ചതുർഥീവിഭക്തിഃ ( Dative Case ) :- നാമപദങ്ങളുടെ അവസാനഭാഗത്ത് അക്ഷരങ്ങൾക്കു വരുന്ന മാറ്റങ്ങളാണല്ലോ വിഭക്തിപ്രത്യയങ്ങൾ അഥവാ 'സുപ് ' പ്രത്യയങ്ങൾ. പ്രഥമാവിഭക്തിക്ക് നാമപദത്തിന്റെ സാധാരണ രൂപമെന്നതുകൊണ്ട് 'ദ്വിതീയാ' മുതൽ 'സപ്തമീ' വരെയുള്ള 6 വിഭക്തികളുടെ അർത്ഥം സൂചിപ്പിക്കുവാൻ നമ്മൾ കണ്ട 'കോഡ് ' ആണ് " DR.BSOI " എന്നത്. D എന്നത് ദ്വിതീയാവിഭക്തിയെക്കുറിക്കുന്ന Destination അഥവാ ക്രിയയുടെ ലക്ഷ്യം. R എന്നത് തൃതീയാവിഭക്തിയെ സൂചിപ്പിക്കുന്ന Reason അഥവാ ക്രിയയുടെ ഹേതു/ഉപകരണം. അടുത്തതായി ചതുർഥീവിഭക്തിയെ കുറിക്കുന്ന B എന്ന അക്ഷരം Beneficiary അഥവാ ക്രിയയുടെ ഗുണഭോക്തൃത്വം സൂചിപ്പിക്കുന്നു. ചതുർഥീവിഭക്തിഃ, സംപ്രദാനകാരക സൂചകമാണ്. അതായത് കർത്താവ് ചെയ്യുന്ന ക്രിയ അഥവാ പ്രവൃത്തി ആർക്കുവേണ്ടിയാണ്, അല്ലെങ്കിൽ പ്രവൃത്തിയുടെ ഗുണം അനുഭവിക്കുന്നത് 'ആരാണോ/ എന്താണോ' ആ നാമത്തിനാണ്
ചതുർഥീവിഭക്തിപ്രയോഗം വരേണ്ടത്. ( പ്രത്യയാർത്ഥം "ആയിക്കൊണ്ട് " എന്നതാണ്.) സാധാരണയായി ആർക്കെങ്കിലും എന്തെങ്കിലും " നല്കുക" അഥവാ "പ്രദാനം" ചെയ്യുക എന്ന അർത്ഥം വരുന്ന വാക്യങ്ങളിൽ ആർക്കാണോ കിട്ടുന്നത്, അവർ ചതുർത്ഥീവിഭക്തിയിൽ പറയപ്പെടണം. സ്വീകരിക്കേണ്ടയാൾ അത് സ്വീകരിച്ചില്ലെങ്കിലും നല്കുന്നയാൾ (കർത്താവ്) അങ്ങനെയുദ്ദേശിച്ചാൽ വാങ്ങേണ്ടയാളിനെ ചതുർത്ഥീവിഭക്തിയിൽ പ്രയോഗിക്കണം. ചിലപ്പോൾ ഗുണഭോക്താവിന് ലഭിക്കുന്നത് ദ്രവ്യപദാർത്ഥങ്ങളാവാം. മറ്റുചിലപ്പോൾ ചില പ്രത്യേകഭാവസൂചകങ്ങളോ ഗുണസൂചകങ്ങളോ ആവാം. ഇതനുസരിച്ച് ചതുർത്ഥീവിഭക്തി സംപ്രദാന/ഗുണഭോക്തൃ സൂചിതങ്ങൾ, ഭാവവാചക/ഗുണവാചക സൂചിതങ്ങൾ, ക്രിയാവിശേഷണ സൂചിതങ്ങൾ, ലക്ഷ്യാർത്ഥസൂചിതങ്ങൾ, മറ്റുചില വിശിഷ്ടപ്രയോഗങ്ങൾ എന്നിങ്ങനെ വിവിധതരത്തിലാവാം.
1. സംപ്രദാന / ഗുണഭോക്തൃസൂചകം :- ഇവിടെ 'കൊടുക്കുക' = "ദദാതി / യച്ഛതി " എന്ന ക്രിയ വരുമ്പോൾ ആർക്കാണോ കിട്ടുന്നത് ( ഗുണഭോക്താവ് ) അവരെ ചതുർത്ഥീവിഭക്തിയിൽ പറയണം. ഉദാ :- അംബാ 'ബാലകായ' അന്നം ദദാതി
അമ്മ ബാലകനായിക്കൊണ്ട് ചോറിനെ കൊടുക്കുന്നു.
ചോറിനെ ( കർമ്മം ) കൊടുക്കുന്നു.
ബാലകനായിക്കൊണ്ട് ( ബാലകായ ) കൊടുക്കുന്നു.
( അമ്മയുടെ ചോറുകൊടുക്കൽ പ്രവൃത്തിയുടെ ഗുണം ലഭിക്കേണ്ടത് ( Beneficiary ) ബാലകനാണ്. അതിനാൽ 'ബാലകഃ ' എന്ന നാമത്തിന്റെ ചതുർത്ഥീവിഭക്തി " ബാലകായ " എന്നു പ്രയോഗിച്ചു.
വിദ്യാർത്ഥി സുഹൃത്തിനായി പേനയെ നല്കുന്നു.
മകൻ അമ്മയ്ക്കുവേണ്ടി മരുന്നിനെ വാങ്ങുന്നു. ( വാങ്ങിയ മരുന്നിന്റെ ഗുണഭോക്താവ് അമ്മയാണ്. )
പോലീസുകാർ സർക്കാരിനായി നിയമത്തെ നടത്തുന്നു.
കവി സഹൃദയനുവേണ്ടി കവിതയെ രചിക്കുന്നു.
2. ഭാവവാചക/ഗുണവാചകസൂചിതചതുർഥീ:- വ്യക്തിയോടോ വസ്തുവിനോടോ ചില പ്രത്യേക ഭാവങ്ങളോ വികാരങ്ങളോ തോന്നുന്നു എങ്കിൽ ആ വ്യക്തി / വസ്തു മുതലായവ ചതുർത്ഥീവിഭക്തിയിൽ പറയപ്പെടണം.
( ക്രുധ്യതി = ദേഷ്യപ്പെടുന്നു / ദ്രുഹ്യതി = ദ്രോഹിക്കുന്നു / ഈർഷ്യതി = കോപിക്കുന്നു / അസൂയതി = അസൂയപ്പെടുന്നു / രോചതേ = ഇഷ്ടമാവുന്നു / സ്പൃഹയതി = ആഗ്രഹിക്കുന്നു
മുതലായ പദങ്ങൾ ഇപ്രകാരം ഭാവ/വികാര സൂചകങ്ങളാണ്. ) ഉദാ:- ഗുരുഃ ശിഷ്യായ ക്രുധ്യതി = ഗുരു ശിഷ്യനായിക്കൊണ്ട് ദേഷ്യപ്പെടുന്നു. ( മലയാളത്തിൽ സാധാരണ ശിഷ്യനോട് ദേഷ്യപ്പെടുന്നു എന്നാണ് പ്രയോഗിക്കാറ്. പക്ഷെ വ്യാകരണപരമായ കൃത്യതയിൽ ഗുരു ദേഷ്യപ്പെടുന്നതിന്റെ പ്രഭാവം ശിഷ്യന് എന്നരീതിയിൽ ചതുർത്ഥീ വിഭക്തിയാണ് പ്രയോഗിക്കേണ്ടത്. അപൂർവ്വം ദ്വിതീയാവിഭക്തിയിലും ചില പദങ്ങൾ ഉപയോഗിച്ചുപോവാറുണ്ട്. )
നീചജനാഃ സജ്ജനേഭ്യഃ ദ്രുഹ്യന്തി = നീചജനങ്ങൾ സജ്ജനങ്ങൾക്കായി ദ്രോഹിക്കുന്നു. ( ദ്രോഹം അനുഭവിക്കുന്നത് സജ്ജനങ്ങൾ ആയതിനാൽ ഗുണഭോക്താക്കൾ.)
മാർജ്ജാരഃ മൂഷകായ ഈർഷ്യതി = പൂച്ച എലിക്കായി കോപിക്കുന്നു.
അനുജഃ പുഷ്പേഭ്യഃ സ്പൃഹയതി = അനുജൻ പുഷ്പങ്ങൾക്കായി ഇഷ്ടപ്പെടുന്നു.
'രോചതേ' = രുചിക്കുന്നു(ഇഷ്ടമാവുന്നു) എന്ന ക്രിയ എന്തെങ്കിലും വസ്തു ആർക്കാണോ രുചികരം / ഇഷ്ടം അവരെ സൂചിപ്പിക്കുവാൻ ചതുർത്ഥീവിഭക്തിയിൽ പ്രയോഗിക്കണം.
ബാലികായൈ ദുഗ്ധം രോചതേ = ബാലികയ്ക്കായി പാൽ ഇഷ്ടമാവുന്നു.
ഛാത്രായ സംസ്കൃതം രോചതേ = വിദ്യാർത്ഥിക്കായി സംസ്കൃതം ഇഷ്ടമാവുന്നു.
( ഇവിടെ ദുഗ്ധം / സംസ്കൃതം എന്നീ നപുംസകപദങ്ങൾ പ്രഥമാവിഭക്തിയിൽ കർതൃപദങ്ങളാണ്. 'രോചതേ' , എന്നത് 'അകർമകക്രിയ' യാണ്. )
3. ക്രിയാവിശേഷണസൂചിതങ്ങൾ :- "തുമുൻ " എന്ന കൃദന്തപ്രത്യയം ക്രിയാധാതുവിനോട് ചേർത്താൽ "പ്രവൃത്തി ചെയ്യുന്നതിനായിക്കൊണ്ട് " എന്ന അർത്ഥത്തിലുള്ള ' ക്രിയാവിശേഷണ' മാവും.
ബാലകൻ പഠനത്തിനായിക്കൊണ്ട് വിദ്യാലയത്തിലേക്ക് പോകുന്നു. ഇവിടെ "പഠിതും " (പഠനത്തിനായി) എന്ന (തുമുൻ ) ക്രിയാവിശേഷണം യഥാർത്ഥത്തിൽ ചതുർത്ഥീ വിഭക്തിയുടെ അതേ അർത്ഥത്തിലാണ്. കൂടാതെ "ല്യൂട് " എന്ന പ്രത്യയാന്തങ്ങളിലെ കൃദന്തങ്ങൾ ("അനം /അണം " എന്നവസാനിക്കുന്നതരം ക്രിയാനാമങ്ങൾ - പഠനം/ഗമനം/പചനം /ഭോജനം/ പൂരണം / ധാവനം /ഖാദനം / ദർശനം മുതലായ) നാമരൂപങ്ങളായതിനാൽ ഇവയുടെ ചതുർത്ഥീവിഭക്തിരൂപങ്ങൾ ഉപയോഗിക്കാറുണ്ട്. ഉദാ:- ബാലകഃ 'പഠനായ' വിദ്യാലയം ഗച്ഛതി = ബാലകൻ പഠനത്തിനായി വിദ്യാലയത്തിൽ പോകുന്നു. ഇത് നമ്മൾ മുൻപു പറഞ്ഞ "തുമുൻ" പ്രത്യയാന്ത പ്രയോഗത്തിനു തുല്യമാണ്.( ബാലകഃ പഠിതും വിദ്യാലയം ഗച്ഛതി). രണ്ടുസമാനപ്രയോഗങ്ങളെയും ഉദാഹരണങ്ങളാൽ മനസ്സിലാക്കാം.
(ഇവിടെ "പാത്രപ്രക്ഷാളനായ"; "ദേവദർശനായ" തുടങ്ങി സമാസപ്രയോഗത്തിലേ പറയാറുള്ളുവെന്നത് സമാസപഠനത്തിൽ മനസ്സിലാക്കാം)
4. ലക്ഷ്യാർത്ഥസൂചിതങ്ങൾ :- സാധാരണഗതിയിൽ ലക്ഷ്യാർത്ഥമായി ഉപയോഗിക്കുന്നത് ദ്വിതീയാവിഭക്തിയാണെന്ന് മുൻപ് കണ്ടുവല്ലോ. എന്നാൽ ലക്ഷ്യർത്ഥക / ഗത്യർത്ഥക ക്രിയകളായ " ഗച്ഛതി / യാതി " ( പോകുന്നു) ; "ആഗച്ഛതി " ( വരുന്നു ) എന്നിവ ഉപയോഗിക്കുമ്പോൾ കർമപദം ചതുർത്ഥീവിഭക്തി നാമമായും വിശേഷാർത്ഥത്തിൽ ഉപയോഗിക്കാറുണ്ട്.
ഉദാ:- ഗൃഹായ ഗച്ഛതി = വീടുപിടിക്കുവാനായി പോകുന്നു. ( മഴവരുന്നതിനുമുമ്പ്)
വിത്തകോശായ യാതി = ബാങ്കിലെത്താനായി പോകുന്നു. ( കാശ് അത്യാവശ്യം )
രുഗ്ണാലയായ ആഗച്ഛതി = ആശുപത്രിയിലെത്തിപ്പെടാനായി വരുന്നു. ( അടിയന്തിര ചികിത്സാർത്ഥം)
5. വിശിഷ്ടപ്രയോഗങ്ങൾ :- "നമഃ / സ്വസ്തി / സ്വാഹാ / അലം / വഷട് / സ്വധാ " എന്നീ ശബ്ദങ്ങൾ പ്രയോഗിക്കുമ്പോൾ ആരെയാണോ ഉദ്ദേശിക്കുന്നത് അവർ ചതുർത്ഥീവിഭക്തിയിൽ വരണം. ഉദാ :- ഗുരവേ നമഃ ( ഗുരുവിനായി നമസ്ക്കാരം)
"ഉപദിശതി " (ഉപദേശിക്കുന്നു ) എന്ന ക്രിയയിൽ ആർക്കുവേണ്ടിയാണോ ഉപദേശം, അവർ ചതുർത്ഥിയിൽ വരണം.
ചതുർത്ഥീവിഭക്തിയുടെ അതേ ഉപയോഗം തരുന്ന ശബ്ദമാണ് " അർഥം " എന്നത്. പ്രധാനമായി മുൻപുസൂചിപ്പിച്ച "ല്യൂട് " പ്രത്യയങ്ങൾ ചേർന്ന കൃദന്തങ്ങളായ " പഠനം / ചലനം / നടനം / അടനം / നർതനം / പ്രശ്നം " മുതലായ പദങ്ങൾക്കൊടുവിൽ " അർഥം " ചേർത്താൽ ചതുർഥീവിഭക്തിയുടെ ആശയം ലഭിക്കും.ഉദാ:- " പഠനാർഥം = പഠനത്തിനായി = പഠനായ "
പൊതുവിൽ നോക്കിയാൽ ചതുർത്ഥീവിഭക്തിക്ക് ഗുണഭോക്തൃത്വം എന്ന ബന്ധം തന്നെയാണ് സൂക്ഷ്മാർത്ഥത്തിൽ യോജിക്കുക.
(ഇതുപോലെയാണ് 'രവിഃ / സഖിഃ / പാണിഃ / പതിഃ / കപിഃ / ധ്വനിഃ / മുനിഃ / നിധിഃ /ഗിരിഃ /അരിഃ / ഋഷിഃ / പാണിഃ / മണിഃ / അളിഃ / രശ്മിഃ / സാരഥിഃ / സൂരിഃ/ അതിഥിഃ ' മുതലായ പദങ്ങളും )
( മിക്കവാറും "തിഃ " എന്നവസാനിക്കുന്ന ശബ്ദങ്ങൾ, കൂടാതെ "ഭൂമിഃ / വൃഷ്ടിഃ / കേളിഃ / ദൃഷ്ടിഃ / രുചിഃ / സരണിഃ / തരിഃ / താരണിഃ തുടങ്ങിയ പദങ്ങളും ഇതുപോലെയാണ്.)
( ഗൗരീ / അംഗുലീ / ദാസീ / ദേവീ / വാണീ/ വേണീ / നാരീ /രജനീ / തരുണീ / മാലതീ / പത്നീ / സ്ഥാലീ / പേഷണീ / കർതരീ / മാർജനീ തുടങ്ങിയ പദങ്ങളും ഇതുപോലെ )
🌹 സംസ്കൃതഭാഷാപരിചയം - 20 🌹
രാജേന്ദ്രൻ.ഡി
പഞ്ചമീവിഭക്തിഃ ( Ablative Case ):- നാമപദങ്ങളുടെ 'പ്രഥമാ' മുതൽ 'സപ്തമീ' വരെയുള്ള ഏഴു വിഭക്തികളിൽ നാമത്തിന്റെ സാധാരണരൂപമായ പ്രഥമാവിഭക്തി ( രാമഃ/സീതാ/വനം/സഃ/സാ / ഭവാൻ /അഹം/ ത്വം /ബാലികാ/വിദ്യാലയഃ/വൃക്ഷഃ/മിത്രം ) ഒഴിച്ചാൽ 'ദ്വിതീയാ' മുതൽ 'സപ്തമീ' വരെയുള്ള ആറ് വിഭക്തികളുടെ അർത്ഥം ഓർമ്മിക്കുവാനായി നമ്മൾ കുറിച്ച സൂത്രപദമാണ് "DR.BSOI". ഇതിൽ D എന്നത് ദ്വിതീയാ ( Destination)= ലക്ഷ്യാർത്ഥ സൂചകവും, R എന്നത് തൃതീയാ (Reason)= കാരണ സൂചകവും, B എന്നത് ചതുർഥീ ( Beneficiary )= ഗുണഭോക്തൃ സൂചകവും, S എന്നത് പഞ്ചമീ ( Separation )= വേർപാട് സൂചകവും, O എന്നത് ഷഷ്ഠീ ( Ownership )= ഉടമസ്ഥാവകാശ സൂചകവും, I എന്നത് സപ്തമീ ( Inside )= സ്ഥാനസൂചകവും ആകുന്നു. ആയതിനാൽ ഇന്ന് നമ്മൾ S എന്ന അക്ഷരസൂചിതമായ Separation അഥവാ വേർപാടിനെ സൂചിപ്പിക്കുന്ന പഞ്ചമീവിഭക്തി പരിശോധിക്കുന്നു. പ്രത്യയാർത്ഥം പ്രധാനമായി "അതിങ്കൽനിന്ന് / കാൾ / കാരണം " എന്നിവയാണ്. ആരിൽനിന്ന്/ എവിടെനിന്ന് / എന്തിൽനിന്ന് വേർപാട് എന്നവിധത്തിൽ സൂചിപ്പിക്കുന്ന ക്രിയകൾ/ അഥവാ മറ്റുവിശേഷപ്രയോഗങ്ങൾ, ഗുണവാചക താരതമ്യസൂചക "കാൾ" പ്രയോഗം എന്നിങ്ങനെ വിവിധങ്ങളായ ഉപയോഗങ്ങൾ പഞ്ചമീവിഭക്തിക്കുണ്ട്.
1. വേർപാടുസൂചകം :- ആരിൽനിന്ന് / എവിടെനിന്ന് / എന്തിൽനിന്ന് വേർപെടുന്നുവോ അവ പഞ്ചമിയിൽ പ്രയോഗിക്കണം. ഉദാ:- വൃക്ഷാത് ഫലം പതതി = വൃക്ഷത്തിൽനിന്ന് പഴം വീഴുന്നു. പതതി = 'വീഴുന്നു '-ക്രിയാ ; ആര്/ എന്ത് വീഴുന്നു? - ഫലം = പഴം (കർത്താവ് ) വീഴുന്നു ; എന്തിൽനിന്ന്/ എവിടെനിന്ന് വീഴുന്നു? - വൃക്ഷാത് = വൃക്ഷത്തിൽനിന്ന് ( പഞ്ചമി ) വീഴുന്നു. ഫലം വൃക്ഷത്തിൽ നിന്ന് വേർപെട്ടു.
ബാലകഃ വിദ്യാലയാത് ആഗച്ഛതി = ബാലകൻ വിദ്യാലയത്തിൽനിന്ന് വരുന്നു.( വിദ്യാലയത്തിൽനിന്ന് വേർപാട് )
സഃ ആലപ്പുഴനഗരാത് ആഗച്ഛതി = അവൻ ആലപ്പുഴനഗരത്തിൽനിന്ന് വരുന്നു. (ആലപ്പുഴനഗരത്തിൽനിന്ന് വേർപാട് )
ബിഭേതി /ത്രസ്യതി = ഭയപ്പെടുന്നു ; നന്ദതി = സന്തോഷിക്കുന്നു ; ജീവതി = ജീവിക്കുന്നു ; ഗ്ലായതി = വിളറുന്നു ; പ്രവഹതി = ഒഴുകുന്നു ; രക്ഷതി = രക്ഷിക്കുന്നു ; വിരമതി = നിർത്തുന്നു / അവസാനിക്കുന്നു / പിൻവാങ്ങുന്നു ; പ്രമാദ്യതി = ആശയക്കുഴപ്പത്തിലാവുന്നു; ജുഗുപ്സതേ = അറയ്ക്കുന്നു ; പരാജയതേ = തോല്ക്കുന്നു; നിലീയതേ = മറഞ്ഞിരിക്കുന്നു ; അധീതേ = അഭ്യസിക്കുന്നു ; ജായതേ = ജനിക്കുന്നു ; തുടങ്ങിയ ക്രിയാപദങ്ങളുടെ കൂടെ പഞ്ചമീവിഭക്തിയുടെ ഉപയോഗം വരാം. ഉദാഹരണങ്ങൾ :-
ബാലകഃ സർപാത് ബിഭേതി = ബാലകൻ സർപ്പത്തിൽനിന്ന് പേടിക്കുന്നു. ( സർപ്പത്തിനെ പേടിക്കുന്നു എന്ന് മലയാളത്തിൽ. ഇവിടെ ഭയം എന്ന വികാരം, കാരണം അഥവാ ഉറവിടമായ സർപ്പത്തിൽനിന്ന് വേർപെട്ട് ബാലനിലേക്ക് സംക്രമിക്കുന്നു എന്ന് ചിന്തിക്കാം. അതിനാൽ പഞ്ചമി -സർപാത് = സർപ്പത്തിൽനിന്ന് )
ചോരാഃ ആരക്ഷകേഭ്യഃ ത്രസ്യന്തി = മോഷ്ടാക്കൾ പോലീസുകാരിൽനിന്ന് ഭയപ്പെടുന്നു. (ആരക്ഷകേഭ്യഃ -പഞ്ചമീവിഭക്തിഃ)
വനിതാഃ ശാടികാഭ്യഃ നന്ദന്തി = സ്ത്രീകൾ സാരികളിൽനിന്ന് (സാരികൾകാരണം) സന്തോഷിക്കുന്നു.
മീനാഃ ജലാത് ജീവന്തി = മീനുകൾ ജലത്തിൽനിന്ന് (ജലംകാരണം) ജീവിക്കുന്നു.
യാത്രികാഃ ആതപാത് ഗ്ലായന്തി = യാത്രക്കാർ വെയിലിൽനിന്ന് (വെയിൽകാരണം) വിളറുന്നു.
നദ്യഃ ഗിരേഃ പ്രവഹന്തി = നദികൾ ഗിരിയിൽനിന്ന് ഒഴുകുന്നു.
ഈശ്വരഃ ദുഃഖാത് രക്ഷതി = ഈശ്വരൻ ദുഃഖത്തിൽനിന്ന് രക്ഷിക്കുന്നു.
സത്സങ്ഗേന പാപാത് വിരമതി = സത്സംഗത്തിനാൽ പാപത്തിൽനിന്ന് വിരമിക്കുന്നു.
അദ്യതനകാലേ ജനാഃ ധർമാത് പ്രമാദ്യന്തി = ഇന്നത്തെക്കാലത്ത് ജനങ്ങൾ ധർമ്മത്തിൽനിന്ന് ആശയക്കുഴപ്പത്തിലാവുന്നു.
സജ്ജനാഃ പാപാത് ജുഗുപ്സന്തേ = സജ്ജനങ്ങൾ പാപത്തിൽനിന്ന് അറയ്ക്കുന്നു.
ഛാത്രഃ അധ്യയനാത് പരാജയതേ = വിദ്യാർത്ഥി പഠനത്തിൽനിന്ന് പരാജയപ്പെടുന്നു.
മൂർഖാത് നിലീയതേ വിവേകഃ = മൂഢനിൽനിന്ന് വിവേകം മറഞ്ഞിരിക്കുന്നു.
ഗുരോഃ വിദ്യാം അധീതേ ശിഷ്യഃ = ഗുരുവിൽനിന്ന് ശിഷ്യൻ വിദ്യയെ അഭ്യസിക്കുന്നു.
കോപാത് ജായതേ അവിവേകഃ = കോപത്തിൽനിന്ന് അവിവേകം ജനിക്കുന്നു.
2. താരതമ്യസൂചകം :- "പൂർവഃ ; പരം ; ശ്രേഷ്ഠഃ" മുതലായ താരതമ്യപ്രയോഗപദങ്ങളുടെ കൂടെ ("കാൾ " എന്ന പ്രത്യയാർത്ഥം വരുമ്പോൾ) പഞ്ചമീവിഭക്തി ഉപയോഗിക്കണം. ഉദാഹരണം :- അർജുനാത് പൂർവഃ ഭീമഃ = അർജ്ജുനനെക്കാൾ മൂത്തത് ഭീമൻ.
ശൈശവാത് പരം കൗമാരം = ശൈശവത്തിനെക്കാൾ പിന്നീട് കൗമാരം. ഭവഭൂതേഃ ശ്രേഷ്ഠഃ കാളിദാസഃ = ഭവഭൂതിയെക്കാൾ ശ്രേഷ്ഠൻ കാളിദാസൻ.
3. വിശിഷ്ടപ്രയോഗാഃ :- ബഹിഃ (വെളിയിൽ), ഊർധ്വം ( മുകളിൽ ) എന്നീ അവ്യയങ്ങളുടെ പ്രയോഗത്തിൽ. ഉദാ:- വിദ്യാലയാത് ബഹിഃ = വിദ്യാലയത്തിൽനിന്ന് വെളിയിൽ.
പ്രാസാദാത് ഊർധ്വം = പ്രാസാദത്തിൽനിന്നു മുകളിൽ.
കാലാവധി പറയുമ്പോൾ. ഉദാ:- ജനനാത് അഷ്ടാവിംശതിതമദിനേ = ജനനത്തിൽനിന്ന് ഇരുപത്തെട്ടാം ദിനത്തിൽ.
"അന്യ" ശബ്ദം പ്രയോഗിക്കുമ്പോൾ. ഗുരോഃ അന്യഃ കോ മാം പാഠയേത് = ഗുരുവിൽനിന്ന് അന്യനായി ആര് എന്നെ പഠിപ്പിക്കട്ടെ!
ചുരുക്കത്തിൽ, "അതിങ്കൽനിന്ന്, പോകെ, കാൾ,ഹേതുവായിട്ട്, പഞ്ചമീ " എന്ന വാക്യം ഓർമ്മിക്കുക.
പഞ്ചമീവിഭക്തിപ്രത്യയങ്ങൾക്കുപകരം പലപ്പോഴും ഉപയോഗിക്കാവുന്ന ശബ്ദമാണ്, " തഃ " എന്നത്. വേർപാടുസൂചകമായ " ൽനിന്ന് " എന്ന പഞ്ചമീപ്രയോഗത്തിനു പകരം "തഃ " ഉപയോഗിക്കുന്നത് എളുപ്പമാണ്. ഉദാ:-
ബാലകഃ വിദ്യാലയാത് ആഗച്ഛതി = ബാലകഃ വിദ്യാലയതഃ ആഗച്ഛതി.= ബാലൻ വിദ്യാലയത്തിൽനിന്ന് വരുന്നു.
ഹിമാലയഗിരേഃ ഗങ്ഗാ വഹതി = ഹിമാലയഗിരിതഃ ഗങ്ഗാ വഹതി.= ഹിമാലയഗിരിയിൽനിന്ന് ഗംഗ ഒഴുകുന്നു.
കാവേരീനദ്യാഃ ജലം ലഭതേ തമിൽനാടുരാജ്യേ = കാവേരീനദീതഃ ജലം ലഭതേ തമിൽനാടുരാജ്യേ.
= കാവേരിനദിയിൽനിന്ന് ജലത്തെ ലഭിക്കുന്നു, തമിൾനാട് രാജ്യത്തിൽ.
("അതഃ = ഇതിനാൽ ; തതഃ = അതിനാൽ; കുതഃ = എന്തുകൊണ്ട് ; യതഃ = എന്തുകൊണ്ടെന്നാൽ ;" മുതലായ പദങ്ങളിൽ ഈ പ്രയോഗം കാണാം.)
രാമാത് = രാമതഃ ; സീതായാഃ = സീതാതഃ ;
കവേഃ = കവിതഃ ; മതേഃ = മതിതഃ ; നദ്യാഃ = നദീതഃ ; ഗുരോഃ = ഗുരുതഃ ; പിതുഃ = പിതൃതഃ ; മാതുഃ = മാതൃതഃ ; ഫലാത് = ഫലതഃ . ഇങ്ങനെ പഞ്ചമീവിഭക്തിക്കു തുല്ല്യമായി നാമത്തിന്റെ പ്രാതിപദികത്തിനോട് "തഃ " ചേർത്തുപയോഗിക്കാം. ( 'രാമഃ' എന്ന നാമത്തിന്റെ പ്രാതിപദികമാണല്ലോ 'രാമ' എന്നത്.) ഇതെല്ലാം സൂക്ഷ്മാർത്ഥത്തിൽ പഞ്ചമീവിഭക്ത്യർത്ഥങ്ങൾ തന്നെയാണ്.
🌹അനുബന്ധം :-
(ഉകാരാന്തപുല്ലിംഗ " ഗുരു " ശബ്ദഃ)
പ്ര - ഗുരുഃ ഗുരൂ ഗുരവഃ
ദ്വി - ഗുരും ഗുരൂ ഗുരൂൻ
തൃ - ഗുരുണാ ഗുരുഭ്യാം ഗുരുഭിഃ
ച - ഗുരവേ ഗുരുഭ്യാം ഗുരുഭ്യഃ
പ - ഗുരോഃ ഗുരുഭ്യാം ഗുരുഭ്യഃ
ഷ - ഗുരോഃ ഗുര്വോഃ ഗുരൂണാം
സ - ഗുരൗ ഗുര്വോഃ ഗുരുഷു
(ശിശുഃ / പ്രഭുഃ /രിപുഃ / ശംഭുഃ / ഇന്ദുഃ / വിധുഃ / ക്രതുഃ/ ഭാനുഃ/ സൂനുഃ / വായുഃ / തരുഃ / ശത്രുഃ / ഭിക്ഷുഃ / സാധുഃ / ബാഹുഃ / ഹേതുഃ / മുതലായ പദങ്ങളും സമാനം)
ഉകാരാന്തസ്ത്രീലിംഗ "ധേനു" ശബ്ദഃ ( പശു )
പ്ര - ധേനുഃ ധേനൂ ധേനവഃ
ദ്വി - ധേനും ധേനൂ ധേനൂഃ
തൃ - ധേന്വാ ധേനുഭ്യാം ധേനുഭിഃ
ച - ധേനവേ ധേനുഭ്യാം ധേനുഭ്യഃ
പ - ധേനോഃ ധേനുഭ്യാം ധേനുഭ്യഃ
ഷ - ധേനോഃ ധേന്വോഃ ധേനൂനാം
സ - ധേനൗ ധേന്വോഃ ധേനുഷു
( തനുഃ / ഹനുഃ /സ്നായുഃ / മൃത്യുഃ / രജ്ജുഃ / ചഞ്ചുഃ / കാകുഃ / ഇഷുഃ മുതലായപദങ്ങളും സമാനരീതിയിൽ )
ഊകാരാന്തസ്ത്രീലിംഗ "വധൂ " ശബ്ദം
പ്ര - വധൂഃ വധ്വൗ വധ്വഃ
ദ്വി - വധൂം വധ്വൗ വധൂഃ
തൃ - വധ്വാ വധൂഭ്യാം വധൂഭിഃ
ച - വധ്വൈ വധൂഭ്യാം വധൂഭ്യഃ
പ - വധ്വാഃ വധൂഭ്യാം വധൂഭ്യഃ
ഷ - വധ്വാഃ വധ്വോഃ വധൂനാം
സ - വധ്വാം വധ്വോഃ വധൂഷു
( ശ്വശ്രൂ / വീരസൂഃ / തനൂഃ/ ഭ്രൂഃ/ ഭൂഃ /ചമൂഃ / ജംബൂഃ തുടങ്ങിയ പദങ്ങൾ സമാനരീതിയിൽ)
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
🌹 സംസ്കൃതഭാഷാപരിചയം-21 🌹
രാജേന്ദ്രൻ.ഡി
ഷഷ്ഠീവിഭക്തിഃ Genitive / Possessive Case:- ക്രിയയ്ക്ക് നാമപദത്തോടുള്ള ആകാംക്ഷാപരമായ ബന്ധമാണല്ലോ കാരകം. അതിനനുയോജ്യമായി നാമപദങ്ങളുടെ അവസാനഭാഗത്തുവരുന്ന അക്ഷരവ്യത്യാസങ്ങളാണ് 'സുപ് ' എന്ന വിഭക്തിപ്രത്യയങ്ങൾ. ഏഴുവിഭക്തികളിൽ ആറാമത്തേതായ "ഷഷ്ഠീവിഭക്തിഃ " പക്ഷേ ക്രിയാനാമബന്ധമായ കാരകമല്ല. മറിച്ച് ആശയപൂർത്തിക്കായി നാമപദങ്ങൾ തമ്മിലുള്ള ബന്ധമാണ്. നമ്മളുടെ കോഡ് ആയ "DR. BSOI " ൽ " O " എന്ന അക്ഷരം സൂചിപ്പിക്കുന്ന ' ownership ' അഥവാ ഉടമസ്ഥാവകാശം ആണ് ഷഷ്ഠീവിഭക്തി കൊണ്ടുദ്ദേശിക്കുന്നത്. ഒരുനാമപദത്തിന്റെ ഉടമസ്ഥത മറ്റൊരു നാമപദത്തിനായിരിക്കും.
"ന്റെ " ; " ഉടെ "; " ക്ക് "; "ന്ന് " എന്നെല്ലാമാണ് പ്രത്യയാർത്ഥങ്ങൾ. ( അവന്റെ / അവളുടെ ).
ഇതുകൂടാതെ ചില വിശേഷപ്രയോഗങ്ങളിലും 'ഷഷ്ഠീവിഭക്തിഃ ' പ്രയോഗിക്കപ്പെടുന്നു.
1. ഉടമസ്ഥതാസൂചകഷഷ്ഠീവിഭക്തി :-
ബാലകസ്യ ലേഖനീ = ബാലകന്റെ പേന
ആരുടെ പേന ? = ബാലക'ന്റെ' പേന.
'ബാലകസ്യ'- ഷഷ്ഠീവിഭക്തിഃ ( ഇവിടെ 'ബാലകൻ' ,' പേന' എന്നീ നാമങ്ങൾ തമ്മിലുള്ള ബന്ധമാണ് ഷഷ്ഠീവിഭക്തികൊണ്ട് സൂചിപ്പിക്കപ്പെടുന്നത്.)
ബാലികായാഃ ഗീതം = ബാലി'കയുടെ' പാട്ട്.
വാണ്യാഃ വീണാ = വാണിയുടെ വീണ
ദേവസ്യ ആലയം = ദേവന്റെ വീട്
ഭവതഃ നാമ കിം? = ഭവാന്റെ പേര് എന്ത്?
2. വിശേഷപ്രയോഗഷഷ്ഠീവിഭക്തി :-
"അതിൽവച്ച് " എന്ന പ്രത്യയാർത്ഥ പ്രയോഗം:-
ദശരഥപുത്രാണാം ജ്യേഷ്ഠഃ രാമകുമാരഃ = ദശരഥപുത്രന്മാരി'ൽവച്ച്' ജ്യേഷ്ഠൻ, രാമകുമാരൻ.
ധനാനാം ഉത്തമം വിദ്യാധനം = ധനങ്ങളി'ൽവച്ച്' ഉത്തമം വിദ്യാധനം.
"കൃതേ " = അതിന്നുവേണ്ടി / " സമക്ഷം " = മുമ്പാകെ എന്നീ അവ്യയങ്ങളുടെ മുൻപിൽ ഷഷ്ഠീവിഭക്തിനാമം വരണം.
അധ്യക്ഷമഹോദയസ്യ കൃതേ സ്വാഗതം വദാമി = അദ്ധ്യക്ഷമഹോദയന്നുവേണ്ടി സ്വാഗതം പറയുന്നു(ഞാൻ)
സചിവോത്തമസ്യ സമക്ഷം സങ്കടം പ്രകടയതി = സചിവോത്തമന്നു മുമ്പാകെ സങ്കടം പ്രകടിപ്പിക്കുന്നു.
ഹിംസാസൂചകക്രിയകളായ "നിഹന്തി/പ്രഹന്തി/ക്രാഥയതി/വിനഷ്ടി/ഉജ്ജാസയതി" എന്നിവ ഉപയോഗിക്കുമ്പോൾ കർമ്മപദം ഷഷ്ഠീവിഭക്തിയിൽ വേണം. നൃപഃ അരേഃ നിഹന്തി = രാജാവ് ശത്രുവിനെ കൊല്ലുന്നു.
ഭീമഃ ദുര്യോധനസ്യ പ്രഹന്തി = ഭീമൻ ദുര്യോധനനേ കൊല്ലുന്നു. സിംഹഃ ഹരിണസ്യ ക്രാഥയതി = സിംഹം മാനിനെ കൊല്ലുന്നു.
മാര്ജ്ജാരഃ മൂഷകസ്യ വിനഷ്ടി = പൂച്ച എലിയെക്കൊല്ലുന്നു. രാമഃ രാവണസ്യ ഉജ്ജാസയതി = രാമൻ രാവണനെക്കൊല്ലുന്നു.
🌹സപ്തമീവിഭക്തിഃ (Locative Case):-
DR.BSOI എന്ന കോഡിൽ" I " എന്ന അക്ഷരത്താൽ സൂചിതമായ Inside എന്നതുകൊണ്ട് സ്ഥാനസംബന്ധമായ അർത്ഥം കിട്ടുന്നു. "അതിങ്കൽ/ അതിൽവച്ച് / വിഷയം" ഇങ്ങനെ പ്രത്യയാർത്ഥങ്ങൾ സപ്തമിക്കുണ്ട്. ക്രിയയോട് "എവിടെ" എന്ന ആകാംക്ഷയാലാണ് സപ്തമീവിഭക്തിയുടെ പ്രയോഗം വരുന്നത്.
1. സ്ഥാനസൂചകം:- പുഷ്പാണി ലതായാം സന്തി = പുഷ്പങ്ങൾ ലതയി'ൽ' ഉണ്ട്.
'എവിടെ' ഉണ്ട്? ലതയി'ൽ' ഉണ്ട്
'ലതയിൽ'- സപ്തമീ
അംബാ പചനാലയേ അസ്തി = അമ്മ അടുക്കളയിൽ ഉണ്ട്.
ഛാത്രാഃ വിദ്യാലയേ സന്തി = വിദ്യാർത്ഥികൾ വിദ്യാലയത്തിൽ ഉണ്ട്.
"ഉപവിശതി "/ "ഉത്തിഷ്ഠതി" ("ഇരിക്കുന്നു" / "നില്ക്കുന്നു ") എന്ന ക്രിയയോടുകൂടിയും സപ്തമീ വരും.
ഗുരുഃ ആസന്ദികായാം ഉപവിശതി = ഗുരു പീഠത്തിൽ ഇരിക്കുന്നു. ( ആസന്ദികായാം - സപ്തമീവിഭക്തിഃ)
വാനരാഃ വൃക്ഷശാഖായാം ഉപവിശന്തി = കുരങ്ങന്മാർ മരക്കൊമ്പിൽ ഇരിക്കുന്നു.
ആരക്ഷകഃ മാർഗമധ്യേ തിഷ്ഠതി = പോലീസുകാരൻ വഴിയിൽ നില്ക്കുന്നു.
സമയസംബന്ധിയായി "എപ്പോൾ" എന്ന ചോദ്യത്തിനുത്തരമായി സപ്തമീപ്രയോഗം വരാം.
ഭവാൻ കദാ നഗരം ഗച്ഛതി? അഹം പ്രഭാതകാലേ നഗരം ഗച്ഛാമി (കാലേ-സപ്തമീ)
(ഭവാൻ എപ്പോൾ നഗരത്തിലേക്ക് പോകുന്നു?
ഞാൻ പ്രഭാതകാലത്തിൽ നഗരത്തിലേക്ക് പോകുന്നു.)
സഃ കദാ പഠതി? സഃ രാത്രൗ പഠതി
(അവൻ എപ്പോൾ വായിക്കുന്നു? അവൻ രാത്രിയിൽ വായിക്കുന്നു.)
ആരിലാണോ"ശ്രദ്ധാ"/"ആദരഃ"/"പ്രീതിഃ"(ആദരവ്/ ഇഷ്ടം) മുതലായവയുള്ളത് അവരെ സപ്തമിയിൽ പ്രയോഗിക്കണം.
അഗ്രജേ ശ്രദ്ധാ ഭവതു = ജ്യേഷ്ഠനിൽ ആദരവ് ഉണ്ടാവട്ടെ. (അഗ്രജേ- സപ്തമീ)
ജനകേ ആദരഃ ഭവേത് = അച്ഛനിൽ ബഹുമാനം ഉണ്ടാവട്ടെ.
മാതരി പ്രീതിഃ അസ്തി = മാതാവിൽ പ്രേമം ഉണ്ട്. ( മുകളിലെ മൂന്നുപ്രയോഗങ്ങളിലും സൂചിപ്പിച്ച "ശ്രദ്ധാ/ആദരഃ/പ്രീതിഃ" തുടങ്ങിയ വികാരങ്ങൾ ഉണ്ടാവുന്നത് ആരെന്ന് എടുത്തുപറയാത്ത വ്യക്തിയിലാണെന്നത് ശ്രദ്ധിക്കണം. അതായത് ജ്യേഷ്ഠനോട് ബഹുമാനം തോന്നേണ്ടത് അനുജന് ആയിരിക്കണം. അച്ഛനോട് ആദരവ് മകൻ/മകൾ എന്നവർക്ക്. മാതാവിനോട് സ്നേഹം മക്കൾക്ക്.)
2.നിർധാരണാർഥസൂചകം:- "ഒരുകൂട്ടത്തിലേക്കുംവച്ച് ഇന്നയാൾ" എന്നയർത്ഥത്തിൽ സപ്തമിയുപയോഗിക്കാം.
ബാലകേഷു സമർഥഃ രാമഃ = ബാലന്മാരിൽവച്ച് സമർത്ഥൻ രാമൻ. (ബാലകേഷു -സപ്തമീ)
ഫലേഷു മധുരഃ ആമ്രഃ = പഴങ്ങളിൽവച്ച് മധുരം മാമ്പഴം.
3.വിഷയസപ്തമീ/സതിസപ്തമീ:- സാധാരണ ഒരുനാമത്തിന്റെ വിശേഷണമായി മറ്റൊരുനാമം തൊട്ടുമുന്നിൽ വരുമ്പോൾ രണ്ടും ഒരേ ലിംഗവചനവിഭക്തിയിലാവണമെന്ന് വ്യാകരണനിബന്ധനയുണ്ട്. "ബാലനായ മുകുന്ദനെ" എന്ന് മലയാളത്തിൽ പറയുന്നത്, സംസ്കൃതത്തിൽ "ബാലം മുകുന്ദം"(ബാലനെ മുകുന്ദനെ) എന്ന രീതിയിലാണുള്ളത്. ഇപ്രകാരം വിശേഷണ- വിശേഷ്യരൂപത്തിൽ രണ്ട് സപ്തമീവിഭക്തിനാമപദങ്ങൾ അടുത്തടുത്തുവന്നാൽ അതിന് "അങ്ങനെയുള്ള സമയത്തിൽ" എന്ന ഒരർത്ഥം കൂടി ലഭിക്കും. ഇതാണ് "വിഷയസപ്തമീ" അഥവാ "സതിസപ്തമീ" പ്രയോഗം. ഇവിടെ വിശേഷിപ്പിക്കപ്പെടുന്ന നാമം ആദ്യവും അതിനുശേഷം വിശേഷണപദവും (രണ്ടും സപ്തമീവിഭക്തിയിൽ) പറയും.പലപ്പോഴും പ്രയോഗം തിരിച്ചറിയുവാനായി രണ്ടുനാമങ്ങൾക്കും ശേഷം "സതി" (ലിംഗവചനവ്യത്യാസമനുസരിച്ച്) എന്നുചേർക്കാറുണ്ട്.
ഉദാ:- അധ്യാപകേ ആഗതേ (സതി) ഛാത്രാഃ ഉത്തിഷ്ഠന്തി = അദ്ധ്യാപകന്റെവരവിൽ ( വരുന്ന സമയത്തിൽ) വിദ്യാർത്ഥികൾ എഴുന്നേൽക്കുന്നു.
പുത്രേ ഹസിതേ (സതി) അംബാ മോദതേ = പുത്രന്റെ ചിരിയിൽ ( ചിരിക്കുന്ന സമയത്തിൽ) അമ്മ സന്തോഷിക്കുന്നു.
ആരോഗ്യേ നഷ്ടേ (സതി) ജനാഃ അസന്തുഷ്ടാഃ അഭവൻ = ആരോഗ്യത്തിന്റെ നഷ്ടത്തിൽ (നഷ്ടമായ സന്ദർഭത്തിൽ) ജനങ്ങൾ അസന്തുഷ്ടരായി.
(സതിസപ്തമിയുടെ വിവിധങ്ങളായ രൂപങ്ങൾ പിന്നീട് കാണാം. )
ഇതോടുകൂടി പ്രാരംഭഭാഷാപഠനത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് കഴിയുന്നത്. തുടക്കക്കാർക്ക് ക്ലിഷ്ടമായ ഈ ഭാഗങ്ങൾ ആവർത്തിച്ച് ആവർത്തിച്ച് വായിച്ച് മനസ്സിലാക്കുകയാണ് കരണീയം. സിദ്ധരൂപം വാങ്ങി ദിവസേന വായിക്കുക. മടുപ്പുതോന്നാതെ വായിക്കുന്നതിലാണ് വിജയം. കവിതയോ കഥയോ ആസ്വദിക്കുന്നതുപോലെ reading for pleasure എന്നതിലുപരി ഭാഷാപഠനം എന്ന ഗൗരവം അല്പം കൊടുത്താൽമതി. ഒന്നോരണ്ടോതവണ വായിച്ച് മനസ്സിൽ തങ്ങിയില്ലെങ്കിൽ ഉടൻ കയ്യൊഴിയരുതെന്നുമാത്രം പറയട്ടെ. അതിബൃഹത്തായ അറിവിന്റെ ലോകത്തിലേക്കുള്ള വാതായനമാണ് ഈ ഭാഷ എന്നതും പണ്ഡിതോചിതമലയാളത്തിന്റെ അടിസ്ഥാനം ഈ ഭാഷ കൂടിയാണ് എന്നതും ഈയവസരത്തിൽ ചിന്തനീയമാണ്. ഇത്രയും പാഠങ്ങളിൽ നിന്ന് ആശയപൂർണ്ണതയുള്ള വാക്യങ്ങൾ രചിക്കാനും അവയുടെ പ്രായോഗികപരിശീലനത്തിലൂടെ മനസ്സിലുറപ്പിക്കുവാനും നമുക്ക് ശ്രമിക്കാം. കൂടെ ഉപരിപാഠങ്ങളിലേക്ക് സാവധാനം കടക്കാനും ശ്രമിക്കാം.
🌹അനുബന്ധം :-
ഋകാരാന്ത പുല്ലിംഗ 'പിതൃ'(അച്ഛൻ) ശബ്ദഃ
പ്ര - പിതാ പിതരൗ പിതരഃ
ദ്വി- പിതരം പിതരൗ പിതൃ†ൻ
തൃ - പിത്രാ പിതൃഭ്യാം പിതൃഭിഃ
ച - പിത്രേ പിതൃഭ്യാം പിതൃഭ്യഃ
പ - പിതുഃ പിതൃഭ്യാം പിതൃഭ്യഃ
ഷ - പിതുഃ പിത്രോഃ പിതൃ†ണാം
സ - പിതരി പിത്രോഃ പിതൃഷു
ഋകാരാന്ത സ്ത്രീലിംഗ ' മാതൃ ' (അമ്മ) ശബ്ദഃ
പ്ര - മാതാ മാതരൗ മാതരഃ
ദ്വി - മാതരം മാതരൗ മാതൃഃ†
തൃ - മാത്രാ മാതൃഭ്യാം മാതൃഭിഃ
ച - മാത്രേ മാതൃഭ്യാം മാതൃഭ്യഃ
പ - മാതുഃ മാതൃഭ്യാം മാതൃഭ്യഃ
ഷ - മാതുഃ മാത്രോഃ മാതൃ†ണാം
സ - മാതരി മാത്രോഃ മാതൃഷു
† ' ഋ 'ദീർഘം.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
🌹 സംസ്കൃതഭാഷാപരിചയം-22 🌹
രാജേന്ദ്രൻ.ഡി
അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിനുമുൻപ് സംസ്കൃതഭാഷയിലെ പദഘടനയെപ്പറ്റി ഒന്നുകൂടി ചിന്തിക്കാം. "പദം" രണ്ടുഭാഗങ്ങൾ ചേർന്നത്.
പ്രകൃതി + പ്രത്യയം = പദം
പൊതുവിൽ പദം രണ്ടുതരം.
1. പ്രകൃതിഭാഗം, "പ്രാതിപദിക"വും പ്രത്യയഭാഗം,"സുപ് " -ഉം ആയ സുബന്തം അഥവാ നാമപദം.
2. പ്രകൃതിഭാഗം "ധാതു"വും പ്രത്യയഭാഗം "തിങ് "-ഉം ആയ തിങന്തം അഥവാ ക്രിയാപദം.
സംസ്കൃതത്തിൽ ഏതാണ്ട് 2000 ധാതുക്കളാണുള്ളത്.
ഇനി പാണിനി നിർദ്ദേശിച്ച ആറുതരം വിഭിന്ന പ്രത്യയങ്ങളേയും അവയുപയോഗിച്ച് വിഭിന്നരീതിയിൽ പദങ്ങളുണ്ടാകുന്ന രീതിയേയും പരിചയപ്പെടാം.
1. സുപ് പ്രത്യയത്തിലവസാനിക്കുന്ന സുബന്തം (Noun) :-
പ്രാതിപദികം+ സുപ് = നാമം ( Noun )
( 'പ്രാതിപദികം', പ്രകൃതിയായ നാമപദങ്ങളായ ഇവ നമ്മൾ കണ്ടു. രാമ+ ഃ = രാമഃ)
2. തിങ് പ്രത്യയത്തിലവസാനിക്കുന്ന തിങന്തം ( Verb ) :- ധാതു + തിങ് = ക്രിയ (Verb )
('ധാതു ' പ്രകൃതിയായ, ക്രിയാപദങ്ങളായ ഇവയും നാം കണ്ടു. പഠ് +തി = പഠതി )
3. "കൃത് "പ്രത്യയത്തിലവസാനിക്കുന്ന 'കൃദന്തം.'
(Verbal Noun):- ധാതുവിന്റെ കൂടെ 'കൃത് ' പ്രത്യയം ചേർത്താൽ രണ്ടുംകൂടി പുതിയൊരു പ്രാതിപദികമാവും. ഇതിന്റെ കൂടെ വീണ്ടും ഒരു 'സുപ് ' പ്രത്യയം ചേർത്താൽ അവസാനം അതൊരു സുബന്തം അഥവാ നാമപദമാകും.
ധാതു + കൃത് = പ്രാതിപദികം
ധാതു+കൃത്+സുപ് = പ്രാതിപദികം+ സുപ് = സുബന്തം = നാമപദം.
( പഠ് + അന = പഠന (പ്രാതിപദികം)
( പഠ് + അന+ഏന = പഠനേന- കൃദന്തനാമപദം) ( തൃതീയാനാമപദം= പഠനത്താൽ ) ഇവിടെ "ല്യുട് " എന്ന കൃത്പ്രത്യയം ഉപയോഗിച്ചു.
4. തദ്ധിതപ്രത്യയത്തിലവസാനിക്കുന്ന തദ്ധിതാന്തം. (Noun Derivative) :- ഇവിടെ ഒരു പ്രാതിപദികത്തിന്റെ കൂടെ തദ്ധിതപ്രത്യയം ചേരുമ്പോൾ അത്, തദ്ധിതാന്തം അഥവാ മറ്റൊരു പ്രാതിപദികമാവും . വീണ്ടും ഇതിന്റെ കൂടെ സുപ് പ്രത്യയം ചേർന്ന് പുതിയൊരു നാമപദമാകും.
പ്രാതിപദികം+ തദ്ധിതം = പ്രാതിപദികം2
പ്രാതിപദികം2 + സുപ് = തദ്ധിതനാമപദം.
( ദശരഥ + അപത്യാർത്ഥതദ്ധിതം = ദാശരഥി;
ദാശരഥി+ ഃ = ദാശരഥിഃ (തദ്ധിതനാമം)
5. ധാതുപ്രത്യയത്തിലവസാനിക്കുന്ന "ധാത്വന്തങ്ങൾ" ( Verbal Verbs ):- മുൻപു സൂചിപ്പിച്ച 2000ൽപരം ധാതുക്കളെ കേവലധാതുക്കൾ എന്നുപറയാം. ഈ ധാതുക്കളുടെകൂടെ 'ധാതു ' പ്രത്യയം ചേർന്നാൽ മറ്റൊരു ധാതു കിട്ടും. അതിനോടുകൂടി 'തിങ്' പ്രത്യയം ചേർന്ന് പുതിയൊരു ക്രിയ ജനിക്കുന്നു.
ധാതു + ധാതുപ്രത്യയം = ധാതു2
ധാതു2+തിങ് = ധാത്വന്തക്രിയ
( പഠ്+ ണിച് (പ്രേരകധാതു) = പാഠ് (ണിജന്തം)
പാഠ്+ അതി = പാഠയതി (പഠിപ്പിക്കുന്നു)
പഠ്+ സൻ (ഇച്ഛാർത്ഥകധാതു) = പിപഠിഷ് (സന്നന്തം)
പിപഠിഷ് + അതി = പിപഠിഷതി (പഠിക്കുവാനാഗ്രഹിക്കുന്നു)
പഠ്+ യങ് (ആവർത്തനധാതു) = പാപഠ് (യങന്തം)
പാപഠ് +യതേ = പാപഠ്യതേ (വീണ്ടുംവീണ്ടും പഠിക്കുന്നു )
മുകളിൽ പറഞ്ഞ "സൻ" മുതലായ പ്രത്യയങ്ങൾ (സനാദ്യന്തധാതുക്കൾ) ധാതുപ്രത്യയങ്ങൾക്കുദാഹരണമാണ്.
കൂടാതെ നാമപദങ്ങളോടുകൂടിയും ധാതുപ്രത്യയം ചേർന്നാൽ മറ്റുധാതുക്കളും അതിനോട് തിങ് പ്രത്യയം ചേർന്ന് പുതിയ ക്രിയാപദങ്ങളും ഉണ്ടാകും. ഉദാഹരണം:-
പുത്രീയതി = പുത്രനെ ആഗ്രഹിച്ചുചെയ്യുന്നു
ശബ്ദായതേ = ശബ്ദമുണ്ടാക്കുന്നു
സുഖായതേ = സുഖമായിരിക്കുന്നു
വിദ്വായതേ = വിദ്വാനെപ്പോലെയാകുന്നു
( ഇത് നാമധാതുവിനുദാഹരണം)
6. സ്ത്രീപ്രത്യയങ്ങൾ :- പുല്ലിംഗനാമങ്ങൾ സ്ത്രീലിംഗനാമങ്ങളായി മാറ്റുവാൻ ഉപയോഗിക്കുന്നു. ഉദാഹരണം:- വൃത്തികാരശബ്ദങ്ങളുടെ (പ്രവൃത്തിസൂചകം) സ്ത്രീലിംഗരൂപം കിട്ടാൻ " ഈ " ; "ഇകാ" ; " ആ "
എന്നീ പ്രത്യയങ്ങൾ ചേർക്കാറുണ്ട്.
നടഃ - നടീ ; നർതകഃ- നർതകീ ; കർമകരഃ -കർമകരീ ; ചിത്രകാരഃ - ചിത്രകാരീ ("ഈ" പ്രത്യയം ചേർന്നവ)
അധ്യാപകഃ - അധ്യാപികാ ; സേവകഃ - സേവികാ ; ലേഖകഃ- ലേഖികാ ; അർചകഃ - അർചികാ ("ഇകാ" പ്രത്യയം ചേർന്നവ)
വൈദ്യഃ - വൈദ്യാ ; വ്യാധഃ- വ്യാധാ ("ആ" പ്രത്യയം ചേർന്നവ)
മേൽപ്പറഞ്ഞ ആറുവിധ പ്രത്യയങ്ങളിൽ, ആദ്യരണ്ടെണ്ണം( സുബന്തങ്ങൾ, തിങന്തങ്ങൾ) നാം കണ്ടുകഴിഞ്ഞു. ഇനി വളരെ പ്രധാനപ്പെട്ട മൂന്നാമത്തെ പ്രത്യയാന്തമായ "കൃദന്തങ്ങളെ"
പരിശോധിക്കാം.
നാമപദങ്ങൾ, അഥവാ സുബന്തങ്ങൾ, പ്രാതിപദികത്തിനോട് സുപ് പ്രത്യയം ചേർന്നവയാണല്ലോ.ഇത് നാലുവിധത്തിൽ ഉണ്ടാവുന്നു.
1. കേവലപ്രാതിപദികത്താൽ :- സംജ്ഞാനാമങ്ങൾ അഥവാ പേരുകൾ ചിലപ്പോൾ പ്രത്യേകിച്ച് ഒരർത്ഥവും സൂചിപ്പിക്കാത്ത ശബ്ദങ്ങളിൽ നിന്നാവാം. ഉദാ:- 'ഡിത്ഥഃ'/'ഡിഡു'/ കിച്ചു......
2. കൃദന്തങ്ങളാൽ:- (ധാതു+കൃത് ) + സുപ്
ഉദാ- പഠ് + ക്തവതു = പഠിതവത്+ അൻ(പു.ലിം) = പഠിതവാൻ (പഠിച്ചവൻ)
പഠിതവത്+ അതീ ( സ്ത്രീ.ലിം)= പഠിതവതീ
3.തദ്ധിതങ്ങളാൽ:- നാമപദത്തിനോട് തദ്ധിതപ്രത്യയം ചേർന്ന് പുതിയൊരു നാമപദം.
(പ്രാതിപദികം+തദ്ധിതം+സുപ് = സുബന്തം)
ഉദാ:- ഭാരത + തദ്ധിതം +സുപ് = ഭാരതീയഃ
4. സമാസങ്ങളാൽ:-രണ്ട് നാമപദങ്ങൾചേർന്ന് മറ്റൊരു നാമപദം (സമസ്തപദം)
ഉദാ:- നീലം+ ഉത്പലം = നീലോത്പലം
ഇതിൽ കൃദന്തവിഭാഗത്തിൽ പെട്ട പ്രത്യയങ്ങൾ മൂലമുള്ള പദവിഭാഗങ്ങൾ സംസ്കൃതഭാഷയിൽ വളരെ പ്രധാനപ്പെട്ടതാണ്.
കൃദന്തങ്ങൾ:- സംസ്കൃതഭാഷയിൽ ഏതാണ്ട് രണ്ടായിരത്തിൽപ്പരം ധാതുക്കൾ നിർവ്വചിക്കപ്പെട്ടിട്ടുണ്ട്. ഇവയിൽ മിക്കവാറും ധാതുക്കളോടുകൂടി "കൃത് " വിഭാഗത്തിൽപ്പെട്ട പ്രത്യയങ്ങൾ ചേർന്ന് പുതിയ നാമ/നാമവിശേഷണ പദങ്ങളുണ്ടാവുന്നു. ചില കൃത് പ്രത്യയങ്ങൾ ചേർന്ന് ക്രിയാവിശേഷണങ്ങളും ഉണ്ടാവുന്നുണ്ട്. പൊതുവിൽ "കൃദന്തങ്ങൾ" നാമങ്ങളായാണ് പരിഗണിക്കപ്പെടുന്നത്.
ഏതാണ്ട് 140 നടുത്ത് വിവിധതരം കൃത് പ്രത്യയങ്ങളുണ്ട്. ഇപ്രകാരം രൂപംകൊള്ളുന്നതാണ് സംസ്കൃതഭാഷയിലെ 95% നാമപദങ്ങളും (പ്രാതിപദികം). ഇതിൽനിന്ന് കൃദന്തങ്ങളുടെ പ്രാധാന്യം നമുക്ക് മനസ്സിലാക്കാം. പ്രധാനപ്പെട്ട കുറച്ച് കൃദന്തങ്ങളെ നമുക്ക് പരിശോധിക്കാം.
ആശയപരമായി ഇവയെ നാലുവിധത്തിലായി കണക്കാക്കാം.
1. കർത്തരി:- (കർതൃരൂപത്തിലുള്ള നാമങ്ങളോ നാമവിശേഷണങ്ങളോ):-
"ണ്വുൽ " ; "തൃച് " ; "ശതൃ" ; "ശാനച്"; "ക്കിപ്"
2. ഭാവേ :- ( പ്രവൃത്തിപരമായ നാമങ്ങൾ ):-
"ല്യുട് " ; "ക്തിൻ"; " അ "; " ഘഞ് " ; "അച് "
3. ഭൂതേ :- (ഭൂതകാല പ്രവൃത്തിസൂചകം):-
"ക്തവതു " ; " ക്ത "
4. വിധി :- ( പ്രകാരമായ ആജ്ഞാ രൂപത്തിലുള്ളവ):- "അനീയർ "; "തവിയത് "; "യത്/ണ്യത് "
മേൽപ്പറഞ്ഞ വിവിധകൃദന്തങ്ങളുടെ ലിംഗവചനവിഭക്തി വ്യത്യാസങ്ങളാൽ, ആയിരക്കണക്കിന് ധാതുക്കളോട് നൂറുകണക്കിന് കൃദന്തങ്ങൾ ചേർന്നുണ്ടാവുന്ന ലക്ഷക്കണക്കിനുപദങ്ങളാൽ സമ്പന്നമാകുന്നു ഭാഷ! തല്ക്കാലം ചില ഉദാഹരണങ്ങൾ നോക്കാം.
1. ല്യുട് :- പ്രവൃത്തിപരമായരൂപമുള്ള ഈ കൃത് പ്രത്യയം ഒരുതരത്തിൽ ക്രിയാനാമമായി കണക്കാക്കാം. ഉദാഹരണത്തിന് "പഠ് " എന്ന ധാതുവിനോട് 'ല്യുട്' പ്രത്യയം ചേരുമ്പോൾ "പഠനം " എന്ന നാമരൂപം ലഭിക്കുന്നു. ഇതുപോലെ ധാതുക്കളോട് "അനം" / "അണം" എന്ന ശബ്ദങ്ങൾ ചേർന്നുവരുന്നു. (ല്യുട് കൃദന്തത്തിന്റെ ശബ്ദരൂപം 'അനം/അണം' എന്ന് പ്രകൃതം)
ധാതു ല്യുട്
ലിഖ് (എഴുതുക) ലേഖനം (എഴുത്ത് )
ഗമ് (പോവുക) ഗമനം ( പോക്ക് )
ജന് ( ജനിക്കുക) ജനനം
മൃ (മരിക്കുക) മരണം
കൃ (ചെയ്യുക) കരണം (ചെയ്യൽ)
ഖാദ് (തിന്നുക) ഖാദനം (തിന്നൽ)
രുദ് (കരയുക) രോദനം (കരച്ചിൽ)
ഗൈ (പാടുക) ഗാനം (പാട്ട്)
ഇതുപോലെ തരണം, നർതനം, പാനം, ഭാഷണം, ഹസനം, ധ്യാനം, ശയനം.)
മുകളിൽ കൊടുത്ത പദങ്ങളിൽ നിന്നും ഏതാണ്ടെല്ലാ ധാതുക്കളിൽ നിന്നും ല്യുട് പ്രത്യയം ചേർന്ന ഭാവാർഥകൃദന്തങ്ങൾ ഉണ്ടാകുന്നതായിക്കാണാം. പ്രധാനപ്പെട്ട കൃദന്തങ്ങളിൽ ചിലത് വരുംപാഠങ്ങളിൽ നമുക്ക് കാണാം.
🌹അനുബന്ധം:- ,(ധ്യാനം,ആവാഹനം,ആസനം,പാദ്യപ്രദാനം,അർഘ്യപ്രദാനം,ആചമനീയപ്രദാനം,സ്നാനം,വസ്ത്രധാരണം,യജ്ഞോപവീതധാരണം,ഗന്ധലേപനം,പുഷ്പാർചനം,ധൂപാരാധനം,ദീപദർശനം,നിവേദനം,നീരാജനം,പ്രാർഥനം - ഇവ പൂജാവിധാനത്തിലെ ഷോഡശാചാരങ്ങളാണ്.) അനം/ അണം എന്നീ ശബ്ദങ്ങളിലെ വ്യത്യാസത്തിന്റെ നിയമം (ണത്വം - നകാരം എപ്പോൾ ണകാരമായി മാറുന്നു എന്നത്) വഴിയേ കാണാം.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
🌹 സംസ്കൃതഭാഷാപരിചയം -23 🌹
രാജേന്ദ്രൻ.ഡി
🥀 കൃദന്തങ്ങൾ ( തുടർച്ച) 🥀
ഭാവാർത്ഥ(പ്രവൃത്തിസൂചകം)കൃദന്തങ്ങളിൽപെട്ട "ല്യുട് " പ്രത്യയത്തിലവസാനിക്കുന്ന 'ല്യുടന്ത'ങ്ങളാണ് കഴിഞ്ഞതവണ നമ്മൾ കണ്ടത്. ല്യുട് പ്രത്യയം ക്രിയാധാതുവിനോടുചേരുമ്പോൾ "അനം/അണം" എന്നീശബ്ദങ്ങളായി മാറുന്നു. ഇനി നമുക്ക് കർത്തരിവിഭാഗത്തിലെ കൃദന്തങ്ങളായ "ശതൃ "/ "ശാനച് " പ്രത്യയാന്തങ്ങളായ കൃദന്തങ്ങളെ നോക്കാം.
ശത്രന്തവും ശാനജന്തവും :- ഒരേസമയം നാമവിശേഷണങ്ങളായും ക്രിയാവിശേഷണങ്ങളായും ഉപയോഗിക്കാവുന്നവയാണിവ. നാമപദത്തിനു മുന്നിലായി നാമവിശേഷണമായും ക്രിയാപദത്തിനുമുന്നിലായി ക്രിയാവിശേഷണമായും പ്രയോഗിക്കാം. ശത്രന്തം പരസ്മൈപദിധാതുവിനും, ശാനജന്തം ആത്മനേപദിധാതുവിനും ഒപ്പമാണുപയോഗിക്കുക. ഉദാഹരണങ്ങൾ കണ്ടുകഴിഞ്ഞ് ഇവയുടെ മറ്റുസവിശേഷതകൾ നോക്കാം.
1. ശത്രന്തം:- ബാലകഃ ക്രീഡൻ പഠതി = ബാലൻ കളിച്ചുകൊണ്ട് പഠിക്കുന്നു. (ക്രീഡൻ = കളിച്ചുകൊണ്ട്-വർത്തമാനകാലക്രിയാവിശേഷണം -Present Continuous)
ഇവിടെ ബാലൻ പഠിക്കുന്ന സമയത്തുതന്നെ കളിക്കുന്നുമുണ്ട്. 'പഠിക്കുന്നു' എന്ന പ്രധാനക്രിയയുടെ വിശേഷണമാണ് 'കളിച്ചുകൊണ്ട് ' എന്നത്. പഠിക്കുന്നസമയം തന്നെ തുടർന്നുകൊണ്ടിരിക്കുന്ന പ്രവൃത്തിയാണത്. ഒരുതരത്തിൽ ഒരേസമയം 'ബാലകഃ ക്രീഡതി = ബാലൻ കളിക്കുന്നു ' എന്ന വാക്യവും 'ബാലകഃ പഠതി = ബാലൻ പഠിക്കുന്നു' എന്നവാക്യവും ചേർന്നതുപോലെയാണ്. എങ്കിലും പഠതി എന്ന പ്രധാന ക്രിയയ്ക്കാണിവിടെ ഊന്നൽ. കളിക്കുന്നു എന്നതിന് ഊന്നൽ നല്കിയാൽ,
ബാലകഃ പഠൻ ക്രീഡതി = ബാലൻ പഠിച്ചുകാണ്ട് കളിക്കുന്നു എന്നാകും. (പഠൻ =പഠിച്ചുകൊണ്ട്)
അംബാ ഗായൻ പചതി = അമ്മ പാടിക്കൊണ്ട് പാചകംചെയ്യുന്നു. (ഗായൻ = പാടിക്കൊണ്ട്). ഇവിടെ പാചകംചെയ്യുന്നു എന്ന പ്രധാന ക്രിയയുടെ വിശേഷണമായി വരുന്നു, പാടിക്കൊണ്ട് എന്നത്. ഏതാണ്ടെല്ലാ പരസ്മൈപദിധാതുക്കൾക്കും ശത്രന്തങ്ങൾ ഉണ്ട്. ഇവിടെ ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കണം. കൃദന്തങ്ങൾ നാമരൂപങ്ങളായതിനാൽ സ്വാഭാവികമായും അവയ്ക്ക് ലിംഗവചനവിഭക്തിവ്യത്യാസങ്ങളോടെ വിവിധരൂപങ്ങളുണ്ടാവാം. മേൽക്കൊടുത്ത ഉദാഹരണങ്ങളിൽ 'ക്രീഡൻ = കളിച്ചുകൊണ്ട്' എന്ന് സാന്ദർഭികമായി അർത്ഥം പറഞ്ഞെങ്കിലും യഥാർത്ഥത്തിൽ 'ക്രീഡൻ = കളിക്കുന്നവൻ' എന്ന് നാമരൂപാർത്ഥമാണ് ഉള്ളത്. അതായത്, "ബാലകഃ ക്രീഡൻ പഠതി = ബാലൻ കളിക്കുന്നവൻ പഠിക്കുന്നു " എന്നാണ് ശരിയായ അർത്ഥം. "കളിക്കുന്നവൻ പഠിക്കുന്നു " എന്നുപറഞ്ഞാൽ , "കളിച്ചുകൊണ്ടുപഠിക്കുന്നു " എന്നുതന്നെ ആശയം. ഇനി ഇതേ ശത്രന്തങ്ങൾ തന്നെ നാമവിശേഷണമായി വരുന്നത് നോക്കാം. ആദ്യ ഉദാഹരണത്തിൽ " ബാലകഃ ക്രീഡൻ പഠതി = ബാലൻ കളിച്ചുകൊണ്ട് പഠിക്കുന്നു" എന്നത്
"ക്രീഡൻ ബാലകഃ പഠതി " എന്ന് ( 'ക്രീഡൻ' , 'ബാലകഃ' യുടെ മുൻപിൽ) പ്രയോഗിച്ചാൽ "കളിക്കുന്ന ബാലൻ പഠിക്കുന്നു " എന്നാവും അർത്ഥം. ഇവിടെ ശത്രന്തമായ 'ക്രീഡൻ'= 'പഠിക്കുന്ന ' എന്ന ബാലക പദത്തിന്റെ നാമവിശേഷണരൂപമാവും. അതുപോലെ
"ഗായൻ അംബാ പചതി " = പാടുന്ന അമ്മ പാചകം ചെയ്യുന്നു. ആശയങ്ങളിൽ വ്യത്യാസം ഒന്നുമില്ലെന്ന് കാണാം. പ്രധാനപ്പെട്ട കാര്യം ഇത് വർതമാനകാലിക കൃദന്തമാണ് എന്നതാണ്.
ചില പ്രധാന ധാതുക്കളുടെ ശത്രന്തരൂപങ്ങൾ പരിചയപ്പെടാം.
ധാതുഃ ഏ.വ ദ്വി.വ ബ.വ
"പഠ് " - പഠതി - പഠതഃ - പഠന്തി (പഠിക്കുന്നു)
(ശത്രന്തങ്ങൾ)
പു.ലിം - പഠൻ - പഠന്തൗ - പഠന്തഃ
(പഠിക്കുന്നവൻ -2പഠിക്കുന്നവർ-പഠിക്കുന്നവർ)
സ്ത്രീ- പഠന്തീ - പഠന്ത്യൗ - പഠന്ത്യഃ
(പഠിക്കുന്നവൾ - 2പഠി..ൾമാർ - പഠി....ൾമാർ)
നപും- പഠത് - പഠതീ - പഠന്തി
(പഠിക്കുന്നത് - 2പഠിക്കുന്നവ - പഠിക്കുന്നവ)
ഉദാഹരണം:-
പഠന്തൗ ഛാത്രൗ പരസ്പരം പൃച്ഛതഃ = പഠിക്കുന്ന 2 കുട്ടികൾ അന്യോന്യം ചോദിക്കുന്നു
പഠന്തഃ ജനാഃ ധാർമ്മികാഃ ഭവന്തി = പഠിക്കുന്ന ജനങ്ങൾ ധാർമ്മികരാകുന്നു.
പഠന്തീ ബാലികാ സമ്യക് വദതി = പഠിക്കുന്ന പെൺകുട്ടി നന്നായി പറയുന്നു.
പഠന്ത്യൗ വനിതേ ദൂരദർശനം പശ്യതഃ = പഠിക്കുന്ന 2വനിതകൾ ടി.വി കാണുന്നു.
പഠന്ത്യഃ മഹിലാഃ പ്രശീതകാത് ജലം പിബന്തി = പഠിക്കുന്ന സ്ത്രീകൾ ഫ്രിഡ്ജിൽനിന്ന് വെള്ളം കുടിക്കുന്നു.
പഠത് മിത്രം പുസ്തകേ രേഖാചിത്രം രചയതി = പഠിക്കുന്ന സുഹൃത്ത് പുസ്തകത്തിൽ പടംവരയ്ക്കുന്നു.
**********************
ലിഖ് -ലിഖതി = എഴുതുന്നു
ലിഖൻ - ലിഖന്തൗ - ലിഖന്തഃ
ലിഖന്തീ - ലിഖന്ത്യൗ - ലിഖന്ത്യഃ
ലിഖത് - ലിഖതീ - ലിഖന്തി
*************************
പാ - പിബതി = കുടിക്കുന്നു.
പിബൻ - പിബന്തൗ - പിബന്തഃ
പിബന്തീ - പിബന്ത്യൗ - പിബന്ത്യഃ
പിബത് - പിബതീ - പിബന്തി
**************************
ഖാദ് - ഖാദതി = തിന്നുന്നു
ഖാദൻ - ഖാദന്തൗ - ഖാദന്തഃ
ഖാദന്തീ - ഖാദന്ത്യൗ - ഖാദന്ത്യഃ
ഖാദത് - ഖാദതീ - ഖാദന്തി
*******************************
മുകളിൽ കൊടുത്ത ശത്രന്തരൂപങ്ങളുടെ ഒരുപ്രത്യേകത നോക്കാം. പരസ്മൈപദി ക്രിയകളുടെ വർത്തമാനകാലബഹുവചനരൂപങ്ങളുടെ അവസാനമുള്ള "തി" കാരം ഒഴിവാക്കിയാൽ, ഏകവചനപുല്ലിംഗ ശത്രന്തം കിട്ടും. ( 'പഠന്തി'- 'തി' = 'പഠൻ') നാമപദങ്ങളുടെ ലക്ഷണങ്ങൾ മറ്റു വചനങ്ങളിൽ കാണാം, ചില്ലറ വ്യത്യാസങ്ങളോടെ. ഇവിടെ "ശത് " എന്ന പ്രത്യയത്തിന്റെ "അത് " ശബ്ദമാണ്, ക്രിയാധാതുക്കളോട് ചേരുന്നത്. സ്വാഭാവികമായും നപുംസകലിംഗമാണ് പ്രകൃതരൂപം. അതിനാൽ സ്വാഭാവികമായും "ശത്" പ്രത്യയമായ ശത്രന്തങ്ങളുടെ പുല്ലിംഗവും നപുംസകലിംഗവും "ത്"കാരാന്ത നാമപദങ്ങളാണ്. അതായത് വ്യഞ്ജനാന്തങ്ങൾ ഹലന്തങ്ങൾ). അതുകൊണ്ടുതന്നെ, പുല്ലിംഗ, നപുംസകലിംഗ ശത്രന്തങ്ങളുടെ 'ദ്വിതീയാ' മുതൽ 'സപ്തമീ' വരെയുള്ള വിഭക്തിരൂപങ്ങൾ തകാരാന്തനാമ പദങ്ങളുടെ രീതിയിലാണ്. ( തം, താ, തേ, തഃ, തഃ, തി ). "പഠൻ/ പഠന്തം/ പഠതാ/ പഠതേ/ പഠതഃ/ പഠതഃ/ പഠതി " എന്നിങ്ങനെ.
ഉദാ:- 1. പഠന്തം പുത്രം അംബാ ആഹ്വയതി = പഠിക്കുന്ന പുത്രനെ അമ്മ വിളിക്കുന്നു.(പഠന്തം = പഠിക്കുന്നവനെ- ദ്വിതീയാ) ഇവിടെ ശത്രന്തം നാമവിശേഷണമായാണ് ഉപയോഗപ്പെടുന്നത്. ഭാഷയിൽ മിക്കവാറും നാമവിശേഷണമായാണ്, ശത്രന്തങ്ങളും ശാനജന്തങ്ങളും പ്രയോജനപ്പെടുന്നത്.
2. പഠതാ അഗ്രജേന ബാലകസ്യ ക്രീഡാഭംഗം ഭവതി = പഠിക്കുന്ന ജ്യേഷ്ഠനാൽ ബാലകന്റെ കളിതടസ്സം ഭവിക്കുന്നു. ( പഠതാ = പഠിക്കുന്നവൻ കാരണം- തൃതീയാ)
3. പഠതേ അനുജായ, ജ്യേഷ്ഠഃ പാഠം ഉപദിശതി = പഠിക്കുന്ന അനുജനുവേണ്ടി ജ്യേഷ്ഠൻ പാഠം ഉപദേശിക്കുന്നു. ( പഠതേ = പഠിക്കുന്നവനായി - ചതുർഥീ).
4. പഠതഃ മിത്രാത് ഛാത്രഃ സംശയം ദൂരീകരോതി = പഠിക്കുന്ന കൂട്ടുകാരനിൽനിന്ന് വിദ്യാർത്ഥി സംശയം ദൂരീകരിക്കുന്നു. ( പഠതഃ = പഠിക്കുന്നവനിൽനിന്ന് - പഞ്ചമീ)
5. പഠതഃ ശിഷ്യസ്യ അഭിനന്ദനം കരോതി ഗുരുഃ
= പഠിക്കുന്ന ശിഷ്യന്റെ അഭിനന്ദനം ചെയ്യുന്നു, ഗുരു. (പഠതഃ = പഠിക്കുന്നവന്റെ - ഷഷ്ഠീ )
6. പഠതി പുത്രേ ജനകസ്യ അഭിമാനം അസ്തി = പഠിക്കുന്ന പുത്രനിൽ അച്ഛന് അഭിമാനം ഉണ്ട്.
(പഠതി = പഠിക്കുന്നവനിൽ - സപ്തമീ)
നപുംസകലിംഗപദങ്ങൾക്ക് സാധാരണയെന്നപോലെ പ്രഥമാവിഭക്തി രൂപങ്ങൾ പോലെതന്നെ ദ്വിതീയാ വിഭക്തിരൂപങ്ങളും. ശേഷം, തൃതീയാ മുതൽ പുല്ലിംഗരൂപം പോലെ തന്നയാണ്.
🌹സ്ത്രീലിംഗശത്രന്തരൂപങ്ങൾ:- മുകളിൽ കൊടുത്ത സ്ത്രീലിംഗ ഉദാഹരണങ്ങൾ നോക്കിയാൽ ( പഠന്തീ - പഠന്ത്യൗ - പഠന്ത്യഃ)
മനസ്സിലാകും ഇവ "ഈ"കാരാന്ത നാമപദ രൂപങ്ങളാണ്. ( ഏകവചനം) അതിനാൽ സ്വാഭാവികമായും ഈകാരാന്ത സ്ത്രീലിംഗപദങ്ങളുടെ വിഭക്തിരൂപങ്ങളാണ് സ്ത്രീലിംഗ ശത്രന്തങ്ങൾക്കുള്ളത്. ( 'നദീ'ശബ്ദം പോലെ) ( നദീം / നദ്യാ / നദ്യൈ / നദ്യാഃ / നദ്യാഃ / നദ്യാം ) അതുപോലെ ഇവിടെ
" പഠന്തീം / പഠന്ത്യാ / പഠന്ത്യൈ / പഠന്ത്യാഃ /പഠന്ത്യാഃ / പഠന്ത്യാം "
1.അധ്യാപകഃ പഠന്തീം ബാലികാം അഭിനന്ദതേ = അദ്ധ്യാപകൻ പഠിക്കുന്ന ബാലികയെ അഭിനന്ദിക്കുന്നു. ( പഠന്തീം = പഠിക്കുന്നവളെ - ദ്വിതീയാ )
2. പഠന്ത്യാ ബാലികയാ അംബാ തുഷ്യതി = പഠിക്കുന്ന ബാലിക കാരണം അമ്മ സന്തോഷിക്കുന്നു.
3. പഠന്ത്യൈ വനിതായൈ സഖീ അസൂയതി = പഠിക്കുന്ന വനിതയ്ക്കായി കൂട്ടുകാരി അസൂയപ്പെടുന്നു. (പഠന്ത്യൈ = പഠിക്കുന്നവൾക്കായി - ചതുർത്ഥീ )
4. പഠന്ത്യാഃ അംബായാഃ പുത്രഃ വിദ്യാം ആർജയതി = പഠിക്കുന്ന അമ്മയിൽനിന്ന്
പുത്രൻ വിദ്യ ആർജ്ജിക്കുന്നു.
5. പഠന്ത്യാഃ പുത്ര്യാഃ ലേഖനം അംബാ അവലോകയതി = പഠിക്കുന്ന പുത്രിയുടെ എഴുത്ത് അമ്മ നോക്കുന്നു. ( പഠന്ത്യാഃ = പഠിക്കുന്നവളുടെ - ഷഷ്ഠീ)
6. പഠന്ത്യാം അനുജായാം അഗ്രജസ്യ പ്രീതിഃ അസ്തി = പഠിക്കുന്ന അനുജത്തിയിൽ ജ്യേഷ്ഠന് പ്രീതി ഉണ്ട്. ( പഠന്ത്യാം = പഠിക്കുന്നവളിൽ - സപ്തമീ)
(ഇവിടെ മുൻപു സൂചിപ്പിച്ച ഒരുകാര്യം ആവർത്തിക്കുന്നു. മലയാളത്തിൽനിന്നു വ്യത്യസ്തമായി സംസ്കൃതത്തിൽ, നാമവിശേഷണങ്ങൾക്ക് വിശേഷിപ്പിക്കപ്പെടുന്ന (വിശേഷ്യം) നാമപദത്തിന്റെ സമാന ലിംഗ, വചന, വിഭക്തികൾ നിർബന്ധമായും വേണം. സമാസപ്രയോഗത്തിൽ മാത്രമേ ഇതൊഴിവാകുന്നുള്ളു! )
***********************************************
ആത്മനേപദി ക്രിയകൾക്കായി " ശാനച് " പ്രത്യയമാണ് മേൽപ്പറഞ്ഞപ്രകാരം വർത്തമാനകാലവിശേഷണങ്ങൾക്കായി ഉപയോഗിക്കുന്നതെന്ന് ആദ്യം പറഞ്ഞുവല്ലോ. അവയെ അടുത്ത പാഠത്തിൽ കാണാം. ഏവർക്കും നമസ്ക്കാരം!
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അനുബന്ധം:- ചില അസാധാരണ ക്രിയകളുടെ ശത്രന്തരൂപങ്ങൾ-
ധാതു ക്രിയാ ശത്രന്തം (ഏ.വ/പു.ലിം)
കൃ കരോതി കുർവൻ = ചെയ്യുന്നവൻ
ശ്രു ശൃണോതി ശൃണ്വൻ = കേൾക്കുന്നവൻ
ക്രീ ക്രീണാതി ക്രീണൻ = വാങ്ങുന്നവൻ
രുദ് രോദിതി രുദൻ = കരയുന്നവൻ
ശക് ശക്നോതി ശക്നുവൻ =
ശക്തനാവുന്നവൻ
ജ്ഞാ ജാനാതി ജാനൻ = അറിയുന്നവൻ
പ്രാപ് പ്രാപ്നോതി പ്രാപ്നുവൻ =
പ്രാപിക്കുന്നവൻ
ഗ്രഹ് ഗൃഹ്ണാതി ഗൃഹ്ണൻ =
ഗ്രഹിക്കുന്നവൻ
ദാ ദദാതി ദദത് = നല്കുന്നവൻ
ഭീ ബിഭേതി ബിഭ്യത് =പേടിക്കുന്നവൻ
(മുകളിൽ കാണിച്ച വിശേഷക്രിയകൾ പലതും സാധാരണനിയമങ്ങളിൽനിന്ന് വ്യത്യസ്തമാണ്. ക്രിയകളുടെ ഗണങ്ങൾ (ദശഗണങ്ങൾ ) പഠിക്കുമ്പോൾ സംശയം ദൂരീകരിക്കാം. കഴിഞ്ഞ പാഠങ്ങൾ പലതവണ ക്ഷമയോടെ ആവർത്തിച്ചുവായിച്ചാൽ മാത്രമേ മുന്നോട്ടുള്ള പാഠങ്ങൾ ഉൾക്കൊള്ളാനാവുകയുള്ളു. സംശയങ്ങൾ ഉണ്ടെങ്കിൽ കമന്റ് ചെയ്യാം. സസ്നേഹം!🙏🌹❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
🌹 സംസ്കൃതഭാഷാപരിചയം -24 🌹
രാജേന്ദ്രൻ.ഡി
🥀കൃദന്തങ്ങൾ (തുടർച്ച )🥀
വർത്തമാനകാല,ഏകവചന,പ്രഥമപുരുഷക്രിയാപദങ്ങളിൽ "തി " എന്നവസാനിക്കുന്നവയാണ് പരസ്മൈപദിക്രിയകൾ (പഠതി/ ലിഖതി/ വദതി മുതലായവ). "തേ" എന്നവസാനിക്കുന്നവ ആത്മനേപദിക്രിയകൾ ( വന്ദതേ/ കമ്പതേ / ഈക്ഷതേ / ആലോകതേ / വർധതേ മുതലായവ). രണ്ടുതരത്തിലും പ്രയോഗിക്കാവുന്നവ "ഉഭയപദി"ധാതുക്കളും. ( പചതി/പചതേ , ഭജതി/ഭജതേ, വഹതി/വഹതേ, യജതി/യജതേ, ധാവതി/ധാവതേ, നയതി/നയതേ, വയതി/വയതേ, വപതി/വപതേ, ഹ്വയതി/ഹ്വയതേ )
കഴിഞ്ഞതവണ നമ്മൾകണ്ട കൃദന്തങ്ങൾ പരസ്മൈപദി ധാതുക്കളിൽനിന്ന് രൂപംകൊള്ളുന്ന വർത്തമാനകാല നാമവിശേഷണങ്ങളായ "ശത്രന്തങ്ങ"ളായിരുന്നു. ഇന്ന് ആത്മനേപദിധാതുക്കളിൽനിന്ന് ഉളവാകുന്ന "ശാനജന്ത"ങ്ങളെ നോക്കാം. "ശാനച് " പ്രത്യയങ്ങൾ ആത്മനേപദിധാതുക്കളോട് ചേരുമ്പോൾ " ആന " അഥവാ "മാന " എന്നീ ശബ്ദങ്ങളായാണ് പ്രത്യക്ഷപ്പെടുന്നത്.
ഉദാഹരണം- " ഭക്തഃ വന്ദമാനഃ ദേവം പശ്യതി" = ഭക്തൻ വന്ദിച്ചുകൊണ്ട് ദേവനെ കാണുന്നു. ( വന്ദമാനഃ = വന്ദിച്ചുകൊണ്ട് - ക്രിയാവിശേഷണം- ശാനജന്തം)
അഥവാ "വന്ദമാനഃ ഭക്തഃ ദേവം പശ്യതി" = വന്ദിക്കുന്ന ഭക്തൻ ദേവനെ കാണുന്നു. ( വന്ദമാനഃ= വന്ദിക്കുന്ന - നാമവിശേഷണം - ശാനജന്തം.) യഥാർത്ഥത്തിൽ നാമരൂപങ്ങളായ കൃദന്തങ്ങളായതിനാൽ ശരിക്കുള്ള അർത്ഥം "വന്ദിക്കുന്നവൻ" എന്നാണ്. ("വന്ദിക്കുന്നവൻ ഭക്തൻ ദേവനെക്കാണുന്നു" എന്നാണ് വാക്യാർത്ഥം.) കമ്പമാനഃ വൃക്ഷഃ = വിറയ്ക്കുന്ന മരം. ഭാഷമാണഃ ഛാത്രഃ = സംസാരിക്കുന്ന വിദ്യാർത്ഥി. ബാധമാനാ വേദനാ = ബാധിക്കുന്ന വേദന. യാചമാനാഃ ഭിക്ഷുകാഃ = യാചിക്കുന്ന ഭിക്ഷക്കാർ. ലമ്ബമാനം ഫലം = തൂങ്ങിക്കിടക്കുന്ന പഴം. വർധമാനാ ലതാ = വളരുന്ന വള്ളി.
ഇവിടെ ഏതൊരു ശാനജന്തവും ( രാമഃ / സീതാ / ഫലം) എന്നമട്ടിൽ പുല്ലിംഗം/ സ്ത്രീ ലിംഗം/ നപുംസകലിംഗം രൂപങ്ങൾ ആർജ്ജിക്കുന്നു. ഉദാഹരണം- "കമ്പമാന" (വിറയ്ക്കുന്ന) എന്ന ശാനജന്തത്തിന്റെ വിവിധ ലിംഗവചനാദികൾ നോക്കാം.
കമ്പമാനഃ ഛാത്രഃ = വിറയ്ക്കുന്ന വിദ്യാർത്ഥി
കമ്പമാനൗ ഛാത്രൗ = വിറയ്ക്കുന്ന 2വിദ്യാർത്ഥികൾ.
കമ്പമാനാഃ ഛാത്രാഃ = വിറയ്ക്കുന്ന വിദ്യാർത്ഥികൾ.
കമ്പമാനാ ബാലികാ = വിറയ്ക്കുന്ന പെൺകുട്ടി
കമ്പമാനേ ബാലികേ=വിറയ്ക്കുന്ന2പെൺകുട്ടി
കമ്പമാനാഃ ബാലികാഃ= വിറ......പെൺകുട്ടികൾ.
കമ്പമാനം ഫലം = വിറയ്ക്കുന്ന പഴം.
കമ്പമാനേ ഫലേ = വിറയ്.....2പഴങ്ങൾ
കമ്പമാനാനി ഫലാനി = വിറയ്...പഴങ്ങൾ.
***********************************************
അകാരാന്തപുല്ലിംഗം, ആകാരാന്തസ്ത്രീലിംഗം, അകാരാന്ത (അനുസ്വാര) നപുംസകം ഇങ്ങനെ നാമപദങ്ങളുടെ അതേരീതിയിൽ ലിംഗവചനവിഭക്തികൾ ശാനജന്തത്തിനും വരും. കാരണം വിശേഷിപ്പിക്കപ്പെടുന്ന നാമപദങ്ങളുടെ ലിംഗ/ വചന/ വിഭക്തികൾതന്നെ വിശേഷണങ്ങൾക്കും വേണമെന്നതിനാൽ. ഉദാഹരണങ്ങൾ നോക്കാം.
1. വാനരഃ ലംബമാനം ഫലം ഗൃഹീതവാൻ
= കുരങ്ങൻ തൂങ്ങിക്കിടക്കുന്ന പഴം എടുത്തു.
( ലംബമാനം ഫലം = തൂങ്ങിക്കിടക്കുന്നതിനെ പഴത്തെ - ദ്വിതീയാവിഭക്തി )
2. പ്രകാശമാനേന ചന്ദ്രേണ ജനാഃ സന്തുഷ്ടവന്തഃ = പ്രകാശിക്കുന്ന ചന്ദ്രനാൽ ജനങ്ങൾ സന്തുഷ്ടരായി. ( പ്രകാശമാനേന ചന്ദ്രേണ = പ്രകാശിക്കുന്നവനാൽ ചന്ദ്രനാൽ- തൃതീയാവിഭക്തി )
3. യാചമാനായ ഭിക്ഷുകായ ധാന്യം ദദാതി = യാചിക്കുന്ന ഭിക്ഷക്കാരനായി ധാന്യം നല്കുന്നു. ( യാചമാനായ = യാചിക്കുന്നവനായി - ചതുർത്ഥീവിഭക്തി )
4. ബാധമാനാത് രോഗാത് സഃ ഭീതിദഃ = ബാധിക്കുന്ന രോഗത്തിൽനിന്ന് അവൻ ഭീതിദനായി. ( ബാധമാനാത് = ബാധിക്കുന്നതിൽനിന്ന് - പഞ്ചമീവിഭക്തി )
5. വന്ദമാനസ്യ ഭക്തസ്യ ആഗ്രഹഃ സഫലീകൃതഃ = വന്ദിക്കുന്ന ഭക്തന്റെ ആഗ്രഹം സഫലീകൃതം ( വന്ദമാനസ്യ = വന്ദിക്കുന്നവന്റെ - ഷഷ്ഠി )
6. പലായമാനേ ചോരേ ആരക്ഷകാണാം സ്പർധാ ഭവതി = ഓടുന്ന കള്ളനിൽ പോലീസുകാരന് വാശി ഉണ്ട്. ( പലായമാനേ = ഓടുന്നവനിൽ - സപ്തമീവിഭക്തി )
***********************************************
ശാനജന്തങ്ങളിൽ, ചില ധാതുക്കളോട് 'ശാനച് ' പ്രത്യയം ചേരുമ്പോൾ "മാന" എന്നതിനുപകരം "ആന " എന്ന ശബ്ദമാണ് വരിക. ഉദാ:- കുരുതേ = ചെയ്യുന്നു . ഇതിന്റെ ശാനജന്തരൂപം "കുർവാണ" എന്നാണ്. അതുപോലെ
ചിനുതേ = തിരഞ്ഞെടുക്കുന്നു
ചിന്വാനഃ= തിരഞ്ഞെടുക്കുന്നവൻ
ഭുങ്ക്തേ = ഭുജിക്കുന്നു
ഭുഞ്ജാനഃ = ഭുജിക്കുന്നവൻ
ഗൃഹ്ണീതേ = ഗ്രഹിക്കുന്നു
ഗൃഹ്ണാനഃ = ഗ്രഹിക്കുന്നവൻ
ജാനീതേ = അറിയുന്നു
ജാനാനഃ = അറിയുന്നവൻ
ശേതേ = ശയിക്കുന്നു
ശയാനഃ = ശയിക്കുന്നവൻ
മുകളിൽ കൊടുത്ത ശാനജന്തങ്ങളെല്ലാം "ആന" ശബ്ദത്തിലവസാനിക്കുന്നു. ഈ ക്രിയാപദങ്ങളുടെയെല്ലാം അവസാനത്തെ "തേ" എന്ന പ്രത്യയത്തിനു മുൻപായി ഹൃസ്വ അകാരമല്ല എന്നുകാണാം. ചിനുതേ - തേ = ചിനു ; ഭുങ്ക്തേ- തേ = ഭുഞ് ; ഗൃഹ്ണീതേ-തേ = ഗൃഹ് ; ജാനീതേ - തേ = ജാനീ ; ശേതേ - തേ = ശേ ; ഇവിടെയെല്ലാം 'ഉ / ഋ /ഈ/ ഏ ' തുടങ്ങിയ സ്വരങ്ങളാണ്. ഇങ്ങിനെയുള്ള ധാതുക്കളുടെ ശാനജന്തത്തിലാണ് "മാന " എന്നതിനുപകരം " "ആന" എന്നുവരുന്നത്.
***********************************************
ശത്രന്തങ്ങളും ശാനജന്തങ്ങളും വർത്തമാനകാലരൂപത്തിലെപ്പോലെ ഭാവികാല (ലൃട് ) രൂപത്തിലും വിശേഷണങ്ങളായി ഉപയോഗിക്കാവുന്ന കൃദന്തങ്ങളാണ്. ഭാവികാലക്രിയകളിൽ അവസാനപ്രത്യയത്തിനു തൊട്ടുമുന്നിലായി ചേർക്കുന്ന 'ഇഷ്യ' ശബ്ദം ചേർത്താൽ വർത്തമാനകാല ശതൃ/ ശാനച് കൃദന്തങ്ങൾ ഭാവികാലരൂപമാവും. അതായത് ശത്രന്തങ്ങൾക്ക് "ഇഷ്യത് " എന്നും ശാനജന്തങ്ങൾക്ക് "ഇഷ്യമാന " എന്നും ചേർക്കണം. ഉദാ:- വനം ഗമിഷ്യൻ രാമഃ = വനത്തിലേക്ക് ഭാവിയിൽ പോകുന്ന (പോകാനൊരുങ്ങുന്ന) രാമൻ. അതായത് 'ഗമിഷ്യൻ' = പോകാനൊരുങ്ങുന്നവൻ എന്ന ഭാവികാല ശത്രന്തം. പഠിഷ്യൻ ബാലകഃ = പഠിക്കാനൊരുങ്ങുന്ന ബാലൻ.
വന്ദിഷ്യമാണഃ ഭക്തഃ = വന്ദിക്കാനൊരുങ്ങുന്ന ഭക്തൻ ( ഭാവികാല ശാനജന്തം).
ഭാഷയിൽ വളരെയേറെ ഉപയോഗമുള്ളവയാണ് "ശതൃ/ശാനച്" കൃദന്തങ്ങളെന്ന് പറയേണ്ടതില്ലല്ലോ! ഏവർക്കും നമസ്ക്കാരം.🙏🌹
***********************************************
🌹അനുബന്ധം :- "ണത്വം" അഥവാ 'ണ'കാര നിയമം :- സംസ്കൃതപദങ്ങളിൽ പലപ്പോഴും 'ന'കാരത്തിനുപകരം 'ണ'കാരം ഉപയോഗിക്കുന്നതായിക്കാണാം. 'പുഷ്പം' എന്ന നപുംസകപദത്തിന്റെ ബഹുവചനരൂപം 'പുഷ്പാനി ' എന്നല്ല, "പുഷ്പാണി " എന്നാണ്! അതുപോലെ നക്ഷത്രാണി, രുപ്യകാണി, രാമേണ,കര്ണഃ, പിതൃ†ണാം തുടങ്ങിയ പദങ്ങളിലെല്ലാം നകാരത്തിനുപകരം ണകാരമാണെന്നു കാണാം. ഈവിധപ്രയോഗങ്ങളുടെ നിയമം പറയുന്നു. നകാരത്തിനുമുൻപായി "ര "(രേഫം), "ഋ "കാരം, "ഷ"കാരം എന്നിവയിലേതെങ്കിലും നിമിത്തങ്ങളായി വന്നാൽ നകാരം ണകാരമായി മാറും. ഉദാ:- കര്ണഃ , കൃഷ്ണഃ, പുത്രേണ, ഉഷ്ണം, ദക്ഷിണാ മുതലായപദങ്ങളിൽ നിമിത്തങ്ങൾക്കു ശേഷം വന്ന നകാരം ണകാരമായി മാറി.
കൂടാതെ നിമിത്തത്തിനുശേഷം നകാരത്തിനുമുൻപായി ( നിമിത്തത്തിനും നകാരത്തിനുമിടയിലായി ) അവ്യവധായക വർണ്ണങ്ങൾ ( തടസ്സപ്പെടുത്താത്ത ) വന്നാൽ (കവർഗ്ഗം, പവർഗ്ഗം, ഹ,യ,വ എന്നീവർണ്ണങ്ങളേതെങ്കിലും) ണത്വം തന്നെ സംഭവിക്കും. ഉദാ:- പുഷ്പാണി - ഇവിടെ നിമിത്തമായ 'ഷ'കാരത്തിനുശേഷം 'ന'കാരത്തിനുമുൻപായി പവർഗ്ഗത്തിലെ 'പ'കാരം വന്നതിനാൽ 'ണത്വം' സംഭവിച്ചു. അതുപോലെ 'രുപ്യകാണി'- ഇവിടെ ആദ്യവർണ്ണമായ രേഫത്തിനും അവസാനവർണ്ണമായ 'ന'കാരത്തിനുമിടയിൽ "പ, യ, ക " എന്നീ അവ്യവധായക വർണ്ണങ്ങളായതിനാൽ ണത്വം സംഭവിച്ചു.
എന്നാൽ 'നീരജേന' എന്ന പദത്തിൽ നിമിത്തമായ രേഫത്തിനും 'ന'കാരത്തിനുമിടയിൽ വ്യവധായകവർണ്ണമായ 'ജ'കാരം വന്നതിനാൽ ണത്വം സംഭവിക്കാതെ നകാരം മാറ്റമില്ലാതെ നില്ക്കുന്നു. മറ്റുദാഹരണങ്ങൾ സ്വയം പരിശോധിക്കുക!🌹
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
🌹 സംസ്കൃതഭാഷാപരിചയം - 25 🌹
രാജേന്ദ്രൻ.ഡി
🥀 കൃദന്തങ്ങൾ ( തുടർച്ച ) 🥀
വർത്തമാനകാല / ഭാവികാല കർതൃപദകൃദന്തങ്ങളായ ശത്രന്തങ്ങളും ശാനജന്തങ്ങളും കണ്ടുകഴിഞ്ഞു. അടുത്തതായി ഭൂതകാലക്രിയാസൂചകങ്ങളായ "ക്തവതു" / "ക്ത " പ്രത്യയാന്തങ്ങളായ രണ്ടു കൃദന്തങ്ങൾ നോക്കാം. ഇവയിൽ 'ക്തവതു ' കർത്തരിപ്രയോഗത്തിലും 'ക്ത ' കർമ്മണിപ്രയോഗത്തിലുമാണ് ഉപയോഗിക്കുന്നത്.
🌹" ക്തവതു " :- മുൻപ് പതിനൊന്നാം പാഠത്തിൽ സൂചിപ്പിച്ചതുപോലെ ഭൂതകാല 'ലങ്' ലകാരക്രിയകൾക്കുപകരം എളുപ്പത്തിൽ ഉപയോഗിക്കാവുന്നവയാണ് 'ക്തവതു' പ്രത്യയം. ഉദാ:- ബാലകഃ അപഠത് = ബാലകൻ പഠിച്ചു. ( ഇത് ലങ് ലകാര ക്രിയ അഥവാ അനദ്യതനഭൂതകാലക്രിയാരൂപമാണ്. ) ഇതിനുപകരം "ബാലകഃ പഠിതവാൻ" = "ബാലകൻ പഠിച്ചവൻ " എന്ന് "ക്തവതു" പ്രത്യയത്തിൽ പറയാം, രണ്ടും ഒരേ ആശയമെന്നതിനാൽ. ( "പഠിച്ചവൻ" എന്നാൽ അവൻ പഠിച്ചുകഴിഞ്ഞു എന്ന ഭൂതകാലധ്വനി വരുന്നുണ്ട്.) ഇവിടെ 'ക്തവതു ' കൃദന്തമായതിനാൽ നാമരൂപത്തിന്റെ ലിംഗവചനാദികൾ പാലിക്കണം. പക്ഷേ പ്രഥമ/ മധ്യമ/ ഉത്തമപുരുഷവ്യത്യാസങ്ങൾ പാലിക്കേണ്ട ആവശ്യമില്ലാത്തതിനാൽ ലങ്ലകാരക്രിയാപദം ഉപയോഗിക്കുന്നതിലും എളുപ്പമാണ് ക്തവതു. അതായത് ലങ് ലകാരത്തിൽ താഴെപ്പറയുന്ന വാക്യങ്ങൾ ശ്രദ്ധിക്കുക.
1. സഃ അപഠത് = അവൻ പഠിച്ചു
2. തൗ അപഠതാം = അവർ2 പഠിച്ചു
3. തേ അപഠൻ = അവർ പഠിച്ചു
4. ത്വം അപഠഃ = നീ പഠിച്ചു (മധ്യമപുരുഷൻ)
5. യുവാം അപഠതം = നിങ്ങൾ2 പഠിച്ചു
6. യൂയം അപഠത = നിങ്ങൾ പഠിച്ചു
7. അഹം അപഠം = ഞാൻ പഠിച്ചു ( ഉത്തമ)
8. ആവാം അപഠാവ = ഞങ്ങൾ2 പഠിച്ചു
9. വയം അപഠാമ = ഞങ്ങൾ പഠിച്ചു
ഇനി മേൽ വാക്യങ്ങൾ യഥാക്രമം 'ക്തവതു' കൃദന്തം ഉപയോഗിച്ചു പറഞ്ഞാൽ-
1. സഃ പഠിതവാൻ = അവൻ പഠിച്ചവൻ
2. തൗ പഠിതവന്തൗ = അവർ2 പഠിച്ചവർ
3. തേ പഠിതവന്തഃ = അവർ പഠിച്ചവർ
4. ത്വം പഠിതവാൻ = നീ പഠിച്ചവൻ ( മധ്യമ)
5. യുവാം പഠിതവന്തൗ = നിങ്ങൾ2 പഠിച്ചവർ
6. യൂയം പഠിതവന്തഃ = നിങ്ങൾ പഠിച്ചവർ
7. അഹം പഠിതവാൻ = ഞാൻ പഠിച്ചവൻ
8. ആവാം പഠിതവന്തൗ = ഞങ്ങൾ2 പഠിച്ചവർ
9. വയം പഠിതവന്തഃ = ഞങ്ങൾ പഠിച്ചവർ
ഇവിടെ പക്ഷേ ലിംഗവ്യത്യാസം ശ്രദ്ധിക്കണം.
സഃ പഠിതവാൻ എന്നാണെങ്കിൽ സാ പഠിതവതീ എന്നാണ് സ്ത്രീലിംഗരൂപം. എന്നാൽ ത്വം,അഹം തുടങ്ങിയ ത്രിലിംഗകരൂപങ്ങൾക്ക് ക്തവതു പ്രയോഗത്തിലൂടെ ലിംഗനിർണ്ണയം സാദ്ധ്യമാവുന്നു എന്നൊരു പ്രത്യേകതയുമുണ്ട്.
ലിംഗഭേദത്തിന് ഉദാഹരണങ്ങൾ :-
രാമഃ വനം ഗതവാൻ = രാമൻ വനത്തിലേക്ക് പോയവൻ.
സീതാ രാമേണ സഹ വനം ഗതവതീ = സീത രാമന്റെകൂടെ വനത്തിലേക്ക് പോയവൾ.
പ്രഭാതേ യാനം ഗതവത് = രാവിലേ വണ്ടി പോയത്.
( മേൽ ഉദാഹരണങ്ങളിൽ യഥാക്രമം
രാമൻ വനത്തിലേക്ക് പോയി
സീത രാമന്റെകൂടെ വനത്തിലേക്കു പോയി
രാവിലേ വണ്ടി പോയി
എന്നിങ്ങനെ ഭൂതകാലക്രിയയ്ക്കു തുല്യം അർത്ഥമാണ് കല്പിക്കാവുന്നത്.)
ക്തവതു, പുല്ലിംഗരൂപത്തിൽ ക്രിയാധാതുവിനോട് "ഇതവാൻ / തവാൻ " എന്നും സ്ത്രീലിംഗത്തിൽ "ഇതവതീ / തവതീ " എന്നും നപുംസകലിംഗത്തിൽ "ഇതവത് / തവത് " എന്നും ശബ്ദങ്ങളായിച്ചേരുന്നു. ചില സാധാരണ ധാതുക്കളുടെ "ക്തവതു " രൂപം പതിനൊന്നാം പാഠത്തിൽ കൊടുത്തിരുന്നത് ശ്രദ്ധിക്കുക. ഇതുപോലെ ഭൂതകാല കർമ്മണിപ്രയോഗമായ "ക്ത " പ്രത്യയ കൃദന്തങ്ങൾ അടുത്ത പാഠത്തിൽ കാണാം! 🌹
❤️ അനുബന്ധം :-
പരസ്മൈപദി ക്രിയകൾ :-
മലയാളം ലട് കൃദന്തഭൂതം(ക്തവതു)
പോകുന്നു =ഗച്ഛതി ഗതവാൻ
പഠിക്കുന്നു = പഠതി പഠിതവാൻ
വീഴുന്നു = പതതി. പതിതവാൻ
പറയുന്നു. = വദതി. ഉക്തവാൻ
കുടിക്കുന്നു = പിബതി പീതവാൻ
എഴുതുന്നു = ലിഖതി ലിഖിതവാൻ
നയിക്കുന്നു = നയതി നീതവാൻ
കാണുന്നു = പശ്യതി ദൃഷ്ടവാൻ
ചോദിക്കുന്നു = പൃച്ഛതി പൃഷ്ടവാൻ
ചേരുന്നു = മിലതി മിലിതവാൻ
ഉപേക്ഷിക്കുന്നു = ത്യജതി ത്യക്തവാൻ
അയക്കുന്നു = പ്രേഷയതി പ്രേഷിതവാൻ
തിന്നുന്നു = ഖാദതി ഖാദിതവാൻ
കഴുകുന്നു = പ്രക്ഷാളയതി പ്രക്ഷാളിതവാൻ
എഴുനേല്ക്കുന്നു = ഉത്തിഷ്ഠതി ഉത്ഥിതവാൻ
ഇരിക്കുന്നു = ഉപവിശതി ഉപവിഷ്ടവാൻ
സ്ഥാപിക്കുന്നു = സ്ഥാപയതി സ്ഥാപിതവാൻ
ഓർക്കുന്നു = സ്മരതി സ്മൃതവാൻ
ഭവിക്കുന്നു = ഭവതി ----------------
കേൾക്കുന്നു = ശൃണോതി ശ്രുതവാൻ
ചെയ്യുന്നു = കരോതി. കൃതവാൻ
അറിയുന്നു = ജാനാതി ജ്ഞാതവാൻ
കൊടുക്കുന്നു = ദദാതി ദത്തവാൻ
**********************************************
ഇതുപോലെ ഏതാണ്ടെല്ലാക്രിയകളുടെയും ഭൂതകാലരൂപത്തിനു പകരം 'ഇതവാൻ' എന്ന് പുല്ലിംഗ നാമരൂപത്തിലും 'ഇതവതീ' എന്ന് സ്ത്രീലിംഗനാമരൂപത്തിലും 'ഇതവത്' എന്ന് നപുംസകലിംഗനാമരൂപത്തിലും മൂന്ന് വചനങ്ങളിലും ഏഴുവിഭക്തിരൂപങ്ങളിലും പുരുഷവ്യത്യാസമില്ലാതെ ഉപയോഗിക്കാം. താരതമ്യേന ഓർമ്മിക്കുവാൻ ലഘുവായ രൂപങ്ങളായതിനാൽ "ക്തവതു " പ്രത്യയ കൃദന്തം വ്യാപകമായി നിത്യവ്യവഹാരത്തിൽ ഉപയോഗിക്കുന്നു.🌹
🌹 സംസ്കൃതഭാഷാപരിചയം - 26 🌹
രാജേന്ദ്രൻ.ഡി
🥀കൃദന്തങ്ങൾ ( തുടർച്ച ) 🥀
🌹 "ക്ത " പ്രത്യയാന്തകൃദന്തം :- മുൻപു സൂചിപ്പിച്ചതുപോലെ ഇത് ഭൂതകാലക്രിയയ്ക്ക് പകരം ഉപയോഗിക്കുന്ന " ക്തവതു " പ്രത്യയത്തിന്റെ കർമ്മണിപ്രയോഗരൂപമാണ്.
കൃദന്തമായതിനാൽ നാമരൂപത്തിന്റെ സവിശേഷതകൾ ഇതിനുമുണ്ട്. കർമ്മണിപ്രയോഗരൂപമായതിനാൽ അതിന്റെ പൊതുനിയമങ്ങൾ ഒന്നുശ്രദ്ധിക്കാം.
1. കർമ്മണിപ്രയോഗത്തിൽ കർമ്മം പ്രഥമാവിഭക്തിയിലും കർത്താവ് തൃതീയാവിഭക്തിയിലുമായിരിക്കും.
2. ക്രിയാപദത്തിനുപകരം ഇവിടെ ഉപയോഗിക്കുന്ന "ക്ത " പ്രത്യയാന്തകൃദന്തപദത്തിന്റെ ലിംഗവചനങ്ങൾ കർമ്മപദത്തിനനുസൃതമാവണം.
ഭൂതകാലപ്രയോഗമായതിനാൽ പ്രവൃത്തിയുടെ സമാപനം സൂചിപ്പിക്കുന്നതാണ് "ക്ത " പ്രത്യയം.
ചില ഉദാഹരണങ്ങൾ:-
1. ബാലകേന പാഠഃ പഠിതഃ ( ബാലകനാൽ പാഠം പഠിക്കപ്പെട്ടത് = ബാലകനാൽ പാഠം പഠിക്കപ്പെട്ടു എന്ന് ആശയം) ഇവിടെ "പഠിതഃ " എന്ന "ക്ത " പ്രത്യയാന്ത കൃദന്തം, ഭൂതകാല കർമ്മണിക്രിയക്കു പകരമാവുന്നു. പാഠഃ എന്ന കർമ്മപദം പ്രഥമാവിഭക്തിയിൽ ഏകവചനം പുല്ലിംഗരൂപമാണ്. അതുകൊണ്ട് "ക്ത " രൂപത്തിലെ ''പഠിതഃ" എന്നകൃദന്തവും പുല്ലിംഗ ഏകവചനം പ്രഥമാവിഭക്തിയാണ്. അകാരാന്ത പുല്ലിംഗപദം. യഥാർത്ഥത്തിൽ 'പഠിതഃ ' എന്നതിന് 'പഠിക്കപ്പെട്ടവൻ' എന്നാണർത്ഥം. സംസ്കൃതത്തിൽ പാഠഃ എന്നത് പുല്ലിംഗമായതിനാൽ.
2. ബാലകേന ഗീതാ പഠിതാ ( ബാലകനാൽ ഗീത പഠിക്കപ്പെട്ടത് = ബാലകനാൽ ഗീത പഠിക്കപ്പെട്ടു എന്ന് ആശയം) ഇവിടെ കർമ്മപദം 'ഗീതാ ' ആകാരാന്ത സ്ത്രീലിംഗ ഏകവചനമായതിനാൽ "പഠിതാ " എന്ന് സമാനലിംഗവചനത്തിൽ "ക്ത " കൃദന്തവും വന്നു. "പഠിതാ" എന്നതിന് 'പഠിക്കപ്പെട്ടവൾ ' എന്നാണ് ശരിയായ അർത്ഥം. കാരണം ഗീതാ എന്നത് സ്ത്രീ ആയതിനാൽ.
3. ബാലികയാ പുസ്തകം പഠിതം ( ബാലികയാൽ പുസ്തകം പഠിക്കപ്പെട്ടത് = ബാലികയാൽ പുസ്തകം പഠിക്കപ്പെട്ടു എന്ന് ആശയം). ഇവിടെ കർമ്മപദം പുസ്തകം നപുംസകലിംഗ ഏകവചനമാണ്. അതിനാൽ ക്രിയയ്ക്ക് പകരമുള്ള "ക്ത" പ്രത്യയ കൃദന്തം 'പഠിതം ' എന്ന് നപുംസകലിംഗ ഏകവചനമായി. അർത്ഥം 'പഠിക്കപ്പെട്ടത്'.
മേൽ മൂന്നുദാഹരണങ്ങളിലെ "പഠ് " എന്ന ക്രിയാധാതുവിൽനിന്നുണ്ടായ "ക്ത " പ്രത്യയ കൃദന്തങ്ങൾ പു.ലിംഗ/ സ്ത്രീലിംഗ/ നപും.ലിംഗ ക്രമത്തിൽ "പഠിതഃ / പഠിതാ / പഠിതം " എന്നാണ്. ഇത് 'രാമഃ/സീതാ/വനം' എന്ന ശബ്ദങ്ങൾ പോലെ തന്നെയാണ്. "ക്ത " പ്രത്യയം ക്രിയാധാതുവിനോട് ചേരുമ്പോൾ പും/സ്ത്രീ/നപും ലിംഗങ്ങൾക്ക് യഥാക്രമം "തഃ/താ/തം " എന്ന ശബ്ദങ്ങൾ ആകുന്നു. വളരെ ശ്രദ്ധിക്കേണ്ട കാര്യം ഇത് കർമ്മണി പ്രയോഗത്തിലുള്ള കൃദന്തമായതിനാൽ കർമ്മപദത്തിനെ അനുസരിക്കണം എന്നതാണ്. 'ബാലകേന പാഠാഃ പഠിതാഃ'- ഇവിടെ കർമ്മപദം 'പാഠാഃ' ബഹുവചനമായതിനാൽ 'പഠിതാഃ ' എന്ന് ബഹുവചനപ്രയോഗം കൃദന്തത്തിനും വന്നു.
താഴെ കർത്തരിപ്രയോഗരൂപമായ ചില 'ക്തവതു' കൃദന്തവാക്യങ്ങളും അതിന്റെ കർമ്മണിപ്രയോഗരൂപമായ "ക്ത " കൃദന്തവാക്യങ്ങളും കാണാം. ഇതിൽ ലിംഗവചനങ്ങൾ എങ്ങിനെ മാറുന്നുവെന്ന് ശ്രദ്ധിക്കാം.
1. ജനകഃ പുത്രാൻ ആഹൂതവാൻ ( അച്ഛൻ പുത്രൻമാരെ വിളിച്ചു)- 'ആഹൂതവാൻ' (വിളിച്ചവൻ) എന്നത് 'ക്തവതു ' പുല്ലിംഗം ഏകവചനം (കർത്താവ് 'ജനകഃ' പുല്ലിംഗം ഏകവചനം - ഇത് കർത്തരി പ്രയോഗമായതിനാൽ കർത്താവ് പ്രഥമാവിഭക്തി. കർമ്മം 'പുത്രാൻ ' ദ്വിതീയാവിഭക്തി ബഹുവചനം).ഇതിന്റെ കർമ്മണിപ്രയോഗം "ക്ത " പ്രത്യയ കൃദന്തത്തിൽ എങ്ങനെ വരുമെന്ന് നോക്കാം.
1. പുത്രാഃ ജനകേന ആഹൂതാഃ ( പുത്രന്മാർ അച്ഛനാൽ വിളിക്കപ്പെട്ടു). ഇവിടെ 'ആഹൂതാഃ ' (വിളിക്കപ്പെട്ടവർ), ''ക്ത" പ്രത്യയകൃദന്തം പുല്ലിംഗം ബഹുവചനം. കർമ്മണിപ്രയോഗമായതിനാൽ കൃദന്തം(ആഹൂതാഃ), പ്രഥമാവിഭക്തിയിലായ ബഹുവചനകർമ്മപദത്തെ ( പുത്രാഃ ) ലിംഗവചനങ്ങളിൽ അനുസരിച്ചു. കർത്താവാകട്ടെ ' ജനകേന' എന്ന് തൃതീയാവിഭക്തിയിലേക്കും മാറി.
2. ഭക്താഃ ഗീതാം ആലാപിതവന്തഃ ( ഭക്തന്മാർ ഭഗവദ്ഗീതയെ ആലാപിച്ചു.) ഇവിടെ 'ആലാപിതവന്തഃ'- 'ക്തവതു' പുല്ലിംഗം ബഹുവചനം പ്രഥമാവിഭക്തിയിൽ. ഇത് പുല്ലിംഗ ബഹുവചന പ്രഥമാവിഭക്തി കർത്താവിനെ ( ഭക്താഃ ) അനുസരിക്കുന്നു, കർത്തരിപ്രയോഗമായതിനാൽ. ഇവിടെ കർമ്മം 'ഗീതാം' , സ്ത്രീലിംഗ ഏകവചന ദ്വിതീയാവിഭക്തി. ഇതിന്റെ കർമ്മണി മാറ്റം-
2. ഗീതാ ഭക്തൈഃ ആലാപിതാ ( ഗീത, ഭക്തന്മാരാൽ ആലപിക്കപ്പെട്ടു.) ഇവിടെ 'ആലാപിതാ' (ആലപിക്കപ്പെട്ടവൾ) എന്ന "ക്ത"പ്രത്യയാന്തകൃദന്തം, സ്ത്രീലിംഗ ഏകവചന പ്രഥമാവിഭക്തിയിലുള്ള 'ഗീതാ' എന്ന കർമ്മത്തെ അനുസരിച്ചു. ഇവിടെ ബഹുവചന പുല്ലിംഗ കർത്താവാകട്ടെ 'ഭക്തൈഃ ' എന്ന് തൃതീയാവിഭക്തിയിലേക്ക് മാറി.
3. ബാലികാ പുഷ്പാണി അർചിതവതീ ( ബാലിക പുഷ്പങ്ങളെ അർച്ചിച്ചു). ഇവിടെ "അർചിതവതീ " എന്ന കർത്തരിപ്രയോഗ "ക്തവതു " പ്രത്യയാന്തകൃദന്തം, സ്ത്രീലിംഗ ഏകവചന പ്രഥമാവിഭക്തിശബ്ദമായ 'ബാലികാ' എന്ന കർത്താവിനെ അനുസരിക്കുന്നു. ഇതിൽ കൃദന്തം, ഈകാരാന്തവും (അർചിതവതീ), കർത്താവ് (ബാലികാ), ആകാരാന്തവുമായ സ്ത്രീലിംഗ, ഏകവചനങ്ങളാണ്. കർമ്മപദമാവട്ടെ, 'പുഷ്പാണി' (പുഷ്പങ്ങളെ) എന്ന നപുംസകലിംഗ, ബഹുവചന, ദ്വിതീയാവിഭക്തി ശബ്ദവുമാണ്. (അകാരാന്ത പുഷ്പശബ്ദം). ഇവിടെ ഒരുകാര്യം ഓർക്കണം. നപുംസകലിംഗപദങ്ങളുടെ പ്രഥമാവിഭക്തി രൂപവും ദ്വിതീയാവിഭക്തിരൂപവും സമാനമാണ്. ( പ്രഥമാ :- പുഷ്പം -പുഷ്പേ -പുഷ്പാണി
ദ്വിതീയാ :- പുഷ്പം -പുഷ്പേ - പുഷ്പാണി )
ഇനി ഇതിന്റെ കർമ്മണിരൂപമായ "ക്ത " പ്രത്യയാന്തകൃദന്തപ്രയോഗം നോക്കാം.
3. പുഷ്പാണി ബാലികയാ അർച്ചിതാനി ( പുഷ്പങ്ങൾ ബാലികയാൽ അർച്ചിക്കപ്പെട്ടു.)
"അർച്ചിതാനി" (അർച്ചിക്കപ്പെട്ടവ) എന്ന "ക്ത" കൃദന്തം നപുംസകലിംഗ ബഹുവചന പ്രഥമാവിഭക്തിരൂപം, പുഷ്പാണി എന്ന കർമ്മപദത്തെ അനുസരിക്കുന്നു. 'ബാലികയാ' എന്ന കർതൃപദം തൃതീയാവിഭക്തിയിലായി.
4. സഃ ആവേദനപത്രം ലിഖിതവാൻ ( അവൻ അപേക്ഷയെ എഴുതി)- 'ക്തവതു '
4. തേന ആവേദനപത്രം ലിഖിതം ( അവനാൽ അപേക്ഷ എഴുതപ്പെട്ടു)- 'ക്ത '
5. അംബാ ഭോജനം കൃതവതീ - ക്തവതു
5. അംബയാ ഭോജനം കൃതം - ക്ത
6. ബാലകാഃ വൃക്ഷം ദൃഷ്ടവന്തഃ -ക്തവതു
6. ബാലകൈഃ വൃക്ഷഃ ദൃഷ്ടഃ - ക്ത
7. ദേവഃ വരം ദത്തവാൻ - ക്തവതു
7. ദേവേന വരഃ ദത്തഃ - ക്ത
ചില ധാതുക്കളുടെ "ക്ത" പ്രത്യയാന്തങ്ങൾ (മുന്നുലിംഗങ്ങളും) താഴെക്കൊടുക്കുന്നു.
ഗമ് - ഗതഃ / ഗതാ / ഗതം
പഠ് - പഠിതഃ / പഠിതാ / പഠിതം
ചല് - ചലിതഃ / ചലിതാ / ചലിതം
ദൃശ് - ദൃഷ്ടഃ / ദൃഷ്ടാ / ദൃഷ്ടം
വദ് - വന്ദിതഃ / വന്ദിതാ / വന്ദിതം
വദ് - ഉക്തഃ / ഉക്താ / ഉക്തം
സ്മൃ - സ്മൃതഃ / സ്മൃതാ / സ്മൃതം
കൃ - കൃതഃ / കൃതാ / കൃതം
ഭൂ - ഭവിതഃ / ഭവിതാ / ഭവിതം
ലിഖ് - ലിഖിതഃ / ലിഖിതാ / ലിഖിതം
ശ്രു - ശ്രുതഃ / ശ്രുതാ / ശ്രുതം
ദാ - ദത്തഃ / ദത്താ / ദത്തം
ജ്ഞാ - ജ്ഞാതഃ / ജ്ഞാതാ / ജ്ഞാതം
പൃച്ഛ് - പൃഷ്ടഃ / പൃഷ്ടാ / പൃഷ്ടം
കഥ് - കഥിതഃ / കഥിതാ / കഥിതം
കമ്പ് - കമ്പിതഃ / കമ്പിതാ / കമ്പിതം
താരതമ്യേന പ്രയോഗിക്കുവാനെളുപ്പമാണ് ഭൂതകാല കർമ്മണിരൂപകൃദന്തമായ "ക്ത " പ്രത്യയം! ഏവർക്കും നമസ്ക്കാരം!🌹
അനുബന്ധം :- സംസ്കൃതസാഹിത്യത്തിൽ പഞ്ചമഹാകാവ്യങ്ങളെന്നു പ്രസിദ്ധമായ അഞ്ചു കൃതികളുണ്ട്. ഇവ 1.രഘുവംശം 2. കുമാരസംഭവം 3. കിരാതാർജ്ജുനീയം 4. ശിശുപാലവധം 5. നൈഷധീയം എന്നിവയാണ്. രഘുവംശവും കുമാരസംഭവവും മഹാകവി കാളിദാസനും കിരാതാർജുനീയം മഹാകവി ഭാരവിയും ശിശുപാലവധം മഹാകവി മാഘനും നൈഷധീയം മഹാകവി ശ്രീഹർഷനും രചിച്ചതാണ്. ഉപമാലങ്കാരങ്ങൾക്ക് പ്രസിദ്ധനാണ് കാളിദാസൻ. ഗഹനമായ ഭാഷ ഭാരവിയുടെ പ്രത്യേകത. ഇതുരണ്ടും ചേർന്നതാണ് മാഘന്റെ രചനയെന്നും ഒരു ചൊല്ലുണ്ട്! ഒന്നിലധികം അർത്ഥങ്ങൾ കല്പിക്കാവുന്ന പദങ്ങൾ ചേർത്തുള്ള ഒരു അലങ്കാരമാണ് ശ്ലേഷം. ഇതാ ഒരു ശ്ലേഷം :-
" മാഘേ മേഘേ ഗതം വയഃ "
ഇവിടെ 'മാഘേ' എന്നതിന് മാഘമാസത്തിൽ എന്നും 'മേഘേ' എന്നതിന് മേഘത്തിൽ ( ആകാശത്തിൽ) എന്നും 'വയഃ ' എന്നതിന് പക്ഷി എന്നും അർത്ഥം കല്പിച്ചാൽ , കേവലം ഒരു പ്രകൃതിവർണ്ണനയാണ്. വയഃ എന്നത് നപുംസകലിംഗപദമാണ്. ( മാഘമാസത്തിൽ ആകാശത്തിൽ പക്ഷി സഞ്ചരിച്ചു.) ഗതം എന്നത് പോകപ്പെട്ടത് എന്ന അർത്ഥത്തിലെ ഒരു "ക്ത" പ്രയോഗമാണ്. ഇതേ വാക്യത്തിന് മറ്റൊരർത്ഥം കല്പിക്കാം. 'മാഘേ ' എന്നതിന് മാഘനിൽ,അതായത് മാഘന്റെ രചനയിൽ എന്നും 'മേഘേ ' എന്നത് കാളിദാസന്റെ പ്രസിദ്ധസന്ദേശകാവ്യകൃതിയായ 'മേഘദൂതം' എന്ന രചനയിൽ എന്നും 'വയഃ' എന്നാൽ വയസ്സ് അഥവാ ആയുസ്സ് എന്നും അർത്ഥമെടുക്കാം. അതായത് ഈ വാക്യത്തിന്റെ ശ്ലേഷാർത്ഥം, " മാഘകൃതിയും മേഘസന്ദേശവും പഠിച്ചപ്പോഴേക്കും ആയുസ്സ് പോയിക്കിട്ടി!" ആ രണ്ടുരചനകളുടെയും ഗൗരവം സൂചിപ്പിക്കുന്ന ഒരു വാക്യമാണ്.🌹