2020 മേയ് 19, ചൊവ്വാഴ്ച

13. വസുമതിയുടെ പ്രണയിതാക്കൾ.

13.  വസുമതിയുടെ പ്രണയിതാക്കൾ

പ്രാലേയാംബരം ചൂടി നിദ്രപൂണ്ടീടുന്നൊരു
പ്രുഥിവിദേവിയെക്കാണേ കുസൃതി തോന്നീയിട്ട്  
പ്രഭാതയർക്കൻ തന്റെ കിരണകരങ്ങളാൽ
പ്രാലേയാംബരം മെല്ലെ മെല്ലേ വലിച്ചു നീക്കീ.

വസുമതിതൻസൗന്ദര്യമാസ്വദിക്കേയവൻ
പ്രസാദം ചൊരിഞ്ഞു തന്നൂഷ്മം പകർന്നവളിൽ
ചൂടേറിയപ്പോളവളാലസ്യവതിയായി, 
ഉടയാട മറന്നിട്ട് നിവർന്നു കിടപ്പായി  

വെയിലാട മൂടിയിട്ടവൻ യാത്ര തുടരേ
വിയർക്കുവോളമവൾ പുതച്ചു കിടപ്പായി 
വരമഞ്ഞൾ തേക്കാതെ, എള്ളെണ്ണ തടവാതെ
വെറുതേ കിടന്നവൾ ആലസ്യമകലാതെ

നേർത്തൊരാ വെയിലാടയ്ക്കിടയിൽക്കൂടിക്കണ്ടൂ
കാർമേഘമവളുടെ ചാരു നിമ്നോന്നതങ്ങൾ
കുസൃതി തോന്നീട്ടവൻ ചിതറീ മഴത്തുള്ളി 
വസുധേടെ മാറിലേക്കരുണനെ മറച്ചിട്ട്

വലിച്ചു മാറ്റീയഭ്രം കരുണ കാട്ടീടാതെ  
വെയിലാട ധരതൻ മൃദുല മാറിൽനിന്നും  
നാണമേറി വരവേ കോരിത്തരിച്ചിട്ടവൾ 
അണിഞ്ഞു രോമാഞ്ചകഞ്ചുകം തന്നുടെ മാറിൽ

വെറിപൂണ്ട്  വാശിയോടെ  അഭ്രമെറിയുകയായ്
ചറപറാ മഴത്തുള്ളി രസതൻ മാറിലേക്ക്
തനുവിന്നു കുളിരേറേയവളുടെ നാണം   
തനിയേയലിഞ്ഞിട്ടു  ജലമായൊഴുകിപ്പോയ്  

ലയിച്ചലയാഴിയിൽ, അവനല്ലേ നീരാവി- 
യായിട്ടുയർന്നു വിണ്ണിൽ  പയോധരമായതും!
അലയാകും കൈകളാൽ ധരണിതൻ പാവാട-
യലുക്കിൽ വലിച്ചിട്ടതഴിക്കാൻ  കഴിയാതെ

നീരാവിയായി വരുണൻ പൊങ്ങിപ്പറന്നിട്ടു 
ധരതൻ  വെയിൽ വസ്ത്രം അഴിച്ചു രസിച്ചീടും 
അരുണനവളുടെ നീഹാരയംബരവും  
അഴിച്ചു രസിച്ചീടും, ധരയ്ക്കിരു കാമുകർ!

അരുണ വരുണന്മാർ ധരയേ പ്രണയിപ്പ-
തൊരുപോലെയാണെന്നതിലില്ലൊട്ടു      തർക്കവും 
ധരണിയ്ക്കിരുവരും നിലനിൽപ്പിൻ കാരണം,
ഒരുപോലെയവർ കാമ്യർ വഴിയില്ല വേറേ!
                  
               




        
  



     
   
 
        
 
         

         
        
        
   

 
       

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ