*******
ഉപഗുപ്തൻ കെ. അയിലറ
***
മാന്തളിർ ഭുജിക്കുന്ന കുയിലിന്റെകൂജനം
മധുരതരമെന്നതിലില്ലൊരു സംശയം
സംഗീതസാന്ദ്രമാം കുയിലിന്റെകിളിനാദം
സ്വതസിദ്ധമതു ജന്മവാസന കാരണം
മനുജന്റെ മൊഴിയും മധുരതരമാകാൻ
മാന്തളിരു തിന്നുന്നതുചിതമായീടുമോ?
സംഗീതവാസന ജനനസിദ്ധമായാലും
സാധകംപതിവായിചെയ്താലേനിറവാകൂ
ശ്വസനംസ്വയമറിയാത്ത മുരളിയിലേക്ക്
ശ്വാസം കടത്തിയാലുളവായിടുമാരവം
എത്രയും മധുരതരമെന്നതിലാർക്കുമേ
എതിരൊരു വിചാരമുണ്ടാവില്ലതെല്ലുമേ
ചേതനയില്ലാത്തൊരു വീണയിൽ, തമ്പുരുവിൽ
ചെറിയയൊരുകമ്പിതിരുകി തലോടുകിൽ
ചെവികൾക്കെന്താസ്വാദന മേളയൊരുങ്ങീടും
ചെണ്ടയെതല്ലീടിലുമതുപോലെസംഗീതം
കാണുവാനാകാത്തൊരുവായുവിലുംസംഗീതം
കാറിന്റെഹോണിനകത്തിരിക്കുന്നുസംഗീതം
ചീറിപ്പാഞ്ഞോടിവരുംചുഴലിക്കാറ്റിൽകേൾക്കാം
ചൂളമടിപോലെയൊരു വേറിട്ട സംഗീതം
ഇല്ലി മിണ്ടില്ലെന്നാലുംതെന്നൽതൊട്ടാൽസംഗീതം
ഓലപ്പീപ്പീൽ കാറ്റുകേറ്റിയെന്നാലും സംഗീതം
കുരവപ്പമ്പരം നന്നായ് കറക്കിവിട്ടാലോ
കാറ്റു കടന്നിട്ടു നല്ല കുരവ സംഗീതം!
വാരിദങ്ങൾ കൂട്ടിമുട്ടിയാൽ
ഗർജ്ജന നാദം
വാനമൊന്ന് കരഞ്ഞാലോ
മഴയുടെ സംഗീതം
കല്ലോലിനിയൊഴുകുമ്പോൾകളകളനാദം
തിരമാല കരതൊട്ടാലലയൊലിയായി
വയലിനിലമ്പുരസിയെന്നാൽസംഗീതംപൂ-
വമ്പനുടെ പഞ്ചബാണം ചാരുതയേറീടും മാരിവില്ലിലുരസ്സുകിലുണ്ടായിടും നാദം
ഒരുവമ്പൻനാദവിസ്മയമാകുകില്ലയോ!?
(Copy Right : Upagupthan K.Ayilara)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ