2021 മേയ് 16, ഞായറാഴ്‌ച

കാലം (under consideration)

                          കാലം

ആദിയുമന്തവുമൊന്നുമേയില്ലാതെ   
ആയതമായങ്ങുനീങ്ങും പ്രതിഭാസം!
ആകാരമില്ലാത്തകാരണമാരുമേ
ആജീവനാന്തമീ 'കാല'ത്തെ കണ്ടിടാ!

കാലത്തിനൊത്തൊരുകോലവുമായിന്നു
കാലത്തിനെയതിജീവിക്കാൻ നോക്കുന്ന
മനുജന്റെ വ്യർത്ഥമാംമോഹങ്ങളൊക്കെ 
മലർപ്പൊടിക്കാരന്റെ സ്വപ്നംപോലല്ലോ! 

നരനളക്കുന്നു കാലത്തെയെന്നാലും
നിമിഷങ്ങളായും മണിക്കൂറുകളായും 
മാസങ്ങളായുമബ്ദങ്ങളായും തഥാ
മന്വന്തരങ്ങളായ്, കൽപ്പാന്തകാലമായ്!

കാലത്തിനായാറവസ്ഥാന്തരങ്ങളും
മാലോകർ കല്പിച്ചു നൽകി ഋതുക്കളായ്!
അവരുടെ ജീവിതചര്യയൊക്കെയാ 
അവസ്ഥാന്തരങ്ങളുമായൊത്തുചേർത്തു

കാലത്രയത്തിന്റെ സൂക്ഷ്മതയേറുന്ന 
കാലക്രമത്തിൽ മനുജൻ കറങ്ങീട്ട് 
കാലഗണിതത്തിൻ കാലധർമ്മത്താലേ  
കാലയോഗമനുകൂലമാക്കാൻ നോക്കും   

കാലമെന്നുമൊരു യാത്രയിലാണല്ലോ 
കാല'മൊഴുകി'പ്പോം, കാലം 'പറന്നു'പോം
കാലം'വിറങ്ങലി'ച്ചങ്ങുനിൽക്കാ,മെന്നാൽ
കാലം വഴിമുട്ടി നിൽക്കില്ലൊരിക്കലും 

കർമ്മഫലത്താലേ മർത്യൻ വലയുകിൽ
നിർമ്മര്യാദേന കുറ്റം കാലത്തിൻ ശിരേ 
കഷ്ട'കാല'മെന്നൊരിഷ്ടനാമത്താലേ
നിഷ്ഠൂരം കെട്ടിവച്ചുകൊടുക്കുമവൻ!    

കാലനുപോലും കാലത്തെ ഹനിക്കാനാ-
കാ,യെന്നുള്ളോരു പരമാർത്ഥമറിയേ 
കാലത്തെയാരുമേ മാനിച്ചുപോകുന്നു,
കാലത്തിൻ മഹിമയപാരമെന്നോർക്കൂ     
കാലം മനുജനെച്ചേർത്തു പിടിക്കുന്നു
എല്ലാം മറക്കാൻ പഠിപ്പിക്കുന്നവനെ 
കാലമവന്റെ മുറിവുമുണക്കുന്നു 
കാലാനുസൃതമായി ജീവിക്കുവാനും!

കാലമേ നീയാണൊരേയൊരു സാക്ഷിയീ
ലോകത്തെവിടെ,യെന്നെ,ന്തു നടന്നാലും
കണ്ടിട്ടുംകാണാത്തമട്ടിൽനീങ്ങുന്നയാൾ!
കാലമേ നീതന്നെയോ കാലാതീതനും?

                              .....




    

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ