2021 നവംബർ 14, ഞായറാഴ്‌ച

ആരാണ്

.           ആരാണവൻ?

അരുണവർണ്ണ നിറമോലുന്ന
കരങ്ങളാൽ തരുനിരകളെ
കരുതലോടെ വകന്നുമാറ്റി
തിരയുവതേതു വിരുതനാം?

നീയല്ല, ഞാനല്ല,യർക്കനാണേ
നേരം വെളുപ്പിക്കാൻ വന്നതാണേ
കോഴികൂവുന്നതും കേട്ടുകൊണ്ട് 
കിഴക്കൂന്ന് പൊങ്ങീട്ടു വന്നതാണേ!  
 
നനുനനുത്ത ഹിമകണങ്ങൾ
തനുവും മനവും കുളിർപ്പിക്കേ
ഒരു കിരണസ്പർശനത്തിനാൽ  
ധരയിലേക്കതിറ്റിച്ചതാര്? 

കാറ്റല്ല, നീയല്ല, ഞാനുമല്ല,
കുറ്റമേൽക്കാനിവിടാരുമില്ല
കാണാക്കരങ്ങളു ചെയ്തതെന്ന്
കണ്ടുനിൽക്കാത്തവർ ചൊന്നതാണേ!

പുല്ലിന്റെതുമ്പിലായ് തൂങ്ങിയാടും 
പളുങ്കുപോലുള്ള തുള്ളികളിൽ 
താരകപ്പെണ്മണി മുത്തുകളെ 
നിരത്തി നിർത്തിയതാരാണ്?

അരുണനെന്നൊരു തരുണനാണേ
കരുണകാട്ടും വിരുതനാണേ!
മുഖക്കണ്ണാടിയാണെന്ന് കരുതി  
മുഖം നോക്കിയിട്ടു പോയതാണേ!

സൂര്യകാന്തിയും പത്തുമണിയും
ആരെക്കണ്ടിട്ട് വിടർന്നുവിലസി?
ആകാശത്തൊരു മാരനെക്കാണേ
അങ്ങോട്ടുംനോക്കിച്ചിരിച്ചതാണേ!

ഭൂമീദേവിക്കു പൊന്നാടചാർത്തി
പ്രേമിക്കാൻ നോക്കിയതാരാണാവോ?
പൊന്നാട ചൂടെന്നു ഭൂമിചൊന്നപ്പോ
പോയിപോലുമവൻ നീരാവിയ്ക്കായ്

നീരാവിയും പൊക്കിക്കൊണ്ടുവന്ന് 
നീരായൊഴിച്ചവൻ ഭൂമിടെ മോളിൽ 
മേദിനിക്കു കുളിർ കോരീടവേ 
മോദമോടെ മഴവിൽ തീർത്തവൻ    

അന്തിക്ക് പശ്ചിമചക്രവാളത്തിൽ
ചന്തമേറും ചായക്കൂട്ടിനാലേ
ഇത്രയേറെ മനോഹാരിതയോലും  
ചിത്രങ്ങളൊക്കെ വരച്ചതാരോ?  

ഞാനല്ല, ഞാനല്ല,യർക്കനാണേ,
ചക്രവാളത്തിലുറങ്ങാൻ പോകേ!
അരുണകിരണങ്ങളാൽ വരച്ച്
ചാരുത ചാർത്തീട്ടു പോയതാണേ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ