. ജോയ് വാഴയിൽ
വിമലാകാശച്ചരുവിൽ സുസ്മിത-
വിനയാമോദിതയായി
സുവർണ്ണദീപ്ത വിവസ്വൽക്കതിരാൽ
സുവസ്ത്ര ഭൂഷിതയായി
അഴകിൻ പൊയ്കയിലലസം തോണിയി-
ലൊഴുകിലസിക്കും മേഘം.
മുടിയിൽ ചെമ്പനിനീരലർ ചൂടിയ
മുകിലിൻമുഗ്ദ്ധക്കൊടിയാൾ
ചെറുതകലെക്കണ്ടമ്മയെ നിസ്തുല
നറുമൊഴിയാളാമിളയെ
മുകുളിതകരമോടമ്മയമോഘം
നുകരുന്നരുണസ്ഫുരണം.
ഭ്രമണം ചെയ്യുന്നേകാഗ്രതയോ-
ടിമകളടച്ചനുവേലം
മുഖരിതമന്തർമനമർച്ചനയാൽ
മുഖമോ ഭക്ത്യതിസാന്ദ്രം
അതുഹിനകരനെച്ചുറ്റിവലംവ-
ച്ചതുലിതയമ്മ നമിപ്പൂ.
അരുണനുമവനതിചെയ്യും ധരയെ
കരുണാഭരമീക്ഷിപ്പൂ
പ്രാർത്ഥനയുരുവിട്ടമ്മ തുറന്നൂ
പ്രാജ്ഞമനോജ്ഞo മിഴികൾ
വെൺമേഘക്കൊടി ചോദിച്ചപ്പോൾ
"അമ്മേയെന്തു കൊതിപ്പൂ
എന്തിനുവേണ്ടി ഭ്രമണം തായേ,
എന്താണഭിവാഞ്ഛ'lപ്പൂ
വലയം വെയ്ക്കുവതെന്തിനു രവിയെ
ഭ്രമണം ക്ലാന്തി വളർക്കേ
തളർന്നുപോകിലുമെന്തേ വിശ്രമ-
ദളവും നീയേൽപീലാ?"
വാത്സല്യക്കതിർ തൂകും കൺകൾ
വാർക്കൊണ്ടലിനെ മുകർന്നൂ
സ്നിഗ്ദ്ധമനോഹരസുസ്മിതമോടെ
സംസ്തുത ധരചൊന്നേവം:
"അനുഗ്രഹം തന്നേറെ വിധായക-
നനുദൃഷ്ടിക്കതിരോടെ
ആസംഖ്യമെന്നിൽ ജീവാങ്കുരണം
ആസമ്മിതാഭമുയർന്നു
ഒരൊറ്റ ജീവനുമിരുളാർന്നെന്നിൽ
മരിച്ചൊടുങ്ങീടായ്‌വാൻ
അവയ്ക്കു സർവ്വം ദീപ്തിയണയ്ക്കു-
ന്നവിഘ്നമായെൻ ഭ്രമണം
ഋതുക്കളാറും വന്നെത്തി,യവർ
ക്കതുല്യ കുതുകം പകരാൻ
മോഹനസുസ്മിതമരുളും മലരുകൾ
മോദമോടെങ്ങും വിടരാൻ
അനർഘസൗരഭമവരിലണയ്ക്കാൻ
അനർഗ്ഗളം കാറ്റൊഴുകാൻ
നിരന്തരം മമദേവനെ വലയം
നിരങ്കുശം ഞാൻ വെയ്പ്പൂ
അഹർന്നിശം ഞാനഭ്യർത്ഥിപ്പൂ
അധീശനോടെൻ കാമ്യം
തളർച്ചയില്ലെൻ മക്കളശോകം
വിളങ്ങിടുമ്പോളരികേ".
മുകിലിനുമാകാശത്തിനുമൊപ്പം
മിഴിമുന ചെറ്റുനഞ്ഞു
മാരിപൊഴിഞ്ഞു മണ്ണിൽ ജീവൻ
കോൾമയിരാർന്നു ലസിക്കേ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ