2020 മേയ് 7, വ്യാഴാഴ്‌ച

17. ഒരു വേനൽ മഴക്കാലം.

    17.   ഒരു  വേനൽ മഴക്കാലം
           
മദ്ധ്യാഹ്നസൂര്യന്റെയുഗ്രമാം ചൂടേറ്റു
മർത്യനും പ്രകൃതിയും മാഴ്കിയുഴറവേ     
നാടിന്റെ രക്തധമനിയായുള്ളോരു,  
നീരുറവ വറ്റിവരണ്ട, കൈത്തോടും, 

വേനലിൽ ജലവിതാനം താണുപോയിട്ട്
വാനവും നോക്കിക്കഴിയുമണക്കെട്ടും   
വർഷകാലത്തു നിറഞ്ഞു കവിഞ്ഞാലും
വെയിലേറ്റ് വറ്റി വരണ്ടുപോം കൂപവും,   
  
വായ്ക്കുന്ന ചൂടിനാലുദകവും വറ്റി 
വിണ്ടുകീറിക്കിടക്കും വയലേലയും, 
മഴത്തുള്ളിയും കാത്ത് തപസ്സിൽ മുഴുകി 
മരക്കൊമ്പിലിരിക്കുമാ വേഴാമ്പലും, 

ഉറവകൾ തേടിപ്പറന്നു പറന്നിട്ട്
ചിറക് കുഴഞ്ഞോരു വിഹഗങ്ങളും
വേരുകളെത്രയുമാഴത്തിൽ പോയിട്ടും 
നീരു കിട്ടാതെ വാടീടും ചെടികളും;

ഇവയുടെയൊക്കെപ്രതീക്ഷകളൊന്നിച്ച്
ജീവജലത്തിനായിട്ട് ദാഹിക്കവേ
വരുണൻ കനിഞ്ഞതാ തൻപ്രതലത്തെ-  
ക്കരുവാക്കി നീരാവിയായിട്ടുയർത്തി!

ആകാശ സീമയിൽ നീരാവിതന്നുടെ
ആകാരം മാറിക്കാർമേഘമായീടവേ  
മഴയെ സഹർഷം വരവേറ്റിടാനായ് 
മയൂരങ്ങളുന്മാദ നടനം തുടങ്ങി. 

മാരിക്കാർപ്പാളികളാലിപ്പഴങ്ങളായ്
മാറി ധരയിൽ പൊഴിഞ്ഞു വീണീടവേ
പൈതങ്ങൾ കലപിലകൂട്ടിയവയെ
പ്പെറുക്കിയെടുത്തിട്ടിടുകയായ് വായിൽ!
   
കാർമേഘമൊക്കെ മഴയായി മാറിത്ത-
കർത്തു താഴേയ്ക്ക് നിപതിച്ചീടവേ,
അനവദ്യമാകും കുളിരിൻ കണികകൾ 
അനിലകരങ്ങളിൽ തത്തിക്കളിക്കവേ,        
അരുണകിരണങ്ങളേഴ്‌ നിറങ്ങളാൽ  
വിരചിക്കയായി മഴവിൽ പ്രപഞ്ചം
വർഷംചൊരിഞ്ഞിട്ടു താഴെയെത്തീടവേ
ഹർഷപുളകിതരയ് പ്രകൃതി ജാലം!

ഭൂമി, തണുക്കവേ, ഉന്മാദിനിയെപ്പോൽ 
രമിക്കയായേറിയയുൽസാഹമോടെ,    
പുളകിതഗാത്രയായിട്ടവൾ മാറവേ , 
പുതു മണ്ണിൻ ഗന്ധമുയരുകയായി!  

-------------------------------------------------------------

.       ഉപഗുപ്തൻ കെ. അയിലറ 





  

 
 
 



 

 






 
 



  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ