2020 മേയ് 10, ഞായറാഴ്‌ച

54. ആശ്വാസതീരം

            54.  ആശ്വാസ തീരം 
       
അതിജീവനത്തിന്റെ ആശ്വാസതീരമായ്
അറിയപ്പെടുമിനിയീ കൊച്ചു കേരളം
അകലങ്ങളിൽപ്പോയി ജീവിതം തേടിയ
ആയിരമായിരം തിരികേ വരികയായ്

കൊറോണതൻ കരാളകരങ്ങളിൽ നിന്നും
കരുതലിന്നാശ്വാസ കരങ്ങളിലെത്താൻ,
ഇക്കൊച്ചു സ്നേഹതീരത്തു വന്നണയുവാൻ, 
ആകാംക്ഷയുമായവർ കാത്തുനിന്നേറെ നാൾ  

പെറ്റമ്മതന്നുടെയാ വാത്സല്യ ലാളനം 
പോറ്റമ്മയുടെ കയ്യിൽ നിന്നു കിട്ടീടുമോ?
പോറ്റമ്മ തൻ കുട്ടിയെ കൂടുതൽ ശ്രദ്ധിക്കിൽ 
കുറ്റമായിട്ടതു കാണുന്നതു തെറ്റല്ലേ?
  
ആദ്യത്തെയതിജീവനത്തിനായ് പോകവേ  
ആരുമറിഞ്ഞതില്ലിതുപോലെ വരുമെന്ന് 
ഇന്നു രണ്ടാമതൊരതിജീവനത്തിനായ് 
വന്നിടുന്നൂ സ്വന്തം മണ്ണിലേക്കിനിയിവർ

വന്നിടുമിരുന്നൂറിലധികം രാജ്യങ്ങൾ 
വിട്ടിട്ടീ ജന്മഭൂവിന്റെ തണൽ തേടിയിട്ട്  
എത്തിയിട്ടവളുടെയൂഷ്മളയാലിംഗ-
നത്തിൻ നറുമധുരം നെഞ്ചിലേറ്റീടുവാൻ 

 കേരളമൊരുകൊച്ചു രാജ്യമാണെങ്കിലും
കേളുറ്റതാണതിൻ മനസ്സിന്റെ പെരുമ
വൈദേശികളേറെ പുകഴ്‌ത്തീടുമീ മണ്ണിൽ
സ്വദേശിക്കതിലേറെ സ്വാഗതമെന്നോർക്കൂ  

പ്രളയ, മതുപോലെയെത്രയോ സമയം 
പ്രവാസി സഹോദരർ മാതൃഭൂമിക്കായി ‌
കാട്ടിയ കരുതലിൻ പതിന്മടങ്ങായി
കൊടുക്കുവാനിന്നു നമുക്കോരവസരം

സ്വാഗതം ചെയ്തീടാമവരെ നമുക്കൊരു  
സിന്ദൂരനിറമുള്ള വിരിപ്പു വിരിച്ചു
സ്മിതവദനരായി നെഞ്ചോടടുപ്പിച്ചു 
സ്നേഹത്തിൻ മധുരമാം ഊഷ്മളതയേകി!
          
           


            
           
 

 
            
             


             
  
            
  
          
  

         

  
          
         

  
              

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ