2021 നവംബർ 22, തിങ്കളാഴ്‌ച

കർഷകസമര വിജയം (included)

.            കർഷകസമര വിജയം
                ............................


നനുനനുത്തമഞ്ഞുതിർന്നു വീഴുമാ   
തണുത്തുറഞ്ഞുപോം ശിശിരരാവിലും
തുറന്നപന്തലിൻ പരുപരുത്തൊരാ 
തറയിൽ ശ്വാനന്റെയുറക്കംപൂണ്ടിട്ടും, 
    
കടുത്തവേനലിൽ ജ്വലിക്കും പാതയിൽ
ചുടുത്ത കാലടി തടവി നീങ്ങിയും
ചറപറെമഴ പൊഴിഞ്ഞിരിപ്പിടം
ചെളിക്കുഴിയായിട്ടിരിക്കാനാകാതെ

ദിനങ്ങളെത്രയോ വിഷമവൃത്തത്തിൽ
മനസ്സിന്റെ മടുപ്പിനെയതിജീവി-
ച്ചൊരു ലക്ഷ്യം മാത്രം നിറവേറ്റാനായി-
ച്ചെറുത്തുനിന്നവരിവർ, കൃഷീവലർ.

അറിഞ്ഞിരുന്നതാണിവരിതുവരെ
ഉറച്ചനട്ടെല്ലിന്നുടമ നാടിന്റെ,
കവിഞ്ഞദാരിദ്ര്യച്ചുഴിയിലുമവർ
നിവർത്തിനിർത്തിയാ നടുവിലെയെല്ല്!

വിശന്നിടേ മുണ്ട് മുറുക്കിച്ചുറ്റിയും 
വിളമ്പിയന്യർക്കായവർ സ്വന്തമന്നം.   
അവരുടെ ത്യാഗമനോഭാവത്തിനെ
അവഗണിച്ചത് കൊടുംചതിയല്ലേ?

വിരലിലെണ്ണുവാൻ കഴിയുമാൾക്കാർക്ക് 
വഴിവിട്ടാനുകൂല്യങ്ങൾ കൊടുക്കുവാൻ   
വഴിയാധാരമാക്കി ഈനാടിൻ കെടാ-
വിളക്കുകളാകും കൃഷിക്കാരെ മൊത്തം! 

അധികാരിവർഗ്ഗമിവരുടെ വീര്യം
അളന്നുനോക്കാതെ 'നയം' നടപ്പാക്കി!
അടിച്ചമർത്തിയതവരുടെ ധൈര്യം,
അവസാനിപ്പിച്ചിതനേക ജീവനും!  
 
കറുത്ത നീതിയെത്തുരത്തുവാനായി,
പൊറുക്കുവാനാകാത്തതിക്രമങ്ങളെ,
അഹമെന്ന ഹീനമനോഭാവത്തിനെ,
സഹനമെന്നയായുധത്തിനാൽ വീഴ്ത്തി!

വിജയിച്ചിന്നഹോ ഒരുമതൻ കരം
വികലമാം നയമറിഞ്ഞു തോൽവിയും
സഹനത്തിൻ പ്രതീകമീ മണ്ണിൻമക്കൾ
സലാമിവർക്കായിപ്പകുത്തു നൽകുവിൻ
  




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ