. പരിചിന്തനം
തിരയുന്നു ഞാനെന്നന്തരാത്മാവിലും
പരതുന്നെന്നുടെയന്തരംഗത്തിലും
ജരകേറിയോരീ ചിന്താതലത്തിലും,
ഒരു നല്ലനരനായിരുന്നുവോ ഞാൻ?
കരുതിക്കൂട്ടിയെന്നിച്ഛാതലങ്ങളിൽ
തിരുകിവച്ചോ കടിഞ്ഞാണിൻ ചരടുകൾ?
പറയാൻ സൂക്ഷിച്ച വാക്കുകളാകെയും
പുറത്തേക്കു വിടുവാൻ മടിച്ചു നിന്നോ?
കണ്ടവ കണ്ടതില്ലെന്നു നടിച്ചുവോ?
കണ്ടുകൂടാത്തവ കാണാൻ ശ്രമിച്ചുവോ?
കാണുവാനായിടാക്കാര്യങ്ങൾ പോലുമേ
കണ്ടുവെന്നങ്ങു നടിച്ചു നടന്നുവോ!
ചെയ്യേണ്ടവ ചെയ്യുവാനായ് മടിച്ചുവോ?
ചെയ്തവയാത്മാർത്ഥതയോടെ ചെയ്തുവോ?
ചെയ്യാത്ത കാര്യവും ചെയ്തുവെന്നും തഥാ
ചെയ്തവ ചെയ്തില്ലയെന്നും മൊഴിഞ്ഞോ?
കടമകളൊക്കെ സമയാസമയം
മുടങ്ങാതെതന്നെ നിറവേറ്റിയോ ഞാൻ?
അടങ്ങാത്ത മോഹങ്ങൾക്കടിമയാകേ
തടയവയ്ക്കിടുവാൻ മടിച്ചു നിന്നോ?
അപകടമൊക്കെ മണത്തറിഞ്ഞിട്ടും
കപടമാകും മറതീർത്ത് മുന്നേറിയോ?
തെറ്റിനെയൊക്കെ ശരിയെന്നതേൻപൂശി
കുറ്റമില്ലാത്ത കൃത്യങ്ങളായ് മാറ്റിയോ?
ഇനിയും ചോദ്യങ്ങളിങ്ങനെയെത്രയോ
മനതാരിലേക്ക് തിരക്കിട്ടു വന്നിടേ
തടയിട്ടു നിർത്തുവാനേ മാർഗ്ഗമുള്ളൂ തരമില്ലവേറേ, പറയാതെ വയ്യാ!
ഉത്തരമേകേണ്ടവയെല്ലാ ചോദ്യവു-
മുത്തരമൊന്നുമേയേകാനുമായിടാ
കഴിഞ്ഞുപോയവ ചികഞ്ഞെടുത്തുപോയ്
ഒഴിഞ്ഞുമാറുവാനിനിക്കഴിഞ്ഞിടാ!
അസാദ്ധ്യമാമിനിയവ തിരുത്തുക,
അതിന്നറിഞ്ഞിടേ നിരാശതൻ നിഴൽ
പടർന്നിട്ടെൻറെയീ പരിചിന്തനത്തെ
പരിതാപത്തിന്റെ നിറവിലാക്കിയോ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ