2020 മേയ് 1, വെള്ളിയാഴ്‌ച

ഒരു വാഴ പുരാണം

.             ഒരു വാഴ പുരാണം 
                 (നർമ്മ കവിത)
(സംഭവ കഥയെ ആസ്പദമാക്കിയുള്ള-താകയാൽ ദൈർഘ്യം അല്പം കൂടിപ്പോ- യിട്ടുണ്ടെങ്കിൽ    ആസ്വാദകർ   സദയം  ക്ഷമിക്കുമല്ലോ )
                         *******
         (തുള്ളൽപ്പാട്ട് ട്യൂണിൽ)
                         *******
       ഉപഗുപ്തൻ കെ. അയിലറ
                         *******
വിരമിച്ചീടേ ജോലിയിൽ നിന്നും
വാസം ഇനിമേൽ നാട്ടിലതാക്കാം  
വലുതല്ലാത്താ മോഹവും പേറി  
വന്നൂ ഞങ്ങളു താമസോമാക്കി   

വഴിവക്കിലെ നഴ്സറിയിൽ നിന്ന് 
വാങ്ങീ ടിഷ്യുകൾച്ചറു ചെയ്തൊരു 
വാഴത്തൈ ചെറു പ്ലാസ്റ്റിക് കവറിൽ 
വലിപ്പമതിനോ  വെറുമഞ്ചിഞ്ച് 

വളരുമോയെന്ന് ഭയന്നാണേലും 
വളവും വെള്ളവും നന്നായേകീ 
വളർത്തീ നന്നായ്ക്കുലച്ചുകാണാൻ
വളർന്നപ്പോഴൊരു ചെങ്കലതി  

വല്ലാതങ്ങു തടിച്ചു കൊഴുത്തു 
വളർന്ന് ടെറസ്സിന് മുകളിൽ പൊങ്ങീ
വളരേ വേഗം, എന്നാൽ പറയാം,  
വാഴ കുലയ്ക്കും ഭാവമതില്ല! 

വളരെപ്പണ്ടേ ഉണ്ടൊരു ചൊല്ലായ്  
'വാഴ കുലച്ചിടും പത്താം മാസം' 
"വർഷമതൊന്നിന് മേലു കഴിഞ്ഞും  
വാഴത്തടിച്ചി കുലച്ചില്ലെന്നേ!"

വ്യാകുലത ഞാൻ കാണിച്ചീടവേ 
വാമഭ്ഭാഗവുമമ്മയും ചൊല്ലീ
"വന്ധ്യതയാണീ വാഴയ്ക്കതിനാൽ
വ്യാമോഹിക്കാ കുലയ്ക്കില്ലതിനി!

"വണ്ണോം പൊക്കവുമേറെക്കൂടിയ
വനിതേടെ 'കെട്ട്' താമസിച്ചാണേൽ   
വന്ധ്യതകൂടി വരിച്ചെന്ന് വരും
വലിയൊരു സത്യം, അറിഞ്ഞോളൂ"

വായിച്ചിതിനിടെ ഞാനാർട്ടിക്കിൾ
വാരികയിൽ നിന്നത്  പറയുന്നൂ  
"വലുതായിട്ട്  വളർന്നു കഴിഞ്ഞും
വേണ്ടും സമയം ചെടി കായ്ച്ചില്ലേൽ

വീണ്ടും വീണ്ടും കുലുക്കൂ ചെടികൾ, 
വള്ളിച്ചെടി തൻ  തലപ്പ് മുറിക്കൂ
വരുമെന്നേ പൂ, പിന്നെ കായ്കളും
വന്നീടും, പേടിച്ചിട്ടവയുടെ

വംശം ഇനിമേൽ നിലനിർത്തേണേൽ
വേഗം പൂവിട്ടു  കായിച്ചിട്ടഥ     
വിത്തുകളുൽപ്പാദിപ്പിച്ചവയെ
വളർത്തണമെന്ന് ചിന്തിച്ചീടവേ"    
 
വായിച്ചതു 'ചെടി തൻമനഃശ്ശാസ്ത്രം'!
വായിച്ചത് ശരിയാണോന്നറിയാൻ 
വൈകുന്നേരവും രാവിലേമെന്നും   
വാഴ കുലുക്കാൻ ഞാനുമുറച്ചു

വ്യായാമം ചെയ്യുന്നതുപോൽ ഞാൻ
വാഴകുലുക്കൽ പതിവാക്കേ,യെൻ
വാമഭ്ഭാഗോമമ്മയുമെനിക്കു
'വട്ടാ'ണെന്നങ്ങുറപ്പിക്കുകയായ്

വീണ്ടും മാസങ്ങൾ  മൂന്നു കഴികേ
വാഴ കുലുക്കുന്നതിനായ് ചെല്ലേ
വെറുതേഞാനതിൻ മണ്ടേൽനോക്കീ,
വിളിച്ചുപോയ്  ഞാ'നെന്റീശ്വരനെ'

വിളിച്ചുപോകാതെന്തേ ചെയ്യുക!
'വന്ധ്യത'യുള്ളെൻ  വാഴകുലച്ചു!
വീണ്ടും, കണ്ടതൊന്നുറപ്പാക്കാനായ്,  
വലതുകൈയ്യാൽ നുള്ളീയിടതിൽ  

വിശ്വാസങ്ങളെ തോൽപ്പിച്ചിട്ടഥ
വിജയിച്ചിന്നു മനഃശ്ശാസ്ത്രമിതാ!
വിജയത്തിൻമദം തലേൽക്കേറേ  
വെല്ലുവിളിച്ചു ഞാൻ ഭാര്യേമമ്മേം

"വാഴകുലച്ചത് കുലുക്കിയപ്പോൾ 
വന്ധ്യതയുള്ളീ വാഴേടെ പഴം
വെട്ടിവിഴുങ്ങുവാൻ രണ്ടും വന്നാൽ
വെറുതേ പോയിടും കൊതിയും വിട്ട്!"

വാഴയ്ക്കൊത്തൊരു കുലയായിട്ടത് 
വളരേയേറെ വലിപ്പം വച്ചു 
വരവേ "ഞാവൽക്കായ പഴുക്കേ
വായിൽ കാകനു പുണ്ണുണ്ടായിടും"

വാക്കുകളിവ ഞങ്ങൾക്കന്നൊരു
വിനയായ് മാറീയെന്നു പറഞ്ഞാൽ
വിശ്വസിച്ചീടൂ, കേൾക്കൂ,  കാരണം 
വേഗംഞങ്ങൾക്കെത്തണംഡൽഹിയിൽ

വീടും പൂട്ടിപ്പോയീ, മകനുടെ
വീട്ടിൽ ചെന്നിട്ടു താമാസമാക്കി 
വാഴക്കുലയോ, വിളഞ്ഞപ്പൊഴത്
വെട്ടിയെടുത്തയൽവാസീ, എന്റേ

വാസം ഡൽഹിയിലേതു കഴിഞ്ഞു
വീണ്ടും നാട്ടിൽ തിരിച്ചെത്തീടവേ
വലുതായിട്ട്  വളർന്നതാ നിൽപ്പൂ
വാഴത്തയ്യുകൾ, ഒരഞ്ചാറെണ്ണം

വീണ്ടും ഒരു'ചാൻസ്'എടുക്കേണ്ടെന്ന
വിചാരത്താൽ ഞാൻ പതിവാക്കീയെൻ
'വാഴകുലുക്കൽ, ഫലവും കണ്ടു, 
വാഴകൾ കുലച്ചൊന്നൊന്നായ് വേഗം      
 
വലിയോരെണ്ണം കുലഭാരത്താൽ 
വളഞ്ഞു തൂങ്ങീ ടെറസ്സിലേയ്ക്ക്
വെട്ടാം,  കൂമ്പും കുലയും, ഒരുപോൽ
വെറുതേ ടെറസ്സിലു നിന്നുംകൊണ്ട്! 

വാഴക്കൂമ്പു ‌തോരനതാക്കിയാൽ
വളരേ ഹൃദ്യം, എനിക്കിഷ്ടമത്
വിളിച്ചൂ  ഭാര്യയെ ടെറസ്സിലേയ്ക്ക് 
"വന്നിടു വേഗം മുകളിലേക്കൊന്ന്"

വന്നൂ ഭാര്യ മുകളിലേയ്ക്കപ്പോൾ
വീമ്പിളക്കീട്ടു ചോദിച്ചു ഞാനും
"വാഴക്കൂമ്പൊന്നൊടിക്കാൻ പറ്റുമോ?"
"വെറും നിസ്സാരം"  ഒടിച്ചൂ  ഭാര്യ!

വിഡിയോ അപ്പോഴെടുത്തു ഞാനും  
വാഴമരത്തേൽ വലിഞ്ഞു കേറി 
വാഴക്കൂമ്പു ഒടിക്കും പോലോരു   
വിഡിയോ, നല്ലോരായുധമെനിക്ക്   
 
"വാഴകുലയ്ക്കാൻ വാഴ കുലുക്കത്
വട്ടാണെന്നു കരുതുന്നെങ്കിലോ  
വാഴക്കൂമ്പു  ഒടിക്കുവതിന്നായ്  
വാഴയിൽ കേറുക 'മരം കേറ'ൽ !"

വന്നൂ രമ്യതേൽ  ഭാര്യയും ഞാനും
വട്ടെനിക്കുണ്ടെന്നു പറയില്ല മേലിൽ
"വാഴമരം കേറി"യാണെൻ ഭാര്യേന്ന്" 
വിഡിയോ കാട്ടി ചൊല്ലില്ലിനി ഞാൻ
         *****        *****       *****
'വാഴപുരാണം' തരക്കേടില്ലെന്ന്
വായിച്ചിട്ടു മനസ്സിൽ തോന്നുകിൽ 
വലുതല്ലാത്തൊരു ലൈക്കും തന്നു
വിധി കൽപ്പിക്കൂ കമന്റുമടിച്ച്   

(Copy Right :  Upagupthan  K. Ayilara          

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ