2020 മേയ് 29, വെള്ളിയാഴ്‌ച

46. ശകുനവും കോവിഡും പിന്നെ ദൈവവും

46.  ശകുനവും കോവിഡും പിന്നെ       ദൈവവും
                    
രാവിലേയിന്നാരെക്കാണുമോ ശകുനം!
രണ്ടുംകൽപിച്ചിട്ടു പൂമുഖത്തെത്തിഞാൻ
നല്ലോരു ശകുനം കാണുവാനായെങ്കിൽ 
നല്ലതെനിയ്ക്കിന്നു വന്നുഭവിച്ചേനേ!

ഗേറ്റിലേയ്ക്കുറ്റു ഞാൻ നോക്കിയിരുന്നു
മുറ്റുമാകാംക്ഷ സ്വയമൊതുക്കിയുള്ളിൽ 
പതിവ് തിരക്കൊന്നുമിന്നില്ല വഴിയിൽ
പാതിരാ മഞ്ഞലയലിഞ്ഞകലുന്നുണ്ട് 

പതുക്കേ വരുന്നതാ നോക്കിയിരിക്കേ 
പതിവില്ലാരൂപം ഞാൻ സൂക്ഷിച്ചുനോക്കി
മുഖമറിയാ രൂപം,തൊപ്പിയും ഗ്ളാസ്സും
മൂക്കുംവായും മറച്ചൊരു പച്ച മാസ്ക്കും! 

കണിയിന്നുമോശം, ഗതിയില്ലാതാകുമോ, 
പണിയാരും വയ്ക്കാതിരുന്നാലത്‌ ഭാഗ്യം 
രാവിലേകേൾക്കുവതെന്താകുമോയിനി? 
ടീവീതുറന്നിട്ടതിൻ മുന്നിലിരുന്നു ഞാൻ 

ചെവിയും കൂർപ്പിച്ചു കണ്ണും ടീവീൽ നട്ടു
രാവിലേയുള്ളന്യൂസ്‌കേൾക്കുവാനായിട്ട്  
മരണമൊരു ലക്ഷത്തിനു മേലേയ-
മേരിക്കേലിംഗ്‌ളണ്ടിൽനാല്പതിനായിരവും

ഓരോരോ രാജ്യത്തേമന്നുള്ള മരണ-
നിരക്കു നിരത്തിക്കണക്ക് പറയുന്നു
ശവങ്ങളാണേൽ കുന്നു കൂട്ടീട്ട്  മൂടുന്നു
കോവിഡോടൊപ്പമിനിജീവിക്കണംപോൽ  

ദേവാലയോം പള്ളീം തുറക്കാമെന്നായി
ദൈവങ്ങൾ കണ്ണിനി തുറന്നീടുമെന്നോ?
കോവിഡ് വന്നപ്പോൾ കണ്ണടച്ചിരുട്ടാക്കി
അവരിരുന്നല്ലോ ഇതുവരെയുള്ളിൽ!

കോവിഡിനേയവർതുരത്തുമെന്നാണോ
ദേവാലയത്തിലവനെത്തില്ലെന്നാണോ?
അറുപത്തിയഞ്ചുതികഞ്ഞവർക്കൊന്നും
അവിടെ പ്രവേശനമില്ലെന്നു പോലും! 

മാസ്ക്കു കെട്ടാതെ ഞാൻ വീട്ടിലിരുന്നു
മാസങ്ങളോളം വിളിച്ചു,  കൊവിഡിനെ
നാട്ടിൽനിന്നുംതുരത്താൻപ്രാർത്ഥിച്ചേലും
ഒട്ടുമേ കേൾക്കാത്ത ദൈവങ്ങളിനിയും

വായും മൂടിക്കെട്ടിക്കൊണ്ടു ദേവാലയേ
പൊയിയാചിക്കുകിൽകേട്ടെന്നുവരുമോ
ശകുനരൂപംഞാൻതിരിച്ചറിയാഞ്ഞപോൽ
ഭക്തരേ ദൈവമറിയാതെ വന്നാലോ?



   
 




   

   ‌   
  




  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ