2021 മേയ് 12, ബുധനാഴ്‌ച

സാമാന്യ തത്വങ്ങൾ

                 സാമാന്യ തത്വങ്ങൾ

കൃത്യതയെന്നത് ചെറിയകാര്യത്തിലും
സംതൃപ്തിയുളവാക്കുമെന്നതറിക 
ഉൽസുകനെങ്കിലോ കണ്ടെത്തിടും മാർഗ്ഗം
ഇല്ലെങ്കിലോ സ്വയമുണ്ടാക്കിടുമവൻ

നിശ്ശബ്ദതയും ക്ഷമ‌യുമൊരുപോലെ 
നിസ്സംശയം രണ്ടു ഊർജ്ജത്തിനുറവിടം 
നിശ്ശബ്ദത ബുദ്ധിപരമാമൂർജ്ജവും
നിസ്തുലമാം ക്ഷമ വികാരപരവും

അറിയില്ലേതു കാൽവയ്പ്പായിരിക്കാം 
അറിയാതെ ജീവിതം മാറ്റിമറിക്കുക
മുന്നോട്ട് പോകയതിനാൽ, സന്തോഷവു-
മനുഗ്രഹോമെത്താം നിനച്ചിരിയാതെ

ഒരു കാരണം കാണാമെന്ത് നടക്കാനും  
ഒരു നാളെല്ലാമേ പൂർണ്ണതയിലെത്താം 
ഇന്നു കണ്ണീരിലൂടതിനാൽച്ചിരിക്കാം  ഇന്നത്തെയമളികളോർത്തും ചിരിക്കാം

ബധിരർക്കു കേൾക്കാം ദയയെന്ന ഭാഷ
അന്ധർക്കുമതുപോലെയാഭാഷകാണാം.
മറ്റുള്ളവരിലെയഴക് വെളിവാക്കും   
മർത്യനാണേറ്റവുമഴകുള്ള വ്യക്തി

ഒരുചെറിയ പദമാകാം വിശ്വാസമെന്നത്
ഒരുപാടുൽകൃഷ്ടമാം ധ്വനികളുണ്ടതിന് 
വിശ്വാസത്തിൽ നമുക്കവിശ്വാസവുമ-
വിശ്വാസത്തിൽ നല്ലവിശ്വാസവുമാണിന്ന്

പുതിയത് പഴയതാക്കീടുന്നു കാലം  
പഴയത് പുതിയതാക്കാനായി മർത്യൻ
സ്വയമിടപെടുകയേ മാർഗ്ഗമുള്ളു, 
സ്വയംനവീകരണം വ്യക്തി തൻ ശക്തി



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ