അമ്മയ്ക്കുതന്നെയാണാദ്യഗുരുസ്ഥാനം
അതിനില്ല സംശയകാരണം തെല്ലും
താതന്റെ സ്ഥാനം മറന്നുകൊണ്ടല്ലല്ലോ
മാതാവിനാ സ്ഥാനം കല്പിതമാവതും
മാതാവാണാദ്യമായ് ഉണ്ണിയ്ക്കു തന്നുടെ
പൈതലിൻ ഭാഷ മനസ്സിലാകുംവിധം
മനസ്സിലാക്കിക്കൊടുക്കുന്നതും സ്വയം
മനസ്സിലാക്കുന്നതവന്റെയും ഭാഷ
താതനെയുണ്ണികളനുകരിച്ചീടും
താതൻതൻ കാലടിപ്പാത പിന്തുടരും
ഉണ്ണികൾക്കച്ഛനാരാധനാ പുരുഷൻ
ഉണ്മയാണത് മാറ്റമില്ലതിനു തെല്ലും
അക്ഷരമാലകളാദ്യം പഠിപ്പിക്കും
അദ്ധ്യാപകൻ ഗുരുവായിടും പിറകേ
അറിവ് പകർന്നുതരുന്നവരൊക്കെയും
മാറുമാചാര്യരായെന്നതും സത്യമാം
ബാല്യകൗമാര കാലങ്ങളിൽ ജ്യേഷ്ഠനും
ബലരാമനായിട്ട് ഗുരുനാഥനാകും
രക്ഷകനായ് മാർഗ്ഗ ദർശിയുമായിടും
രണ്ടുപേരും കൂടൊരു ചെറുസൈന്യമാം
ബാലിക ഭാര്യയായ് മാറിയെന്നാകിലോ
വല്ലഭനൊരു ഗുരുസ്ഥാനീയനായിടും
മാതാപിതാഭ്രാതാമരുമകനെന്നാൽ
ചതുർഗുരുസൈന്യമൊരുകുടുംബത്തിൽ
അഞ്ചാമത്തേ ഗുരുവന്യനായീടിലും
അറിവേറേ പകരുമാചാര്യനാണാ ഗുരു
അറിവു നേടീടവേ തെറ്റു തിരുത്തി
അവനവനും ഗുരുവാകുന്ന കാലം
ഇനിയുണ്ട് വേറേ ഗുരുക്കളെന്നറിയൂ
മാനവവാദത്തിന്നാത്മീയഗുരുവും,
നവോത്ഥാന ഗുരുവു, മതുപോലെയി-
ന്നത്തെ വിലയില്ലാ രാഷ്ട്രീയ ഗുരുവും
പണ്ടത്തെ തലമുറയ്ക്കിവർ ഗുരുക്കൾ
പുത്തൻ തലമുറ സ്വന്തമാക്കീയെന്നാൽ
പുത്തൻഗുരുക്കളാം മോബയിലും മുഖ-
പുസ്തകം പോലുള്ള ആപ്പുകളൊക്കെയും!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ