തർക്കം
ഉപഗുപ്തൻ കെ. അയിലറ
വാക്കുകൾ കൊണ്ടുള്ള തർക്കമാണ്
വർക്കത്തില്ലാത്തൊരു തർക്കമാണ്
തർക്കത്തിനായി തർക്കമെന്നാൽ
നീക്കുപോക്കില്ലാത്ത തർക്കമാണ്
തർക്ക വിഷയം വിതർക്കമാണ്
തർക്കുത്തരങ്ങൾക്ക് ക്ഷാമമില്ല
ആർക്കുംകൊമ്പുകോർക്കാംതർക്കമിത്
തർക്കിച്ച് തമ്മിൽ വാക്കേറ്റമാകാം
വാക്കേറ്റം മൂത്ത് കയ്യൂക്കിൻ ശക്തി
ആർക്കും കാണിച്ച് മിടുക്കരാകാം
മെക്കിട്ട് കേറിയെതിർക്കൂട്ടത്തിൻ
മൂക്ക് തച്ചങ്ങ് തരിപ്പണമാക്കാം
വർക്കിക്കു പണ്ടേയിഷ്ടക്കേടാണ്
മർക്കോസിന്റെയൂക്കൻ മൂക്കിനോട്
മൂക്കിന്റെ പേരിൽ രണ്ടുപേർക്കും
വാക്കേറ്റമിഷ്ട്ടമാം നേർക്ക് കണ്ടാൽ
മർക്കോസ് മൂക്കൊന്ന് ചീറ്റിക്കാണിച്ചു
വർക്കിയ്ക്ക് തർക്കിക്കാനാക്കമായി
വാക്കേറ്റമായ്ക്കയ്യേറ്റമായ്ക്ക-
യൂക്കാർക്കാണെന്നത് തർക്കമായി!
മേക്കക്ക് പോയോരു ഖാദറ് വക്കീല്
വർക്കിക്കും മർക്കോസിനുമിടയ്ക്ക്
വക്കാലത്തുമായെത്തി വെക്കം
പൊക്കിക്കാണിച്ചു വർക്കിക്കു നേർക്ക്
വക്കാലത്താർക്ക് കൊടുക്കേണമെന്ന്
തർക്കം മൂത്തങ്ങു വാക്കേറ്റമായി വർക്കിക്ക് വക്കീല് വാക്കുകൊടുത്തു
വക്കാലത്തിങ്ങക്ക് വർക്കിക്കുട്ടീ
മാർക്കൊസ് മെക്കിട്ട് കേറി വക്കീലിൻ
മൂക്ക് ലാക്കാക്കിക്കൊടുത്തൊരിടി
മൂക്കും പൊത്തിക്കൊണ്ടോടി വക്കീല്
വർക്കീം മാർക്കൊസും നോക്കിനിന്നു
തർക്കമിത് നിസ്സാരമാം തർക്കം
മൂക്കുന്ന തർക്കങ്ങൾ ബാക്കിയാണ്
തർക്കങ്ങൾ മണ്ണിന്നു വേണ്ടിയുണ്ട്
വർക്കത്തില്ലാത്തർക്കം പെണ്ണിന്നാണ്
തർക്കം പതിക്കും പത്നിക്കുമിടേല്
തർക്കമുണ്ട് രാജ്യങ്ങൾക്കിടേലും
തർക്കമുണ്ട് രാഷ്ട്രങ്ങൾക്കിടയ്ക്കും
തർക്കമില്ലാത്തത് ആർക്കിടേലാണ്?
________________
ഉപഗുപ്തൻ കെ അയിലറ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ