നേർച്ചക്കായ്...
----------------------
ഒട്ടിയവയറുമായ് ഒരുപിടിത്തുട്ടുമേന്തി
ദെെവഗൃഹത്തിൻ പടിപ്പുരയെത്തി ഞാൻ
സ്വർണ്ണതുലാഭാരത്തിക്കുകൾക്കിടയിലെൻ
അന്ത്യാഭിലാഷ സമർപ്പണം ക്ലേശമായ്
പാലും,പഴവും,നെയ്യും,മലരുമായ്
അഭിഷേകത്തിലാറാടും ദെെവത്തെ കണ്ടു
ആനയുമമ്പാരിയും വാദ്യഘോഷമേളത്തിൽ,
എൻവിളിയലിഞ്ഞതിൽ, പരാതിയില്ല..
കീറിയോരുടുമുണ്ട് തുന്നിചേർത്തതാകയാൽ
നടയ്ക്കലിട്ട തുട്ടുകൾ പരിഹസിച്ചുവോ!
തിരിഞ്ഞുനടക്കുമെൻ മാനസം വിതുമ്പി,
ഇപ്പാഴ്ജന്മത്തിനിനി എന്തിനായാശ്രയം!
നേരിയപുക പൊങ്ങുമാ ചിതയോരം വീണുപോയ്
അണപൊട്ടിയൊഴുകുന്ന കണ്ണീരൊഴുക്കിലും,
അന്ധതമൂടിയ ചിത്തത്തിന്നിരുളിലും
നിറയുന്നു പ്രിയതമതൻ സ്നേഹാർദ്രമാം മുഖം
ഒരുകുഞ്ഞിക്കാലിനായ് ഇന്നലെയും നേർന്നവൾ
ഒരുനേരം ഊണൊഴിച്ചെന്നും ഒരുതുട്ട് ചേർത്തവൾ
മറന്നതല്ലറുപതു കഴിഞ്ഞെന്നോതുവാൻ
ആവില്ലെനിക്കാ മിഴികൾതൻ പ്രതീക്ഷയാൽ
ഇച്ഛിച്ചതൊന്നേ നടന്നുള്ളു അവൾക്കായ്
അതെൻ ജീവനൊടുങ്ങും മുൻപേ പറന്നീടുവാൻ!
തിങ്ങുന്ന മാനവർ തങ്ങുന്നൊരീ ഭൂവിൽ
ഏകനായ് പാതിപോയൊരു പാഴ്ജന്മമായ്
മനോജ് മനു മണ്ണാർക്കാട്
_________________________
യവനിക നീക്കിയ നോട്ടം
*************************
ചിന്തകളുണർത്തും പ്രഭാതഭേരി...
കാലമാം യവനിക പിന്നിട്ടിട്ടും
ഓരോനിമിഷവും ഭയവും, കരുതലുംതന്നെ...
പ്രതീക്ഷ നൽകി,
പ്രതിരോധക്കാത്തിരിപ്പു തുടർക്കഥ മാത്രമായി...
എഴുന്നൂറുകോടിയെ മുൾമുനയിൽ നിർത്തി അണു നായകനായ്...
ജന്മഗേഹം വിട്ട്, വൻമതിൽ താണ്ടി, ജയിച്ചതാ നിൽക്കുന്നു; ഇത്തിരിക്കുഞ്ഞൻ, വിശ്വപൗരൻ....
മുഖാവരണമില്ലാതെ, കണ്ണടയില്ലാതെ, വൃത്തിയില്ലാതേ,യവകാശികളില്ലാതെ വിലസുന്നു...
ഇവനേത്തുരത്തുവാൻ നോക്കിടും കാര്യത്തിൽ സാമ്രാജ്യശക്തികൾ തമ്മിൽ മത്സരമായി...
കാമവെറികൾ, കൊലപാതകം,
ചതി, വഞ്ചന എന്നിവയരങ്ങു തകർത്തു
പാരിൽ നടനമാടീടുമ്പോൾ.,..
ആവരണമിട്ടിട്ടും, പാണികൾകഴുകീട്ടും എന്തുഫലം..?
പകച്ചുപോകുന്നു ചെയ്തികൾ. ഇത്തിരിക്കുഞ്ഞൻ വിശ്വപൗരനെ ഏറ്റുവാങ്ങി ഭാരതമിന്നിതാ
ഒന്നാമതായി ....
പാരിലെ കർമ്മഫലത്തിൻ വിധി നിനക്കേകിയീശ്വരൻ...ചുംബനംപോലും നൽകിടാനാകാതെ മരണത്തിലും പാപിയായി....
അഹങ്കാരമരുതേ
പരമകാരുണികന്റെ സൃഷ്ടിനീ മറന്നിടാതെ,
ആഘോഷരാവും തിമിർപ്പും ഇല്ലാതെയായി..
അതിരുകവിഞ്ഞതെല്ലാം അതിരുകൾ തീർത്തു...
നിയമങ്ങൾ കാറ്റിൽപ്പറത്തിയ ലോകമിന്ന് ഒരുനോക്കു തങ്ങളിൽ കാണുവാൻപോലും നിയമം വേണമെന്നായി..
സമൂഹം വേണ്ടാത്തവനും വേണ്ടവനും സാമൂഹികയകലം കൈവരിച്ചു...
വീട്ടിലുംനാട്ടിലും, ആബാലവൃദ്ധവും കൂടിക്കാഴ്ചകൾ
പാട്ടുംകൂത്തും പെട്ടിയിലായി...
വിശ്വഗുരുവിനു പിറന്നാളടുക്കവേ,
അതാ കാത്തിരിപ്പിൻ വിരാമം:
പ്രതിരോധ ഔഷധി വരുന്നു,
നിസ്സാരമായി സൈക്കിളിൽപ്പോലും...
നാടിന്റെ നട്ടെല്ലൊടിച്ചു
അന്നം വിളമ്പിയോരെ...
അരിഞ്ഞിട്ട് മാർഗ്ഗത്തിൽ മുള്ളു വിതറി
ഇറക്കുമതി ചെയ്തു വിഡ്ഢികളായി
മാർഗ്ഗം തടഞ്ഞവർ
എന്നപവാദം തഴഞ്ഞു
ദേശത്തിൻ ഇടവഴിതാണ്ടി ഭക്ഷണവും ഓക്സിജനും കൊണ്ടു
ചരിത്രംകുറിച്ച്
വീണ്ടും പുതുശ്വാസമായി...
കർഷകനും
നാനാത്വത്തിൽ ഏകത്വം തച്ചുടയ്ക്കാൻ
നോക്കിയ പരിശീലനം
വൃഥാവിലായി;
ആയുധമില്ലാത്ത യുദ്ധമായി, മഹാമാരിക്കുമുന്നിൽ,
രാജ്യം ശവപ്പറമ്പായി
ലോകത്തിൻ മരുന്നു
വില്പനശാലയെന്ന ബഹുമതിയിൽ ഗർവ്വോടെ രാഷ്ട്രമിന്ന്.
മഹത്ഗുരു നീയല്ല, സാക്ഷാൽ ഈശ്വരൻ വന്നാലും, ആരൊക്കെ പൊലിഞ്ഞാലും ഞങ്ങൾ തിമിർക്കുമെന്നായി...
നീ സ്ഥിരമാണോ ചങ്ങാതീ,
എങ്കിൽ മുഖകവചം ഇനി നിനക്കുവേണ്ടിമാത്രം ...
"കാലം സാക്ഷി, ചരിത്രം സാക്ഷി, മനുഷ്യൻ തീരാ നഷ്ടത്തിൽ. " ഓർമ്മയിൽ വേണം വേദവാക്യം....
ലോകമാം വേദിയിൽ, തിരശ്ശീല വീഴുംവരെ .....
✍️✍️✍️
*ഷനിജ വിനോജ്...*
************************†***********
ചെറുകഥ
കാട്
വല്ലാത്ത ശബ്ദത്തോടെ വാതിൽ തുറന്നു. എത്രയോ വർഷങ്ങളായി ഈ മുറി തുറന്നിട്ട്! മുറിയാകെ മാറാലയും പൊടിയും പിടിച്ചിരിക്കയാണ്. കയ്യിലിരുന്ന ചൂലും തുണിയും കൊണ്ട് ഒരുവിധം മുറി വൃത്തിയാക്കി. ഒരു കാർഡ്ബോർഡ് ബോക്സിൽ പുസ്തകങ്ങൾ വൃത്തിയാക്കി അടുക്കി വെക്കുന്നിതിനിടയിൽ, പടികൾ കയറി വന്ന ദേവനന്ദ (മൂത്ത സഹോദരിയുടെ മകളുടെ മകൾ ) കിതപ്പോടെ
പറഞ്ഞു. "വിനുവമ്മയോട് താഴേക്ക് വരാൻ പറഞ്ഞു". "ശരി മോളെ... ഞാൻ ഇതാ വരുന്നു", എന്ന് പറഞ്ഞുതീരും മുന്നേ അവൾ പടികൾ ചാടി ഇറങ്ങിപ്പോയി. "മോളേ സൂക്ഷിച്ച്...ഇല്ലേൽ വീഴും" എന്ന് ഞാൻ പറഞ്ഞത് അവൾ കേട്ടുപോലും ഉണ്ടാവില്ല. കയ്യിലിരുന്ന പുസ്തകം കട്ടിലിൽ വച്ചശേഷം താഴേക്കിറങ്ങി. നടുമുറ്റത്ത് എല്ലാവരും ഉണ്ട്. സഹോദരന്മാരും സഹോദരിമാരും, അവരുടെയൊക്കെ മക്കളും ഭാര്യമാരും ഭർത്താക്കന്മാരുമെല്ലാം ചേർന്ന് ഒരു വലിയ കൂട്ടം. പടികളിറങ്ങി ആ സഭയിലേക്കു ചെന്നപ്പോൾ പലരും
അടക്കം പറച്ചിൽ നിർത്തി. നിശ്ശബ്ദത. ...അതിനെ കീറിമുറിച്ചുവന്ന ആദ്യ ശബ്ദം അമ്മാവന്റേതായിരുന്നു, "വിനോദിനീ...ഭാഗം വയ്പ് കഴിഞ്ഞു. എന്തൊക്കെ ആർക്കൊക്കെ ആണെന്ന് വായിക്കാം".
"വേണ്ട അമ്മാവാ"."
എന്നാലും നിന്റെ പങ്ക് എന്താണെന്നു അറിയണ്ടേ. വക്കീലേ അതൊന്നു വായിക്കു". അമ്മാവൻ വക്കീലിനോടായി പറഞ്ഞു.
കണ്ണട ശരിയാക്കിക്കൊണ്ട്, പോറ്റി വക്കീൽ വായിച്ചു. "തറവാട് വീടും അതിനു ചുറ്റുമുള്ള 57 സെന്റ് സ്ഥലവും, പിന്നെ കുളത്തിനും പുഴയോടും ചേർന്ന് കിടക്കുന്ന പറമ്പും."
"എന്തെങ്കിലും അഭിപ്രായവ്യത്യാസം ഉണ്ടോ" എന്ന് അമ്മാവൻ ചോദിച്ചപ്പോൾ...ഞാൻ ഒന്നും മിണ്ടിയില്ല. തറവാടും കാവും കുളവും തന്നേ ഏൽപ്പിച്ചിരിക്കുന്നു.! മറ്റുള്ളവർക്ക് അപ്പോൾ എളുപ്പം അവരുടെ സ്ഥലങ്ങൾ വിറ്റു കാശാക്കി പോകാമല്ലോ! ഞാൻ ഒന്നും മിണ്ടാതെ പടികൾ കയറി മുകളിലേയ്ക്കു പോയി.
*******
"വീടെത്തി, മാഡം" എന്ന് ഡ്രൈവർ പ്രകാശൻ പറഞ്ഞപ്പോൾ കണ്ണുതുറന്ന് എണീറ്റു. ബാഗുകളും ബോക്സുകളും ഫ്ലാറ്റിൽ എത്തിക്കാൻ പ്രകാശനോട് പറഞ്ഞു. എന്നിട്ടു കയ്യിലുരുന്ന കവറുമായി ലിഫ്റ്റ് കയറി, ഫ്ലാറ്റിൽ എത്തി ബെൽ അമർത്തി. വാതിൽ തുറന്നതും, മകൾ കൃഷ്ണ ഒന്ന് ഞെട്ടി. പിന്നെ എന്റെ കയ്യിലേക്ക് നോക്കി കളിയാക്കിച്ചിരിച്ചുകൊണ്ടു ചോദിച്ചു: "ഭാഗം വച്ചപ്പോൾ അമ്മക്ക് ഈ ചെടിയാണോ തന്നയച്ചത്?" എന്നിട്ട്, അകത്തേയ്ക്ക് നോക്കി, "അച്ഛാ അമ്മക്കു കിട്ടിയ ഭാഗവുമായി ദേ വന്നിരിക്കുന്നു."
രാജീവേട്ടൻ എന്നേനോക്കി ചിരിച്ചുകൊണ്ടു ചോദിച്ചു, "ഇതേതാ ചെടി?" അല്പം ദേഷ്യം വന്നിട്ടാണെങ്കിലും ഞാൻ പറഞ്ഞു "മന്ദാരം".
"ഇതാണോ നിന്റെ വീതം?" ഒന്നും പറയാതെ ഞാൻ അകത്തേക്ക് കയറിപ്പോയി. ഒന്ന് നന്നായി കുളിച്ചു. അടുക്കളയിൽ പോയി
ഒരു കട്ടൻ ചായ ഉണ്ടാക്കി അതും ചെടിയുമായി ടെറസിനു മുകളിൽ കയറി. അവിടെഒരു മൂലയ്ക്ക് ചെടി വച്ചു ചെറിയ വാട്ടം ഉണ്ട്. അതിന് കുറച്ചു വെള്ളം തളിച്ചു കൊടുത്തു. എന്നിട്ടു കട്ടൻ ചായ എടുത്തു കുടിച്ചുകൊണ്ട് ആ ചെടിയെ നോക്കി ഇരുന്നു. "എന്താ വിനോദിനി, തനിച്ചിവിടെ? മോളും ഞാനും കളിപറഞ്ഞതല്ലേടോ!" രാജീവേട്ടൻ. "പ്രകാശൻ എന്തൊക്കെയോ റൂമിൽ കൊണ്ടു വച്ചിരിക്കുന്നു. നീ താഴേക്ക് വന്ന് അതൊക്കെ എടുത്തു വയ്ക്കൂ".
"ഉം" എന്ന മൂളലോടെ ഞാൻ താഴേക്ക് പോയി.
**************
എന്തൊക്കെയോ ബഹളംപോലെ കേട്ട് ഉണർന്നു. സമയം 9 കഴിഞ്ഞിരിക്കുന്നു.
ഹാളിൽ എത്തിയപ്പോൾ കണ്ടത് രാജീവേട്ടനും മോളും പോകാൻ റെഡിയായി നിൽക്കുന്നതാണ്. ഞാൻ എന്തോ പറയാൻ തുടങ്ങിയതും മോൾ പറഞ്ഞു "അമ്മ ഇനി ബ്രേക്ഫാസ്റ്റ് ഉണ്ടാക്കാൻ നിൽക്കണ്ട". ഞങ്ങൾ ഇറങ്ങുന്നു. അമ്മ റസ്റ്റ് എടുക്കൂ".
അതും പറഞ്ഞു അവർ വാതിലടച്ചു പോയി. രാവിലത്തെ ജോലികളെല്ലാം കഴിഞ്ഞു. പുസ്തകങ്ങൾ അടുക്കിവച്ചു ടെറസ്സിൽപോയി. മന്ദാരം ഉഷാറാണ്. എന്നാൽ ഒറ്റയ്ക്കാണ് .
ഒന്നു പുറത്തിറങ്ങി നടന്നു. കുറച്ചു സാധനങ്ങളും വാങ്ങാം, എന്ന് കരുതി. അപ്പോളാണ് വഴിയരികിൽ ഒരാൾ ചെടികൾ വിൽക്കുന്നതു കണ്ടത്. അവിടെ അത്യാവശ്യം ആൾക്കൂട്ടം ഉണ്ട്. പലതരം പൂക്കൾ ഉള്ള ചെടികൾ. പക്ഷേ, എന്റെ കണ്ണുടക്കിയത് ഇലഞ്ഞിപോലെ തോന്നിക്കുന്ന ഒന്നിലാണ്. അതു കണ്ടിട്ടാകും, അയാൾ പറഞ്ഞു, "മാഡം, അത് ഏതോ പാഴ്ച്ചെടിയാണ്". ഞാൻ പറഞ്ഞു, "എനിക്ക് ഇതു മതി". കാശു വേണ്ട എന്നയാൾ പറഞ്ഞെങ്കിലും 50 രൂപ കൊടുത്തു. ഞാൻ അതു
കൊണ്ടുപോയി മന്ദാരത്തിനു കൂട്ടായി വച്ചു .
ദിവസങ്ങൾ കഴിഞ്ഞുപോയി ...അല്ല, മാസങ്ങൾ ...ഒരു ഞായറാഴ്ച്ച നിർത്താതെയുള്ള ബെല്ലു കേട്ട് ദേഷ്യത്തിൽ പോയി വാതിൽ തുറന്നു. ഫ്ലാറ്റുകളുടെ സെക്രട്ടറിയാണ്. രാമൻ മേനോൻ. അയാൾ വന്നപാടേ ബഹളം വയ്ക്കാൻ തുടങ്ങി. അതു കേട്ട് രാജീവേട്ടനും കൃഷ്ണയും വന്നു. "എന്താ അങ്കിൾ രാവിലെ?" അവൾ ചോദിച്ചു. "എന്താണെന്നോ.., ടെറസ്സിലേക്കു വാ, കാണിച്ചു തരാം". അയാൾ എല്ലാവരേം കൂട്ടി മുകളിലേയ്ക്കു പോയി .
"നോക്ക് ...കണ്ടോ ..കാടുണ്ടാക്കി വച്ചിരിക്കുന്നു". കൃഷ്ണ ഞെട്ടിപ്പോയി. മരങ്ങൾ! അവൾ അത്ഭുതത്തോടെ ചോദിച്ചു, "അമ്മ എപ്പോളാ ഇതുണ്ടാക്കിയത്? ഞാൻ അറിഞ്ഞില്ലല്ലോ!!!"
"ഇന്നുതന്നെ ഇതെല്ലാം എടുത്തുകൊണ്ടു പോകണം .ഇല്ലേൽ ഞാൻ ഇതെല്ലാം വലിച്ചുവാരി കളയും" ..രാമൻ മേനോൻ അതും പറഞ്ഞു പോയി. ഒരു അപരാധിയെപ്പോലെ ഞാൻ നിന്നു.
'എന്താ മണ്ണിനും മരങ്ങൾക്കും സ്ഥാനമില്ലേ..അവയ്ക്കു വളരണ്ടേ' ...
മനസ്സിൽ നൂറു ചിന്തകൾ ...
"കാടുണ്ടാക്കണം, എനിക്ക്" ...പെട്ടെന്ന് രാജീവേട്ടൻ തിരിഞ്ഞു നിന്നു ചോദിച്ചു, "എന്താ നീപറയുന്നത്? കാടുണ്ടാക്കണമെന്നോ!...എങ്ങനെ?
നിനക്ക് ഭ്രാന്താണ്!!!".
"അതേ, എനിക്കു ഭ്രാന്താണ്. മണ്ണിനോടും മരങ്ങളോടും!....എല്ലാവരുടെ ഉള്ളിലും ഒരു കാടുണ്ട്. സ്വപ്നങ്ങളുടെ, ആഗ്രഹങ്ങളുടെ, പകയുടെ, കള്ളത്തരത്തിന്റെ, പ്രതികാരത്തിന്റെയൊക്കെ കാട്. പക്ഷേ, എന്റെ മനസ്സിൽ അതൊന്നും അല്ല..., ഓർമ്മകളുടെ കാടാണ്. അമ്മയുടെ.. അച്ഛന്റെ കൈകൾ പിടിച്ചു പാടത്തും തൊടിയിലും നടന്ന ഒരു പെണ്ണിന്റെ, ഓർമ്മകൾ... മണ്ണിന്റെ മണം നെഞ്ചിലേറ്റി, ചെടികൾ വച്ചുപിടിപ്പിച്ച ഒരു പെണ്ണിന്റെ ഭ്രാന്ത് ....എനിയ്ക്ക് കാട് ഉണ്ടാക്കണം ...കാട്."
**********
തറവാടിന്റെ മുറ്റത്തു ഒരു കാർ ചെന്നു നിന്നു. പുറകിൽ ഒരു ചെറിയ ട്രക്ക്. അത് നിറയെ മരങ്ങൾ. കാടുണ്ടാക്കാനുള്ള മരങ്ങൾ....അതിൽ ഒരു മന്ദാരം പൂത്തുലഞ്ഞ് , തല പുറത്തേക്കിട്ടുകൊണ്ട്, എന്നെ നോക്കി കൈവീശി ചിരിക്കുന്നുണ്ടായിരുന്നു🙋🏻♀️🌹❤️
(മോഹിനി രാജീവ് വർമ്മ
07.05.2021
Frxiday______________________________________
The above short stiry is rejected
______[____[[[[[[[[[________________
കഥ:
അമ്മയോർമ്മകൾ..
*********************
ദിവ്യ സി ആർ
"മരണത്തിന് അത്രമേൽ തണുപ്പുണ്ടായിരുന്നോ..?"...........
.........." അറിയില്ല..!", മനസ്സ് അങ്ങനെ മൂളി; സുദീർഘമായൊരു മൗനത്തിനുശേഷം.
ശരീരത്തിൻെറ നേർത്ത ചൂട് വലിച്ചെടുത്തു വിറങ്ങലിച്ച് അസ്ഥിത്തണ്ടുമാത്രമായി അമ്മയുടെ ശരീരം മാറിയെന്നറിഞ്ഞത് രണ്ടാഴ്ച കഴിഞ്ഞാണ്. പക്ഷേ, കാശ്മീരിലെ തണുപ്പിൽ തന്റെ ശരീരം തണുത്തില്ല. പട്ടാളക്യാമ്പിലെ വെടിമുഴക്കങ്ങളും യുദ്ധകോലാഹലങ്ങളും തലച്ചോറിൽ ഒരു ഭാവഭേദവുമുണ്ടാക്കിയില്ല. മൈനസ് ഡിഗ്രിയിൽ തണുത്തുറഞ്ഞ മഞ്ഞുകട്ടകൾക്ക് പ്രത്യേകിച്ചൊരു മരവിപ്പിൽ തന്നെ തളയ്ക്കാൻ കഴിയാതെ പോയതുപോലെ.
" അമ്മ..! " ഏതൊരു അന്തരാത്മാവിനേയും ആഴത്തിൽ സ്പർശിക്കുന്ന സ്നേഹം. മൈലുകളോളം നീളുന്ന മഞ്ഞുപാടത്തിൽ എവിടെയോ നിന്നോടിയെത്തുന്ന അമ്മയുടെ ശബ്ദം:
" മോനേ....! "
വിദൂരതയിൽ നിന്നും ഇടറിമാറുന്ന ശബ്ദവീചികൾ..
ഭ്രാന്തമായി അതിന്റെ പിന്നാലെ പോവുകയും അതിദയനീയമായി പരാജിതനാവുകയും ചെയ്ത എത്രയെത്ര രാവുകൾ! പെട്ടെന്നൊരു നിമിഷം കൊണ്ട് ഈ ഭൂമിയിൽ താൻ അനാഥനാണെന്ന സത്യം എന്തുകൊണ്ടോ ഉൾക്കൊള്ളുവാൻ കഴിയാതെ പോകുന്നു. യുദ്ധമുഖത്ത് മരിച്ചുവീഴുന്ന വീരയോദ്ധാക്കൾക്ക് ആത്മശാന്തി നേരുന്ന പട്ടാളക്കാരൻെറ മനസ്സ് ; ജനിമൃതികളുടെ നിസ്സാരത മനസിലാക്കിയ തനിക്കിതെങ്ങനെ വൈകാരികമായി ചിന്തിക്കാൻ കഴിയുന്നുവെന്നതിൽ അത്ഭുതം തോന്നി.
മരണവാർത്തയറിഞ്ഞ് നാട്ടിലെത്താൻ വീണ്ടും ദിവസങ്ങളെടുത്തു. "അമ്മ" എന്ന നന്മ ഒരുപിടി ചാരമായി മാറിയ തൊടിയിൽ, വേദനകളെ തെളിനീർ ചോലയിലൊഴുക്കി, ഓർമ്മകൾ ഒരു പിടി ബലിച്ചോറിനായി പരതി.
അതീവദു:ഖത്താൽ മരവിച്ചുപോയ മനസ്സിൽ മറ്റൊരു വികാരവും കടന്നുവരാതെ വാശിപിടിച്ചു. രാവും പകലും അലസമായി തങ്ങിനിന്ന അമ്മയോർമ്മകളെ വീടിന്റെ ഓരോ മൂലകളും ഉണർത്തിക്കൊണ്ടേയിരുന്നു. അമ്മയുടെ സാമീപ്യമുള്ള, അന്ത്യശ്വാസം തങ്ങിനിന്ന, മുറിയിലേക്ക് എത്ര സമയം ആ നിശ്ശബ്ദതയെ കൂട്ടുപിടിച്ചു നിന്നുവെന്നോർമ്മയില്ല. പാതിമയക്കത്തിലെപ്പോഴോ അമ്മമണമുള്ളൊരു കാറ്റ് മുടിയിഴകളെ തഴുകി കടന്നു പോയി. ആ കാറ്റിൽ ഇതളുകൾ പാറിപ്പറന്നൊരു മാസിക നിലത്തുവീണു. അതിന്റെ മടക്കുവീണ അവസാനപേജിലെ വരികളിൽ കണ്ണുടക്കി.
" ഉള്ളിലേക്കെടുക്കുമവസാന-
ശ്വാസത്തിനായിപ്പരതും
മിഴികളിൽ തെളിയുന്നൂ ;
മരണത്തിൻെറ നിശ്ശബ്ദരൂപം ! "
മരണത്തിൻെറ ഭയപ്പെടുത്തുന്ന വാക്കുകളോട് ദേഷ്യമോ വെറുപ്പോ കലർന്ന അവജ്ഞ തോന്നി. ഇതായിരിക്കുമോ അമ്മ അവസാനമായി വായിച്ച വരികൾ. വർഷങ്ങളായി കിടപ്പിലായ അമ്മയ്ക്ക് ആശ്രയമായിരുന്ന പുസ്തകങ്ങളെ നോക്കി എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ.. ഇരുൾ വീണു കനത്ത മുറിയിൽ നിശ്ശബ്ദതയോട് സംവദിക്കാൻ താൻ അജ്ഞനാണെന്നുള്ള തിരിച്ചറിവ് അതിൽ നിന്നും പിന്തിരിപ്പിച്ചു. മുറി വിട്ടു പുറത്തേക്കിറങ്ങുമ്പോഴും ഉള്ളിലെവിടെയോ ആ കവിതയുടെ വരികളുണ്ടായിരുന്നു. വാക്കുകൾ അനുഭവവേദ്യമാക്കിയ വീർപ്പുമുട്ടൽ, ശ്വാസത്തിനായി പിടയുന്ന, കണ്ണുകൾ മുകളിലേക്ക് തറച്ചു നിൽക്കുന്ന, അമ്മയുടെ ചിത്രം ആ ഇരുളിലും പിന്തുടർന്നുകൊണ്ടേയിരുന്നു..!
______________________________
Above story also discarded
___________________________________
ആരോഗ്യം
വൃക്കരോഗങ്ങൾ ....... തുടർച്ച.....
ശരീരത്തിൽ വൃക്കകളുടെ പ്രവർത്തനങ്ങളേയും, അവയെ ബാധിക്കുന്ന പ്രശ്നങ്ങളേയും, രോഗലക്ഷണങ്ങളേയും പറ്റി കഴിഞ്ഞ ലക്കത്തിൽ നമ്മൾ മനസ്സിലാക്കി.
പ്രമേഹരോഗികൾക്ക് വൃക്കരോഗങ്ങൾ ബാധിച്ചാലുളവാകുന്ന ഒരു പ്രധാന ലക്ഷണം, രക്തത്തിലെ പഞ്ചസാരയുടെ തോത് യാതൊരുകാരണവുമില്ലാതെ താഴ്ന്ന്, പലപ്പോഴും ആശുപത്രിയിൽ എത്തിച്ച് ഞരമ്പിലൂടെ ഗ്ലൂക്കോസ് കൊടുക്കേണ്ട അവസ്ഥ സംജാതമാകുന്നു എന്നതാണ്. പ്രമേഹം നിയന്ത്രിക്കുന്നതിന്, ഉപയോഗിക്കുന്ന മരുന്നുകളുടെ ഡോസ് കുറയ്ക്കുകയോ, അല്ലെങ്കിൽ പലപ്പോഴും അവ നിർത്തേണ്ടി വരികയോ ചെയ്യേണ്ടി വരാം.. പലപ്പോഴും ഈ അവസ്ഥയിൽ രോഗി സന്തുഷ്ടവാനാകാം, പക്ഷേ പ്രധാന അവയവമായ വൃക്കയുടെ പ്രവർത്തനത്തകരാറ് മൂർച്ഛിച്ചുവെന്നു വരാം എന്നത് എടുത്തുപറയേണ്ട ഒരു കാര്യമാണ്.
മേൽപ്പറഞ്ഞ തരത്തിലുള്ള സ്ഥായിയാകാവുന്ന വൃക്കസ്തംഭനത്തെ, നേരത്തേതന്നെ കണ്ടുപിടിക്കുവാനും, ചികിത്സിച്ച്, വൃക്കകളെ പൂർവ്വ സ്ഥിതിയിലാക്കുവാനും സാധിക്കുന്നതല്ല. അതിനുള്ള കാരണങ്ങൾ പ്രധാനമായും, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കല്ലുകൾ, അമിത ശരീരഭാരം, മരുന്നുകളുടെ അമിതമായ ഉപയോഗം എന്നിവയാണ്. ഇവ ചികിത്സിച്ച് നിയന്ത്രണ വിധേയമാക്കുന്നത്, വൃക്കരോഗം മൂർച്ഛിക്കുന്നതിൽ നിന്ന് ഒരു പരിധിവരെ പിടിച്ചു നിർത്താൻ സഹായിക്കും, എന്നതിൽ തർക്കമില്ല.
അപ്പോൾ അത് വൃക്കകളെ ബാധിച്ചിട്ടുണ്ടോ എന്നറിയുവാനുള്ള ടെസ്റ്റുകൾ ഏവ?
ടെസ്റ്റുകൾ വളരെ ലളിതവും ചിലവുകുറഞ്ഞവയുമാണ്. മൂത്രത്തിൽ ആൽബുമിന്റെ അളവ് പരിശോധിക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ടെസ്റ്റ്. രക്തത്തിന്റെ അംശം, പസ് സെൽസ് എന്നിവയുടെ സാന്നിദ്ധ്യം, എന്നിവ പരിശോധിക്കണം. ഇവ തുടർച്ചയായി മൂന്നിലധികം തവണകളായി പരിശോധിക്കേണ്ടത് ആവശ്യമാണ്. രക്തത്തിൽ യൂറിയയുടെ തോതും പരിശോധിക്കാം. വൃക്കകൾ 50% ൽ അധികം പ്രവർത്തനരഹിതമായാൽ ക്രിയാറ്റിനിന്റെ അളവ് കൂടാൻ തുടങ്ങുന്നു. പലപ്പോഴും വൃക്കകളുടെ സ്കാനിംഗ് വൃക്കസ്തംഭനത്തിന്റെ അവസാനഘട്ടത്തിൽ മാത്രമേ സഹായമാവുകയുള്ളു. മൂത്രനാളിയിലെ വൃക്കകളിലുള്ള കല്ലുകൾ അവമൂലമുള്ള തടസ്സങ്ങൾ മനസ്സിലാക്കുവാൻ സഹായിക്കുന്നു.
മേൽപ്പറഞ്ഞതരം വൃക്കസ്തംഭനം സ്ഥായിയായിട്ടുള്ളതാകുന്നു. ചികിത്സിച്ച് ഭേദമാക്കുവാൻ സാധിക്കുകയില്ല. രോഗം മൂർച്ഛിക്കുകയാണെങ്കിൽ ജീവൻ നിലനിർത്തുന്നതിനായി ഡയാലിസിസ് അല്ലെങ്കിൽ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയെ ആശ്രയിക്കേണ്ടിവരുന്നൂ. ഇവ വളരെ സങ്കീർണവും, ചിലവേറിയതുമാകുന്നു. നേരേമറിച്ച്, മറ്റുപല അസുഖങ്ങൾക്കും അനുബന്ധമായി, താത്ക്കാലികമായി ഉണ്ടാകുന്ന വൃക്കസ്തംഭനത്തിനെ,
അക്യൂട്ട് കിഡ്നി ഇൻഞ്ചുറി എന്നു പറയുന്നു. നമ്മുടെ നാട്ടിൽ ഇതിന്റെ പ്രധാന കാരണങ്ങൾ എലിപ്പനി, പാമ്പുകടി, മരുന്നുകളുടെ പാർശ്വഫലങ്ങൾ എന്നിവയാണ്. വൃക്കകളെ ബാധിക്കുന്ന ചില പ്രത്യേകതരം രോഗങ്ങളാണ് സിസ്റ്റമിക് ലൂപ്പിസ്, എറിത്തിമെറ്റോസിസ് എന്നിവ. പ്രത്യേകിച്ച് ചെറുപ്പക്കാരായ സ്ത്രീകളേയാണ് ഇവ ബാധിക്കുന്നത്. 50 വയസ്സ് കഴിഞ്ഞവരിൽ രക്തകുഴലുകളെ ബാധിച്ച് വാസുലെെറ്റിസ് എന്നരോഗം വൃക്കസ്തംഭനം ഉണ്ടാക്കുന്നു.
കാലേക്കൂട്ടി കണ്ടുപിടിച്ച് യഥാക്രമം ചികിത്സ നല്കുകയാണെങ്കിൽ വൃക്കകളുടെ പ്രവർത്തനം ഏറെക്കുറെ സാധാരണ നിലയിലെത്തിച്ചു രോഗിക്കൊരു സാധാരണ ജീവിതം നയിക്കുവാൻ സാധിക്കും. ഒരിക്കൽ ഉണ്ടായാൽ തുടർ പരിശോധനകളും, വർഷത്തിലൊരിക്കൽ തുടർ ചികിത്സയും വേണ്ടിവരുന്നു. എന്തെന്നാൽ, പഠനങ്ങൾ സൂചിപ്പിക്കുന്നത് ഈ വിഭാഗത്തിൽപ്പെട്ട രോഗികളിൽ 15_25% വരെ ആളുകൾക്ക് ഭാവിയിൽ സ്ഥായിയായി വൃക്കസ്തംഭനം പിടിപെട്ടേക്കാം എന്നാണ്. പരിശോധനകൾക്ക് വെറും 50 രൂപ മുതൽ താഴേക്ക് മാത്രമേ ചിലവുള്ളു. സർക്കാർ ആശുപത്രികളിൽ ഇത് സൗജന്യവുമാണ്.
_____________[[[[[________________
[10/05, 13:01] Manu Manoj മനു സ്നേഹവീട്: ജീവിതനൗക
-------------------
നനുത്ത സ്വപ്നങ്ങളാൽ നിറയുമെൻ ജീവിതമാകുന്ന നൗക
ഒരുപാടു കിനാക്കൾ നിറയുന്ന ജീവിതനൗക
ഞാനതിൽ തുഴയേന്തുമൊരു വഞ്ചിക്കാരൻ
എന്നും തഴുകുമാ കാലവർഷ ലാളന
ഒരുനാളേതോ പകപോക്കലായ് വന്നൊന്നെൻ
ഇടനെഞ്ചുടച്ചു തകർത്തിതാ
പേമാരിയിന്നൊരു കൊടുംങ്കാറ്റായടിക്കുന്നു
ജീവിതമേ ?' ഇനിയെന്നു നീ കരകാണും?
ഒന്നകന്നു പോകൂ നീ മഹാമാരി..
കാത്തിരിപ്പുണ്ടെൻ കൂരയിലായ്
വിശപ്പാൽ വാടിയ
അരുമ കിടാങ്ങൾ
ചോരുന്ന കൂരയിൽ ഓരൊത്തൊതുങ്ങി
നിറമിഴി പ്രതീക്ഷയാൽ പടിക്കൽ നോക്കി
മതിയായിയില്ലേ നിനക്കിനിയുമീ
താണ്ടവനടനം?
മരിച്ച് അന്ത്യകർമ്മങ്ങൾ ചെയ്യാതെ അനാഥമാകുന്ന ആത്മ ക്കൾ
ഒരുനോക്കു കാണാനാവാതെ വിഷമിക്കുന്ന ഉറ്റവർ
മതിയായില്ലിനിയും നിനക്കു കാലമേ?
തളരാതെ തുഴയുമെൻ
മനതാരിലായ്
പിഞ്ചോമനകളുടെ നിറമിഴികൾ മാത്രം
പോരാടീടുമെൻ അവസാനശ്വാസവും
എൻ നൗകയെ പുണരാതെ പോകുക നീ
എൻ കിനാക്കളൊന്നായർപ്പിക്കാം ഞാൻ
മാനവചെയ്തിതൻ പ്രവൃത്തികളെല്ലാം
പരിണിതഫലമായ് വരുമെന്നറിയാം
വിനാശചെയ്തികൾ ചെയ്യാത്തൊരെന്നേയും
നശീകരിക്കുവാൻ ആയുന്നതെന്തിനായ്?
ആഞ്ഞ് തുഴയട്ടെയെൻ ജിവിതനൗക
എൻ കുടിലെത്തുവാൻ ദാഹിക്കും മനമോടെ..
സരിത ഷാജി
[10/05, 16:03] Manu Manoj മനു സ്നേഹവീട്: ജീവിതനൗക
-------------------
നനുത്ത സ്വപ്നങ്ങളാൽ നിറയുമെൻ ജീവിതമാം നൗക
ഒരുപാടു കിനാക്കൾ നിറയുമീ നൗകയിൽ
തുഴയേന്തുമൊരു വഞ്ചിക്കാരിയായ് ഞാൻ
എന്നും തഴുകുമാ കാലവർഷലാളന
ഒരുനാളേതോ പകപോക്കലായ് വന്നു
ഇടനെഞ്ചുടച്ചു തകർത്തൊരു
പേമാരിയായി.
നാശങ്ങൾ തീർത്തൊരു കൊടുംങ്കാറ്റുമായി.
' ഇനിയെന്നു ഞാനെൻ കരകാണും?
ഒന്നകന്നുപോക നീ മഹാമാരി..
കാത്തിരിപ്പുണ്ടെന്നോലക്കൂരയിൽ
വിശപ്പാൽ വാടിയ
അരുമ കിടാങ്ങൾ
ചോരുന്ന കൂരയിൽ ഓരൊത്തൊതുങ്ങി,
നിറമിഴി പ്രതീക്ഷയാൽ പടിക്കൽ നോക്കി,
ഏകാശ്രയമായൊരീയമ്മയെ!
മതിയായിയില്ലേ നിനക്കിനിയുമീ
താണ്ടവം?
അന്ത്യകർമ്മം നടത്താതനാഥമാകുന്ന ആത്മാക്കൾ
ഒരുനോക്കു കാണാൻ കേഴുന്ന ഉറ്റവർ
മതിയായില്ലിനിയും നിനക്കു കാലമേ?
തളരാതെ തുഴയുമെൻ
മനതാരിലായ്
എന്നോമനകൾ തൻ നിറമിഴികൾ മാത്രം
പോരാടീടുമെൻ അവസാനശ്വാസവും
നീയീനൗകയെ പുണരാതെ പോകുക
മാനവർതൻ
ചെയ്തിതൻ തിക്തഫലങ്ങൾ
ഒരുശാപമായിനി വരുമെന്നറിയാം
വിനാശചെയ്തികൾ ചെയ്യാത്തൊരെന്നേയും
നശീകരിക്കുവാൻ ആയുന്നതെന്തിനായ്?
ആഞ്ഞ് തുഴയട്ടെയെൻ ജിവിതനൗക
എൻ കുടിലെത്തുവാൻ ദാഹിക്കും മനമോടെ..
സരിത ഷാജി
_____________________________
(Corrected version,)
ജീവിതനൗക
-------------------
നനുത്ത സ്വപ്നങ്ങൾ നിറയുമെൻ ജീവിത-
നൗകതുഴയുന്ന തോണിക്കാരി ഞാൻ
എന്നുംതഴുകുമാ കാലവർഷമേതോ
പകപോക്കലിന്നായി വന്നൊരുനാൾ
ഇടനെഞ്ചുതച്ചു തകർക്കും പേമാരിയാ- യൊപ്പമൊരു നാശംവിതയ്ക്കും കൊടുങ്കാറ്റും.
'ഇനിയെന്നുഞാനെന്റെ കരയടുക്കും?
കാത്തിരിപ്പുണ്ടെന്നോലക്കൂരയിൽ
വിശപ്പാലേ വാടിയോരരുമക്കിടാങ്ങൾ,
ചോരും കൂരയിലൊരോരത്തൊതുങ്ങി,
നിറമിഴികളോടേപടിക്കലേക്കുംനോക്കി,
ഏകാശ്രയമാകുമീയമ്മേ പ്രതീക്ഷിച്ച് !
തളരാതെതുഴയുന്നോരെൻ മനതാരിൽ
എന്നോമനകൾതൻ നിറമിഴികൾമാത്രം
പോരാടുംഞാനെന്നവസാനശ്വാസംവരെ
ഇനിയീ നൗകയെപ്പുണരാതെ പോകനീ
മതിയായില്ലേ നിനക്കിനിയും കാലമേ?
മാനവർതൻതെറ്റിൻ തിക്തഫലങ്ങൾ
ഒരുശാപമായിനി വരുമെന്നതറിയാം
വിനാശമൊന്നുമേ ചെയ്യാത്തൊരെന്നെയും
നശീകരിക്കുവാനായുന്നതെന്തിനായ്?
കടന്നൊന്നുപോയിടൂ നീ, മഹാമാരീ ..
മതിയായിയില്ലേ നിനക്കിനിയുമീ താണ്ഡവം
ആഞ്ഞുതുഴയട്ടെയെൻ ജിവിതനൗക
എൻകുടിലെത്തുവാൻ ദാഹിക്കും മനമോടെ..
സരിത ഷാജി
_____________________________
ജീവിതനൗക
-------------------
നനുത്ത സ്വപ്നങ്ങൾ നിറയുമെൻ ജീവിത-
നൗകതുഴയുന്ന തോണിക്കാരി ഞാൻ
എന്നുംതഴുകുമാ കാലവർഷമൊരുനാൾ വന്നൂ പകപോക്കലിന്നായെന്നപോലെ
ഇടനെഞ്ചുതച്ചു തകർക്കും പേമാരിയും കൊടുങ്കാറ്റുമൊപ്പംനാശംവിതക്കുവാൻ .
കരയെന്നടുക്കുമെന്നറിയില്ലയിനിയും
കാത്തിരിപ്പുണ്ടെന്റയോലക്കൂരയിൽ
കിടാങ്ങളെന്നരുമകൾ വിശപ്പാലെ വാടി
ചോരും കൂരയിലൊരോരത്തൊതുങ്ങി,
നിറമിഴികളോടേപടിക്കലേക്കുംനോക്കി,
ഏകാശ്രയമാകുമീയമ്മേ പ്രതീക്ഷിച്ച് !
തളരാതെതുഴയുന്നോരെൻ മനതാരിൽ
എന്നോമനകൾതൻ നിറമിഴികൾമാത്രം
പോരാടുംഞാനെന്നവസാനശ്വാസംവരെ
ഇനിയീ നൗകയെപ്പുണരാതെ പോകനീ
മതിയായില്ലേ നിനക്കിനിയും കാലമേ?
മാനവർതൻതെറ്റിൻ തിക്തഫലങ്ങൾ
ഒരുശാപമായിനി വരുമെന്നതറിയാം
വിനാശമൊന്നുമേ ചെയ്യാത്തൊരെന്നെയും
നശീകരിക്കുവാനായുന്നതെന്തിനായ്?
കടന്നൊന്നുപോയിടൂ നീ, മഹാമാരീ ..
മതിയായിയില്ലേ നിനക്കിനിയുമീ താണ്ഡവം
ആഞ്ഞുതുഴയട്ടെയെൻ ജിവിതനൗക
എൻകുടിലെത്തുവാൻ ദാഹിക്കും മനമോടെ..
സരിത ഷാജി
_______________________________
വയനാടിന്റെ ഓർമ്മകൾ
കേരളത്തിലെ ഒരു ജില്ലയാണ് വയനാട്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നാട് തന്നെയാണ് വയനാട്, അഥവാ വയൽനാട്. ഭംഗിയുള്ള കാഴ്ചകൾ മനോഹരമാക്കിത്തീർക്കുന്ന വയനാട്ടിലെ മാനന്തവാടിയെ ഞാൻ അന്നും ഇന്നും ജീവനുതുല്യം സ്നേഹിക്കുന്നു.
പ്രകൃതിയെ അറിയാൻ, പ്രകൃതിയോടൊപ്പം ഇടപഴകാൻ, ഇതിലും നല്ല സ്ഥലം ഉണ്ടോ എന്നു സംശയമാണ്.
വനമുണ്ട്, മലയുണ്ട്, നദിയുണ്ട്, അരുവികളും ഉണ്ട്. ആസ്വദിക്കാൻ പറ്റിയ പ്രകൃതിയായതിനാൽ
സഞ്ചാരികളെ ആകർഷിക്കുന്ന ജില്ലയാണ് വയനാട് .
പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന വയനാടിന്റെ ഭൂപ്രകൃതി തന്നെയാണ് സഞ്ചാരികളെ ആകർഷിപ്പിക്കുന്ന പ്രധാന ഘടകം. വിദേശികളും സ്വദേശികളുമടക്കം ധാരാളം ആളുകൾ എത്തിച്ചേരുന്ന ഇടം കൂടിയാണ് വയനാട്.
മഞ്ഞു പുതച്ച മലകൾക്കിടയിൽ വയലുകളും, കുന്നുകളും, വനഭംഗികളും,
തടാകങ്ങളും, അതിനൊക്കെ തിലകക്കുറിയായി ചരിത്രസ്മാരകങ്ങളും. ഇതിനിടയിൽ തനിമമാറാത്ത ഗ്രാമങ്ങൾ വേറിട്ട വയനാടൻ കാഴ്ചകളാണ്. കുളിരുപകരുന്ന പ്രകൃതിയും സുഖകരമായ കാലാവസ്ഥയും കൊണ്ട് അനുഗൃഹീതമാണ് ഇവിടം. ഇടതൂർന്ന കാടും ഹരിതാഭ നിറഞ്ഞ തേയിലത്തോട്ടങ്ങളും വയനാടിനെ കുടുതൽ മനോഹരമാക്കുന്നു.
സുഗന്ധവ്യഞ്ജനങ്ങളുടെ കലവറകൂടിയാണ് ഈ ദേശം. കാപ്പി, ഏലം, കുരുമുളുക്, തേയില തുടങ്ങിയവയുടെ കയറ്റുമതിയിൽ വയനാടിന് സ്വന്തമായൊരു സ്ഥാനവുമുണ്ട്. കിഴക്കോട്ട് ഒഴുകുന്ന കബനി നദിയും, അതിന്റെ കൈവഴികളുമാണ് പ്രധാന നദി. വയനാടിന്റ ആസ്ഥാനം കൽപ്പറ്റയാണ്. താലൂക്കുകൾ: മാനന്തവാടി, സുൽത്താൻ ബത്തേരി, വൈത്തിരി. നിയമസഭാ മണ്ഡലങ്ങൾ: കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി. റേഡിയോ നിലയം: ദ്വാരക റേഡിയോമറ്റൊലി, 90.4 FM . കർണ്ണാടക, തമിഴ്നാട് എന്നിവയാണ് അതിർത്തി സംസ്ഥാനങ്ങൾ.
പ്രാചീന ചുവർചിത്രങ്ങൾക്കു പ്രശസ്തമാണ് എടയ്ക്കൽ ഗുഹയും മാനന്തവാടിയിലുള്ള പഴശ്ശിരാജയുടെ ശവകുടീരം. സുൽത്താൻ ബത്തേരിയിലെ ജൈന സംസ്ക്കാരത്തിന്റെ അവശേഷിപ്പ്, വൈത്തിരി പഞ്ചായത്തിലുള്ള പൂക്കോട് തടാകം, അപൂർവ്വ ഇനം പക്ഷികളുടെ സങ്കേതമായ പക്ഷിപാതാളം, കബനി നദിയിലെ കുറുവദ്വീപ്, സൂചിപ്പാറ വെള്ളച്ചാട്ടം, ദക്ഷിണകാശിയെന്നറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രം, ബാണാസുരസാഗർ ഡാം, ചെമ്പ്ര കുന്ന്, ലക്കിടി, തോൽപ്പെട്ടി, മുത്തങ്ങ വന്യമൃഗ സംരക്ഷണകേന്ദ്രം, പഴശ്ശി ടൂറിസ്റ്റ് റിസോർട്ട് എന്നിവയാണ് പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ
വിപ്ലവവീര്യത്തിന്റെ ചരിത്രം പറയാനുള്ള വയനാടൻ മണ്ണും, ഇടതിങ്ങിയ വനങ്ങളും പ്ലാന്റേഷനുകളും ഇവിടെ സഞ്ചാരികൾക്ക് പ്രിയങ്കരമാണ്. ലക്ഷ്വറി റിസോർട്ടുകളും, ആയുർവ്വേദ ചികിത്സയുടെ കേന്ദ്രങ്ങളും, പ്രകൃതിജന്യസുഗന്ധദ്രവ്യങ്ങളും വയനാടിന്റെ മാത്രം സവിശേഷതകളാണ്. അതുകൊണ്ടു തന്നെയാണ് വയനാട് അന്താരാഷ്ട്ര വിനോദസഞ്ചാരഭൂപടത്തിൽ ശ്രദ്ധ നേടുന്നതതും.
വയനാട് ജില്ലയിലെ സഹ്യപർവ്വതത്തോടു ചേർന്നുകിടക്കുന്ന വന്യജീവി സങ്കേതമാണ് തോൽപ്പെട്ടി . ആനകളുടേയും, പുലികളുടേയും വിഹാരരംഗമാണിത്.
വടക്കെ വയനാടിൻ്റെ അതിർത്തിയിൽ കർണ്ണാടകയിലെ കൂർഗ്ഗ് ജില്ലവരെ വ്യാപിച്ചുകിടക്കുന്ന നിബിഡവനപ്രദേശമാണ് തോൽപ്പെട്ടി വന്യജീവി സങ്കേതം. കാടുകളിൽ ആന, കാട്ടുപ്പോത്ത്, പുലി, കടുവ, മാൻ തുടങ്ങിയ മൃഗങ്ങൾ കാണപ്പെടുന്നു. വനത്തിലൂടെ ജീപ്പ് യാത്ര ചെയ്യാവുന്നതാണ്.
പരമ്പര്യത്തിന്റെയും സംസ്ക്കാരത്തിന്റെയും കാഴ്ചകൾക്കൊപ്പം പുതിയ സമവാക്യങ്ങളും ചേരുന്ന വയനാടൻ യാത്ര ജീവിതത്തിൽ മനോഹരമായ ഓർമ്മകൾ നൽകുന്ന അനുഭവമായിരിക്കും. ഒപ്പം, സഞ്ചാരികളെ വരവേൽക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന വയനാട്ടുകാർ ആ നാടിന്റെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ