നർമ്മ,കാരുണ്യ,ച്ചിരിത്തമ്പുരാൻ
(വലിയമെത്രോപ്പോലിത്താ
മാർക്രിസോസ്റ്റം തിരുമേനി)
***********
ചിരിയുടെയഴകിനാൽ
ചിരിയുടെ തമ്പുരാനായ്
കരുതി ജനങ്ങളെല്ലാം ബഹുമാനിച്ചോൻ
കാരുണ്യത്തിൻ കരുത്തിനാൽ
മനുഷ്യഹൃദയങ്ങളിൽ
പാരമികസ്ഥാനമാനംനേടിയെടുത്തോൻ
വിഷയമെത്രയോയേറെ
ഗൗരവമുള്ളതായാലും
വിവാദമെന്യേ നർമ്മത്തിലവതരിപ്പോൻ
അരമനയുടെയക-
ത്തളങ്ങളിലിരിക്കാതെ
അരുമയാം സസ്യങ്ങളെ പരിപാലിച്ചോൻ
അരുമകൾ മുയലിനേം
ആടിനേയും കോഴികളേം
പരിപാലിച്ചോമനിച്ചു സ്നേഹമൂട്ടിയോൻ
മുത്തുമാലയുടെയഗ്രേ
തടിക്കുരിശ്ശുമണിഞ്ഞു
മുറ്റത്തെത്തുളസിത്തറേൽ
ജലം പകർന്നോൻ
നീണ്ട നിറമുള്ള തുണി-
ക്കുപ്പായങ്ങളണിഞ്ഞതിൻ
നീളമേറും കയ്യുകളിലെളിമ ചാർത്തി
അന്തേവാസികൾക്കു സ്വന്തം
'അപ്പച്ച'നെന്നുള്ളയൊരു
അപരനാമത്താൽക്കൂടിയറിയപ്പെട്ടോൻ
മതമേതെന്നു നോക്കാതെ
ഏതിലേയും നല്ലകാര്യ-
മതുപോലെ പകർത്തിയി-
ട്ടനുപമമാം
മാതൃകകാട്ടിയിട്ടുതൻ
മനസ്സിന്റെ വലിപ്പത്തെ
മാലോകരെയറിയിച്ച കുഞ്ഞാട്ടിടയൻ
ചിന്തയും മാനവീയതേം
വിമർശനോം വിശുദ്ധിയും
ചിരിയിലും നർമത്തിലും
പൊതിഞ്ഞുനൽകി
ചിരിക്കുവാൻ മറന്നൊരീ
തലമുറയെ നർമ്മത്തിൻ
ചതുരപ്പൊന്നാട ചാർത്തി ചിരിപ്പിച്ചവൻ
മലയാളിമനസ്സുകൾ
ഒന്നടങ്കം കീഴടക്കി
മഹിമതന്നുത്തുംഗത്തിലെത്തപ്പെട്ടവൻ
വലിയമെത്രോപ്പോലിത്താ
മാർക്രിസോസ്റ്റം തിരുമേനി
വിശിഷ്ട വ്യക്തിത്വത്തിന്റെ
പ്രതീകമല്ലോ!
മഹാത്മാവേ നമിച്ചിടും,
അങ്ങയുടെ പുകൾപെറ്റ,
മഹനീയ വ്യക്തിത്വത്തെ മലയാളികൾ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ