2020 ജൂലൈ 18, ശനിയാഴ്‌ച

Autobiography - Revision No. 1



Draft
---=---
ദണ്ഡകാരണ്യം മുതൽ ഇന്ദ്രപ്രസ്ഥം വരെ
(കാളിഘട്ടവും അനന്തപുരിയും       ഇടത്താവളങ്ങൾ)

ഉപഗുപ്തൻ കെ. അയിലറ 


**********
സുദീർഘമായ ഒരു  യാത്രയുടെ  തുടക്കം         


ട്രെയിൻ പുനലൂർ സ്റ്റേഷനിൽ നിന്നും മദ്രാസ് എഗ്മോറിലേയ്ക്ക്  പുറപ്പെടേണ്ട സമയത്തിനും ഏതാണ്ട് ഒരു മണിക്കൂർ മുൻപു തന്നെ ഞാനും അച്ഛനും സ്റ്റേഷനിൽ എത്തിച്ചേർന്നു. റിസർവേഷൻ ഇല്ലാതിരുന്നതിനാൽ, ജനറൽ കംപാർട്മെന്റ് ഏതു ഭാഗത്തായിരിക്കുമെന്നു  തിരക്കി ഉറപ്പു വരുത്തിയിട്ട്  ഒരു ഒഴിഞ്ഞ സിമെന്റ് ബഞ്ചിനോട് ചേർത്ത്  ഇരുമ്പു പെട്ടിയും ബെഡ്‌ഹോൾഡറും ചണസഞ്ചിയും   വച്ചിട്ടു ഞങ്ങൾ ബഞ്ചിൽ ഇരിപ്പുറപ്പിച്ചു . അനിശ്ചിത കാലത്തേയ്ക്കുള്ള ഒരു വേർ പിരിയലായതിനാലാകാം ,  രണ്ടുപേരും അവരവരുടേതായ മനോവിചാരങ്ങളിൽ മുഴുകി, മൗനരായിരുന്നു. ഇടയ്ക്കിടെ ഞാൻ അച്ഛൻ്റെ മുഖത്തേയ്ക്കു ഒളികണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു. ആ മുഖത്ത് പ്രതിഫലിച്ചിരുന്ന വിവിധ വികാരങ്ങൾ -  വേർപാടിൻ്റെ , കുടുംബം രക്ഷപ്പെടുവാൻ ഉതകുന്ന ഒരു ജോലി എനിക്കു തരപ്പെടുമോ എന്ന ആകാംക്ഷയുടെ, അതിലുപരി, എനിക്കു ഈ യാത്രയ്ക്കുള്ള വണ്ടിക്കൂലിയായ വെറും മുപ്പതു രൂപാ സ്വയം തരപ്പെടുത്തിത്തരുവാൻ സാധിക്കാതെ പോയതിൻ്റെ  ദൈന്യത കലർന്ന നിസ്സഹായത - എല്ലാം എനിക്കു മനസ്സിലാക്കുവാൻ കഴിയുമായിരുന്നതേയുള്ളു.
 
അന്ന് മൂത്ത   സഹോദരി വിലാസിനിച്ചേച്ചിയുടെ  ഭർത്താവ്       ഗോപാലൻ അളിയൻ മദ്ധ്യപ്രദേശിൽ ബസ്തർ ജില്ലയിലെ ബോർഗാവ് എന്ന  സ്ഥലത്തു കേന്ദ്ര ഗവണ്മെന്റിൻ്റെ കീഴിലുള്ള ദണ്ഡകാരണ്യ പ്രോജക്ടിൽ ജോലി ചെയ്യുകയായിരുന്നു. അവിടെ എത്തിയാൽ എനിക്കു എന്തെങ്കിലും ഒരു ജോലി തരപ്പെട്ടു കിട്ടുവാൻ സാധിച്ചേയ്ക്കുമെന്നു അളിയൻ ചേചച്ചിയ്ക്കെഴുതിയിട്ട് ഒന്നര  മാസത്തോളമായെങ്കിലും വണ്ടിക്കൂലിക്കും വഴിച്ചെലവിനുമുള്ള തുക കണ്ടെത്തുവാൻ അച്ഛന് കഴിയാതെ വന്നപ്പോൾ ചേച്ചി തന്നെ ആ തുക, എനിക്കു ജോലി കിട്ടിയാലുടൻ ഞാൻ തന്നെ തിരിച്ചു കൊടുക്കുമെന്ന വ്യവസ്ഥയിൽ, ഒരു അകന്ന ബന്ധുവിന്റ കയ്യിൽ നിന്നും തരപ്പെടുത്തുകയാണുണ്ടായത്.


അളിയൻ  വഴി വിശദമായി അറിയിച്ചിരുന്നു. മദ്രാസ് എഗ്‌മോറിൽ  എത്തിയിട്ടു മദ്രാസ് സെൻട്രൽ സ്റ്റേഷനിൽ എത്തിയിട്ട് അവിടെ നിന്നും ഡെൽഹിയ്ക്കുള്ള ട്രെയിനിൽ കയറി നാഗപ്പൂരിൽ ഇറങ്ങിയാൽ മതി, അളിയൻ അവിടെ കാത്തു നിൽക്കും.


എൻ്റെ  ചിന്തകൾക്ക്  താൽക്കാലിക വിരാമമിട്ടുകൊണ്ട് അച്ഛൻ്റെ  ശബ്ദം :
"ആദ്യത്തെ ദൂരയാത്രയാണ്; സർട്ടിഫിക്കറ്റും മറ്റും സൂക്ഷിച്ചുകൊള്ളണം;  അപരിചിതരുമായി അധികം അടുക്കരുത്. അങ്ങെത്തിയാലുടൻ എഴുതണം".
"ങ്ങും", ഞാൻ  മൂളിക്കേട്ടു. കുറേ നേരത്തെ  നിശ്ശബ്ദത. പിന്നെ വീണ്ടും ഉപദേശ രൂപേണ അച്ഛൻ്റെ  ശബ്ദം :
"കിട്ടുന്ന ജോലി ഏതായാലും ആത്‌മാർത്ഥതയോടും സത്യസന്ധതയോടും ചെയ്യണം. ആരുടേയും മുന്നിൽ തല കുനിക്കുവാനിട വരരുത്. ഏതു സാഹചര്യമുണ്ടായാലും കൈക്കൂലി   വാങ്ങരുത്.


ട്രെയിൻ സ്റ്റേഷനിൽ വന്നു നിന്നു.   ഇറങ്ങുവാൻ ധാരാളം പേരുണ്ടായിരുന്നു. കയറുവാൻ അധികം പേർ ഉണ്ടായിരുന്നില്ല.   അച്ഛൻ പെട്ടിയും ചണസഞ്ചിയും ഞാൻ ബെഡ്ഡുമെടുത്തു വാതിലിനടുത്തെത്തി. തുറന്ന ജനലിനടുത്തിരുന്ന ആളുകൾ ഇറങ്ങാനായി എഴുന്നേറ്റപ്പോൾ അതു കണ്ട അച്ഛൻ ജനലിൽക്കൂടി  സഞ്ചിയും പെട്ടിയും ഒഴിഞ്ഞ സീറ്റിലേയ്ക്ക് വച്ച്‌ അതു 'റിസേർവ്' ചെയ്തു . അകത്തു ചെന്നപ്പോൾ
                                                                           

ഭാഗ്യത്തിന് ആ സീറ്റിന്റെ മുകളിലത്തെ ബെർത്ത്  ഒഴിഞ്ഞു കിടക്കുന്നതു കണ്ട്‌ ഞാൻ ബെഡ്ഡ് നിവർത്തിയിട്ട് അതും 'റിസേർവ്' ചെയ്തു. എതിരെയുള്ള സീറ്റിൽ മുപ്പത്തഞ്ച് വയസ്സോളം പ്രായം തോന്നിക്കുന്ന ഒരാളും അടുത്തു ഒരു സ്ത്രീയും അവരുടെ ഇടയ്ക്കു നാലഞ്ചു വയസ്സുള്ള ഒരാൺകുട്ടിയും ഇരുന്നിരുന്നു.  ഒരു ചെറിയ കുടുംബം. അച്ഛൻ അയാളോട് സംസാരിച്ചതിൽ നിന്നും അവർ ഡൽഹിക്കു പോകുകയാണെന്നു മനസ്സിലായി. എന്നേ ചൂണ്ടിക്കാണിച്ചുകൊണ്ട് അച്ഛൻ അദ്ദേഹത്തോട് സഹായമഭ്യർഥിച്ചു:


‘“അത്  എൻ്റെ മകൻ ഉപഗുപ്തൻ.  അവൻ്റെ അളിയൻ്റെ അടുത്തേയ്ക്കു പോകുവാണ്.    നാഗപ്പൂരിലിറങ്ങും. ആദ്യമായി ദൂരയാത്ര ചെയ്യുവാ.   അവൻ്റെ മേൽ ഒരു കണ്ണ് വേണം. എഗ്‌മോറിൽ നിന്നും മദ്രാസ് സെൻട്രലിലേയ്ക്ക് പോകുവാൻ ഒന്ന് സഹായിക്കുകേം വേണം.”   അയാൾ അങ്ങിനെയാവാം എന്നു സമ്മതിച്ചു .


ട്രെയിൻ സാവധാനം നീങ്ങിത്തുടങ്ങി. നിമിഷങ്ങൾ ഘനീഭവിച്ചതുപോലെ. ഞാൻ അച്ഛനെ നോക്കി പതുക്കെ തലയാട്ടി,  മൗനമായി, അച്ഛനോട് യാത്രാനുമതി തേടി. അച്ഛനും അതേപോലെ യാത്രാനുമതിയും തന്നു. ട്രെയിൻ അകന്നു മാറുന്നതിനോടൊപ്പം അച്ഛൻ്റെ  മുഖത്ത് പെട്ടെന്ന് മിന്നി മറയുന്ന ഭാവഭേദങ്ങൾ എൻ്റെ മനസ്സിലേയ്ക്ക് ആഴത്തിൽ പതിച്ചു. വേർപിരിയലിന്റെയും ആകാംക്ഷയുടേയും ഘനീഭവിച്ച ആ നിമിഷങ്ങൾ കുറേസമയത്തേയ്ക്കു എന്നേ കീഴ്പ്പെടുത്തിയിരുന്നു.  എതീരേയിരുന്ന ആൾ എന്തോ ചോദിച്ചപ്പോഴാണ് എനിക്കു സ്ഥലകാലബോധം ഉണ്ടായത്. അയാളുടെ ചോദ്യങ്ങൾക്കു ഒന്നും രണ്ടും വാക്കുകളിൽ മറുപടി കൊടുത്തിട്ടു വീണ്ടും ഞാൻ മൗനിയായി ഇരുന്നു. വെളിയിൽ, ജനലിൽ കൂടി മിന്നിമറഞ്ഞു പോകുന്ന കാഴ്ചകൾ, പച്ചപ്പു നിറഞ്ഞ വനഭംഗി, മലകൾക്കിടയിൽക്കൂടി താഴോട്ടു പതഞ്ഞു പതിക്കുന്ന ചെറിയ കാട്ടരുവികൾ, കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത പലയിനം കാട്ടുപക്ഷികളുടെ  കളകൂജഞങ്ങൾ, എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടെങ്കിലും അവ ആസ്വദിക്കുവാനുള്ള മനസ്ഥിതി അപ്പോൾ എനിയ്ക്കുണ്ടായിരുന്നില്ല.


ചിന്തകൾ വീണ്ടും അച്ഛനേ ചുറ്റിപ്പറ്റിയായി; എട്ടു മക്കളേയും സ്ഥിരം  രോഗിയായ അമ്മയേയും തീറ്റിപ്പോറ്റുവാനും മക്കൾക്ക് വേണ്ട വിദ്യാഭ്യാസം നൽകുവാനും പെടാപ്പാടു പെടുന്ന, പ്രായമേറി വരുന്ന, അച്ഛൻ്റെ  അവസ്ഥയെപ്പറ്റി, മൂത്ത രണ്ടു പെൺമക്കളെയും, ആ പ്രാരാബ്ധങ്ങൾക്കിടയിലും, വിവാഹം കഴിച്ചയച്ചതിൻ്റെ  അവശതയിൽ നിന്നും ഇനിയും പൂർണമായി മുക്തനായിട്ടില്ലാത്ത അച്ഛനെപ്പറ്റി, അതിനെല്ലാമുപരി, തീരാ രോഗിയായ അമ്മയെ ചുറ്റിപ്പറ്റി ഉണ്ടാകുന്ന വേദനയും വേവലാതിയും മൂലമുളവായ അച്ഛൻ്റെ  നിസ്സംഗതയെപ്പയറ്റി.


അച്ഛനെപ്പറ്റിയുള്ള തൻ്റെ  ഓർമ്മകൾ എവിടെ തുടങ്ങുന്നു? ഓർത്തു നോക്കുവാൻ തോന്നി   - അല്ല, തനിക്കു തെറ്റ് പറ്റി - അത്തരം ഓർമ്മകൾ അച്ഛനിൽ മാത്രം ഒതുങ്ങുന്നതല്ല എന്നുള്ളതല്ലേ  വാസ്തവം? അവ തന്നേപ്പറ്റിയും, തനിക്കു ചുറ്റുമുള്ളവരേപ്പറ്റിയും, അതിനുപരി ചുറ്റുമുള്ള വസ്തുതകളെപ്പറ്റിയും കൂടി ഉള്ളവയാണല്ലോ ?  താനിതുവരെ കടന്നുവന്ന വഴികൾ ഏതൊക്കെ ? എന്തോക്കെയായിരുന്നൂ തൻ്റെ ഇതുവരെയുള്ള അനുഭവങ്ങൾ - പ്രത്യേകിച്ച് ഓർത്തിരിക്കത്തക്കവ - നല്ലവയും അല്ലാത്തവയും?


ഓർമ്മകൾ പിറകോട്ടു പിറകോട്ടു പോയി. അതേ , വ്യക്തതയുള്ള ഓർമ്മ അവിടെ തുടങ്ങുന്നു; അച്ഛൻ്റെ  തോളിലേറി, ഒരു കുന്നും അതു കഴിഞ്ഞു ഒരിറക്കവുമിറങ്ങി, താനൊരു ശ്രദ്ധാകേന്ദ്രമായി മാറിയ, ആ  കല്യാണം കൂടുവാൻ പോയ സംഭവം തന്ന.
                                            
             ബാല  കാണ്ഡ


ഓർമ്മതൻ ചെപ്പിലെ ഓമന മുത്തുകൾ
ഓരോന്നായെണ്ണിപ്പുറത്തെടുക്കട്ടെഞാൻ                  ...                                 മറവിതൻ ചാമ്പലിൽ മൂടിക്കിടന്നേലും
നറു നിറമാർന്നോരു  കനലുകളാണവ.


***                           *** ***
   
അച്ഛൻ്റെ  തോളേറി, ക്കുന്നേറി, ശ്ശാരദ-
ച്ചേച്ചീടെ കല്യാണപ്പന്തലീലെത്തീട്ടു   
അച്ഛനുയർത്തിയാ മേശമേൽ വച്ചപ്പോൾ
ഒച്ച ശരിയാക്കി, ക്കൊഞ്ചുന്ന ശബ്ദത്തിൽ


ചേച്ചിക്കും ചേട്ടനുമാശംസാ വാക്കുകൾ
അച്ഛൻ പഠിപ്പിച്ചു തന്ന, തതുപോലെ   
ഉച്ചത്തിലങ്ങോട്ടു, ധൈര്യത്തിലങ്ങോട്ട്
മെച്ചമായ് ചൊല്ലിയതൊന്നാമത്തേ മുത്ത്


                      ****                                                                                        
1.      ഒരു  കുഞ്ഞു  വിവാഹ മംഗളാശംസ  പ്രസംഗം
                 
"അച്ചാച്ചാ ......."

കാരമ്മേലിൽ കേശവൻ ഉപൻമോൻ്റെ  ആ വിളി കേട്ടില്ലെന്നു തോന്നുന്നു.
അച്ഛൻ്റെ    ഇടതുതോളിൽ, മുന്നിലും പിന്നിലുമായി കാലുകൾ തൂക്കിയിട്ടു, അകാലത്തിൽ കഷണ്ടികയറിയ അച്ഛൻ്റെ തലയിൽ രണ്ടു കുഞ്ഞു കൈപ്പത്തികളും അമർത്തിവച്ചു,  തൻ്റെ പിൻഭാഗത്തു അച്ഛൻ്റെ ഇടതുകൈപ്പത്തിയാലുള്ള താങ്ങിൻ്റെ ഭദ്രതയിൽ ഇടതുവഴിയിലൂടെ നടന്നു കുന്നുകയറുന്ന, അച്ഛൻ്റെ ഓരോ ചുവടുവെപ്പിലും താളത്മകമായി പൊങ്ങിയും താണുമിരുന്നുകൊണ്ടുള്ള യാത്ര ആസ്വദിച്ച് , മൂന്നുവയസ്സുകാരൻ ഉപൻമോൻ അച്ഛനെ വീണ്ടും നീട്ടി വിളിച്ചു :
"അച്ചാച്ചാാാാ..... "
"എന്താ മോനേ?"  കേശവൻ ചോദിച്ചു.
"നമ്മള് പുലുക്കുഴീലെ ശാരദ ചേച്ചീടെ കല്യാണത്തിന് പോവല്ല്യോ? കല്യാണോന്നു വച്ചാ എന്തുവാച്ചാ ?"
"അത് ആ ചേച്ചിയെ ഇന്നൊരു ചേട്ടൻ കെട്ടും"
"കയറുകൊണ്ടാന്നോ കെട്ടുന്നേ ?"
"അല്ല മോനേ,  താലിമാലകൊണ്ടാ "
"അപ്പം താലിമാലകൊണ്ടു ചേച്ചിയെ ആ ചേട്ടൻ തൂണില് കെട്ടീടുവോ ? നമ്മടെ കറമ്പമ്പട്ടിയെ കേട്ടീടുന്നപോലെ ?"
കേശവൻ ആസ്വദിച്ചു ചിരിച്ചു - ഒപ്പം പിറകേ.ഇളയ  കുഞ്ഞ് ബാബുവിനെയുമെടുത്തു ആയാസ്സപ്പെട്ടു നടക്കുന്ന ഭവാനിയും.
"അച്ചനുമമ്മച്ചീമെന്തിനാ ചിരിക്കൂന്നേ?"
"അതുപിന്നെ മോൻ്റെ  പറച്ചിലു കെട്ടാ എങ്ങനാ  ചിരിക്കാതിരിക്കുന്നേ ? താലിമാലകൊണ്ടു തൂണില് കേട്ടീടുവല്ല ചെയ്യുന്നെ.  ചേട്ടൻ താലിമാല ചേച്ചീടെ കഴുത്തിലിടും. പിന്നെ അവരൂ അങ്ങോട്ടുമിങ്ങോട്ടും പൂമാലേം  കഴുത്തിലിടും.. അതിനാ കല്യാണം കഴിക്കുന്നെന്നു പറേന്നെ. അമ്മച്ചീടെ കഴുത്തേക്കെടക്കുന്ന  
താലിമാല മോൻ കണ്ടിട്ടില്ല്യോ ? അത് അമ്മച്ചിയെ അച്ചൻ കല്യാണം കഴിച്ചപ്പോ ഇട്ടതാ"  കേശവൻ വിശദീകരിച്ചു.
"അന്നേരം  അവര് അച്ചനുമമ്മച്ചീമല്യോ  ആകുന്നേ?"
കേശവനും ഭവാനിയ്ക്കും വീണ്ടും ചിരിവന്നു.
"അന്നേരമവര്  പുത്തൻപെണ്ണും പുത്തൻ ചെറുക്കനുമേ ആവത്തുള്ളു.  കെട്ടിയോളും കെട്ടിയൊനുമെന്നും പിന്നെ നവ വധുവെന്നും വരനുമെന്നും പറേം.  അച്ചൻ മോനേ പഠിപ്പിച്ച മംഗളാശംസയിലില്ലേ 'നവ വധൂവരന്മാരേ' എന്ന്. അവര് അച്ഛനുമമ്മയുമാകുന്നത് അവർക്കും മോനേം ചേച്ചിമാരെയും പോലുള്ള  കുഞ്ഞുങ്ങളുണ്ടാവുമ്പോളാ ".
കേശവൻ ഒന്ന് നിറുത്തിയിട്ട് തുടർന്നു :
ആട്ടെ,  അച്ഛൻ മോനേ പഠിപ്പിച്ച മംഗളാശംസ  മറന്നില്ലല്ലോ ? ആ ചേച്ചീടേം ചേട്ടന്റേം  കല്യാണത്തിന് പറയാൻ പഠിപ്പിച്ചത്. മാലയിടീലും മറ്റും കഴീമ്പം അച്ചൻ മോനേ മേശപ്പുറത്തു കയറ്റിനിറുത്തും.  അപ്പോ മോൻ അത് ആ ചേച്ചിയേം ചേട്ടനേം നോക്കി തെറ്റാതെ, അച്ചൻ പഠിപ്പിച്ചതുപോലെതന്നെ, ഉറക്കെ പറയണം. പറഞ്ഞുതീരുമ്പോ അവിടുള്ളോരു മോനോട്  സ്നേഹം തോന്നീട്ടു മിടുക്കനെന്നു പറകേം കയ്യടക്കേം നാരങ്ങായുമൊക്കെ തരികേം ചെയ്യും. അപ്പോ അച്ഛനുമമ്മച്ചിക്കും ഒത്തിരി സന്തോഷമാകും. മോനതു  തെറ്റാതെ ഒന്നുകൂടി പറഞ്ഞേ , അച്ഛനുമമ്മച്ചിം കേക്കട്ടെ."
"അമ്മച്ചി  അങ്ങനിപ്പം കേക്കണ്ട . കുഞ്ഞുവാവേം അച്ചനും മാത്രം കേട്ടാ മതി."
"നീയൊന്നു പതുക്കെ വാടീ  ഭവാനീ ; മോൻ പറയുന്നത് നീ കേക്കണ്ടാ"  കേശവൻ ഭവാനിയോടായി പറഞ്ഞു. ഭവാനിയുടെ നടപ്പു പതുക്കെയായി. കേശവൻ തുടർന്നു :
"ഇനി മോൻ പറഞ്ഞാട്ടെ.  അമ്മച്ചിക്ക് കേക്കാൻ പറ്റൂകേല.  മോൻ കൊറേപ്പേരുടെ നടുവിൽ ഒരു മേശപ്പുറത്തു നിന്നുകൊണ്ട് പറേന്ന പോലെ മനസ്സില് കണ്ടേ ; ഇന്നാളൊരു ദിവസം കവലേല്  നിന്നോണ്ട് ഒരു മാമൻ പ്രസംഗിക്കുന്നത് മോൻ കണ്ടാരുന്നല്ലോ. മോനും അതുപോലെ പ്രസങ്ങിക്കുവാന്നു കരുതി
"ഉം"യാമതി. അപ്പോ അറപ്പുണ്ടകുവേല. എന്താ,  മനസ്സില് അതുപോലെ കരുതിയോ മോൻ?"
"എന്നാ മോൻ പറഞ്ഞേ : (ശബ്ദമുയർത്തി)   "അല്ലയോ..... " "മോൻ ഉറക്കെ പറഞ്ഞേ "
അവൻ ഉറച്ചതെങ്കിലും അവ്യക്തത കലർന്ന അക്ഷരങ്ങളോടെ പറഞ്ഞു തുടങ്ങി :
"അല്ലയോ നവ വതൂവരമ്മാരേ; ഇന്നത്തെ  ഈ സുപമുകൂർത്തത്തിനു സേസം ഇനിയൊള്ള കാലം  ഒത്തൊരുമിച്ചു തോളോടുതോൾ ചേർന്ന് സുകവും സന്തോസവുമുള്ള ഒരു നീണ്ട ജീവിതം കെട്ടിപ്പടുക്കാൻ നിങ്ങൾ പ്രതിഞ്ഞാ   ബന്തരാണ്. മുന്നോട്ടുള്ള ജീവിതത്തിലെ ആയവും പരപ്പും കണ്ടു പ്രമിക്കാതിരിക്കുക. ഏതു പ്രതിസന്തീലും അന്നിയോന്നിയം താങ്ങും തണലുമായി നിന്നുകൊണ്ട് അത് തരണം ചെയ്യാനുള്ള മനക്കരുത്തും നിച്ചയദാർഡിയവും  നിങ്ങക്കൊണ്ടാകട്ടെ. നിങ്ങളുടെ ജീവിതവല്ലരി പുസ്പിച്ചു സന്താനസൗപാക്യമുണ്ടാകട്ടെ. നല്ലകാര്യങ്ങൾ മാത്രം ചെയ്യുക, ആപത്തിൽ മനോതൈര്യം കൈവിടാതിരിക്കുക. സന്തോസവും സൗപാക്യവും ആയുരാരോക്യവുമുള്ള ഒരു ജീവിതം നയിക്കുവാനായി ഈ ഉപൻമോൻ എല്ലാവിത മംഗളാസംസകളും നേർന്നുകൊള്ളുന്നു. നിങ്ങക്ക് ഈസ്വരന്റെ  അനുക്കര കമൊണ്ടാകട്ടെ!"
ഉപൻമോൻ പറഞ്ഞു നിർത്തിയിട്ടു ഒരു ദീർഘനിശ്വാസവും വിട്ടു.
"മിടുക്കൻ.   ഇതുപോലെ, ഒന്നും മറക്കാതെ,  അവിടെയും മോൻ പറയണം." കേശവൻ മകനെ  പ്രോത്സാഹിപ്പിച്ചു.
"ഉം" ഉപൻമോൻ സമ്മതം മൂളി.
അപ്പോഴേയ്ക്കും അവർ കുന്നിൻ മുകളിലെത്തിയിരുന്നു. പിന്നെ കുറച്ചു ദൂരത്തെ നിരപ്പായ വഴിയും ഇറക്കവും താണ്ടി അവർ പുലിക്കുഴി കേശവൻ്റെ  വീട്ടിലെത്തി.
  
വിവാഹകർമങ്ങൾ കഴിഞ്ഞയുടൻ ഉപൻമോൻ്റെ   മംഗളാശംസ ചൊല്ലലും ഭംഗിയായിത്തന്നെ നടന്നു. പ്രതീക്ഷിച്ചപോലെ ആളുകളുടെ അഭിനനന്ദനങ്ങളും സ്നേഹപ്രകടനങ്ങളും അവനു വേണ്ടുവോളം  കിട്ടുകയുമുണ്ടായി. സദ്യയൂണും കഴിഞ്ഞു അവർ തിരികെ യാത്രയായി. ഉപൻമോൻ്റെ ഇരിപ്പു ഇപ്പോൾ അച്ഛന്റെ വലതു തൊളിലായി. വഴി വിജനമാണ്, അന്തരീക്ഷം നിശ്ചലവും.   ആയാസപ്പെട്ട് തിരികെ കുന്നുകയറുന്ന അച്ഛൻ്റെ നെഞ്ചിൽ മുട്ടിക്കിടക്കുന്ന അവൻ്റെ വലതുകാൽ അച്ഛൻ്റെ ഹൃദയമിടിപ്പ് ഏറ്റുവാങ്ങി സ്വന്തം ഹൃദയമിടിപ്പുമായി സമ്മിശ്രപ്പെട്ടു,  താളാൽമകമായ ഒരു മുഴക്കമായി അവൻ്റെ സ്വന്തം ചെവിയിൽ പ്രതിധ്വനിച്ചു. പക്ഷേ അവനു തോന്നിയത് അത് ദൂരെയെവിടെയോ നിന്ന് അതിവേഗം തങ്ങളെ ലക്‌ഷ്യം വച്ച് വരുന്ന ഏതോ അജ്ഞാതശക്തിയുടെ കാലടി ശബ്ദമായിട്ടാണ്. അങ്ങിനെ ചിന്തിച്ചതും അവനു നേരിയെ ഭയം തോന്നി.
മോനെന്തേ മൗനിയായതെന്നു കേശവൻ ചിന്തിച്ചതേയുള്ളു. അപ്പോൾ,  ഉണ്ടായ ഭയചിന്തയിൽ നിന്നും മോചിതനാകാനെന്നവിധം, അവൻ അച്ഛനെ വിളിച്ചു  :
"അച്ചാച്ചാ... "
"എന്താ മോനേ?"
"കല്യാണം കഴിഞ്ഞുപോകാന്നേരം ആ ചേച്ചിയെന്തിനാ കരഞ്ഞേ ? ചേച്ചീടമ്മേം കരഞ്ഞാരുന്നു. ആ ചേട്ടൻ അവരെ വയക്കു പറേവോ  അടിക്കുവോ ചെയ്തോ ?"
"അല്ല മോനേ, ചേട്ടനടിച്ചിട്ടല്ല അവരു കരഞ്ഞേ. ഇനിമുതൽ ആ ചേച്ചി ചേട്ടൻ്റെ  വീട്ടിലാ താമസിക്കേണ്ടേ. അപ്പോ ചേച്ചി ചേട്ടൻ്റെ കൂടങ്ങു പോകുമ്പം ചേച്ചിക്കും ചേച്ചീടമ്മയ്ക്കുമൊക്കെ സങ്കടം വരത്തില്ല്യോ ? അതുകൊണ്ടാ ചെച്ചിം അമ്മേം കരഞ്ഞേ."
"അപ്പം വിലാസിനിച്ചേച്ചിയേം വാഗമ്മചേച്ചിയേം കല്യാണം കയിച്ചോണ്ടു പൊമ്പോ അവരും അമ്മച്ചീം കരേവോ?"
"പിന്നേ, അവർക്കും സങ്കടം വാരത്തില്യോ ?"
"അങ്ങനാന്നേ അവരെ ആരും കല്യാണം കയിക്കണ്ടാ.  മോനും സങ്കടം വരും."
"അന്നത്തേക്കു മോനങ്ങ്‌ വളന്നു വലുതാകത്തില്ലിയോ.  വലുതായാൽ ആണുങ്ങൾ കരയത്തില്ല. പെണ്ണുങ്ങളേ കരയത്തൊള്ളൂ "
കേശവൻ അവനേ ധൈര്യപ്പെടുത്തി.
“അതു ശരിയാ”, ഉപൻ മോന് ആശ്വാസമനായി.
അധികം താമസിക്കാതെ  അവർ വീട്ടിലെത്തി.


                           *****.
 മേമ്പൊടി 
-----------------
                                         
താതൻ താൻ തന്നുടെയാരാധനാ  മൂർത്തി-                                                   . യതുപോലെതന്നെ താനനുകരിക്കേണ്ടയാൾ
ഇതു ലോകനീതിപോൽ  ബാലമനസ്സിലേ-
ക്കതിവേഗമാഴ്ന്നിടും, പിച്ചവയ്ക്കുമ്പോഴേ.


ധീരനാമച്ഛൻ്റെ   കാലടിപ്പാടുകൾ
ധൈര്യം പകർന്നു തരും. പാതയാകുകിൽ      
വീര്യം പകർന്നുകൊണ്ടപ്പാത പൂകുന്ന   
കാര്യം നിസ്സാരമാണേതോരു ബാലനും.


കാപട്യമെന്തെന്നറിയാത്ത നാളുകൾ   
പാപകാര്യങ്ങളോ ചെയ്യാത്ത നാളുകൾ
മനതാരിലാശങ്കയില്ലാത്ത നാളുകൾ
വിനയായ് ഭയം   ലേശമേലാത്ത നാളുകൾ


അന്നാളിലച്ഛൻ പഠിപ്പിച്ച പാഠങ്ങ-             
ളൊന്നായതുപോലെ, തെറ്റാതുരുവിടാൻ   
എന്നിലേബ്ബാലന്നസാദ്ധ്യമല്ലെങ്കിലീ           
മന്നിലെബ്ബാല്യങ്ങൾക്കൊക്കെയും സാദ്ധ്യമാം.                                                                                              
     2   .ഐലറ എന്ന മനോഹര ഗ്രാമം

കേശവൻ്റെ  ജന്മസ്ഥലം കോഴഞ്ചേരിയിലുള്ള കാരംവേലി ആണ്.  പഴയ ഏഴാം ക്‌ളാസ് കഴിഞ്ഞപ്പോൾ പഠിപ്പ് മതിയാക്കി അച്ഛനെ ക്രിഷി കാര്യങ്ങളിൽ സഹായിക്കുവാൻ കൂടിയതു കാരണം ഒന്നാംതരം ഒരു കൃഷിക്കാരനായി മാറി. ഭവാനിയുടെ ജന്മസ്ഥലം പത്തനംതിട്ടയ്ക്കടുത്തുള്ള മലയാലപ്പുഴയും.   മൂത്ത മക്കൾ വിലാസിനിയുടെയും വാഗമ്മയുടെയും ജനനവും കഴിഞ്ഞ് ഉപനെ ഭവാനി ഗർഭം ധരിച്ചിരിക്കുമ്പോഴാണ്  കേശവൻ തൻ്റെ ഓഹരി വിറ്റിട്ട് അയിലറ ഗ്രാമത്തിൽ വന്നു മൂന്ന് ഏക്കറോളം വരുന്ന പഴയ പറങ്കിമാവിൻ തോപ്പ് വാങ്ങിയത്. ആ വസ്തുവിൽ വീടില്ലാതിരുന്നതിനാൽ അതിനടുത്തു തന്നെയുള്ള, കൊല്ലത്തുകാരൻ ജന്മിയുടെ, ഒരു പുല്ലു മേഞ്ഞ വീടോട്  കൂടിയുള്ള, കുറേ സ്ഥലം   പാട്ടത്തിനെടുത്തു അവിടെ താമസമാക്കി, കൃഷിയുമിറക്കി. താമസിയാതെ  അവിടെവച്ചു ഉപൻമോൻ ജനിച്ചു. രണ്ടു വർഷത്തിനകം പാട്ട വസ്തു ഒഴിഞ്ഞു കൊടുക്കുകയും, താമസിക്കുവാനായി വയലിനും തോടിനും അക്കരെയുള്ള പഴയ റബ്ബർ തോട്ടത്തിലെ  ഓടിട്ട പാട്ടത്തിനെടുക്കുകയും ചെയ്തു. അടുത്ത അദ്ധ്യയന വർഷം മൂത്ത മകൾ വിലാസിനിയെ ഏരൂരുള്ള പ്രാഥമിക വിദ്യാലയത്തിൽ ചേർത്തു. അതിനിടെ സ്വന്തമായി വാങ്ങിയ പറങ്കിമാവിൻ പുരയിടത്തിൻ്റെ  റോഡരികിലുള്ള പകുതിയോളം ഭാഗം വെട്ടിത്തെളിച്ചു കയ്യാലകൾ കെട്ടി, തട്ട് തിരിച്ചു , ഒരു വീട് വൈക്കുവാനുള്ള സ്ഥലം തെളിച്ച വസ്തുവിൻ്റെ മദ്ധ്യ ഭാഗത്തായി വിട്ടിട്ടു, ബാക്കിയുള്ള സ്ഥലത്തു തെങ്ങും തൈകൾ  വച്ചു പിടിപ്പിക്കുകയും, മരച്ചീനി, വാഴ , പച്ചക്കറികൾ തുടങ്ങിയ കൃഷികൾ ഇറക്കുകയും ചെയ്തു. ഏറിയ പങ്കും ജോലി കേശവൻ തൻ്റെ കഠിനാധ്വാനത്തിലൂടെ ചെയ്യുകയാണ് പതിവ്. അതു കാരണം അധികം അധ്വാന ശീലമില്ലാത്ത സ്ഥലവാസികൾക്ക് കേശവനിൽ വലിയ മതിപ്പുളവായി. നാട്ടുകാരിൽ ചിലർ കേശവനെ "കരമ്മേലിൽ" കേശവനെന്നും മറ്റു ചിലർ "മലയാലപ്പുഴ" കേശവൻ എന്നും, ഇനിയും ചിലർ "വെളുത്ത" കേശവൻ എന്നുമാണ്, അന്ന്യോന്യമുള്ള സംഭാഷണത്തിൽ പരാമർശിച്ചിരുന്നത്.


   അയിലറ ഗ്രാമം നാലു വശങ്ങളും കുന്നുകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന ഒരു സ്ഥലമാണ്; ഒരു അറ പോലെ. അതിനാൽ തന്നെയാവണം ആ ഗ്രാമത്തിന് 'അയിലറ' എന്ന പേര്‌ ലഭിച്ചത്.  ഗ്രാമത്തിൻ്റെ വടക്കു ഭാഗം മുഴുവൻ അന്നു വനമായിരുന്നു. അഞ്ചൽ - കുളത്തൂപ്പുഴ റോഡിൽ ഏരൂർ എന്ന സ്ഥലത്തു നിന്നും ഇടത്തോട്ടുള്ള, ഇളകിയ മെറ്റലും മണ്ണും നിറഞ്ഞ, റോഡേ ഒരു മൈൽ കഴിഞ്ഞാൽ  തുടങ്ങുന്ന, "പന്നിത്താഴെ തേരി" എന്ന വലിയ ഇറക്കമിറങ്ങിച്ചെന്നാൽ അയിലറ ഗ്രാമം, ഒരു പാടശേഖരത്തോടെ തുടങ്ങുകയായി. വയലിൻ്റെ ഇടതു വശത്തു കൂടി മുകളിൽനിന്നും ഒഴുകി വരുന്ന തോടു താഴെ പടിഞ്ഞാറോട്ടൊഴുകി ആർച്ചൽ എന്ന സ്ഥലത്തേയ്ക്ക് പോകുന്നു. വയലിൻ്റെ  വലത് വശത്തുകൂടി പോകുന്ന റോഡ് അയിലറയുടെ പകുതി ഭാഗം കഴിഞ്ഞാൽ ഇടതു ഭാഗത്തെ തൊട്ടിലുള്ള വെള്ളച്ചാട്ടവും കടന്നു അയിലറയുടെ തന്നെ ഭാഗമായ മുഴത്താങ്ങും കഴിഞ്ഞു വനത്തിൽ പ്രവേശിച്ചു മദ്രാസ് പ്രൊവിൻസിലേക്കുള്ള ഇടമൺ - തെന്മല റോഡിലെത്തുന്നു. അന്നൊക്കെ, ഇടത് വശത്തുള്ള തോട് വനത്തിൽ നിന്നും ഒഴുകിയെത്തുന്ന തണുത്ത ശുദ്ധ ജലത്തോടുകൂടിയതും ഒരിക്കലൂം വറ്റാത്ത ഒന്നുമായിരുന്നു. മഴക്കാലത്ത് വനത്തിൽ  നിന്നും കുത്തിയൊഴുകി വരുന്ന വെള്ളം പാടശേഖരത്തെ വലിയ ഒരാറായി മാറ്റുകയും ആ ഒഴുക്കിൽ വലിയ തടികളും കടപുഴകിയ മരങ്ങളും ഒപ്പം വന്യജീവികളും ഒഴുകി വരികയും പതിവായിരുന്നു. പിൽക്കാലത്ത്‌, ക്രമേണ, ആ വനം മുഴുവൻ വെട്ടിതെളിച്ച് , പട്ടയവും നൽകി പുതിയ ഗ്രാമങ്ങളായി രൂപാന്തരപ്പെടുകയും കുറേ ഭാഗം എണ്ണപ്പന തോട്ടമായും വേറേ കുറേ ഭാഗം റബ്ബർ തോട്ടമായും മാറുകയും ചെയ്തു. അങ്ങിനെ രൂപാന്തരപ്പെട്ട ഗ്രാമങ്ങളിൽ ഒന്നാണ്, അയിലറ കഴിഞ്ഞാൽ, റസൂൽ പൂക്കുട്ടിയെന്ന ഓസ്‌കാർ അവാർഡ് ജേതാവിനാൽ പ്രസിദ്ധമായ, 'വിളക്കുപാറ' എന്ന ഗ്രാമം. പണ്ട്, വനമുണ്ടായിരുന്ന കാലത്ത്‌, കഠിനമായ വേനലിൽപോലും അയിലറ ഗ്രാമക്കാർ  ചൂടോ വെള്ളത്തിൻ്റെ ക്ഷാമമോ അനുഭവിക്കുക ഉണ്ടായിട്ടില്ല. ഇന്ന്, ആ കാട്ടരുവി വറ്റിവരണ്ടു മഴക്കാലത്ത് മാത്രം പെട്ടെന്നൊഴുകിയവസാനിക്കുന്ന ഒരു നീർചാലും, ഗ്രാമം വേനൽക്കാലത്തു കുടിവെള്ളതിന് വേണ്ടി വലയുന്ന ഒന്നും ആയിക്കഴിഞ്ഞിരിക്കുന്നു. എന്തിനേറെ, അയിലറെ നിന്നും നേരിട്ട് വെറും 12 കിലോമീറ്റർ മാത്രം ദൂരെയുള്ള പുനലൂർ ഠൗൺ ഇന്ന് കേരളത്തിൽ ഏറ്റവുമധികം ചൂട് രേഖപ്പെടുത്തുന്ന സ്ഥലമാണ്. മനുഷ്യൻ്റെ മനമറിഞ്ഞു കനിയുന്ന വനദേവതയെ മനുഷ്യൻ വേദനിപ്പിച്ചതിനു ലഭിച്ച ശിക്ഷ !


കേശവൻ്റെ  കുടുംബം അയിലറയിൽ  എത്തുമ്പോൾ അതൊരു ഉറക്കം നടിച്ചു  കിടന്ന, ശാലീന സുന്ദരമായ, ഗ്രാമം ആയിരുന്നു.   സ്ഥലവാസികൾ പൊതുവേ ശാന്തശീലരും നിഷ്കളങ്കരും. ഏറെയും കുടുംബങ്ങൾ തെക്കൻ തിരുവിതാംകൂറിൻ്റെ  പല ഭാഗങ്ങളിൽ നിന്നും പണ്ടെങ്ങോ വന്നു കുടിയേറിയവർ. അതു കൊണ്ടു തന്നെ,  അവർക്കു സ്വന്തം വീട്ടുപേര് ഉണ്ടായിരുന്നിട്ടുകൂടി, നാട്ടിൽ അറിയപ്പെട്ടിരുന്നത്  അവരുടെ പഴയ സ്ഥലപ്പേര് കൂടി ചേർത്തിട്ടായിരുന്നു; കുണ്ടറക്കാര്, കോന്നീക്കാര്, ആയൂർക്കാര്, ഓയൂര്ക്കാര്, വയയ്ക്കൽക്കാര്, വെട്ടിക്കവലക്കാര്, എന്നിങ്ങനെ. അങ്ങിനെയാണ് കേശവന്റെ കുടുംബത്തിന്, കമലവിലാസം എന്ന വീട്ടുപേരുണ്ടായിരുന്നിട്ടും, അവർ കാരംവേലിക്കാരെന്നും , മലയാലപ്പുഴക്കാരെന്നും വിളിക്കപ്പെട്ടു പോന്നത്.  സ്ഥലത്തേ തന്നെ, ഏറ്റവും പഴയ ഒരു കുടുംബം മാത്രം അറിയപ്പെട്ടിരുന്നത് 'അയിലറക്കാര്' എന്നായിരുന്നു. സാമ്പത്തികമായി ഭേദപ്പെട്ട അഞ്ചോ ആറോ പഴയ കുടുംബങ്ങൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. കേശവൻ അയിലറയിൽ എത്തുന്നതിനു മുൻപുതന്നെ മലയാലപ്പുഴക്കാരായ നാലഞ്ച് കുടുംബങ്ങൾ അവിടെ താമസമാക്കിയിരുന്നു. അവർ മുഖാന്തിരം .ആയിരുന്നു കേശവനും കുടുംബവും അയിലറയിൽ  എത്തിപ്പെട്ടതും. അങ്ങിനെ അയിലറയിൽ കുടിയേറിയ കേശവത്രയങ്ങൾ ആയിരുന്നു അവർ : കാരമ്മേലിൽ കേശവനും, മൂലയ്ക്കൽ കേശവനും, പുലിക്കുഴി കേശവനും !


പാടശേഖരത്തിൽ പകുതിയിലേറെയും ഇടവയിലുള്ള ഒരു ജന്മിയുടെ കൈവശമായിരുന്നു. ബാക്കിയുള്ളതു മേൽപ്പറഞ്ഞ അഞ്ചോ ആറോ കുടുംബങ്ങളുടെ  കൈവശവും. ജന്മിയുടെ പാടങ്ങൾ രണ്ടു മുതൽ പത്തു പറ വരെയുള്ള ഭാഗങ്ങളായി വയലില്ലാത്ത പാവപ്പെട്ട നാട്ടുകാർക്ക് പകുതിവാര കൃഷിക്കായി വീതിച്ചു കൊടുത്തിരിക്കുകയാണ്. (പത്തു സെന്റാണ് ഒരു പറ). അവിടെയെത്തി രണ്ടു  വർഷം കഴിഞ്ഞപ്പോൾ കേശവനും കിട്ടി അതിൽ മൂന്നു പറ നിലം. ഇരിപ്പൂ കൃഷിയാണെങ്കിലും, വിളവിന്റെ പകുതിയും അതിനു പുറമേ 'വാര' വും ജന്മിക്കു കൊടുത്തു കഴിഞ്ഞാൽ പിന്നെയുള്ളതു കൃഷിക്കാരുടെ ആവശ്യത്തന് ഒരിക്കലും തികയാറില്ല. പിന്നെ മരച്ചീനിയാണ് പ്രധാന കൃഷി.   അതും കഷ്ടിച്ച് തങ്ങളുടെ ആവശ്യത്തിനു മാത്രം. ചക്കയാണ് പിന്നെയുള്ള പ്രധാന ആഹാരം. ഗ്രാമത്തിൽ ഒന്നുരണ്ടു ചെറിയ ചായക്കടകളും ഒരു പലവ്യഞ്ജനക്കടയും മാത്രം. ക്രയവിക്രയങ്ങൾക്കു ഒരു ചന്ത പോലുമില്ല. നാണ്യ വിളകളായ കുരുമുളക്‌, കശുവണ്ടി, അടയ്ക്ക എന്നിവ വിൽക്കുവാനും പച്ചക്കറിയോ തുണിയോ മറ്റു പല അവശ്യ സാധനങ്ങളോ വാങ്ങണമെങ്കിലും  മൂന്ന് മൈലിലധികം നടന്ന് ഏരൂരിൽ പോകേണ്ടിയിരുന്നു. അന്ന് ബസ്സുമില്ല.


പാട്ടപ്പുരയിടത്തിലും സ്വന്തമായ സ്ഥലത്തും കേശവൻ പച്ചക്കറികൾ ഉൾപ്പെടെ എല്ലായിനം കൃഷികളും കുറേശ്ശെയെങ്കിലും  ചെയ്തു പൊന്നു. കശുവണ്ടിയും അധികം വരുന്ന പച്ചക്കറികളും മറ്റും ആഴ്ചയിൽ രണ്ടു ദിവസം എരൂരുള്ള ചന്തയിൽ തലച്ചുമടായും, ചിലപ്പോൾ  കാളവണ്ടിക്കൂലി കൊടുത്തു കൊണ്ടുപോയി കൊടുത്തിട്ടു വീട്ടാവശ്യങ്ങൾക്കുള്ള സാധനങ്ങളും തുണിത്തരങ്ങളും മറ്റും വാങ്ങുകയാണ് ചെയ്യുന്നത്. അയിലറയിൽ അന്ന് പല അവശ്യാവശ്യങ്ങളുടെയും അഭാവത്തിൻ്റെ   കൂട്ടത്തിൽ മുന്നിട്ടു നിന്നിരുന്ന ഒന്നായിരുന്നു ഒരു സ്കൂളിൻ്റെ അഭാവം. ഏറ്റവും അടുത്തുള്ള സ്കൂൾ മൂന്നു മൈലിലധികം ദൂരെ എരൂരിൽ ആയിരുന്നു . മിഡ്‌ഡിൽ സ്കൂൾ വരെ. ഹൈസ്കൂൾ എട്ടു മൈൽ അധികം ദൂരെ അഞ്ചലിലും.  മിഡ്‌ഡിൽ സ്കൂൾ മുതൽ സാധാരണക്കാർക്ക് വഹിക്കുവാനാകുന്നതിൽ കവിഞ്ഞ ഫീസ്സും. തന്മൂലം ഗ്രാമത്തിലെ നല്ലയൊരു ശതമാനവും കുട്ടികളും സ്ഥലത്തെ ഓലപ്പള്ളിക്കൂടം കൊണ്ട് പഠിത്തം അവസാനിപ്പിക്കുകയാണ് പതിവ്. അപൂർവം ചിലർ ഏരൂർ പ്രൈമറി സ്കൂളിൽ ചേർന്നെന്നിരിക്കും.  ആ സാഹചര്യത്തിലായിരുന്നു മൂത്ത മകൾ വിലാസിനിയെ കേശവൻ ഏരൂർ സ്കൂളിൽ ഒന്നാം ക്‌ളാസ്സിൽ ചേർത്തതും അവളുടെ ബുദ്ധിമുട്ടുകൾ കണ്ടിട്ട് അതേ അനുഭവം തൻ്റെ ഇളയ കുട്ടികൾക്കും മറ്റു പാവപ്പെട്ട കുട്ടികൾക്കും ഉണ്ടാകരുതെന്നു കരുതി സ്ഥലത്തു ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുവാനായി തിരുവിതാംകൂർ ദിവാന് ഹർജി സമർപ്പിക്കുവാൻ   മുൻകയ്യെടുത്തത്‌. ഹർജി സമർപ്പിച്ചിട്ടു പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കേശവൻ.




 3     പൂവൻ കോഴി  സമ്മാനിച്ച തിരിച്ചറിയൽ അടയാളം




ഉപൻ മോനും നേരെ മൂത്ത ചേച്ചി വാഗമ്മയും (വാഗീശ്വരി) ഇനിയും വിദ്യാരംഭം കുറിച്ചിട്ടില്ല. അവർക്കു പകൽസമയം മുഴുവൻ കളിച്ചു 'പഠി'ക്കുന്നതു തന്നെ ജോലി..  അന്നും അവർ മുറ്റത്തു 'കളംചാടി' കളിക്കുമ്പോൾ അമ്മച്ചി ഭവാനി നെല്ലു പുഴുങ്ങിയത് കൊണ്ടുവന്നു പരമ്പിൽ നിരത്തിയിട്ടിട്ടു പറഞ്ഞു
"കളിയൊക്കെ കൊള്ളാം,  കോഴി നെല്ലു തിന്നാൽ രണ്ടിനേം  വച്ചേക്കില്ല, കേട്ടല്ലോ ?"
അവർ   കളി തുടർന്നു.  അധികം താമസ്സിച്ചില്ല,  വീട്ടിലെ പൂവൻ കോഴി മൂന്നുനാലു  പിടകളേയും നയിച്ച് പരമ്പിൽക്കയറി കുശാലായി കൊത്തിപ്പെറുക്കുവാൻ  തുടങ്ങിയപ്പോഴാണ് അവർ അറിഞ്ഞത്. രണ്ടുപേരും കൂടി കോഴികളെ കുറച്ചു ദൂരത്തേക്ക് ഓടിച്ചു വിട്ടിട്ടു വീണ്ടും കളിയിൽ മുഴുകി. ഇത്  പലപ്രാവശ്യം തുടർന്നു. പിടക്കോഴികൾ പരമ്പിനു വെളിയിൽ നിന്നു വേഗം വേഗം കൊത്തിപ്പെറുക്കുമ്പോൾ പൂവൻ പരമ്പിനകത്തു തന്നെ കയറി നെല്ലു ചികഞ്ഞു തെറിപ്പിച്ചിട്ടു പിടകളോട്  "നിങ്ങളൊട്ടും പേടിക്കേണ്ടാ, ഞാനില്ലേ, വേഗം നിറയെ കൊത്തിക്കൊത്തി തിന്നോ" എന്ന് പറയും പോലെ ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കും; ഇടയ്ക്കിടയ്ക്ക് അവനും കൊത്തിപ്പെറുക്കും. ആ പ്രക്രിയയിൽ കുറെ നെല്ലു പരമ്പിന്‌ വെളിയിൽ പോകുകയും ചെയ്തു. അതു കണ്ട്‌ ഉപൻമോൻ  ചേച്ചിയോടായി പറഞ്ഞു :
"നെല്ലൊക്കെ വേളീപ്പോയി.   ചേച്ചിക്കിന്നു അമ്മച്ചീടേന്നു കിയുക്കു കിട്ടിയത് തന്നെ".
"നെനക്കും കിട്ടും.  രണ്ടുപേരോടും കൂടാ കോഴിയെ നോക്കാൻ അമ്മച്ചി പറഞ്ഞേ."  
ചേച്ചിയും വിട്ടില്ല.
"ചേച്ചിയല്ല്യോ വല്യേത്.   ഞാൻ കൊച്ചായോണ്ട് എന്നേ തല്ലൂല്ലല്ലോ!"  അവൻ ആശ്വാസം കൊള്ളുവാൻ നോക്കി.
"അതിനു നീയിപ്പം കൊച്ചല്ലല്ലോ,  കുഞ്ഞുവാവ വന്നേപ്പിന്നെ നീയും വല്യതായി.   അപ്പപ്പിന്നെ നിനക്കും കിട്ടിയത് തന്നെ " വീണ്ടും ചേച്ചി.   അപ്പോ അടിയോ ഞെരിടോ തനിക്കും കിട്ടിയെന്നിരിക്കും.   അടുത്ത പ്രാവശ്യം കോഴികൾ വന്നപ്പോൾ ഉപൻ അവയെ ഓടിച്ചുവിട്ടെങ്കിലും  പതുക്കെ ഓടിയിട്ടു പൂവൻ പെട്ടന്ന് തിരിഞ്ഞു നിന്നിട്ട് അവനു നേരേ കൊത്തുവാനായി ആഞ്ഞു ചെന്നു.  അവൻ പേടിച്ചു പിറകോട്ടോടിയപ്പോൾ പൂവൻ നിന്നിട്ടു "ഹും, എന്നോടാ കളി; പേടിച്ചുതൂറി !" എന്ന വിധം ശബ്‌ദമുണ്ടാക്കികൊണ്ടു  തിരിഞ്ഞു നടക്കുവാൻ തുടങ്ങി. ഉപനു ദേഷ്യം വന്നിട്ട് അടുത്തു കണ്ട ഒരു കമ്പും കൈക്കലാക്കി പൂവൻ്റെ പിറകേ ഓടി. പൂവൻ വീടിനു വലം  വച്ച് ഓടുവാൻ തുടങ്ങി. ഉപൻ കമ്പുമായി പിറകേയും. രണ്ടാമത്തെ വലംവയ്‌പ്പിൽ കോഴി വീട്ടിനുള്ളിലേക്ക് ചാടിക്കയറി. അവനും ഓടി വീടിൻ്റെ  നട ചാടിക്കയറുവാൻ ശ്രമിക്കവേ കാൽ വഴുതി കമിഴ്ന്നു സ്റ്റെപ്പിൽ മൂക്കിടിച്ചു വീണു: മൂക്കിൻ്റെ പാലം ചതഞ്ഞു തകർന്നു വലിയ മുറിവുമായി രക്തം വാർന്നൊഴുകുവാൻ തുടങ്ങി; അവൻ  അലറി വിളിക്കുവാനും. ശബ്ദം കേട്ട് ഭവാനി വന്നു അവനെ കോരിയെടുത്തു. വാഗമ്മ പറമ്പിൽ നിന്നും വിളിച്ചുകൊണ്ടു വന്ന കേശവൻ മോൻ്റെ കവിളിൽ തടവി ആശ്വസിപ്പിച്ചുകൊണ്ടു നാട്ടുവൈദ്യൻ്റെ  അടുത്തേക്കോടി. വൈദ്യൻ മരുന്നുവച്ചു കെട്ടിക്കൊടുത്തു. രണ്ടോളം മാസങ്ങളെടുത്തു മുറിവു ഉണങ്ങിക്കഴിഞ്ഞപ്പോൾ നീണ്ട വലിയ ഒരു മുറിപ്പാടു കൂടാതെ മൂക്കൊന്ന് പതിഞ്ഞു താഴുകയും ചെയ്തിരുന്നു.  പിന്നീട് അമ്മച്ചിയുടെ തറവാട്ടിലെത്തുമ്പോഴൊക്കെ കുഞ്ഞുമ്മമാരും മറ്റു ബന്ധുക്കളും സ്നേഹത്തോടെ അവനേ 'മുറിമൂക്കൻ മോനേ', 'പതിമൂക്കൻ മോനേ' എന്നൊക്കെ വിളിക്കുമ്പോൾ അവനു സങ്കടവും നാണവും  വരുമായിരുന്നു. പിന്നീട് ആശാൻ പള്ളിക്കൂടത്തിൽ വച്ച് അക്ഷരമാലയെല്ലാം പഠിച്ചു തീർന്നു കഴിഞ്ഞു സ്ലേറ്റിലേക്കു പ്രൊമോഷൻ കിട്ടിയപ്പോൾ, ആശാൻ അവനു കേട്ടെഴുത്തിൽ പത്തിൽ പത്തു മാർക്കും കൊടുത്തത് ക്‌ളാസ്സിലെ തടിയൻ കുട്ടിയായ തങ്കപ്പൻ മായ്ച്ചുകളഞ്ഞു.  അവനു അഞ്ചോ ആറോ മാർക്കേ കിട്ടിയിരുന്നുള്ളു. അതു കണ്ട ഉപൻ അവൻ്റെ കൈക്കടിച്ചപ്പോൾ അവൻ ഉപനേ 'മുറിമൂക്കൻ' എന്നു വിളിച്ചപ്പോൾ ആശാൻ അതിനു അവൻ്റെ തുടയ്ക്കു പിറകിൽ ഞെരുടി കുതിരച്ചാട്ടം ചാടിച്ചതിനാൽ കുടിപ്പള്ളിക്കൂടത്തിൽ വച്ചു പിന്നീടാരും ഉപനെ ആ ഇരട്ടപ്പേരിട്ടു വിളിക്കുകയുണ്ടായിട്ടില്ല.  എന്നാൽ പിന്നീട് സ്കൂളിൽ ചേർന്നു കഴിഞ്ഞപ്പോൾ മൂന്നാമത്തെ ഇരട്ടപ്പേരുമായി - 'മൂക്കു ചപ്പൻ'. ആദ്യമൊക്കെ കളിക്കിടയിലും മറ്റും വഴക്കും പിണക്കവുമുണ്ടായാൽ ഉടൻ "നീ പോടാ മുറിമൂക്കാ" അല്ലെങ്കിൽ "പതിമൂക്കാ" എന്നൊക്കെ വിളിക്കുമ്പോൾ കരച്ചിൽ വരുമായിരുന്നു. പിന്നീടത് തമ്മിലടിയായി മാറി. സ്ഥലത്തെ അഞ്ചാം ക്ലാസ്സ്‌ വരെ ഈ  സ്ഥിതി തുടർന്നു. അകലെയുള്ള മിഡിൽ സ്കൂളിൽ ആറാം ക്ലാസ്സിൽ ചേർന്നതിനു ശേഷമാണു ഇതിനൊരാശ്വാസം ഉണ്ടായതു.


ക്രമേണ മൂക്കിൻ്റെ  പതിയൽ കുറയുകയും ഇനി മൂക്കൊരു പ്രശ്നമാവില്ലെന്നു കണ്ട്,  അക്കാര്യം പാടേ മറന്നിരിക്കുമ്പോഴാണ്, SSLC ക്ലാസ്സ്‌ അവസാനിക്കാറായപ്പോൾ, അശനിപാതം പോലെ മൂക്ക് കാര്യം വീണ്ടും തലപൊക്കിയത്.  SSLC ബുക്കിൽ പല വ്യക്തിഗത വിവരങ്ങളും എഴുതി ചേർക്കുവാനായി ക്ലാസ്സ്‌ ടീച്ചർ പ്രഭാകരൻ സാർ അവനോടു ഓരോരോ കാര്യങ്ങൾ ചോദിച്ചു ബുക്കിലെഴുതുവാൻ തുടങ്ങി.    'Identification Mark' എന്ന കോളം വന്നപ്പോൾ ആദ്യത്തേതെഴുതിക്കഴിഞ്ഞിട്ടു അവൻ്റെ മുഖത്ത് നോക്കി റ്റീച്ചർ ചോദിച്ചു :
"ഇനി നിൻ്റെ   ദേഹത്തെവിടെയെങ്കിലും വല്ല മറുകോ മുറിപ്പാടുകളോ ഉണ്ടോ?"
"അറിയില്ല", അവൻ   പറഞ്ഞു.
റ്റീച്ചർ  കുനിഞ്ഞു നിക്കറിട്ടിരുന്ന അവന്റെ  രണ്ടു കാലുകളുടെയും മുട്ടിനു താഴെ പരിശോധിച്ചു.   ഒന്നും കണ്ടു കിട്ടിയില്ല. ഇടതു കൈയ്യുടെ അരക്കയ്യൻ  ഷിർട്ടിൻ്റെ കൈ മുകളിലേക്ക് തെറുത്തു കയറ്റി പരിശോധിച്ചപ്പോൾ കണ്ടൂ,  കൈമുട്ടിന് രണ്ടിഞ്ച് മുകളിലായി, തെളിച്ചം കുറഞ്ഞ കറുപ്പോടു കൂടിയ ഒരു മറുക്.  (അതു പോലൊരു മറുക് അവൻ്റെ വയറ്റിലുമുണ്ടായിരുന്നു). റ്റീച്ചർ അവൻ്റെ കാലുകൾ പരിശോധിക്കുന്നതിനിടെ   അവൻ ഒളിഞ്ഞു, റ്റീച്ചർ എന്താണ് ആദ്യം എഴുതിയിരിക്കുന്നതെന്നറിയുവാനായി, ബുക്കിലേക്ക് നോക്കി; കാണുകയും ചെയ്തു.
"A linear scar on the nose."


പെട്ടെന്ന്,  വർഷങ്ങളായി മറന്നുകിടന്ന ആ സംഭവവും ആ പൂവൻ കോഴിയും അവൻ്റെ മനസ്സിലേക്ക് ഓടിവന്നു.   ഇതാ, ഈ നിമിഷം മുതൽ ആ 'കുക്കുടൻ" തനിക്കു മൂക്കിന്മേൽ തന്ന സമ്മാനം തൻ്റെ സ്ഥിരം 'തിരിച്ചറിയൽ  കാർഡാ"യി മാറിയിരിക്കുന്നു. അന്നൊന്നും ഇന്നത്തെപ്പോലെ ID കാർഡോ ആധാർ കാർഡോ ഇല്ലാതിരുന്നതിനാൽ  പലകാര്യങ്ങൾക്കും തിരിച്ചറിയാലിനായി SSLC ബുക്കിൽ രേഖപ്പെടുത്തിയിട്ടുള്ള 'Identification Mark'  ആയിരുന്നു  പ്രയോജനപ്പെട്ടിരുന്നത്. കൈമുട്ടിനു  മുകളിലും വയറ്റിലുമുള്ള,  അത്ര വ്യക്തമല്ലാതിരുന്ന, ആ  മറുകുകൾ കുറച്ചു വർഷങ്ങള്ക്കു ശേഷം  മാഞ്ഞു പോയിരുന്നു. അപ്പോൾ ആ പാവം കോഴി  സമ്മാനമായിത്തന്ന ആ  'identity' ക്കു, എത്ര  പ്രാധാന്യം വന്നെന്നോ !!!. മൂക്കിലെ ആ അടയാളത്തിൻ്റെ  അഭാവത്തിൽ താനൊരു identity ഇല്ലാത്ത വ്യക്തി ആയി മാറിയേനേ എന്നോർക്കുമ്പോൾ........   'കുക്കുട' നു നമോവാകം!!!
 
                                   *****
മേമ്പൊടി
---------------  
'കുക്കുടൻ' തന്നോരു  സമ്മാനം ഞാനെൻ്റെ
മൂക്കിൻ്റെ  തുമ്പത്തായൊട്ടിച്ചു വച്ചിട്ട-
തെക്കാലത്തേക്കുമെ 'ന്നൈഡെന്റിറ്റി' ക്കുള്ള
മാർക്കായി മാറ്റിയെടുത്തറിയാതെ  ഞാൻ
                                            .
എപ്പോഴും കൂട്ടുകാർ കളിയാക്കി  ഞാനൊരു                              
ചപ്പിയ മൂക്കനാ,   മുറിമൂക്കനെന്നൊക്കെ                                                         
അപ്പോഴെൻ മനതാരിലൂറിയ വേദന
ഇപ്പോഴെനിക്കില്ല,  കാരണം കേൾക്കണോ ?                                                          
       
വേഗത്തിലോടുന്ന കാലം മുറിവുള്ള
ഭാഗമുണക്കിടും,നിശ്ച്ചയമെന്നപോൽ,
ഭാഗ്യമെനിക്കനുകൂലമാണെൻ വാമ -
ഭാഗത്തിൻ  മൂക്കിന്നു നീളമുണ്ടേറെയായ്.


        4   ഇടിച്ചു കയറി ഒരു  വിദ്യാരംഭം

                 
                 ഉപൻ്റെ മൂക്കിലെ മുറിവുണങ്ങി അധികം  താമസിയാതെ തന്നെ സ്ഥലത്തെ ഓലപ്പള്ളിക്കൂടത്തിൽ  വാഗമ്മ മോളെ വിദ്യാരംഭം കുറിക്കാൻ ചേർക്കുന്നതിനു കേശവൻ തീരുമാനിച്ചു.. “ഉപൻ മോനെ ചേർക്കുവാൻ പ്രായമായിട്ടില്ല ",  കേശവൻ മനസ്സിലോർത്തു. "ഇനി മോക്കൊരു ഫ്രോക്ക് തൈപ്പിക്കണം. പക്ഷേ ഉപൻമൊനു കൂടി തൈപ്പിച്ചേ പറ്റൂ." രണ്ടുപേർക്കും തൈപ്പിച്ചു.  എഴുത്തോലയും സംഘടിപ്പിച്ചു.
                                     
                  അച്ഛൻ എഴുത്തു പനയോലയുടെ  ഒരു കയ്യു മുഴുവനായി കൊണ്ടുവന്നു   ഓലകൾ ഓരോന്നായി മുറിച്ചു അടുക്കി വയ്ക്കുന്നത്  കണ്ടപ്പോൾ ഉപൻ അടുത്ത് ചെന്ന് ഒരോല എടുത്തു അതിൻ്റെ   മണം ആസ്വദിച്ചു കൊണ്ട് അച്ഛനോട് ചോദിച്ചു:
"എന്തിനാച്ചാച്ചാ   ഈ ഓല ?"
"ചേച്ചിയെ  നാളെ എഴുത്തു പഠിക്കുവാൻ  ആശാൻ പള്ളിക്കൂടത്തിൽ ചേർക്കുവല്യോ.    ഈ ഒലേലാ ആശാൻ അക്ഷരങ്ങളെഴുതി തരുന്നത്.
ഉപനു   കൗതുകമായി.
"എനിച്ചും  ചേച്ചീടെ കൂടെ പഠിക്കാൻ പോണം..  ചേച്ചി ചെയ്യുന്നതൊക്കെ എനിക്കും  ചെയ്യാൻ പറ്റൂല്ലോ. . ചേച്ചിക്കറിയാവുന്നൊക്കെ  എനിച്ചുമറിയാവല്ലോ." ഒരു നിസ്സാര കാര്യമെന്നപോലെ  അവൻ പറഞ്ഞു.
"മോനിപ്പം  കുഞ്ഞല്യോ? ചേച്ചീടത്രേം  വലുതാകുമ്പോ മോനേം ചേർക്കാം."  
"അതു പറ്റൂല.  എനിക്കും ചേചീടെകൂടെ പടിച്ചാൻ പോയാമതി."   സങ്കടം വന്നിട്ട് അവൻ ചിണുങ്ങിക്കൊണ്ടു നിർബന്ധം  പിടിച്ചു .
"മോൻ വലുതാകുമ്പം   വിടാം " അച്ഛൻ അവസാന  വാക്കെന്നപോലെ പറഞ്ഞു.
അവൻ   കരഞ്ഞുകൊണ്ട്  അമ്മച്ചിയുടെ അടുത്തേക്കോടിച്ചെന്ന് പരാതിപ്പെട്ടു.   രക്ഷയില്ല; അച്ഛൻ പറഞ്ഞത് തന്നെ അമ്മച്ചിയും പറഞ്ഞു.  എന്നിട്ടൂ ആശ്വസിപ്പിക്കാനെന്നപോലെ ഭവാനി പറഞ്ഞു :
"മെറ്റലെളകിക്കെടക്കുന്ന  ആ റോഡേ ദിവസോം മോന് അത്രേം  ദൂരം നടക്കാൻ പറ്റുവേല. ആ റോഡേ  പോകുമ്പോഴൊക്കെ മോനേ അച്ഛനോ അമ്മച്ചിയോ  എടുക്കുവല്ലിയോ ചെയ്യുന്നേ? ചേച്ചീടത്രേം വലുതാവുമ്പോ  മോനും തനിയെ അതിലെ നടക്കാൻ പറ്റും, മോനേ അപ്പോൾ ചേർക്കാം."  
അവൻ   പിന്നെയും  ചിണുങ്ങലും പരാതിയുമായി  നിന്നപ്പോൾ ഭവാനി ദേഷ്യപ്പെട്ടു:
"എനിക്കിവിടെ പിടിപ്പതു  ജോലിയുണ്ട്. വാവ ഉണന്നാപ്പിന്നെ ഒന്നും നടക്കുകേല.  നീ കിണുങ്ങാതെ ഒന്നു പോകുന്നുണ്ടോ, വല്ലതും വാങ്ങിച്ചു  കെട്ടാതെ?"
ഇനി നിന്നിട്ടു  രക്ഷയില്ല. കുഞ്ഞു വാവ വന്നേപ്പിന്നെ അമ്മച്ചിക്ക് അവനോടാ സ്നേഹം മുഴുവൻ. തന്നോടെപ്പോഴും ദേഷ്യമാ. അവൻ   പോയി കട്ടിലിൽ കേറിക്കിടന്നു കരഞ്ഞു കരഞ്ഞു ഉറങ്ങിപ്പോയി, ഉച്ചയ്ക്ക് ചോറ് തിന്നാൻ അമ്മച്ചി വന്നു  വിളിക്കുന്നത് വരെ. അതു കഴിഞ്ഞും രാത്രി ഉറങ്ങുന്നവരെയും അവൻ ചിന്തയിലായിരുന്നു. ആലോചനയ്ക്കു ശേഷം ഉപൻമോൻ ഒന്നുറപ്പിച്ചു.     “വാഗമ്മ ചേച്ചി എഴുത്തു പഠിക്കുവാൻ പോയാൽ ഞാനും പോകും, തീർച്ച !”


രാവിലെ എഴുന്നേറ്റു  കഴിഞ്ഞപ്പോൾ വാഗമ്മച്ചേച്ചി  എവിടെ എന്തിനു പോയാലും അവനും പിറകേ  കൂടി. ചേച്ചി കുളിക്കാൻ പോകാനിറങ്ങിയപ്പോൾ അവനും  പിറകേ കൂടി,തോട്ടിലിറങ്ങി മുങ്ങിക്കുളിച്ചു. തിരികെ വീട്ടിലെത്തി അല്പം  കഴിഞ്ഞപ്പോൾ അച്ഛൻ ചേച്ചിയോടായി പറഞ്ഞു
"മോളാ  എഴുത്തോലക്കെട്ടേന്ന്‌  ഒരോല ഊരിയെടുത്തു തിണ്ണേലെ  ബെഞ്ചേ വെച്ചേച്ചു പോയി കഞ്ഞി  കുടിക്ക്. പോകാന്നേരം ഓലയെടുക്കാൻ  മറക്കരുത് ."
ചേച്ചി ഒരു ഓല  എടുത്തു ബഞ്ചിൽ  വച്ചിട്ട് അടുക്കളയിലേയ്ക്കു  പോയ തക്കം നോക്കി ആരും കാണാതെ  അവൻ പോയി ഒരോലകൂടി ഊരിക്കൊണ്ടുവന്നു  ചേച്ചിയുടെ ഓല രണ്ടായി വിടർത്തി അതിനകത്തു  തിരുകിക്കയറ്റി വച്ചു. ഒറ്റ നോട്ടത്തിൽ അത് ഒരോല മാത്രമാണെന്നേ  തോന്നൂ. എന്നിട്ടു വേഗം അടുക്കളയിൽ പോയി കഞ്ഞി വാങ്ങി കുടിച്ചിട്ട്  ചേച്ചിക്കൊപ്പം പോയി. ചേച്ചി പുതിയ ഫ്രോക്ക് എടുത്തിട്ടപ്പോൾ അവൻ ആരും കാണാതെ തൻ്റെ   പുതിയ നിക്കറും ഉടുപ്പുമെടുത്തിട്ടു. അല്പം കഴിഞ്ഞപ്പോൾ അച്ഛൻ ചേച്ചിയോടായിപ്പറയുന്നത്  കേട്ടു :
"ഓലേം എടുത്തോണ്ട് വാ മോളെ, ദേവിയെ  ധ്യാനിച്ചോണ്ടു വേണം പടിയിറങ്ങാൻ?"
"ങ്ങും", ചേച്ചി  മൂളി.
വെളിയിൽ  വരാതെ ഉപൻ   തിണ്ണയിൽ നടക്കുന്നതെല്ലാം ഒളിഞ്ഞു  നോക്കിക്കൊണ്ടു നിൽക്കുകയായിരുന്നു. അച്ഛൻ  വെറ്റിലയും പാക്കും ഒരു ചക്രവും കടലാസ്സിൽ  പൊതിഞ്ഞു എടുക്കുന്നത് കണ്ടിരുന്നു. അതെന്തിനാണെന്നു  അവനു മനസ്സിലായില്ല. അമ്മച്ചിയും ബാബുമോനേയും ഒക്കത്തു വച്ച് തിണ്ണയിലുണ്ട്. അച്ഛൻ  വെളിയിലേക്കിറങ്ങി. പിറകേ ഓലയുമെടുത്തു കൊണ്ട് ചേച്ചിയും. അമ്മച്ചി തിണ്ണയിൽ നിന്നും  അടുക്കളയിലേക്കു പോയ ഉടൻ അവൻ ഓടിയിറങ്ങി അച്ഛന്റെയും ചേച്ചിയുടെയും ഒപ്പമെത്തി. അവനേ   കണ്ടതും അച്ഛൻ ഉറക്കെ ദേഷ്യപ്പെട്ടു :
"നീ  എവിടെപ്പോവാടാ ? കേറിപ്പോടാ  അകത്തു, ഒന്നും കിട്ടേണ്ടേൽ"
"ഞാനും  വരണു. എന്നേം  കൊണ്ടോണം. ചേച്ചിയെ ആശാൻ  പഠിപ്പിക്കുന്നെ കാണാനാ.  അച്ചാച്ചൻ തിരിയെ വരുമ്പം ഞാനും വന്നോളാം ."  
കരച്ചിലിൻ്റെ   വക്കിലെത്തിക്കഴിഞ്ഞിരുന്ന ഉപൻമോൻ  പറഞ്ഞു.
"വേണ്ടാ, നീയിപ്പോ  വരണ്ടാ. നിന്നെ വേറൊരു  ദിവസം ഞാൻ കൊണ്ട് പോകാം.  ഇപ്പം മര്യാദക്ക് അകത്തു കേറിപ്പോ"  അച്ഛൻ വഴങ്ങുന്ന മട്ടില്ല.
അവൻ   ഉറക്കെ  കരയാൻ തുടങ്ങി.  ബഹളം കേട്ടു ഭവാനി ഇറങ്ങി  വന്നു. കാര്യം മനസ്സിലായപ്പോൾ  അമ്മച്ചി അവൻ്റെ രക്ഷയ്ക്കെത്തി :
"അവനും വരട്ടെ .   നിങ്ങള് പോരുമ്പോ കൂടിങ്ങു   കൊണ്ടുപൊന്നാപ്പോരേ?"
തന്നെ കൂട്ടാതിരുന്നാൽ  അവിടെ താൻ കാട്ടിക്കൂട്ടാവുന്ന  പുകിലിൽ നിന്നും അമ്മച്ചിക്ക് രക്ഷപ്പെടാനാവുമല്ലോ!  അവനു ആശ്വാസമായി. അച്ഛൻ പിന്നെയൊന്നും പറഞ്ഞില്ല. അവൻ  കരച്ചിൽ നിറുത്തി ധൈര്യമായി അവരുടെയൊപ്പം നടന്നു. തലേ ദിവസം ചേച്ചി പറഞ്ഞാരുന്നു,  ഉണ്ണിയാശാൻ്റെ ആശാൻ പള്ളിക്കൂടം കരിക്കത്തിൽ വീട്ടിലാണെന്നും, വെള്ളച്ചട്ടവും കഴിഞ്ഞു കൊറേ  ദൂരം പോകണമെന്നും. അവർ തോടും കടന്നു റോഡിൽ കയറി. നിറയെ മെറ്റൽക്കഷണങ്ങൾ ഇളകിക്കിടക്കുന്ന    റോഡ് കണ്ടപ്പോൾത്തന്നെ അവനു പേടിയായി. ഇന്നത് പുറമേ കാണിച്ചു പതിവുപോലെ അച്ഛനോട് തന്നെ എടുക്കുവാൻ  പറയാനുമാവില്ലല്ലോ! ധൈര്യം നടിച്ചുകൊണ്ടു തട്ടിയും തടഞ്ഞും അവൻ നടക്കുവാൻ തുടങ്ങുന്നത് കണ്ടു അവനേ എടുക്കുവാനായി അച്ഛൻ  തുനിഞ്ഞപ്പോൾ കുതറി മാറിക്കൊണ്ട് അവൻ പറഞ്ഞു :
"വേണ്ടാ,  എന്നെ എടുക്കേണ്ട,   ഞാൻ നടന്നോളാം "
വെള്ളച്ചട്ടവും  കഴിഞ്ഞു കുറേദൂരം നടന്നപ്പോൾ  അവർ പള്ളിക്കൂടത്തിലെത്തി. പുല്ലു  മേഞ്ഞ ഒരു ഷെഡ്ഡ്. ഷെഡിനുള്ളിലായി നാലരികിലും     ഓലത്തടുക്കും അതിനു മുന്നിലായി പൂഴിമണ്ണും വിരിച്ചിരിക്കുന്നു.   വേറെയും അച്ഛനമ്മമാർ കുട്ടികളേയും കൊണ്ട് വന്നിട്ടുണ്ട്. ചേച്ചിയുടെ ഊഴം വന്നപ്പോൾ അച്ഛൻ ചേച്ചിയോടായി പറഞ്ഞു :
"മോളു ഓല ഉപൻമോൻ്റെ  കയ്യിൽ കൊട്. എന്നിട്ടു  ഈ വെറ്റയും പാക്കും ആശാനു ദക്ഷിണ  കൊടുത്തിട്ടു ആശാൻ്റെ പാദത്തിൽ തൊട്ടു  തൊഴുതു വന്ദിക്ക്‌."
ചേച്ചി  അച്ഛൻ പറഞ്ഞത് പോലെ ചെയ്തു. ആശാൻ ചേച്ചിയുടെ തലയിൽ കൈ വച്ചു അനുഗ്രഹിച്ചിട്ടു  ചേച്ചിയുടെ കൈ പിടിച്ചു തടുക്കിലിരുത്തി . ഉപൻമൊനും ധൃതിയിൽ ചേച്ചിയുടെ അടുത്തായി ഇരുപ്പുറപ്പിച്ചു. ആശാൻ ചേച്ചിയുടെ മുന്നിലെ പൂഴിമണ്ണിൽ 'ഹരി' എന്നു പറഞ്ഞു കൊണ്ട് ആ അക്ഷരങ്ങൾ വലുതായി എഴുതിയിട്ട്,  ചേച്ചിയെക്കൊണ്ടും പറയിച്ചു. (അവനും , മനസ്സിൽ, അതേറ്റുപറഞ്ഞു). അതു കഴിഞ്ഞു ആശാൻ ചേച്ചിയുടെ വലതുകൈയ്യുടെ ചൂണ്ടുവിരൽ പിടിച്ചു ആ അക്ഷരങ്ങളുടെ മുകളിൽക്കൂടി രണ്ടുമൂന്നു പ്രാവശ്യാം എഴുതിക്കുകയും 'ഹ ....രി ...'  എന്നു പറയിക്കുകയും ചെയ്തു.
"കുഞ്ഞിനി അതിൻ്റെ  മോളിക്കൂടെ പല പ്രാവശ്യം എഴുതി 'ഹരീ'ന്ന്  കാണാതെ എഴുതാനും വായിക്കാനും പഠിക്ക്. അനിയൻ കുഞ്ഞു ആ ഓലയിങ്ങു തന്നാട്ടെ,  ചേച്ചിക്കു ആദ്യത്തെ പാഠം അതിലെഴുതിക്കൊടുക്കട്ടെ ."
ആശാൻ കൈ നീട്ടിയപ്പോൾ ഉപൻ    പെട്ടെന്ന് വിക്കി വിക്കി പറഞ്ഞൊപ്പിച്ചു :
"എനിച്ചും  എഴുതിപ്പടിച്ചണം,  എൻ്റെ ഓലേം ഇതിലൊണ്ട് "  
ആശാൻ അവൻ്റെ  മുഖത്തേയ്ക്കു സൂക്ഷിച്ചു  നോക്കി. എതിർത്ത് എന്തോ പറയുവാൻ തുനിഞ്ഞ  അച്ഛനെ കയ്യുയർത്തി വിലക്കിക്കൊണ്ട്, ഉപൻമോൻ്റെ    കണ്ണിലെ പഠിക്കുവാനായുള്ള 'ത്വര' യും നിശ്ചയദാർഢ്യവും കണ്ടിട്ടാകണം, ആശാൻ പറഞ്ഞു :
"ഈ കുഞ്ഞിന് പഠിക്കുവാനുള്ള ആത്മാർത്ഥതയുണ്ട്. അവൻ ഇരുന്നോട്ടെ.  എതിരു പറയരുത്."
പിന്നെ അച്ഛൻ ഒന്നും പറയാതെ  അവനേക്കൊണ്ട് ആശാന് ദക്ഷിണ കൊടുപ്പിച്ചു.   ആശാൻ അവനും ആദ്യാക്ഷരങ്ങൾ എഴുതിക്കൊടുത്തു,   പഠിപ്പിച്ചു. അങ്ങിനെ, ഇടിച്ചു കയറി, വിദ്യാരംഭംകുറിച്ചു   ഉപൻ അവൻ്റെ കുടിപ്പള്ളിക്കൂട ജീവിതം ആരംഭിച്ചു.

           
                               *****          ***** *****

ട്രെയിൻ ചെങ്കോട്ടയിലെത്തിയെന്ന് എതിരെയിരുന്ന സഹയാത്രികൻ ഓർമപ്പെടുത്തിയപ്പോഴാണറിഞ്ഞത്.
“ഉണ്ണണ്ടേ?”, അയാൾ ചോദിച്ചു.
“പൊതിച്ചോറ് സഞ്ചിയിലുണ്ട്”, ഞാൻ പറഞ്ഞു.
“എന്നാൽ എടുത്തോളൂ, ഞങ്ങളും കരുതിയിട്ടുണ്ട്.
ഞങ്ങൾ ഊണു കഴിച്ചു.  ഇടയ്ക്കു അന്യോന്യം വിവരങ്ങൾ ചോദിച്ചറിഞ്ഞു.  എഗ്‌മോറിൽ നിന്നും മദ്രാസ് സെൻട്രലിലേയ്ക്കും അവിടെ നിന്നും ഡൽഹിയിലേക്കുള്ള ട്രെയിനിൽ ഒരുമിച്ചു യാത്ര ചെയ്യാമെന്നും അദ്ദേഹം പറയുകയുണ്ടായി.
“ഉറങ്ങണമെങ്കിൽ മുകളിൽ കയറി കിടന്നോളൂ; ഞാനെന്താലും ഒന്നുറങ്ങാൻ പോകുകയാണ്.”  അയാൾ പറഞ്ഞു. ഉറങ്ങുവാൻ പറ്റില്ലെന്നറിയാമെങ്കിലും ഞാൻ ന്മുകളിൽ കയറിക്കിടന്നു.   താമസിയാതെ തന്നെ ചിന്തകൾ പിറകോട്ടു പോയി. എവിടെയെത്തിയപ്പോഴായിരുന്നു തൻ്റെ ചിന്തകൾ മുറിഞ്ഞത്?  ഞാൻ ഓർത്തു നോക്കി. അതേ, ഞാൻ ചേച്ചിക്കൊപ്പം ഇടിച്ചു കയറി വിദ്യാരംഭം കുറിച്ച കാര്ര്യം തന്നെ. പിന്നെ കുടിപ്പാള്ളിക്കൂട ജീവിതത്തിലേയ്ക്കു ചിന്തകൾ നുഴഞ്ഞു കയറയുവാൻ തുടങ്ങി.

                               *****          ***** *****                                                        

 5 ഓലപ്പള്ളിക്കൂട   ജീവിതവും കുള അട്ട  ആക്രമണവും
       .         


കുടിപ്പള്ളിക്കൂടത്തിൽ ഇരുപത്തഞ്ചോളം കുട്ടികളുണ്ടായിരുന്നു.  ഏറ്റവും പ്രായക്കുറവും വലിപ്പക്കുറവും ഉപൻമൊനായിരുന്നു. ആശാൻ ഓലപ്പുസ്തകം       തയ്യാറാക്കുന്നത് വളരെ കലാപരമായാണ്. ഓലയുടെ തുമ്പിൽ നല്ല ഒരു 'തലേക്കെട്ട്' ഉണ്ടാക്കും. ഒരേ നീളമുള്ള ഓലകളുടെ  ചുവട്ടിൽ നിന്നും അരയടി മുകളിലായി, സുഷിരമിട്ടു . ഒരു ചരടിൽ എല്ലാ ഓലകളും കൂടി കോർത്ത് കെട്ടിയാൽ നല്ല ഭംഗിയുള്ള ഒരു ഓലപ്പുസ്തക കെട്ടായി.  ഈ ഓലക്കെട്ടു കൊണ്ട് കുട്ടികൾക്ക് വേറേ പ്രയോജനങ്ങൾ കൂടി ഉണ്ടായിരുന്നു. തെരുവ് നായ അടുത്തു കൂടിയെങ്ങാനും വന്നാൽ ഓല വീശി അതിനെ ഓടിക്കാം. ഇനി അതു ഒന്നാംതരമൊരു വാദ്യോപകരണമായി മാറ്റമെന്നതാണ്. ഓലക്കെട്ടു താളാൽമകമായി കുലുക്കിയാൽ തലക്കെട്ടുകൾ തമ്മിൽ അടിച്ചു താളാൽമകമായ ശബ്ദമുണ്ടാക്കും.     ഉള്ളിലേയ്ക്ക് ശ്വാസം ആഞ്ഞെടുത്തിട്ടു ഓലയുടെ തുറന്ന ഭാഗത്തു ഊതിയാൽ നല്ല " പീ.... പീ... " ശബ്ദമുണ്ടാകും. അല്പം ട്യൂൺ കൂടി കൊടുത്തൂതിയാൽ സംഗീതവും. ഇവയൊക്കെ അന്നത്തെ കുട്ടികളുടെ കലാപരിപാടികളുടെ ഭാഗമായിരുന്നു; ഇപ്പോഴത്തെ ഗൃഹാതുരത്വവും !!! ഇന്നത്തെ കുട്ടികൾക്കു അതൊക്കെ അന്യം നിന്നുപോയി എന്ന് പറഞ്ഞാൽ മതി.   
കുടിപ്പള്ളിക്കൂടത്തിലെ  പഠിത്തം സ്വരാക്ഷരങ്ങളും വ്യഞ്ജനങ്ങളും കഴിഞ്ഞു  കൂട്ടക്ഷരtങ്ങളിലേയ്ക്ക് കടന്നു. (ഇന്നസെന്റിന്റെ ഭാഷയിൽ പറഞ്ഞാൽ ആശാൻ   'ക്ക ങ്ങ ക്ഷ ' വരപ്പിച്ചു - പഠിപ്പിച്ചു -മൂക്കിൻ തുമ്പ് കൊണ്ടല്ല , വിരലിൻ തുമ്പുകൊണ്ടു ). പിന്നെ  ഒരു പ്രൊമോഷൻ . ഒന്നാം ക്ലാസ്സ്‌ പുസ്തകത്തിലെ പാഠങ്ങളും, പിന്നെ അക്കങ്ങളും, സ്ലേറ്റും. അക്കങ്ങൾ കൂട്ടുവാനും കുറയ്ക്കുവാനും ഒക്കെ ആശാൻ പഠിപ്പിച്ചു. പഠിപ്പിച്ച ഭാഗങ്ങളിൽ നിന്നും ആഴ്ചയിലൊരിക്കൽ ഒരു കേട്ടെഴുത്തും  കണക്കിൻ്റെ പരീക്ഷയും നടത്തി, സ്ലേറ്റിൽ മാർക്കും ഇട്ടുകൊടുക്കും. മാർക്ക് മായിച്ചു കളയാതെ വീട്ടിൽ കൊണ്ടുപോയി കാണിക്കണമെന്നാണ് ആശാൻ്റെ നിർദേശം.


ഒരിക്കൽ ആശാൻ ഉപന് കണക്കിന് പത്തിൽ    പത്തു മാർക്കും കൊടുത്തത് സ്ലേറ്റുയർത്തി അവൻ  കുട്ടികളെയൊക്കെ കാണിച്ചു അഭിമാനം കൊള്ളുകയുണ്ടായി. പിന്നീട്  'വെളിക്കു' വിട്ടപ്പോൾ മോഹനനൊപ്പം കളിച്ചു കൊണ്ട് നിന്ന ഉപൻ്റെ  അടുത്തേയ്ക്കു ഭാസ്കരൻ ഓടി വന്നിട്ട് പറഞ്ഞു :
"ഉപനേ, ദേ  നിൻ്റെ സ്ലേറ്റിലെ മാർക്ക് തങ്കപ്പൻ തുപ്പലു തൊട്ടു മാച്ചുകളേന്നു."
ക്‌ളാസ്സിലെ ഏറ്റവും പ്രായവും നല്ല ഉയരവുമുള്ള 'ചട്ടമ്പി ' കുട്ടിയായിരുന്നു തങ്കപ്പൻ; പഠിക്കുവാൻ പിന്നോട്ടും.  അവനു ആ കണക്കു പരീക്ഷയ്ക്കു അഞ്ചോ ആറോ മാർക്കേ കിട്ടിയിരുന്നുള്ളു. ഉപന് സങ്കടവും ദേഷ്യവും വന്നിട്ട് ഓടി ചെന്ന് അവൻ്റെ    കയ്ക്കിട്ടു രണ്ടുമൂന്നു അടി വച്ചുകൊടുത്തു. ഉടനെ അവൻ ഉപനേക്കേറി "മുറിമൂക്കൻ" എന്നൊരു വിളിയും വിളിച്ചു. ഉപൻ കരഞ്ഞുകൊണ്ട് പരാതിയുമായി ചേച്ചിയുടെ അടുത്തേക്കോടി.   ചേച്ചി ആശാനോട് വിവരം പറഞ്ഞു. ആശാൻ സ്ലേറ്റ് വാങ്ങി വീണ്ടും മാർക്കിട്ടു കൊടുത്തിട്ട് തങ്കപ്പനെ വിളിച്ചു അടുത്ത് നിർത്തിയിട്ടു തിരിഞ്ഞു നിൽക്കാൻ പറഞ്ഞു. അവൻ തിരിഞ്ഞു നിന്നതും ആശാൻ അവൻ്റെ തുടയ്ക്കു പിറകുവശത്തു കാര്യമായിത്തന്നെ ഞെരുടിത്തുടങ്ങി. വേദനകൊണ്ടു പുളഞ്ഞിട്ടു അവൻ ആ കാലുയർത്തിപിടിച്ച്  മറ്റേക്കാലിൽ കുതിരച്ചാട്ടം ചാടിയത് പിന്നീട് അവിടെ ആരും ഉപൻമോനെ ആ ഇരട്ടപ്പേര് വിളിക്കുന്നതിൽ നിന്നും രക്ഷിച്ചു.
             
ഉപൻ്റെയും  ചേച്ചിയുടെയും അടുത്ത കൂട്ടുകാർ വട്ടാംകുഴിയിലെ മോഹനനും മംഗലത്തെ ഓമനയും ആയിരുന്നു. മോഹനനും ഓമനയും ചേച്ചിയുടെ പ്രായക്കാരായിരുന്നു. മോഹനൻ്റെ കുടുംബവും, അമ്മച്ചിയുടെ  സ്ഥലമായ, മലയാലപ്പുഴയിൽ നിന്നും വന്നവരായിരുന്നതിനാൽ അവനുമായി, അവർക്ക് കൂടുതൽ അടുപ്പ മുണ്ടായിരുന്നു. അവർ നാലുപേരും ഒരുമിച്ചായിരുന്നു പള്ളിക്കൂടത്തിലേക്കു പോകുന്നതും തിരികെ വരുന്നതും. ഉച്ച വരെ മാത്രമേ പഠിത്തമുള്ളു. സ്കൂളിൽ നിന്നും തിരികെ വരുമ്പോൾ അവർ  മൂന്നു താവളങ്ങളിൽ കുറച്ചു സമയം ചെലവാക്കുക പതിവായിരുന്നു. ആദ്യത്തെ താവളം സ്കൂളിൻ്റെ കുറച്ചടുത്തു റോഡരികിൽ നിന്നിരുന്ന ഒരു വലിയ കുളമാവിൻ ചുവടായിരുന്നു. രണ്ടാമത്തെ താവളം വീട്ടിൽ നിന്നും സ്കൂളിലേക്കുള്ള വഴിയുടെ ഏതാണ്ട് മദ്ധ്യഭാഗത്തുള്ള വെള്ളച്ചാട്ടവും അതിനടുത്തു റോഡരികിൽ നിന്നിരുന്ന ഒരു കൂറ്റൻ ഇലവുമരത്തിൻ്റെ ചുവടുമായിരുന്നു. മൂന്നാമത്തേത് റോഡിൻ്റെയും അവരുടെ   വീടുനിൽക്കുന്ന പുര യിടത്തിൻ്റെയും ഇടയിൽക്കൂടി, വെള്ളച്ചാട്ടവും കഴിഞ്ഞു ഒഴുകിയെത്തുന്ന, തോട്ടിലെ കുളിക്കടവാണ്. അവിടെ ഒരു ചെറിയ കുളത്തിൻ്റെ വലുപ്പത്തിൽ വെള്ളം കെട്ടിനിൽക്കത്തക്ക വിധം കുഴിയുണ്ട്. കുളമാവ് കായ്ക്കുന്ന കാലമായാൽ സ്കൂൾ വിട്ടാൽ ഉടൻ അതിൻ്റെ ചുവട്ടിലേക്ക് ഓടിയെത്തും. ധാരാളം കുളമാവിൻ കായ്കൾ വീണു കിടപ്പുണ്ടാവും. മഞ്ചാടിക്കുരുവിനേക്കാൾ അല്പം കൂടി വലിപ്പമുള്ള കായ്ക്കു    കനമുള്ള തോടും അതിനകത്ത് നല്ല വെള്ള നിറത്തിലുള്ള, രുചിയുള്ള പരിപ്പുമാണുള്ളത്. ആദ്യം നിക്കറിൻ്റെ രണ്ടു പോക്കറ്റുകളിലും അവ പെറുക്കി നിറയ്ക്കും. പിന്നീടു പെറുക്കുന്നവയെല്ലാം അവിടെത്തന്നെയുള്ള പാറക്കല്ലിൽ വച്ചു ഇളകിക്കിടക്കുന്ന മെറ്റലെടുത്തു ഇടിച്ചു പൊട്ടിച്ചു പരിപ്പെടുത്തു മതിയാവോളം തിന്നും. പോക്കറ്റിൽ കിടക്കുന്നവ വീട്ടലെത്തിയാൽ സൗകര്യം കിട്ടുമ്പോൾ തല്ലിപ്പൊട്ടിച്ചു തിന്നും.  കുളമാവിൻ ചുവട്ടിൽ നിന്നും വെള്ളച്ചാട്ടത്തിനടുത്തെത്തിയാൽ ഇലവിൻ ചുവട്ടിൽ നിന്നുകൊണ്ട്, നുരയും പതയുമായി ഇരുപതു അടിയോളം താഴ്ചയിലേക്ക് കുതിച്ചു ചാടുന്ന, വെള്ളച്ചാട്ടത്തിൻ്റെ ഭംഗിയും അതിനുപരിയായി, വെള്ളച്ചാട്ടത്തിനു താഴെയുള്ള കുഴിയിൽ നിന്നും വെള്ളച്ചാട്ടത്തിന് മുകളിൽ എത്തുവാനായി ചാടിച്ചാടി അശ്രാന്തം പരിശ്രമിക്കുന്ന പരൽമീനുകളുടെ വ്യഗ്രതയും നോക്കി ആസ്വദിച്ചു നിൽക്കും. താഴെ നിന്നും മുകളിലേയ്ക്കു ചാടുന്ന മീനുകളിൽ ചിലവ കുത്തൊഴുക്കിൽ തെറിച്ചു പാറ പൊട്ടിച്ചുള്ള  കുഴികളിൽ വീഴും. അവയിൽ ചിലവ വീണ്ടും മുകളിലേയ്ക്കു ചാടുമ്പോൾ അതുപോലെയുള്ള മുകളിലത്തെ കുഴിയിൽ വീണെന്നിരിക്കും. ഈവിധം അശ്രാന്ത പരിശ്രമത്തിന്റെ ഫലം വിജയമായി ആഘോഷിക്കുന്നത് മുകളിലെത്തിയ മീനുകൾ അതിവേഗം, ഇനി താഴേയ്ക്ക് വീഴുമോ എന്ന ഭയത്താലെന്ന വിധം, മുകളിലത്തെ ചെറിയ ഒഴുക്കിൽ സസന്തോഷം നീന്തിത്തുടിച്ചു മുന്നോട്ടു പോയിട്ടാണ്. അവയുടെ ആ ശ്രമവും വിജയാഘോഷവും ഉപനും കൂട്ടരും നോക്കിനിന്നു, അവയോടൊപ്പം, ആസ്വദിക്കാറുണ്ട്. അവിടെ നിന്നും കുളിക്കടവിൽ എത്തിയാൽ ഉടുപ്പുകളൂരി, അവയും  ഓലപ്പുസ്തകക്കെട്ടും കൂടി കരയിൽ വച്ചിട്ട്, നാലുപേരും ദിഗംബരരായിട്ടു തോട്ടിൽ അര മണിക്കൂറോളം ചാടിമറിഞ്ഞിട്ടേ വീട്ടിലെത്തൂ.  ഇലവ് പൂക്കുന്ന കാലമായാൽ (അപ്പോൾ കുളമാങ്ങാ ഉണ്ടാകില്ല) ഇലവിൻ ചുവടാണ്  ആദ്യ താവളം. അവിടെ എത്തിയാൽ വെള്ളച്ചാട്ടവും പരൽ മീൻ ചാട്ടവും നോക്കി കുറച്ചു നേരം രസിച്ചു നിൽക്കും.  പിന്നെ ഇലവിൻ പൂവുകൾ പെറുക്കിയെടുത്തു അവയുടെ വെൽവെറ്റ് നിറത്തിൽ, നീണ്ട കട്ടിയുള്ള ദളങ്ങൾ ഇറുത്ത്‌ മാറ്റി,   നീണ്ട ഷേവിങ്ങ് ബ്രഷിൻ്റെ ആകൃതിയിലുള്ള പിടിയും കേസരങ്ങളും ചേർന്ന ഭാഗം ശേഖരിച്ചിട്ടു കുളിക്കടവിലെത്തി അവ വെള്ളത്തിലെറിഞ്ഞു ഒഴുകി വരുമ്പോൾ പിടിച്ചെടുത്തു കളിച്ചു രസിക്കും.  ഇലവുമരത്തിലെ പൂക്കളെല്ലാം കൊഴിഞ്ഞു കായ്ക്കളായി ഉണങ്ങി പൊട്ടിത്തെറിച്ചു നാലുപാടും സിൽക്കുപോലെയുള്ള പഞ്ഞിക്കൂടുകൾ പറന്നുനടക്കുന്ന കാലമാകുമ്പോൾ, റോഡിൻ്റെ ഇരുവശത്തുമുള്ള കാട്ടു ചെടികളിൽ അവ പറ്റിപ്പിടിച്ചു വെള്ളപ്പൂക്കളുടെ നീണ്ട നിരകളുടെ    മനോഹര ദൃശ്യം ഉളവാകുകയായി. ഉപനും കൂട്ടുകാരും മത്സരിച്ചു ഓടിനടന്നു അവ പെറുക്കി വായുവിലേക്ക് വീണ്ടും വീണ്ടും ഊതിപ്പറത്തി രസിക്കുകയായി. ഇലവിൻ്റെ പൂവോ കായോ ഇല്ലാത്ത സമയത്തു വീട്ടിലെ വയസ്സൻ റബ്ബർ മരങ്ങളിൽ നിന്നു പൊട്ടിത്തെറിച്ചു വീണുകിടക്കുന്ന റബ്ബർ കുരുക്കളാണ്  വെള്ളത്തിലെറിഞ്ഞു കളിക്കുവാനുള്ള കളിപ്പാട്ടമായിഅവർ കരുതുക.
ഓലപ്പള്ളിക്കൂടത്തിൽ  ചേർന്നിട്ടു ആറേഴു മാസം കഴിഞ്ഞ ഒരു ദിവസം, പനി പിടിച്ച  ചേച്ചിയില്ലാതെ ഉപൻ കൂട്ടുകാരുമൊത്തു സ്കൂളിലേക്ക് പോയി.  ഇലവിൻ പൂക്കളുമായി അവർ മൂവരും കുളിക്കടവിലെത്തി. ഓമന വീട്ടിലേയ്ക്കു പോയി.  ഉപനും മോഹനനും ദിഗംബരരായി, പൂക്കളുമെടുത്തു, തോട്ടിലേക്ക് ചാടി കളി തുടങ്ങി. അറിയാതെ ആഴക്കൂടുതൽ ഉള്ളിടത്തേയ്ക്കു, നീങ്ങി നീങ്ങി അരയ്ക്കു മുകളിൽ വെള്ളമുള്ളിടത്തായി കളി. കുറച്ചു കഴിഞ്ഞു  മോഹനൻ പറഞ്ഞു :
"നമ്മക്കിനി   വീട്ടിപ്പോവാം.  ഒരുപാടു താമസ്സിച്ചാ അച്ചനടിക്കും".
രണ്ടുപേരും കരയ്ക്കു കയറി. മോഹനൻ പിറകേ കയറിച്ചെന്ന  ഉപനേ തിരിഞ്ഞു നോക്കിയതും ഭയത്തോടെ ഉപൻ്റെ അരയ്ക്കു ചൂണ്ടി  വിളിച്ചു പറഞ്ഞു :
"ഉപനേ ദേ അട്ട കടിച്ചു തൂങ്ങിക്കെടക്കുന്നു"
അവൻ ചൂണ്ടിക്കാണിച്ച ഭാഗത്തേയ്ക്ക് ഉപൻ ഭയപ്പാടോടെ കുനിഞ്ഞു നോക്കിയതും,   ഉച്ചത്തിൽ അലറിയതും ഒരുമിച്ചായിരുന്നു. ഒരു കുള അട്ട രക്‌തം കുടിച്ചു വീർത്തുരുണ്ട്  അവൻ്റെ നാഭിയിൽ തൂങ്ങിക്കിടക്കുന്നു ! അവൻ തുള്ളിച്ചാടി, നിർത്താതെ, അലറിവിളിക്കുന്നതു കണ്ടപ്പോൾ മോഹനൻ ഭയന്ന് വശായി കാര്യം പന്തിയല്ലെന്ന് തോന്നിയിട്ടാവണം,  അവൻ്റെ തുണികളും ഓലക്കെട്ടും വലിച്ചു വാരിയെടുത്തു ഒറ്റ ഓട്ടം വച്ചുകൊടുത്തു. തനിച്ചായപ്പോൾ, ഉപൻ്റെ അലർച്ചയുടെ ആക്കം പതിന്മടങ്ങായി. അലർച്ചയ്ക്കിടെ വിളിച്ചു കൂവുന്നുമുണ്ട് :
"അമ്മച്ചിയേ....... ഓടിവായോ... ഉപമ്മോനെ അട്ടകടിച്ചേ...... ഞാം ചത്തുപൊമേ....ഓടിവായോ.... "  എന്ന്.
ആ സമയം വീട്ടിൽ ഭവാനി ആലോചിക്കുകയായിരുന്നു : 'ഉപൻമോൻ തനിയെയാണല്ലോ ഇന്ന് പോയിരിക്കുന്നത്. വരേണ്ട സമയവും കഴിഞ്ഞെന്നു  തോന്നുന്നു. ഒന്ന് തോടുവരെ പോയിനോക്കാം. ചേച്ചിയില്ലാതെ തോട്ടിൽ ചാടരുതെന്നു പറഞ്ഞിട്ടുള്ളതാണ്. മറ്റു പിള്ളേര് കൂടെയുള്ളതിനാൽ പറഞ്ഞതൊക്കെ മറന്നു പോയിട്ടുണ്ടാകും.'   ഭവാനി ഉടൻതന്നെ വഴിയിലേക്കിറങ്ങി.
കുറച്ചു നേരം എന്താണ് ചെയ്യേണ്ടതെന്നറിയാതെ   ഉപൻമോൻ പകച്ചു നിന്നുപോയി. അല്പം കഴിഞ്ഞപ്പോൾ തുണിയും ഓലക്കെട്ടുമെടുക്കാതെ, അലറിവിളിച്ചുകൊണ്ടു തന്നെ, വീട്ടിലേയ്ക്കുള്ള വഴിയേ മേലോട്ടൊടുവാൻ തുടങ്ങി.  പകുതി വഴിയ്ക്കു എത്തിയതും ഭവാനി ഉപൻമോന്റെ അലർച്ച കേട്ടു. ഏന്തോ കാര്യമായി നടന്നിരിക്കുന്നു ; ഭവാനി ഓടിയിറങ്ങി ചെന്നപ്പോൾ കണ്ടത് പറക്കുന്നവിധം കൈകൾ രണ്ടു വശങ്ങളിലും അടിച്ചുകൊണ്ട് നഗ്നനായി ഓടിവരുന്ന ഉപൻമോനെയാണ്.  അമ്മച്ചിയെ കണ്ടതും അവന് സങ്കടം കൂടുതലായി. ശബ്ദവും ഒപ്പം കൈകളും ഒന്നുകൂടി ഉയർത്തി, ഓട്ടത്തിൻ്റെ വേഗത കൂട്ടിക്കൊണ്ടു അവൻ അടുത്തെത്തി ഏങ്ങി ഏങ്ങി പറഞ്ഞൊപ്പിച്ചു : "മ്മചീ, അട്ട കടിച്ചു, മോൻ ചത്തുപോം" . അപ്പോഴാണ് അതു ഭവാനിയുടെ ശ്രദ്ധയിൽപ്പെടുന്നത് :  ഒരു കുള അട്ട അവൻ്റെ അടിവയറ്റിൽ രക്തം കുടിച്ചു വീർത്തുരുണ്ട് കടിച്ചു തൂങ്ങിക്കിടക്കുന്നു. ഭവാനി പെട്ടെന്ന് അവനേ പിടിച്ചു നിർത്തിയിട്ടു കുനിഞ്ഞു അട്ടയെ അടർത്തിയെടുത്തു ദൂരേക്കെറിഞ്ഞിട്ട് സമാധാനിപ്പിച്ചു :
"അട്ട പോയില്ലേ? ഇനി കരച്ചില് നിർത്ത്. മോൻ ചത്തു പോത്തോന്നുമില്ല"  എന്നിട്ടു ഉടുത്തിരുന്ന മുണ്ടിൻ്റെ തുമ്പുകൊണ്ടു അവൻ്റെ നനഞ്ഞിരുന്ന തലയും ദേഹവും തുവർത്തിക്കൊടുത്തു.. ഒരുമ്മ അവൻ്റെ കവിളിൽ കൊടുത്തിട്ട്, ആശ്വസിപ്പിക്കാനും  വിഷയം മാറ്റാനുമെന്ന വിധം ഒരു പുഞ്ചിരിയോട്, അവൻ്റെ പുറം തുടയ്ക്കു ഒരു കൊച്ചടി പാസ്സാക്കിക്കൊണ്ടു ഭവാനി അവനേ ശാസിച്ചു, :
"തനിയെ തൊട്ടിൽ ഇറങ്ങരുതെന്നു ഞാൻ  പറഞ്ഞിട്ടില്ലേ ? അതനുസരിക്കാഞ്ഞിട്ടല്ലേ അട്ട കടിച്ചത് ? മനുഷ്യനെ തീ തീറ്റിച്ചില്ലേ, നീ? ഇനി എന്നേലും തനിയേ നീ തോട്ടിലിറങ്ങുവോ ?"
"ഇല്ല", തൻ്റെ  തെറ്റ് മനസ്സിലായവണ്ണം അവൻ ജാള്യതയോടെ പറഞ്ഞു. അപ്പോഴാണ് അവൻ്റെ  തുണിയുടെയും ഓലക്കെട്ടിൻ്റെയും കാര്യം ഓർമ വന്നത്. ഭവാനി ചോദിച്ചു :
"മോൻ്റെ  ഉടുപ്പും ഓലേമൊക്കെ എവിടെ?"
"തോട്ടുകരേലൊണ്ട് "
"എന്നാ മോനിവിടെ നിക്ക്; അമ്മച്ചി അതെടുത്തോണ്ടു വരാം "
"വേണ്ടാ, എനിച്ചു പേടിയാ, ഞാനും വരും " :  അവൻ ചിണുങ്ങി. ഭവാനി അവനെയും എടുത്തു താഴെച്ചെന്നു തുണികളും മറ്റും എടുത്തുകൊണ്ടു വീട്ടിലേക്കു മടങ്ങി.


ഒരു ദിവസം  കേശവൻ ഉപനേയും കൊണ്ട് അടുത്തുള്ള ആയിരവല്ലി ക്ഷേത്രത്തിൽ ഉൽസവം  കാണുവാൻ കൊണ്ടുപോകുകയും അവിടെ വച്ച് ആദ്യമായി അവൻ കഥകളി കാണുകയുമുണ്ടായി.  കഥകളി അവനു പുതിയ ഒരനുഭവവും അനുഭൂതിയു മായിരുന്നു. താമസിയാതെ, ചേച്ചിയ്‌ക്കൊപ്പ, അവനെ അയിലറയിൽ പുതുതായി തുടങ്ങിയ പ്രാഥമിക വിദ്യാലയത്തിൽ പ്രവേശിപ്പിക്കുകയും   കുടിപ്പള്ളിക്കൂട ജീവിതത്തിൽ നിന്നും അവൻ വിട വാങ്ങുകയും ചെയ്തു.

മേമ്പൊടി 
----------------                              
പനയോലപ്പുസ്തകത്താളിലാശാൻ   
കനിവോടെ നാരായത്തുമ്പിനാലേ    
വിരചിക്കുമക്ഷര മാലകൾ ഞാനൊരു
വരമായ്ക്കരുതിപ്പഠിച്ച കാലം
കുളമാവിൻ ചോട്ടിൽ കഴിച്ച കാലം   
കുളയട്ട  തൻ കടിയേറ്റ കാലം    
ആ കടി   മൂലം താനങ്ങു  പരലോകം പൂകുമെ -                                                         ന്നകതാരു  നൊന്തു കരഞ്ഞകാലം.


നുരയും പതയുമായ്ച്ചാടിടും     വെള്ളത്തിൽ                                       പരൽമീൻ കുതിപ്പിൽ രസിച്ച കാലം
ഇലവിലെ പൂക്കളും കായ്കളു  മൊരുപോലെ
നിലവിൽ കളിക്കൂട്ടരായ കാലം


കഥകളിയാദ്യമായ് കണ്ടകാലം ഞാൻ     
കഥയറിയാതാട്ടം   കണ്ട കാലം
ഇവയൊക്കെയാണെന്റെയാശാൻ  പള്ളിക്കൂട                                        
ജീവിത കാലത്തെയോർമ്മപ്പൂക്കൾ

                                             
 6.        ഉപൻ്റെ കഥകളിയരങ്ങേറ്റം


.                ആ വർഷം   അടുത്തുള്ള ആയിരവല്ലിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് നടത്തിയ കഥകളി ആട്ടം കാണുവാൻ കേശവൻ ഉപനേയും കൂട്ടി പോവുകയുണ്ടായി. നിറക്കൂട്ടുള്ള വേഷഭൂഷാദികളണിഞ്ഞു  എരിയുന്ന വലിയ വിളക്കിൻ്റെ പിൻപിൽ നിന്നു ചാടുകേം ആടുകേം കൈക്രിയ കാണിക്കുകേം മുഖം വിറപ്പിക്കുകേം ഇടയ്ക്കു 'കോക്വ' എന്നു അലറുകേം ഒക്കെ ചെയ്യുന്ന ജന്തുക്കളെ കണ്ടു ഉപൻ മോൻ അമ്പരന്നു, അത്ഭുതം  കൂറി അച്ഛൻ്റെ കയ്യിൽ മുറുകെപ്പിടിച്ചു ഇരുന്നുപോയി. പതുക്കെ ആദ്യത്തെ ഭയം മാറിയപ്പോൾ ഉപന് അവരുടെ വേഷ ഭൂഷാദികളും ആടയാഭരണങ്ങളും ആട്ടവും ചാട്ടവും നൃത്തവുമൊക്കെ കാണുവാൻ നല്ല രസമായി. എല്ലാം ശ്രദ്ധിച്ചു, എന്നാൽ ഒന്നും മനസ്സിലാകാതെ, നോക്കി രസിച്ചു അവൻ ഇരുന്നുപോയി .പൊതുവേ അവന് ആ കളി ഇഷ്ടപ്പട്ടു. കളി കഴിഞ്ഞു തിരികെ വീട്ടിലേയ്ക്ക് നടക്കുമ്പോൾ ഉപൻ അവൻ്റെ സംശയങ്ങൾ അച്ഛനോട് ചോദിച്ചു.
"അച്ചാച്ചാ ആ ചാടിക്കളിച്ചോരു മനുസമ്മരല്ല്യോ,  അവർക്കു മിണ്ടാൻ പറ്റൂലേ, അവരെന്താ നഖം വെട്ടിക്കളയാത്തെ ?"  ഇനിയുമുണ്ട് അവനു ചോദ്യങ്ങൾ.
"അവരു മനുഷ്യേന്മാര് തന്നാ, മോനേ. ഇങ്ങനെ വേഷോമൊക്കെ കെട്ടി കൈക്രിയേമൊക്കെ കാണിച്ചു ചാടീം ആടീം ഒക്കെ കളിക്കുന്നേനാ ആട്ടക്കളി  എന്നു പറേന്നെ. കഥകളീന്നും പറേം. ആടുന്നോർക്കു മിണ്ടിക്കൂടാ. പകരം പെറകീ നിന്നു പാടുന്ന പാട്ടിൽ ഒരു കഥയുണ്ട്. ആ കഥ ആടുന്നോരു കൈക്രിയ കൊണ്ടും കണ്ണ് കൊണ്ടും മുഖത്തെ ഭാവം കൊണ്ടുമൊക്കെ അടയാളം കാണിച്ചു കാണാനിരിക്കുന്നോരെ മനസ്സിലാക്കിക്കൊടുക്കും. വലുതാകുമ്പോ മോനെല്ലാം മനസ്സിലാകും.
"കാണാൻ നല്ല രസോണ്ടാരുന്നു.  ആ പാടിയേല് എന്തോന്ന് കതയാരുന്നച്ചാച്ചാ?"  
"മഹാഭാരതോന്നു ഒരു കഥാ  പുസ്തകോണ്ട്. . പാണ്ഡവന്മാരുടേം കൗരവമ്മാരുടേം ഒക്കെ. അതിലേ ഒരു കഥയാ ദുശ്ശാസന വധം. ആ കഥയാ ഇന്ന് കളിച്ചേ."
"ന്നാ ആ കത മോന് പറഞ്ഞു താ. എനിച്ചു കേക്കാം കൊതിയാ." അവൻ നിർബന്ധിച്ചു.  
കേശവൻ മകന് മനസ്സിലാകും വിധം ആ കഥ അവനു പറഞ്ഞു കൊടുത്തു. അവൻ കണ്ട കാഴ്ചയും അച്ഛൻ പറഞ്ഞുകൊടുത്ത വിവരണങ്ങളും അവൻ്റെ കുഞ്ഞു ബുദ്ധിയിൽ സമന്വയിപ്പിച്ചു  ആ കളി വീണ്ടും അവൻ മനസ്സിൽ കണ്ടുകൊണ്ടേ നടന്നു.
വീടെത്തിയിട്ടു ഉറങ്ങുന്നത് വരെയും, അടുത്ത ദിവസങ്ങളിലും ആ ദൃശ്യ  വിരുന്നു അവൻ്റെ കൊച്ചു മനസ്സിൽ തെളിഞ്ഞു 'കളി'യാടിക്കൊണ്ടേയിരുന്നു.


ഒരു അവധി ദിവസം.  ഉപൻ തനിയെ മുറ്റത്തിറങ്ങി ചെമ്പരത്തിപ്പൂക്കൾ പൊട്ടിച്ചു കൂട്ടി കളിയ്ക്കുവാൻ തുടങ്ങുമ്പോൾ പെട്ടെന്ന് അവൻ്റെ  മനസ്സിൽ ഒരാശയവും കടന്നുവന്നു. ആട്ടക്കളി ഒന്ന് ആടിനോക്കിയാലെന്ത്? പിന്നെ താമസിച്ചില്ല. വേഷമില്ലാതെന്ത് ആട്ടം? ഉപൻ ആലോചിച്ചു.   ഉണങ്ങിയ വാഴനാരിൽ ചെമ്പരത്തിപ്പൂവുകൾ കെട്ടിത്തൂക്കി അഞ്ചാറ് മാലകളുണ്ടാക്കി. കുറേ പഴുത്ത പ്ലാവിലകൾ പെറുക്കിക്കൂട്ടി അവയും വാഴനാരിൽ  നീട്ടിയും കുറുക്കിയും കെട്ടിതൂക്കി പാവാടയും 'തുന്നി'യെടുത്തു. ഇനി കിരീടംത്തിനായി അച്ഛൻ പണിയ്ക്കു പോകുമ്പോൾ തലയിൽ വയ്ക്കുന്ന പാളത്തൊപ്പി  എടുത്തുകൊണ്ടു വന്നു പഴയ തുണികൾ കുത്തിനിറച്ചു തൊപ്പി തലയിൽ ഉറച്ചിരിക്കവിധമാക്കിയിട്ട് അതിൽ ഒരു ചെമ്പരത്തിപ്പൂ മാല ചുറ്റിക്കെട്ടിയിട്ടു. ഒരു ചെമ്പരത്തിപ്പൂവ്  തൊപ്പിയുടെ മുകളറ്റത്തുള്ള കുത്തി നിറുത്തി. ഇപ്പോൾ വേഷ ഭൂഷാദികളെല്ലാം വർണാഭയുള്ളവയായിക്കഴിഞ്ഞു. കളിവിളക്കിനായി . തലപ്പത്തു പൂവുള്ള ഒരു ചെമ്പരത്തിക്കമ്പു അടർത്തിയെടുത്ത്‌  ഇലകളെല്ലാം നീക്കി മുറ്റത്തരികിലുള്ള ഒരു ചെറിയ കുഴിയിൽ കുത്തിനിറുത്തി മണ്ണിട്ട് 'വിളക്ക്' ഉറപ്പിച്ചു നിറുത്തി. എന്നിട്ട് അവൻ ആടയാഭരണങ്ങൾ എടുത്തണിഞ്ഞു. നീളമുള്ള ഒരു മാല അറ്റങ്ങൾ കൂട്ടിക്കെട്ടാതെ  കഴുത്തിൽ കൂടി രണ്ടുവശങ്ങളിലായി ഒരേ നീളത്തിൽ തൂക്കിയിട്ടു - അതു തുമ്പത്തു കണ്ണാടിയുള്ള മാല. ഇനി ഒരു മാല ദുശ്ശാസനൻ്റെ കുടൽമലയ്ക്കായി മാറ്റിവച്ചു. ഒരു ഉണങ്ങിയ തെങ്ങിൻ കൊതുമ്പു ദുര്യോധനൻ്റെ ഗദയാക്കി   ഇനി ആടിത്തകർത്താൽ മതി. അവൻ ആലോചിച്ചു, എവിടെയാണ് തുടക്കം? പിടി കിട്ടി. ആദ്യം തിരനോട്ടം. തിരശ്ശീലയും അതു പിടിക്കുവാൻ ആളുമില്ല. സാരമില്ല. അവൻ സാങ്കൽപ്പിക തിരശീലയിൽ കയ്കൾ 'അങ്ങോട്ടുമിങ്ങോട്ടും നീക്കി പുരികങ്ങൾ ചുളിച്ചും കണ്ണുകൾ ഉരുട്ടിയും കവിളുകൾ വിറപ്പിച്ചും കൊണ്ട് ഒരു 'കോക്വാ' വിളിയോടെ, തിരശ്ശീല ഒന്ന് ബലത്തിൽ താഴ്ത്തിയിട്ടു വീണ്ടും ഉയർത്തി,  പെട്ടെന്ന് പിടിവിട്ടു, തിരിഞ്ഞു മറിഞ്ഞു വേദിയിൽ നിന്നും അല്പം മാറി നിന്നു. എന്നിട്ടു വീണ്ടും ആലോചിച്ചു. തുടക്കം നന്നായിട്ടുണ്ട്. അവനു അവനിൽത്തന്നെ അഭിമാനം തോന്നി. ഇനി? താമരപ്പൂ വിരിയിച്ചു പങ്കജാക്ഷനെ അവതരിപ്പിച്ചു. വീണ്ടും ഇടവിട്ട് ആലോചിച്ചാലോചിച്ചു നടനവും നൃത്തവും ദുര്യോധനനായി ഗദാപ്രയോഗവും, "കോക്വാ' പ്രയോഗവും നടത്തി. അടുത്തത് ദുശ്ശാസനനായി  പാഞ്ചാലിയുടെ വസ്ത്രം വലിച്ചഴിച്ചു. ഭീമനായി മാറിയിട്ട് , ദുര്യോധനൻ്റെ ഗദയെ ദുശ്ശാസനനാക്കി, അതിൻ്റെ മാറു പിളർന്നു രക്‌തം കുടിച്ചു, കരുതി വച്ചിരുന്ന ചെമ്പരത്തിപ്പൂമാല കുടൽമാലയാക്കി, അതിൽ നിന്നും ഒരു പൂവ് കടിച്ചു പിടിച്ചു രക്തമൊഴുകുന്ന ചുണ്ടുകളുമാക്കി, അലറിക്കൊണ്ട്, രണ്ടുകൈകളിലും പൂവിൻ്റെ ദളങ്ങൾ വച്ചു രക്താഭമാക്കി, എഴുന്നേറ്റു, ആ കൈകളിലെ രക്തം പാഞ്ചാലിയുടെ മുടിയിൽ പുരട്ടിക്കൊണ്ട്, ദുശ്ശാസന വധം അവസാനിപ്പിച്ചു.  

           ഉപൻ ആട്ടം തുടങ്ങിയപ്പോൾ  ഒരാൾ താഴേ വഴിയിൽക്കൂടി കയറിവരികയും അവൻ്റെ കോപ്രായക്കളി മറഞ്ഞുനിന്നു വീക്ഷിക്കുന്നതും അവൻ അറിഞ്ഞിരുന്നില്ല.  ഭവാനിയുടെ ഇളയ സഹോദരൻ കാർത്തികേയൻ, മലയാലപ്പുഴയിൽ നിന്നും വന്നതായിരുന്നു. മുറ്റത്തേയ്ക്കു കയറുന്ന വഴിയിലെത്തിയപ്പോൾ മുറ്റത്ത്  ചുവപ്പു നിറത്തിൽ എന്തോ പൊങ്ങിയും താണും ചലിക്കുന്നത് കാണുകയും, 'കോക്വാ' എന്നൊരു കുട്ടിശ്ശബ്ദം കേൾക്കുകയും ചെയ്തപ്പോൾ അതു എന്താണെന്ന്‌   മറഞ്ഞു നിന്നു ശ്രദ്ധിച്ചതാണ്.. ഉപൻമോൻ തകർത്തു കഥകളി ആടുന്നു! കളി കഴിഞ്ഞതും കാർത്തികേയൻ ഓടിച്ചെന്നു അവനേ കോരിയെടുത്തു "എടാ ഭയങ്കരാ" എന്നു പറഞ്ഞുകൊണ്ട് അവൻ്റെ  മുഖത്തും നെഞ്ചത്തുമൊക്കെ തുരുതുരാ ഉമ്മകൾ വയ്ക്കുവാൻ തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്ന്‌ അറിയാതെ ഉപൻമോൻ ഭയന്നുപോയി. അപ്പോഴാണ് ഉമ്മവയ്പ്പു കഴിഞ്ഞു തലയുയർത്തി തൻ്റെ മുഖത്ത് വാത്സല്യത്തോടെ നോക്കി ചിരിക്കുന്ന  'പൊന്ന'മ്മാവനെ അവൻ കാണുന്നത്. കണ്ടതും, നാണം കൊണ്ട് അവൻ ചൂളിപ്പോയി. കാർത്തികേയൻ ഉപൻമോനെയുമെടുത്തുകൊണ്ടു വീടിനകത്തു കയറി ചേച്ചിയേയുമന്വേഷിച്ചു നേരേ അടുക്കളയിലെത്തി, അവനേ നിലത്തു നിർത്തിക്കൊണ്ട് നടന്ന കാര്യങ്ങൾ ചേച്ചിയേ പറഞ്ഞു കേൾപ്പിച്ചിട്ടു അവർ രണ്ടുപേരും മതിയാവോളം ചിരിച്ചു.  ഉപനാണെങ്കിൽ, നാണം വന്നു അമ്മച്ചിയുടെ മുണ്ടിൻ തുമ്പെടുത്തു മുഖം ഒളിപ്പിച്ചു.
                .
    *******          *******         *******
ഉപൻ പ്രൈമറി സ്കൂളിൽ പഠിക്കുന്ന  കാലം. കഥകളിയിൽ വലിയ ഭ്രമമുണ്ടായിരുന്ന ഒരു നാട്ടുകാരൻ  ഒരു കഥകളി ആശാനെ സംഘടിപ്പിച്ചു കൊണ്ടുവന്ന് പത്തു പതിനഞ്ചു കുട്ടികൾക്ക്  കഥകളി ക്ലാസ് തുടങ്ങി. ഉപന് വലിയ താല്പര്യമുണ്ടായിരുന്നെങ്കിലും, ഉയരവും തടിയുമില്ലെന്നതിനാൽ   അവനൻ്റെ ആഗ്രഹം സഫലമായില്ല. അവൻ്റെ നിരാശ്ശ മനസ്സിലാക്കിയ കേശവൻ അവനേ സമാധാനിപ്പിച്ചു.
"ഇവരു പഠിച്ചു കഴിയുമ്പോഴേയ്‌ക്ക്‌ രണ്ടുവർഷം കഴിയും.  അപ്പോഴേയ്‌ക്ക്‌, മോൻ വലുതാകുവേം ചെയ്യും. അന്നേരം പുതിയ ക്ലാസ്സ്‌ തൊടങ്ങുമ്പം മോനും ചേരാം."


ഉപൻ  അവധിദിവസങ്ങളിൽ  പോയി കഥകളി പഠനം കണ്ടു മനസ്സിലാക്കുക പതിവാക്കിയിരുന്നു. അവരുടെ ചവിട്ടി ഉഴിയലുകളും, റിഹേർസലുകളും  അരങ്ങേറ്റ സമയത്തെ ചുട്ടികുത്തലും വേഷമണിയലും അരങ്ങേറ്റവും വരെ അവൻ കൗതുകത്തോടെ നോക്കിക്കണ്ടു സ്വയം മനസ്സിലാക്കിപ്പഠിച്ചു; ഏകാന്തതതയിൽ സ്വയം അഭിനയിച്ചു നോക്കി തൃപ്തിപ്പെട്ടു.  ആശാൻ തൻ്റെ ശിഷ്യരേയും കൂട്ടി ഉത്സവക്കാലത്തു കുറച്ചകലെയുള്ള സ്ഥലങ്ങളിൽ കഥകളി ആടുവാൻ പോയിത്തുടങ്ങി. താമസിയാതെ കുറേ കുട്ടികളെ സംഘടിപ്പിച്ചു അടുത്ത ക്ലാസ്സ്‌ തുടങ്ങുവാനുള്ള പദ്ധതിയുമിട്ടിട്ടു.  അതിനു മുൻപ് തൻ്റെ നാട്ടിലൊന്നു പോയി വരാമെന്നു പറഞ്ഞു ആശാൻ പോയി. അതു കഴിഞ്ഞു അയിലറനാട്ടിൽ ആരും ആശാനേ കാണുകയുണ്ടായില്ല. കുറച്ചു നാൾ കഴിഞ്ഞറിഞ്ഞൂ , ആശാൻ മരണപ്പെട്ടുവെന്ന്. ഉപൻ്റെ കഥകളി പഠികൂവാനുള്ള അമിതമായ ആഗ്രഹം അതോടെ പൂർത്തീകരിക്കപ്പെടാതെ അവശേഷിച്ചു 

      *******       *******     *******        


വർഷങ്ങൾക്ക് ശേഷം അമ്മാവന്  ദൂരെയുള്ള സർക്കാർ സ്കൂളിൽ ഡ്രായിങ് മാസ്റ്റർ ആയി ജോലിയായി.  ഉപനും സഹോദരരും, അമ്മച്ചിയുടെ ചേച്ചിമാരുടെയും അനുജത്തിമാരുടെയും, ഏതാണ്ടൊക്കെ സമപ്രായക്കാരായ,  കുട്ടികളെല്ലാവരും, വേനലവധിക്കാലത്തു മലയാലപ്പുഴയിലെ കുടുംബവീട്ടിൽ അവധിക്കാലം അടിച്ചുപൊളിക്കുവാൻ  എത്തും. ഒരു വേനലവധിക്കാലത്തു പത്തോളം, കുട്ടികൾ കുടുംബത്തെത്തി അടിച്ചുപൊളി ആരംഭിച്ചു. പിറകെ അമ്മാവനുമെത്തി.  മാമ്പഴക്കാലം. പകൽ മുഴുവൻ മാഞ്ചുവടുകളിൽ കൂടിയും മറ്റു കളികളിലേർപ്പെട്ടും അടിച്ചു പൊളിച്ചതിനു ശേഷം സന്ധ്യയ്ക്കു മുൻപ്  അടുത്തുള്ള വലിയ കുളത്തിൽ ചാടിമറിഞ്ഞു കുളിച്ചിട്ടു വീട്ടിലെത്തിയ ഒരു ദിവസം അമ്മാവൻ കുട്ടികളെയെല്ലാം മുറ്റത്തു വിളിച്ചു കൂട്ടിയിട്ട് പറഞ്ഞു :
"ഇനി വൈകുന്നേരങ്ങളിലെല്ലാം കുളിയും കഴിഞ്ഞു  ഇതേ സമയത്തു നിങ്ങളെല്ലാവരും ഈ മുറ്റത്തു കൂടിയിരിക്കണം.  എല്ലാവരും അവരോർക്കറിയാവുന്ന ഓരോ കലാ പ്രകടനം നടത്തണം. പാട്ടോ, ഡാൻസോ, കഥാപ്രസംഗമോ, കഥകളിയോ, പദ്യം ചൊല്ലലോ, ഉപന്യാസമോ , എന്തു വേണമെങ്കിലുമാകാം.  ഇന്ന് ആദ്യം യമുനയുടെ പാട്ട്, പിന്നെ കമലയുടെ ഡാൻസ്. അതുകഴിഞ്ഞു ഉപൻ്റെ കഥകളി."
അമ്മാവനെ എല്ലാവർക്കും ഭയവും ബഹുമാനവുമാണ്.  ആർക്കും ഒഴിഞ്ഞു മാറുവാൻ സാധ്യമല്ല, അനുസരിക്കുകയേ നിവർത്തിയുള്ളൂ. പരിപാടി തുടങ്ങി.   യമുന പാടിയപ്പോഴും കമല 'അമ്പിളി അമ്മാവാ താമരക്കുമ്പിളിലെന്തുണ്ട് ' എന്ന പാട്ട് പാടി ഡാൻസ് ചെയ്യുമ്പോഴും ഉപൻ  കഥകളി എങ്ങിനെ അവതരിപ്പിക്കണമെന്നു ആലോചിച്ചുറപ്പിക്കുകയായിരുന്നു ഉപൻ്റെ അവസരമായി. പണ്ട് സ്വന്തം കയ്യൊപ്പുണ്ടായിരുന്ന വേഷ ഭൂഷാദികളുടെയും  ആടയാഭരണങ്ങളുടെയും സഹായത്തോടെ അവൻ ആടിയ 'കോപ്രായ' ആട്ടക്കളി മറഞ്ഞു നിന്നു കണ്ടു ആസ്വദിച്ച അമ്മാവനും, അതേപ്പറ്റി അറിവില്ലാത്ത മറ്റുള്ളവരുമടങ്ങിയ കുടുംബസദസ്സിനും മുൻപിൽ  വേഷങ്ങളൊന്നുമില്ലാതെ കുറെയൊക്കെ ആധികാരികമായ വിധത്തിൽ ഉപൻ തകർത്ത് ഒരു ഒറ്റയാൾ കഥകളി അവതരിപ്പിച്ചു. ഉപൻ്റെ സ്വയം പരിശീലനത്തെപ്പറ്റി അറിവില്ലാതിരുന്ന അവർ അത് എത്രമാത്രം ആസ്വദിച്ചിരിക്കണമെന്നറിയില്ല. എന്തായാലും ഒരു കയ്യടിയോടെ അവരെല്ലാം അവൻ്റെ കളി  അംഗീകരിക്കുകയുണ്ടായി.

മേമ്പൊടി

------------
                                          
കഥയറിയാതന്നു  കണ്ടൊരാട്ടം, ഗുരു -             
നാഥനില്ലാതേയരങ്ങേറി, ഞാൻ  സ്വയം.

കാണികളായിട്ടങ്ങാരു മില്ലെങ്കിലോ
നാണിച്ചു  നിൽക്കേണ്ട കാര്യവുമില്ലല്ലോ?                                                                                                                         കാണുവാനായൊരാൾ നിന്നിരുന്നെങ്കിലും 
കാണുവാനായില്ലയാളെ എനിക്കഹോ !


കണ്ട ആളെന്നേയെടുത്തുമ്മ വച്ചിട്ടു
കൊണ്ടുപോയമ്മതൻ ചാരേ  പറയുവാൻ.


കൊണ്ടു നാണം, പിന്നൊളിക്കുവാനമ്മതൻ
മുണ്ടിൻ്റെ  തുമ്പെനിക്കെന്തോരനുഗ്രഹം !


കഥയിതു വേനലവധിക്കാലത്തൊരു     
മധുരാനുഭൂതിയായ് മാറ്റിയെൻ  മാതുലൻ
        
                                                                   
7.   സ്കൂൾ  പ്രവേശനവും  ഇടിച്ചു കയറിത്തന്നെ   !

ഉപനും ചേച്ചിയും കുടിപ്പള്ളിക്കൂടത്തിൽ രണ്ടാം പാഠ പുസ്തകത്തിലെ അഞ്ചാറു പാഠങ്ങളും   അതിനനുസൃതമായ കണക്കും പഠിച്ചു കഴിഞ്ഞ സമയം. ഇതിനിടെ ഭവാനി വീണ്ടും ഗർഭിണിയാകുകയും ഇളയ മകൻ ബാബുവിനെ ഭവാനിയുടെ അച്ഛനുമമ്മയും വന്നപ്പോൾ അവർ നോക്കിക്കൊള്ളാമെന്നു പറഞ്ഞു  അവർക്കൊപ്പം കൂട്ടിക്കൊണ്ടു പോകുകയും ചെയ്തിരുന്നു. താമസിയാതെ തന്നെ ഭവാനി തൻ്റെ അഞ്ചാമത്തെ കുഞ്ഞിന്, സുധയ്ക്ക് , ജന്മം കൊടുക്കുകയും, കേശവൻ്റെ ബുദ്ധിമുട്ടുകൾ  ഏറി ഏറി വരികയും ചെയ്തു .
സ്ഥലത്തു ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിച്ചു കിട്ടുവാനുള്ള കേശവന്റെ ആൽമാർത്ഥമായ ശ്രമം അവസാനം ഫലവത്താകുക തന്നെ ചെയ്തു.   അയിലറയിൽ ഒരു പ്രാഥമിക വിദ്യാലയം അനുവദിച്ചുകൊണ്ടുള്ള അറിയിപ്പു വന്നു.. തുടക്കത്തിൽ നാലാം തരം വരെ മാത്രം. അതിനടുത്ത അദ്ധ്യയന വർഷം മുതൽ    അഞ്ചാം തരം വരെ ഉണ്ടാകും. പക്ഷേ ഒരു പ്രശ്നം. വിദ്യാലയം ഈ അദ്ധ്യയന വർഷം തന്നെ തുടങ്ങണമെങ്കിൽ, സർക്കാർ സ്ഥലം വാങ്ങി കെട്ടിടം ഉണ്ടാക്കുന്നത് വരെ, നാട്ടുകാർ അതിനുള്ള കെട്ടിടം കൊടുക്കണം. അതല്ലെങ്കിൽ സർക്കാർ അതു ചെയ്യുന്നത് വരെ കാത്തു നിൽക്കണം.  

സ്കൂൾ അനുവദിച്ചു   വന്ന സമയം കേശവൻ സ്വന്തം മണ്ണിൽ വീട് വയ്ക്കുവാനായി  അസ്തിവാരം കെട്ടിയിരുന്നു. വീട് പണിയുവാനായി കുറേ രൂപയും തടിയും .സ്വരുക്കൂട്ടി വയ്ക്കുകയും ചെയ്തിരുന്നു.

സ്കൂൾ അനുവദിച്ചു കിട്ടിയെങ്കിലും സ്കൂൾ തുടങ്ങാൻ  സ്ഥലമോ കെട്ടിടമോ കൊടുക്കുവാനായി ആരും മുന്നോട്ടു വരികയുണ്ടായില്ല. പുതിയ അദ്ധ്യയന വര്ഷം തുടങ്ങുവാൻ ഇനി നാല് മാസത്തോളമേ ബാക്കിയുള്ളു.   ഒരു ഉറച്ച തീരുമാനത്തിലെത്തുവാൻ കേശവന് പിന്നെ അധികം സമയം വേണ്ടി വന്നില്ല. ഉടൻതന്നെ ക്ലാസ്സുകൾ തുടങ്ങുവാനുള്ള, ഒരു കെട്ടിടം ഉണ്ടെന്നും  ഈ അദ്ധ്യയന വരർഷം തന്നെ വിദ്യാലയം അനുവദിച്ചു തരണമെന്നും അധികാരികളെ കേശവൻ അറിയിച്ചു. പിന്നെ അടിയന്തിരാടിസ്ഥാനത്തിൽ ജോലിയാരംഭിച്ചു . അസ്തിവാരത്തിൽ  മണ്ണിട്ടുറപ്പിച്ചു ചാണകം മെഴുകി. വീടുപണിക്കായി കരുതിവച്ചിരുന്ന ഉറപ്പുള്ള തടികൾ കൊണ്ടു പത്തോളം തൂണുകൾ നാലുചുറ്റും നടുഭാഗങ്ങളിലുമായി ഉറപ്പിച്ചിട്ടു അതിനുമുകളിൽ,  തടിയറപ്പിച്ചു കരുതി വച്ചിരുന്ന ഉത്തരങ്ങളും കഴുക്കോലുകളും കൊണ്ടു മേൽക്കൂരയും പണിയിച്ചു ഓലമേയുകയും ചെയ്തു. അയിലറയിലെ ആദ്യത്തെ പ്രാഥമിക വിദ്യാലയം തയ്യാർ.

അദ്ധ്യയന വര്ഷം തുടങ്ങുന്നതിനും മുൻപ് തന്നെ വിദ്യാലയവും മൂന്നു   അധ്യാപകരെയും അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് വന്നു. ഒന്നും രണ്ടും  തരങ്ങൾ ഉച്ച വരെയും മൂന്നും നാലും തരങ്ങൾ ഉച്ച കഴിഞ്ഞും പ്രവർത്തിക്കണം.    ഏരൂർ സ്കൂളിലെ മുതിർന്ന അധ്യാപകനായിരുന്ന, കേശവന് പരിചയമുണ്ടായിരുന്ന, ആന്റണി സാറിനെയാണ് ഹെഡ്‌മാസ്റ്റർ ആയി നിയമിച്ചത്.    കഴിഞ്ഞ വര്ഷം മൂന്നാം ക്ലാസ്സ് വരെ അയിലറയിൽ നിന്നും ഏരൂർ സ്കൂളിൽ പോയി പഠിച്ചിരുന്ന കുട്ടികൾക്ക് ഇനി അയിലറ സ്കൂളിൽ നാലാമത്തെ ക്ലാസ് വരെ ചേർന്ന് പഠിക്കാം.  കേശവൻ മൂത്ത മകൾ വിലാസിനിയേയും ഇനി അയിലറെ നാലാം ക്‌ളാസിൽ ചേർക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്.


 8.    പ്രൈമറി സ്കൂളിലേയ്ക്ക്

പ്രവേശനം തുടങ്ങിയ ദിവസ്സം തന്നെ   കേശവൻ തൻ്റെ ഇളയ രണ്ടു മക്കളേയും കൊണ്ടു തൻ്റെ  വീടാകേണ്ടിയിരുന്ന, ഭാവിയിൽ ഇനിയും ആകേണ്ടിയിരിക്കുന്ന , വിദ്യാലയത്തിലെത്തി  ആന്റണി സാറിൻ്റെയടുത്തു ചെന്ന് അവർ രണ്ടു പേരുടെയും പ്രായം എത്രയെന്നു ധരിപ്പിച്ചിട്ടു തുടർന്നു :.

"ഇപ്പോ രണ്ടു പേരും  കുടിപ്പള്ളിക്കൂടത്തി രണ്ടാം പാഠവും കണക്കും പഠിക്കുന്നുണ്ട്. മോളേ  രണ്ടാം ക്‌ളാസ്സിൽ ചേർത്താട്ടെ. മോനേ ഒന്നാം ക്ലാസ്സിലും." .
"എന്നേം ചേച്ചീടെകൂടെ രണ്ടാം ക്ലാസ്സീ ചേർത്താ മതി എനിക്കോന്നാം ക്‌ളാസ്സു വേണ്ടാ"   ഉപൻ്റെ പ്രതിഷേധ പ്രതികരണം പെട്ടെന്നുണ്ടായി. കേശവനറിയാം ഇനി രക്ഷയില്ലെന്ന്. "ഇനി സാറു തന്നെ കാര്യങ്ങൾ കൈകാര്യം ചെയ്യട്ടെ."  കേശവൻ മനസ്സിൽ പറഞ്ഞുകൊണ്ട് മിണ്ടാതെ നിന്നു. ആന്റണിസ്സാറു ഉപൻ്റെയും പിന്നെ കേശവൻ്റെയും മുഖങ്ങളിൽ മാറി മാറി നോക്കിയിട്ടു ഉപനോടായി പറഞ്ഞു:
"മോനതിനു ഒന്നാം ക്ലാസ്സിൽ ചേർക്കാനുള്ള വയസ്സുപോലുമായിട്ടില്ലല്ലോ; പിന്നെങ്ങനാ രണ്ടാം ക്ലാസ്സീ ചേർക്കാമ്പറ്റുന്നേ?  ഒന്നാം ക്ലാസ്സീ ചേർക്കാം, അതേ പറ്റത്തൊള്ളൂ."
ഉപനത് ചിന്തിക്കുവാനോ സഹിക്കുവാനോ പറ്റുമായിരുന്നില്ല. കരച്ചിലിൻ്റെ വക്കത്തെത്തിയ  അവൻ പെട്ടെന്ന് അച്ഛന്റെ കൈകളിൽ കയറിപ്പിടിച്ചു തലയുയർത്തി നോക്കിക്കൊണ്ടു വിമ്മിഷ്ടത്തോടെ പറഞ്ഞൊപ്പിച്ചു :
"വേണ്ടാച്ചാച്ചാ എന്നേ ചേച്ചീടെ കൂടെ രണ്ടില് ചേർത്താ മതി. ഒന്നില് ഞാമ്പോവത്തില്ല.."  അവൻ ചിണുങ്ങുവാൻ തുടങ്ങി. കേശവൻ അവനേ സമാധാനിപ്പിക്കുവാൻ ശ്രമിച്ചു.
"മോനേ രണ്ടില് ചേർക്കാൻ പറ്റില്ലെന്ന് സാറു പറഞ്ഞത് മോൻ കേട്ടതല്ലേ? നിർബന്ധം പിടിക്കല്ലേ, പറഞ്ഞത്  കേക്ക്."
ഉപൻ അച്ഛൻ്റെ കയ്യിലെ പിടിവിട്ടിട്ടു പെട്ടെന്ന് നിലത്തേക്ക് മൂടിടിച്ചു വീണു ഉറക്കെ കരഞ്ഞു കൊണ്ടു, കാലുകൾ   മുന്നോട്ടും പിന്നോട്ടും ഉരച്ചു കൈകൾ രണ്ടു തുടകളിലും ആഞ്ഞാഞ്ഞടിച്ചു കൊണ്ട്, വിക്കി വിക്കി പറഞ്ഞു കൊണ്ടേയിരുന്നു :
"എനിക്കു ചേച്ചീടെ കൂടെ രണ്ടില് പോയാ മതി ... രണ്ടില് ... രണ്ടില് ..."
ഇതൊക്കെ കണ്ടു വാഗമ്മയും കരയുമെന്ന മട്ടിലായി.     പ്രവേശനത്തിന് വന്ന മറ്റുള്ളവരും കുട്ടികളും നോക്കി നിൽക്കുകയാണ് .  ഒന്നു രണ്ടു കുട്ടികൾ തിരികെ വീട്ടിൽ പോകണമെന്നു നിർബന്ധം പിടിച്ചു കരയുന്നുമുണ്ട്. പലർക്കും അതിശയമായി; തങ്ങളുടെ കുട്ടികൾ ക്‌ളാസ്സിൽ ചേരേണ്ടെന്നും പറഞ്ഞു കരയുമ്പോൾ, ഇതാ അവരേക്കാൾ ചെറിയ ഒരു കുട്ടി ഒന്നിൽ പോരാ, രണ്ടിൽ ചേർക്കണമെന്ന് പറഞ്ഞു കരഞ്ഞു വാശികൂട്ടുന്നു !
കേശവനും സാറും വിഷമത്തിലായി. കേശവന് നേരിയ ഭയം . കേശവൻ സാറിനോട് ആരാഞ്ഞു :
"രണ്ടിലാക്കാൻ ഒരു വഴിയുമില്ലേ, സാർ?  അവനങ്ങിനെയാ, മനസ്സിലെന്തെങ്കിലും കണ്ടാപ്പിന്നെ അതിനായി വാശി കൂട്ടും,  അത് നടക്കുന്നതു വരെ. രണ്ടു വയസ്സ് തികയുന്നതിനു മുൻപ് അവൻ്റെ തള്ളയോട് എന്തിനോ വാശി പിടിച്ചു വെയിലത്തു പോയിക്കിടന്നു കരഞ്ഞു കരഞ്ഞു അവനു ശന്നി വന്നിട്ടുണ്ട്.  അതിനു ശേഷം അവൻ കാര്യമായി വാശി പിടിയ്ക്കുമ്പോൾ ഞങ്ങൾക്ക് പേടിയാകും."
ആന്റണി സാർ ഒരുനിമിഷം ആലോചിച്ചിട്ട് പറഞ്ഞു : "ഒരു വഴിയുണ്ട്, പക്ഷേ അവന്  ഒരു വർഷത്തിലേറെ നഷ്ടമാകും. രേഖകളിൽ വയസ്സ് കൂട്ടി വയ്‌ക്കേണ്ടിവരും. ഇപ്പോഴുള്ള പ്രായം കാണിച്ചു രണ്ടിൽ ചേർക്കുവാൻ  എനിക്കനുവാദമില്ല. പിന്നെ ഞാനവനോട് കുറെ ചോദ്യം ചോദിക്കും, കേട്ടെഴ്ത്തു കൊടുക്കും ചെറിയ കണക്കും ചെയ്യിക്കും. രണ്ടിൽ ചേർക്കാൻ പറ്റുമോന്നറിയുകേം വേണം"
കേശവന് ആശ്വാസമായി
"അതു സാരമില്ല.  സാറ് വയസ്സ് ഒരു വര്ഷം കൂട്ടി വച്ചു അവനേ രണ്ടില് ചേർത്താട്ടെ "  
തകർത്തു കരയുകയായിരുന്നെങ്കിലും ഉപൻ അച്ഛൻ്റെയും സാറിൻ്റെയും സംസാരം ശ്രദ്ധിക്കുന്നുമുണ്ടായിരുന്നു. അവരുടെ രണ്ടുപേരുടെയും അവസാന വാക്കുകൾ കേട്ടപ്പോൾ അവനു പ്രതീക്ഷയായി. കരച്ചിലിൻ്റെ ആക്കം പതുക്കെ കുറഞ്ഞു വന്നു.
"കരയണ്ടാ, രണ്ടില് തന്നെ ചേർക്കാം, എന്താ,  പോരേ ? ഇനി എഴുന്നറ്റു നിന്നു ചിരിക്ക്." , സാറു അവനേ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു. സാറിൻ്റെ  വാക്കുകൾ കേട്ടപ്പോൾ അവൻ്റെ കരച്ചിൽ പെട്ടെന്ന് നിന്നു. എഴുന്നേറ്റു കണ്ണീരിൽ കുതിർന്ന ഒരു പുഞ്ചിരിയോടെ അവൻ സാറിനെ നോക്കി തലയാട്ടി 'മതി' യെന്നു സമ്മതമറിയിച്ചു. സാറ് അവനെ പരീക്ഷിച്ചു നോക്കി.  അതിലവർ വിജയിക്കുകയും ചെയ്തു.
അങ്ങിനെ തൻ്റെ  ഒരു വർഷത്തിലധികം  ആന്റണി സാറിനു വിട്ടുകൊടുത്തു കൊണ്ട് ഉപൻ,   കുടിപ്പള്ളിക്കൂടത്തിലെന്നപോലെ തന്നെ, 'ഇടിച്ചു' കയറി,  രണ്ടാം ക്ലാസ്സിലേക്ക് പ്രവേശനം നേടി! അതും സ്വന്തം വീട്ടിലാരംഭിച്ച  സ്കൂളിൽ,ആദ്യ വര്ഷം തന്നെ, തുടക്കക്കാരനായി ! ഒരു പക്ഷേ ആർക്കും നേടാൻ  ആവാത്ത ഭാഗ്യം !!!

ക്ലസ്സു തുടങ്ങുന്ന അടുത്ത തിങ്കളാഴ്ച ഉപനും ചേച്ചിമാരും   സമയത്തിനു മുൻപുതന്നെ സ്വന്തം വീട്ടിലെ സർക്കാർ വിദ്യാലയത്തിലെത്തി. ആന്റണി സാർ  നാലു ക്‌ളാസ്സുകളിലെയും കുട്ടികളെയെല്ലാം വെവ്വേറെ തറയുടെ ഇടതും വലതുമായി നിർത്തിയിട്ടു പറഞ്ഞു :
"നമുക്ക് ആദ്യം നമ്മുടെ തിരുവിതാംകൂർ മഹാരാജാവിനെ സ്തുതിച്ചു കൊണ്ടുള്ള വഞ്ചീശ മംഗളം ചൊല്ലാം. വഞ്ചീശ മംഗളം നല്ലപോലെ പാടാനറിയാവുന്നോരൊക്കെ കൈ പൊക്കിക്കേ ."
ഏരൂർ സ്കൂളിൽ നിന്നു വന്ന, വിലാസിനിയുൾപ്പെടെ  മൂന്നു നാലു പെൺകുട്ടികളോടൊപ്പം വാഗമ്മയും ഉപനും എഴുന്നേറ്റു നിന്നു.
“ഉപന് മുഴുക്കെ നല്ലപോലെ അറിയാമോ?”, സാറ്ഉപനോട്  ചോദിച്ചു
“അറിയാം.  വിലാസിനി ചേച്ചി ഞങ്ങളെയും പഠിപ്പിച്ചിട്ടുണ്ട് “, ഉപനു റെഡി ഉത്തരം.
“ശരി , നിങ്ങള് പാടിക്കേ”  സാറ് പറഞ്ഞതനുസരിച്ച് അവർ  പാടുവാൻ തുടങ്ങി :

"വഞ്ചിപൂ(ഭു)മിപതേ ചിരം             
സഞ്ചിതാഭം ജയിക്കേണം        
ദേവദേവൻ ഭവാനെന്നും         
ദേഹസൗഖ്യം വളർത്തേണം

     ***             *** ***       
,                             
മാലകറ്റി ചിരം പ്രജാ-                               
പാലനം ചെയ്തരുളേണം         
വഞ്ചിപൂ(ഭു)മിപതേ ചിരം             
സഞ്ചിതാഭം ജയിക്കേണം        ."

ആന്റണി സാർ വളരെ ഗൗരവക്കാരനും കണിശ്ശക്കാരനുമാണ് ; ഒപ്പം കുട്ടികളോട് വാത്സല്യം കാണിക്കുവാൻ മടിക്കാത്തയാളും. താമസിയാതെ ഉപൻ സാറിൻ്റെ  അരുമ ശിഷ്യനായി മാറി. ആദ്യ വർഷം അവസാനത്തോട് കൂടി അയിലറയുടെ മദ്ധ്യഭാഗത്തായി, തോട്ടിൻ കരയിലുള്ള രണ്ടേക്കറോളം സ്ഥലം സർക്കാർ ഏറ്റെടുത്ത് അതിൽ ഓല മേഞ്ഞ, അരഭിത്തിയോടും പനമ്പിനാലും മറച്ച, ആറേഴു ക്ലാസുകൾ നടത്തുവാനുതകും വിധമുള്ള,  ഒരു വലിയ കെട്ടിടം നിർമ്മിച്ച് വേണ്ട ഉപകരണങ്ങളും സംഘടിപ്പിച്ചു. അടുത്ത അദ്ധ്യയന വർഷം വിദ്യാലയം അങ്ങോട്ട് മാറ്റുകയും അഞ്ചാം തരം കൂടി ആരംഭിക്കുകയും ചെയ്തു. ഇതിനകം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞിരുന്നു. തിരുവിതാംകൂർ ഉൾപ്പെടെയുള്ള നാട്ടു രാജ്യങ്ങൾ ഇന്ത്യാ മഹാരാജ്യത്തോട് ലയിക്കുക ചെയ്ത കാരണം ആ അദ്ധ്യയന വർഷം ആദ്യം മുതൽ തന്നെ വിദ്യാലയങ്ങളിൽ ഇന്ത്യയുടെ ദേശീയഗാനമായ 'ജനഗണമന" പാടിത്തുടങ്ങുകയും പഴയ 'വഞ്ചീശ മംഗളം'നിലയ്ക്കുകയും ചെയ്തു.

വഞ്ചിനാഥൻ കനിഞ്ഞിങ്ങു  തന്ന പാഠശാല താതൻ
തഞ്ചമോടെ തന്‍റെ വീട്ടിന്നസ്‌തിവാരേ പ്രതിഷ്ഠിച്ചു.

നെഞ്ചു പൊട്ടിക്കരഞ്ഞിട്ടൊരു  പുഞ്ചിരിയാൽ തരമാക്കീ
തഞ്ചമോടെ തരം രണ്ടിൽ നെഞ്ചിലേറ്റി, യഡ്മിഷൻ ഞാൻ

മൊഞ്ചലോടും കൊഞ്ചലോടും വഞ്ചിനാഥന് സ്തുതി ചൊല്ലി
"വഞ്ചിഭൂമീ പതേ ചിരം സഞ്ജിതാഭം ജയിക്കേണം "

വര്ഷമൊന്നു കഴിഞ്ഞപ്പോൾ വിദ്യാലയം  സ്ഥലം മാറി,
വന്നൂ "ജനഗണമന, "പോയി  "വഞ്ചിനാഥൻ" സ്തുതി
                                  
 9.  കറുമ്പിപ്പശുവും  നന്ദിനിക്കോഴയും 

വിദ്യാലയം  തുടങ്ങി രണ്ടാം വർഷം  സ്കൂൾ പുതിയ സർക്കാർ കെട്ടിടത്തിലേക്ക്  മാറ്റിക്കഴിഞ്ഞപ്പോൾ ഒഴിഞ്ഞുകിട്ടിയ സ്വന്തം  വീട്ടിലേയ്ക്കു താമസം മാറ്റുവാൻ കേശവൻ തീരുമാനിച്ചു.   പക്ഷേ കരുതി വച്ചിരുന്ന പൈസ എടുത്തു ആ വസ്തുവിനോട് ചേർന്നു കിടന്നിരുന്ന 60 സെന്റ് വസ്തു വാങ്ങിയത്   കാരണം ഇനി ഉടനെയെങ്ങും വീടുപണി പൂർത്തീകരിക്കുവാൻ പറ്റാത്ത അവസ്ഥയിലായി. എന്നാൽ അതുകൊണ്ടൊന്നും കേശവൻ പിന്മാറിയില്ല. അടുക്കളയും അതിനോട് ചേർന്ന മുറിയും   ഓല കെട്ടി മറച്ചു, വാതിലുകളും ഉണ്ടാക്കി. ബാക്കിയുള്ള ഭാഗം അറുത്തു വച്ചിരുന്ന പലകകൾ കൊണ്ടു കെട്ടി മറച്ചു , താമസവും അങ്ങോട്ടാക്കി.

പുതിയ വീടു നിന്നിരുന്നത് തുറസ്സായ,  കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന പച്ചപ്പു  നിറഞ്ഞ, സ്ഥലത്തായിരുന്നു. പുതു മണ്ണിൽ പലതരം കൃഷികൾ  സമൃദ്ധമായി തഴച്ചു വളർന്നു നിൽക്കുന്ന അന്തരീക്ഷം. വീടിനും കുറേ മുകളിലായി  വെട്ടാതെ ബാക്കി നിറുത്തിയിരിക്കുന്ന പറങ്കിമാവിൻ തോട്ടം. അതിനപ്പുറം കൃഷിയൊന്നുമില്ലാതെ കുറെയേറെ സ്ഥലം  കാടുപിടിച്ചു കുറുക്കൻ്റെയും മറ്റും വിഹാര സ്ഥലമായി കിടക്കുകയാണ്. വേനലവധി സമയമായാൽ ഉപനും ചേച്ചിമാരും അതിരാവിലെ എഴുന്നേറ്റു  ഓരോ വട്ടിയുമെടുത്തു കശുമാവിൻ തോട്ടത്തിൽ പോയി വീണു കിടക്കുന്ന കശുവണ്ടികളെല്ലാം ശേഖരിക്കും. ആഴ്ചയിൽ രണ്ടു ദിവസ്സം എരൂരുള്ള ചന്തയിൽ കശുവണ്ടി കൊണ്ടുപോയി വിൽക്കുകയാണ് പതിവ്. ചന്തയുടെ തലേ ദിവസ്സം കേശവൻ കശുമാവുകളിൽ കയറി  പഴുത്തു നിൽക്കുന്നവ കുലുക്കിയിടും. അവ ശേഖരിക്കേണ്ടതും അവരുടെ ജോലിയായിരുന്നു. ക്രമേണ ഉപനും മരങ്ങൾ കയറുവാൻ തുടങ്ങിയപ്പോൾ കേശവൻ അതിൽ നിന്നും പതുക്കെ പിന്മാറി മുഴുവൻ ജോലിയും മക്കൾക്ക് കൈമാറുകയും ചെയ്തു.

കറുമ്പിപ്പശു  
-----------------

ഇതിനിടെ വീടിനു  പിറകു വശത്തായി കേശവൻ ഒരു എരുത്തിൽ കെട്ടി അധികം പ്രായമായിട്ടില്ലാത്ത രണ്ടു പശുക്കളെ  - ഒരു കറുമ്പിയും ഒരു പുള്ളിയും - വാങ്ങി വളർത്തുവാൻ തുടങ്ങി. പുല്ലു ശേഖരിച്ചു അവയെ തീറ്റുന്നതിനു ഉപനും ചേച്ചിമാർക്കും വലിയ സന്തോഷം.   കറുമ്പിപ്പശു വളരെ സൗമ്യയായിരുന്നു. ഉപൻ അടുത്തു ചെന്ന് അവളെ തടവുകയും താടിക്കു ചൊറിഞ്ഞു കൊടുക്കുകയും ചെയ്യുമ്പോൾ അതാസ്വദിച്ചു കൊണ്ടു അവൾ അവനോടു ചേർന്നു നിൽക്കും. ഒരു ദിവസം അവളുടെ നെറ്റിയ്ക്കൊരുമ്മ കൊടുത്തപ്പോൾ ഉപൻ അത്ഭുതപ്പെട്ടു പോയി.  അവിടെ നല്ല സുഗന്ധം! പതിവായി അവിടെ ഉമ്മ കൊടുത്തു സുഗന്ധം ആസ്വദിച്ചു തുടങ്ങിക്കഴിഞ്ഞപ്പോൾ അടുത്ത് ചെന്നാൽ അവൾ തനിയെ നെറ്റി പൊക്കി കാണിക്കുക പതിവാക്കി! അവളുടെ മുൻപിൽ തല കുനിച്ചു കാണിച്ചാൽ അവൾ തല നക്കിത്തുവർത്തി മുകളിലേയ്ക്കു 'ചീകി മിനുക്കി' വച്ചു കൊടുക്കും !   

ഉപൻ്റെ  അടുത്ത കൂട്ടുകാർ വട്ടാംകുഴിയിലെ  മോഹനനും കൂപ്പിലെ ശാർങ്ഗധരനും ആയിരുന്നു.  മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയം ഉപന് പുതിയ    ഒരു കൂട്ടുകാരൻ കൂടിയായി - തുമ്പോട്ടു് നിന്നും പുതുതായി വന്നു ചേർന്ന പ്രതാപൻ.  നാലാം ക്‌ളാസ്സിൽ പഠിക്കുന്ന സമയം. രണ്ടു ദിവസം മോഹനൻ സ്കൂളിൽ വന്നില്ല. പനി ആണെന്നറിഞ്ഞു.  മൂന്നാം ദിവസം വെളിക്ക്‌ വിട്ട സമയം അക്കരെ റോഡിൽ കൂടി മോഹനൻ്റെ അച്ഛൻ അവനെയും തോളിലിരുത്തി റോഡിലൂടെ ഏരൂരിലേയ്ക്ക് നടന്ന് പോകുന്നത്   കാണുകയുണ്ടായി. പിന്നീട് അറിഞ്ഞത് അവൻ അഞ്ചൽ ആശുപത്രിയിൽ ആയിരുന്നെന്നും അവിടെ വച്ചു അസുഖം കൂടിയിട്ട് മരിച്ചുപോയി എന്നും. അതോടെ ഉപന് അവൻ്റെ ആദ്യത്തെ , ഏറ്റവുമടുത്ത,  കൂട്ടുകാരൻ എന്നത്തേയ്ക്കുമായി നഷ്ടപ്പെട്ടു. എന്നാൽ താമസിയാതെ തന്നെ അവനൊരു പുതിയ കളിക്കൂട്ടുകാരനെ ലഭിക്കുയുണ്ടായി. കറുമ്പിപ്പശുവിൻ്റെ മോൻ , ഒരു സുന്ദരക്കുട്ടപ്പൻ ! അവന് മണിക്കുട്ടൻ എന്നു   പേരുമിട്ട് കഴുത്തിൽ ചെറിയ ഒരു ഓട്ടു മണിയും കെട്ടിക്കൊടുത്തു. ഒരു കിടാവ് തള്ളപ്പശുവിൻ്റെ അകിടിൽ മൂക്കുകൊണ്ടിടിച്ചിടിച്ചു വാലുമാട്ടി സസന്തോഷം പാലുകുടിക്കുന്നതും തള്ള അതിൻ്റെ ദേഹം സ്നേഹപൂർവ്വം നക്കിത്തുടച്ചു കൊടുക്കുന്നതുമായ മനോഹര ദൃശ്യം ആദ്യമായിട്ടാണ് ഉപൻ അടുത്ത് നിന്നു കാണുന്നത്.  അവനു വലിയ കൗതുകമായി. ഭവാനി പശുവിൻ്റെ അകിട് കഴുകിയിട്ടു പാൽ കറന്നെടുക്കുന്നതു അവൻ നോക്കി നിൽക്കുകയും പലപ്പോഴും ഓട്ടുഗ്ലാസ്സ് എടുത്തു കൊണ്ടുവന്നു ചൂടുള്ള പാൽ വാങ്ങി കുടിക്കുകയും ചെയ്യും. ഒരു ദിവസ്സം അവനൊരു പൂതി തോന്നി. കറമ്പിയുടെ അകിടിൽ നിന്നും നേരിട്ട് പാൽ കുടിച്ചു നോക്കിയാലെന്ത്? . അടുത്തെങ്ങും ആരുമില്ല.    മണിക്കുട്ടൻ അല്പമകലെ ചുരുണ്ടു കൂടി കണ്ണുമടച്ചു കിടപ്പുണ്ട് . വരാന്തയിൽ മരച്ചീനിക്കിഴങ്ങുകൾ കിടക്കുന്നു . ഉപൻ അതിൽനിന്നും ഒരെണ്ണം എടുത്തു കറുമ്പിക്കു കൊടുക്കുകയും അവൾ സസന്തോഷം അതു തിന്നുകയും ചെയ്തു. അവൻ കറുമ്പിയുടെ താടി ചൊറിഞ്ഞു കൊടുത്തിട്ടു അവളുടെ കണ്ണിൽ നോക്കി ചോദിച്ചു : "കറമ്പി മോളേ , ഞാൻ നിൻ്റെ  പാലിത്തിരി കുടിച്ചോട്ടേ ? ചവിട്ടുവേം തൊഴിക്കുവേമൊന്നും ചെയ്യല്ലേ " എന്നിട്ട് അടുത്തു കണ്ട ഒരു ചിരട്ടയിൽ വെള്ളം നിറച്ചുകൊണ്ടു വന്നു കറമ്പിയുടെ അകിടു കഴുകിയിട്ടു മുട്ടിന്മേൽ കുത്തിയിരുന്നു അകിടിൽ നിന്നും പാൽ കുടിക്കുവാൻ തുടങ്ങി. കറുമ്പിയും അവസരത്തിനൊത്ത് ഉയരുകയും അവൻ്റെ പുറത്തു നക്കുകയും പാൽ ചുരത്തിക്കൊടുക്കുകയും ചെയ്തു.   പക്ഷേ, സംഭവം മണത്തറിഞ്ഞത് പോലെ, മണിക്കുട്ടൻ എഴുന്നേറ്റോടി വന്നു "എടാ ദരിദ്രവാസീ, നീയിപ്പം അങ്ങിനെ സുഖിക്കണ്ടാ , എൻ്റെ അമ്മേടെ പാല് എനിക്കൊള്ളതാ, അങ്ങോട്ട് മാറിക്കാട്ടെ , ഞാൻ കുടിക്കട്ടെ" എന്നു പറയും പോലെ തല കൊണ്ടു അവനേ തെള്ളി മാറ്റുവാൻ തുടങ്ങി. ഉപൻ മാറിക്കൊടുത്തു . പിന്നീടൊരിക്കലും അവൻ അതിനു തുനിഞ്ഞതുമില്ല.
     
                                                     ***** ***** *****

ഉപൻ 1959 ൽ SSLC യ്ക്ക്   പഠിക്കുന്ന സമയം . മാസം തോറും  ആറു രൂപാ ഫീസ് കൊടുക്കണം. ഇതിനകം കേശവനും ഭവാനിക്കും എട്ടു മക്കൾ പിറന്നു കഴിഞ്ഞിരുന്നു.   മൂത്ത മകളുടെ വിവാഹം നടത്തിയതിൻ്റെ അവശത വിട്ടുമാറിയിട്ടില്ല. പത്തു അംഗങ്ങളുള്ള ഒരു സാധാരണ കുടുംബത്തിന് ആ  തുക ഫീസ്സിനായി മാത്രം താങ്ങാൻ ബുദ്ധിമുട്ടാണ്. ഉപൻ്റെ ഫീസ് മൂന്നു മാസ്സം തുടർച്ചയായി മുടങ്ങി. ഒന്നര രൂപാ ഫൈനുമായി.  മൊത്തം പത്തൊൻപതര രൂപാ വേണം. അവനേ ക്‌ളാസ്സിൽ നിന്നും ഇറക്കിവിട്ടിട്ടു രണ്ടു ദിവസ്സങ്ങളായിക്കഴിഞ്ഞു. കേശവൻ പല മാർഗങ്ങളെപ്പറ്റിയും ആലോചിച്ചു. കടം വാങ്ങുന്നത് കേശവന് വിരോധമുള്ള കാര്യമാണ്.  മൂന്നിൻ്റെയന്ന് രാവിലെ കേശവൻ എന്തോ തീരുമാനിച്ചുറപ്പിച്ചിട്ടു ഉപനോടു പറഞ്ഞു:
"നീ ഇന്ന് ക്ലാസ്സി പോയിരിക്ക്.  സാറിനോട് പറയ് അച്ഛൻ ഉച്ചയോട് ഫീസ്സു കൊണ്ടു വരുമെന്ന് "
ഉപൻ ക്ലാസ്സ്‌ റ്റീച്ചറിനെക്കണ്ടു വിവരം ധരിപ്പിച്ചു.   ഉപനേ കാര്യമായിരുന്ന സാറു സമ്മതിക്കുകയും ചെയ്തു .ഉച്ചയ്ക്ക് സ്കൂളിലെത്തി  കേശവൻ ഇരുപതു രൂപാ ഉപൻ്റെ കയ്യിൽ കൊടുത്തിട്ടു പെട്ടന്നുതന്നെ തിരിഞ്ഞു നടന്നുപോയി.  അച്ഛൻ രൂപാ എങ്ങിനെ തരപ്പെടുത്തിയെന്നു ഉപന് ഒരു ഊഹവുമുണ്ടായിരുന്നില്ല. അതറിയുവാനുള്ള അവൻ്റെ  ഉദ്വേഗം അങ്ങിനെ തന്നെ അവശേഷിച്ചു.
ആ ഉദ്വേഗത്തോടു കൂടെത്തന്നെയാണ് ഉപൻ വൈകിട്ട് വീട്ടിലെത്തിയത്. താൻ വീട്ടിലെത്തിയാൽ സാധാരണ കേൾക്കാറുള്ള, തന്നെ വരവേറ്റു കൊണ്ടുള്ള,  കറുമ്പിയുടെ അമറൽ അന്ന് കേട്ടില്ലെന്ന കാര്യം ആ ഉദ്വേഗം കാരണം അവനൊട്ടു ശ്രദ്ധിച്ചുമില്ല. അച്ഛൻ വീട്ടിലുണ്ടായിരുന്നില്ല. നേരേ ഭവാനിയുടെ അടുത്തു ചെന്ന് അവൻ ആ ഉദ്വേഗം മറയ്ക്കാതെ ചോദിച്ചു :
"അമ്മച്ചീ, അച്ഛനെങ്ങിനാ എൻ്റെ ഫീസിനൊള്ള രൂപാ ഒപ്പിച്ചത് ?  
"എനിക്കറിയില്ല , നിൻ്റെയച്ഛൻ എന്നോടൊന്നും പറഞ്ഞില്ല."
അതു പറയുമ്പോൾ അമ്മച്ചി അവൻെറ  മുഖത്തു നോക്കുന്നുണ്ടായിരുന്നില്ലെന്നും അമ്മച്ചിയുടെ  മുഖത്തൊരു മ്ലാനത നിഴല്ച്ചിരുന്നെന്നും അവൻ ശ്രദ്ധിക്കാതിരുന്നില്ല.   വാഗമ്മചേച്ചിയെ അവിടെയെങ്ങും കണ്ടില്ല. മുറ്റത്തു കാണുമെന്നു കരുതി മുറ്റത്തിറങ്ങി തൊഴുത്തിനടുത്തായപ്പോഴാണ് കറുമ്പി അവിടെയില്ലെന്ന  തോന്നലുണ്ടായത്. ആ സമയം ചേച്ചിയും അതു വഴി വന്നു. ചേച്ചി ചോദിച്ചു :
"നീ  എന്തിനാ എരുത്തിലിലോട്ടും നോക്കി  നിക്കുന്നേ; കറുമ്പി പോയെൻ്റെ സങ്കടമാ?"
"കറുമ്പി എങ്ങോട്ടു പോയി?" എന്തോ അരുതാത്തതു സംഭവിച്ചത് പോലുള്ള ഒരു വെമ്പലോടെ അവൻ പെട്ടെന്ന് ചോദിച്ചു.  
"അപ്പോ നീ അറിഞ്ഞില്ലാരുന്നോ ?  അവളെ കൊടുത്തിട്ടല്ല്യോ അച്ഛൻ ഇന്ന് നിനക്കുള്ള ഫീസ് സ്കൂളി കൊണ്ടത്തന്നേ ?”   
ഉപന്റെൻ്റെ ഉള്ളൊന്നാളളി. അപ്പോ ഫീസ്സു വന്ന വഴി അതാണ്. തൻ്റെ പ്രിയപ്പെട്ട കറുമ്പിപ്പശു തൻ്റെ പഠിപ്പു മുടങ്ങാതിരിക്കുവാൻ എന്നത്തേയ്ക്കുമായി തന്നെ വിട്ടു പോയിരിക്കുന്നു.  അവനു സങ്കടം സഹിക്കുവാനായില്ല. കിണറ്റുകരയിൽ പോയി ആരും കാണാതെ കുറേ കരഞ്ഞു. അന്ന് അവന് ആഹാരം കഴിക്കുവാൻ തോന്നിയില്ല.
                                                          
മേമ്പൊടി 
------------------
കറുമ്പിപ്പശുവിൻ്റെ  പുറമാ കറുത്തത്‌
കറുപ്പതുമേഴഴകുള്ള  കറുപ്പാണ്

അവളുടെ  അകമാണേ കനകം,  തനിത്തങ്കം                      
അവളുടെ  മകനേ പോലവൾ കണ്ടുപനെയും

നല്കിയവൾ തൻ പാൽ  രണ്ടാൾക്കുമൊരുപോലെ,
നാവിനാൽ കോതി മിനുക്കിയവർ  തല !

പത്തിലെ  ഫീസുപൻ്റെതു കൊടുക്കുവാൻ  
ബുദ്ധിമുട്ടുന്നോരു  കേശവൻ തൻ മനം
കണ്ടറിഞ്ഞിട്ടവൾ പോയി, അയാൾക്കൊപ്പം,
കൊണ്ടുക്കൊടുത്തവൾ   തൻ തനു ചന്തയിൽ !!!  
                                           
ഖേദം സഹിക്കാതുപൻ കരഞ്ഞൂ മനോ         
വേദനയാലേ, വെടിഞ്ഞവൻ ഭക്ഷണം.   
                                                                      
നന്ദിനിക്കോഴി    
-----------------------
ഭവാനിക്ക്  ഏഴെട്ടു കോഴികളുണ്ടായിരുന്നു. ഉപൻ അഞ്ചാം ക്ലാസ്സിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ,  ചന്നം ചിന്നം മഴ പെയ്തു കൊണ്ടിരുന്ന ഒരു അവധി ദിവസ്സം പകൽ സമയം വീടിനു പിറകിൽ സ്ഥാപിച്ചിരുന്ന  , കോഴിക്കൂട്ടിൻ്റെ ഭാഗത്തു നിന്നും കോഴികളുടെ ഭയന്നുള്ള കൊക്കലും ചിറകടികളും കേട്ട്‌ ഉപൻ പലകഭിത്തിയുടെ വിടവിൽക്കൂടി  നോക്കിയപ്പോൾ പട്ടിയെപ്പോലെ തോന്നിക്കുന്ന ഒരു ജന്തു ഒരു പിടക്കോഴിയേയും കടിച്ചുപിടിച്ചു ഓടിപ്പോകുന്നതാണ് കണ്ടത്. ശബ്ദം കേട്ടു വന്ന ഭവാനിയും അതു കാണുകയും അതൊരു കുറുക്കനാണെന്നും ആ കോഴി മുട്ടയിടുവാൻ കൂട്ടിൽ കയറിയതാണെന്നും പറഞ്ഞു.  എന്നിട്ട് ഭവാനി ഉപനോട് പറഞ്ഞു :
"മോനാ തൊപ്പിക്കൊടേം  എടുത്തു തലേ വച്ചോണ്ട് പിറകിലെ വരാന്തേന്ന് ഒരു ചെറിയ വിറകു കൊള്ളീം കയ്യിലെടുത്തു അതിൻ്റെ പിറകേ ഓടിച്ചെന്നു നോക്ക് ; ചെലപ്പം മോനേക്കാണുമ്പം  പേടിച്ചു കുറുക്കൻ കോഴിയെ വിട്ടിട്ടു ഓടിപ്പോകാൻ മതി".
"എനിക്കു  കുറുക്കനേ പേടിയാ" , അവൻ ഭയത്തോടെ പറഞ്ഞു.
"കുറുക്കന്മാർക്കാ  മനുഷ്യരേ പേടി. അതു കൊണ്ടല്യോ അതുങ്ങള് രാത്രീ മാത്രം പൊറത്തെറങ്ങുന്നേ.  മഴയായോണ്ട് അതിനു തിന്നാനൊന്നും കിട്ടീട്ടുണ്ടാവില്ല. വിശപ്പു സഹിക്കാൻ വയ്യാഞ്ഞു  പകലിറങ്ങിയതാ. നിൻ്റെ തൊപ്പീം വടീമൊക്കെ കാണുമ്പോ അതു പേടിച്ചോടത്‌തേയുള്ളു", ഭവാനി അവനു ധൈര്യം കൊടുത്തു.   
പിന്നെ അവൻ താമസിച്ചില്ല.    തൊപ്പിക്കുടയും വടിയും എടുത്തു കൊണ്ടു  അവൻ മുകളിൽക്കയറി കുറുക്കൻ്റെ പിന്നാലെ  പറങ്കിതോപ്പിലേക്കുള്ള വഴിയേ കൂടി ഓടാൻ തുടങ്ങി.  കുറേ ചെന്നപ്പോൾ പറങ്കിതോപ്പിൽ കൂടി കോഴിയെ വലിച്ചിഴച്ചുകൊണ്ടു   ആയാസപ്പെട്ട് ഓടിപ്പോകുന്ന കുറുക്കനെ കാണായി. "കോഴിയെ വിട്ടേച്ചു പോടാ"  എന്നു ഉറക്കെ ആക്രോശിച്ചു കൊണ്ടു ഉപൻ പിറകേ വച്ചു പിടിച്ചെങ്കിലും കുറുക്കൻ  കോഴിയേയും കൊണ്ടു പറങ്കിമാവിൻ തൊപ്പിനും അപ്പുറത്തെ കാട്ടിലേക്ക് വലിഞ്ഞു കളഞ്ഞു.   ഇനി രക്ഷയില്ലെന്നു കണ്ടു ഉപൻ തിരികെ നടക്കുമ്പോൾ കണ്ടു , വഴിനീളെ കോഴിയുടെ പൂടകൾ കരിയിലയ്ക്കു മുകളിൽ  അപ്പോഴും കാറ്റിൽ തത്തിക്കളിച്ചു നടക്കുന്നു! പൂടകളുടെ ലക്‌ഷ്യം വച്ചുതന്നെ അവൻ വീട്ടിലേയ്ക്കു നടക്കുമ്പോൾ    അവൻ യാദൃശ്ചിയാ അതു കണ്ടു; ഒരു കോഴിമുട്ട അതാ കരിയിലകളുടെ മുകളിൽ കിടക്കുന്നു. അതു കണ്ടപ്പോൾ ; അവനതു എടുത്തു  നോക്കി. "മുട്ടയിടുന്ന നന്ദിനിക്കോഴിയുടെ മുട്ട തന്നെ ", അവൻ മനസ്സിൽ കരുതി. വീട്ടിലെ കോഴികളുടെ മുട്ടകൾ കണ്ടാൽ അവനറിയാം  അതേതു കൊഴിയുടേതാണെന്ന്‌. ഉപന് സങ്കടമായി. അവൾക്കും മറ്റു കോഴികൾക്കും താൻ അമ്മച്ചിയും ചേച്ചിമാരും കാണാതെ നെല്ലു മോട്ടിച്ചു കൊടുക്കാറുണ്ടായിരുന്നു.  അതിൻ്റെ നന്ദി കാട്ടാനായിരിക്കുമോ ചാകാൻ പോകുന്ന സമയത്തും നന്ദ്‌നിക്കോഴി അവളുടെ അവസാനത്തെ മുട്ട തനിക്ക്‌ സമ്മാനിച്ചിട്ടു പോയത് !!!

പിറ്റേ ദിവസം  കേശവൻ പശുക്കളെ    മുകളിലെ വെളിയിടത്തിൽ   കെട്ടുവാനായി കൊണ്ടുപോയി തിരികെ നടക്കുമ്പോൾ  കാട്ടിനരികിലായി കുറേ കോഴിപ്പൂടകൾ കൂടിക്കിടക്കുന്നതു  കണ്ടു. അടുത്തു ചെന്ന് നോക്കിയപ്പോൾ കണ്ടതു പൂടകൾക്കിടയ്ക്കു രണ്ടു  കോഴിക്കലുകൾ വിരലുകൾ വിടർത്തി ഇളകിയ മണ്ണിനു മുകളിലേയ്ക്കു നോക്കി നിൽക്കുന്നതാണ്.  അടുത്തു നിന്നിരുന്ന ഒരു വട്ടത്താമരയില പൊട്ടിച്ചെടുത്തു കേശവൻ ആ കാലുകളിൽ ചേർത്ത് പിടിച്ചു അതു  മണ്ണിൽ നിന്നും പിഴുതെടുത്തു. നെഞ്ചാം കൂടു മുറിഞ്ഞു തുറന്നു മണ്ണും പിടിച്ചു നന്ദിനിക്കോഴിയുടെ  ശവം ! കേശവൻ അതുമായി വീട്ടിലെത്തി, ഭവാനിയോട് വിവരങ്ങൾ വിശദീകരിച്ചത് ഉപനും കേട്ടു. അച്ഛൻ പറയുകയാണ്  "കോഴിയെപ്പിടിച്ചാൽ കുറുക്കൻ ആദ്യം അതിൻ്റെ ചങ്കും കരളും മാത്രം കടിച്ചു പറിച്ചു തിന്നും. പിന്നെ ബാക്കിയുള്ളത്  മണ്ണിൽ കുഴിച്ചിടും. ശവം ഒന്നു പഴുത്തു കഴിയുമ്പോൾ ചെന്ന് വലിച്ചെടുത്തു തിന്നും. അപ്പോൾ അതിനു കൂടുതൽ രുചി തോന്നും"  . അതു ഉപന് പുതിയ ഒരറിവായിരുന്നു.
"കുറുക്കൻ്റെ  മറ്റൊരു ബുദ്ധിയേ  !!!" ഉപൻ അതിശയപ്പെട്ടു  പോയി.
കേശവൻ നന്ദിനിയുടെ ജഡം കൊണ്ടുപോയി  ശീമപ്ലാവിൻ്റെ ചുവട്ടിൽ കുഴിച്ചിട്ടു. എലി വില്ലു വച്ചു പിടിക്കുന്ന എലികളെയെല്ലാം അപ്രകാരം ശീമപ്ലാവിൻ്റെ ചുവട്ടിൽ കുഴിച്ചിടുകയാണ് പതിവ്.  അച്ഛൻ പറഞ്ഞിട്ടുണ്ട്, ശീമപ്ലാവിന് ഏറ്റവും പറ്റിയ വളം ഇറച്ചിയാണെന്ന്‌. ഇറച്ചിവളം വലിച്ചെടുത്തു വളർന്ന കടപ്ലാവിലെ ചക്ക ഇറച്ചിമസാല ചേർത്ത് പാകപ്പെടുത്തിയാൽ ഇറച്ചിയേക്കാൾ സ്വാദുള്ളതാണെന്നു അനുഭവം കൊണ്ടു ഉപനറിയാവുന്നതുമാണ് !
                              

കാട്ടു കുറുക്കൻ  പിടിച്ചോണ്ടു പോയിട്ടും
മുട്ട  വഴിക്കിട്ടു  തന്നവൾ, നന്ദിനി!

നെല്ലു   മോട്ടിച്ചു  കൊടുത്തതിനാലെന്നെ
തെല്ലും മറന്നില്ലവളന്ത്യയാത്രയിൽ.

കള്ളക്കുറുക്കനെ വെട്ടിച്ചിട്ടു ശീമ -           
പ്‌ളാവിന്നു തിന്നാൻ കൊടുത്തവൾ തൻ ജഡം.
                                                                                         
നന്ദിനിക്കോഴീടെ  നന്ദി, വളർത്യേന് ,
നന്ദിയില്ലാത്തൊരു  കണ്ടു പഠിച്ചെങ്കിൽ !

നന്ദിനിക്കോഴീടേം  കറമ്പിപ്പശുവിന്റേം      
നന്ദി കണ്ടിട്ടെന്തു തോന്നുന്നു   നിങ്ങൾക്ക്?

നമ്മൾ  വളർത്തുന്ന  നായ്‌ക്കൾക്ക്   മാത്രമേ
നന്മയേറും  നന്ദിയുള്ളെന്നു  ചൊല്ലുമോ


10.  കിണറ്റിലിറങ്ങാൻ ഒരു വെല്ലുവിളി  

അഞ്ചാം  ക്ലാസ്സ്‌ അദ്ധ്യയന വർഷം പകുതി കഴിഞ്ഞ  ഒരു ദിവസം , വെളിക്ക്‌ വിട്ടപ്പോൾ താഴെ കിണറ്റിൽ നിന്നും പെൺകുട്ടികൾ കുടിക്കുവാനായി വെള്ളം  കോര തോട്ടിയും കയറും കയ്യിൽ നിന്നും ഊർന്നു കിണറ്റിൽ വീണു പോയി. ആൺകുട്ടികൾ വരുന്നത് കണ്ടപ്പോൾ അവർ ഓടി ക്ലാസ്സിലേക്ക് പോയി . ഉപനും മറ്റും  കിണറ്റിലേയ്ക്കു നോക്കി നിന്നപ്പോൾ മുതിർന്ന കുട്ടികളായ പരമുവും തങ്കപ്പനും പാക്കരനും അങ്ങോട്ട് വന്നു. തോട്ടരികിലായതിനാൽ ആറു അരഞ്ഞാണങ്ങൾ മാത്രമുള്ള ചെറിയ കിണറാണ്.  അതിൽ രണ്ടെണ്ണം വെള്ളത്തിനടിയിലും. തൊട്ടി കാണാനില്ല. പെട്ടെന്ന് പരമു സ്കൂളിലേയ്ക്ക് നോക്കി സാറന്മാരൊന്നും വരാന്തയിലില്ലെന്നു ഉറപ്പു വരുത്തിയിട്ട് , സാവധാനം കിണറ്റിലിറങ്ങി  കയറെടുത്തു അതിൻ്റെ അറ്റം കൈക്കുഴയിൽ കെട്ടിക്കൊണ്ടു തിരികെ കയറി വന്നു . എന്നിട്ട് ഒരു ജേതാവിനെപ്പോലെ മറ്റുള്ളവരെ നോക്കിക്കൊണ്ടു വീമ്പിളക്കി :
"എല്ലാരും കണ്ടല്ലോ ഞാൻ  കിണറ്റിലിറങ്ങിയേ ? നിങ്ങക്കാർക്കെങ്കിലും ഇറങ്ങിയിട്ട് കേറി  വരാവോ ? തങ്കപ്പൻ പറയണ്ട”. ആരും മിണ്ടിയില്ല. പെട്ടെന്നു അവൻ ഉപനോടായി  ചോദിച്ചു : "ഉപന് പറ്റുവോ ? ക്‌ളാസ്സിലെ ഒന്നാമനല്ല്യോ. ഇറങ്ങി കാണിക്ക്‌ .  അപ്പോ സമ്മതിക്കാം, ഒന്നാമനാണെന്നു ."
പരമു  വെല്ലുവിളിച്ചിരിക്കുകയാണ്.  ഉപൻ്റെ അഭിമാനത്തിൻ്റെ പ്രശ്നമാണ്. അതത്ര  എളുപ്പമുള്ള കാര്യമല്ലെന്നവനറിയാം. ഇറങ്ങിയില്ലെങ്കിൽ   പരമു എപ്പോഴും തന്നെ കളിയാക്കിക്കൊണ്ടിരിക്കും . പരമു വിടുന്ന  മട്ടില്ല.
"നിന്നെക്കൊണ്ട് പറ്റത്തില്ലേ  തോൽവി സമ്മതിച്ചാ മതി"
"അതൊക്കെ എന്നെക്കൊണ്ടും  പറ്റും" , പെട്ടെന്നു ഉപൻ പ്രതികരിച്ചു  പോയി. അപ്പോഴേയ്ക്കും ബെല്ലുമടിച്ചു. പരമു  എല്ലാവരോടുമായി പറഞ്ഞു :
"എല്ലാരും  കേട്ടല്ലോ , ഉപൻ  പറഞ്ഞത്? നാളെ വെളിക്കു  വിടുമ്പം ഇറങ്ങി കാണിച്ചേക്കണം.  ഇല്ലെങ്കി സുല്ലിട്ടു തോൽവി സമ്മതിച്ചോണം, പറഞ്ഞേക്കാം ."  
വൈകിട്ട് വീട്ടിലേയ്ക്കു   നടക്കുമ്പോൾ തങ്കപ്പൻ ഉപനോട്  ചോദിച്ചു :
"ഉപനെന്തിനാ  പരമൂനോട് കിണറ്റിലിറങ്ങാമെന്നു കേറിപ്പറഞ്ഞേ?  ഇയ്യാളെക്കൊണ്ടതിനു പറ്റുവോ? അവൻ പറഞ്ഞാ പറഞ്ഞതാ  , നാളെ എല്ലാരുടേം മുന്പിവച്ചു് അവൻ നിന്നേ കളിയാക്കും  , നോക്കിക്കോ "
ഇനി എന്തു ചെയ്യും? അവൻ  ആലോചിച്ചു. അവൻ തങ്കപ്പനോട്    ചോദിച്ചു :
"തങ്കപ്പന്  പറ്റുവോ ആ കിണറ്റിലിറങ്ങാൻ?"
"ങ്ങും  , എനിക്കു  പറ്റും , എൻ്റെ കാലിനും   നീളമുണ്ട്‌ "
"എന്നാ   തങ്കപ്പൻ  കെണറ്റിലിറങ്ങാൻ  എന്നേ ഒന്നു പഠിപ്പിച്ചു  തരുവോ ?" ഉപൻ ചോദിച്ചു. തങ്കപ്പൻ  അൽപ നേരം ആലൊചിച്ചു, എന്നിട്ട് പറഞ്ഞു .
"ഇത്തിരി പ്രയാസ്സമാന്നേലും നോക്കാം ,  നാളെ നമുക്ക് നേരത്തേ സ്കൂളീ പോകാം, ആരും  വരുന്നേനു മുൻപ് . നിനക്കു വരാമ്പറ്റുവോ  ?"
"ഓ, ഞാൻ  വരാം. " ഉപൻ സമ്മതിച്ചു.  അവന്റേതാണല്ലോ ആവശ്യം.
പിറ്റേന്ന് രാവിലെ  അവർ കിണറ്റിൻ കരയിലെത്തി ആരും കാണുന്നില്ലെന്നുറപ്പ്  വരുത്തിയിട്ട് തങ്കപ്പൻ പതുക്കെ കിണറ്റിലേക്കിറങ്ങിക്കാണിച്ചു. പിന്നെ ഉപനേയും ഇറങ്ങാൻ സഹായിച്ചു  .ഉപൻ. തങ്കപ്പൻ ഓരോരോ സ്റ്റെപ്പും പറഞ്ഞു കൊടുത്തതുപോലെ ചെയ്തു ഉപൻ ആയാസപ്പെട്ട് കിണറ്റിലേക്കിറങ്ങി  അവൻ കുനിഞ്ഞു കൈക്കുമ്പിളിൽ വെള്ളം കോരിക്കുടിച്ചിട്ടു ശ്വാസം നേരേ വിട്ടു.
" ഇനി ആരെങ്കിലും  കാണുന്നേനുമുമ്പ് കേറിക്കോ "  തങ്കപ്പൻ്റെ ശബ്ദം. ഉപൻ കയറുവാൻ  ശ്രമിച്ചപ്പോഴാണറിയുന്നതു കയറുന്നത്  ഇറങ്ങിയ പോലെ അത്ര എളുപ്പമല്ലെന്ന്.  തങ്കപ്പൻ വേണ്ട നിർദേശങ്ങൾ കൊടുത്തു. ബദ്ധപ്പെട്ടു അവൻ മുകളിൽ വന്നിട്ട് ഒരു ദീർഘ ശ്വാസം വിട്ടു.  കൈകാലുകളുടെയും, മാനസ്സിൻ്റെയും പിരി മുറുക്കം വിട്ടുമാറിയപ്പോൾ വലിയ ആശ്വാസവും ഒപ്പം അഭിമാമാവും അവനു  തോന്നി. ഇനി പരമുവിൻ്റെ വെല്ലുവിളി സധൈര്യം നേരിട്ട് താൻ ഒരു ഭീരുവല്ലെന്നു മനസ്സിലാക്കിക്കൊടുക്കുവാൻ സാധിക്കും.

പിറ്റേ ദിവസ്സം പരമു സ്കൂളിൽ വന്നില്ല. ആന്റണി സാർ ഹാജരെടുക്കാനായി   പരമുവിൻ്റെ പേര്‌ വിളിച്ചപ്പോൾ അവനില്ല. പെട്ടെന്ന് പിറകിലിരുന്ന  പ്രതാപൻ വിളിച്ചു പറഞ്ഞു :
"സാർ, പരമു  ഇന്നലെ താഴത്തെ കിണറ്റിലെറങ്ങിയാരുന്നു. എന്നിട്ട്  ഞങ്ങളോടും ഇറങ്ങാൻ പറഞ്ഞു "
ആന്റണി  സാർ തല ഉയർത്തി   നോക്കിയിട്ടു ചോദിച്ചു  :
"ശരിക്കും  അവൻ കിണറ്റിലിറങ്ങീട്ടു നിങ്ങളോടും   ഇറങ്ങാൻ പറഞ്ഞോ ?"
"ഒള്ളതാ  സാർ" മൂന്നുനാലു  പേർ ഒരുമിച്ചു ഉത്തരം  കൊടുത്തു.
"ശരി,  നാളെ അവനോടു പറഞ്ഞേക്ക്‌ എന്നേ വന്നു  കാണാൻ "
പിറ്റേ  ദിവസ്സം രാവിലെ    ആന്റണി സാറിൻ്റെ ചൂരലും  ചുഴറ്റിയുള്ള പതിവ് റോന്തു  ചുറ്റൽ സമയം. കുട്ടികൾ വരാന്തയിലും മുറ്റത്തും ഓടിച്ചാടി കളിക്കുന്നു.   പരമു ക്‌ളാസ്സ്‌മുറിയിൽ നിന്നും മറ്റുകുട്ടികളോടു അടി കൂടിയിട്ടു "ചൊണയുണ്ടെങ്കിൽ എന്നെ പിടിക്കിനെടാ"  എന്നു വിളിച്ചു പറഞ്ഞുകൊണ്ട് ഓടി വരാന്തയിൽ ചാടിയതു നേരേ ആന്റണി സാറിൻ്റെ മുന്നിൽ.. പരമു സഡൻ ബ്രേക്കിട്ടു നിന്നുപോയി.
"ഞാൻ  പിടിച്ചോളാമെടാ", സാർ  അവൻ്റെ വലതു ചെവിക്കു പിടിച്ചു നിറുത്തിക്കൊണ്ടു  ചോദിച്ചു :
"നീ മിനിഞ്ഞാന്ന്  കിണറ്റിലിറങ്ങിയാരുന്നോടാ? "
കുറ്റസമ്മതമെന്ന പോലെ അവൻ മിണ്ടാതെ നിന്നപ്പോൾ   സാറു ആദ്യം അവൻ്റെ ചെവി മുറുക്കിക്കറക്കി. പിന്നെ  പിടിച്ചു തിരിച്ചു നിറുത്തിയിട്ട് ചൂരലുകൊണ്ടു പൃഷ്ഠത്തിനു ആഞ്ഞു രണ്ടു   പൂശങ്ങു പൂശി. പരമു വേദന കൊണ്ടു പുളഞ്ഞു. "ഇനി ഇറങ്ങുവോടാ .." സാറു ദേഷ്യത്തിൽ  അവനോടു ചോദിച്ചു. "ഇല്ല" , പരമു മറുപടിയും കൊടുത്തു .
വെളിക്കു  വിട്ടപ്പോൾ  തങ്കപ്പൻ പ്രതാപനോട്  ചോദിച്ചു : "നീയെന്തിനാടാ  പരമു കെണറ്റിലിറങ്ങിയ കാര്യം  സാറിനോട് പറഞ്ഞു അവനേ തല്ലു കൊള്ളിച്ചേ?"
"അവൻ  ഉപനേ നിർബന്ധിച്ചു കെണറ്റിലിറക്കാതിരിക്കാൻ വേണ്ടിയല്യോ.  ഇനി അവൻ ആരേം വെല്ലുവിളിക്കരുത്". പ്രതാപൻ്റെ മറുപടി. ഉപന് തല്ക്കാലം പരമുവിൻ്റെ വെല്ലുവിളി ഏറ്റെടുത്തു വീണ്ടും  കിണറ്റിലിറങ്ങേണ്ടി വന്നില്ല. പക്ഷേ, അന്ന് കിണറ്റിലിറങ്ങിയ അനുഭവം രണ്ടു വർഷങ്ങൾക്കു ശേഷം അച്ഛൻ്റെ കയ്യിൽ നിന്നും ചുട്ട അടി ഏറ്റുവാങ്ങുവാൻ അവനുപകരിച്ചു.

           xxx    xxx xxx xxx    xxx

ഉപൻ ഏരൂർ സ്കൂളിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സമയം.  ഒരവധി ദിവസം ഉപൻ വീട്ടിലെ കിണറ്റിൽ നിന്നും വെള്ളം കോരുമ്പോൾ കയർ പൊട്ടി  തോട്ടികിണറ്റിൽ പോയി. ഒരു നിമിഷം അവൻ പകച്ചു നിന്നു. പിന്നെ വീട്ടിലേക്കും, ചുറ്റും, നോക്കി;  ആരും കണ്ടിട്ടില്ല. കിണറ്റിനു 15 അരഞ്ഞാണങ്ങളുണ്ട്. വെള്ളത്തിനടിയിലാണ് മൂന്നെണ്ണം. തൊട്ടിയും കയറും കിണറ്റിൽ പോയാൽ എപ്പോഴും അച്ഛൻ  ഇറങ്ങി എടുക്കുകയാണ് പതിവ്. അച്ഛൻ എത്ര വേഗത്തിലാണ് ഇറങ്ങുന്നത് ! വീട്ടിലാരെങ്കിലും തൊട്ടി കിണറ്റിലിട്ടാൽ അച്ഛൻ ശകാരിക്കും. അച്ഛന് ഈയിടെയായിട്ടു ദേഷ്യം കൂടുതലാണ്. എന്തു വേണം?  പണ്ട് പരമുവിൻ്റെ വെല്ലുവിളിയെ നേരിടാൻ സ്കൂളിലെ കിണറ്റിലിറങ്ങിയ കാര്യം ഓർമ്മ വന്നു. ഇപ്പോൾ താൻ ഒന്നുകൂടി വലുതായിട്ടുണ്ട്. എന്തുകൊണ്ട് ഒരു കൈ നോക്കിക്കൂടാ? എരുത്തിലിൻ്റെ അടുത്ത്  കിടന്ന പഴയ നീളമുള്ള കയർ എടുത്തു കൊണ്ടുവന്ന് ഒരറ്റം കിണറിലിറക്കിയിട്ടിട്ട്‌ മറ്റേ അറ്റം കിണറിന്റെ തൂണിൽ ബലമായി കെട്ടി. പതുക്കെ ഇറങ്ങി. കിണറിൻ്റെ ആഴം കണ്ടപ്പോൾ ഒരങ്കലാപ്പുണ്ടായെങ്കിലും അതത്ര കാര്യമാക്കിയില്ല.  താഴെയെത്തി തൊട്ടിയെടുത്തു വെള്ളം കളഞ്ഞിട്ടു തൂക്കിയിട്ടിരുന്ന കയറിൽ കെട്ടിത്തൂക്കിയിട്ടിട്ടു പതുക്കെ, ആയാസപ്പെട്ട് മുകളിലെത്താറായപ്പോഴാണ് പ്രശ്നമായത്. അടുക്കളയിലേയ്ക്ക് വെള്ളം കോരാനായി വാഗമ്മ വന്നപ്പോൾ കപ്പിയിൽ കയറും തൊട്ടിയുമില്ല. കുനിഞ്ഞു കിണറ്റിലേക്ക് നോക്കിയപ്പോൾ ഒരു തല കാണുന്നു.  അവൾ വിളിച്ചു ചോദിച്ചു : "ആരാദ് ?" ശബ്ദം കേട്ടു ഉപൻ മുകളിലേയ്ക്കു നോക്കി. ഇനി രക്ഷയില്ല. ചേച്ചി അമ്മച്ചിയോടു പറഞ്ഞതു തന്നെ. മിനിഞ്ഞാന്നും താൻ ചേച്ചിയേ "പ്‌ഡീ ...പ്‌ഡീ ......ദുർഗുണേ ...നീ പ്‌ഡീ ...പ്‌ഡീ" എന്നു പറഞ്ഞു കളിയാക്കിയതിൻ്റെ ചൊരുക്ക് ഇനിയും മാറിയിട്ടുണ്ടാവില്ല. അമ്മച്ചിയറിഞ്ഞാൽ അച്ഛനോട് പറയും.  പിന്നെ അച്ഛൻ്റെ കാപ്പിക്കഷായം ഉറപ്പാണ്. കാപ്പിക്കമ്പു കൊണ്ടാണ് അച്ഛൻ ഈയിടെ മക്കളെ തല്ലുന്നത്. ഉപന് പേടിയായി.
"ഇച്ചേയീ ഞാനാ.  അമ്മച്ചിയോടു പറയല്ലേ"  ഉപൻ ചേച്ചിയോട് കെഞ്ചി. വാഗമ്മയുടെ ഉള്ളൊന്നാളി. ഇവനിത്ര ധൈര്യമോ !
"നീയെന്തിനാ തനിയേ കെണറ്റിലിറങ്ങാൻ പോയേ?"  വാഗമ്മയ്ക്കതു ചിന്തിക്കുവാൻ കൂടി സാധ്യമായിരുന്നില്ല.
"ഇനി  പതുക്കെ, സൂക്ഷിച്ചു കേറിവാ"  അവൾ പരിഭ്രമം വെളിയിൽ കാണിക്കാതെ പറഞ്ഞു.  ഇതിനിടെ, വെള്ളമെടുക്കുവാൻ പോയ വാഗമ്മയെ കാണാഞ്ഞു  അമ്മ ഭവാനി മുറ്റത്തിറങ്ങി കിണറ്റിനരികിലേയ്ക്കു നോക്കി. വാഗമ്മ ആരോടോ കിണറ്റിലേക്ക് കുനിഞ്ഞുനോക്കി സംസാരിക്കുന്നു.   കപ്പിയിൽ കയറില്ല. "തൊട്ടി കിണറ്റിൽ പോയത് തന്നെ. അവളുടെ അച്ഛൻ എപ്പോൾ വന്നു ?" അങ്ങിനെ ചിന്തിച്ചതും ഒരു തല കിണറ്റിൽ നിന്നും പതുക്കെ ഉയർന്നു മുകളിലേയ്ക്കു വരുന്നത്  കാണായി. "അയ്യോ! അതു ഉപനല്ലേ? ഇവനെങ്ങിനെ കിണറ്റിലിറങ്ങാൻ ധൈര്യം കിട്ടി ?" ഭവാനിയുടെ നെഞ്ചിലൊരാളാല് ഉണ്ടായി. തന്നെ അവർ കണ്ടിട്ടില്ല. ഉപൻ വെളിയിൽ ഇറങ്ങിയതും ഭവാനി പെട്ടെന്ന് വീട്ടിനുള്ളിലേക്ക് വലിഞ്ഞു.  ചേച്ചി എന്തായാലും അമ്മച്ചിയോടു പറഞ്ഞില്ല. ഉപന് ആശ്വാസമായി. എന്നാൽ വൈകിട്ട് കേശവൻ വന്നപ്പോൾ ഭവാനി കാര്യം പറയുക തന്നെ ചെയ്തു.
"അവൻ കൊച്ചാ.  ഇത്രേം വലിയ കിണറ്റിൽ ഈ പ്രായത്തിലിറങ്ങുന്നത് നിറുത്തണം. വിളിച്ചു ഒന്നു കാര്യമായിട്ട് ശകാരിച്ചാ മതി, തല്ലരുത്"  ഭവാനിക്കറിയാം ഇതു ശകാരത്തിൽ ഒതുങ്ങില്ലെന്നും തല്ലിലേ അവസാനിക്കുള്ളുവെന്നും. പക്ഷേ പറയാതിരിക്കുവാൻ പറ്റില്ലല്ലോ!  
കേശവൻ കാപ്പിക്കമ്പൊടിച്ചു കൊണ്ടു വന്നിട്ടു ഉപനേ വിളിച്ചു. അവനടുത്തു ചെന്നപ്പോൾ "ഇനി കിണറ്റിലിറങ്ങുമോടാ" എന്ന ചോദ്യം കേട്ടു കഴിയുന്നതിനു മുൻപ് തന്നെ തുടയ്ക്കും കാൽവണ്ണയ്ക്കും പൊതിരെ തല്ലു വീണു; വീണ്ടും വീണ്ടും. ഭവാനി തടഞ്ഞിട്ടും രക്ഷയുണ്ടായില്ല; കേശവന്റെ കലി അത്രയേറെയായിരുന്നു.  അടി കൊണ്ടിടമൊക്കെ തിണർത്തു ചുവന്നു രക്തം പൊടിക്കുവാൻ തുടങ്ങിയിരുന്നു. ഉപൻ കരഞ്ഞു വശായി. അച്ഛൻ ആദ്യമായിട്ടാണ് തന്നെ ഇത്രയേറെ തല്ലുന്നത്. അവൻ സങ്കടം സഹിക്ക വഹിയാതെ പോയി കിടന്നു ഓർത്തോർത്തു കരച്ചിൽ തുടർന്നു. കുറച്ചു കഴിഞ്ഞു ഭവാനി മണ്ണെണ്ണവിളക്കുമായി ചെന്നു അവൻ്റെ കാലിൽ നോക്കി. അടിപ്പാടുകൾ കണ്ടതും ഭവാനിക്ക് വലിയ വിഷമമായി.  "പറയേണ്ടിയിരുന്നില്ല; ഇനി എന്നെങ്കിലും കിണറ്റിലിറങ്ങിയാൽ അച്ഛനോട് പറയുമെന്ന് അവനേ ഭയപ്പെടുത്തിയാൽ മതിയായിരുന്നു"
ഭവാനി വിളക്കുമായി മുറ്റത്തിറങ്ങി കുരുമുളക് വള്ളിയുടെ മൂന്ന് നാലിലകൾ പൊട്ടിച്ചു കൊണ്ടുവന്ന് അതിൽ വേപ്പെണ്ണ പുരട്ടി അടുപ്പിലെ തീക്കനലിൽ വച്ചു ചൂടാക്കി ഉപൻ്റെ അടിപ്പാടുകളിൽ തടവിക്കൊടുത്തു.  ഇപ്പോൾ ഉപൻ്റെ നല്ലജീവൻ കൂടി പോയതിനൊപ്പമായി. വേദനകൊണ്ടു അവൻ പുളഞ്ഞു പോയി. അവന് വീണ്ടും കരയുകയേ മാർഗമുണ്ടായിരുന്നുള്ളു.

മേമ്പൊടി 
-----------------

കൂപത്തിലേക്കങ്ങിറങ്ങിച്ചെന്നിട്ടുപൻ
കോപമച്ഛന്റേതിരന്നു  വാങ്ങി

പരമൂന്  കിട്ടിയതാന്റണി  സാറിൻ്റെ
ചൂരൽ  കഷായമാണെങ്കിൽ

ഭീരുവല്ലാത്തൊരുപന് തന്റച്ഛൻ്റെ       
ചോര ചിന്തും കാപ്പിക്കമ്പ് കഷായം

ഭീരുത്വം കാട്ട്യാലും  വീരത്വം കാട്ട്യാലും
ഒരുപോലാ  തല്ലിൻ്റെ  ചൂടും നോവും  !
                    

11 . തുളുമ്പിപ്പോയ പാൽ

അയിലറ സ്കൂളിലെ അന്നാമ്മ സാറും മറിയാമ്മ സാറും ഒരുമിച്ചു സ്കൂ ളിന് അല്പം പിറകിലുള്ള ഒരു വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ്.  അവർക്കു ഉപൻ രാവിലെ തോറും കറുമ്പിപ്പശുവിൻ്റെ നാഴി പാൽ കൊണ്ടു ക്കൊടുക്കുമായിരുന്നു. ഒരു ദിവസം ഉപൻ പാലുമായി സാറന്മാർ താമസിക്കുന്ന വീടിനു താഴെയുള്ള വയൽ വരമ്പിലെത്തിയപ്പോൾ  കാലു എന്തിലോ തട്ടി മുന്നോട്ടാഞ്ഞു വീണു. കാൽ മുട്ടുകളും ഇടതു കൈപ്പത്തിക്കും ഒപ്പം വലതു കയ്യിൽ പിടിച്ചിരുന്ന പാൽ മൊന്തയും കുത്തിയാണ് വീണത്. ചെറിയ വായ്‌വട്ടമുള്ളതിനാൽ മൊന്ത കൈവിട്ടു പോയില്ലെങ്കിലും തറയിലിടിച്ച ആഘാതത്തിൽ അതിൽ  നിന്നും പകുതിയോളം പാൽ തെറിച്ചും തുളുമ്പിയും താഴെ പോയി. ഉപനാകെ പരിഭ്രമമായി. അത്രയും പാലുമായി ഇനി പോണോ അതോ തിരിച്ചു വീട്ടിലേയ്ക്കു പോകണമോ എന്ന അനിശ്ചിതത്ത്വം. മറിയാമ്മ സാറാണെങ്കിൽ ഗൗരവക്കാരിയും ദേഷ്യക്കാരിയും സംശയാലുവുമാണ്. "നീ വഴിക്കുവച്ചു മൊന്തേന്നു പാല് കട്ടുകുടിച്ചിട്ടല്യോടാ പാലിത്രേം കൊറഞ്ഞു പോയത്?"  എന്നു സാറു ചോദിച്ചെന്നു വരും. സാറിനെ നേരിടുക പ്രയാസമാണ്. അന്നാമ്മ സാർ പാവമാണ്. സ്നേഹമായിട്ടേ പെരുമാറുകയുള്ളു. വീട്ടിലേക്കു ബാക്കി പാലും കൊണ്ടു ചെന്നാൽ അമ്മച്ചിയുടെ വഴക്കു കേൾക്കേണ്ടി വരും. എന്തു വേണം? ഒരു തീരുമാനത്തിലെത്താനാവാതെ അവൻ കുഴങ്ങി കുറേ നേരം അവിടെത്തന്നെ നിന്നു. അപ്പോഴാണ് ചിന്ത ആ വഴിക്കു തിരിഞ്ഞത്  - അടുത്തു തന്നെ വയൽക്കരയിൽ ഒരു ചെറിയ കുളമുണ്ട്. നല്ല ശുദ്ധമായ വെള്ളവും. അടുത്തുള്ള ചില വീട്ടുകാർ വീട്ടാവശ്യങ്ങൾക്കുള്ള വെള്ളം അതിൽ നിന്നാണെടുക്കുന്നത്. അതിൽ നിന്നും പോയ പാലിന് പകരം വെള്ളം നിറച്ചാലോ? പാലും വെള്ളമാകും. നാഴിപ്പാലിൽ പകുതിയോളം വെള്ളം ചേർത്താൽ പാലു കാണുമ്പോഴേ മനസ്സിലാകും അതു ശരിക്കും വെള്ളം ചേർത്തതാണെന്ന്. അതു ശരിയാവത്തില്ല.  വിദ്യ പകർന്നു തരുന്ന സാറൻമാരോട് അങ്ങിനെ ചെയ്യുന്നത് മഹാ പാപമാണല്ലോ? മാത്രമല്ല, അപ്പോൾ മറിയാമ്മ സാർ തൻ്റെ മേൽ ഒന്നിന് പകരം രണ്ടു കുറ്റങ്ങളായിരിക്കും ആരോപിക്കുന്നത് - "വഴിക്കുവച്ചു പാലു കട്ടു കുടിച്ചതും പോരാ, വയലിലെ അഴുക്കു വെള്ളവും ഒഴിച്ചു!". വീണ്ടും അനിശ്ചിതത്വത്തെയും കെട്ടിപ്പിടിച്ചു ഉപൻ നിൽപ്പായി. അല്പം കൂടി കഴിഞ്ഞപ്പോൾ, പാലു വരാൻ താമസിക്കുന്നതുകൊണ്ടാവണം, അന്നാമ്മസാർ മുറ്റത്തിറങ്ങി ഉപൻ പാലുമായി വരുന്നുണ്ടോ എന്നറിയാൻ താഴെ വയൽ വരമ്പിലേയ്ക്ക് നോക്കിയപ്പോൾ അവനവിടെ ഒരു പന്തിയല്ലാത്ത നിൽപ്പ് നിൽക്കുന്നതാണ് കണ്ടത്. അൽപനേരം കൂടി കാത്തു നിന്നിട്ടും അവൻ അതേ നിൽപ്പുതന്നെ.  സംശയം തോന്നിയിട്ട് സാറു അവനേ ഉറക്കെ വിളിച്ചു. തിരിഞ്ഞു നോക്കിയെങ്കിലും അവൻ അതേ നിൽപ്പ് തന്നെ. സാറു താഴേയ്ക്കിറങ്ങി വീണ്ടും വിളിച്ചു. സാറിനെ അടുത്തു കണ്ടതും അവൻ വിങ്ങിപ്പൊട്ടി കരച്ചിലിൻ്റെ വക്കിലെത്തി. സാറിനും പരിഭ്രമമായി.
"എന്തു പറ്റി, ഉപനേ?  നീയെന്തിനാ കരയാൻ പൊന്നേ?"  സാറു ഉൽഘണ്ഠയോടെ ചോദിച്ചു. അവൻ മൊന്ത ഉയർത്തിക്കാണിച്ചു കൊണ്ടു വിക്കി വിക്കി പറഞ്ഞൊപ്പിച്ചു :
"കാലുതട്ടി  വീഴാമ്പോയപ്പം       കൊറേ പാലു തുളുമ്പിപ്പോയി.  ഇനി പകുതിയേ കാണത്തൊള്ളൂ, അതുകൊണ്ടാ ..."  അവൻ പറഞ്ഞൊപ്പിച്ചെങ്കിലും വീണ്ടും കരയുമെന്ന മട്ടിലായി.
അന്നാമ്മസാറു പൊട്ടിച്ചിരിച്ചു പോയി.
"നീ ശുദ്ധ മണ്ടനാണല്ലോടാ? ഇത്തിരി പാലു പോയെന്നു കണ്ടു ആരെങ്കിലും നിന്നേ പിടിച്ചു തിന്നുവോ അടിക്കുവോ  ചെയ്യുമെന്നു നീ വിചാരിച്ചോ?. സാരമില്ല, മറന്നേക്കൂ. പിന്നെ പാലു പോയ കാര്യം നീ വീട്ടി പറയണ്ടാ. മുഴുക്കെ പാലിൻ്റെയും  പൈസാ തരുന്നുണ്ട്; എന്താ, അതു പോരേ"
സാറു അവനേ ആശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു.  അവനു ആശ്വാസമായെങ്കിലും തൻ്റെ ധൈര്യമില്ലായ്മയെപ്പറ്റി ബോധ്യമായപ്പോൾ ഉപന് നാണവും തന്നോട് തന്നെ  പുശ്ചവും തോന്നി. എങ്കിലും, തന്നേ പഠിപ്പിക്കുന്ന സാറന്മാരെ സംബന്ധിക്കുന്ന കാര്യമായതുകൊണ്ടാണ് താനിങ്ങനെ ഒരു അവസ്ഥയിൽ പെട്ടുപോയതെന്നു അവൻ്റെ മനസ്സ് അവനെ ആശ്വസിപ്പിക്കുന്നുണ്ടെന്നു    അവനു അറിയാമായിരുന്നു.

12."പ്‌ടീ പ്‌ടീ ദുർഗുണേ...ഏ .ഏ നീ പ്‌ടീ പ്‌ടീ"

ഉപൻ അഞ്ചാം ക്‌ളാസ്സിൽ പഠിക്കുമ്പോഴാണ്   അയിലറ സ്കൂളിൻ്റെ ആദ്യ വാർഷികാഘോഷം നടത്തുന്നത്. ആന്റണി സാറും മറ്റു വാദ്ധ്യാന്മാരും ചേർന്നു  കുട്ടികൾക്ക് കായിക ഇനങ്ങളിലും കലാപരിപാടികളിലും മറ്റും മത്സരിക്കുവാനായി വേണ്ട പരിശീലനങ്ങളും നിർദേശങ്ങളും നൽകി.   പിന്നെ വാർഷിക ദിനത്തിൽ കുട്ടികളുടെ ലഘുനാടകങ്ങളും തിരുവാതിര, ലളിത ഗാനം തുടങ്ങി കുറേ കലാ പരിപാടികളും സംഘടിപ്പിച്ചു. അക്കാലത്തു അയിലറയിൽ  വൈദ്യുതി ഇല്ലാതിരുന്നതിനാൽ ആഘോഷം പകൽ രണ്ടു മണി മുതൽ നടത്തുവാനും തീരുമാനിച്ചു. തൻ്റെ ക്ലാസ്സിലെ തടിമാടന്മാർക്കൊപ്പം ഓടിയും ചാടിയും മറ്റും വിജയിക്കുവാൻ ഉപനായില്ല. ചേച്ചി വാഗമ്മ പെൺകുട്ടികളുടെ ചിലയിനങ്ങളിൽ ഒന്നാമതെത്തുകയുണ്ടായി.  എങ്കിലും ഉപന് നിരാശപ്പെടേണ്ടി വന്നില്ല. അച്ഛൻ രണ്ടു പേർക്കും വെവ്വേറെ എഴുതി പരിശീലിപ്പിച്ചു കൊടുത്ത പദ്യപാരായണത്തിലും ഉപന്യാസ മത്സരത്തിലും അവൻ ഒന്നാം സമ്മാനമായ രണ്ടു റൂൾ പെൻസിലുകൾ കരസ്ഥമാക്കി. സമ്മാനം ചെറുതായിരുന്നെങ്കിലും അതു കിട്ടിയതിൻ്റെ  സന്തോഷം വളരെ വലുതായിരുന്നു കലാപരിപാടികളുടെ ഇനത്തിൽ, അ കേശവൻ, ഏരൂർ സ്കൂളിൽ പഠിക്കുകയായിരുന്ന തൻ്റെ മൂത്ത മകൾ വിലാസിനിയെയും ഇളയ കുട്ടികളായ വാഗമ്മയെയും ഉപനേയും ഉൾപ്പെടുത്തി ഒരു ലഘു ഗദ്യ-പദ്യ നാടകം അവതരിപ്പിക്കുന്നതിനായി ആന്റണി സാറിൻ്റെ അനുവാദം വാങ്ങി.
ഒരു താമരപ്പൂവും  റോസ്സാപ്പൂവും തമ്മിലുള്ള സൗന്ദര്യപ്പിണക്കങ്ങളും അതു കാണുവാനിടയാകുന്ന മുല്ലപ്പൂവ് ഇടപെട്ടു അവരെ സമാധാനിപ്പിച്ചു പിണക്കം തീർത്തു ഇണക്കുന്നതുമാ ണ്നാടകത്തിൻ്റെ  ഇതിവൃത്തം . വിലാസിനി താമരയായും, വാഗമ്മ റോസയായും, ഉപൻ മുല്ലയായുമാണ് വേഷമിടുന്നത്.

വാർഷിക ദിവസം.   ഗദ്യ - പദ്യ നാടകത്തിൻ്റെ സമയമായി.  വിലാസിനി താമരപ്പൂവായി നെഞ്ചത്ത് താമരപ്പൂവിൻ്റെ ഒരു വലിയ പടവും ഘടിപ്പിച്ചു കൊണ്ടു ഒരു വശത്തുകൂടി  സ്റ്റേജിൽ പ്രവേശിച്ചിട്ടൂ, താനാണ് എല്ലാവരാലും ഇഷ്ടപ്പെടുന്ന, വീണ വായിക്കുന്ന സരസ്വതീദേവിയുടെ ഇരിപ്പിടമായ  താമരപ്പുവെന്നു ശ്ലോകം ചൊല്ലിക്കൊണ്ടു സദസ്യരെ സ്വയം പരിചയപ്പെടുത്തുന്നു. ഉടനെ നെഞ്ചിൽ റോസ്സാപ്പൂവിൻ്റെ ഒരു വലിയ പടവും ഘടിപ്പിച്ചു വാഗമ്മ റോസാപ്പൂവായിട്ടു സ്റ്റേജിൻ്റെ മറുവശത്തു കൂടി പ്രവേശിച്ചു, മനുഷ്യരെല്ലാവരും ഒന്നു ചുംബിക്കുവാനിഷ്ടപ്പെടുന്ന, എപ്പോഴും സുഗന്ധം വമിച്ചുകൊണ്ടേയിരിക്കുന്ന സുന്ദരിയായ റോസാപ്പുഷ്പമാണ് താൻ എന്നു പാടി സദസ്യരെ സ്വയം  പരിചയപ്പെടുത്തുന്നു. താമരയ്ക്കതു ഇഷ്ടപ്പെടുന്നില്ല.
"നീ ശരീരം നിറയെ "കണ്ടകങ്ങൾ" (മുള്ള്‌ ) നിറഞ്ഞ വൃത്തികെട്ടവളാണ്, പൂവിനു സമാനരായ കൊച്ചു കുട്ടികൾക്ക് നിൻ്റെ സമീപം വരുവാൻ തന്നെ ഭയമാണ്",   എന്നു റോസയെ ഇകഴ്ത്തിക്കൊണ്ടു പാടുന്നു. അതു കേൾക്കുന്ന റോസ : "നീ ചേറിൽ നിന്നു വളർന്നു പൊന്തിയ"വളാണ്, നിനക്ക് അപ്പോൾ ചേറിൻ്റെ നാറ്റമല്ലേ ഉണ്ടാകുള്ളൂ" എന്നു പാടി താമരയെ ഇകഴ്ത്തുന്നു. എന്നിട്ട്, സ്വയം പുകഴ്ത്തി : "ആളുകൾ എൻ്റെ ശരീരത്തിൽ നിന്നും പനിനീർ ശേഖരിച്ചു പൂജാ വേളകളിലും  വിവാഹ വേദികളിലും മറ്റു ആഘോഷ വേളകളിലും അവരുടെ മേൽ തളിച്ച് എൻ്റെ സുഗന്ധം ആസ്വദിക്കുന്നു" എന്നു പാടുന്നു. താമരയും വിട്ടുകൊടുക്കുവാൻ തയ്യാറല്ലായിരുന്നില്ല.. "ഞാൻ ബ്രഹ്മാവിൻ്റെ പൊക്കിൾക്കൊടിയിലാണ് വിടർന്നു നിൽക്കുന്നത്, അതിലും വലിയ ഒരു സ്ഥാനം ആർക്കു കിട്ടും" എന്നായി താമര. ഇങ്ങിനെ രണ്ടാളും സ്വയം പുകഴ്ത്തിയും അപരനെ ഇകഴ്ത്തിയും ശണ്ഠ കൂടി, താമര അവസാനം റോസയെ  "പോടീ, പോടീ ദുർഗുണേ, നീ പോടീ, പോടീ" എന്നു ഇകഴ്ത്തിക്കൊണ്ടു പാടുന്നതു കേട്ടുകൊണ്ട്, ഒരു മുല്ലപ്പൂമാലയും ചൂടിക്കൊണ്ടു ഉപൻ മുല്ലപ്പൂവായിട്ടു പ്രവേശിച്ചു രണ്ടുപേരോടുമായി പറയുന്നു :
"എന്തിനാണ് സഹോദരിമാരേ നിങ്ങൾ ഇങ്ങിനെ നിസ്സാര കാര്യത്തിന് ശണ്ഠ കൂടുന്നത്?  നോക്കൂ, എനിക്കും നല്ല സുഗന്ധവും ശുഭ്രതയുമില്ലേ? മഹിളാ രത്നങ്ങൾ എന്നെ മാലയാക്കി അവരുടെ കാർകൂന്തലിൽ  ചൂടാറില്ലേ? പുതു ദമ്പതികൾ അവരുടെ മണിയറയിൽ മധുവിധു ആഘോഷിക്കുന്നത് കിടക്കയിൽ എന്നേ വിതറി വിരിച്ചുകൊണ്ടല്ലേ? എന്നിട്ടും എനിക്കൊരഹങ്കാരവുമില്ലല്ലോ! ഞാൻ സ്വയം പുകഴ്ത്താറുമില്ല, മറ്റുള്ളവരെ താഴ്ത്തിക്കെട്ടാറുമില്ല.    നമ്മൾ പുഷ്പങ്ങൾക്കു രണ്ടോ മൂന്നോ ദിവസങ്ങളുടെ ആയുസ്സേയുള്ളു. അതു കഴിഞ്ഞാൽ നമ്മൾ വെറും "വീണപൂക്കൾ" മാത്രമാണ്. ഉള്ള ജീവിത കാലം ശാന്തിയോടും സമാധാനത്തോടും കൂടി ജീവിക്കുന്നതല്ലേ ബുദ്ധിയും ഉചിതവും? നമ്മളുടേതായ സുഗന്ധവും, സൗന്ദര്യവും മറ്റു ഗുണങ്ങളും മനുഷ്യർ ആസ്വദിക്കുന്നത് കണ്ടു നമ്മൾ സന്തോഷിക്കുകയല്ലേ വേണ്ടത്? നിങ്ങൾ നല്ല കൂട്ടുകാരായി, സന്തോഷത്തോടെ പിരിഞ്ഞു പോകുക"
താമരയും റോസയും  മുല്ലയുടെ ഓരോ കൈകൾ കരസ്ഥമാക്കിക്കൊണ്ട്‌ ഒരുമിച്ച്  :
"സഹോദരി പറഞ്ഞതാണ് വാസ്തവം. നിസ്സാര കാര്യങ്ങൾക്കായി ശണ്ഠ   കൂടുന്ന ഞങ്ങൾ എന്തു വിഡ്ഢികളാണ്?"
എന്നിട്ട് മൂന്നു പേരും കൂടി  പൂക്കളെപ്പറ്റിയും പ്രകൃതിയെപ്പറ്റിയും ദൈവത്തെപ്പറ്റിയും പുകഴ്ത്തി   പാടിയിട്ടു സ്റ്റേജിൽ നിന്നും മറയുന്നു.

നാടകം കളിച്ച കാര്യം താമസിയാതെ എല്ലാവരും മറന്നു.  പക്ഷേ, അതിലെ ഒരു വരി പിന്നീട് ചേച്ചി വാഗമ്മയ്‌ക്കെതിരെ നല്ല ഒരു ആയുധമായി ഉപയോഗിക്കുവാൻ ഉപന് ഉതകി.  രണ്ടുപേരും കൂടി നിസ്സാര കാര്യങ്ങൾക്കും വഴക്കിടും, ഇരട്ടപ്പേര് വിളിയിൽ തുടങ്ങി അതവസാനം അടിയിലോ, പിച്ചിലോ നുള്ളിലോ പിന്നെ ഉപൻ്റെ മോങ്ങലിലോ മാത്രമേ അവസാനിക്കൂ; കാരണം ആ കാര്യങ്ങളിലൊന്നും അവനു ചേച്ചിയേ തോൽപ്പിക്കുവാൻ കഴിയുമായിരുന്നില്ല.

ഒരിക്കൽ അടിപിടിയിൽ   തോൽക്കുന്നായപ്പോഴാണ് ഉപൻ്റെ ബുദ്ധിയിലേക്കു ഒരു മിന്നലെന്നപോലെ ആ വാക്കുകൾ  കടന്നു വന്നത്; തങ്ങൾ കളിച്ച നാടകത്തിൽ താൻ സ്റ്റേജിലേക്ക് പ്രവേശിക്കുമ്പോൾ കേട്ട,    വിലാസിനിച്ചേച്ചി വാഗമ്മച്ചേച്ചിക്കെതിരേ പ്രയോഗിച്ച, ആ വാക്കുകൾ : "പോടീ പോടീ, ദുർഗുണേ നീ, പോടീ പോടീ" !!! പിന്നെ താമസിച്ചില്ല - കൈപ്പത്തികൾ രണ്ടുമുയർത്തി കോക്രി കാണിച്ചുകൊണ്ട് വച്ചു കാച്ചിക്കൊടുത്തു : "പോടീ പോടീ, ദുർഗുണേ നീ, പോടീ പോടീ".  പക്ഷേ, പുതിയ ആയുധം കിട്ടിയതിൻ്റെ ആവേശത്തിൽ താൻ ചേച്ചിയോട് അടുത്തു തന്നെയാണ് നിൽക്കുന്നതെന്ന കാര്യം അവൻ ശ്രദ്ധിച്ചിരുന്നില്ല. വാഗമ്മയുടെ മട്ടും ഭാവവുമെല്ലാം അടിമുടി മാറി. ആ മുഖം ശൗര്യത്താൽ ചുവന്നു തുടുത്തു; കണ്ണുകളിൽ ക്രോധം ഇരമ്പിക്കയറി.  പല്ലുകളും മുഷ്ടികളും ഞെരിച്ചമർത്തിക്കൊണ്ടു അവൾ മിന്നൽ വേഗത്തിൽ, ഓടുവാൻ ഉപനവസരം കൊടുക്കാതെ, അവനെ കടന്നു പിടിച്ചു പൊതിരെ തല്ലുകയും, പിച്ചുകയും, മാന്തുകയുമൊക്കെ നിമിഷങ്ങൾക്കകം ചെയ്തു ശൗര്യവും ദേഷ്യവുമൊക്കെ തീർത്തു. ഉപന് പതിവു പോലെ മോങ്ങുക മാത്രമേ നിവർത്തിയുണ്ടായിരുന്നുള്ളു.

ആദ്യത്തെ പ്രയോഗത്തിൽ അതിദയനീയമായി തോറ്റെങ്കിലും, ഉപന് ഒരു കാര്യം ഉറപ്പായി; ചേച്ചിയേ ശുണ്ഠിയും ദേഷ്യവും പിടിപ്പിക്കുവാൻ ഇതിലും നല്ല ഒരു അടവ്  വേറേ കിട്ടില്ല. അങ്ങനങ്ങു തോറ്റു പിന്മാറുവാൻ ആവാനാകില്ലായിരുന്നു. അവൻ ആലിച്ചിച്ചു : എന്താണൊരു മാർഗ്ഗം? അവസാനം അവനൊരു നിസ്സാര വഴി തന്നെ കണ്ടെത്തി. തോൽക്കുമെന്ന ഘട്ടമെത്തുമ്പോൾ തോൽവി സമ്മതിച്ചെന്ന മട്ടിൽ മിണ്ടാതെ, മുറ്റത്തേയ്ക്ക് നടന്ന് ദൂരേയ്ക്ക് മാറിപ്പോവുക; എന്നിട്ട് ഉറക്കെ ആ സ്പെഷ്യൽ പ്രയോഗം നടത്തിയിട്ട് പെട്ടെന്നൊടി മരച്ചീനികളുടെ ഇടയിൽ മറയുക. വഴക്കു കൂടുവാനുള്ള സന്ദർഭങ്ങളും ; ഉപൻ്റെ പ്രയോഗവും  തുടർന്നുകൊണ്ടേയിരുന്നു. ക്രമേണ ആ പ്രയോഗത്തിൽ ഒരു ചെറിയ മാറ്റമുണ്ടായെന്നു മാത്രം. പെട്ടെന്ന് പ്രയോഗിച്ചിട്ടു ഓടിമറയുവാനുള്ള ധൃതിയിൽ പ്രയോഗം "പ്‌ടീ പ്‌ടീ ദുർഗുണേ...ഏ ..ഏ  നീ പ്‌ടീ പ്‌ടീ"   എന്നു രൂപാന്തരപ്പെട്ടു.      ഉപൻ ഹൈസ്കൂളിൽ പോയിത്തുടങ്ങിയതിനു  ശേഷമാണ് വഴക്കിനും തമ്മിലടിയ്ക്കും അറുതി വന്നത്.  

മേമ്പൊടി 
---------------

"നാടകാന്ത്യം കവിത്വ"മാണെങ്കിൽ തൻ    
നാടകം നല്ലപോലേ നടിച്ചുപൻ

നാടകത്തിൽ നിന്നൊരേട്  കടമെടു-          
ത്താടിയവൻ  തൻ്റെ ജീവിത നാടകം !

ജീവിതക്കളിപ്പോരിൻ്റെ ഏടതി-
ജീവനത്തിൻ്റെ  കാര്യമായ് മാറവേ

"തന്നള മുട്ടിയാൽ ചേരയും കൊത്തിടു"-
മെന്നുള്ള  ചൊല്ലുപനന്വർത്ഥമാക്കിനാൻ.


      
         13. ഒരു ആനക്കാര്യം


അഞ്ചാംക്ലാസ്സിലെ വാർഷികപ്പരീക്ഷ കഴിഞ്ഞ  ദിവസം. പരീക്ഷകഴിഞ്ഞു, ഇനി രണ്ടു മാസത്തെ വേനലവധിക്കാലം കളിച്ചു രസിച്ചു നടക്കാമല്ലോ എന്നോർത്ത് സന്തോഷിച്ചു   വെളിയിലിറങ്ങിയപ്പോൾ നാലഞ്ച് കുട്ടികൾ കൂട്ടംചേർ ന്നുനിന്നു സംസാരിക്കുന്നത് കണ്ടു ഉപനും അങ്ങോട്ട് ചെന്നു. പരമുവാണു വിഷയം അവതരിപ്പിക്കുന്നത്.   പരമു പറഞ്ഞു: "ഞാനും തങ്കപ്പനും കൂടെ ചക്കരമാങ്ങാ പറക്കുവാൻ കാട്ടീ പോവ്വാ ആരെങ്കിലും വരുന്നുണ്ടെങ്കി വാ". രണ്ടുമൂന്നു കുട്ടികൾ ഉറക്കെ പറഞ്ഞു : "ഞാനും വരുന്നൊണ്ട് ". ഉപൻ ഒരുനിമിഷം ആലോചിച്ചു.   വനം സ്കൂളിൽനിന്നും അധികം ദൂരെയല്ല. പലപ്രാവശ്യം അച്ഛൻ്റെ കൂടെയും മറ്റുള്ളവരുടെ കൂടെയും പോയിട്ടുമുണ്ട്. ഇവരുടെകൂടെ പോയാൽ നല്ല രസമായിരിക്കും. ശർക്കരമാമ്പഴം തിന്നുകേം നിക്കറിൻ്റെ പോക്കറ്റി കുറച്ചു  കൊണ്ടു വരുകേം ചെയ്യാം. . പിന്നെ കൂടുതൽ ആലോചിച്ചില്ല. "ഞാനും വരുന്നൊണ്ട്‌." അവൻ ഒരു ചെറിയ ആവേശത്തോടുതന്നെ പറഞ്ഞു. ചേച്ചിയുടെ അടുത്ത് ചെന്ന് പറഞ്ഞു: ഞാൻ കളിച്ചിട്ടേ വരാത്തൊള്ളൂ, വീട്ടീ പറഞ്ഞേക്ക്.
 
കുട്ടൻ മുണ്ടും മടക്കിക്കുത്തി മുന്നിലും   മറ്റുള്ളവർ പിന്നിലും നടന്നു. തങ്കപ്പനും മുണ്ടാണ് ഉടുത്തിരിക്കുന്നതു.     ബാക്കി നാലുപേരും നിക്കറും. അര മണിക്കൂറുകൊണ്ട് അവർ വനത്തിനുള്ളിലെത്തി. താൻ  ഈ ഭാഗത്തെങ്ങും വന്നിട്ടില്ലല്ലോ എന്നു ഉപൻ ഓർത്തു. വീണ്ടും നടന്നു കയറ്റം കയറി പുല്മേടുകളിലെത്തിച്ചേർന്നു.  വീണ്ടും കുറെയധികം നടന്നുകഴിഞ്ഞപ്പോൾ നെടുംകുത്തായ ഒരു ചരിവുപ്രദേശത്തെത്തി. താഴെ ഇരുണ്ട ഇടതൂർന്ന വനങ്ങളുടെ താഴ്വരകൾ.   താൻ ഇത്രയും ദൂരെ ഇടതൂർന്ന, കറുത്തിരുണ്ട വനത്തിൽ വന്നിട്ടില്ലല്ലോ എന്നു ഉപൻ ചിന്തിച്ചു. ഉൾവനങ്ങളിൽ പുലിയും ആനയുമൊക്കെ ഉണ്ടെന്നു കേട്ടിട്ടുണ്ട്. നാട്ടുകാരുടെ പശുക്കളെയൊക്കെ വനത്തിൽ കൊണ്ടുപോയി മേയ്ക്കുന്ന കോവിന്ദൻ ഒരിക്കൽ ഒരു പശുവിനെ പുലി പിടിക്കുന്നത് കണ്ടു പേടിച്ചിട്ടു പശുക്കളെയെല്ലാം കാട്ടിലുപേക്ഷിച്ചു  ഓടിപ്പോന്ന സംഭവം കഴിഞ്ഞ വർഷം നടന്നിട്ടേയുള്ളു. വീട്ടിലാരുമറിയാതെ ഇത്രയകലെയുള്ള വനത്തിൽ പോയ വിവരം അച്ഛനറിഞ്ഞാ തല്ലിൻ്റെ പൂരം ഉറപ്പ്‌. തിരിച്ചു പോയാലോ? പക്ഷേ ഇത്രയും ദൂരം ഇനി തനിയേ വനത്തിലൂടെ നടക്കാനും പേടി. മാത്രമല്ല, തിരികെ പോയാൽ മറ്റുള്ളവർ തന്നെ പേടിച്ചുതൂറി എന്നു വിളിച്ചു കളിയാക്കും. ഇനി വരുന്നിടത്തു വച്ചു കാണുകയേ വഴിയുള്ളു.

പരമു  പതുക്കെ താഴേക്കിറങ്ങി.   ചെങ്കുത്തായ ഇടം. ഒന്നു കാലു തെറ്റി വീണാൽ പിന്നെ ഉരുണ്ടുമറിഞ്ഞു എവിടെയെത്തുമെന്നറിയില്ല.  കുടഅവൻ്റെ പിറകെ മറ്റുള്ളവരും ബാലൻസ്
        
പരമു  പതുക്കെ താഴേക്കിറങ്ങി.   ചെങ്കുത്തായ ഇടം. ഒന്നു കാലു തെറ്റി വീണാൽ പിന്നെ ഉരുണ്ടുമറിഞ്ഞു എവിടെയെത്തുമെന്നറിയില്ല. അവൻ്റെ പിറകെ മറ്റുള്ളവരും ബാലൻസ് പിടിച്ചു ഇറങ്ങി. "കാലു തെറ്റി  വീഴാതെ ചെടികളിൽ പിടിച്ചിറങ്ങിക്കോണം”, പരാമുവിൻ്റെ ഉപദേശം. ചരിവിൽ നിന്നും കണ്ടു : താഴ്‌വരയിൽ തലയുയർത്തി ഇടതൂർന്ന മാമ്പഴക്കുലകളും പേറിനിൽക്കുന്ന അനേകം മാവുകൾ.  കണ്ണുകൾക്കു ആനന്ദവും നാവിനു ഹരവും രുചിയും പകരുന്ന മനോഹരമായ കാഴ്ച. പതുക്കെ വനത്തിനുള്ളിലേക്കിറങ്ങി. നല്ല ഇരുട്ട്. ഒപ്പം ചീവീടുകളുടെ നിലയ്ക്കാത്ത ഒച്ചകളും. ഒരു ഭയം ക്രമേണ ഉള്ളിലേക്ക് അരിച്ചരിച്ചു കയറുന്നതറിവായി. അതു മനസ്സിലാക്കിയെന്നവണ്ണം പരാമുവിൻ്റെ മുന്നറിയിപ്പ് :  "ആരും അകന്നുമാറിപ്പോവരുത്. അടുത്തടുത്തുണ്ടാവണം. ആരും പേടിക്കരുത് ". അൽപ്പം കൂടി താഴേയ്ക്ക് ചെന്നപ്പോൾ മാമ്പഴങ്ങൾ കിടക്കുന്നതു കാണായി. ഉപനും മറ്റും അവ പെറുക്കുവാൻ തുടങ്ങിയപ്പോൾ പരാമുവിൻ്റെ ഉപദേശം : "അതൊക്കെ പുളിച്ചിമാങ്ങകളാ, ചക്കരമാങ്ങയ്ക്കു കുറച്ചുക്കൂടെ താഴോട്ട് പോണം. എനിക്കറിയാം എവിടെയാന്നു". ചൂരൽക്കാടുകൾ. ചൂരൽവള്ളിയിലെ മുള്ളുകൾ നിക്കറിലും ഉടുപ്പിലുമുടക്കുകയും അവ വേർപെടുത്തുവാനുള്ള ശ്രമത്തിൽ കൈകളിൽ തറയ്ക്കുകയും വേദനിക്കുകയും ഉണ്ടായി.   സാരമില്ല, ചക്കരമാമ്പഴം തിന്നാമല്ലോ ! പെട്ടെന്ന് പരാമുവിൻ്റെ ശബ്ദം. "ദേ നോക്ക്, ചക്കരമാങ്ങകള് കണ്ടോ ?" അവൻ ചൂണ്ടിക്കാട്ടിയിടത്തേക്കു മറ്റുള്ളവർ നോക്കി. ശരിയാണ്, ചെടികൾക്കും കരിയിലകൾക്കുമിടയിലായി മാങ്ങകൾ കിടക്കുന്നു. നാവിൽ വെള്ളമൂറിക്കുന്ന മണവും. മുകളിലേയ്ക്കു നോക്കി. പാഴ്മരച്ചില്ലകൾക്കിടയിൽക്കൂടി കണ്ണെത്താത്ത ഉയരത്തിൽ ഇരുണ്ട ശിഖരങ്ങളിൽ കാറ്റത്തുലഞ്ഞാടുന്ന മാങ്കുലകൾ കണ്ടു. ഇടയ്ക്കിടയ്ക്ക് ഒന്നും രണ്ടും മാങ്ങകൾ കൊഴിഞ്ഞു വീഴുന്നുമുണ്ട്. കുട്ടൻ മുണ്ടഴിച്ചു ഇറക്കിക്കെട്ടി റബ്ബർ  ബാൻഡിട്ടു മുറുക്കിയുടുത്തു വലിയ മാറാപ്പു കെട്ടി. തങ്കപ്പനും മാറാപ്പു കെട്ടി അവന് മുണ്ടുറപ്പിക്കുവാൻ റബ്ബർ ബാൻഡില്ല. അവർ മാങ്ങകൾ പെറുക്കിപ്പെറുക്കി വീണ്ടും താഴേക്ക്. ഇടയ്ക്കു മാങ്ങകൾ ഊറിക്കുടിച്ചു ആസ്വദിക്കുന്നുമുണ്ട്. ഇത്ര സ്വാദുള്ള നാട്ടു മാങ്ങാ ഇതിനുമുൻപ് തിന്നിട്ടില്ല തന്നെ. ഉപൻ്റെ പോക്കറ്റുകൾ രണ്ടും നിറഞ്ഞു കഴിഞ്ഞു. പെട്ടെന്ന് താഴെ മുന്നിലായിരുന്ന തങ്കപ്പൻ്റെ അങ്കലാപ്പോടു കൂടിയ അടക്കിപ്പിടിച്ച ശബ്ദം. "ആരും അനങ്ങരുത്. ദേ അവിടെ ആന നിക്കുന്നുണ്ട്. നമുക്കിനി തിരികെപ്പോകാം." എല്ലാവരും തങ്കപ്പൻ  കാണിച്ചിടത്തേയ്ക്കു നോക്കി. കാടുകൾക്കിടയിൽ ഒരനക്കവും കൂടുതൽ ഇരുൾച്ചയും. ഒന്നുകൂടി നോക്കിയപ്പോൾ ആനയെ വ്യക്തമായും കണ്ടു. പെട്ടെന്ന് ആന തിരിഞ്ഞു തുമ്പിക്കയ്യുയർത്തി മൂക്കുവിടർത്തി. നീണ്ടു വെളുത്ത കൊമ്പുകൾ ആ ഇരുൾച്ചയിൽ വളരെ വ്യക്തമായി കാണുവാൻ കഴിഞ്ഞു. അതിനു മനുഷ്യഗന്ധം അനുഭവപ്പെട്ടിരുന്നു. ഒരു പ്രത്യേക ശബ്ദവും പുറപ്പെടുവിച്ചു. മറ്റുള്ള ആനകൾക്ക് മുന്നറിയിപ്പ്. ഉടൻതന്നെ അടുത്തുള്ള ചെടികൾക്കിടയ്ക്കും അനക്കം. വേറെയും ആനകൾ. അവയും ഉപനേയും കൂട്ടരെയും പോലെ ചക്കരമാങ്ങാ തിന്നാൻ വന്നിരിക്കുകയാണ്. അവരുടെ നല്ലജീവൻ പോയി.  ഭയംകൊണ്ട് കാലുകൾ നിലത്തു ഉറച്ചുപോയതു പോലായി. പരമു എല്ലാവരോടുമായി ശബ്ദം താഴ്ത്തി പറഞ്ഞു. "ചെടികളിൽ തൊടാതെ പതുക്കെ കുനിഞ്ഞു മുകളിലേക്ക് വലിഞ്ഞു കേറിക്കോ. ഒരനക്കോം ശബ്ദോമൊണ്ടാക്കരുത്." ആ ശബ്ദം മറ്റുള്ളവർക്ക് ധൈര്യം നൽകിയെന്ന് തോന്നി. അവർ പതുക്കെ, ശബ്ദമുണ്ടാക്കാതെ, പിന്നോട്ടുവലിഞ്ഞു മുകളിലേക്ക് കയറിത്തുടങ്ങി. കുറെ മുകളിലെത്തി തിരിഞ്ഞു താഴേയ്ക്ക് നോക്കി ആന പിറകെയില്ലെന്നു ഉറപ്പുവന്നപ്പോൾ കുട്ടൻ പറഞ്ഞു. "ഇനി പേടിക്കാനില്ല. എന്നാലും ജീവനും കൊണ്ടോടിക്കോ." കേൾക്കാത്ത താമസം, എല്ലാവരും ചെടികളിലും നിലത്തും അള്ളിപ്പിടിച്ചു ഉള്ള ശക്തിയെല്ലാമെടുത്തു   ഇഴഞ്ഞും വലിഞ്ഞും മുകളിലേക്ക് വച്ചു പിടിച്ചു. പരമു ഇടയ്ക്കിടയ്ക്ക് ഓരോരുത്തരുടെയും പേര് വിളിച്ചു എല്ലാവരും കൂടെയുണ്ടെന്നുറപ്പു വരുത്തി ഒരു നല്ല ലീഡറുടെ ഗുണം കാണിക്കുന്നുമുണ്ട്. എല്ലാവരും ശരിക്കും അവശരായി കുന്നിന്മുകളിലെത്തി കിതച്ചുകൊണ്ട് നിന്ന് ആന പിറകെയില്ലെന്നു ഒന്നുകൂടി ഉറപ്പുവരുത്തി. ഒരുമിച്ചായപ്പോഴാണ് എല്ലാവരും അന്യോന്യം നേരിട്ടു നോക്കുന്നത്. ഭീതിയെല്ലാം കാറ്റിൽപ്പറത്തി പെട്ടെന്നൊരു കൂട്ടച്ചിരി മുഴങ്ങി. ചിലർ കൈകൊട്ടുന്നുമുണ്ട്. തങ്കപ്പനെ പിറന്നപടിയിൽ കണ്ടാൽ പൊട്ടിച്ചിരിക്കാതെന്തു ചെയ്യും? വെപ്രാളത്തിലോടുന്നതിനിടെ തൻ്റെ മുണ്ടു മുൾച്ചെടികളിലുടക്കി ഉരിഞ്ഞുപോയത് തങ്കപ്പൻ പോലുമറിഞ്ഞത് അപ്പോഴാണ്. ഇനിയെന്ത് ചെയ്യും? മുണ്ടുമന്വേഷിച്ചു തിരികെപ്പോകുന്ന പ്രശ്നമുദിക്കുന്നില്ല. കൂട്ടത്തിൽ മുതിർന്ന പരമു പോലും അടിവസ്ത്രമിട്ടിട്ടില്, ഒന്ന്  തങ്കപ്പനു കൊടുക്കാൻ. പരമു പറഞ്ഞു : "ഇനി പോകാം. കാടിറങ്ങിയിട്ട് എന്തുവേണമെന്നു നോക്കാം." എന്തായാലും ആനയെക്കണ്ട്‌ പേടിച്ചതു മൂലമുണ്ടായ പിരിമുറുക്കം തങ്കപ്പൻ്റെ നഷ്ടപ്പെട്ട മുണ്ടു കാരണം അയഞ്ഞു കിട്ടിയല്ലോ ! അവർ കുന്നിറങ്ങി വനാതിർത്തി കഴിഞ്ഞു നാട്ടിലെ ഇടുങ്ങിയ ഇടവഴിയിലേക്കിറങ്ങിയപ്പോൾ പരമു തങ്കപ്പനോടായി പറഞ്ഞു : "നീ ഏറ്റവും പൊറകേ വന്നാമതി. ആരെങ്കിലും എതിരെ വന്നാ മരത്തിനോ ചെടിക്കൊ പൊറകി ഒളിച്ചോണം." ഏറ്റവും പിറകിൽ തങ്കപ്പനും അവനു മുന്നിലായി പരമുവും അതിനും മുന്നിലായി മറ്റു നാലുപേരും വരിയായി ഇടവഴിയിൽക്കൂടി നടപ്പായി. കുറച്ചു ചെന്നപ്പോൾ ആദ്യത്തെ വീട്‌ കാണായി. മുന്നോട്ടുപോകുവാൻ മറ്റുള്ളവരെ ആംഗ്യം കാണിച്ചിട്ട് പരമു ആ വീടിൻ്റെ പടിക്കൽ നിന്നുകൊണ്ടു മുറ്റമാകെ പരിശോധിച്ചു. ഒന്നും കണ്ടില്ലെന്നു തോന്നിയപ്പോൾ മറ്റുള്ളവർക്കൊപ്പം കൂടി.  അടുത്ത വീട്ടിലും പരിശോധന ആവർത്തിച്ചെങ്കിലും ഫലമുണ്ടായില്ല. മൂന്നാമത്തെ വീട്ടുമുറ്റത്തു ഒരു കൈലിയും ഷർട്ടും ചുട്ടിത്തോർത്തും കഴുകി അയയിൽ ഉണങ്ങാനിട്ടിരിക്കുന്നതു കണ്ടു. മുന്നോട്ടുപോകുവാൻ ആംഗ്യം കാട്ടിയിട്ടു, മുറ്റത്താരുമില്ലെന്നു ഉറപ്പുവരുത്തിയ ശേഷം കുട്ടൻ പതുങ്ങിപ്പതുങ്ങി മുറ്റത്തേയ്ക്ക് കയറി മിന്നൽ വേഗത്തിൽ തോർത്തും കൈക്കലാക്കി ഇടവഴിയിൽ ചാടി മറ്റുള്ളവർക്കൊപ്പമെത്തി തോർത്ത് തങ്കപ്പനു കൊടുത്തിട്ടു പറഞ്ഞു : "ഉടുത്തോടാ, എന്നിട്ടെല്ലാവരും ഓടിക്കോ." അവർ ഓടിയും നടന്നും ഇടവഴിയും കഴിഞ്ഞു സ്കൂളിനടുത്തെ വയൽ വരമ്പിലെത്തി നിന്നു. പെറുക്കിയെടുത്ത മാങ്ങകളിൽ അധികവും ജീവനും കൊണ്ടോടുന്ന വഴിക്കു നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. കുട്ടൻ്റെ മാറാപ്പിലും നിക്കറുകാരുടെ പോക്കറ്റിലുമായി ഉണ്ടായിരുന്ന ശേഷിച്ച മാങ്ങകൾ എല്ലാവർക്കുമായി പങ്കിട്ടുകൊടുത്തിട്ടു പരമു പറഞ്ഞു : “നമ്മൾ കാട്ടിൽ  പോയതും ആനയെക്കണ്ടതും വീട്ടിലോ കൂട്ടുകാരോടോ പറയരുത് പറഞ്ഞാൽ കുഴപ്പമുണ്ടായെന്നു വരും." എല്ലാവരും സമ്മതം മൂളിയിട്ടു അവരവരുടെ വീടുകളിലേക്ക് വച്ചുപിടിച്ചു.

 
     *******  *******   *******                            
പരീക്ഷാഫലം   വന്നു. കുട്ടനും തങ്കപ്പനും തോറ്റു. ആ സാഹസിക സംഘത്തിൽനിന്നും    ഉപനും മറ്റു രണ്ടുപേരും മാത്രം ജയിച്ചു. കേശവൻ ഉപനേ മൂന്നു മൈൽ അകലെയുള്ള ഏരൂർ  സർക്കാർ മിഡ്‌ഡിൽ സ്കൂളിൽ ഫസ്റ്റിൽ (ആറാം ക്ലാസ്സിൽ) ചേർത്തു. സ്കൂൾ തുറന്നപ്പോൾ സംഘത്തിൽ നിന്നും അവൻ  മാത്രമേയുള്ളു. പാസ്സായ മറ്റുരണ്ടുപേരും തുടർപഠിത്തം മതിയാക്കിയിരിക്കുന്നു. അതുകൊണ്ടു തന്നെ ആ സാഹസിക യാത്രയെപ്പറ്റി പിന്നീട് ഓർത്തും പേർത്തും  പറഞ്ഞു രസിക്കുവാൻ ആരുമില്ലാതെ അതു ഉപൻ്റെ ഓർമച്ചെപ്പിൻ്റെ ഏതോ കോണിൽ അടിഞ്ഞു കൂടി കിടക്കുകയായിരുന്നു, ഇതുവരെ.


മേമ്പൊടി 
------------------

മാമ്പഴം തിന്നാൻ കൊതിച്ചു ഞങ്ങൾ         
വമ്പൻ കാട്ടിലേക്കൂളിയിട്ടങ്ങു ചെന്നു

കൊമ്പനാനയ്ക്ക് കൊതിയേറിയിട്ടഹാ
മുൻപേയവിടെത്തി, ഞങ്ങളേക്കാൾ

മുമ്പിലവൻ്റെയടുത്തെത്തിയപ്പോഴേ           
വെമ്പി ഞങ്ങൾ, ശബ്ദ രഹിതരായി.

കൊമ്പുകൾ രണ്ടും തിളങ്ങിയിരുട്ടിലാ,
തുമ്പിയിൽ മാമ്പഴം ഞെങ്ങിയിരിക്കണു.

കണ്ടതും മിണ്ടാതെ മണ്ടിയ കാരണം  
മുണ്ടുപോയ്, ജീവനോ കൊണ്ടുപോന്നു.

മുണ്ടൊരെണ്ണം കട്ടെടുത്തു വരും വഴി   
കണ്ടു പിടിച്ചില്ലതാരുമിതേവരെ !!!
                          
       മിഡ്‌ഡിൽ സ്കൂളിലേയ്ക്ക
പുതിയ സ്കൂൾ വർഷം.   കേശവൻ ഏരൂർ ഗവ: മിഡിൽ   സ്കൂളിൽ വാഗമ്മയ്ക്കും ഉപനും ഫസ്റ്റ് ഫോമിലേക്ക്  അഡ്മിഷൻ എടുത്തിരുന്നു. ഉപൻ്റെ ക്ലാസ്സിൽ അയിലറയിൽ നിന്നും അഞ്ചാം ക്ലാസ് പാസ്സായി വന്നവരിൽ മൂന്നു പേർ  മാത്രം. പുതിയ ക്ലാസ്സിൽ അവർക്കു പിറകിലെ ബെഞ്ചിലായിരുന്നു സ്ഥാനം; ഉപന്, മുൻ ബെഞ്ചിലും. സ്വാഭാവികമായും ഉപൻ  തൻ്റെ അടുത്തിരുന്ന മാധവൻകുട്ടിയും കൃഷ്ണൻകുട്ടിയുമായി കൂട്ടു കൂടി. എങ്കിലും ക്രമേണ പിൻ ബെഞ്ചുകാരനായ സുലൈമാനുമായി ഉപൻ ചങ്ങാത്തം കൂടുകയുണ്ടായി.

സുലൈമാൻ്റെ  വീട് ഏരൂരിനും ഐലറയ്ക്കും മദ്ധ്യേ, ആയിരുന്നു.  ക്ലാസ്സു തുടങ്ങി ഒരു ദിവസം ഉപൻ ഇടയ്ക്കുള്ള കവലയിലെത്തിയപ്പോൾ സുലൈമാനും അവിടെയെത്തുകയുണ്ടായി.  അവൻ ഉപനൊപ്പം കൂടുകയും അവർ അന്ന്യോന്യം കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു. പിന്നീട് അത് ഒരു പതിവാകുകയും അതൊരു ഉറച്ച സുഹൃത്ബന്ധത്തിന്  വഴിതെളിക്കുകയും ചെയ്തുതു. തന്നേക്കാൾ പ്രായക്കുറവും വലിപ്പക്കുറവും ഉപനുണ്ടായിരുന്നതിനാലാകാം, സുലൈമാൻ അവനെ ഒരു സുഹൃത്തെന്നതിലുപരി, തൻ്റെ കൊച്ചനുജനെപ്പോലെ കരുതുകയാണുണ്ടായത്.

ഉപൻ ക്ലാസ്സിലെ കുട്ടിത്തം അപ്പോഴും വിട്ടുമാറാത്ത ഏറ്റവും ചെറിയ കുട്ടി ആയിരുന്നതിന്നലാകാം, ക്ലാസ്സ്‌ ടീച്ചറും കണക്കു ടീച്ചറുമായിരുന്ന പ്രഭാകരൻ സാറിനു,  ഉപനോട് ഒരു പ്രത്യേക വാത്സല്ല്യം തോന്നുകയും അതദ്ദേഹം പലപ്പോഴും തുറന്നു പ്രകടമാക്കുകയും ചെയ്തിരുന്നു. കണക്കിൽ എപ്പോഴും ഒന്നാമനാകുന്ന കൊച്ചുകൃഷ്ണപിള്ള ആയിരുന്നു  ക്ലാസ് മോണിറ്റർ. ഓണപ്പരീക്ഷയുടെ ഫലം വന്നപ്പോൾ മലയാളം, ഇംഗ്ലീഷ്, സയൻസ് എന്നീ വിഷയങ്ങളിൽ ഉപൻ ഒന്നാമൻ. കണക്കിനു കൊച്ചുകൃഷ്ണപിള്ള ഒന്നാമൻ. അന്ന് ഫസ്റ്റ് ഫോമിൽ ഹിന്ദി വിഷയം ഉണ്ടായിരുന്നില്ല     അഞ്ചു വിഷയങ്ങളിൽ മൂന്നിലും ഉപൻ ഒന്നാമതായപ്പോൾ ക്‌ളാസ്സിൽ പൊതുവേ പഠിത്തത്തിനു ഉപനാണ് ഒന്നാമൻ എന്നൊരു ധാരണയായി. അതു പ്രഭാകരൻ സാറിനു ഉപനോടുള്ള വാത്സല്യം കൂട്ടുവാൻ സഹായകമാകുകയും ചെയ്തു. എല്ലാ വെള്ളിയാഴ്ചകളിലും അവസാനത്തെ പീരിയഡിൽ ECA (Extra Curricular Activities)  ആണ്. ഓണാവധികഴിഞ്ഞ ആദ്യ ആഴ്ചയിൽ മലയാളം ടീച്ചർ കുട്ടികളെക്കൊണ്ട് അദ്ദേഹം പദ്യപാരായണം ചൊല്ലിച്ചു. എല്ലാവരും ചൊല്ലിയത് താഴ്ന്ന ക്ലാസ്സുകളിലെ പദ്യഭാഗങ്ങളായിരുന്നു. അദ്ദേഹം പറഞ്ഞു: "ഇത് പോരാ. നല്ല നല്ല പദ്യകൃതികൾ ഉണ്ട്. ഉയർന്ന ക്‌ളാസ്സുകളിൽ പദ്യപാഠാവലിയുണ്ട്.  അതൊക്കെ വായിച്ചു കാണാതെ പഠിക്കണം. എന്നിട്ടു അടുത്തയാഴ്ച അങ്ങിനെയുള്ള പദ്യങ്ങൾ നല്ല ഈണത്തിൽ ചൊല്ലണം.. ചൊല്ലുന്ന പദ്യം രചിച്ച കവിയുടെ പേരും കവിതയുടെ പേരും ഓർത്തുവച്ചിരിക്കണം. ശരി, അടുത്തയാഴ്ച പദ്യം ചൊല്ലുവാൻ തയ്യാറുള്ളവരുടെ പേരുകൾ മോണിട്ടർ എഴുതിയെടുക്കണം. അഞ്ചാം ക്‌ളാസ്സ്‌ വാർഷികോത്സവത്തിനു അച്ഛൻ പദ്യം  എഴുതിത്തന്നതു ചൊല്ലി സമ്മാനം വാങ്ങിയ കാര്യം ഉപൻ ഓർത്തു.. ആദ്യം ഉപനും പിറകേ നാലഞ്ച് പേരും എഴുന്നേറ്റു. കൊച്ചുകൃഷ്ണപിള്ള എല്ലാവരുടെയും പേരുകൾ എഴുതിയെടുത്തു .
.                               
.

14.   "അമ്പടാ, കൊച്ചു കള്ളനച്ഛാ!!!"  

പിറ്റേ ദിവസ്സം തന്നെ ഉപൻ അച്ഛനോട് വിവരം പറയുകയും ചെയ്തു. കേശവൻ പദ്യമെഴുതി അത് ഈണത്തിൽ പേടിക്കേൾപ്പിച്ചു കൊടുത്തു


"'സമയമായില്ല' പോലും, 'സമയമായില്ല' പോലും
ക്ഷമയെൻ്റെ ഹൃദയത്തിലൊഴിഞ്ഞു തോഴീ.

എന്നു തുടങ്ങി

നൃത്തഗീതാദികളിലെ നൈപുണിപോലും"   എന്നുവരെ 36 വരികൾ.

കവിതയുടേയും  കവിയുടേയും പേരുകൾ ആ കടലാസ്സിൽ, താഴെ, കുറിച്ചിരുന്നു:  കുമാരനാശാൻ്റെ കരുണ. അന്നു തന്നെ ഉപൻ പദ്യം കാണാതെ പഠിക്കുവാൻ തുടങ്ങി. കവിത കടുകട്ടിത്തന്നെ. ബുദ്ധിമുട്ടിയാണെങ്കിലും  അഞ്ച് ദിവസങ്ങൾ കൊണ്ട് അവനതു ഹൃദിസ്ഥമാക്കി അച്ഛനെ ചൊല്ലിക്കേൾപ്പിക്കുകയും, അതിൽ വന്ന ചില തെറ്റുകളും ട്യൂണും കേശവൻ തിരുത്തിക്കൊടുക്കുകയും ചെയ്തു.  

വെള്ളിയാഴ്ച ECA പീരിയഡ്.  ഉപനോട് തന്നെ ആദ്യം പദ്യം ചൊല്ലുവാൻ മലയാളം സാറ് പറയുകയും അവനതു കഴിവതും ഭംഗിയായിത്തന്നെ ചൊല്ലുകയും ചെയ്തു. താൻ പദ്യം ചൊല്ലുമ്പോൾ സാറ് തന്നെ സാകൂതം നോക്കിയിരിക്കുന്നതും കണ്ണുകൾ ചെറുതാക്കി എന്തോ ആലോചിക്കുന്നതും ഉപൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.   പദ്യം ചൊല്ലിക്കഴിഞ്ഞിട്ടു ഉപൻ ഇരിക്കുവാൻ ഭാവിച്ചപ്പോൾ സാറ് ഉപന് നേരേ കൈവിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു :

"ഉപഗുപ്തൻ അവിടെ നിൽക്ക്, ചോദിക്കട്ടെ"  ഉപൻ നേരേ നിന്നു. സാറ് ചോദിച്ചു:
"താൻ 'കരുണ' എന്ന കൃതി മുഴുവൻ വായിച്ചിട്ടുണ്ടോ?"
"ഇല്ല" ഉടൻ ഉത്തരം വന്നു.
"വാസവദത്ത ആരാണെന്നു  തനിക്കറിയാമോ?"
"ഇല്ല"
"തനിക്കു സന്യസിക്കുവാൻ വല്ല ഉദ്ദേശമുണ്ടോ?"
സാറിൻ്റെ ചോദ്യം ശരിക്കും ഉൾക്കൊള്ളുവാൻ ഉപന് കഴിഞ്ഞില്ല.  എങ്കിലും അവൻ പറഞ്ഞു: "ഇല്ല".
"പിന്നെ ഇതെവിടെ നിന്ന് കിട്ടി, ഈ കവിത?"
"അച്ഛൻ എഴുതിത്തന്നതാണ്"
"തനിക്കു ഉപഗുപ്തൻ എന്ന് പേരിട്ടതാരാണ്?"
"അച്ഛൻ"
"ഒഹോ, എന്താണ് അച്ഛൻ്റെ പേര്?"
"കേശവൻ"
"ഞാൻ വിചാരിച്ചു വല്ല സിദ്ധാർത്ഥനെന്നോ, ഗൗതമനെന്നോ, ബുദ്ധനെന്നോ ആയിരിക്കുമെന്ന്.  അച്ഛൻ ഇതിലെ കവിതാ സാരമൊന്നും പറഞ്ഞു തന്നില്ലേ?"
"ഇല്ല".  ഉപൻ ആകെ ധർമ്മ സങ്കടത്തിലായി.  അവനു കാര്യമൊന്നും മനസ്സിലായില്ല, മറ്റു കുട്ടികൾക്കും.  എന്തോ പന്തികേടുണ്ടെന്നു മാത്രം തോന്നി.
"ഒരു കാര്യം ചെയ്യു്, അവസരം  കിട്ടുമ്പോൾ കരുണ എന്ന കവിതാ പുസ്തകം എടുത്തു അവതാരിക മുതൽ ആദ്യാവസാനം നന്നായി പല പ്രാവശ്യം  വായിക്ക്, അപ്പോൾ എല്ലാം മനസ്സിലാകും, എന്താ?"
"ശരി, സാർ". ചോദ്യങ്ങൾ കഴിഞ്ഞതിൽ ഉപനു  ആശ്വാസം തോന്നി. താമസിയാതെ ഉപൻ ആ സംഭവം തന്നെ മറന്നു കഴിഞ്ഞു.

                 ***                                  *** ***

മൂന്നു വർഷങ്ങൾക്കു ശേഷം, ഉപൻ അഞ്ചൽ ഹൈസ്കൂളിൽ     ഫോർത്ത് ഫോമിൽ (ഒൻപതാം ക്ലാസ്) പഠിക്കുന്ന സമയം. ഒരുദിവസം വൈകിട്ട് സ്കൂൾ വിട്ടു സുലൈമാനോടൊപ്പം വീട്ടിലേയ്ക്കു മടങ്ങുന്ന സമയം,  അഞ്ചലുള്ള ഒരു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള കഥാപ്രസംഗ പരിപാടിയുടെ ഒരു നോട്ടീസ് ഉപന് കിട്ടുകയുണ്ടായി. അതിലെ ഫോട്ടോകൾ കണ്ടപ്പോൾ അവൻ ആശ്ചര്യപ്പെട്ടുപോയി.  സാറച്ഛൻ്റെയും പാട്ടമ്മയുടെയും ഫോട്ടോകൾ! പാട്ടമ്മ, സൗദാമിനിയമ്മ, ഉപൻ്റെ കുഞ്ഞമ്മ ആണ്. സാറച്ഛൻ അന്നത്തെ പ്രശസ്തനായ, കഥാപ്രസംഗ കലയുടെ ആചാര്യനായ, കെ.കെ. വാദ്ധ്യാരും. തൻ്റെ ഭാര്യ എന്നതിന് പുറമേ അദ്ദേഹത്തിൻ്റെ കഥാപ്രസംഗ ട്രൂപ്പിലെ  ഭാഗവതർ കൂടിയാണ്‌ 'പാട്ടമ്മ'ക്കുഞ്ഞമ്മ. നോട്ടീസ് മുഴുവൻ വായിച്ചു നോക്കി. കുമാരനാശാൻ്റെ 'കരുണ' യാണ് കഥ. ഉപന് ഉടൻതന്നെ ഫസ്റ്റ് ഫോമിലെ ECA പീരിഡിലെ പദ്യ പാരായണ കഥയും മലയാളം സാറിൻ്റെ ചോദ്യ ശരങ്ങളും ഓർമ്മ വന്നു. അപ്പോൾത്തന്നെ ആ കഥാപ്രസംഗം കേൾക്കണമെന്നു തീരുമാനിച്ചുറപ്പിച്ചു.  സുലൈമാനെയും ശട്ടം കെട്ടി, സ്കൂൾ കഴിഞ്ഞു പോയി കഥാപ്രസംഗം കേട്ടപ്പോഴാണ്, അതിലെ നായകൻ്റെ പേരും തൻ്റെ പേരും ഒന്നാണെന്നും, അതിലെ നായികയുടെ പേരാണ് വാസവദത്തയെന്നും, മലയാളം സാറിൻ്റെ ചോദ്യ ശരങ്ങളുടെ പൊരുൾ എന്തായിരുന്നുവെന്നും ഉപന് മനസ്സിലാക്കുവാൻ കഴിഞ്ഞത്! അപ്പോൾ തന്നേ പറ്റിച്ചത് സ്വന്തം അച്ഛൻ തന്നെയായിരുന്നു!?  ഉപൻ അറിയാതെതന്നെ മനസ്സിൽ പറഞ്ഞുപോയി - "അമ്പടാ, കൊച്ചു കള്ളനച്ഛാ!!! ഇങ്ങനൊരു പേരിട്ടു തന്നതും പോരാ, ആ കവിത തന്നെ എഴുതിത്തന്നു എന്നെക്കൊണ്ട് ചൊല്ലിച്ചിരിക്കുന്നു !!!”

പിറ്റേ ദിവസം തന്നെ ഉപൻ  സ്കൂൾ ലൈബ്രറിയിൽ നിന്നും 'കരുണ' എടുത്തു, അത് മുഴുവൻ ആദ്യാവസാനം പല പ്രാവശ്യം വായിക്കുകയും, ആദ്യ ഭാഗവും അവസാന ഭാഗവുമുൾപ്പെടെ ഒട്ടുമിക്ക ഭാഗങ്ങളും ഹൃദിസ്ഥമാക്കുകയും ചെയ്തു   


15.   പൊട്ടിയ കപ്പ്, പൊട്ടിച്ചിരി, പൊട്ടിക്കരച്ചിൽ.

                
ഫസ്റ്റ് ഫോമിലെ   ക്രിസ്മസ്സ്‌ പരീക്ഷ കഴിഞ്ഞപ്പോൾ   ഉപൻ വീണ്ടും പഠിത്തത്തിൽ പൊതുവേ ക്‌ളാസ്സിലെ ഒന്നാമനെന്ന ധാരണ നിലനിറുത്തി.  ECA പീരിയഡുകളിൽ അച്ഛൻ എഴുതിക്കൊടുത്ത പദ്യങ്ങൾ ചൊല്ലിയും ഉപന്യാസങ്ങൾ വായിച്ചും ഉപൻ മലയാളം സാറിൻ്റെ  പ്രീതിയും നേടി..
`
ക്രിസ്മസ്സ് അവധി കഴിഞ്ഞു   മൂന്നാമത്തെ ആഴ്ച തൊഴിൽ വാരമായിരുന്നു.   അവസാന ദിവസം ഉച്ചകഴിഞ്ഞു ചെറിയ തോതിൽ ഒരു കലാ  പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്നും, എല്ലാവരും അതിൽ പങ്കെടുക്കണമെന്നും, സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണെന്നും  ഹെഡ്സ്റ്റമാസ്റ്റർ പോറ്റി സാർ തൊഴിൽവാരം ഉൽഘാടനം ചെയ്യുമ്പോൾ പറയുകയുണ്ടായി. ഉയരം കുറഞ്ഞു, കറുത്ത് തടിച്ചു, ശുഭ്രമായ വേഷ്ടികൊണ്ട് താറുടുത്തു,  അത്ര തന്നെ ശുഭ്രമായ ജുബ്ബായും ധരിച്ച്, തലയിൽ മുക്കാൽ ഭാഗവും കഷണ്ടി ബാധിച്ചു, തിരുനെറ്റിയിൽ ചന്ദനവും കുങ്കുമവും ചേർത്തുള്ള വലിയ പൊട്ടുമിട്ട്, ഐശ്വര്യം വഴിയുന്ന ഒരു  സുസ്മേര വദനനാണ്പോറ്റി സാർ. ആദ്യ കാഴ്ചയിൽത്തന്നെ ആർക്കും ബഹുമാനം തോന്നുന്ന ആകാര സവിശേഷത. സർവീസ്സിൽ നിന്നും വിരമിക്കുവാൻ കാത്തു നിൽക്കുന്ന, ഇരുത്തം വന്ന, ഒരു ഉത്തമ അദ്ധ്യാപകൻ.  വിദ്യാർത്ഥികളിൽ അച്ചടക്കം ഉറപ്പാക്കുന്നതിൽ അഗ്ര ഗണ്യൻ. സ്കൂൾ വരാന്തയിൽക്കൂടി സന്തത സഹചാരിയായ ചൂരലുമായി റോന്തു ചുറ്റുന്ന അദ്ദേഹത്തിൻ്റെ തലവെട്ടം കണ്ടാൽ മതി, ഗ്രൗണ്ടിൽ ബഹളമുണ്ടാക്കി കളിച്ചു കൊണ്ടു  നിൽക്കുന്ന കുട്ടികൾ പോലും നിശ്ശബ്ദരാകും.

അന്നു വൈകിട്ടുതന്നെ ഉപൻ അച്ഛനോട് കവിതയുടെ കാര്യം പറയുകയും, കേശവൻ പിറ്റേ ദിവസം അവനു കവിത എഴുതി കൊടുക്കുകയും ഈണത്തിൽ ചൊല്ലിക്കേൾപ്പിക്കുകയും ചെയ്തു.ചെയ്തു.  കുമാരനാശാൻ്റെ 'ചണ്ഡാലഭിക്ഷുകി' എന്ന കവിതയിൽ നിന്നും :

'തൂമ തേടും തൻ പാള കിണറ്റിലി -
ട്ടോമൽ   കയ്യാൽ കയറുവലിച്ചുടൻ'                   എന്ന് തുടങ്ങി

ആർത്തിയാൽ ഭിക്ഷു നീട്ടിയ കൈപ്പൂവിൽ
വാർത്തു നിന്നിതേ   മെല്ലെക്കുനിഞ്ഞവൾ'

എന്നുവരെ നാൽപ്പതു വരികൾ.  

കലാപരിപാടികൾ തുടങ്ങി.  ലളിത ഗാന മത്സരവും ഉപന്യാസ മത്സരവും     കഴിഞ്ഞു ഉപനും പങ്കെടുത്ത പദ്യ പാരായണം. എല്ലാം കഴിഞ്ഞിട്ട് സമ്മാന ദാനം.  എല്ലാ ഇനങ്ങൾക്കും ഒന്നാം സമ്മാനം കപ്പും സോസറും, രണ്ടാം സമ്മാനം സോപ്പ് പെട്ടിയും, മൂന്നാം  സമ്മാനം ഗ്ലാസും ആയിരുന്നു. . ഉപന് പദ്യപാരായണത്തിനു ഒന്നാം സമ്മാനം തന്നെ കിട്ടി. സ്റ്റേജിൽ  കയറി അഭിമാനത്തോടെയും സന്തോഷത്തോടെയും സമ്മാനവും വാങ്ങി താഴേയ്ക്കിറങ്ങുമ്പോൾ, ഉപൻ്റെ കണ്ണുകൾ കപ്പിലായിരുന്നതിനാൽ, നിലത്തേക്ക് വച്ച കാൽ ഒന്നിടറുകയും  അവൻ മുന്നോട്ടൊന്നു ആയുകയും ബാലൻസ് വീണ്ടെടുക്കുന്നതിനിടയിൽ നിമിഷ നേരം കൊണ്ട് സോസറിൽ നിന്നും കപ്പു താഴെ വീണു പൊട്ടുകയും ചെയ്തു.. അത് കണ്ടതും, കാഴ്ചക്കാരായി സദസ്സിലിരുന്ന  രണ്ടുമൂന്നു വികൃതിക്കുട്ടികൾ കൂവുകയും കയ്യടിച്ചു പൊട്ടിച്ചിരിക്കുകയും ചെയ്തു.. സമ്മാനമായി കിട്ടിയ കപ്പു പൊട്ടിയതിൽ വലിയ സങ്കടം തോന്നിയെങ്കിലും, അതു കണ്ടു സഹപാഠികൾ കൂവി കളിയാക്കും വിധം  പൊട്ടിച്ചിരിക്കുകയും കൂടി ആയപ്പോൾ ഉപന് സങ്കടം ഏറി നിയന്ത്രിക്കാനാകാതെ അതൊരു പൊട്ടിക്കരച്ചിലായി വെളിയിൽ വന്നു. പോറ്റി സാർ എല്ലാം നിരീക്ഷിച്ചുകൊണ്ട്, ചൂരലും പിറകിലൊളിപ്പിച്ചു അല്പം ദൂരെ മാറി നിൽക്കുന്നുണ്ടായിരുന്നു.  കുട്ടികൾ ഉപനേ കളിയാക്കി കൂവുകയും കയ്യടിച്ചു ചിരിക്കുന്നതും, ഉപൻ നിയന്ത്രണം വിട്ടു കരയുന്നതും കണ്ടയുടൻ പോറ്റി സാർ ചൂരലുമായി ധൃതിയിൽ ഉപൻ്റെ അടുത്തേയ്ക്കു നടന്നടുത്തു. കപ്പു സ്വയം താഴെയിട്ടു പൊട്ടിച്ചിട്ടു നിന്ന് 'മോങ്ങു' ന്നതിനു ദേഷ്യപ്പെട്ടു തന്നേ അടിക്കുവാനായാണ് പോറ്റിസാർ ധൃതിവച്ചു തൻ്റെയടുത്തേക്കു ചൂരലുമായി വരുന്നതെന്ന് തെറ്റിദ്ധരിച്ച ഉപൻ സഡൻ ബ്രേക്കിട്ടതുപോലെ കരച്ചിൽ നിറുത്തി ഭയപ്പാടോട് അതൊരു വലിയ എങ്ങലിൽ ഒതുക്കി നിറുത്തുവാൻ ബദ്ധപ്പെടുന്നത് കണ്ടപ്പോൾ പോറ്റി സാറിനു ചിരി ഒതുക്കേണ്ടി വന്നു. അദ്ദേഹം  അവൻ്റെ തോളിൽ വാത്സല്യ പൂർവ്വം കൈ വച്ചിട്ട് പറഞ്ഞു : "ഒന്നാം സമ്മാനം വാങ്ങിയില്ലേ , മിടുക്കൻ . കപ്പു താഴെ വീണു പൊട്ടിയത് സാരമില്ല, നിനക്ക് വേറേ കപ്പു കിട്ടും, പോരേ ?" തിരിഞ്ഞു, കുട്ടികൾ കൈകൊട്ടിച്ചിരിച്ച ഭാഗത്തേയ്ക്ക് നോക്കി സാറ് ഗൗരവത്തിൽ ഉറക്കെ ചോദിച്ചു : "ആർക്കൊക്കെയാടാ അസൂയ പൊട്ടിയത്? നിൻ്റെയൊക്കെ പകുതി പോലുമില്ലാത്ത ഈ പയ്യൻ ഒന്നാം സമ്മാനം വാങ്ങിയത് നിനക്കൊന്നും സഹിക്കുന്നില്ല അല്ലേടാ? അവനേ കണ്ടു പഠിക്കിനെടാ " ഉപനേ നോക്കി സാറ് വീണ്ടും പറഞ്ഞു: "നീ ഇനിയും പദ്യം ചൊല്ലിയും പ്രസംഗിച്ചും ഒക്കെ ഒന്നാം സമ്മാനം വാങ്ങി ഇവന്മാരെയെല്ലാം നാണം കെടുത്തണം.  ഇനി ആരാ കൂവുന്നതെന്നും ചിരിക്കുന്നതെന്നും ഞാനൊന്ന് കാണട്ടെ". അത് കേട്ടപ്പോഴാണ് ഉപന് ശ്വാസം നേരേ വീണത്. അപ്പോൾ പോറ്റി സാറു ധൃതിയിൽ അടുത്തു വന്നത് തന്നേ അടിക്കാനല്ല, മറിച്ചു , രക്ഷിക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമാണ്. ഉപന് പോറ്റി സാറിനോടുണ്ടായിരുന്ന ബഹുമാനം ആരാധനയായി മാറി. ഇതിനകം ക്ലാസ്സ് ടീച്ചർ പ്രഭാകാരൻ സാറ് , തൻ്റെ പ്രിയ ശിഷ്യൻ്റെ അവസ്ഥ കണ്ട് , അവിടെ എത്തിക്കഴിഞ്ഞിരുന്നു. എങ്കിലും, ഹെഡ് മാസ്റ്റർ സന്ദർഭം സമർത്ഥമായി കൈകാര്യം ചെയ്തതിനാൽ അദ്ദേഹത്തിന് വെറും കാഴ്ചക്കാരനായി അരികിൽ നിൽക്കേണ്ടി വന്നതേയുള്ളു. പോറ്റി സാർ സ്റ്റേജിൽ ഉണ്ടായിരുന്ന ഓഫീസ്  ഗുമസ്തനെ വിളിച്ചു ഒരു കപ്പു ഉപന് കൊടുക്കുവാൻ പറയുകയും, അയാൾ ഉടൻ തന്നെ ഉപനേ വിളിച്ചു കപ്പു കൊടുക്കുകയും ചെയ്തു

         
     *******  ******  *******


മിഡ്‌ഡിൽ  സ്കൂളിൽ വച്ച്, ഫസ്റ്റ് ഫോമ്  മുതൽ തേർഡ് ഫോമ് വരെ, എല്ലാ ക്‌ളാസ്സുകളിലും,  കണക്കിനൊഴിച്ചു, മിക്കവാറും എല്ലാ വിഷയങ്ങൾക്കും ഉപനായിരുന്നു  ഒന്നാമൻ. എന്നും ക്‌ളാസിൽ താമസിച്ചു എത്തുന്നത് മൂലം ആദ്യത്തെ പീരിയഡിൽ  എടുക്കുന്ന കണക്കിലെ പുതിയ അദ്ധ്യായങ്ങൾ നഷ്ടമായിരുന്നതിനാൽ അവയുടെ അടിസ്ഥാന തത്വങ്ങളിൽ പരിപൂര്ണത  കൈവരിക്കുവാൻ അവനു കഴിഞ്ഞിരുന്നില്ലെന്നതാണ് സത്യം. കണക്കിന് ഏറിയാൽ 50 മുതൽ 55 ശതമാനം അതിനപ്പുറം  പോകാറില്ല. അന്ന് കണക്കിന് ഒന്നാമൻ എന്നും കുഞ്ഞുകൃഷ്ണ പിള്ളയായിരുന്നു.

മിഡ്‌ഡിൽ  സ്കൂളിൽ പഠിക്കുന്ന കാലം  ഉപനൊരു പരീക്ഷണ കാലഘട്ടം കൂടിയായിരുന്നല്ലോ. വീട്ടിലെ സാഹചര്യങ്ങൾ ആ പ്രായത്തിൽപോലും ഒട്ടും  തന്നെ ആശ്വാസകരമായിരുന്നില്ല. രാവിലെ എന്തെങ്കിലുമൊക്കെ ജോലിയുണ്ടാകും. അതിനു ശേഷം ഓടി തോട്ടിൽ ചെന്ന് ഒരു കുളിയും  പാസ്സാക്കി തിരികെയെത്തിയാലും വാഗെമ്മച്ചേച്ചി വിലാസിനി ചേച്ചിയെ സഹായിക്കുന്ന ജോലിയിലായിരിക്കും. അത് കഴിഞ്ഞായിരിക്കും രണ്ടുപേർക്കും കൂടിയുള്ള ഒറ്റ ചോറ്റുപാത്രം നിറയ്ക്കുന്നത്.  ചോറ്റുപാത്രമാണെങ്കിലും അതിൽ മിക്കപ്പോഴും പകുതിയോളം വേവിച്ച മരച്ചീനിയോ പപ്പായ തോരനോ ആയിരിക്കും. ചിലപ്പോൾ ചോറ്റുപാത്രമില്ലാതെയുമാകും സ്കൂളിലേയ്ക്ക് പോകുന്നത്. എല്ലാം തയ്യാറായി ഇറങ്ങുമ്പോൾ മിക്കവാറും പത്തുമണിയോടടുത്തിരിക്കും.  പിന്നെ ഒറ്റ ഓട്ടമാണ്. മൂന്നു മൈൽ എത്ര ഓടി താണ്ടിയാലും അറ മണിക്കൂറിൽ മേലെടുക്കും. സ്കൂളിലെത്തുമ്പോൾ ആദ്യത്തെ പീരീഡ് കഴിഞ്ഞിരിക്കുമെന്നുറപ്പ്. ചന്ത ദിവസമാണെങ്കിൽ രണ്ടുപേരുടെയും തലയിൽ ഓരോ ചുമയുമുണ്ടായിരിക്കും. അതുംകൊണ്ട് ഓടുവാൻ പറ്റില്ലല്ലോ .  ഏരൂർ ചന്തയിൽ ചുമടിറക്കി അച്ഛനെ ഏല്പിച്ചിട്ടു വിയർത്തൊലിച്ചു സ്കൂളിലെത്തുമ്പോൾ രണ്ടാമത്തെ പീരിയഡും തുടങ്ങിക്കഴിഞ്ഞിരിക്കും. ഏഴിലും എട്ടിലും ഉപൻ്റെ ക്ലാസ് ടീച്ചറം കണക്കു ടീച്ചറും പനയഞ്ചേരിയിൽ നിന്നും വന്നിരുന്ന പ്രഭാകരൻ സാറായിരുന്നു. അദ്ദേഹത്തിന് അവനോടുള്ള വാത്സല്യം നല്ല ഒരു ഗുരുനാഥനിൽ നിന്നും, ഒപ്പം   ഒരച്ഛനിൽ നിന്നും ലഭിക്കുന്നതിനു തുല്യമായിരുന്നു. (അച്ഛന് അവനോടുള്ള അകമഴിഞ്ഞ വാത്സല്യം ഏഴെട്ടു വയസ്സുവരെ വളരെ പ്രകടമായിരുന്നെങ്കിലും,ജീവിത പ്രാരാബ്ധങ്ങൾ കൂടിക്കൂടി വന്നതിനാലാകാം, പിന്നീട് പുറമേ അത്ര പ്രകടമാക്കിയിരുന്നില്ലല്ലോ). താമസിച്ചു വന്നാലും ചെറിയ കുറ്റങ്ങൾ കാട്ടിയാലും സാറൊരിക്കലും ഉപനേ തല്ലുകയോ വഴക്കു പറയിടുകയോ ചെയ്തിരുന്നില്ല.  

മറ്റുള്ള അധ്യാപകർക്കും തന്നെ വലിയ കാര്യമായിരുന്നല്ലോ. നല്ലപോലെ പഠിക്കുന്ന കുട്ടിയെന്നതിനു പുറമേ , ക്ലാസ്സിലെ ഏറ്റവും ചെറിയ കുട്ടിയെന്ന പരിഗണനയും അതിനു പിന്നിലുണ്ടായിരുന്നെന്നതാണ് വാസ്തവം.  അവരും ഒരിക്കലും തന്നെ ശിക്ഷിക്കുമായിരുന്നില്ല. അതിനൊരപവാദം, ഏഴാം ക്‌ളാസിൽ വച്ച് ഉണ്ടായതു, ഒപ്പം പ്രഭാകരൻ സാറിന് തന്നോടുള്ള കരുതലിനെപ്പറ്റിയും, ഓർക്കാതിരിക്കുവാൻ സാധ്യമാല്ലതന്നെ.


       *****            *****            *****


16.    കട്ടൻ കാപ്പിയും പരിപ്പു വടയും

അന്ന് സെക്കൻഡ് ഫോമിലെ  സയൻസ് ടീച്ചർ വന്നില്ല..  പകരക്കാരനായി അബ്ദുൽ കരീം സാറ് ക്ലാസ്സിലേക്ക് പ്രവേശിക്കുമ്പോൾ ക്ലാസ്സ്‌ ബഹളമയം.  ആ സമയം ഉപനും മാധവൻ കുട്ടിയും തങ്ങളുടെ പുസ്തകക്കെട്ടിലിട്ടിരുന്ന റബ്ബർ ബാൻഡുകളെടുത്തു മത്സരിച്ചു  പുതിയ പുതിയ കെട്ടുകളുണ്ടാക്കി കളിക്കുകയായിരുന്നു. സാറ് ചൂരലെടുത്തു മേശപ്പുറത്തു ആഞ്ഞടിച്ചപ്പോൾ ക്ലാസ് നിശ്ശബ്ദമായി.   സാറ് പലരോടുംചോദ്യങ്ങൾ ചോദിച്ചു. ഉപനോടും മാധവൻ കുട്ടിയോടും സാർ എന്തോ ചോദിക്കുകയും അവർ ഉത്തരം കൊടുക്കുകയും ചെയ്തു. സാറ് പിറകിലിരിക്കുന്ന കുട്ടികളോട് ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിയപ്പോൾ അവർ രണ്ടുപേരും   വീണ്ടും റബ്ബർ ബാൻഡ് കളിയിൽ വ്യാപൃതരായി. പക്ഷേ , അധികം താമസിച്ചില്ല, അത് സാറിൻ്റെ ശ്രദ്ധയിൽ പെടുക തന്നെ ചെയ്തു.

"ഇവിടെ വരിനെടാ, രണ്ടും".
കളി നിറുത്തി അവർ  തലയുയർത്തി നോക്കി. അതാ സാറിൻ്റെ ചൂരൽ തങ്ങളേ മാടി വിളിക്കുന്നു!  ഉപന് ഉള്ളിൽ നേരിയ ഭയം തോന്നി. റബ്ബർ ബാൻഡ് കൈകളിൽ നിന്നും ഊർന്നു പോയെങ്കിലും അവർ അനങ്ങാതെ അവിടെത്തന്നെയിരുന്നു.

"നിങ്ങളോടു തന്നെയാ പറഞ്ഞത്; എഴുന്നേറ്റു വരിനെടാ ഇവിടെ".  സാറ് വീണ്ടും ചൂരല് കൊണ്ട് മാടി വിളിച്ചു കൊണ്ട് ദേഷ്യപ്പെട്ടു പറഞ്ഞു. മാധവൻ കുട്ടി മുന്നിലും ഉപൻ പിന്നിലുമായി സാറിൻ്റെ  അടുത്ത് ചെന്നു.

"ക്ലാസ്സിലിരുന്നാണോടാ കളിക്കുന്നേ?  അതും മുൻ ബെഞ്ചിലിരുന്ന്. കൈ നീട്ട്"
മാധവൻ കുട്ടി വലതു കൈ നീട്ടിക്കൊടുത്തു. സാറ് ആഞ്ഞു തന്നെ അവൻ്റെ കൈവെള്ളയിൽ  ഒരടി വച്ചു കൊടുത്തു. വേദന കൊണ്ട് അവനൊന്നു പുളഞ്ഞു. അത് കണ്ട് ഉപൻ്റെ നെഞ്ചത്തൊരു ആളലുണ്ടായി.  

"ങ്ങും, നീട്ട്", വീണ്ടും മാധവൻ കുട്ടിയോട് തന്നെ. അവൻ കൈ നീട്ടി.  വീണ്ടും അതേ ഊക്കിൽ ഒന്ന് കൂടി.

"ങ്ങും, പോയിരിക്ക് "
മാധവൻ കുട്ടി കയ്യും കുടഞ്ഞു, വേദനയും കടിച്ചമർത്തി, ബെഞ്ചിൽ പോയി ഇരുന്നു.  ഉപൻ ആലോചിക്കുകയായിരുന്നു: 'തന്നെയും സാറാടിക്കുമോ? തന്നെ ഇതു വരെ സാറന്മാരാരും അടിച്ചിട്ടില്ലല്ലോ”.
"ങ്ങും, നീട്ട്", ചൂരൽ നീട്ടിക്കൊണ്ടു  സാറിൻ്റെ ആജ്ഞ. അവൻ അറിയാതെ, അറച്ചറച്ച്‌, കൈ നീട്ടിക്കൊടുത്തു.  പിന്നെ ഒരു നിമിഷം താമസിച്ചില്ല. സീൽക്കാരത്തോടെ, മാധവൻ കുട്ടിക്ക് കൊടുത്ത അതേ  ഊക്കിൽ, അടി വീണു. വേദന കൊണ്ട് ഉപൻ പുളഞ്ഞു, ഉറക്കെ കരഞ്ഞുപോയി. കൈ മരവിച്ചു തളർന്നു; ഒപ്പം കൈവെള്ളയിലേക്കു ചൂടിൻ്റെ  ഒഴുക്കും അവനു അനുഭവപ്പെട്ടു. അതാ സാറിൻ്റെ ശബ്ദം വീണ്ടും :

"ങ്ങും, നീട്ട്", സാർ ആക്രോശിച്ചു. മാധവൻ കുട്ടിക്ക് രണ്ടു കൊടുത്തതല്ലേ, പന്തിയിൽ പക്ഷപാതമരുതല്ലോ!  കാര്യം പന്തിയല്ലെന്ന് കണ്ടു പിറകിൽ നിന്നും സുലൈമാൻ പെട്ടെന്നെഴുന്നേറ്റു സാറിനോട് ഉറക്കെ പറഞ്ഞു:

"സാറേ, ഇനി അവനേ അടിക്കല്ലേ; സാറന്മാരാരും അവനെ  അടിക്കത്തില്ല."
തനിക്കു വേണ്ടി  ചങ്ങാതിയുടെ അപേക്ഷ  കേട്ടതും, ഉപൻ്റെ സങ്കടം ഇരട്ടിചച്ചു .    

"ങ്ങും, പോയിരുന്നോ", സാർ പറഞ്ഞു.
ഉപൻ സീറ്റിൽ പോയിരുന്നു കരച്ചിൽ തുടർന്നു. കൈ വെള്ള വിങ്ങുന്നുണ്ട്. കണ്ണുമടച്ചിരുന്നു കരഞ്ഞും ഏങ്ങലടിച്ചും അവൻ തളർച്ചയിലേയ്ക്ക് വഴുതി. ശരീരത്തിന് ബലമില്ലാത്തതു പോലെ.  മാധവൻ കുട്ടിയുടെ തോളിലേക്ക് തല ചരിച്ചു വെച്ചായി അവൻ്റെ കരച്ചിലും ഏങ്ങലടിയും. ക്രമേണ കരച്ചിൽ നിന്നെങ്കിലും കണ്ണീരിനും ഏങ്ങലടിക്കും കുറവില്ല. നേരിയ ബോധവുമുണ്ട്. അല്പം  കഴിഞ്ഞപ്പോൾ അവൻ്റെ തല മാധവൻ കുട്ടിയുടെ തോളിൽ നിന്നും വഴുതി വീഴുവാൻ പോയി. മാധവൻ താങ്ങി നിറുത്തുവാൻ നോക്കിയെങ്കിലും വീണ്ടും തെന്നി വീഴുണു. അതു കണ്ട അടുത്തിരുന്ന കുട്ടി വിളിച്ചു പറഞ്ഞു :

"സാർ, ഉപൻ തളന്നു വീഴാൻ പൊന്നു."
സാറെഴുന്നേറ്റു വന്നു ഉപനെ കുലുക്കി വിളിച്ചു: "എടോ".  അവൻ പ്രതികരിച്ചില്ല, ഏങ്ങലടി മാത്രം. വീണ്ടും വീഴുവാനാഞ്ഞപ്പോൾ സാറ് അടുത്തിരുന്ന കുട്ടികളെ എഴുന്നേൽപ്പിച്ചിട്ടു ഉപനേ പിടിച്ചു ബഞ്ചിൽ കിടത്തിയിട്ട് വീണ്ടും കുലുക്കി വിളിച്ചു.. അനക്കമില്ല;  ഏങ്ങലടി മാത്രമായിരുന്നു പ്രതികരണം.

കുറച്ചു സമയത്തേക്ക്  വെറും നിശ്ശബ്ദത മാത്രം. അപ്പോഴതാ ഉപന്  താൻ പറങ്കിമാവിൻ കൊമ്പിലിരുന്നു അത് പിടിച്ചു കുലുക്കുന്നതു പോലെയുള്ള ഒരു തോന്നൽ. കുലുക്കം നിന്നതിനോടൊപ്പം  "ഉപനേ എഴുന്നേൽക്ക്" എന്നുള്ള ശബ്ദവും. ആ ശബ്ദം താൻ മുൻപ് കേട്ടിട്ടുണ്ടല്ലോ. അതാ കവിളിൽ ഒരു തലോടൽ. അത് അച്ഛൻ്റെ ശബ്ദവും തലോടലുമല്ലേ?  പണ്ട് നടക്കല്ലിൽ വീണു മൂക്ക് ചതഞ്ഞപ്പോൾ അച്ഛൻ തലോടി ആശ്വസിപ്പിച്ചത് പോലെ തന്നെ! ഇനി പേടിക്കേണ്ടാ, എന്തൊരാശ്വാസം! "കുറച്ചു വെള്ളം കൊണ്ടുവാടോ", വീണ്ടും അതേ  ശബ്‌ദം. പെട്ടെന്ന് തൻ്റെ മുഖത്തതാ വെള്ളത്തുള്ളികൾ വീഴുന്നു. മഴ പെയ്യുകയാണോ? ഉപൻ അറിയാതെ തന്നെ കണ്ണ് തുറന്നു. മുന്നിലെ കാഴ്ച അത്ര വ്യക്തമല്ല. രണ്ടു മൂന്നു നിമിഷങ്ങൾ. അതാ ഒരു മുഖം കുനിഞ്ഞു വന്നു തൻ്റെ  മുഖത്തിന് മേൽ നിൽക്കുന്നു. ഏങ്ങലൊട് തന്നെ വീണ്ടും സൂക്ഷിച്ചു നോക്കി.

"എടോ  ഞാൻ നിൻ്റെ  പ്രഭാകരൻ സാറാ, എഴുന്നേൽക്ക്" അവൻ്റെ ഇടതു തോളിൽ തട്ടിക്കൊണ്ടു അദ്ദേഹം പറഞ്ഞു.  പ്രഭാകരൻ സാറാണെന്നു തിരിച്ചറിഞ്ഞതും, ഉപൻ്റെ സങ്കടം വീണ്ടും പൊട്ടി കണ്ണീരായി ഒഴുകുവാൻ തുടങ്ങി. ഉറക്കെ കരഞ്ഞു കൊണ്ട് അവൻ സാറിൻ്റെ കൈവിരലുകളിൽ ബലമായി പിടിച്ചു; തന്നെ വിട്ടുപോകരുതെന്നു അഭ്യർത്ഥിക്കും പോലെ. സാറവനെ  പിടിച്ചെഴുന്നേൽപ്പിച്ചിരുത്തി സമാധാനിപ്പിക്കാനായി പറഞ്ഞു :

"ഒരടിയല്ലേ കിട്ടിയുള്ളൂ;  കരച്ചില് നിർത്ത്, എല്ലാം ശരിയാകും." സാർ സുലൈമാനെ അടുത്ത് വിളിച്ചു  ഒന്ന് രണ്ടു തുട്ടുകൾ എടുത്തു കൊടുത്തിട്ട് പറഞ്ഞു: "പോയി ഒരു കാപ്പിയും രണ്ടു പരിപ്പ് വടയും വാങ്ങിക്കൊണ്ടു വാ."

അബ്ദുൽ കരീം സാർ ഈ സമയമത്രയും അല്പം അമ്പരന്ന്, എന്നാൽ ഇളിഭ്യനായി, നിൽക്കുകയായിരുന്നു. പ്രഭാകരൻ സാർ   അദ്ദേഹത്തോടായി പറഞ്ഞു: "ഇവൻ മറ്റു കുട്ടികളേ അപേക്ഷിച്ചു വളരെ കൊച്ചല്ലേ? ഇത്രയേ ഉള്ളെങ്കിലും ക്‌ളാസ്സിൽ  പഠിത്തത്തിന് അവനാണ് ഒന്നാമൻ. അധ്യാപകരാരും അവനെ തല്ലാറില്ല - അതിനവൻ അവസരം കൊടുക്കാറുമില്ല. അല്പം മയത്തിലാകായിരുന്നു."

അബ്ദുൽ കരീം സാർ ഒന്നും മിണ്ടിയില്ല.  അബദ്ധം പിണഞ്ഞു പോയല്ലോ എന്ന മുഖഭാവം മാത്രം.    

സുലൈമാൻ  കട്ടൻ കാപ്പിയും വടയുമായെത്തി അത് ബെഞ്ചിൽ ഉപൻ്റെ  അടുക്കൽ വച്ചു . സാറ് ഉപനോടായി പറഞ്ഞു: “അതെടുത്തു കഴിക്ക്.  ക്ഷീണവും തളർച്ചയുമൊക്കെ മാറും. "
ഉപന് ആകെയൊരു ചമ്മൽ.  കുട്ടികളുടെയെല്ലാം മുൻപിൽ വച്ച് താൻ ചെറുതായി പോകുന്നതു പോലെ.  അവൻ മടിച്ചിരുന്നപ്പോൾ പ്രഭാകരൻ സാറിൻ്റെ ആജ്ഞ : "എടുത്തു കഴിക്കെടോ"  എന്നിട്ടു, പുഞ്ചിരിച്ചുകൊണ്ട്, വീണ്ടും: "അല്ലെങ്കിൽ എൻ്റെ കൈകൊണ്ടും കിട്ടും."
പ്രഭാകരൻ സാറിനു തന്നേ അടിക്കുവാൻ കഴിയില്ലെന്ന് ഇതിനകം ഉപൻ  മനസ്സിലാക്കിക്കഴിഞ്ഞതാണല്ലോ! ആ സ്നേഹത്തിനു മുൻപിൽ അവൻ കീഴടങ്ങി. പതുക്കെ കാപ്പിയെടുത്തു രണ്ടിറക്കു കുടിച്ചിട്ടു  ഒരു വടയുമെടുത്തു കടിച്ചു തിന്നു തുടങ്ങി. അതിനു ശേഷമേ സാറ് തിരികെപ്പോയുള്ളു;
"ങാ, ഇനി കുഴപ്പമൊന്നുമില്ല", എന്ന് പറഞ്ഞിട്ട്.  പിന്നീട് മാധവൻ കുട്ടി പറഞ്ഞു: "അബ്ദുൽ കരീം സാറ് നിന്നെപ്പിടിച്ചു ബെഞ്ചിൽ കിടത്തുന്നത് കണ്ടപ്പോ സുലൈമാനാ, സാറ് കാണാതെ, പ്രഭാകരൻ സാറിനെ വിളിച്ചോണ്ടു വന്നത്."  

ആ സംഭവത്തിന് ശേഷം ഉപന്  പ്രഭാകരൻ സാറിനോടുള്ള ബഹുമാനവും ആരാധനയും വർധിക്കുകയും  അവരുടെ ഗുരു ശിഷ്യ ബന്ധം ഒരു പുതിയ തലത്തിലേയ്ക്ക് ഉയരുകയും ചെയ്തു. ഉപൻ  തേർഡ് ഫോം (എട്ടാം ക്ലാസ്സ്) പാസ്സായിട്ടു അഞ്ചൽ ഹൈസ്കൂളിലേയ്ക്ക് പോകുന്ന വഴിക്ക്, മിക്കവാറും എല്ലാ ദിവസങ്ങളിലും, കരയുള്ള വെള്ള മുണ്ടും വെള്ള ജുബ്ബായും ധരിച്ചു, ഇടതു കയ്യിൽ നിവർത്തിയ കുടയും ആ കയ്യിൽത്തന്നെ മുണ്ടിൻ്റെ  കോന്തലയും പിടിച്ചു എതിരേ തലയുയർത്തി നടന്നു വരുന്ന പ്രഭാകരൻ സാറിനെ വണങ്ങി അദ്ദേഹത്തിൻ്റെ മൗനാനുഗ്രഹം നേടാറുണ്ടായിരുന്നു.

             ******* ******* *******

27 വര്ഷങ്ങള്ക്കു ശേഷം, 1983 ൽ, ഉപഗുപ്തൻ എമിഗ്രേഷൻ ഓഫീസറായി തിരുവനന്തപുരത്തു ജോലിയിലിരിക്കുന്ന സമയം.  ഒരു ഞായറാഴ്ച ദിവസ്സം ജന്മനാട്ടിലേയ്ക്കു പോകുവാനായി ഉപൻ അഞ്ചൽ ബസ്സ് സ്റ്റാൻഡിൽ നിൽക്കുമ്പോൾ, യാദൃശ്ചികമായി പ്രഭാകരൻ സാറിനെ  കാണുവാനിടയായി. പ്രായം തോന്നിക്കുമെന്നല്ലാതെ സാറിനു വലിയ മാറ്റമൊന്നുമില്ല. ഉപനടുത്തു ചെന്ന് അഭിവാദ്യം ചെയ്തു; സാറ് തിരിച്ചും. അദ്ദേഹത്തിൻ്റെ  നോട്ടം കണ്ടപ്പോൾ മനസ്സിലായി, സാറിനവനെ മനസ്സിലായിട്ടില്ലെന്ന്. ഉപൻ സ്വയം പരിചയപ്പെടുത്തി. തൻ്റെ പേരു കേട്ടതും അദ്ദേഹത്തിൻ്റെ കണ്ണുകൾ വികസിക്കുന്നതും ആ പഴയ വാത്സല്യം അവയിൽ നിഴലിക്കുന്നതും  ഉപൻ കണ്ടു. സാർ പുഞ്ചിരിയോട് പറഞ്ഞു: "താനങ്ങു വലുതായല്ലോ, പിന്നെങ്ങിനെ മനസ്സിലാകും, ഇത്രയും വര്ഷങ്ങള്ക്കു ശേഷം!?"
സാറ് വിവരങ്ങളൊക്കെ ചോദിച്ചു മനസ്സിലാക്കി. പിരിയുമ്പോൾ അദ്ദേഹം പറഞ്ഞു:  "താൻ നല്ല ഒരു നിലയിലെത്തിയല്ലോ, എനിക്ക് വളരെ സന്തോഷമായി" കൂടെത്തന്നെ ഒരനുഗ്രഹവും :  "ഇനിയും നന്നായി വാ."


                *******                     ******* *******
      

ചന്തയുള്ള സ്കൂൾ ദിവസ്സങ്ങളിൽ പച്ചക്കറികളും മരച്ചീനിയും മറ്റും ചുമന്നു ചന്തയിലെത്തിക്കുന്നതിനു പുറമേ അവധി ദിവസ്സങ്ങളിലും വേണ്ടുവോളം ജോലി തനിക്കും ചേച്ചിമാർക്കുമുണ്ടായിരുന്നു.  പറങ്കിമാവിൻ തോപ്പിൽ നിന്നും കരിയില വല്ലത്തിലാക്കി വയലിൽ കൊണ്ടിട്ടു തീയിട്ടു ചാരമാക്കുക, പുരയിടത്തിലെ മരങ്ങളിൽ നിന്ന് തോൽ വെട്ടിയിട്ടു ചുമന്നു വയലിൽ ആക്കി പിന്നെയത് അറഞ്ഞു വയലിൽ നിരത്തുക, കരിയിലയും തോലും അടുത്തുള്ള വനത്തിൽ നിന്നും ശേഖരിച്ചു വയലിലിടുക, പശുക്കൾക്ക് പുല്ലു ശേഖരിച്ചു കൊണ്ട് വരിക, മറ്റു അല്ലറ ചില്ലറ ജോലിയുണ്ടെങ്കിൽ അവ ചെയ്യുക, എല്ലാം ഞങ്ങളൊക്ക് ഒരു ജീവിത രീതി തന്നെയെന്ന് പറപറായുന്നതിൽ അതിശയോക്തിയില്ലായിരുന്നു.

അന്ന് വനം ഉപനൊരു കൗതുകവും സന്തോഷവും ആഹ്ളാദവും  തരുന്ന പ്രതിഭാസമായിരുന്നു. എന്തെല്ലാം കാഴ്ചകൾ! നെല്ലിക്ക, ചൂരൽപ്പഴം, മൂട്ടിപ്പഴം, തുടങ്ങി അനേകം  കായ്കനികളും പൂക്കളും സുലഭം. അവ ശേഖരിക്കുക എന്ത് സന്തോഷകരം! പക്ഷിമൃഗാദികളുടെ കാളകൂജനങ്ങളും ആരവങ്ങളും കേട്ട് നിൽക്കുക എന്ത് ആനന്ദകരം!  ഓണക്കാലമായാൽ കാട്ടു വള്ളികളും ചൂരൽ വള്ളികളും വെട്ടിക്കൊണ്ടു വന്നു ഊഞ്ഞാലിടുക, കാട്ടു കാഞ്ഞിരവള്ളിയുടെ വലിയ ഉരുണ്ട കായ്കൾ ശേഖരിച്ചു അകത്തെ കുരുവും മറ്റും തുരന്നു കളഞ്ഞു കുരവപ്പമ്പരമുണ്ടാക്കി കളിക്കുക, എന്നതൊക്കെ അന്നത്തെ വിനോദങ്ങളുടെ  ഭാഗമായിരുന്നു. ജോലിയൊക്കെ കഴിഞ്ഞാൽ വൈകുന്നേരങ്ങളിൽ കൂട്ടുകാരുമൊത്തു പലതരം കളികളിലേർപ്പെടുവാനുമുള്ള സ്വാതന്ത്ര്യവും അച്ഛൻ തന്നിരുന്നു. മക്കളുടെ പഠിത്തക്കാര്യത്തിൽ അച്ഛൻ ഇടപെടില്ലായിരുന്നു. ഹൈസ്കൂൾ വരെ അക്കാര്യത്തിൽ ഒരു സമ്മർദവുമുണ്ടായിരുന്നില്ലെന്നു   സാരം.

അന്ന് സ്കൂൾ കലാമത്സരങ്ങളിൽ, പഴയ ഏഴാം ക്ലാസ്സുകാരനായിരുന്നെങ്കിലും, കേശവൻ ഉപനേ  ഏറെ സഹായിച്ചിരുന്നു. ആശാൻ, വള്ളത്തോൾ, ഉള്ളൂർ, വൈലോപ്പിള്ളി, ചങ്ങമ്പുഴ, എന്നീ കവികളുടെ ഈടുറ്റ മനോഹര കവിതാ ഭാഗങ്ങൾക്ക് പുറമെ, പല പല വിഷയങ്ങളിൽ ഉപന്യാസങ്ങളും എഴുതിക്കൊടുക്കുകയും , അവ ഏതുവിധം ചൊല്ലണമെന്നും വായിച്ചു ഫലിപ്പിക്കണമെന്നും കൂടി മകന് മനസ്സിലാക്കി കൊടുക്കുമായിരുന്നു.  മിക്കവാറും അവയ്‌ക്കെല്ലാം തന്നെ അവനു ഒന്നാം സമ്മാനം കിട്ടുമെന്നത് ഉറപ്പുമായിരുന്നു. അന്നൊക്കെ സമ്മാനങ്ങൾ ഒരു ചില്ലുഗ്ലായസ്സിലോ, കപ്പിലോ, സോസറിലോ, സോപ്പ് പെട്ടിയോ മുതലായവയിൽ ഒതുങ്ങുമായിരുന്നെന്നു മാത്രം; സർട്ടിഫിക്കറ്റ് പോലും അന്ന് കൊടുത്തിരുന്നില്ല.

അച്ഛൻ്റെ  ബഹുമുഖ പ്രതിഭ എത്ര വിശാലമായിരുന്നെന്നു  താൻ ഓർക്കാറുണ്ട്. ഒരൊന്നാം തരം പാചകക്കാരൻ.  അച്ഛൻ മുൻകൈയെടുത്തു ഒരു പാചക ട്രൂപ്പുണ്ടാക്കി നാട്ടിൽ ഏതു വീട്ടിലും വിവാഹമുണ്ടായാൽ പാചകം സൗജന്യമായി ചെയ്തു കൊടുക്കുമായിരുന്നു.  ശബരിമല സീസണിൽ പാടുവാനായി ഭജനപ്പാട്ടുകൾ എഴുതി, ഒരു ഭജന ട്രൂപ്പുമുണ്ടാക്കി, നാട്ടിൽ ഭജനകൾ നടക്കുന്നിടത്തൊക്കെ വതരിപ്പിക്കുമായിരുന്നു.  അച്ഛൻ ഒന്നാം തരം ഒരു അഭിനേതാവാണെന്നു തൻ്റെ അനുഭവം തന്നെ സാക്ഷി. താൻ രണ്ടാം ക്‌ളാസിൽ പഠിക്കുന്ന സമയം. ഓണത്തിനോ, അതോ നാട്ടിലെ ഉത്സവത്തിനോ എന്നോർമയില്ല;  അച്ഛൻ്റെ മേൽനോട്ടത്തിൽ അരങ്ങേറിയ ‘ഹോട്ടൽക്കാരി’ എന്ന നാടകത്തിൽ ഒരു വയസ്സനായി അഭിനയിച്ച് മരണവെപ്രാളം കാട്ടുന്നത് കണ്ട്‌ സദസ്സിനു മുന്നിലിരുന്ന താൻ, അച്ഛൻ ശരിക്കും ചാകുവാൻ പോകുകയാണെന്ന് തെറ്റുദ്ധരിച്ചു വശായി, അലറിക്കരഞ്ഞുകൊണ്ട് വേദിയിലേക്ക് ഓടിക്കയറുവാൻ ശ്രമിക്കുകയും ആരോ തന്നെ പിടിച്ചടുത്തിരുത്തി സമാധാനിപ്പിക്കുകയും അത് വെറും അഭിനയം മാത്രമാണെന്ന് മനസ്സിലാക്കിത്തരുകയും ചെയ്ത കാര്യം ഇപ്പോഴും തൻ്റെ  മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നുണ്ട്. ചന്തയിൽ നിന്നും കിട്ടുന്ന ഐസിട്ട പഴുത്ത മീൻ ഒഴിവാക്കി, അടുത്തുള്ള തോട്ടിൽ നിന്നും രുചിയേറിയ ജീവനുള്ള മീനുകളെ പിടിക്കുവാനായി അച്ഛൻ സ്വയം വീശുവലയുണ്ടാക്കി സന്ധ്യകളിൽ തന്നെയും കൂട്ടി പോകുമായിരുന്നല്ലോ. വല വിടർത്തി കുടഞ്ഞിടുന്ന മീനുകളെ പിടിച്ചു കൂടയിലിടുമ്പോൾ കൈകളിൽ കാരിമീനുകളുടെ കൊമ്പുകൊണ്ടുള്ള കുത്തിൻ്റെ വേദന അവയെ കറിവച്ചു രുചിയോടെ കഴിക്കുമ്പോൾ അറിയാതെ മറന്നു പോകുമായിരുന്നു.

താൻ ഏഴാം ക്‌ളാസ്സിൽ പഠിക്കുമ്പോൾ ഏറ്റവുമിളയ സഹോദരൻ (ഏഴാമത്തെ സന്തതി) സുരേഷിനും അമ്മച്ചി ജന്മം നല്കിക്കഴിഞ്ഞിരുന്നു.  അതോടെ അസ്മായുടെ ശല്യവും ഏറിയേറി വരികയും ജോലി ചെയ്യുക പ്രയാസമായി വരികയും തന്മൂലം വിലാസിനിച്ചേച്ചിയുടെ ജോലി ഭാരം എറിയേറി വരികയുമുണ്ടായി.  ഏഴാം ക്‌ളാസ്സിലെ പരീക്ഷാ ഫലം വന്നപ്പോൾ വാഗമ്മച്ചേച്ചി തോറ്റിരുന്നു; താൻ ജയിച്ചു എട്ടിലാകുകയും ചെയ്തു. വിലാസിനിചേച്ചിയെ രാവിലെയും വൈകിട്ടും സഹായിക്കേണ്ടിയിരുന്നതിനാൽ വാഗമ്മച്ചേച്ചിയ്ക്ക് പഠിത്തത്തിൽ ശ്രദ്ധിക്കുവാൻ കഴിയുമായിരുന്നില്ലല്ലോ.  തൻ്റെ എട്ടാം ക്ലാസ് വര്ഷാവസാനത്തോട്, നിനച്ചിരിയാതെ, വിലാസിനി ചേച്ചിയുടെ വിവാഹം നടക്കുകയും, സ്വാഭാവികമായും ചേച്ചി തൻ്റെ ജോലി ഭാരം മുഴുവൻ വാഗമ്മച്ചേച്ചിയുടെ ചുമലിലാക്കിയിട്ട് അളിയനോടൊപ്പം ജോലിസ്ഥലത്തേക്ക് പോകുകയും ചെയ്തു. ഒരു വര്ഷം കൂടി വാഗമ്മച്ചേച്ചിയുടെ സ്കൂൾ ജീവിതം  മുട്ടിയും മുന്നോട്ടു പോയെങ്കിലും എട്ടാം ക്ലാസ് പാസ്സായതോടെ അവസാനിക്കുകയും ചെയ്തു.


 *****           *****        *****

“അത്താഴമുണ്ണണ്ടേ?”  എൻ്റെ ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് മാധവൻ നായരുടെ ശബ്ദം:  “മണി എട്ടരയായി, ഇറങ്ങി വാ”.
ഞാൻ താഴെയിറങ്ങി.  ഞങ്ങൾ പൊതിച്ചോറു കഴിച്ചിട്ട്  കുറച്ചു നേരം സംസാരിച്ചിരുന്നു. ട്രെയിൻ രാവിലെ ഏഴു മണിയോടെ എഗ്‌മോറിൽ എത്തുമെന്നും, സെൻട്രലിൽ എത്തിയാൽ  പോർട്ടർമാർ വഴി, കുറച്ചു രൂപ കൊടുത്തു, അവിടെ നിന്നുള്ള ഡൽഹി ട്രയിനിലെ ബെർത്ത് ‘ബുക്ക്” ചെയ്യാൻ പറ്റുമെന്നും, മറ്റും മാധവൻ നായർ പറയൂകയും ഞാൻ അതിനു സമ്മതിക്കുകയും ചെയ്തു.   ഞാൻ വീണ്ടും മുകളിൽ കയറി കിടന്നു. ഓർമ്മകൾ മുറിഞ്ഞിടത്തു നിന്ന് വീണ്ടും തുടങ്ങുവാൻ ശ്രമിച്ചെങ്കിലും ചിന്തകൾ ഉറച്ചുനിൽക്കാതെ വന്നു. അതേ, താൻ ഉറക്കത്തിലേക്കു വഴുതി വീഴുകയാണ്.
     
               *****                              ***** *****

ആരോ തട്ടിവിളിച്ചിട്ടാണ് ഉണർന്നത്.“എഗ്‌മോറെത്താറായി, സാധനങ്ങളൊക്കെ റെഡിയാക്കിക്കോ.”  മാധവൻ നായർ. താഴെയിറങ്ങി ടോയ്‌ലെറ്റിൽ പോയിവന്നു ഇറങ്ങാനുള്ള തയാറെടുപ്പ് പൂർത്തിയാക്കി കാത്തിരുന്നു.  

ട്രെയിൻ എഗ്‌മോറിൽ എത്തിയതും, പോർട്ടർമാർ ജീ. റ്റീ. എക്സ്പ്രെസ്സിൽ    ഡൽഹിയിലേക്ക് ബെർത്ത് ശരിയാക്കിത്തരാമെന്നു പറഞ്ഞു അടുത്തു കൂടി. ഒരാളുമായി മാധവൻ നായർ സംസാരിച്ചു  ബെർത്ത് ശരിയാക്കി. ബെർത്ത് കിട്ടിയ ശേഷം പൈസാ കൊടുത്താൽ മതിയാകും. അയാൾ തന്നെ ഇടപാടാക്കിയ ടാക്സിയിൽ എഗ്‌മോറിൽ നിന്നും അയാളും     ഞങ്ങളും സെൻട്രലിലെത്തി. സ്റ്റേഷനിൽ നിന്നും ബ്രേക്‌ഫാസ്റ്റ് കഴിച്ചു. ജി.ടി. എക്സ്പ്രസ്സ് സ്റ്റേഷനിൽ പിടിച്ചിട്ടപ്പോൾ ബെർത്ത് ശരിയാക്കിത്തന്ന പോര്ട്ടർ ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി ബെർത്തുകൾ കാണിച്ചു തന്നു. ഞങ്ങൾ കിടക്കകൾ അവയിൽ വിരിച്ചിട്ടു താഴെയുള്ള സീറ്റുകളിൽ ഇരിപ്പുറപ്പിച്ചു.   ഞങ്ങൾ ഇരുന്നിടത്തു രണ്ടു വടക്കേ ഇന്ത്യക്കാരുമുണ്ടായിരുന്നു.

ട്രെയിൻ കൃത്യസമയത്തു തന്നെ സ്റ്റേഷൻ വിട്ടു.  കുറേ നേരം പുറം കാഴ്ചകളും നോക്കിയിരുന്നു. ഇടയ്ക്കു കണ്ണുകൾ വടക്കേ ഇൻഡ്യാക്കാർക്ക്  നേരേ ചെന്നപ്പോൾ അവരിലൊരാൾ ചോദിച്ചു :

“കഹാം ജാ രഹാ ഹേ ?”  (എവിടെ പോകുവാ?)
ആദ്യമായിട്ടാണ് ഒരാൾ തന്നോട് ഹിന്ദിയിൽ സംസാരിക്കുന്നത്. ചെറിയ  പരിഭ്രമം തോന്നാതിരുന്നില്ല. ഉത്തരം കിട്ടാതിരുന്നപ്പോൾ അയാൾ വീണ്ടും ചോദിച്ചു.  “ഹിന്ദി നഹിം ജാൻതേ? കഹാം ജാ രഹാ ഹേ ?”
“ ദണ്ഡകാരണ്യ”, ഞാൻ പറഞ്ഞൊപ്പിച്ചു.
“വോ കഹാം ഹേ “,  അടുത്ത ചോദ്യം.

മാധവൻ നായർ ഇടപെട്ട് എന്നേപ്പറ്റി ഒരു ചെറിയ  വിവരണം അയാൾക്ക് നൽകി. എന്തായാലും പിന്നീട് ചോദ്യങ്ങളൊന്നുമുണ്ടായില്ല.   എൻ്റെ ചിന്തകൾ സ്വാഭാവികമായിട്ടും വീണ്ടും പിറകോട്ടു സഞ്ചരിക്കുവാൻ തുടങ്ങി. ഇന്നലെ ചിന്തിച്ചു നിറുത്തിയിരുന്നത് എവിടെയായിരുന്നു?  അതേ മിഡ്‌ഡിൽ സ്കൂൾ വിടുന്ന സമയത്തെപ്പറ്റിയായിരുന്നല്ലോ !
 

  *******     ******    *****


   18.  അഞ്ചൽ   ഹൈസ്കൂളിലേയ്ക്ക്         

എട്ടാം ക്ലാസ് പാസ്സായപ്പോൾ ഏരൂർ മിഡ്‌ഡിൽ സ്കൂളിനോടും പ്രിയപ്പെട്ട സാറന്മാരോടും വിടപറഞ്ഞു അഞ്ചൽ ഹൈസ്കൂളിൽ ഒൻപതാം ക്ലാസ്സിലേക്ക് (ഫോർത്  ഫോറം), തന്റെ പറിച്ചു നടീൽ. ഒൻപതാം ക്ലാസ്സ് മുതൽ 6 രൂപയാണ് ഫീസ്സ്‌. അന്നത്തെ കാലത്ത് അതൊരു വലിയ തുകതന്നെയായിരുന്നു. അതിനാൽത്തന്നെ തന്റെ കൂടെ എട്ടാം ക്ലാസ്സ് പാസ്സായവരിൽ ഏഴോ  എട്ടോ പേർ മാത്രം ഒൻപതാം ക്‌ളാസ്സിൽ ചേർന്നു. എന്നിട്ടും അത്ഭുതം തോന്നി! ഒൻപതാം ക്‌ളാസ്സിൽ മാത്രം ഏഴു ഡിവിഷനുകൾ! അന്ന് അഞ്ചലിനടുത്തെങ്ങും, ഏതാണ്ട് ഏഴെട്ടു മൈൽ ചുറ്റളവിൽ, മറ്റു  ഹൈസ്കൂളുകളൊന്നും ഇല്ലായിരുന്നെന്നതു തന്നെ കാരണം. അഞ്ചലിൽ തന്നെയുള്ള രണ്ടു മിഡ്‌ഡിൽ സ്‌കൂളുകളിലെയും അഞ്ചലിന് ചുറ്റും മൂന്നുമുതൽ എട്ടുവരെ മൈൽ അകലെയുള്ള ഏരൂർ, കുളത്തൂപ്പുഴ, വാളകം, ആയൂർ, ചണ്ണപ്പേട്ട തുടങ്ങിയ സ്ഥലങ്ങളിലെ മിഡ്‌ഡിൽ സ്കൂളുകളിൽ നിന്നും എട്ടാം  ക്ലാസ്സ് പാസ്സാകുന്ന വിദ്യാർത്ഥികൾക്കൊക്കെ അന്ന് ശരണം അഞ്ചൽ മാനേജ്‌മന്റ് ഹൈസ്കൂൾ മാത്രമായിരുന്നു. തനിക്കുള്ള 6 രൂപാ ഫീസ്സും ഏരൂർ മിഡ്‌ഡിൽ സ്കൂളിൽ പഠിക്കുകയായിരുന്ന ഇളയ സഹോദരങ്ങൾ ബാബുവിന്റെയും, സുധയുടെയും, ഭദ്രന്റെയും 3 രൂപാ വീതമുള്ള 9 രൂപയും കൂട്ടി മൊത്തം 15 രുപാ പ്രതിമാസം കണ്ടെത്തുവാൻ അച്ഛൻ പെടാപ്പാടു തന്നെ അനുഭവിച്ചു.  ചേച്ചിമാരുടെ വിദ്യാഭാസം പ്രത്യേക സാഹചര്യങ്ങളിൽ മുടങ്ങിയെങ്കിലും, പിറകേയുള്ള കുട്ടികളുടെ വിദ്യാഭാസം മുടങ്ങരുതെന്ന് അച്ഛന് നിർബന്ധമുണ്ടായിരുന്നു. ഈയിടെയാണ് മലയാലപ്പുഴയിൽ, കുടുംബത്ത് മുത്തച്ഛന്റേയും മുത്തശ്ചിയുടേയുമൊപ്പം, രണ്ടുവയസ്സുമുതൽ താമസിച്ചു പഠിച്ചിരുന്ന നേരേ ഇളയ അനുജൻ ബാബുവിനെ തിരികെക്കൊണ്ടു വന്നിട്ട് ഏറ്റവും ഇളയ സഹോദരൻ ഒന്നര വയസ്സായ സുരേഷിനെ മലയാലപ്പുഴയ്ക്ക് കൊണ്ടുപോയത്  - അവനെ ക്യഞ്ഞുങ്ങളില്ലാതിരുന്ന സൗദാമിനിക്കുഞ്ഞമ്മയ്ക്കു മകനായി വളർത്തുവാനായി. കുഞ്ഞമ്മ ഇളയ സഹോദരി കമലാവതിക്കുഞ്ഞമ്മയുടെ നാലു വയസ്സു പ്രായമുള്ള മകൾ യമുനയേയും എടുത്തു വളർത്തുന്നുണ്ട്.

ഒൻപതാം ക്ലാസ്സിലെത്തിയപ്പോൾ പഠിത്തത്തിൽ തൻ്റെ  പ്രകടനം മിഡ്‌ഡിൽ സ്കൂൾ തലത്തിലുണ്ടായിരുന്നതിൽ നിന്നും പിന്നോട്ട് പോവുകയാണുണ്ടായത്. മിഡ്‌ഡിൽ സ്കൂളിൽ വച്ച് എല്ലാ ക്ളാസ്സുകളിലുമുണ്ടായിരുന്ന ഒന്നാം സ്ഥാനം ഇവിടെ ആറിനും പത്തിനുമിടയ്ക്കായി    താഴുകയാണുണ്ടായത്. പുതിയ സഹപാഠികളിൽ പലരുടേയും നിലവാരം ഒന്നുകൂടി മെച്ചപ്പെട്ടത്. ഏറിയ പങ്കും കുട്ടികൾ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയിലും അനുകൂല സാഹചര്യങ്ങളിലും വളർന്നവർ. പലർക്കും ട്യൂഷനുമുണ്ട്.  തനിക്കാണെങ്കിൽ ട്യൂഷനോ പഠിത്തക്കാര്യത്തിൽ ഉപദേശിക്കുവാൻ ആരെങ്കിലുമോ ഉണ്ടായിരുന്നില്ലല്ലോ. അച്ഛനുമമ്മയും ഒരിക്കലും പഠിത്തക്കാര്യത്തിൽ ഇടപെടില്ലായിരുന്നു താനും. മിഡ്‌ഡിൽ സ്കൂളിൽ വച്ച് താൻ ഒന്നാമനായിരുന്നെന്ന വസ്തുത അച്ഛനിൽ   "അവൻ പഠിച്ചോളും" എന്നൊരു ആത്‌മവിശ്വാസം ജനിപ്പിച്ചിരുന്നെന്നു തോന്നുന്നു. ഹൈസ്കൂളിലെ അന്തരീക്ഷത്തെപ്പറ്റി അച്ഛന് ഒരു രൂപവുമുണ്ടായിരുന്നില്ല താനും. തനിക്കാണെങ്കിൽ, അന്നും ഇന്നും, സ്കൂളിൽ നിന്നും വീട്ടിലെത്തിയാൽ പുസ്തകം തുറന്നു നോക്കുന്ന ശീലമില്ല. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ടെസ്സ്റ് ബുക്കുകളല്ലാതെ മറ്റു വിഷയങ്ങൾക്കുള്ള ടെക്സ്റ്റ് ബുക്കുകൾ അച്ഛൻ വാങ്ങി കൊടുക്കാറുമില്ലായിരുന്നു.  ക്ലാസ്സിൽ നല്ലപോലെ ശ്രദ്ധിക്കുന്നത് കഴിഞ്ഞാൽ പരീക്ഷയടുക്കുമ്പോൾ, എഴുതിയെടുത്ത നോട്ടുകളും തെരഞ്ഞെടുത്ത പാഠ - പദ്യ ഭാഗങ്ങളും ഒന്നോ രണ്ടോ ആഴ്‌ചത്തെ, ഓടിച്ചുള്ള ഒരു "ഓട്ടപ്പഠിത്തം" അത്രമാത്രം. സാമാന്യം നല്ല മാർക്കോടെ പാസ്സാകുമെന്നുറപ്പ്. അതിനപ്പുറം പ്രതീക്ഷയോ കോളേജ് വിദ്യാഭ്യാസത്തിനുള്ള ആഗ്രഹമോ അന്നൊന്നും വച്ചുപുലർത്തിയിരുന്നില്ലെന്നതാണ് തഥാർഥ്യം. ഹൈസ്കൂൾ വ്ദ്യാഭാസം തന്നെ പൂർത്തിയാക്കുവാൻ കഴിയുമോ എന്ന ആശങ്കയുള്ളപ്പോൾ അതിനപ്പുറത്തേക്ക് ചിന്തിക്കുവാൻ  അന്നത്തെ സാഹചര്യം അനുവദിച്ചിരുന്നില്ലല്ലോ ! ഹൈസ്കൂളിലേയ്ക്ക് വീട്ടിൽ നിന്നും ഏഴു മൈലോളം (പതിനൊന്നു കിലോമീറ്ററിലധികം ) ദൂരം. രാവിലത്തെ ജോലികളൊക്കെ ധൃതിയിൽ തീർത്താലും, നെട്ടോട്ട മോടിയാലും ഒരിക്കലും സമയത്തിന് സ്കൂളിൽ എത്തുവാനാകുമായിരുന്നില്ല. സ്കൂൾ കഴിഞ്ഞാൽ സുലൈമാനോടും സ്കൂളിനടുത്തുള്ള ഒരുപറ്റം സഹപാഠികളോടുമൊപ്പം ചേർന്നുള്ള സ്കൂൾ ഗ്രൗണ്ടിലെ പന്തുകളി ഭ്രമം കാരണം രാത്രി എട്ടുമണിയോടടുക്കും വീട്ടിലെത്തുമ്പോൾ. ആദ്യ ദിവസം താമസിച്ചപ്പോൾ അച്ഛൻ പരിഭ്രമത്തോടെ അന്വേഷിച്ചു വന്നു.  പല ദിവസമാവർത്തിച്ചപ്പോൾ നല്ല പിടപ്പ് തന്നു. അത് ഒരു സ്ഥിരം പരിപാടിയാക്കിയപ്പോൾ അച്ഛൻ എന്നെ എന്റെ വഴിക്കു വിട്ട്, തോ റ്റു തന്നു. വീട്ടിലെത്തിയാൽ വല്ലതും കഴിച്ചിട്ട്, കുളിക്കുകപോലും ചെയ്യാതെ, പായിൽ ചുരുണ്ടുകൂടി ഗാഢ നിദ്രയിലേയ്ക്ക്. വല്ലപ്പോഴും എന്തെങ്കിലും പഠിക്കുമെന്നുണ്ടെകിൽ അത് മൂന്നു ഭാഷകളിലുമുള്ള പദ്യഭാഗങ്ങൾ.മാത്രം. അവ നിർബന്ധമായും കാണാതെ പഠിക്കുമായിരുന്നു; പരീക്ഷയ്ക്ക് ഒഴിവാക്കാതെ അവ കാണുകയും ചെയ്യുമല്ലോ!


1957 -  തന്റെ ഒൻപതാം ക്ലാസ്സ് അവസാനം.  ജനകീയ തെരഞ്ഞെടുപ്പിലൂടെ ലോകത്തെ തന്നെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്  സർക്കാർ കേരളത്തിൽനിലവിൽ വന്നു. വിദ്യാഭാസ്യ മന്ത്രി ജോസഫ് മുണ്ടശ്ശേരിയുടെ പുതിയ  വിദ്യാഭ്യാസ നയം ആ വിദ്യാഭ്യാസ വത്സരത്തിൽ തന്നെ നടപ്പിലാക്കി - താൻ ഒൻപതിൽ നിന്നും പത്തിലേക്ക് കടക്കുമ്പോൾ മുതൽ.   അതുവരെ ഉണ്ടായിരുന്ന പൊതു വിഷയങ്ങളായ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സോഷ്യൽ സ്റ്റഡീസ്, ജനറൽ സയൻസ് എന്നിവയ്ക്ക് പുറമേ മൂന്നു വിഷയങ്ങളടങ്ങുന്ന ഒരു ഗ്രൂപ്പ് കൂടിയുണ്ടാവും.  ആദ്യ ഗ്രൂപ്പ് മാത്തമാറ്റിക്സ്., ഫിസിക്സ്, കെമിസ്ട്രി. അണ്ടാമത്തേതു ഫിസിക്സ്, കെമിസ്ട്രി , ബയോളജി, മൂന്നാമത്തേത് ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്സ്; ഇങ്ങനെ അനേകം ഗ്രൂപ്പുകൾ.  കുട്ടികൾക്ക് ഇഷ്ടമുള്ള ഗ്രൂപ്പെടുക്കാമെന്നുണ്ടെങ്കിലും, തന്റെ സ്‌കൂളിൽ ഒൻപതാം ക്ലാസ്സിലെ വർഷാവസ്സാന പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ സ്‌കൂൾ അധികൃതർ തന്നെ ഗ്രൂപ് തിരിക്കുകയും  തന്നെ കണക്കുൾപ്പെട്ട ആദ്യ ഗ്രൂപ്പിലിടുകയുമാണുണ്ടായത്. തന്നേ സംബന്ധിച്ചിടത്തോളം ഏതു ഗ്രൂപ്പായാലെന്ത്, ഒരു പ്രസക്തിയുമില്ലായിരുന്നു. ഏതു സമയത്തും പഠിത്തം മുടങ്ങാവുന്നതേയുള്ളു. സമയത്തു് ഒരിക്കലും ഫീസ് കൊടുക്കുവാനായിട്ടില്ല.  പലപ്പോഴും ക്ലാസ്സിൽ നിന്നിറക്കിവിട്ടിട്ടുണ്ട്. തട്ടിയും മുട്ടിയും സിക്സ്ത് ഫോമ് (SSLC) കടന്നു കിട്ടിയാലും അകലെപ്പോയുള്ള കോളേജ് വിദ്യാഭ്യാസം കിട്ടാക്കനിയായി അവശേഷിക്കുമെന്നുറപ്പ്. പിന്നെവിടെ ഗ്രൂപ്പിന് പ്രസക്തി? സുലൈമാന് ഹിസ്റ്ററി, ജ്യോറഫി, ഇക്കണോമിക്സ് എന്നിവയടങ്ങിയ നാലാമത്തെ D ഗ്രൂപ്പിലാണ് ഇടം കിട്ടിയത്. പുതിയ ക്ലാസ്സിൽ മുൻ ബഞ്ചിൽ അടുത്തടുത്തിരുന്ന വര്ഗീസും ഡാനിയേലുമായി പുതിയ കൂട്ടുകെട്ടുമായി.

താൻ പത്തിൽ പഠിക്കുമ്പോൾ സർക്കാർ മിഡ്‌ഡിൽ സ്കൂൾ തലത്തിലെ ഫീസ് നിര്ത്തലാക്കിയത് അച്ഛനൊരു വലിയ ആശ്വാസം തന്നെയായിരുന്നു.   ഇനി തനിക്കു മാത്രം ഫീസ് കൊടുത്താൽ മതിയല്ലോ! അപ്പോഴതാ കുടുംബത്തിന്റെ സന്തോഷവും ഒപ്പം അച്ഛന് അടുത്ത പ്രാരാബ്ധമായിട്ട് സുജാത എന്ന ഏറ്റവുമിളയ അനുജത്തിയുടെ വേഷത്തിൽ അവതര്ക്കിന്നു !   അച്ഛനമ്മമാരുടെയും സഹോദരങ്ങളുടെയും എട്ടാമത്തെ അരുമ! അന്നൊന്നും കുടുംബാസസൂത്രണത്തെപ്പറ്റി കേട്ടുകേഴ്‌വി പോലുമുണ്ടായിരുന്നില്ലല്ലോ. "ദൈവം തരുന്നത് രണ്ടു കൈകളും നീട്ടി സ്വീകരിക്കുക" അതായിരുന്നല്ലോ അന്നത്തെ നയം !  

പത്താം ക്ലാസ്സ് സാമാന്യം നല്ല മാർക്കോടെ പാസ്സായി പതിനൊന്നിലേയ്ക്ക്.  അപ്പോഴും ഏഴു ഡിവിഷനുകളുള്ള പത്താം ക്ലാസ്സിലെ ഏറ്റവും ചെറിയ കൊച്ചൻ താൻ തന്നെയായിരുന്നു; ഇപ്പോഴും എപ്പോഴും നിക്കറും ഉടുപ്പും വേഷവും  മുൻ ബഞ്ചിൽ തന്നെ സ്ഥാനവും ! (പിന്നീട്  വര്ഷം SSLC സർട്ടിഫിക്കറ്റ് ബുക്കിൽ തന്റെ ശാരീരിക അളവുകളെടുത്തു രേഖപ്പെടുത്തിട്ടിരിക്കുന്നത്  : 4' 4" ഉയരുമെന്നും 56 lb (അതായത്, 25.5 കെജി) എന്നുമാണ്. അളവെടുത്തിട്ടു സാറ് പറഞ്ഞു : "നിനക്ക് അഞ്ചാം ക്ലാസ്സിൽ പഠിക്കേണ്ട അളവുകളേയുള്ളല്ലോ !). പുതു വർഷത്തിൽ മുണ്ടുടുത്തു ക്‌ളാസ്സിലെത്തുവാൻ മോഹം തോന്നിയപ്പോൾ നിക്കറിന് പകരം അച്ഛനെക്കൊണ്ട് ഒരു ചെറിയ മുണ്ടു വാങ്ങിപ്പിച്ചു.  പുതു വർഷത്തിൽ, അതുമുടു ത്ത് "താനും വലുതായി' എന്ന ഗമയോട് സ്കൂളിലെത്തി. കൂട്ടുകാരൊക്കെ പുകഴ്ത്തുകയും കളിയാക്കുകയുമൊക്കെ ചെയ്‌തെങ്കിലും അതൊന്നും കാര്യമാക്കിയില്ല. ക്രമേണ പലരിലൊരുവനാകുകതന്നെ ചെയ്തു. ഒരു മുണ്ടു മാത്രമുള്ളതിനാൽ മുണ്ടും നിക്കറും മാറിമാറി ഉടുത്തു. പക്ഷേ അതധിക നാൾ അത്  നീണ്ടുനിന്നില്ല. ഒരു ഉച്ച സമയത്തു് കൂട്ടുകാരുമൊത്തു ഹൈജംപും ലോങ്‌ജംപും മത്സരാർത്ഥം പ്രാക്റ്റീസ് ചെയ്യുന്ന സമയം താൻ ഉയർന്നു ചാടിയപ്പോൾ സ്വാഭികമായും മടക്കിക്കുത്തിയിരുന്ന മുണ്ടും മേലോട്ടുയർന്നു പൊങ്ങി. താൻ അടിവസ്ത്രം ഉടുത്തിരുന്നുമില്ല. ശ്രീധരൻ അത് ശ്രദ്ധിച്ചു . ചാടിവീണു മാറിനിന്നതും, അവൻ അടുത്ത് വന്ന്‌ എന്റെ കൈ പിടിച്ചു മാറ്റി നിറുത്തിയിട്ട് ഉറക്കെ ചോദിച്ചു :  "അണ്ടർവെയർ ഇടാതെയാണോടാ സ്കൂളിൽ വരുന്നത്? ഇനി ഇങ്ങിനെ വരുമോടാ ?" ചോദിക്കുന്നതിനിടയിൽത്തന്നെ മുണ്ടുരിയാനെന്ന ഭാവത്തിൽ അവൻ എന്റെ മുണ്ടിന്റെ തുമ്പത്തു പിടിച്ചുയർത്തി. മറ്റു കുട്ടികളും നോക്കി നിൽക്കുകയാണ്. ഭയന്നുപോയ താൻ കരച്ചിലിന്റെ വക്കോളമെത്തി അവനോട് കെഞ്ചി : "ശ്രീധരാ വീട്, ഞാനിനി ഒരിക്കലും മുണ്ടുടുത്തോണ്ടു വരില്ല, ഉറപ്പ്‌ ". അവൻ പിടി വീട്ടു. താൻ തന്റെ വാക്ക്‌   സ്കൂളിലെ അവസാന ദിവസ്സം വരെ പാലിക്കുകയും ചെയ്തു.

ആ സ്കൂൾ വർഷം പകുതി കഴിഞ്ഞപ്പോഴേയ്ക്കും തന്റെ  ഫീസ്സ്‌ മൂന്നു മാസത്തെ കുടിശിഖയാകുകയും ക്ലാസ്സിൽ നിന്നും പുറത്താക്കപ്പെടുകയും  ചെയ്തു. ഫൈനുൾപ്പെടെ പത്തൊൻപതു രൂപാ തരപ്പെടുത്തുവാൻ അച്ഛന് കഴിഞ്ഞിരുന്നില്ല. നാലു ദിവസ്സം ക്‌ളാസ്സിൽ പോയില്ല.  അഞ്ചാം ദിവസ്സം രാവിലെ അച്ഛൻ പറഞ്ഞു: "നീ ക്‌ളാസ്സിൽ ചെല്ല്. സാറിനോട് പറഞ്ഞാൽ മതി, ഞാൻ ഫീസുമായിട്ടു ഉച്ചയ്ക്കുമുമ്പ് വരുമെന്ന്."  ഉച്ചയ്ക്ക് ക്ലാസ് വിട്ട് താൻ വെളിയിൽ വന്നപ്പോൾ അച്ഛൻ മുറ്റത്തു നിൽപ്പുണ്ട്. മടിയിൽ നിന്നും ഇരുപതു രൂപയെടുത്തു തന്നിട്ട് ഒന്നും മിണ്ടാതെ അച്ഛൻ തിരിച്ചു നടന്നു.  വൈകിട്ട് വീട്ടിലെത്തിയപ്പോൾ വാഗമ്മ ചേച്ചിയിൽ നിന്നുമാണറിഞ്ഞത് അച്ഛൻ ഫീസ് തരപ്പെടുത്തിയത് കറുമ്പിപ്പശുവിനെ വിറ്റിട്ടാണെന്ന്‌. തന്റെ പ്രിയപ്പെട്ട കറുമ്പിപ്പശു, തന്റെ തുടർവിദ്യാഭ്യാസം ഉറപ്പു വരുത്തിയിട്ട്,  തങ്ങളെ എന്നെന്നത്തേക്കുമായി വിട്ടുപോയിരിക്കിന്നു. സങ്കടമേറിയിട്ട് തനിക്കു രണ്ടുദിവസ്സത്തേയ്ക്ക് ആഹാരം കഴിക്കുവാൻപോലുമായില്ല.

ഫിഫ്ത് ഫോമിലും സിക്സ്ത് ഫോമിലും   A ഗ്രൂപ്പിൽ എട്ടു പെണ്കുട്ടികളുൾപ്പെടെ  40 പേരുണ്ടായിരുന്നു. വർഗീസ്‌ ആയിരുന്നു  ക്‌ളാസ്സ് മോണിട്ടർ. പഠിത്തത്തിൽ എപ്പോഴും മുന്നിൽ നിന്നിരുന്ന നാൽവർ സംഘമായിരുന്നു,  വര്ഗീസ്, ശശി, ഗംഗാധരൻ, കൃഷ്ണയ്യർ എന്നിവർ. ഒന്ന് മുതൽ നാലുവരെയുള്ള സ്ഥാനം എപ്പോഴും അവർ മാറി മാറി നില നിറുത്തിയിരുന്നു.   SSLC യ്ക്ക് റാങ്കല്ലെങ്കിൽ ഫസ്റ്റ് ക്ലാസ്സ്‌ ഉറപ്പുള്ളവർ. നാലുപേരും എപ്പോഴും ഒപ്പമുണ്ടായിരിക്കും. ഇരിപ്പും ക്ലാസിന്റെ വലതുവശത്തെ ആദ്യ ബെഞ്ചിൽ അടുത്തടുത്ത് തന്നെ.   

SSLC പരീക്ഷയ്ക്ക് തൊട്ടു മുൻപ് വാഗമ്മച്ചേച്ചിയുടെ വിവാഹം മൂലയ്ക്കലെ പീതാംബരനുമായി നടന്നു.  സുധയുടെ ചുമലിലേക്ക് അടുക്കളയുടെ ചുമതല വന്നു ചേർന്നെങ്കിലും മൂലയ്ക്കൽ വീട് വളരെയടുത്തായിരുന്നതിനാൽ ചേച്ചി വീട്ടിൽ വന്നു കുറെയൊക്കെ ജോലികൾ ചെയ്തു സഹായിക്കുമായിരുന്നതിനാൽ സുധയുടെ പഠിത്തത്തിനു ഭംഗമുണ്ടായില്ല.  ഇതിനിടെ, അളിയനോടൊപ്പം ജോലിസ്ഥലത്തായിരുന്ന വ്‌ലാസ്സിനിച്ചേച്ചിയും ഒന്നര മൈൽ അകലെ വിളക്കുപാറയിൽ വസ്തു വാങ്ങി അവിടെ അളിയന്റെ അമ്മയ്ക്കും കുഞ്ഞുമകൻ ഷാജിക്കുമൊപ്പം താമസ്സമാക്കിയിരുന്നു.

SSLC പരീക്ഷയുടെ അവസാന ദിവസ്സം.  കൂട്ടുകാരൊക്കെ അന്യോന്യം ആട്ടോഗ്രാഫുകൾ കൈമാറി ഗുഡ്ബൈ പറഞ്ഞു പിരിഞ്ഞു  കഴിഞ്ഞപ്പോൾ സുലൈമാൻ പറഞ്ഞു : ഇനി എന്നാണു കാണുന്നതെന്നറിയില്ലല്ലോ. വാ നമുക്കൊരു സിനിമയൊക്കെ കണ്ടിട്ട് തൽക്കാലം പിരിയാം. വഴിയ്ക്കു ഓരോ കോഫിയും കുടിച്ചിട്ട് സുലൈമാനോടൊപ്പം സിനിമാക്കൊട്ടകയിലേയ്ക്ക് 


19. സുലൈമാനെന്ന ചങ്ങാതിപ്രതിഭാസം

സ്കൂളില്ലാത്ത  ഒരു ശനിയാഴ്ച ചന്ത ദിവസം  ദിവസ്സം ഉപൻ പച്ചക്കറി വിറ്റുകൊണ്ട് നിൽക്കുമ്പോൾ,  അതാ, അപ്രതീക്ഷിതമായി, തൻ്റെ മുൻപിലേയ്ക്ക് ഒരു ഗ്ലാസ് നിറയെ ചുവപ്പു നിറമുള്ള വെള്ളവുമായി ഒരു കൈ നീണ്ടു വരുന്നു !  തലയുയർത്തി നോക്കിയ ഉപൻ അതിശയിച്ചു പോയി. അതു സുലൈമാൻ്റെ കയ്യായിരുന്നു ! "സർബത്താ, കുടിച്ചോ, വെയിലത്തു നിക്കുവല്ല്യോ"  സുലൈമാൻ പറഞ്ഞു. : "ദേ, ഞാൻ അവിടെ നിന്നോണ്ട് സര്ബത്തു വിക്കുന്നൊണ്ട്,". മടിച്ചു മടിച്ചാണെങ്കിലും ഉപന് അത് വാങ്ങി കുടിക്കാതെ നിർവാഹമില്ലായിരുന്നു. തിരികെ നടക്കുമ്പോൾ സുലൈമാൻ  പറഞ്ഞു: : "ചന്തേ വരുമ്പോളൊക്കെ എൻ്റെയടുത്തു വന്നു സര്ബത് കുടിച്ചേക്കണം, മടിച്ചേക്കരുത്". സാക്കറിനും നിറങ്ങളും ചേർത്തുള്ള സര്ബത്. കുറഞ്ഞ ചെലവിൽ കൂടുതൽ ലാഭമുള്ള കച്ചവടം. സര്ബത്തു വിറ്റു  കിട്ടുന്ന പൈസായിൽ നിന്നും ഫീസിനൊള്ളതെടുത്തിട്ടു ബാക്കി അവൻ ഉമ്മേടെ കയ്യിൽ കൊടുക്കുമെന്നും റബർ ടാപ്പിംഗ് തൊഴിലാളിയായ വാപ്പയുടെ വരുമാനം എട്ടൊമ്പത് അംഗങ്ങളുണ്ടായിരുന്ന ആ കുടുംബം പുലരുവാൻ തികയില്ലെന്നും അവൻ പിന്നീട്  സൂചിപ്പിക്കുകയുണ്ടായി .

ഏരൂർ മിഡ്‌ഡിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയായപ്പോൾ  ഉപനും സുലൈമാനും അഞ്ചൽ ഹൈസ്കൂളിൽ ഫോർത്തു ഫോമിൽ (ഒൻപതാം ക്ലാസ്) ചേർന്നു.  ഫിഫ്‌ത് ഫോമിൽ ആയപ്പോൾ രണ്ടുപേരും വെവ്വേറെ ക്ലാസ്സുകളിലാകുകയും അവിടെ ഉപന് പുതിയ കൂട്ടുകാരെ കിട്ടുകയു ണ്ടായെങ്കിലും, സുലൈമാൻ തന്നെയായിരുന്നു ഉപൻ്റെ   പ്രഥമ ചങ്ങാതി. വൈകിട്ട് സ്കൂൾ വിട്ടാൽ സ്കൂളിന് മുൻവശത്തുള്ള ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുവാൻ സുലൈമാൻ മറ്റു കുട്ടികളോടൊപ്പം കൂടുമ്പോൾ ഉപനും അവരോടൊപ്പം കൂടേണ്ടി വന്നു.  മിക്കവാറും എന്നും വളരെ താമസിച്ചു വീട്ടിൽ വരുമെന്നതിനാൽ ഉപന് അന്നന്നത്തെ പാഠങ്ങൾ പഠിച്ചു തീർക്കുവാൻ സാധിക്കാതെയുമായി.

ഹൈസ്കൂളിൽ  ഫീസ്സ്‌ ആറു രൂപയായിരുന്നു.   സുലൈമാൻ്റെയും ഉപൻ്റെയും കുടുംബങ്ങൾക്ക് താങ്ങാവുന്നതിലുമധികമായിരുന്നു അത്.  സുലൈമാൻ അതുകൊണ്ടൊന്നും പിന്മാറിയില്ല. ഹൈസ്കൂളിലേയ്ക്ക് പ്രൊമോഷൻ കിട്ടിയ സ്ഥിതിക്ക് തൻ്റെ ചെറിയ വരുമാന മാർഗമായ സര്ബത്തു കച്ചവടത്തിനും അവൻ  പ്രൊമോഷൻ കൊടുത്തു - സര്ബത്തിനു പകരം സേമിയാ പായസ്സം! ഒരു ദിവസ്സം സ്കൂൾ വിട്ടു വരുന്നവഴി സുലൈമാൻ ഉപനോട് പറഞ്ഞു: "നാളെ ഞാൻ സ്സ്കൂളിൽ വരത്തില്ല.  വൈകിട്ട് സ്കൂൾ വിട്ടാൽ നീ സിനിമാക്കൊട്ടകയ്ക്കു മുൻപിൽവരണം." പിറ്റേ ദിവസ്സം വൈകിട്ട് ഉപൻ സിനിമാക്കൊട്ടകയ്ക്കു മുൻപിലെത്തിയപ്പോൾ കണ്ടത് സുലൈമാൻ ഗേറ്റിനു സമീപം നിന്ന് സേമിയ പായസം വിൽക്കുന്നതാണ്. സുലൈമാൻ പറഞ്ഞു :  "നമുക്കിന്നു സിനിമയും കണ്ടിട്ട് ഒരുമിച്ചു പോകാം. നല്ല തമിഴ് സിനിമയാണ്. MGR ൻ്റെ 'ആലിബാബയും നാൽപ്പതു കള്ളന്മാരും '. അത് പറയുന്നതിനിടയിൽ സുലൈമാൻ ഒരു ഗ്ലാസ് കഴുകി പായസ്സം പകർന്നു ഉപന് കൊടുക്കുകയും ചെയ്തു. സുലൈമാൻ രണ്ടു പേർക്കും ടിക്കറ്റ് എടുക്കുകയും,  ഗേറ്റു കാവൽക്കാരന് ഒരു ഗ്ലാസ് പായസം ചക്കാത്തിനു കൊടുത്തു് പായസ്സവുമായി തീയേറ്ററിന് അകത്തു കടക്കുകയും ഇന്റർവെൽ സമയത്തു് പായസം മുഴുവൻ വിറ്റഴിക്കുകയും ചെയ്തു. സിനിമാ കഴിഞ്ഞു മടങ്ങുമ്പോൾ സുലൈമാൻ പറഞ്ഞു: ഞാൻ ശനിയാഴ്ചകളിലോക്കെ പായസ്സവും കൊണ്ട് കൊട്ടകയിൽ വരാറുണ്ട്.  ഇവിടെ വന്നാൽ എല്ലാം ചെലവാകും. അത് കൊണ്ട് ഫീസ്സ്‌ മുടങ്ങാതെ കൊടുക്കുവാൻ പറ്റുന്നു." അത് കേട്ട ഉപൻ ഓർത്തു പോയി: 'അച്ഛൻ എന്ത് ബുദ്ധിമുട്ടിയാണ് തൻ്റെ ഫീസ്സിനുള്ള തുക കണ്ടെത്തുന്നത്? എല്ലാ മാസവും ഫൈനോടു കൂടി മാത്രമേ ഫീസ്സ്‌ കൊടുക്കാറുള്ളു'. SSLC വരെ സുലൈമാൻ സ്വന്തം പ്രയത്‌നത്താൽ തൻ്റെ ഫീസ്സ്‌    മുടങ്ങാതെ കൊടുത്തു പൊന്നു . അതേ സമയം ഈ വര്ഷം തുടർച്ചയായി മൂന്നു മാസം തൻ്റെ ഫീസ്സ്‌ മുടങ്ങുകയും, ക്‌ളാസിൽ നിന്നും ഇറക്കി വിടപ്പെടുകയും, അവസാനം വീട്ടിലെ കറവപ്പശുവിനെ വിറ്റിട്ട് ഫീസ്സ് കൊടുക്കുകയുമാണുണ്ടായത്.. പായസ്സത്തിൻ്റെ കച്ചവടം മാത്രമായിരുന്നില്ല സുലൈമാൻ്റെ വരുമാന മാർഗം. അവൻ മുച്ചീട്ടു കളിയിലും കുലുക്കിക്കുത്തു കളിയിലും പൈസാ ഉണ്ടാക്കുവാൻ പറ്റുന്ന മറ്റു കളികളിലും  ഏർപ്പെട്ടു ലാഭമുണ്ടാക്കുമായിരുന്നു.

  *****           *****        ****

ഉപനും സുലൈമാനും തമ്മിലുള്ള സൗഹൃദബന്ധത്തിനു അപ്രതീക്ഷിതമായ ഒരു വിരാമമാണുണ്ടായത്. SSLC പരീക്ഷ തീർന്ന ദിവസമായിരുന്നു    അവരുടെ അവസാന കൂടിക്കാഴ്ച. പരീക്ഷ കഴിഞ്ഞു ഉപൻ പത്തനംതിട്ടയിലെ മുത്തച്ഛൻ്റെ വീട്ടിലേയ്ക്കു പോകുകയും അവിടെയുള്ള ടൈപ്പ് റൈറ്റിങ്  ഇൻസ്റ്റിട്യൂട്ടിൽ ചേരുകയും ചെയ്തു. SSLC റിസൾട് വന്നു സർട്ടിഫിക്കറ്റ് വാങ്ങുവാൻ നാട്ടിലെത്തിയപ്പോൾ സുലൈമാൻ സ്ഥലത്തുണ്ടായിരുന്നില്ല. ഒന്നര വർഷത്തിന് ശേഷം ഉപൻ  നാട്ടിൽ തിരിച്ചെത്തിയപ്പോഴറിഞ്ഞു, സുലൈമാനും കുടുംബവും ദൂരെയെവിടെയോ താമസം മാറ്റിയെന്നും, അവൻ ജോലിയന്വേഷിച്ചു ബോംബേക്കു പോയെന്നും. അതിനു ശേഷം ഇതേവരെ അവനെപ്പറ്റി ഒരു വിവരവും ഉപനു കിട്ടിയിട്ടില്ല.! സുലൈമാനെന്ന ആ ചങ്ങാതി പ്രതിഭാസം  ഉപൻ്റെ മനസ്സിൽ എന്നത്തേയ്ക്കും ഊഷ്മളതയുള്ള ഒരു നേരിയ നൊമ്പരമായി ഇപ്പോഴും അവശേഷിക്കുകയാണ്!!! 


     *****         *****                 *****

സുലൈമാൻ്റെ മുച്ചീട്ടുകളിയെപ്പറ്റി ഓർത്തപ്പോഴാണ് ഉപന് താൻ   മുച്ചീട്ടു കളിയിൽ ഒരു കൈ നോക്കുകയും, ആ കൈ പൊള്ളുകയും ചെയ്ത കാര്യം ഓർമ  വന്നത്. മുത്തച്ഛൻ്റെ വീട്ടിൽ നിന്ന് ടൈപ്പ് പഠിക്കുന്ന സമയം. അടുത്തു തന്നെയാണ് കുഞ്ഞമ്മ 'പാട്ടമ്മ'യും  താമസിച്ചിരുന്നത്‌. പാട്ടമ്മയ്‌ക്ക്‌ ഇറച്ചി വലിയ പ്രിയമുള്ള ഭക്ഷണം. എല്ലാ ഞായറാഴ്ചകളിലും രണ്ടു മൈൽ അകലെയുള്ള ചെങ്ങറ തോട്ടത്തിലെ ചന്തയിൽ നിന്നും ഇറച്ചി വാങ്ങിക്കൊടുക്കേണ്ട ജോലിഉപൻ്റെത്‌.  ഒരിക്കൽ ചന്തയിൽ ചെന്നപ്പോൾ മുച്ചീട്ടു കളി തകൃതിയായി നടക്കുന്നു. സുലൈമാൻ മുച്ചീട്ടു കളിച്ണ്ടാക്കിയിരുന്ന കാര്യം ഉപൻ ഓർത്തു. എട്ടണ കയ്യിലുണ്ട്. അവൻ ഇറച്ചിയുടെ കാര്യം മറന്നു. എട്ടണയും വച്ചു.  ഇരട്ടിയായി അത് തിരിച്ചു കിട്ടി. ആദ്യമായതിനാൽ അവൻ ആകെ ഭ്രമിച്ചു പോയിരുന്നു. സുലൈമാൻ പറഞ്ഞിരുന്ന 'കളിയിലെ കളി' യെപ്പറ്റിയും, 'കയ്യാളുകളെ'പ്പറ്റിയും അവൻ ഓർത്തതേയില്ല. അടുത്ത കളിയിൽ കൂടെക്കളിച്ചവർ കിട്ടിയത് മുഴുവൻ വച്ചു.  അത് കണ്ട് , ഒന്നുമാലോചിക്കാതെ, ഉപനും വച്ചു, കയ്യിലുള്ള ഒരു രൂപ മൊത്തം. ചീട്ടു പൊക്കിയപ്പോൾ അതുപോലെ പോകുകയും ചെയ്തു. ഇറച്ചിയില്ലാതെ തന്നെ അവൻ പാട്ടമ്മയുടെ അടുത്ത് ചെന്ന് കള്ളം പറഞ്ഞു : "പൈസാ വഴിയിലെവിടെയോ വീണു പോയി. തിരിഞ്ഞു നടന്നു തെരഞ്ഞെങ്കിലും കിട്ടിയില്ല.''  പാട്ടമ്മ അത് വിശ്വസിച്ചോ എന്നറിയില്ല.


20.    മലയാലപ്പുഴയിലെ                കുടുംബത്തേയ്ക്കും
   പുതിയ ജീവിത മാർഗ്ഗത്തിലേയ്ക്കും                                                                                                                                                                                                                                                                                                                         SSLC പരീക്ഷാ  ഫലം കാത്തു  നിൽക്കാതെ    കുടുംബ വീട്ടിലേയ്ക്ക് യാത്രയായി. കഴിഞ്ഞ മൂന്നു വര്ഷമായുള്ള പതിവ്. വേനലവധിയായാൽ കൊച്ചുമക്കളെല്ലാം അങ്ങെത്തണമെന്നാണ്‌ മുത്തച്ഛൻ്റെയും മുത്തശ്ചിയുടെയും ആജ്ഞ.   അവിടെ പുരയിടത്തിൽ പലയിനം മാവും പ്ലാവും തെങ്ങുകളുമുൾപ്പെടെ ധാരാളം ഫലവൃക്ഷങ്ങളുണ്ടായിരുന്നു. അച്ഛക്കിളൻ അവയൊന്നും മുറിക്കുവാൻ അനുവദിക്കില്ല - കൊച്ചുമക്കൾക്ക്‌  യഥേഷ്ടം മാമ്പഴവും ചക്കപ്പഴവും മറ്റും തിന്നണമല്ലോ! എല്ലാ വേനലവധിക്കാലത്തും, റാന്നി, വല്ലന (ചെങ്ങന്നൂർ), അയിലറ, കുളത്തുമൺ, എന്നിവിടങ്ങളിൽ നിന്നുമായി, കുറഞ്ഞത് ഒരു ഡസ്സൻ കൊച്ചുമക്കൾ അടിച്ചുപൊളിച്ചു രസിക്കുവാനും രസിപ്പിക്കുവാനുമായി അവിടെ ഒത്തുകൂടും.  ഇവർക്കൊപ്പം മലയാലപ്പുഴയിൽത്തന്നെ സൗദാമിനിക്കുഞ്ഞമ്മ (പാട്ടമ്മ) എടുത്തു വളർത്തുന്ന, സ്വന്തം സഹോദരിമാരുടെ കുട്ടികളായ യമുനയും, തൻ്റെ തന്നെ ഇളയ സഹോദരനായ സുരേഷും, അമ്മാവൻ്റെ മക്കളായ ഗായത്രി, കല, കുഞ്ഞായ സ്റ്റാലിൻ, കൊല്ലത്തുനിന്നും, പാട്ടമ്മയുടെ ഭർത്താവായ പ്രസിദ്ധ കാഥികൻ കെ.കെ. വാദ്ധ്യാരുടെ ആദ്യ ഭാര്യയിലെ രണ്ടു മൂന്നു മക്കളുമുണ്ടാകും.  ഇവർക്കൊക്കെപ്പുറമേ, അയൽവക്കത്തെ നാലഞ്ചു കൂട്ടുകാരുമുണ്ടാകും. ഇത്രയും പേർ ഒത്തുകൂടിയാലുള്ള അവസ്ഥ മനസ്സിലാക്കാവുന്നതേയുള്ളൂ - സർവം ബഹളമയം!!! മാവിൻചുവട്ടിലും പിന്നെ മറ്റു കളികളിലും ഏർപ്പെട്ടു വൈകുന്നതുവരെയുള്ള അടിച്ചുപൊളി. അതുകഴിഞ്ഞാൽ സന്ധ്യയ്ക്കു മുൻപ് എല്ലാവരും കൂടി വീടിനു കുറച്ചു താഴെയുള്ള വലിയ കുളത്തിൽ ചാടി, നീന്തിയും, തുടിച്ചും, ഊളിയിട്ടും,  തമ്മിൽ വെള്ളം തെറിപ്പിച്ചും ഒരു മണിക്കൂറോളം വീണ്ടും ആടിച്ചുപോളി . അത് കഴിഞ്ഞു കുടുംബത്തെത്തിയാൽ, അമ്മാവൻ്റെ മേൽനോട്ടത്തിൽ, മണൽ പാകിയ വിശാലമായ മുറ്റത്തു വിവിധ കലാപരിപാടികൾ. അവരുടെ അഭിരുചിയനുസരിച്ച്, പാട്ട്, പദ്യപാരായണം, ഡാൻസ്, അക്ഷരശ്ലോകം, എന്തുമാകാം. തനിക്ക് മാത്രം സ്പെഷ്യൽ ആയി കഥകളി. കൊച്ചുന്നാളിലെ തൻ്റെ ഉഗ്രൻ “കഥകളി അരങ്ങേറ്റം” അമ്മാവൻ കാണുകയുണ്ടായല്ലോ  - അതിനുള്ള പിഴയായിട്ട്. പിന്നീട് നാട്ടിൽ ഉടലെടുത്ത കഥകളി ട്രൂപ്പിൻ്റെ തയ്യാർ എടുപ്പുകളും, പഠിപ്പും, റിഹേഴ്സലുകളും, അരങ്ങേറ്റവും, പതിവ് പ്രകടനങ്ങളും കണ്ടു ഹൃദിസ്ഥമാക്കിയ കഴിവിൻ്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഉള്ള പ്രകടനം കാഴ്ച വയ്ക്കുവാൻ താൻ ശ്രമിക്കുകയും ചെയ്തു.

ഒരുമാസത്തെ അടിച്ചു പോളിക്കു ശേഷം എല്ലാവരും സ്വന്തം വീടുകളിലേക്ക്.  വല്ലനക്കാരായ വാമദേവനും ഉദയനും തിരികെപ്പോകുമ്പോൾ തന്നേയും ഒപ്പം കൂട്ടി.  അവിടെച്ചെന്നു മൂന്നുനാലു ദിവസങ്ങൾക്കു ശേഷം വെളിയിൽ എന്തിനോ പോയിരുന്ന മാലിനിച്ചേച്ചി ഒരു ന്യൂസ്പേപ്പറുമായി ഓടിക്കിതച്ചു തിരികെയെത്തി എല്ലാവരോടുമായി വിളിച്ചു പറഞ്ഞു :  “ദേ ഇതില് SSLC പരീക്ഷാ ഫലം ഇട്ടിട്ടുണ്ട്.” എന്നിട്ട് ചേച്ചി ആദ്യം എന്നോടായി എൻ്റെ രജിസ്‌ട്രേഷൻ നമ്പർ ചോദിച്ചിട്ട് പേപ്പറിൽ നോക്കി ആഹ്ളാദത്തോടെ എല്ലാവരും കേൾക്കത്തക്കവിധം പറഞ്ഞു :  “ഉപൻ പാസ്സായിരിക്കുന്നു”. അതിനു ശേഷം സ്വന്തം അനുജൻ, എൻ്റെ സമപ്രായക്കാരനായ, ഉദയൻ്റെ നമ്പർ നോക്കിയിട്ട് അവനും പാസ്സായിരിക്കുന്നെന്നു വിളിച്ചു പറഞ്ഞു. പാസ്സാകുമെന്നു തനിക്കുറപ്പുണ്ടായിരുന്നെങ്കിലും, “ഇനി എന്ത്” എന്ന കാര്യത്തിലുറപ്പില്ലാതിരുന്നതിനാൽ, ജയിച്ചെന്നറിഞ്ഞിട്ടും തനിക്കു സന്തോഷമോ പ്രത്യേകിച്ചൊരു വികാരമോ തോന്നിയില്ലെന്നതാണ് സത്യം .   വല്ലനെ അച്ഛൻ തന്നോട് ചോദിച്ചു: “ഉപൻ മോനിനി എന്തിനു പോകാനാ പ്ലാൻ? കോളേജിലേക്കാണോ?” താൻ പറഞ്ഞു: “എന്തായാലും കോളേജിലേയ്ക്കായിരിക്കില്ല; വേറേ എന്തുവേണമെന്ന് ആലോചിക്കണം.” “എന്തായാലും രണ്ടുപേരും പാസ്സായല്ലോ ! ബാക്കിക്കാര്യം പതിയെ ആലോചിക്കാം.” അച്ഛൻ അത് പറഞ്ഞിട്ട് മൂത്ത മകൻ വാമദേവനോടായിപറഞ്ഞു: “ വാമാ, നീ ഇവരെ ഇന്നോ നാളെയോ ചെങ്ങന്നൂര് കൊണ്ടുപോയി സിനിമാ കാണിക്ക്”.  മക്കൾ പാസ്സായതിനുള്ള സമ്മാനം! അങ്ങിനെ അന്നുതന്നെ അവരോടൊപ്പം പോയി താൻ ആദ്യമായി ഒരു ഹിന്ദി സിനിമ കണ്ടു - അന്നത്തെ ഹിറ്റ് പടമായ ‘മധുമതി’.

ഒരാഴ്ച വല്ലനയിലും അടിച്ചുപൊളിച്ചിട്ട്  തിരികെ മലയാലപ്പുഴയിലേയ്ക്ക്. അവിടെ ചെന്നപ്പോൾ സതിക്കുഞ്ഞമ്മ പറഞ്ഞു : "എടാ ഉപനേ, മലയാലപ്പുഴേൽ  ഒരു ടൈപ്പിംഗ് ഇന്സ്ടിട്യൂറ്റ് തൊടങ്ങാൻ പോവാ. ഞാനും അവിടെ ചേരാൻ തീരുമാനിച്ചിരിക്കുവാ. നീയും ചേര്, നമുക്കൊരുമിച്ചു പോകാമല്ലോ."   എന്നെക്കാൾ മൂന്നു വയസ്സോളം കൂടുതലുള്ള സതിക്കുഞ്ഞമ്മയാണ് കുടുംബത്തെ ഏറ്റവുമിളായ സന്തതി. SSLC പാസ്സായതിനു ശേഷം വെറുതേ നിൽക്കുകയാണ്.  തനിക്ക് സമ്മതക്കുറവൊന്നുമില്ല. പക്ഷേ, അച്ഛൻ്റെ അനുവാദം വേണം; ഒപ്പം മാസംതോറും ഫീസിനുള്ള രണ്ടു രൂപയും അഡ്മിഷൻ ഫീസ്സും വേണം. ഇവിടായാൽ നടന്നു പോകാമല്ലോ.  അഞ്ചൽ ചേർന്നാൽ ഒരു മണിക്കൂറിനു വേണ്ടി ദിവസ്സവും പതിനഞ്ചു മൈലോളം നടക്കേണ്ടി വരും. അതൊഴിവാക്കാം. അന്നു തന്നെ താൻ വിവരങ്ങൾ കാണിച്ച് അച്ഛനെഴുതി. ഒരാഴ്ച കഴിഞ്ഞപ്പോൾ മറുപടിയും, രൂപയുമെത്തി.

ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ ആദ്യ ദിവസ്സം തന്നെ രണ്ടുപേരും   അഡ്മിഷൻ എടുത്തു. വടശ്ശേരിക്കാരെയുള്ള ഒരു സുകുമാരനാണ് ഉടമയും ടീച്ചറും - ഒരു ഒറ്റയാൾ പട്ടാളം.   തൽക്കാലം ടൈപ് റൈറ്റിംഗ് മാത്രം; ഷോർട് ഹാൻഡ് ക്ലാസ്സ് പിന്നാലെ തുടങ്ങും. ക്ലാസ്സ് തുടങ്ങിയതിനു പിറകേ പത്തനംതിട്ടയിൽ പുതുതായി ഒരു കോളേജ് തുടങ്ങിയപ്പോൾ ടൈപ്പ് പഠിപ്പു മതിയാക്കി സതിക്കുഞ്ഞമ്മ അവിടെ പ്രീയൂണിവേഴ്സിറ്റി കോഴ്സിന് ചേർന്നു. ഇതിനിടെ പത്രത്തിൽക്കണ്ട ഒരു പരസ്യപ്രകാരം താൻ കോഴിക്കോട്ടു ബേപ്പൂരിലുള്ള കയർ ബോർഡിൽ apprentice നിയമനത്തിനുള്ള interview വിനു പോകുകയും റാട്ട് പിടിച്ചു കറക്കുവാൻ പറഞ്ഞപ്പോൾ അതിനു ശ്രമിക്കവേ അത്   പിടിച്ചു കറക്കുവാൻ വേണ്ട ഉയരം തനിക്കില്ലെന്ന് കണ്ട്‌, ബോർഡ് അംഗങ്ങൾ തന്നോട് ചിരിച്ചു കൊണ്ട് പറഞ്ഞു :  "താൻ നല്ലപോലെ ആഹാരമൊക്കെ കഴിച്ചു ഉയരവും തടിയും വച്ചിട്ട് അടുത്ത വർഷത്തെ ഇന്റർവ്യൂവിനു വാ, അപ്പോൾ പരിഗണിക്കാം"   അങ്ങിനെ എൻ്റെ ആദ്യത്തെ interview ദയനീയമായി പരാജയമടഞ്ഞു.

താൻ മലയാലപ്പുഴയിലെത്തി നാലഞ്ചു മാസം കഴിഞ്ഞപ്പോൾ ഒന്നര  വയസ്സുള്ള ഇളയ അനുജത്തിയെ കാണാതായെന്നും, അടുത്തുള്ള ബന്ധുക്കളുടെയും അയൽവാസികളയുടെയും  വീടുകളിലും, തോടുകളിലും കുളങ്ങളിലും പുരയിടങ്ങളിലും നാട്ടുകാർകൂടി സഹകരിച്ചു ഉച്ചമുതൽ രാത്രി ഏറെ ഇരുട്ടുന്നതു വരെ അന്വേഷിച്ചിട്ടും കാണാതിരിക്കുകയും, അവസാനം രാത്രി രണ്ടുമണിയോടുകൂടി, വീട്ടിൽ നിന്നും കുറെ അകലെ വിജനമായ, കാടുപിടിച്ച കുന്നിൻ ചരുവിലെ ഒരു മരച്ചുവട്ടിൽ നിന്നും കണ്ടെത്തിയെന്നും, അവൾ മുകളിലത്തെ പുരയിടത്തിൽ പുല്ലു ചെത്തുവാൻ പോയ വാഗമ്മച്ചേച്ചിയുടെ പിറകേ പോയി വഴി തെറ്റി നടന്ന്  നടന്ന് അവിടെയെത്തിയതാണെന്നും മറ്റുമുള്ള അസുഖകരമായ വിവരമറിയാനിടയായി. മകളെക്കാണാതായ വ്യഥയിൽ അച്ഛൻ അവളെയും കൂട്ടി അടുത്തുവരുന്ന മണ്ഡലപൂജയ്ക്ക് ശബരിമലയ്ക്കു പോകാമെന്നു നേരുകയും അതനുസരിച്ചു താൻ കൂടി ചെല്ലുവാനായി മാലയിട്ടുകൊള്ളുവാൻ അച്ഛൻ അറിയിക്കുകയും, സമയമായപ്പോൾ മൂവരും കൂടി ശബരിമലയ്ക്ക്‌ കെട്ടും കെട്ടി പോകുകയും ചെയ്തു.

ഒൻപതു മാസത്തോളം ടൈപ്പ് പഠിച്ചു കഴിഞ്ഞപ്പോൾ തനിക്കു മിനിറ്റിൽ 30 വാക്കുകൾ വരെ ടൈപ്പ് ചെയ്യുവാനുള്ള സ്പീഡ് കിട്ടിയിരുന്നു.  താമസിയാതെ ഒരു ദിവസ്സം സാറ് പറഞ്ഞു, : "ഇൻസ്റ്റിറ്റ്യൂട്ട് ഇനി ഒരു മാസത്തോളമേ പ്രവർത്തിക്കുകയുള്ളു. എനിക്ക് ബോംബയിൽ ഒരു ജോലി തരപ്പെട്ടു. അങ്ങോട്ട് പോകുകയാണ്. "  ഇനി എന്ത് ചെയ്യും ? അടുത്തു വരുന്ന KGTE പരീക്ഷയെഴുതുവാൻ ഉദ്ദേശിച്ചിരുന്നതാണ്. ആലോചിച്ചപ്പോൾ രണ്ടു മാർഗങ്ങൾ തെളിഞ്ഞു വന്നു : അയിലറയിൽ തിരികെയെത്തി അഞ്ചൽ ഹൈസ്കൂളിനടുത്തുള്ള നൈനാൻസാറിൻ്റെയോ, അല്ലെങ്കിൽ  പത്തനംതിട്ടയിലുള്ള KK നായരുടെ ഇന്സ്ടിട്യൂട്ടിലോ ചേർന്നു പഠിത്തം തുടർന്ന് പരീക്ഷയേഴുതാം. മലയാലപ്പുഴയിൽ നിന്നും നായരുടെ ഇൻസ്റ്റ്യൂട്ടിൽ നേരത്തേ പഠിച്ചു കൊണ്ടിരുന്ന, ഇപ്പോൾ ഒപ്പം പഠിക്കുന്ന, ഗോപാലപിള്ളയും ചന്ദ്രനും ഉടനേ തന്നെ  തിരികെ അവിടെപ്പോയി ചേരുമെന്ന് പറഞ്ഞിട്ടുണ്ട്. അത് കൂടാതെ, ഇതിനകം ഒരു നല്ല സ്നേഹിതനായിക്കഴിഞ്ഞിരുന്ന വാലുപറമ്പിലെ ശുഭാനന്ദനും ഉടനേ നായരുടെ ഇന്സ്ടിട്യൂട്ടിൽ പോയിച്ചേരുമെന്നും താൻ കൂടി ഒപ്പം ചേരണമെന്ന് പറയുകയും ചെയ്തിട്ടുണ്ട്.  ആലോചിച്ച് താനൊരു തീരുമാനമെടുത്തു; ആദ്യം പത്തനംതിട്ടയിൽ പോയി തന്നേ അടുത്ത പരീക്ഷയ്ക്കിരുത്തുമെന്നുറപ്പു കിട്ടുകയാണ്ങ്കിൽ അവിടെത്തന്നെ ചേരുക; ഇല്ലെങ്കിൽ അഞ്ചൽ പോയിച്ചേരുക.

രണ്ടു ദിവസ്സങ്ങൾ കഴിഞ്ഞയുടൻ താനും ശുഭാനന്ദനും കൂടി   പത്തനംതിട്ടയിലെ ഇന്സ്ടിട്യൂട്ടിൽ ചെന്ന് വിവരങ്ങൾ ധരിപ്പിച്ചു.  പക്ഷേ, തൻ്റെ കാര്യത്തിൽ നായരു സാറ് ഒരു കണ്ടീഷൻ വച്ചു. ഉള്ള എല്ലാ മെഷീനുകളും അതിൽ ഇപ്പോൾ പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുന്ന students ന്   പരീക്ഷയ്ക്കായി ബുക്ക് ചെയ്തു കഴിഞ്ഞു.  ഇനി പഴയ, എന്നാൽ വർക്കിംഗ് കണ്ടിഷനിലുള്ള, ഒരു ചെറിയ പോർട്ടബിൾ മെഷിനേയുള്ളു.  അതിലൊന്ന് പ്രാക്ടീസ് ചെയ്തു നോക്കി തൃപ്തിയായെങ്കിൽ ഇവിടെ ചേരാം. ഞാൻ അതിൽ ടൈപ്പ് ചെയ്തു നോക്കി.   അത്ര പോരാ. എങ്കിലും തുടർച്ചയായി പ്രാക്‌ടീസ്‌ ചെയ്തു കഴിയുമ്പോൾ ശരിയാകാവുന്നതേയുള്ളെന്നു തോന്നിയതിനാൽ അവിടെത്തന്നെ ചേർന്നു. അടുത്ത KGTE lower പരീക്സ്ക്ഷയ്ക്കിരുക്കുകയും പാസ്സാകുകയും ചെയ്തു.   പിറകേ തന്നെ താൻ shorthand കൂടി പഠിക്കുവാൻ തുടങ്ങി.  

അങ്ങിനെയിരിക്കെ , അതാ അയിലറയിൽ നിന്നും വീണ്ടും  വരുന്നൂ അസുഖകരമായ വേറൊരു കാര്യം. പത്താം ക്‌ളാസ്സിൽ പഠിച്ചുകൊണ്ടിരുന്ന നേരേ ഇളയ അനുജൻ ബാബു ഒരുദിവസ്സം സ്കൂളു കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയില്ലെന്നും അടുത്ത ബന്ധുക്കളുടേയും കൂട്ടുകാരുടേയും വീടുകളിലും മറ്റും അന്വേഷിച്ചിട്ടും ഒരു വിവരവുമില്ലെന്നും മലയാലപ്പുഴയിൽ വന്നിട്ടുണ്ടെങ്കിൽ അറിയിക്കണമെന്നും, ഇല്ലെങ്കിൽ റാന്നിയിലും വല്ലനയിലും കുളത്തുമണ്ണിലും മറ്റുമുള്ള ബന്ധു വീടുകളിലുമൊക്കെ   അന്വേഷിച്ചിട്ടു വിവരമറിയിക്കണമെന്നും കാണിച്ചുള്ള അച്ഛൻ്റെ കത്ത്. താൻ ബന്ധു വീടുകളിലെല്ലാം അന്വേഷിച്ചിട്ടും അവനെപ്പറ്റി ഒരു വിവരവും കിട്ടിയില്ലെന്ന് അച്ഛനെ അറിയിക്കുകം ചെയ്തു. മൂന്നു മാസങ്ങൾക്കു ശേഷം അയിലറെത്തന്നെയുള്ള ഭാസ്കരൻ ചിറ്റപ്പനും തങ്കമ്മക്കുഞ്ഞമ്മയും ഒരുദിവസം രാവിലെ കുളത്തൂപ്പുഴ ക്ഷേത്രത്തിൽ ചെന്നപ്പോൾ ജംഗ്ഷനിലുള്ള സിനിമാക്കൊട്ടകയുടെ വരാന്തയിൽ ഒരു കൂട്ടുകാരനുമായി ഇരുന്നിരുന്ന ബാബുവിനെ ചിറ്റപ്പൻ കയ്യോടെ കൂട്ടിക്കൊണ്ടു വരികയും ചെയ്തെന്നു കാണിച്ചുള്ള അച്ഛൻ്റെ  കത്ത് വന്നു. പണ്ട് അവൻ്റെ കൂടെ എട്ടാം ക്‌ളാസ്സിൽ പഠിച്ചു കൊണ്ടിരുന്ന കൂട്ടുകാരൻ നാടു വിടുകയും കുളത്തൂപ്പുഴയിലുള്ള ഒരു റബ്ബർ തോട്ടത്തിൽ ജോലി ചെയ്തിരുന്ന അവൻ രണ്ടു വർഷങ്ങൾ കഴിഞ്ഞു നാട്ടിൽ വന്നപ്പോൾ ബാബു അവനോടൊപ്പം പോകുകയായിരുന്നു പോലും.  അച്ഛൻ എത്ര നിർബന്ധിച്ചിട്ടും, നാണം കാരണം അവൻ വീണ്ടും സ്കൂളിൽ പോകുവാൻ തയ്യാറായില്ലെന്നും, അച്ഛൻ വഴക്കു പറഞ്ഞപ്പോൾ അവൻ പിണങ്ങി വിലാസിനിച്ചേച്ചിയുടെ വീട്ടിൽ പോയി നിൽക്കുകയാണെന്നും സൂചിപ്പിച്ചിരുന്നു. രണ്ടു മാസം കഴിഞ്ഞപ്പോളറിഞ്ഞു, അവൻ വഴിവിട്ടു പോകുമെന്ന സൂചന കിട്ടിയപ്പോൾ  ചേച്ചി വിവരം കാണിച്ചു അളിയന് കത്തയക്കുകയും, ആയിടെ നാട്ടിലെത്തിയ ഒരു സഹപ്രവർത്തകൻ അവനെയും കൂട്ടി അളിയൻ്റെയടുത്തേയ്ക്ക്  കൊണ്ടുപോകുകയും ചെയ്‌തെന്ന്.

മലയാലപ്പുഴയിൽ വലിയ മുതൽക്കൂട്ടുള്ള നല്ലയൊരു ലൈബ്രറിയുണ്ടായിരുന്നു.  കുഞ്ഞമ്മാർ മൂന്നു പേർക്കും മെമ്പർഷിപ്പ്. താൻ എത്തിയ ശേഷം പുസ്തകങ്ങളെടുക്കേണ്ടത് തൻ്റെ ജോലിയായി.   തനിക്കതു ഏറെ സന്തോഷമുള്ള കാര്യവുമായിരുന്നു. ചക്കാത്തിന് ഇഷ്ടാനുസരണം വായിച്ചു തള്ളുവാനുള്ള അവസരം താൻ ശരിക്കും പ്രയോജനപ്പെടുത്തി. താൻ മുൻകൈയെടുത്തു മലയാലപ്പുഴയിൽ ഒരു ബാലസമാജം രൂപീകരിക്കയ്ക്കയും വിവിധ കലാപരിപാടികളോടു കൂടി അതിൻ്റെ ഉദ്ഘാടനം നടത്തുകയും ചെയ്തു.

ആയിടയ്ക്ക് അയിലറയിൽ അമ്മച്ചിക്ക് ആസ്ത്‌മയുടെ അസുഖം മൂർച്ഛിക്കുകയും അഞ്ചലിനടുത്ത്  കഥാപ്രസംഗ പരിപാടിക്ക് പോയിരുന്ന പാട്ടമ്മയും സാറച്ഛനും അമ്മച്ചിയെ തിരുവനന്തപുരത്തു കൊണ്ടുപോയി ഡോക്ടറെ കാണിച്ചിട്ട് മലയാലപ്പുഴയിലേയ്ക്ക് കൂട്ടിക്കൊണ്ടു വരികയും, അയിലറയിൽ അമ്മച്ചിയുടെ കാര്യങ്ങൾ നോക്കുവാൻ ആരുമില്ലാത്തതിനാൽ തൽക്കാലം അമ്മച്ചി ഇവിടെത്തന്നെ കഴിയട്ടെ, എന്ന് അച്ഛക്കിളനും  അമ്മച്ചിക്കിളിയും തീരുമാനിക്കുകയും ചെയ്തു.

  
താൻ മലയാലപ്പുഴയിലെത്തിയതിനു പിറകേ   താഴ്ന്ന ജാതിയിൽപ്പെട്ട, ചെറുപ്പക്കാരനായ, ഒരു വാല്യക്കാരൻ വീട്ടുജോലിയ്ക്കായി എത്തിയിരുന്നു.  പശുക്കളെ പരിപാലിക്കുക, അവയ്ക്കു പുല്ലു ശേഖരിക്കുക, തേങ്ങയിടുക, ചന്തയിലേയ്ക്ക് വിൽക്കാനായുള്ള സാമഗ്രികൾ ചുമന്നുകൊണ്ട് പോകുക, രണ്ടു മൈൽ അകലെയുള്ള ചെങ്ങറ തേയിലത്തോട്ടത്തിൽ നിന്നും വിറകിനായി ഉണങ്ങിയ തേയിലക്കമ്പുകൾ ശേഖരിച്ചു കൊണ്ട് വരിക, ഇങ്ങനെ എല്ലാ ജോലികളും അവൻ ചെയ്തു കൊള്ളും.  അടുത്ത് തന്നെ താമസിക്കുന്ന പാട്ടമ്മയ്ക്കും അവൻ വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുമായിരുന്നു. ആഹാരവും കിടപ്പും വീട്ടിൽത്തന്നെ. താനും അവനോടൊപ്പം പല ജോലികളും ചെയ്യുമായിരുന്നു. നിർഭാഗ്യവശാൽ, ഏഴെട്ടു മാസങ്ങൾക്കു ശേഷം, അവൻ്റെ വിവാഹം ഉറപ്പിച്ചെന്നും പറഞ്ഞു അവൻ്റെ അച്ഛൻ വന്നു അവനെ കൂട്ടിക്കൊണ്ടു പോവുകയുണ്ടായി. സ്വാഭാവികമായും, വേറൊരു ജോലിക്കാരനില്ലാതിരുന്നതിനാൽ അവൻ ചെയ്തിരുന്ന മിക്കവാറും എല്ലാ ജോലികളും ചെയ്തുകൊടുത്ത് മുത്തശ്ചനെ  എനിക്ക് സഹായിക്കേണ്ടിയിരുന്നു. ഒപ്പം പാട്ടമ്മയ്ക്കുവേണ്ടിയും ചെങ്ങറ തോട്ടത്തിലെയോ, മണ്ണാറക്കുളഞ്ഞിയിലെയോ ചന്തകളിൾ പോയി കുഞ്ഞമ്മയുടെ ഇഷ്ട ഭോജനമായ ബീഫ് വാങ്ങിക്കൊണ്ടു കൊടുക്കുക, തേയില വിറകു ശേഖരിച്ചുകൊണ്ടുക്കൊടുക്കുക, എന്നിവയ്ക്കു പുറമേ, മറ്റു അല്ലറ ചില്ലറ ജോലികളും ചെയ്തു കൊടുക്കേണ്ടിയിരുന്നു. തൻ്റെ ആഹാരകാര്യങ്ങളും , അമ്മച്ചിയുടെ കാര്യങ്ങളും മറ്റും നടക്കേണ്ടിയിരുന്നതിനാൽ ഈ ജോലികളൊക്കെ സന്തോഷത്തോടെ തന്നെ താൻ ചെയ്തിരുന്നു.  പാട്ടമ്മയുടെ കാര്യമാണെങ്കിൽ, തൻ്റെ ഇളയ അനുജൻ സുരേഷിനെ അവരാണല്ലോ വളർത്തുന്നത് എന്ന പരിഗണന എപ്പോഴും എൻ്റെ മനസ്സിലുണ്ടായിരുന്നു.

1961 ൽ, ഷോർട്ട് ഹാൻഡ്  കോഴ്സ് ഏതാണ്ട് പകുതിയിലേറെയായ  സമയം അച്ഛൻ്റെ ഒരു കത്ത് കിട്ടി.  "ഒറീസ്സയിൽ നിന്നും ഗോപാലൻ്റെ കത്ത്  വന്നിട്ടുണ്ട്. പുനലൂരുള്ള അവൻ്റെ ഒരു സ്നേഹിതൻ നാട്ടിൽ വന്നിട്ടുണ്ടെന്നും,  ഒരു മാസത്തിനകം തിരിച്ചു പോകുമ്പോൾ നിന്നെക്കൂടി കൊണ്ടുചെന്നാൽ അവിടെ എന്തെങ്കിലും ജോലി തരപ്പെടുത്താൻ  നോക്കാം എന്നും കാണിച്ച്. അതുകൊണ്ട് നീ ഉടനെ ത്ന്നെ ഇങ്ങു പോര്" ഇതായിരുന്നു കത്തിൻ്റെ സാരം.
.
വിവരമറിഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി; അതിലുപരി ആശ്വാസവും.  സ്വന്തം കാലിൽ നിൽക്കുവാൻ സാധിക്കുമെന്നതിലും ഉപരി അച്ഛനൊരു താങ്ങാകുമല്ലോ.   അച്ഛന് പ്രായമേറി വരികയാണ്. താഴെയുള്ള അഞ്ചുപേരുടെ ഭാവി ഇനി തൻ്റെ കൂടി ഉത്തരവാദിത്വമാണ്.   ബാബുവിനെ അളിയൻ കൊണ്ടുപോയെങ്കിലും അവിടെ വെറുതേ നിൽക്കുകയാണ്. സുജയെ സ്കൂളിൽ ചേർക്കാറായിട്ടു പോലുമില്ല.   മറ്റു മൂന്നു പേരും സ്കൂളിൽ പല സ്റ്റേജുകളിൽ. പിന്നെ താമസിച്ചില്ല, അയിലറയിൽ തിരിച്ചെത്തി. രണ്ടാഴ്ച കഴിഞ്ഞപ്പോൾ അളിയൻ്റെ  സ്നേഹിതനെ പോയി കണ്ടു. പരിചയപ്പെടുത്തിയപ്പോൾ അത്ഭുതം കൂറി അദ്ദേഹം ചോദിച്ചു : "തനിക്കെന്തു പ്രായമുണ്ട്; SSLC പാസ്സായിട്ടുണ്ടോ?"   പതിനെട്ടു വയസ്സ് തികഞ്ഞു; ടൈപ്പ്റൈറ്റിങ് ലോവറും പാസ്സായിട്ടുണ്ട്." താൻ മറുപടി കൊടുത്തു. അൽപനേരം ആലോചിച്ചിട്ട് അദ്ദേഹം പറഞ്ഞു :
"പക്ഷേ,  ഈ ഉയരവും തടിയും  കൊണ്ട് അവിടെ വന്നാൽ ആരും ജോലി തരില്ല.   മാത്രമല്ല, ഇപ്പോൾ വരാതിരിക്കുന്നതാണ് നല്ലത്.   കാരണം ഞങ്ങളുടെ ജോലി ഇനി അവിടെ ആറു മാസം കൂടിയേ കാണുകയുള്ളു.   നോട്ടീസ് തന്നിരിക്കുകയാണ്. ഡാമിൻ്റെ പണി തീർന്നു. ഇനി കമ്മീഷൻ ചെയ്‌താൽ മതി.  അത് കഴിഞ്ഞാൽ. ഞങ്ങൾക്ക് ഹിരാക്കുഡ് വിടേണ്ടി വരും. അതിനു മുൻപ് തനിക്കു ജോലി തരപ്പെട്ടില്ലെങ്കിൽ അതും വിഷമമാകും.  പോരെങ്കിൽ തൻ്റെ അനിയനും ജോലിയൊന്നുമില്ലാതെ അവിടെയുണ്ടല്ലോ! ഞങ്ങൾ വേറെ എവിടെയെങ്കിലും സെറ്റിലായാൽ അപ്പോൾ കൊണ്ടു പോകാം. അപ്പോഴേയ്ക്കും താൻ നല്ലപോലെ ആഹാരമൊക്കെ കഴിച്ച്  തടിയും ഉയരവും കൂട്ടാൻ നോക്ക്." അങ്ങനെ ആ മോഹവും പൊലിഞ്ഞു. തടിയും ഉയരവുമില്ലാത്തത് ഇത്ര പൊല്ലാപ്പിനും നിരാശയ്ക്കും കാരണമാകുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല.

ഇനിയെന്ത്?  ഷോർട് ഹാൻഡ് പഠിത്തവും മുടങ്ങിയിരിക്കുകയാണ്.   അച്ഛനോട് വിവരങ്ങളൊക്കെ പറഞ്ഞു. കൂട്ടത്തിൽ, ഷോർട് ഹാൻഡ് കൂടി പാസ്സായാൽ മെച്ചപ്പെട്ട ജോലി തരപ്പെടുമെന്നതിനാൽ,   വെറുതേ നിൽക്കാതെ അഞ്ചൽ പോയി പഠിത്തം തുടരുവാൻ സമ്മതവും വാങ്ങി,നൈനാൻ സാറിന്റെ ഇന്സ്ടിട്യൂട്ടിൽ ചേർന്നു പഠിത്തം തുടരുകയും,  അടുത്ത വർഷം KGTE ഷോർട് ഹാൻഡ് ലോവറും ടൈപ് റൈറ്റിങ് ഹയറും, ഐഎംസിഎ ഹയറും പരീക്ഷകളെഴുതി പാസ്സാകുകയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ  പേര് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇതിനോടൊപ്പം തന്നെ അച്ഛനെ കൃഷികാര്യങ്ങളിൽ സഹായിക്കുകയും ചെയ്തിരുന്നു. അളിയനും ഇതിനോടകം മധ്യപ്രദേശിലെ ജഗദൽപുർ   ഡിസ്ട്രിക്ടിലുള്ള ദണ്ഡകാരണ്യ പ്രോജെക്ടിൽ ജോലിക്കു കയറുകയും ബാബുവിനെയും കൂടെക്കൊണ്ടുപോയി പ്രോജെക്ടിലെ ഒരു മലയാളി ഡ്രൈവറുടെ കൂടെയാക്കി അവനെ ഡ്രൈവിംഗ് പഠിക്കുവാൻ ഏർപ്പാടാക്കുകയും  ചെയ്തിരുന്നു. തനിക്ക്‌ അപ്പോഴേയ്ക്കും സാമാന്യം ഉയരവും തടിയും വന്നിരുന്നു.



23. നീ കലക്കിയല്ലോടീ    സേതു  

ആ വർഷത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി നാട്ടിലെ കുറെ ചെറുപ്പാക്കാർ ഒത്തുകൂടി   "ഞാൻ ഒരു അധികപ്പറ്റാണ്" എന്ന നാടകം അരങ്ങേറുവാൻ പ്ലാനിട്ടു. എല്ലാവരും കൂടി തന്നെ അതിലെ നായിക "സേതു"  ആക്കുകയും ചെയ്തു. "ബാലൻ" എന്ന നായക വേഷം ദിവാകരനും കൊടുത്തു. റിഹേഴ്‌സലൊക്കെ കഴിഞ്ഞു നാടകദിവസമെത്തി. താൻ, ബ്രായും സാരിയും  ഉൾപ്പെടെ, ചേച്ചിയുടെ രണ്ടു ജോഡി ഡ്രെസ്സുകൾ സംഘടിപ്പിച്ചു. ബ്രായും സാരിയും കൊണ്ട് മാത്രം ഒരു സ്ത്രീയുടെ രൂപം പൂർത്തിയാകില്ലല്ലോ!  രൂപത്തിലും വലിപ്പത്തിലും സാമ്യമുള്ള രണ്ടു ചെരിട്ടകൾ തുണിയിൽ പൊതിഞ്ഞെടുത്തു ബ്ലൗസിനടിയിൽ  ഭംഗിയായി ഫിറ്റു ചെയ്ത് വിഗ്ഗും വച്ചുകഴിഞ്ഞപ്പോൾ താൻ ആരുമൊന്നു നോക്കിപ്പോകുന്ന ഒരു സുന്ദരി  ആയിക്കഴിഞ്ഞെന്നു സഹനടന്മാർ സർട്ടിഫിക്കറ്റും തന്നു.

നാടകമാരംഭിച്ചു. സേതുവായി അഭിനയിക്കുന്നത് താനാണെന്ന് അധികമാർക്കുമറിയില്ലായിരുന്നു.  ആദ്യ സീൻ കഴിഞ്ഞപ്പോൾ സദസ്സിൽ നിന്നും സ്ത്രീകൾ സംസാരിക്കുന്നതു കേട്ടു. "ഏതാ ഈ കൊച്ച്  ? ഇവിടെങ്ങുമുള്ളതല്ലല്ലോ! കാണാൻ നല്ല ചന്തം!" അവസാന സീനിൽ തൻ്റെ ഭാഗം അല്പം നേരത്തേ കഴിഞ്ഞയുടൻ താൻ ഗ്രീൻ റൂമിലേയ്ക്ക് പിൻവാങ്ങി ഡ്രസ്സ് മാറുവാൻ ഭാവിക്കുമ്പോഴതാ സൈഡ് വാതിലിൽക്കൂടി, വിടർന്ന കണ്ണുകളോടും ഹൃദ്യമായ ചിരിയോടും കൂടി, തൻ്റെയൊരു പഴയ കളിക്കൂട്ടുകാരൻ കടന്നു വരുന്നൂ!    സാധാരണ വേഷത്തിൽ റിഹേഴ്സൽ നടക്കുമ്പോൾ പുള്ളിക്കാരൻ കാണുവാൻ വന്നിരുന്നു. നാടകം നടക്കുമ്പോൾ സ്റ്റേജിനടുത്തായി ഒരു സൈഡിൽ നിന്ന് അനുമോദനഭാവത്തോടെ തന്നെ വീക്ഷിക്കുന്നതും കണ്ടിരുന്നു. അകത്തു പ്രവേശിച്ചതും, "നീ കലക്കിയല്ലോടീ സേതു", എന്ന് ഉറക്കെപ്പറഞ്ഞുകൊണ്ട് പെട്ടെന്ന് അടുത്തു  വന്ന്, ഇടതു കൈ തൻ്റെ തോളിൽക്കൂടിയിട്ട് തന്നെ സ്വൽപ്പം അടുപ്പിച്ചു പിടിച്ച്, വലതു കൈകൊണ്ട്, ഉയർന്നു നിൽക്കുന്ന തൻ്റെ വലതു മാറിടത്തിൽ ആഞ്ഞമർത്തിപ്പിടിച്ചതും നിമിഷങ്ങൾക്കകം. പിടിച്ച അതേ വേഗത്തിൽ കൈ, പൊള്ളിയ പോലെ, പിൻവലിച്ചിട്ട്, ഇളിഭ്യതയോടെ തന്നെ ഒന്ന് നോക്കിയിട്ട്, വന്നതിലും വേഗത്തിൽ അവൻ പുറത്തേയ്ക്കു പോകുകയും ചെയ്തു.  ഒരു ചെരിട്ടയിലായിരിക്കും താൻ വികാരത്തോടെ അമർത്തിപ്പിടിക്കുവാൻ പോകുന്നതെന്ന് അവൻ ഒരിക്കലും പ്രതീക്ഷിച്ചിരിക്കില്ലല്ലോ!!!

താമസ്സിയാതെ തന്നെ എംപ്ലോയ്മെൻറ്  എക്സ്ചേഞ്ചിൽ നിന്നും, എറണാകുളം കസ്റ്റംസ് ഓഫീസിൽ ജൂനിയർ സ്റ്റെനോഗ്രാഫറുടെ തസ്തികയിലേക്ക്,  തനിക്കൊരു ഇന്റർവ്യൂവിനുള്ള വിളി വന്നു. ചുരുക്കെഴുത്തും കൂടിക്കാഴ്ചയും തൃപ്തികരമായി ചെയ്‌തെങ്കിലും, ആ തസ്തിക  ഇൻറർവ്യൂവിൽ പങ്കെടുത്ത, അവിടെത്തന്നെ LDC യായി ജോലി ചെയ്തിരുന്ന ഒരു വ്യക്ക്തിക്കു തന്നെ ലഭിക്കുമെന്ന് അപ്പോൾത്തന്നെ അറിയുകയുണ്ടായി.  അങ്ങിനെ നാട്ടിലൊരു ജോലിക്കു വേണ്ടിയുള്ള രണ്ടാമത്തെ ശ്രമവും അവസരവും നിഷ്ഫലമായതിൻ്റെ നിരാശയിൽ കഴിയുമ്പോഴാണ്, താൻ ഉടനേ അങ്ങോട്ട് ചെന്നാൽ പ്രോജക്ടിലെ ഏതെങ്കിലും ഓഫീസിൽ ജോലി കിട്ടുവാൻ  സാധ്യതയുണ്ടെന്ന് കാണിച്ച്, വിലസ്സിനിചേച്ചിയ്ക്ക് ഗോപാലനളിയൻ്റെ കത്ത് കിട്ടുന്നത്. അങ്ങിനെയാണല്ലോ തൻ്റെ ഈ യാത്രയുടെ തുടക്കം! ഒരു പുതിയ ജീവിതത്തിലേക്കും പുതിയ ചുറ്റുപാടുകളിലേയ്ക്കുമുള്ള യാത്ര!  


വിജയവാഡ കഴിഞ്ഞാൽ പിന്നെയുള്ള പ്രധാന സ്റ്റേഷൻ നാഗപ്പൂരാണെന്ന് മാധവൻ  നായർ സൂചിപ്പിച്ചിരുന്നു. അളിയൻ അവിടെ വന്നു കാത്തു നിൽക്കും. അങ്ങെത്തിയാൽ അധികം താമസിയാതെ നല്ല ഒരു ജോലി കിട്ടുമോ?  ഓഫിസും സഹപ്രവർത്തകരും എങ്ങിനെ ഇരിക്കും? ജോലി കിട്ടിക്കഴിഞ്ഞു നാട്ടിലൊന്നു പോകുവാൻ എത്ര നാൾ കാത്തിരിക്കേണ്ടി വരും? നാട്ടിലെത്തിയാൽ അച്ഛനെ സന്തോഷവാനായി കാണുവാൻ തനിക്കു കഴിയുമോ?  കഴിയണം. എല്ലാം തൻ്റെ ജോലിയേയും വരുമാനത്തേയും ആശ്രയിച്ചിരിക്കും. ചിന്തകൾ ഒന്നൊന്നായി വരങ്ങനെ വന്നുകൊണ്ടിരിക്കേ അവയ്‌ക്ക് വിരാമമിട്ടുകൊണ്ട് മാധവൻ നായരുടെ ശബ്‌ദം : "വിജയവാഡയെത്തി. നമുക്കിറങ്ങി ഊണ് കഴിച്ചിട്ട് ഇവർക്ക് പൊതിയും വാങ്ങിച്ചു വരാം".

ആഹാരം കഴിച്ചു വന്നിട്ട് മുകളിലത്തെ ബെർത്തിൽ കയറി പലതും ആലോചിച്ചു കിടക്കുമ്പോൾ ഉറക്കം പതിയെ കണ്ണുകളെ തഴുകിയടച്ചു.  

               
     *******  ******* *******


ഒരു ജോലിക്കു വേണ്ടിയുള്ള മൂന്നാമത്തെ ഇന്റർവ്യൂവും കഴിഞ്ഞിരിക്കുന്നു.  താൻ മാത്രമേ ഇന്റർവ്യൂവിന് ഉണ്ടായിരുന്നുള്ളു. എല്ലാ ചോദ്യങ്ങൾക്കും ശരിയുത്തരം കൊടുക്കുവാൻ കഴിഞ്ഞു.  ജോലിയുറപ്പായും കിട്ടാതിരിക്കില്ല! വെളിയിൽ വെയിറ്റ് ചെയ്യാനാണല്ലോ പറഞ്ഞിരിക്കുന്നത്. പ്രതീക്ഷയോടെ ഇരിക്കുമ്പോൾ, അതാ പ്യുൺ അടുത്തേയ്ക്കു വരുന്നു!  ആകാംക്ഷയോടെ നോക്കി. "ഓഫീസർ വിളിക്കുന്നു": അയാൾ പറഞ്ഞു. താനകത്തേയ്ക്കു പ്രവേശിച്ചു. "നിങ്ങളെ സെലക്ട് ചെയ്തിരിക്കുന്നു. ഇന്നുതന്നെ ഓഫീസ്സിൽനിന്നും  ഓഫർ വാങ്ങിയിട്ട് നാളെത്തന്നെ ജോലിയിൽ ചേർന്നോളൂ." ഓഫീസർ പറഞ്ഞു. പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷം തോന്നി. താൻ അദ്ദേഹത്തിനെ തൊഴുതു നന്ദിയും പറഞ്ഞിട്ട് തിരിഞ്ഞു നടന്നു.  പെട്ടെന്ന് പിറകിൽ നിന്നും ആരോ തൻ്റെ ചുമലിൽ പിടിച്ചു കുലുക്കി. താൻ നിന്നു, ഓഫീസറാണോ? പെട്ടെന്നാണ് കണ്ണുകൾ തുറന്നത്. താൻ ബെർത്തിൽ തന്നെ കിടക്കുകയാണല്ലോ! അപ്പോൾ തനിക്കു ജോലി കിട്ടിയതൊക്കെ വെറും സ്വപ്നത്തിൽ മാത്രമായിരുന്നോ?  തല തിരിച്ചു നോക്കിയത് മാധവൻ നായരുടെ മുഖത്തേയ്ക്ക്. അപ്പോൾ അദ്ദേഹമായിരുന്നൂ തന്നേ പിടിച്ചു കുലുക്കിയത്!

"നാഗപ്പൂർ അടുത്തു.  എണീറ്റ് തയാറായിക്കോളൂ."  അദ്ദേഹം പറഞ്ഞു.


                ********   ******* *******

അളിയൻ സ്റ്റേഷനിൽ കാത്തുനിന്നിരുന്നു.  മാധവൻ നായരോടും കുടുംബത്തോടും യാത്ര പറഞ്ഞിട്ട് ഞങ്ങൾ റായ്പ്പൂരിലേക്കുള്ള പ്ലാറ്റഫോമിലേയ്ക്ക് നടന്നു.  ട്രെയിനിൽ വച്ച് അളിയൻ പറഞ്ഞു:
"ഇന്ന് നമുക്ക് ബോർഗാവിലെത്തുവാൻ പറ്റില്ല.  ദുർഗ്ഗിലിറങ്ങി ഭിലായിയിലേയ്ക്ക് പോകാം. അവിടെ സ്റ്റീൽ പ്ലാന്റിൽ വലിയമ്മയുടെ മകൻ ഭാസ്കരൻ ജോലി ചെയ്യുന്നുണ്ട്.  ഇന്ന് അവിടെ തങ്ങിയിട്ട് നാളെ രാവിലെ ബോർഗാവിലേയ്ക്ക് പോകാം."

പിറ്റേദിവസം ദുർഗിൽ നിന്നും കാൻകേറിലേയ്ക്ക് ബസ്സ് കയറി.  ഇടതൂർന്ന വനത്തിലും ചുരങ്ങളിലും കൂടെ, കുന്നും മലയും കൊക്കകളും കടന്നുള്ള ആദ്യത്തെ യാത്ര. ഉയരങ്ങളിലേക്ക് പോകുംതോറും  നല്ല തണുപ്പു കൂടിക്കൂടി വന്നു. ചെറുതായി വിറയ്ക്കാനും തുടങ്ങിയിരുന്നു. ശരിക്കും ഭയപ്പെട്ടു പോയി.
"തണുക്കുന്നുണ്ട്, അല്ലേ ?  അങ്ങ് ചെല്ലട്ടെ, സ്വെറ്റർ തരാം".  അളിയൻ പറഞ്ഞു.

കാൻകേറിൽ നിന്നും  കൊണ്ടഗാവിലേയ്ക്ക്‌.  അവിടെ നിന്നും ജഗദൽപ്പൂരിലേയ്ക്കുമുള്ള ബസ്സിൽ കയറി ഇടയ്ക്കുള്ള ബോർഗാവിൽ ഞങ്ങൾ രാത്രിയോടെ എത്തിച്ചേർന്നു. ബോർഗാവിൽ ദണ്ഡകാരണ്യ   പ്രോജക്ടിൻ്റെ ട്രാൻസ്‌പോർട് വിഭാഗത്തിൻ്റെ വർക്ക് ഷോപ്പിലാണ് അളിയൻ ജോലി ചെയ്യുന്നത്. അടുത്ത് തന്നെയാണ് ക്വാർട്ടേഴ്സും.

"മറ്റെന്നാൾ നമുക്ക് ജഗദൽപ്പൂരിൽ പോയി  എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ  ചെയ്യണം. അവിടെ എൻ്റെ കൂടെ ഹിറാക്കുണ്ടിലുണ്ടായിരുന്ന ഒരു മാധവൻ നായർ തയ്യൽക്കട നടത്തുന്നുണ്ട്.  അതിനോട് ചേർന്നുള്ള മുറിയിൽ നിനക്ക് താമസിക്കാം. കടയിലെതന്നെ ഒരു മലയാളി തയ്യൽക്കാരൻ പയ്യൻ അവിടെ താമസിക്കുന്നുണ്ട്, നീ തനിച്ചാവില്ല.  മാധവൻ നായരോട് പറഞ്ഞു ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടോ ആവശ്യമോ വന്നാൽ എനിക്കെഴുതിയാൽ മതി." വീട്ടിലെത്തിക്കഴിഞ്ഞ്  അളിയൻ പറഞ്ഞു. പിറകേതന്നെ പെട്ടിയിൽനിന്നും ഒരു സ്വെറ്റർ എടുത്ത് എനിക്ക് തന്നു.

നേരം വെളുത്തപ്പോൾ അടുത്ത് തന്നെയുള്ള വലിയ വർക് ഷോപ് കണ്ടു.  ധാരാളം വിവിധതരം വണ്ടികൾ നിരനിരയായി അകത്തും പുറത്തുമിട്ടിരിക്കുന്നു.  ധാരാളം ജോലിക്കാരും. അടുത്ത് തന്നെ പല നിരകളിലായി ധാരാളം ക്വാർട്ടേഴ്‌സുകളും.  എല്ലാം പരമ്പുകൾ കൊണ്ട് മറച്ചവ; മേൽക്കൂര ആസ്ബസ്റ്റോസ് ഷീറ്റും.

മൂന്നാം ദിവസ്സം കുളിയും ബ്രേക്ക്ഫാസ്റ്റും കഴിഞ്ഞ് അതിരാവിലെ തന്നെ, കൊണ്ടഗാവിൽ നിന്നും ജഗദൽപ്പൂരിലേക്കുള്ള ആദ്യ ബസ്സിൽ ഞങ്ങൾ യാത്രയായി. വീണ്ടും വനപ്രദേശങ്ങൾ തന്നെ.  തണുത്ത കാറ്റ് കുറേ നേരം കൊണ്ടപ്പോൾ ഞാനിരുന്ന് അറിയാതെ ഉറങ്ങിപ്
   ******* *******      *******

മേമ്പൊടി
---------------- 

എന്നെ ഞാനാക്കുവാനുതകിയോരീ ബാല്യ
കാല കാര്യങ്ങളശ്ശേഷം,  ഇതുവരെ
ഓർമ്മയാം കാഞ്ചന ചെപ്പതിനുള്ളിലായ്
മറവി തൻ ചാമ്പലാൽ മൂടിക്കിടന്നോരു  
കനലുകളാണവ, ഇന്നു ഞാനത്യന്ത-
മുത്സാഹമോടെയും അവധാനപൂർവവും
ഒന്നൊന്നായെണ്ണിയെടുത്തു മിനുക്കിയീ
ബാല കാണ്ഡത്തിൽ നിരത്തി വച്ചീടുന്നു !!!







..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ