2020 മേയ് 15, വെള്ളിയാഴ്‌ച

27. ഒരു മാമ്പഴക്കാലത്തിന്റെ ഓർമ്മ

 27.  ഒരു മാമ്പഴക്കാലത്തിന്റെ ഓർമ്മ
             (വഞ്ചിപ്പാട്ട് ഈണം. )

അരുണനുണരുംമുൻപേ ഉണർന്നു പൂങ്കോഴി കൂവി
അരുണോദയത്തിൻ കാലമറിയിക്കവേ 
പരപരാ വെളുക്കുന്ന സമയമാകുമ്പോൾ  ഞങ്ങൾ
തിരക്കിട്ടങ്ങെഴുന്നേറ്റു മണ്ടുകയായി

അടുത്തുള്ളോരാളൊഴിഞ്ഞ   പുരയിടമാണു ലക്ഷ്യം
തടിയനാം നാട്ടുമാവു തലയുയർത്തി
നിറയെ,പ്പഴുത്തിട്ടുള്ള  ശർക്കരമാങ്ങകളേറെ 
ചറപറാ പൊഴിക്കാനായ്നിൽപ്പുണ്ടവിടെ 

രാത്രിതൻ നിശ്ശബ്ദതയിൽ രസക്കുടുക്കകൾ  വീണു 
രാവിലെയോടിവന്നീടും  വികൃതികൾക്കായ് 
കിടപ്പതുണ്ടാ, മവയെ  കരസ്ഥമാക്കുവാനായി
കടുത്തമത്സരത്തിലാണയൽവക്കത്തെ

കരുമാടികുട്ടന്മാരും  കുട്ടികളുമൊരുപോലെ, 
കളഞ്ഞിട്ടു, വെളുപ്പിനുള്ളുറക്കമൊക്കെ.
കിതപ്പോടെയോടിയെത്തിക്കടിഞ്ഞൂലായിക്കിട്ടിയ 
കനിയുടെ ചുനഞെക്കി കളഞ്ഞിട്ടതിൻ

ചുവടങ്ങു വായിലാക്കി  ചാറുറുഞ്ചിയാസ്വദിച്ചു
ചൊടിയോടെ ചാടിയോടി  പെറുക്കുകയായ്
മാങ്കനികൾ,  മത്സരിച്ചു,മതിനിടെയടി  കൂടീം 
മതിയാവോളം ചണത്തിൻ സഞ്ചിനിറയെ

വീട്ടിലെത്തിച്ചണസഞ്ചി അമ്മയെയേൽപ്പിച്ചാൽ പിന്നെ
വായിലൂറും  വെള്ളവുമായ് കാത്തിരിപ്പായി
ഉച്ചവരെ, പഴമാങ്ങാക്കറിയിലെ  പഴംഞെക്കി  
ഉഷാറോടെ  ചാറുചേർത്തു ചോറുകുഴച്ചു

ഉരുളകൾ ഉരുട്ടീട്ടു തെരുതെരെ  വായിലിടാൻ
ഉറഞ്ചുവാൻ മാങ്ങയണ്ടി മതിയാവോളം 
വിരലുകൾക്കിടയിൽക്കൂടൂറിവരും  കുഴമ്പിനെ
വടിച്ചിട്ടു, നാക്കുനീട്ടി, ആസ്വദിച്ചീടാൻ.

പഴമാങ്ങാ ചെത്തിപ്പൂളി കടമുളകരച്ചതും
പൊടിയുപ്പും വെളിച്ചെണ്ണേൽ   ചേർത്തുകുഴച്ചു
കഴിച്ചെന്നാൽ എന്തുരസം, എരിവും  പുളിയുമുപ്പും
കൂടിചേർന്നാരസമെന്തുരസമാണെന്നോ!

മാമ്പഴയടയും തിന്നു  മാമ്പഴപ്പായസ്സം കുടിച്ച്
മാമ്പഴത്തെ മാത്രമോർത്തു നടന്നകാലം 
മാമ്പഴത്തെരയുണ്ടാക്കി ചുരുട്ടി സൂക്ഷിച്ചുവച്ചു  
മഴക്കാലത്തു മുറിച്ചു രസിച്ചു തിന്നു !

ഇന്നു നാട്ടു മാവുമില്ല, മാമ്പഴക്കറിയുമില്ല!
പിന്നെയല്ലേ മാന്തെരയെന്തെന്നറിയുക!
ഇന്നു കിട്ടും ചന്തയിലായ് രാസവസ്തു വേണ്ടുവോളം 
ഇട്ടു വച്ചു പഴുപ്പിച്ച പൊട്ടുമാങ്ങകൾ!

അവകാണേയറിയാതെയോർക്കുവതോബാല്യകാല 
സുവർണകാല,മന്നെന്തു രസിച്ചിരുന്നൂ!!! 
                    *****      *****
നിങ്ങളുംവന്നെന്റെകൂടെ ചൊല്ലൂ, സത്യമല്ലേ പഴ-
മാങ്ങയുടെ പഴയകാല ഓർമയിലേക്ക്?!!!

              
            
                  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ