അവിടെ കാത്തു നിൽക്കും. എന്റെ ചിന്തകൾക്ക് താൽക്കാലിക വിരാമമിട്ടുകൊണ്ട് അച്ഛന്റെ ശബ്ദം :
"ആദ്യമായിട്ടുള്ള ദൂരയാത്രയാണ്, സർട്ടിഫിക്കറ്റും മറ്റും സൂക്ഷിച്ചുകൊള്ളണം; യാത്രയ്ക്കിടയിൽ അപരിചിതരുമായി അധികം അടുക്കരുത്. അങ്ങെത്തിയാലുടൻ എഴുതണം".
"ങ്ങും", ഞാൻ മൂളികേട്ടു. കുറേ നേരത്തെ നിശ്ശബ്ദത. പിന്നെ വീണ്ടും ഉപദേശ രൂപേണ അച്ഛന്റെ ശബ്ദം :
"കിട്ടുന്ന ജോലി ഏതായാലും ആത്‌മാർത്ഥതയോടും സത്യസന്ധതയോടും ചെയ്യണം. ആരുടേയും മുന്നിൽ തല കുനിക്കുവാനിട വരരുത്. ഏതു സാഹചര്യമുണ്ടായാലും കോഴ വാങ്ങരുത്.
ട്രെയിൻ സ്റ്റേഷനിൽ വന്നു നിന്നു. ഇറങ്ങുവാൻ ധാരാളം പേരുണ്ടായിരുന്നു. മദ്രാസ് സ്റ്റേറ്റിന്റെ അതിർത്തിയായിരുന്നതിനാലാകാം കയറുവാൻ അധികം പേർ ഉണ്ടായിരുന്നില്ല. അച്ഛൻ പെട്ടിയും ചണസഞ്ചിയും ഞാൻ ബെഡ്ഡു മെടുത്തു വാതിലിനടുത്തെത്തി. അടുത്തുള്ള, രണ്ടാമത്തെ തുറന്ന ജനലിനടുത്തിരുന്ന ആളുകൾ ഇറങ്ങാനായി എഴുന്നേറ്റപ്പോൾ അതു കണ്ട അച്ഛൻ ജനലിൽക്കൂടി സഞ്ചിയും പെട്ടിയും ഒഴിഞ്ഞ സീറ്റിലേയ്ക്ക് വച്ച് അതു 'റിസേർവ്' ചെയ്തു. അകത്തു ചെന്നപ്പോൾ ഭാഗ്യത്തിന് ആ സീറ്റിന്റെ മുകളിലത്തെ ബെർത്ത് ഒഴിഞ്ഞു കിടക്കുന്നതു കണ്ട് ഞാൻ ബെഡ്ഡ് നിവർത്തിയിട്ട് അതും 'റിസേർവ്' ചെയ്തു. എതിരെയുള്ള സീറ്റിൽ മുപ്പത്തഞ്ച് വയസ്സോളം പ്രായം തോന്നിക്കുന്ന ഒരാളും അടുത്തു ഒരു സ്ത്രീയും അവരുടെ ഇടയ്ക്കു നാലഞ്ചു വയസ്സുള്ള ഒരാൺകുട്ടിയും ഇരുന്നിരുന്നു. ഒരു ചെറിയ കുടുംബമാണെന്നു വ്യക്തം. അച്ഛൻ അയാളോട് സംസാരിച്ചതിൽ നിന്നും അവർ ഡൽഹിക്കു പോകുകയാണെന്നു മനസ്സിലായി. ഞാൻ നാഗപ്പൂരിലിറങ്ങുമെന്നും, ആദ്യമായി ദൂരയാത്ര ചെയ്യുകയായതിനാൽ എന്റെ മേൽ ഒരു കണ്ണ് വേണമെന്നും, എഗ്‌മോറിൽ നിന്നും മദ്രാസ് സെൻട്രലിലേയ്ക്ക് പോകുവാൻ സഹായിക്കണമെന്നും അച്ഛൻ അയാളോട് സഹായമഭ്യർ ഥിച്ചു. അയാൾ അങ്ങിനെയാവാം എന്നു സമ്മതിക്കുകയും ചെയ്തു.
ട്രെയിൻ സാവധാനം നീങ്ങിത്തുടങ്ങി. നിമിഷങ്ങൾ ഘനീഭവിച്ചതുപോലെ. ഞാൻ പതുക്കെ തലയാട്ടി, മൗനമായി, അച്ഛനോട് യാത്രാനുമതി തേടി. അച്ഛനും അതേപോലെ യാത്രാനുമതിയും തന്നു. ട്രെയിൻ അകന്നു മാറുന്നതിനോടൊപ്പം അച്ഛന്റെ മുഖത്ത് പെട്ടെന്ന് മിന്നി മറയുന്ന ഭാവഭേദങ്ങൾ എന്റെ മനസ്സിലേയ്ക്ക് ആഴത്തിൽ പതിച്ചു. വേർപിരിയലിന്റെയും ആകാംക്ഷയുടേയും ഘനീഭവിച്ച ആ നിമിഷങ്ങൾ കുറേസമയത്തേയ്ക്കു എന്നേ കീഴ്പ്പെടുത്തിയിരുന്നു. എതീരേയിരുന്ന ആൾ എന്തോ ചോദിച്ചപ്പോഴാണ് എനിക്കു സ്ഥലകാലബോധമുണ്ടായത്. അയാളുടെ ചോദ്യങ്ങൾക്കു ഒന്നും രണ്ടും വാക്കുകളിൽ മറുപടി കൊടുത്തിട്ടു വീണ്ടും ഞാൻ മൗനിയായി ഇരുന്നു. വെളിയിൽ, ജനലിൽ കൂടി മിന്നിമറഞ്ഞു പോകുന്ന കാഴ്ചകൾ, പച്ചപ്പു നിറഞ്ഞ വനഭംഗി, മലകൾക്കിടയിൽക്കൂടി താഴോട്ടു പതഞ്ഞു പതിക്കുന്ന ചെറിയ കാട്ടരുവികൾ, കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത പലയിനം കാട്ടുപക്ഷിയുടെ കളകൂജഞങ്ങൾ, എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടെങ്കിലും അവ ആസ്വദിക്കുവാനുള്ള മനസ്ഥിതി അപ്പോഴെനിയ്ക്കുണ്ടായിരുന്നില്ല.
ചിന്തകൾ വീണ്ടും അച്ഛനേ ചുറ്റിപ്പറ്റിയായി; എട്ടു മക്കളേയും സ്ഥിരം രോഗിയായിക്കഴിഞ്ഞിരുന്ന അമ്മയേയും തീറ്റിപ്പോറ്റുവാനും മക്കൾക്ക് വേണ്ട വിദ്യാഭ്യാസം നൽകുവാനും പെടാപ്പാടു പെടുന്ന, പ്രായമേറി വരുന്ന, അച്ഛന്റെ അവസ്ഥയെപ്പറ്റി, മൂത്ത രണ്ടു പെൺമക്കളെയും, ആ പ്രാരാബ്ധങ്ങൾക്കിടയിലും, വിവാഹം കഴിച്ചയച്ചതിന്റെ അവശതയിൽ നിന്നും ഇനിയും പൂർണമായി മുക്തനായിട്ടില്ലാത്ത അച്ഛനെപ്പറ്റി, അതിനെല്ലാമുപരി, തീരാ രോഗിയായ അമ്മയെ ചുറ്റിപ്പറ്റി ഉണ്ടാകുന്ന വേദനയും വേവലാതിയും മൂലമുളവായ അച്ഛന്റെ നിസ്സംഗതയെപ്പയറ്റി.
അച്ഛനെപ്പറ്റിയുള്ള തന്റെ ഓർമ്മകൾ എവിടെ തുടങ്ങുന്നു? ഓർത്തു നോക്കുവാൻ തോന്നി - അല്ല, തനിക്കു തെറ്റ് പറ്റി - അത്തരം ഓർമ്മകൾ അച്ഛനിൽ മാത്രം ഒതുങ്ങുന്നതല്ല എന്നുള്ളതല്ലേ വാസ്തവം? അവ തന്നേപ്പറ്റിയും, തനിക്കു ചുറ്റുമുള്ളവരേ പ്പറ്റിയും, അതിനുപരി ചുറ്റുമുള്ള വസ്തുതകളെപ്പറ്റിയും കൂടി ഉള്ളവയാണല്ലോ ? താനിതുവരെ ക ടന്നുവന്ന വഴികൾ ഏതൊക്കെ ? എന്തോക്കെയായിരുന്നൂ തന്റെ ഇതുവരെയുള്ള അനുഭവങ്ങൾ - പ്രത്യേകിച്ച് ഓർത്തിരിക്കത്തക്കവ - നല്ലവയും അല്ലാത്തവയും?
ഓർമ്മകൾ പിറകോട്ടു പിറകോട്ടു പോയി. അതേ , വ്യക്തതയുള്ള ഓർമ്മ അവിടെ തുടങ്ങുന്നു; അച്ഛന്റെ തോളിലേറി, ഒരു കുന്നും അതു കഴിഞ്ഞു ഒരിറക്കവുമിറങ്ങി, താനൊരു ശ്രദ്ധാകേന്ദ്രമായി മാറിയ, ആ വിവാഹവും, വധൂ വരന്മാർക്കു താൻ വിവാഹ മംഗളാശംസകൾ നേർന്നതുമായ ആ സംഭവം തന്നെ.
*** *** ***
ബാല കാണ്ഡം
*******
ആമുഖം
ഓർമ്മതൻ ചെപ്പിലെ ഓമന മുത്തുകൾ ഓരോന്നായെണ്ണിപ്പുറത്തെടുക്കട്ടെ ഞാൻ ... മറവിതൻ ചാമ്പലിൽ മൂടിക്കിടന്നേലും
നറു നിറമാർന്നോരു കനലുകളാണവ.
*******
അച്ഛന്റെ തോളേറി, ക്കുന്നേറി, ശ്ശാരദ- ച്ചേച്ചീടെ കല്യാണപ്പന്തലീലെത്തീട്ടു
ചേച്ചിക്കും ചേട്ടനുമാശംസാ വാക്കുകൾ അച്ഛൻ പഠിപ്പിച്ചു തന്ന, തതുപോലെ
ഉച്ചത്തിലങ്ങോട്ടു, ധൈര്യത്തിലങ്ങോട്ട് മെച്ചമായ് ചൊല്ലിയതൊന്നാമത്തേ മുത്ത്
******
1
ഒരു കൊച്ചു വിവാഹ മംഗളാശംസ പ്രസംഗം
*******
"അച്ചാച്ചാ ......."
കാരമ്മേലിൽ കേശവൻ ഉപൻമോന്റെ ആ വിളി കേട്ടില്ലെന്നു തോന്നുന്നു.
അച്ഛന്റെ ഇടതുതോളിൽ, മുന്നിലും പിന്നിലുമായി കാലുകൾ തൂക്കിയിട്ടു, അകാലത്തിൽ കഷണ്ടികയറിയ അച്ഛന്റെ തലയിൽ രണ്ടു കുഞ്ഞു കൈപ്പത്തികളും അമർത്തിവച്ചു, തന്റെ പിൻഭാഗത്തു അച്ഛന്റെ ഇടതുകൈപ്പത്തിയാലുള്ള താങ്ങിന്റെ ഭദ്രതയിൽ ഇടതുവഴിയിലൂടെ നടന്നു കുന്നുകയറുന്ന, അച്ഛന്റെ ഓരോ ചുവടുവെപ്പിലും താളത്മകമായി പൊങ്ങിയും താണുമിരുന്നുകൊണ്ടുള്ള യാത്ര ആസ്വദിച്ച് , മൂന്നുവയസ്സുകാരൻ ഉപൻമോൻ അച്ഛനെ വീണ്ടും നീട്ടി വിളിച്ചു :
"അച്ചാച്ചാാാാ..... "
"എന്താ മോനേ?" കേശവൻ ചോദിച്ചു.
"നമ്മള് പുലുക്കുഴീലെ ശാരദ ചേച്ചീടെ കല്യാണത്തിന് പോവല്ല്യോ? കല്യാണോന്നു വച്ചാ എന്തുവാച്ചാ ?"
"അത് ആ ചേച്ചിയെ ഇന്നൊരു ചേട്ടൻ കെട്ടും"
"കയറുകൊണ്ടാന്നോ കെട്ടുന്നേ ?"
"അല്ല മോനേ, താലിമാലകൊണ്ടാ "
"അപ്പം താലിമാലകൊണ്ടു ചേച്ചിയെ ആ ചേട്ടൻ തൂണില് കെട്ടീടുവോ ?
നമ്മടെ കറമ്പമ്പട്ടിയെ കേട്ടീടുന്നപോലെ ?"
കേശവൻ ആസ്വദിച്ചു ചിരിച്ചു - ഒപ്പം പിറകേ.ഇളയ കുഞ്ഞ് ബാബുവിനെയുമെടുത്തു ആയാസ്സപ്പെട്ടു നടക്കുന്ന ഭവാനിയും.
"അച്ചനുമമ്മച്ചീമെന്തിനാ ചിരിക്കൂന്നേ?"
"അതുപിന്നെ മോന്റെ പറച്ചിലുകെട്ടാ എങ്ങനാ ചിരിക്കാതിരിക്കുന്നേ ? താലിമാലകൊണ്ടു തൂണില് കേട്ടീടുവല്ല ചെയ്യുന്നെ. ചേട്ടൻ താലിമാല ചേച്ചീടെ കഴുത്തിലിടും. പിന്നെ അവരൂ അങ്ങോട്ടുമിങ്ങോട്ടും പൂമാലേം കഴുത്തിലിടും. അപ്പോ നാദസ്വരവായനേമൊണ്ടാകും. അതിനാ കല്യാണം കഴിക്കുന്നെന്നു പറേന്നെ. അമ്മച്ചീടെ കഴുത്തേക്കെടക്കുന്നെ താലിമാല മോൻ കണ്ടിട്ടില്ല്യോ ? അത് അമ്മച്ചിയെ അച്ചൻ കല്യാണം കഴിച്ചപ്പോ ഇട്ടതാ" കേശവൻ വിശദീകരിച്ചു.
"അന്നേരം അവര് അച്ചനുമമ്മച്ചിമല്യോ ആകുന്നേ?"
കേശവനും ഭവാനിയ്ക്കും വീണ്ടും ചിരിവന്നു.
"അന്നേരമവര് പുത്തൻപെണ്ണും പുത്തൻ ചെറുക്കനുമേ ആവത്തുള്ളു. കെട്ടിയോളും കെട്ടിയൊനുമെന്നും പിന്നെ നവവധുവെന്നും വരനുമെന്നും പറേം. അച്ചൻ മോനേ പഠിപ്പിച്ച മംഗളാശംസയിലില്ലേ 'നവവധൂവരന്മാരേ' എന്ന്. അവര് അച്ഛനുമമ്മയുമാകുന്നത് അവർക്കും മോനേം ചേച്ചിമാരെയും പോലുള്ള കുഞ്ഞുങ്ങളുണ്ടാവുമ്പോളാ ".
കേശവൻ ഒന്ന് നിറുത്തിയിട്ട് തുടർന്നു :
അതിരിക്കട്ടെ, അച്ഛൻ മോനേ പഠിപ്പിച്ച മംഗളാശംസ മറന്നില്ലല്ലോ ? ആ ചേച്ചീടേം ചേട്ടന്റേം കല്യാണത്തിന് പറയാനാ അച്ഛൻ മോനേ അത് പഠിപ്പിച്ചത്. മാലയിടീലും മറ്റും കഴീമ്പം അച്ചൻ മോനേ മേശപ്പുറത്തു കയറ്റിനിറുത്തും. അപ്പോ മോൻ അത് ആ ചേച്ചിയേം ചേട്ടനേം നോക്കി തെറ്റാതെ, അച്ചൻ പഠിപ്പിച്ചതുപോലെതന്നെ, ഉറക്കെ പറയണം. പറഞ്ഞുതീരുമ്പോ അവിടുള്ളൊരു മോനോട് സ്നേഹംതോന്നീട്ടു മിടുക്കനെന്നു പറകേം കയ്യടീം ഉമ്മേം നാരങ്ങായുമൊക്കെ തരികേം ചെയ്യും. അപ്പോ അച്ഛനുമമ്മച്ചിക്കും എന്തു സന്തോഷമായിരിക്കുമെന്നറിയാമോ? മോനതു തെറ്റാതെ ഒന്നുകൂടി പറഞ്ഞേ , അച്ഛനുമമ്മച്ചിം ഒന്ന് കേക്കട്ടെ."
"അമ്മച്ചി അങ്ങനിപ്പം കേക്കണ്ട .
കുഞ്ഞുവാവേം അച്ചനും മാത്രം കേട്ടാ മതി."
"നീയൊന്നു പതുക്കെ വാടീ ഭവാനീ ; മോൻ പറുന്നത് നീ കേക്കണ്ടാ" കേശവൻ ഭവാനിയോടായി പറഞ്ഞു. ഭവാനിയുടെ നടപ്പു പതുക്കെയായി. കേശവൻ തുടർന്നു :
"ഇനി മോൻ പറഞ്ഞാട്ടെ. അമ്മച്ചിക്ക് കേക്കാൻ പറ്റൂകേല. മോൻ കൊറേപ്പേരുടെ നടുവിൽ ഒരുമേശപ്പുറത്തു നിന്നുകൊണ്ട് പറേന്ന പോലെ മനസ്സില് കണ്ടേ ; ഇന്നാളൊരു ദിവസം കവലേല് ഒത്തിരിപേരുടെ നടുവില് നിന്നോണ്ട് ഒരു മാമൻ പ്രസംഗിക്കുന്നത് മോൻ കണ്ടാരുന്നല്ലോ. മോനും അതുപോലെ പ്രസങ്ങിക്കുവാന്നു കരുതിയാമതി. അപ്പോ അറപ്പുണ്ടകുവേല. എന്താ, മനസ്സില് അതുപോലെ കരുതിയോ മോൻ?"
"ഉം"
"എന്നാ മോൻ പറഞ്ഞേ : (ശബ്ദമുയർത്തി) "അല്ലയോ..... " "മോൻ ഉറക്കെ പറഞ്ഞേ "
അവൻ ഉറച്ചതെങ്കിലും അവ്യക്തത കലർന്ന അക്ഷരങ്ങളോടെ പറഞ്ഞു തുടങ്ങി :
"അല്ലയോ നവ വതൂവരമ്മാരേ; ഇന്നത്തെ ഈ സുപമുകൂർത്തത്തിനു സേസം ഇനിയൊള്ള കാലം ഒത്തൊരുമിച്ചു തോളോടുതോൾ ചേർന്ന് സുകവും സന്തോസവുമുള്ള ഒരു നീണ്ട ജീവിതം കെട്ടിപ്പടുക്കാൻ നിങ്ങൾ പ്രതിഞ്ഞാ ബന്തരാണ്. മുന്നോട്ടുള്ള ജീവിതത്തിലെ ആയവും പരപ്പും കണ്ടു പ്രമിക്കാതിരിക്കുക. ഏതു പ്രതിസന്തീലും അന്നിയൊന്നിയം താങ്ങും തണലുമായി നിന്നുകൊണ്ട് അത് തരണം ചെയ്യാനുള്ള മനക്കരുത്തും നിച്ചയദാർഡിയവും നിങ്ങക്കൊണ്ടാകട്ടെ. നിങ്ങളുടെ ജീവിതവല്ലരി പുസ്പിച്ചു സന്താനസൗപാക്യമുണ്ടാകട്ടെ. നല്ലകാര്യങ്ങൾ മാത്രം ചെയ്യുക, ആപത്തിൽ മനോതൈര്യം കൈവിടാതിരിക്കുക. സന്തോസവും സൗപാക്യവും ആയുരാരോക്യവുമുള്ള ഒരു ജീവിതം നയിക്കുവാനായി ഈ ഉപൻമോൻ എല്ലാവിത മംഗളാസംസകളും നേർന്നുകൊള്ളുന്നു. നിങ്ങക്ക് ഈസ്വരന്റെ അനുക്കര കമൊണ്ടാകട്ടെ!"
ഉപൻമോൻ പറഞ്ഞു നിർത്തിയിട്ടു ഒരു ദീർഘനിശ്വാസവും വിട്ടു.
"മിടുക്കൻ. ഇതുപോലെ, ഒന്നും മറക്കാതെ, അവിടെയും മോൻ പറയണം." കേശവൻ മകനെ പ്രോത്സാഹിപ്പിച്ചു.
"ഉം" ഉപൻമോൻ സമ്മതം മൂളി.
അപ്പോഴേയ്ക്കും അവർ കുന്നിൻപുറത്തെത്തിയിരുന്നു. പിന്നെ കുറച്ചു ദൂരത്തെ നിരപ്പായ വഴിയും ഇറക്കവും താണ്ടി അവർ പുലിക്കുഴി കൃഷ്ണന്റെ വീട്ടിലെത്തി.
വിവാഹകർമങ്ങൾ കഴിഞ്ഞയുടൻ ഉപൻമോന്റെ മംഗളാശംസചൊല്ലലും ഭംഗിയായിത്തന്നെ നടന്നു. പ്രതീക്ഷിച്ചപോലെ ആളുകളുടെ അഭിനനന്ദനങ്ങളും സ്നേഹപ്രകടനങ്ങളും അവനു വേണ്ടുവോളം കിട്ടുകയുമുണ്ടായി. സദ്യയൂണും കഴിഞ്ഞു അവർ തിരികെ യാത്രയായി. ഉപൻമോന്റെ ഇരിപ്പു ഇപ്പോൾ അച്ഛന്റെ വലതു തൊളിലായി. വഴി വിജനമാണ്, അന്തരീക്ഷം നിശ്ചലവും.ആയാസപ്പെട്ട് തിരികെ കുന്നുകയറുന്ന അച്ഛന്റെ നെഞ്ചിൽ മുട്ടിക്കിടക്കുന്ന അവന്റെ വലതുകാൽ അച്ഛന്റെ ഹൃദയമിടിപ്പ് ഏറ്റുവാങ്ങി സ്വന്തം ഹൃദയമിടിപ്പുമായി സമ്മിശ്രപ്പെട്ടു, താളാൽമകമായ ഒരു മുഴക്കമായി അവന്റെ സ്വന്തം ചെവിയിൽ പ്രതിധ്വനിച്ചു. പക്ഷേ അവനു തോന്നിയത് അത് ദൂരെയെവിടെയോനിന്ന് അതിവേഗം തങ്ങളെ ലക്‌ഷ്യം വച്ച് വരുന്ന ഏതോ അജ്ഞാതശക്തിയുടെ കാലടിശബ്ദമായിട്ടാണ്. അങ്ങിനെ ചിന്തിച്ചതും അവനു നേരിയെ ഭയം തോന്നി.
മോനെന്തേ മൗനിയായതെന്നു കേശവൻ ചിന്തിച്ചതേയുള്ളു. അപ്പോൾ, ഉണ്ടായ ഭയചിന്തയിൽ നിന്നും മോചിതനാകാനെന്നവിധം, അവൻ അച്ഛനെ വിളിക്കുകയായി :
"അച്ചാച്ചാ... "
"എന്താ മോനേ?"
"കല്യാണം കഴിഞ്ഞുപോകാന്നേരം ആ ചേച്ചിയെന്തിനാ കരഞ്ഞേ ? ചേച്ചീടമ്മേം കരഞ്ഞാരുന്നു. ആ ചേട്ടൻ അവരെ വയക്കു പറേവോ അടിക്കുവോ ചെയ്തോ ?"
"അല്ല മോനേ, ചേട്ടനടിച്ചിട്ടല്ല അവരു കരഞ്ഞേ. ഇനിമുതൽ ആ ചേച്ചി ചേട്ടന്റെ വീട്ടിലാ താമസിക്കേണ്ടേ. അപ്പോ ചേച്ചീ ചേട്ടന്റെ കൂടങ്ങു പോകുമ്പം ചേച്ചിക്കും ചേച്ചീടമ്മയ്ക്കുമൊക്കെ സങ്കടം വരത്തില്ല്യോ ? അതുകൊണ്ടാ ചെച്ചിം അമ്മേം കരഞ്ഞേ."
"അപ്പം വിലാസിനിച്ചേച്ചിയേം വാഗമ്മചേച്ചിയേം കല്യാണം കയിച്ചോണ്ടു പൊമ്പോ അവരും അമ്മച്ചീം കരേവോ?"
"പിന്നേ, അവർക്കും സങ്കടം വാരത്തില്യോ ?"
"അങ്ങനാന്നേ അവരെ ആരും കല്യാണം കയിക്കണ്ടാ. മോനും സങ്കടം വരും."
"അന്നത്തേക്കു മോനങ്ങ് വളന്നു വലുതാകത്തില്ലിയോ. വലുതായാൽ ആണുങ്ങൾ കരയത്തില്ല. പെണ്ണുങ്ങളേ കരയത്തൊള്ളൂ "
കേശവൻ അവനേ ധൈര്യപ്പെടുത്തി.
അപ്പോഴേക്കും അവർ വീടെത്തിക്കഴിഞ്ഞിരുന്നു.
***
***
മേമ്പൊടി
താതൻ താൻ തന്നുടെയാരാധനാ മൂർത്തി-യതുപോലെതന്നെ താനനുകരി ക്കേണ്ടയാൾ
ഇതു ലോകനീതിപോൽ ബാലമനസ്സിലേ- ക്കതിവേഗമാഴ്ന്നിടും, പിച്ചവയ്ക്കുമ്പോഴേ.
ധീരനാമച്ഛന്റെ കാലടിപ്പാടുകൾ ധൈര്യം പകർന്നു തരും. പാതയാകുകിൽ
വീര്യം പകർന്നുകൊണ്ടപ്പാത പൂകുന്ന കാര്യം നിസ്സാരമാണേതോരു ബാലനും.
കാപട്യമെന്തെന്നറിയാത്ത നാളുകൾ പാപകാര്യങ്ങളോ ചെയ്യാത്ത നാളുകൾ
മനതാരിലാശങ്കയില്ലാത്ത നാളുകൾ വിനയായ് ഭയം ലേശമേലാത്ത നാളുകൾ.
അന്നാളിലച്ഛൻ പഠിപ്പിച്ച പാഠങ്ങ- ളൊന്നായതുപോലെ, തെറ്റാതുരുവിടാൻ
എന്നിലേബ്ബാലന്നസാദ്ധ്യമല്ലെങ്കിലീ മന്നിലെബ്ബാല്യങ്ങൾക്കൊക്കെയും സാദ്ധ്യമാം *******
2
കേശവന്റെ ജന്മസ്ഥലം കോഴഞ്ചേരിയിലുള്ള കാരംവേലി ആണ്. പഴയ ഏഴാം ക്‌ളാസ്സിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ പഠിപ്പ് മതിയാക്കി അച്ഛനെ ക്രിഷി കാര്യങ്ങളിൽ സഹായിക്കുവാൻ കൂടിയതു കാരണം ഒന്നാംതരം ഒരു കൃഷിക്കാരനായി മാറി. ഭവാനിയുടെ ജന്മസ്ഥലം പത്തനംതിട്ടയ്ക്കടുത്തുള്ള മലയാലപ്പുഴയും. അവരുടെ വിവാഹം കഴിഞ്ഞ് മൂത്ത മകൾ വിലാസിനിയുടെയും രണ്ടാമത്തെ മകൾ വാഗമ്മയുടെയും ജനനവും കഴിഞ്ഞ് മൂന്നാമത്തെ കുഞ്ഞിനെ ഭവാനി ഗർഭം ധരിച്ചിരിക്കുമ്പോഴാണ് കേശവൻ കോഴഞ്ചേരിയിൽ ഉണ്ടായിരുന്ന തന്റെ ഓഹരി വിറ്റിട്ട് അയിലറയിൽ വന്നു മൂന്ന് ഏക്കറോളം വരുന്ന , കിഴക്കുംകWര ഗോപാലപിള്ളയുടെ, പഴയ പറങ്കിമാവിൻ തോപ്പ് വാങ്ങിയത്. ആ വസ്തുവിൽ വീടില്ലാതിരുന്നതിനാൽ അതിനടുത്തു തന്നെയുള്ള, കൊല്ലത്തുകാരൻ ജന്മിയുടെ ഒരു പുല്ലു മേഞ്ഞ വീടോട് കൂടിയുള്ള, കൃഷി ചെയ്യുവാൻ പറ്റിയ കുറേ സ്ഥലവും പാട്ടത്തിനെടുത്തു അവിടെ താമസമാക്കി, കൃഷിയുമിറക്കി. താമസിയാതെ അവിടെവച്ചു ഉപൻമോൻ ജനിച്ചു. രണ്ടു വർഷത്തിനകം പാട്ട വസ്തു ഒഴിഞ്ഞു കൊടുക്കേണ്ടി വരികയും, താമസിക്കുവാനായി വയലിനും തോടിനും അക്കരെയുള്ള പഴയ റബ്ബർ തോട്ടത്തിലെ ഓടിട്ട വീട് ഗോപാലപിള്ളയിൽ നിന്നു തന്നെ പാട്ടത്തിനെടുക്കുകയും ചെയ്തു. അടുത്ത അദ്ധ്യയന വർഷം മൂത്ത മകൾ വിലാസിനിയെ ഏരൂരുള്ള പ്രാഥമിക വിദ്യാലയത്തിൽ ചേർത്തു. അതിനിടെ സ്വന്തമായി വാങ്ങിയ പറങ്കിമാവിൻ പുരയിടത്തിന്റെ റോഡരികിലുള്ള പകുതിയോളം ഭാഗം ക്രമേണ വെട്ടിത്തെളിച്ചു കയ്യാലകൾ കെട്ടി , തട്ട് തിരിച്ചു , ഒരു വീട് വൈക്കുവാനുള്ള സ്ഥലം തെളിച്ച വസ്തുവിന്റെ മദ്ധ്യ ഭാഗത്തായി വിട്ടിട്ടു, ബാക്കിയുള്ള സ്ഥലത്തു തെങ്ങും തൈകൾ വച്ചു പിടിപ്പിക്കുകയും, മരച്ചീനി, വാഴ , പച്ചക്കറികൾ തുടങ്ങിയ കൃഷികൾ ഇറക്കുകയും ചെയ്തു. ജോലിക്കാരെ സ്ഥിരം വയ്ക്കുവാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാതിരുന്നതിനാൽ, ഏറിയ പങ്കും ജോലി കേശവൻ തന്റെ കഠിനാധ്വാനത്തിലൂടെ ചെയ്യുകയാണ് പതിവ്. അതു കാരണം അധികം അധ്വാന ശീലമില്ലാത്ത സ്ഥലവാസികൾക്ക് കേശവനിൽ വലിയ മതിപ്പുളവായി. നാട്ടുകാരിൽ ചിലർ കേശവനെ "കരമ്മേലിൽ" കേശവനെന്നും മറ്റു ചിലർ "മലയാലപ്പുഴ" കേശവൻ എന്നും, ഇനിയും ചിലർ "വെളുത്ത" കേശവൻ എന്നുമാണ്, അന്ന്യോന്യമുള്ള സംഭാഷണത്തിൽ പരാമർശിച്ചിരുന്നത്.
അയിലറ ഗ്രാമം നാലു വശങ്ങളും കുന്നുകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന ഒരു സ്ഥലമാണ്; ഒരു അറ പോലെ. അതിനാൽ തന്നെയാവണം ആ ഗ്രാമത്തിന് 'അയിലറ' എന്ന പേര് ലഭിച്ചത്. ഗ്രാമത്തിന്റെ വടക്കു ഭാഗം മുഴുവൻ അന്നു വനമായിരുന്നു. അഞ്ചൽ - കുളത്തൂപ്പുഴ റോഡിൽ ഏരൂർ എന്ന സ്ഥലത്തു നിന്നും ഇടത്തോട്ടുള്ള, ഇളകിയ മെറ്റലും മണ്ണും നിറഞ്ഞ, റോഡേ ഒരു മൈൽ കഴിഞ്ഞാൽ തുടങ്ങുന്ന, "പന്നിത്താഴെ തേരി" എന്ന വലിയ ഇറക്കമിറങ്ങിച്ചെന്നാൽ അയിലറ ഗ്രാമം, ഒരു പാലത്തോട് കൂടിയ ചെറിയ തോടും കടന്നു, റോഡിന്റെ ഇടതു വശത്തായി ഒരു പാടശേഖരത്തോടെ തുടങ്ങുകയായി. തോട് വയലിന്റെ അടിഭാഗത്തു കൂടി ഇടത്തോട്ടൊഴുകി
വയലിന്റെ ഇടത്തു വശത്തു കൂടി മുകളിൽനിന്നും ഒഴുകി വരുന്ന വേറൊരു തോടുമായി ലയിച്ചു താഴെ പടിഞ്ഞാറോട്ടൊഴുകി ആർച്ചൽ എന്ന സ്ഥലത്തേയ്ക്ക് പോകുന്നു . അന്ന് ,വയലിന്റെ വലത് വശത്തുകൂടി പോകുന്ന റോഡ് അയിലറയുടെ പകുതി ഭാഗം കഴിഞ്ഞാൽ ഇടതു ഭാഗത്തെ തൊട്ടിലുള്ള വെള്ളച്ചാട്ടവും കഴിഞ്ഞു അയിലറയുടെ തന്നെ ഭാഗമായ മുഴത്താങ്ങും കഴിഞ്ഞു വനത്തിൽ പ്രവേശിച്ചു മദ്രാസ് പ്രൊവിൻസിലേക്കുള്ള ഇടമൺ - തെന്മല റോഡിലെത്തുന്നു. അന്നൊക്കെ, ഇടത് വശത്തുള്ള തോട് വനത്തിൽ നിന്നും ഒഴുകിയെത്തുന്ന തണുത്ത ശുദ്ധ ജലത്തോടുകൂടിയതും ഒരിക്കലൂം വറ്റാത്ത ഒന്നുമായിരുന്നു. മഴക്കാലത്ത് വനത്തിൽ നിന്നും കുത്തിയൊഴുകി വരുന്ന വെള്ളം പാടശേഖരത്തെ വലിയ ഒരാറായി മാറ്റുകയും ആ ഒഴുക്കിൽ വലിയ തടികളും കടപുഴകിയ മരങ്ങളും ഒപ്പം വന്യജീവികളും ഒഴുകി വരികയും പതിവായിരുന്നു. പിൽക്കാലത്ത്, ക്രമേണ, ആ വനം മുഴുവൻ വെട്ടിതെളിച്ച് , പട്ടയവും നൽകി പുതിയ ഗ്രാമങ്ങളായി രൂപാന്തരപ്പെടുകയും കുറേ ഭാഗം എണ്ണപ്പന തോട്ടമായും വേറേ കുറേ ഭാഗം റബ്ബർ തോട്ടമായും മാറുകയും ചെയ്തു. അങ്ങിനെ രൂപാന്തരപ്പെട്ട ഗ്രാമങ്ങളിൽ ഒന്നാണ് അയിലറ കഴിഞ്ഞാൽ അടുത്ത പൂക്കുട്ടിയെന്നാ ഓസ്‌കാർ അവാർഡ് ജേതാവിനാൽ പ്രസിദ്ധമായ, 'വിളക്കുപാറ' എന്ന ഗ്രാമം. പണ്ട്, വനമുണ്ടായിരുന്ന കാലത്ത്, കഠിനമായ വേനലിൽപോലും അയിലറ ഗ്രാമക്കാർ ചൂടോ വെള്ളത്തിന്റെ ക്ഷാമമോ അനു ഭവിക്കുക ഉണ്ടായിട്ടില്ല. ഇന്ന്, ആ കാട്ടരുവി വറ്റിവരണ്ടു മഴക്കാലത്ത് മാത്രം പെട്ടെന്നൊഴുകിയവസാനിക്കുന്ന ഒരു നീർചാലും, ഗ്രാമം വേനൽക്കാലത്തു കുടിവെള്ളതിന് വേണ്ടി വലയുന്ന ഒന്നും ആയിക്കഴിഞ്ഞിരിക്കുന്നു. എന്തിനേറെ, അയിലറെ നിന്നും നേരിട്ട് വെറും 12 കിലോമീറ്റർ മാത്രം ദൂരെയുള്ള പുനലൂർ ഠൗൺ ഇന്ന് കേരളത്തിൽ ഏറ്റവുമധികം ചൂട് രേഖപ്പെടുത്തുന്ന സ്ഥലമായി മാറിക്കഴിഞ്ഞു. മനുഷ്യന്റെ മനമറിഞ്ഞു കനിയുന്ന വനദേവതയെ മനുഷ്യൻ തന്നെ വേദനിപ്പിച്ചതിനു ലഭിച്ച ശിക്ഷ !
കേശവന്റെ കുടുംബം അയിലറയിൽ എത്തുമ്പോൾ അതൊരു ഉറക്കം നടിച്ചു കിടന്ന, ശാലീന സുന്ദരമായ, ഗ്രാമം ആയിരുന്നു. ഏറെയും കുടുംബങ്ങൾ തെക്കൻ തിരുവിതാംകൂറിന്റെ പല ഭാഗങ്ങളിൽ നിന്നും പണ്ടെങ്ങോ വന്നു കുടിയേറിപ്പാർത്തവർ. അതു കൊണ്ടു തന്നെ, അവർക്കു സ്വന്തം വീട്ടുപേര് ഉണ്ടായിരുന്നിട്ടുകൂടി, നാട്ടിൽ അറിയപ്പെട്ടിരുന്നത് അവരുടെ പഴയ സ്ഥലപ്പേര് കൂടി ചേർത്തിട്ടായിരുന്നു; കുണ്ടറക്കാര്, കോന്നീക്കാര്, ആയൂർക്കാര്, ഓയൂര്ക്കാര്, വയയ്ക്കൽക്കാര്, വെട്ടിക്കവലക്കാര്, എന്നിങ്ങനെ. അങ്ങിനെയാണ് കേശവന്റെ കുടുംബത്തിന്, കമലവിലാസം എന്ന വീട്ടുപേരുണ്ടായിരുന്നിട്ടും, അവർ കാരംവേലിക്കാരെന്നും , മലയാലപ്പുഴക്കാരെന്നും വിളിക്കപ്പെട്ടു പോന്നത്. സ്ഥലത്തേ തന്നെ, ഏറ്റവും പഴയ ഒരു കുടുംബം മാത്രം അറിയപ്പെട്ടിരുന്നത് 'അയിലറക്കാർ' എന്നായിരുന്നു. സാമ്പത്തികമായി ഭേദപ്പെട്ട അഞ്ചോ ആറോ കുടുംബങ്ങൾ മാത്രമേ അവിടെയുണ്ടായിരുന്നുള്ളു. കേശവനും കുടുംബവും അയിലറയിൽaങ്ങിനെക് എത്തുന്നതിനു മുൻപുതന്നെ മലയാലപ്പുഴക്കാരായ നാലഞ്ച്Athode കുടുംബങ്ങൾ അവിടെ താമസമാക്കിയിരുന്നു. അവർ മുഖാന്തിരം തന്നെ .ആയിരുന്നു കേശവനും കുടുംബവും അയിലറയിൽ എത്തിപ്പെട്ടതും. അങ്ങിനെ അയിലറയിൽ കുടിയേറിയ കേശവത്രയങ്ങൾ ആയിരുന്നു അവർ : കാരമ്മേലിൽ കേശവൻ, മൂലയ്ക്കൽ കേശവൻ, പുലിക്കുഴി കേശവൻ !
പാടശേഖരത്തിൽ പകുതിയിലേറെയും ഇടവയിലുള്ള ഒരു ജന്മിയുടെ കൈവശമായിരുന്നു. ബാക്കിയുള്ളതു മേൽപ്പറഞ്ഞ അഞ്ചോ ആറോ കുടുംബങ്ങളുടെ കൈവശവും. ജന്മിയുടെ പാടങ്ങൾ രണ്ടു മുതൽ പത്തു പറ വരെയുള്ള ഭാഗങ്ങളായി വയലില്ലാത്ത പാവപ്പെട്ട നാട്ടുകാർക്ക് പകുതിവാര കൃഷിക്കായി വീതിച്ചു കൊടുത്തിരിക്കുകയാണ്. (പത്തു സെന്റാണ് ഒരു പറ). അവിടെയെത്തി രണ്ടു വർഷം കഴിഞ്ഞപ്പോൾ കേശവനും കിട്ടി അതിൽ മൂന്നു പറ നിലം. ഇരിപ്പൂ കൃഷിയാണെങ്കിലും, വിളവിന്റെ പകുതിയും അതിനു പുറമേ 'വാര' വും ജന്മിക്കു കൊടുത്തു കഴിഞ്ഞാൽ പിന്നെയുള്ളതു തങ്ങളുടെ ആവശ്യത്തന് ഒരിക്കലും തികയാറില്ല. പിന്നെ മരച്ചീനിയാണ് പ്രധാന കൃഷി. അതും കഷ്ടിച്ച് തങ്ങളുടെ ആവശ്യത്തിനു മാത്രം. ചക്കയാണ് പിന്നെയുള്ള പ്രധാന ആഹാരം. ഗ്രാമത്തിൽ ഒന്നുരണ്ടു ചെറിയ ചായക്കടകളും ഒരു പലവ്യഞ്ജനക്കടയും മാത്രം. ക്രയവിക്രയങ്ങൾക്കു ഒരു ചന്ത പോലുമില്ല. നാണ്യ വിളകളായ കുരുമുളക് , കശുവണ്ടി എന്നിവ വിൽക്കുവാനും പച്ചക്കറിയോ തുണിയോ മറ്റു പല അവശ്യ സാധനങ്ങളോ വാങ്ങണമെങ്കിലും മൂന്ന് മൈലിലധികം നടന്ന് ഏരൂരിൽ പോകേണ്ടിയിരുന്നു. അന്ന് ബസ്സുമില്ല.
പാട്ടപ്പുരയിടത്തിലും സ്വന്തമായ സ്ഥലത്തും കേശവൻ പച്ചക്കറികൾ ഉൾപ്പെടെ എല്ലായിനം കൃഷികളും കുറേശ്ശെയെങ്കിലും ചെയ്തു പൊന്നു. കശുവണ്ടിയും അധികം വരുന്ന പച്ചക്കറികളും മറ്റും ആഴ്ചയിൽ രണ്ടു ദിവസം എരൂരുള്ള ചന്തയിൽ കാളവണ്ടിക്കൂലി കൊടുത്തു കൊണ്ടുപോയി കൊടുത്തിട്ടു വീട്ടാവശ്യങ്ങൾക്കുള്ള സാധനങ്ങളും തുണിത്തരങ്ങളും മറ്റും വാങ്ങുകയാണ് ചെയ്യുന്നത്. അയിലറയിൽ അന്ന് പല അവശ്യാവശ്യങ്ങളുടെയും അഭാവത്തിന്റെ കൂട്ടത്തിൽ മുന്നിട്ടു നിന്നിരുന്ന ഒന്നായിരുന്നു ഒരു സ്കൂളിന്റെ അഭാവം. ഏറ്റവും അടുത്തുള്ള സ്കൂൾ മൂന്നു മൈലിലധികം ദൂരെ എരൂരിൽ ആയിരുന്നു . മിഡ്‌ഡിൽ സ്കൂളും ഹൈസ്കൂളും എട്ടു മൈൽ അധികം ദൂരെ അഞ്ചലിലും. മിഡ്‌ഡിൽ സ്കൂൾ മുതൽ സാധാരണക്കാർക്ക് വഹിക്കുവാനാകുന്നതിൽ കവിഞ്ഞ ഫീസ്സും. തന്മൂലം ഗ്രാമത്തിലെ നല്ലയൊരു ശതമാനവും കുട്ടികൾ സ്കൂളിൽ പോകുന്നുണ്ടായിരുന്നില്ല. ആ സാഹചര്യത്തിലായിരുന്നു മൂത്ത മകൾ വിലാസിനിയെ കേശവൻ ഏരൂർ സ്കൂളിൽ ഒന്നാം ക്‌ളാസ്സിൽ ചേർക്കുകയും അവളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയപ്പോൾ അതേ അനുഭവം തന്റെ ഇളയ കുട്ടികൾക്കുണ്ടാകരുതെന്നു കരുതി സ്ഥലത്തു ആദ്യം ഒരു ആശാൻ പള്ളിക്കൂടം (കുടിപ്പള്ളിക്കൂടം, ഓലപ്പള്ളിക്കൂടം എന്നും ധ്വനി) ആരംഭിക്കുവാനും അതിനു പിറകേ ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുവാനായി തിരുവിതാംകൂർ ദിവാന് ഹർജി സമർപ്പിക്കുവാനും മുൻകയ്യെടുത്തത്.
പുലിക്കുഴിയിലെ ശാരദയുടെ വിവാഹത്തിന് ഉപൻമോൻ മംഗളാശംസാ പ്രസംഗം നടത്തിയിട്ട് അധികം താമസ്സിയാതെയാണ്
ഉപൻമോൻ വീടിന്റെ നടക്കല്ലിൽ മൂക്കിടിച്ച് കാര്യമായ ഒരു വീഴ്ച വീണതും അവനു ഒരു സ്ഥിരം തിരിച്ചറിയൽ അടയാളം കിട്ടിയതും.
3
ഉപൻ മോന് പൂവൻ കോഴി സമ്മാനിച്ച തിരിച്ചറിയൽ കാർഡ്
ഉപൻ മോനും നേരെ മൂത്ത ചേച്ചി വാഗമ്മയും (ശരിയായ പേര് വാഗീശ്വരി) ഇനിയും വിദ്യാരംഭം കുറിച്ചിട്ടില്ല. അടുത്ത് സ്കൂൾ ഇല്ല. സ്ഥലത്തു ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിക്കുവാനായി കേശവൻ മുൻകൈയെടുത്തു ശ്രമം നടത്തുന്നുണ്ട്. പറ്റിയ ഒരു ആശാനെ കണ്ടു കിട്ടിയാൽ ഒരു കുടിപ്പള്ളിക്കൂടം നടത്തുവാനുള്ള സ്ഥലം നൽകുവാൻ കരിക്കത്തിൽ രാഘവൻ പിള്ള മുന്നോട്ടു വന്നിട്ടുണ്ട്. കേശവന്റെ ഏറ്റവും മൂത്ത മകൾ വിലാസിനി മൂന്നു മൈൽ ( ഇന്നത്തെ നാലര കിലോമീറ്റർ) അകലെയുള്ള ഏരൂർ ഗവ. സ്കൂളിൽ രണ്ടാം ക്‌ളാസ്സിൽ പഠിക്കുന്നുണ്ട്. വാഗമ്മയ്ക്കും ഉപനും പകൽസമയം മുഴുവൻ കളിച്ചു 'പഠി'ക്കുന്നതു തന്നെ ജോലി. പല കളികളും മാറി മാറി കളിക്കും. എങ്കിലും അനുജനെ തോൽപ്പിക്കാൻ എളുപ്പമുള്ളതിനാൽ ചേച്ചിക്ക് കൂടുതൽ താൽപ്പര്യം 'കളംചാടി' ക്കളിയിലാണ്. ചേച്ചി തന്നെ മനഃപൂർവം കളങ്ങൾ അകത്തി വരയ്ക്കുന്നതിനാൽ കൊച്ചു കാലുകൾ കൊണ്ട് അവനു കളങ്ങൾ വേണ്ടവിധം ചാടിക്കടക്കുവാൻ പറ്റില്ലെന്നുള്ളത് തന്നെ കാരണം.
പതിവുപോലെ അന്നും അവർ മുറ്റത്തു 'കളംചാടി' കളിക്കുമ്പോൾ അമ്മച്ചി നെല്ലു പുഴുങ്ങിയത് കൊണ്ടുവന്നു ഉണക്കുവാനായി പരമ്പിൽ നിരത്തിയിട്ടിട്ടു പറഞ്ഞു
"കളിക്കുന്നതൊക്കെ കൊള്ളാം, കോഴി നെല്ലു തിന്നാതെ നോക്കിക്കോണം. കോഴി പരമ്പിൽ കേറുന്നത് ഞാൻ കണ്ടാൽ രണ്ടിനേം വച്ചേക്കില്ല, പറഞ്ഞേക്കാം."
അവർ കളി തുടർന്നു. അധികം താമസ്സിച്ചില്ല, വീട്ടിലെ പൂവൻ കോഴി പതിവുപോലെ മൂന്നുനാലു പിടകളേയും നയിച്ച് പരമ്പിൽക്കയറി നെല്ലൊന്നു ചികഞ്ഞിട്ടു പ്രത്യേക ശബ്ദമുണ്ടാക്കി മറ്റു നാലഞ്ച് പിടകളെക്കൂടി വിളിച്ചുവരുത്തി കുശാലായി കൊത്തിപ്പെറുക്കുവാൻ തുടങ്ങിയപ്പോഴാണ് അവർ അറിഞ്ഞത്. രണ്ടുപേരും കൂടി കല്ലും ചരലും വാരിയെറിഞ്ഞു കോഴികളെ കുറച്ചു ദൂരത്തേക്ക് ഓടിച്ചു വിട്ടിട്ടു വീണ്ടും കളിയിൽ മുഴുകി. ഈ പരിപാടി പലപ്രാവശ്യം തുടർന്നു. പിടക്കോഴികൾ, വേണ്ടിവന്നാൽ ഓടാൻ തയ്യാറായി, പരമ്പിനു വെളിയിൽ നിന്നുകൊണ്ട് വേഗം വേഗം കൊത്തിപ്പെറുക്കുമ്പോൾ പൂവൻ പരമ്പിനകത്തു തന്നെ കയറി നെല്ലുചികഞ്ഞു തെറിപ്പിച്ചിട്ടു പിടകളോട് "നിങ്ങളൊട്ടും പേടിക്കേണ്ടാ, ഞാനില്ലേ, വേഗം നിറയെ കൊത്തിക്കൊത്തി തിന്നോ" എന്ന് പറയും പോലെ ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കും; ഇടയ്ക്കിടയ്ക്ക് അവനും കൊത്തിപ്പെറുക്കും. ആ പ്രക്രിയയിൽ കുറെ നെല്ലു പരമ്പിന് വെളിയിൽ പോകുകയും ചെയ്തു. അതു കണ്ട് ഉപൻമോൻ ചേച്ചിയോടായി പറഞ്ഞു :
"നെല്ലൊക്കെ വേളീപ്പോയി. ചേച്ചിക്കിന്നു അമ്മച്ചീടേന്നു നല്ല കിയുക്കു കിട്ടിയത് തന്നെ".
"എന്നാ നെനക്കും കിട്ടും. രണ്ടുപേരോടും കൂടാ കോഴിയെ നോക്കാൻ അമ്മച്ചി പറഞ്ഞേ."
ചേച്ചിയും വിട്ടില്ല.
"ചേച്ചിയല്ല്യോ വല്യേത്. ഞാൻ കൊച്ചായോണ്ട് എന്നേ തല്ലൂല്ലല്ലോ!" അവൻ ആശ്വാസം കൊള്ളുവാൻ നോക്കി.
"അതിനു നീയിപ്പം കൊച്ചല്ലല്ലോ, കുഞ്ഞുവാവ വന്നേപ്പിന്നെ നീയും വല്യതായി. അപ്പപ്പിന്നെ നിനക്കും കിട്ടിയത് തന്നെ " ചേച്ചിയും വിടാൻ ഭാവമില്ല.
അപ്പോ അടിയോ ഞെരിടോ തനിക്കും കിട്ടിയെന്നിരിക്കും. അടുത്ത പ്രാവശ്യ്യം കോഴികൾ വന്നപ്പോൾ അവനു ശരിക്കും ദേഷ്യം വന്നു. അവൻ മാത്രം ഓടി പെട്ടെന്ന് പിറകേ ചെല്ലുന്നതു കണ്ടപ്പോൾ പിടക്കോഴികൾ പറമ്പിലേക്ക് ഓടിയെങ്കിലും അൽപ്പ ദൂരം പതുക്കെ ഓടിയിട്ടു പൂവൻ പെട്ടന്ന് തിരിഞ്ഞു നിന്നിട്ട് അവനു നേരേ കൊത്തുവാനായി ആഞ്ഞു ചെന്നു. അവൻ പേടിച്ചു പിറകോട്ടോടി ചേച്ചിയുടെ അടുത്തെത്തിയപ്പോൾ പൂവൻ നിന്നിട്ടു "ഹും, എന്നോടാ കളി; പേടിച്ചുതൂറി !" എന്ന വിധം ശബ്‌ദമുണ്ടാക്കികൊണ്ടു തിരിഞ്ഞു നടക്കുവാൻ തുടങ്ങി. അവനു കൂടുതൽ ദേഷ്യം വന്നിട്ട് അടുത്തു കണ്ട ഒരു കമ്പും കൈക്കലാക്കി അവന്റെ പിറകേ ഓടുവാൻ തുടങ്ങി. പറമ്പിലേക്ക് പോകാതെ പൂവൻ വീടിനു വലം വച്ച് ഓടുവാൻ തുടങ്ങി. ഉപൻ കമ്പുമായി പിറകേയും. രണ്ടാമത്തെ വലംവയ്‌പ്പിൽ ചേച്ചി ഇടയ്ക്കു വന്നത് കണ്ടപ്പോൾ കോഴി വീട്ടിനുള്ളിലേക്ക് ചാടിക്കയറി. അത് സൗകര്യമായിട്ടാണ് അവനു തോന്നിയത്. അവനും ഓടി വീടിന്റെ നട ചാടിക്കയറുവാൻ ശ്രമിക്കവേ കാൽ വഴുതി കമിഴ്ന്നു സ്റ്റെപ്പിൽ മൂക്കിടിച്ചു വീണു: "ധോം...". മൂക്കിന്റെ പാലം ചതഞ്ഞു തകർന്നു വലിയ മുറിവുമായി രക്തം വാർന്നൊഴുകുവാൻ തുടങ്ങി; അവൻ അലറി വിളിക്കുവാനും. ശബ്ദം കേട്ട് അമ്മച്ചി വന്നു കോരിയെടുത്തു നാട്ടുവൈദ്യന്റെ അടുത്തേക്കോടി. വൈദ്യൻ എന്തൊക്കെയോ മരുന്നുവച്ചു കെട്ടിക്കൊടുത്തു. നാലു കുത്തിക്കെട്ടിന്റെയെങ്കിലും ആവശ്യം വേണ്ടിയിരുന്നെങ്കിലും അന്ന് അടുത്തെങ്ങും ഒരു ഡോക്ടർ ഇല്ലാതിരുന്നതിനാൽ അത് സാധ്യമായിരുന്നില്ല. രണ്ടോളം മാസങ്ങളെടുത്തു മുറിവു ഉണങ്ങിക്കഴിഞ്ഞപ്പോൾ നീണ്ട വലിയ ഒരു മുറിപ്പാടു കൂടാതെ മൂക്കൊന്ന് പതിഞ്ഞു താഴുകയും ചെയ്തിരുന്നു. പിന്നീട് മലയാലപ്പുഴ (പത്തനംതിട്ട) യിലുള്ള അമ്മച്ചിയുടെ തറവാട്ടിലെത്തുമ്പോഴൊക്കെ കുഞ്ഞുമ്മമാരും മറ്റു ബന്ധുക്കളും സ്നേഹത്തോടെ അവനേ 'മുറിമൂക്കൻ മോനേ', 'പതിമൂക്കൻ മോനേ' എന്നൊക്കെ വിളിക്കുമ്പോൾ അവനു നാണം വരുമായിരുന്നു. ആശാൻ പള്ളിക്കൂടത്തിൽ വച്ച് ആദ്യമൊന്നും ആരും, ആ പ്രായത്തിലെ നിഷ്കളങ്കത കൊണ്ടാകാം, അതിൽ പ്രത്യേകത ഒന്നും കണ്ടില്ലെന്നു തോന്നുന്നു. എന്നാൽ ആദ്യ ബാച്ച് കുട്ടികൾക്ക് , അക്ഷരമാലയെല്ലാം പഠിച്ചുതീർന്നുകഴിഞ്ഞു ഒന്നാം ക്ലാസ് പുസ്തകം പഠിക്കുവാനായി പൂഴിമണ്ണെഴുത്തിൽ നിന്നും സ്ലേറ്റിലേക്കു പ്രൊമോഷൻ കിട്ടിയപ്പോൾ, ആശാൻ അവനു കേട്ടെഴുത്തിൽ പത്തിൽ പത്തു മാർക്കും കൊടുത്തത് ക്‌ളാസ്സിലെ തടിയൻ കുട്ടിയായ തങ്കപ്പൻ മായ്ച്ചുകളഞ്ഞു. അവനു അഞ്ചോ ആറോ മാർക്കേ കിട്ടിയിരുന്നുള്ളു. അതു കണ്ട ഉപൻ അവന്റെ കൈക്കടിച്ചപ്പോൾ അവൻ ഉപനേ 'മുറിമൂക്കൻ' എന്നു വിളിക്കുകയും ആശാൻ അതിനു അവനേ തുടയ്ക്കു പിറകിൽഞെരുടി കുതിരച്ചാട്ടം ചാടിച്ചതിനാൽ കുടിപ്പള്ളിക്കൂടത്തിൽ വച്ചു പിന്നീടാരും ഉപനമോനേ ആ ഇരട്ടപ്പേരിട്ടു വിളിക്കുകയുണ്ടായിട്ടില്ല.
എന്നാൽ പിന്നീട് സ്കൂളിൽ ചേർന്നു കഴിഞ്ഞപ്പോൾ കാര്യം ഗൗരവതരമായി, മൂന്നാമത്തെ ഇരട്ടപ്പേരുമായി - 'മൂക്കു ചപ്പൻ'. ആദ്യമൊക്കെ കളിക്കിടയിലും മറ്റും വഴക്കും പിണക്കവുമുണ്ടായാൽ ഉടൻ "നീ പോടാ മുറിമൂക്കാ" അല്ലെങ്കിൽ "പതിമൂക്കാ" അതുമല്ലെങ്കിൽ "ഒരു മൂക്ക് ചപ്പൻ വന്നേക്കുന്നു " എന്നൊക്കെ വിളിക്കുമ്പോൾ കരച്ചിൽ വരുമായിരുന്നു. പിന്നീടത് തമ്മിലടിയായി മാറി. സ്ഥലത്തെ സ്കൂളിലുണ്ടായിരുന്ന അഞ്ചാം ക്ലാസ്സ് വരെ ഈ സ്ഥിതി തുടർന്നു. മൂന്ന് മൈൽ അകലെയുള്ള മിഡിൽ സ്കൂളിൽ ആറാം ക്ലാസ്സിൽ ചേർന്നതിനു ശേഷമാണു ഇതിനൊരാശ്വാസം ഉണ്ടായതു.
ക്രമേണ മൂക്കിന്റെ പതിയൽ കുറഞ്ഞു കുറഞ്ഞു വരികയും ഇനി മൂക്കൊരു പ്രശ്നമാവില്ലെന്നു ആശ്വാസം കൊണ്ട്, അക്കാര്യം പാടേ മറന്നിരിക്കുമ്പോഴാണ്, SSLC ക്ലാസ്സ് അവസാനിക്കാറായപ്പോൾ, അശനിപാതം പോലെ മൂക്ക് കാര്യം വീണ്ടും തലപൊക്കിയത്. SSLC ബുക്കിൽ പല വ്യക്തിഗത വിവരങ്ങളും എഴുതി ചേർക്കുവാനായി അതതു ക്ലാസ്സ് ടീച്ചർമാർ കുട്ടികളെ ടീച്ചേർസ് റൂമിലേക്ക് വിളിപ്പിച്ചു. ഉപന്റെ സമയമായി. ക്ലാസ്സ് ടീച്ചർ പ്രഭാകരൻ സാർ അവനോടു ഓരോരോ കാര്യങ്ങൾ ചോദിച്ചു ബുക്കിലെഴുതുവാൻ തുടങ്ങി. 'Identification Mark' എന്ന കോളം വന്നപ്പോൾ അവന്റെ മുഖത്ത് നോക്കാതെ തന്നെ ടീച്ചർ എന്തോ എഴുതുവാൻ തുടങ്ങിക്കൊണ്ടു പറഞ്ഞു :
"ഇതിനെനിക്ക് നിന്റെ ദേഹമൊന്നും പരിശോധിക്കേണ്ട ആവശ്യമില്ല; നിന്റെ മുഖത്ത് തന്നെ വെണ്ടയ്ക്കാ അക്ഷരത്തിൽ അതെഴുതി വച്ചിട്ടുണ്ട്."
അന്നൊക്കെ രണ്ടു ഐഡന്റിഫിക്കേഷൻ മാർക്കാണെഴുതി റെക്കോർ ഡാക്കിയിരുന്നതു. ആദ്യത്തേതെഴുതിക്കഴിഞ്ഞിട്ടു റ്റീച്ചർ ചോദിച്ചു :
"ഇനി നിന്റെ മുഖത്തല്ലാതെ ദേഹത്തെവിടെയെങ്കിലും വല്ല ഗുളികനോ (മറുക്) മുറിപ്പാടുകളോ മറ്റോ ഉണ്ടോ?"
അങ്ങനെയെന്തെങ്കിലും ഉള്ളതായി അവന് റിയില്ലായിരുന്നു. 'ഗുളികൻ' എന്താണെന്നു മനസ്സിലായതുമില്ല.
"അറിയില്ല", അവൻ പറഞ്ഞു.
ഉപൻ നിക്കറും അരക്കയ്യൻ ഷർട്ടുമായിരുന്നു ഇട്ടിരുന്നത്. (നിക്കറിടുവാനുള്ള വലിപ്പവും ഉയരവും ഭാരവുമേ അന്നവന് ഉണ്ടായിരുന്നുള്ളു. SSLC ബുക്കിലെ സ്ഥിതി വിവരം : ഉയരം : 4' 4 1/2" (അതായതു 137 cm) തൂക്കം : 58 പൗണ്ട് (27 kilogram). റ്റീച്ചർ കുനിഞ്ഞു രണ്ടു കാലുകളുടെയും മുട്ടിനു താഴെ പരിശോധിച്ചു. ഒന്നും കണ്ടു കിട്ടിയില്ല. വലതു കൈയ്യുടെ ഷിർട്ടിന്റെ കൈ മുകളിലേക്ക് തെറുത്തു കയറ്റി പരിശോധിച്ചു. ഒന്നും കണ്ടില്ല. അതുപോലെ ഇടതു കൈയ്യും പരിശോധിച്ചിട്ടു പെട്ടെന്ന് പറഞ്ഞു
"ങ്ങാ, കിട്ടിപ്പോയി."
റ്റീച്ചർ നോക്കുന്നിടത്തേയ്ക്കു അവനും നോക്കി. അവിടെ, കൈമുട്ടിന് രണ്ടിഞ്ച് മുകളിലായി, തെളിച്ചം കുറഞ്ഞ കറുപ്പോടു കൂടിയ ഒരു മറുകുണ്ടായിരുന്നു. (അതു പോലൊരു മറുക് അവന്റെ വയറ്റിലുമുണ്ടായിരുന്നു). റ്റീച്ചർ അവന്റെ കാലുകൾ പരിശോധിക്കുന്നതിനിടെ അവൻ ഒളിഞ്ഞു, റ്റീച്ചർ എന്താണ് ആദ്യം എഴുതിയിരിക്കുന്നതെന്നറിയുവാനായി, ബുക്കിലേക്ക് നോക്കി; കാണുകയും ചെയ്തു.
"A linear scar on the nose."
പെട്ടെന്ന്, വർഷങ്ങളായി മറന്നുകിടന്ന ആ സംഭവവും ആ പൂവൻ കോഴിയും അവന്റെ മനസ്സിലേക്ക് ഓടിവന്നു. ഇതാ, ഈ നിമിഷം മുതൽ ആ 'കുക്കുടൻ"തനിക്കു മൂക്കിന്മേൽ തന്ന സമ്മാനം തന്റെ സ്ഥിരം 'തിരിച്ചറിയൽ കാർഡാ"യി മാറിയിരിക്കുന്നു. അന്നൊന്നും ഇന്നത്തെപ്പോലെ ID കാർഡോ ആധാർ കാർഡോ ഇല്ലാതിരുന്നതിനാൽ പലകാര്യങ്ങൾക്കും തിരിച്ചറിയാലിനായി SSLC ബുക്കിൽ രേഖപ്പെടുത്തിയിട്ടുള്ള 'Identification Mark' ആയിരുന്നു പ്രയോജനപ്പെട്ടിരുന്നത്. കൈമുട്ടിനു മുകളിലും വയറ്റിലുമുള്ള, അത്ര വ്യക്തമല്ലാതിരുന്ന, ആ മറുകുകൾ കുറച്ചു വർഷങ്ങള്ക്കു ശേഷം മാഞ്ഞു പോയിരുന്നു. ഒരു പക്ഷേ മൂക്കിന്മേൽ ഉണ്ടായ മുറിവിന്റെ പാടില്ലായിരുന്നെങ്കിൽ സ്വാഭാവികമായും വയറ്റിലെ ആ മറുക് രണ്ടാമത്തെ identification mark ആകുമായിരുന്നു. അപ്പോൾ ആ പാവം കോഴി സമ്മാനമായിത്തന്ന ആ 'identity' ക്കു, രണ്ടു മറുകുകളും മാഞ്ഞു പോയ അവസ്ഥയിൽ, എത്ര പ്രാധാന്യം വന്നുവെന്നു നോക്കൂ. അതേ സമയം മൂക്കിലെ അടയാളത്തിന്റെ അഭാവത്തിൽ, രണ്ടു മറുകുകളും മാഞ്ഞുപോയ നിലയ്ക്ക് താനൊരു identity ഇല്ലാത്ത വ്യക്തി ആയി മാറിയേനേ എന്നോർക്കുമ്പോൾ........
'കുക്കുട' നു നമോവാകം!!!
മേമ്പൊടി
***
'കുക്കുടൻ' തന്നോരു സമ്മാനം ഞാനെന്റെ
മൂക്കിന്റ തുമ്പത്തായൊട്ടിച്ചു വച്ചിട്ട-
തെക്കാലത്തേക്കുമെ 'ന്നൈഡെന്റിറ്റി' ക്കുള്ള
മാർക്കായി മാറ്റിയെടുത്തറിയാതെ ഞാൻ.
എപ്പോഴും കൂട്ടുകാർ കളിയാക്കി ഞാനൊരു
ചപ്പിയ മൂക്കനാ, മുറിമൂക്കൻ എന്നൊക്കെ
അപ്പോഴെൻ മനതാരിലൂറിയ വേദന
ഇപ്പോഴെനിക്കില്ല, കാരണം കേൾക്കണോ ?
വേഗത്തിലോടുന്ന കാലം മുറിവുള്ള
ഭാഗമുണക്കിടും,നിശ്ച്ചയമെന്നപോൽ,
ഭാഗ്യമെനിക്കനുകൂലമാണെൻ വാമ -
ഭാഗത്തിൻ മൂക്കിന്നു നീ ളമുണ്ടേറെയായ്.
*******
4
. *****
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ