പരിസ്ഥിതിസംരക്ഷിക്കേണ്ടതിന്റെ അത്യാവശ്യം:
---------------------------------------------------------
കവിത
പരിസ്ഥിതി സംരക്ഷണം എന്റെ കടമ
***************
ഉപഗുപ്തൻ കെ. അയിലറ
***************
കണ്ണൊന്നോടിച്ചിട്ടു ചുറ്റിനും നോക്കി ഞാൻ
കണ്ണിന്നാനന്ദമേകുന്നവയെന്തൊക്കെ?
എന്റെ ഗ്രാമത്തിനു മാറ്റങ്ങളെന്തൊക്കെ?
എൻബാല്യകാലത്തേതെന്തൊക്കെയിന്നില്ല?
അവധിക്കു വരവേ ശ്രദ്ധിച്ചതില്ല ഞാൻ,
അവസാനമിന്നെത്തേ സൂക്ഷിച്ചുനോക്കി
ഇല്ലിന്നാപ്പച്ചപ്പിൻ മാമലയന്നത്തെ
ഇല്ലിന്നാത്തെളിനീരരുവിയൊഴുക്കും
കലപിലകൂട്ടിപ്പറന്നു നടന്ന
കിളികളിന്നില്ല, കുളങ്ങളുമില്ല
കുളിരും സുഗന്ധവുമാവോളം തന്ന കുളിർകാറ്റിന്നില്ല, മഴപോലുമില്ല
വയലേലയന്നത്തെ കാണ്മാനേയില്ല
വലിയ കോൺക്രീറ്റ് വീടുകളിന്നവിടെ!
കളിച്ചു മദിക്കുന്ന കുട്ടികളില്ലിന്ന്
കളിക്കുവാനായിക്കളങ്ങളുമില്ല!
വിശക്കവേ തിന്നന്നു ഞങ്ങൾ പച്ച-
വെണ്ടയ്ക്ക, പയറ്, പഴങ്ങൾ പലതരം
ഇന്നത്തേക്കുട്ടികൾ പിസ്സയും ബർഗ്ഗറും
തിന്നിട്ടു കോള കുടിച്ചാസ്വദിക്കുന്നു!
ചുണക്കുട്ടന്മാരായിക്കരുത്തരായിട്ട്,
ചുള്ളന്മാരായന്നു ഞങ്ങൾ നടന്നപ്പോൾ
പുളുന്തുതടിയായുറക്കവും തൂങ്ങി,
പ്രമേഹ,യർബ്ബുദ രോഗികളിന്നിവർ
മെറ്റലിടാത്തമൺപാതയിലൂടന്നു
മെല്ലെപ്പോകും കാളവണ്ടിയുമിന്നില്ല
പകരം പുകതുപ്പി മത്സരിച്ചോടുന്ന
ശകടങ്ങൾ, ടാറിട്ട് പൊള്ളുന്ന പാതയിൽ
കുടിവെള്ളവും ശുദ്ധവായുവുമില്ല,
കൃഷിയില്ല, വിഷമാണ് പച്ചക്കറിയിൽ
ഉഷ്ണം സഹിക്കാതെ വലയും കാരണം
ഉറക്കമില്ലാതെ രാത്രികൾ നീക്കണം!
ചെറുമഴപെയ്താലും പ്രളയമാകും!
പൊറുതിമുട്ടീടുന്നെല്ലാരുമൊരുപോൽ
അന്നത്തേ ഗ്രാമമേയല്ലിതിന്റെ മുഖ-
മിന്നെത്ര മാറിപ്പോയെന്നറിയുന്നു ഞാൻ
എന്റെ ഗ്രാമത്തിനു മാത്രമല്ലീമാറ്റ-
മെന്നുള്ള വാസ്തവമറിയേയെൻമന-
താരിലതിയായയാശങ്കയായ്, പുതു
തലമുറയുടെ ഭാവിയെന്താകുമെന്ന്!
മാറ്റങ്ങളിനിയനിവാര്യമാണങ്ങോട്ട്
മാറ്റിയെടുക്കേണമാദ്യമായിട്ടിനി കുട്ടികൾതന്നുടെ ജീവിത രീതികൾ
കുട്ടികളിലവബോധമുണ്ടാക്കേണം
പ്രകൃതീസംരക്ഷണത്തിന്റെയാവശ്യം
പഠിപ്പിച്ചിടേണ്ടതവരെയാണാദ്യം
പ്രൈമറിക്ലാസ്സുമുറികൾതൊട്ടേയവർ
പ്രകൃതിയെസ്നേഹിക്കുവാൻപഠിക്കേണം
വൃക്ഷങ്ങളൊന്നും മുറിക്കാതിരിക്കാനും
വൃക്ഷത്തയ്യുകൾ നട്ടുവളർത്തീടാനും
വെള്ളക്കെട്ടുകളും തോടും നദികളും വൃത്തിയായിട്ടു നോക്കി നിലനിർത്താനും
അടവിയും കാടും നിലനിർത്തിടാനും
അനിലൻ മലിനമാകാതെ നോക്കാനും
കുട്ടികൾക്കവബോധം നൽകുവതൊപ്പം
കെട്ടുറപ്പുള്ള കൂട്ടായ്മകളും വേണം.
ജോലിയിൽനിന്നും വിരമിക്കെയോർത്തു ഞാൻ
ജീവിതമെങ്ങിനെയിനി നീക്കും മുന്നോട്ട്!
പ്രതീക്ഷിക്കാതീയവസരം വന്നിനി
പരിസ്ഥിതിസംരക്ഷണമെൻ കടമ
_______________
8547487211
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ