. കർണ്ണപരിദേവനങ്ങൾ
------------------------------------------------------------
. ഉഗുപ്തൻ കെ. അയിലറ
മർത്യന്റെയാനനത്തിന്റെയോരങ്ങളിൽ
കർണ്ണനാമത്താലൊരുത്തമ സൃഷ്ടി ഞാൻ.
എന്നാലുമെൻമേന്മയെത്രയോയേറെയാ-
ണെന്നതെന്തുകൊണ്ടോ സ്രഷ്ടാവതോർത്തില്ല!
പഞ്ചേന്ദ്രിയങ്ങളിൽ ഒന്നുഞാനെങ്കിലും
മൊഞ്ചില്ലെനിക്കെന്ന കാരണം തന്നെയോ?
ഇഞ്ചൊന്നെനിക്കായിമാറ്റിവച്ചില്ലല്ലി,
മൊഞ്ചുള്ളൊരാ മുഖത്തെന്തുകൊണ്ടാകുമോ?
വക്ത്രം മെനഞ്ഞെടുത്തീടവേയീശ്വരൻ
എത്രനിസ്സാരമായെന്നേയെടുത്തഹോ!
കണ്ണാമിടങ്ങളെല്ലാം നൽകി, മൂക്കിനും
കണ്ണിനും, ത്വക്കിനും, നാവിന്നുമാനനേ!
എന്തുകൊണ്ടാകുമോയെന്നേപ്രതിഷ്ഠിച്ചു,
ചന്തമൊട്ടുംതന്നെയില്ലാതെയിങ്ങനീ,
നേരിട്ടു കാണുവാനാകാത്തിടത്തിലായ്!
ആരുമേയിഷ്ടപ്പെടാത്തോരിടത്തിലായ്!
ഏറെ നീണ്ടുള്ളൊരാ നാക്കിനും പിന്നെയാ
ദുർഗന്ധവായൂ വലിച്ചങ്ങു കേറ്റുന്ന
മൂക്കിനും, രാത്രിയെപ്പോഴുമടച്ചങ്ങു
വയ്ക്കുന്ന കണ്ണിനും സ്ഥാനമോ, മുന്നിലാം!
മറ്റുള്ളവർക്കങ്ങടിച്ചു പൊട്ടിക്കുവാൻ
പറ്റുംവിധത്തിലല്ലോയെന്നിരിപ്പിടം!
വിദ്യാലയത്തിലദ്ധ്യാപകർക്കൊക്കെയും
കയ്യിൻതരിപ്പകറ്റീടുവാൻ ഞാനൊരാൾ
ദാസ്യപ്പണിയേറെച്ചെയ്യുന്നുവെങ്കിലും
ദേഷ്യം പൊടിപോലും കാണിച്ചിടില്ല ഞാൻ!
ആനനത്തിന്നങ്ങു ഭംഗിയേറീടുവാൻ
എന്നെക്കിഴിച്ചങ്ങിടുന്നവർ ഞാത്തുകൾ !
കണ്ണിന്നു കാഴ്ച്ചക്കു/റവുണ്ടാ/യാൽ മൂക്കു
കണ്ണാടിതൻ ഭാരവും ഞാൻചുമക്കണം
'മാസ്ക്കെ'ന്ന പുത്തനാം കുപ്പായ വള്ളിക്കു-
മെന്റെമേൽ ചുറ്റിപ്പിടിച്ചിരിക്കാനിടം!
എന്നേ ഞെരിച്ചമർത്താനായി ഹെൽമെറ്റു
മെന്നെപ്പൊതിഞ്ഞിട്ടു വയ്ക്കുന്നു മാനുഷൻ
കായം നിറഞ്ഞെന്ന കുറ്റം ചുമത്തീട്ടു
കാണുന്ന പെൻസിലും കമ്പും കയറ്റുന്നു!
എങ്കിലും ഞാനെന്റെ കർമ്മം മുടക്കില്ല,
പങ്കെന്റെയെത്രയും നന്നായ് വഹിച്ചിടും.
ആരോടു ചൊല്ലണം ഞാനെൻ പരാതികൾ?
ആരുകേൾക്കാൻ?ഞാനൊരാൾതന്നെയല്ലാതെ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ