ജീവിതപാഠങ്ങൾ 1
വിസ്മയത്തിന്റേമനുഭവത്തിന്റെയും
വൻപെഴും ശ്രേണിതന്നാകുന്നു ജീവിതം.
അനുഭവത്തിൽനിന്നും പാഠം പഠിയ്ക്കൂ
അതിശയങ്ങളെത്തിരിച്ചറിഞ്ഞീടൂ.
എത്രയാഴത്തിൽപ്പതിഞ്ഞുവെന്നാകിലും
എത്രനേരം കാണപ്പെട്ടുവെന്നാകിലും,
മറ്റൊരുതിരവന്ന് മായ്ക്കുംവരെ മാത്ര-
മായുസ്സുണ്ടാകും കാൽപ്പാടുകളാം നമ്മൾ
ചന്തമുള്ളാനനത്തിന്നും വയസാകും
ചുക്കിച്ചുളിഞ്ഞീടുമപ്പൊഴീ ദേഹവും
സുന്ദരമാമൊരാത്മാവിന്റെ സൗന്ദര്യം
ചന്തം തികഞ്ഞുതന്നെന്നും നിലനിൽക്കും!
പ്രായമേറേ മനോഹാരിത പോയിടാ,
പോയീടുമത് ഹൃദയത്തിന്റെയുള്ളിലായ്.
പുഞ്ചിരിക്കും മുഖം സൗന്ദര്യപൂരിതം,
പുഞ്ചിരിക്കുന്ന ഹൃത്താഹ്ലാദപൂരിതം.
ജ്ഞാനികൾതൻ തലച്ചോറിൽപ്പോലും ബുദ്ധി-
ഹീനമാകുമൊരു കോണുണ്ട,തറിയൂ !
പ്രകോപിതനാകുകിലെന്തായിരിക്കും
പ്രതികരണമെന്നും ചിന്തിക്കവേണം!
അർഹതപ്പെട്ടോരു ജീവിതത്തിന്റെതോ-
തറിയേണ്ടതാജീവിതം പ്രവർത്തിച്ചു
കാണിച്ച നല്ലകാര്യങ്ങളെന്തെന്നതാ-
കേണ,മല്ലാതെത്രനാൾ ജീവിച്ചെന്നല്ല.
വിവരങ്ങളെല്ലാമറിയുമ്പൊഴേയ്ക്കും
വാർദ്ധക്യമെത്തിടു,മസമയത്തിലായ് !
മറവിയിലേയ്ക്കൂളിയിട്ടു തുടങ്ങു-
മതുവരെയറിഞ്ഞ കാര്യങ്ങളൊക്കെ.
മായ്ക്കുന്ന റബ്ബറുപയോഗിക്കാതെവ-
രയ്ക്കുന്ന കലയാണ് ജീവിത,മതിനാൽ
വിലയേറും ജീവിതത്താളിൽ ചെറുതായ്
വരയ്ക്കും തീരുമാനങ്ങളും ശ്രദ്ധിക്കൂ.
എത്രയാഴത്തിൽപ്പതിഞ്ഞുവെന്നാകിലും
എത്രനേരം കാണപ്പെട്ടുവെന്നാകിലും,
മറ്റൊരു തിരവന്ന് മായ്ക്കുംവരെ മാത്ര-
മായുസ്സുണ്ടാകും കാൽപ്പാടുകളാം നമ്മൾ!
വൈദ്യുതിയന്ത്രത്തിൻ തുല്യമാം ജീവിതം
വൈദ്യുതി തുല്യമാം പുഞ്ചിരിക്കെന്നതും
പുഞ്ചിരിച്ചാ യന്ത്രം ഊർജ്ജസ്വലമാക്കൂ
പുഞ്ചിരിക്കൂ ധന്യമാക്കിടൂ ജീവിതം.
അത്രയെളുപ്പമല്ലാത്തൊരീ ജീവിതം
എത്രയെളുപ്പമാക്കാമെന്നതിന്നായി
കൈവിട്ടിടൂ ചിലകാര്യങ്ങളൊക്കെയും
കൈവരിച്ചീടുക മറ്റുചിലതൊക്കെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ