. ഉപഗുപ്തൻ കെ. അയിലറ
ചെങ്ങന്നൂർക്കാരൻ രാമചന്ദ്രന് കൽക്കട്ടയിലാണ് ജോലി. മറ്റു മൂന്ന് അവിവാഹിതർക്കൊപ്പം സിറ്റിയിൽ തന്നെ താഴത്തെ നിലയിലുള്ള ഒരു രണ്ടുമുറി ഫ്ലാറ്റിൽ താമസം . കൂടെയുള്ളവർ, കൊല്ലത്തുകാരനായ രാജനും, പാലക്കാട്ടുകാരായ ജോസഫും ഞാനും. രാമേട്ടന് രണ്ടാം ശനിയാഴ്ച മൊത്തമായും, മറ്റു ശനിയാഴ്ചകളിൽ ഉച്ച കഴിഞ്ഞും അവധി. മറ്റുള്ളവർക്ക് ഞായറാഴ്ചകളിൽ മാത്രവും അവധി. നാലുപേർക്കും പ്രൈവറ്റ് കമ്പനികളിൽ ജോലി. അതുകൊണ്ടു തന്നെ 'തൊഴിൽ വിഭജനം' എന്ന ധനതത്വശാസ്ത്രത്തിൽ വിശ്വസിക്കുകയും, കിട്ടുന്ന തുശ്ചമായ ശമ്പളം ഹോട്ടലുടമയ്ക്ക് കൊടുക്കാതെ, ഈരണ്ടു പേർ വീതമുള്ള ടീമുകളായി രാവിലേയും വൈകിട്ടും അടുക്കളയിൽ കയറി സ്വയം ഭക്ഷണം പാചകം ചെയ്ത്, ഒരുമിച്ചിരുന്നു സൊറപറഞ്ഞു രസിച്ചുകൊണ്ട്n കഴിക്കുകയും ചെയ്യുന്നു.
'ഫ്ലാറ്റ് നിറഞ്ഞു' നിൽക്കുന്ന പ്രായമായതിനാൽ മറ്റുള്ളവർക്ക് രാമചന്ദ്രൻ 'രാമേട്ട'നാണ്.
പെണ്ണു കെട്ടാനെന്ന് പറഞ്ഞ് രാമേട്ടൻ പല പ്രാവശ്യം നാട്ടിൽ പോയെങ്കിലും വീട്ടുകാർ കനിഞ്ഞില്ല. കാരണം, 'ഫ്ലാറ്റ് നിറഞ്ഞ്'' കെട്ടുപ്രായം കഴിഞ്ഞെങ്കിലും, വീട്ടുകാർക്ക് ഇപ്പോഴും രാമേട്ടൻ ഒരു 'കറവക്കാള' തന്നെയാണ്.
അതുകൊണ്ടുതന്നെ രാമേട്ടന് ചില ചെറുതും വലുതുമായ കലാപരിപാടികളുണ്ടെന്നത് ഒട്ടു രഹസ്യമല്ലതാനും. തനിയേ ഇരുന്നു അൽപ്പം വീശുമെന്നത് അതിലൊന്നു മാത്രം. അതുകൊണ്ടൊക്കെത്തന്നെ, രണ്ടു മുറികളുള്ള വാടക വീട്ടിലെ ഒരു മുറി മൊത്തമായും രാമേട്ടൻ കൈവശപ്പെടുത്തിയിരിക്കുകയാണ്. മറ്റുള്ളവർക്ക് അതിൽ അപൂർവ്വമായേ പ്രവേശനവുമുള്ളു. തെറ്റ് പറയരുതല്ലോ, വാടകയുടെ പകുതിയും രാമേട്ടൻ വഹിക്കുന്നുമുണ്ട്. പിന്നെ ആർക്ക് ചേതം? എങ്കിലും രാമേട്ടന്റെ പരിപാടികളിൽ അത്ര തൃപ്തരല്ലാത്ത ഞങ്ങൾ ഒന്നും കാണുന്നില്ലെന്ന് നടിച്ച് മൂന്നുപേരും കൂടി ഒരു മുറിയിൽ ഒതുങ്ങിക്കഴിഞ്ഞുകൂടുന്നത് വാടകക്കു റവുകൊണ്ടു മാത്രം.
ഓഫീസ്സുള്ള പല ദിവസങ്ങളിലും വൈകിട്ട് ആഹാരം പാചകം ചെയ്തുകഴിഞ്ഞ്, നാൽവർ സംഘം ഒരു മണിക്കൂറിൽ കുറയാതെ 'റമ്മിയോ' 'കഴുതയോ', 'ഇരുപത്തെട്ടോ', രാമേട്ടന് അപ്പപ്പോഴുള്ള 'മൂഡ'നുസരിച്ച്, കളിച്ചുകൊണ്ടിരിക്കും. രാത്രിഭക്ഷണം കഴിഞ്ഞാലും രണ്ടു മണിക്കൂറോളം അതാവർത്തിക്കും. കളി മൂവർ സംഘത്തിന്റെ മുറിയിലായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ! തോൽക്കുന്നവരുടെ ചെവിയിൽ തൂക്കുവാനായി, വീടിന്റെ പിറകിലെ മതിലിനോടു ചേർന്നുള്ള രണ്ടു തെങ്ങിൽനിന്നും വീഴുന്ന വെള്ളയ്ക്ക പതിവായി ശേഖരിച്ച്, രാമേട്ടൻ 'കുണുക്കുക'ളും തയ്യാറാക്കി വയ്ക്കും. അവധി ദിവസങ്ങളിലും പന്ത്രണ്ടു മണിക്കൂറിൽ കുറയാതെ ചീട്ടുകളിയിൽ ഏർപ്പെട്ടില്ലെങ്കിൽ രാമേട്ടന് ഉറക്കം വരികയില്ല! മൂപ്പർക്ക് ഏറെ പ്രിയം 'അമ്പത്തിയാറ്'; പിന്നെ 'ഇരുപത്തിയെട്ട്.' രണ്ടിനും കുറഞ്ഞത് നാലു പേർ വേണം. നിർഭാഗ്യവശാൽ ജോസഫിന് അമ്പത്തിയാറ് കളിയറിയില്ല. അയാളെ അമ്പത്തിയാറ് പഠിപ്പിച്ചെടുക്കുവാൻ രാമേട്ടൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ജോസഫിന് ആ കളി വഴങ്ങിയില്ല. രാമേട്ടൻ നിരാശനായില്ല. അര കിലോമീറ്ററോളം അകലെ താമസിക്കുന്ന കൃഷ്ണൻ പോറ്റി ('പട്ടരെ'ന്ന് വിളിപ്പേര്) ഒരു നല്ല '56'
കളി വിദഗ്ധനാണെന്നും ഭാര്യയാറിയതെ വെളിയിൽനിന്നും മത്സ്യമാംസാദികൾ അടിക്കുമെന്നും എങ്ങനെയോ രാമേട്ടനറിയുകയുണ്ടായി. അയാളെ കണ്ടിട്ടുണ്ട്, നേരിട്ട് പരിചയപ്പെട്ടിരുന്നില്ല. പിന്നങ്ങോട്ട് ഓഫീസിലേയ്ക്ക് പോകുമ്പോൾ പതിവായി ഒരുമിച്ച് ട്രാമിൽ സഞ്ചരിച്ച് വാചകമടിച്ചു ചങ്ങാത്തം ഉറപ്പിക്കുവാൻ രാമേട്ടന് ഒരു പ്രയാസവുമുണ്ടായില്ല. പിന്നെ ഒരു ഞായറാഴ്ച ദിവസം മീൻകറി കൂട്ടിയുള്ള ഭക്ഷണത്തിനു ക്ഷണിച്ചപ്പോൾ പട്ടർ ഒരു മടിയും കൂടാതെ ഒപ്പം കൂടുകയും ഭക്ഷണത്തിനു ശേഷം രാമേട്ടൻ ഡാവിൽ അയാളെ ചീട്ടുകളിയിൽക്കൂടി ഭാഗഭാക്കാക്കുകയും ചെയ്തു. പിന്നീട് എല്ലാ ശനിയാഴ്ച വൈകുന്നേരങ്ങളിലും, പിന്നെ ഞായറാഴ്ചയും മറ്റ് അവധിദിവസങ്ങളിലും ഉച്ച ഭക്ഷണത്തിനു ശേഷവും, പട്ടരുമൊത്തു തുടങ്ങുന്ന 56 കളി രാത്രിഭക്ഷണവും കഴിഞ്ഞ് 12 മണി വരെ തുടരുക ഒരു പതിവായി മാറി. പട്ടർ അതു കഴിഞ്ഞേ വീട്ടിൽ പോകൂ.
രാമേട്ടൻ ഒരു ഒന്നാംതരം മീൻകറി വിദഗ്ധൻ കൂടിയാണ്. ശനിയാഴ്ച്ചകളിൽ ഓഫിസിൽ നിന്നു തിരികെവരുമ്പോൾ ഇടയ്ക്ക് ട്രാമിൽ നിന്നിറങ്ങി മീൻ ചന്തയിൽ നിന്നും നല്ല വിളഞ്ഞ, മുഴുത്ത 'ഇല്ലിഷ് മാച്ച്' (hilsa fish) വാങ്ങിക്കൊണ്ടുവന്ന് വെട്ടിക്കഴുകി, കുറച്ചെടുത്ത് അന്നത്തെ അത്താഴത്തിനായി പൊരിച്ചെടുത്തിട്ട്, ബാക്കി കൂടുതലും കറിവയ്ക്കുവാനായി ഉപ്പും മഞ്ഞളും മീൻപുളിയും ചേർത്ത് അടച്ച് മാറ്റി വയ്ക്കും. ഇനി അത്, ആഹാരമൊക്കെയുണ്ടാക്കി, എട്ടു മണിയോടെ പട്ടരുമെത്തി എല്ലാവരും ഒരുമിച്ചിരുന്നു കഴിച്ചതിനു ശേഷമേ മറ്റു മസാലകൾ ചേർത്ത് അദ്ദേഹം അടുപ്പിൽ കയറ്റൂ. മീൻകറി വയ്ക്കുവാൻ മറ്റാരെയും അദ്ദേഹം അടുപ്പിക്കില്ല. ഇടയ്ക്കുള്ള ചില ബ്രേക്കുകളിൽ രാമേട്ടൻ ഓടി വരാന്തയ്ക്കും അപ്പുറം വീടിന്റെ അറ്റത്തുള്ള അടുക്കളയിൽ പോയി മീൻകറിയുടെ പാകം നോക്കിയിട്ട് വരും; പാകമായാൽ വാങ്ങിവയ്ക്കും.
ഒരു രണ്ടാം ശനിയാഴ്ച രാമേട്ടൻ പത്തു കിലോമീറ്റർ അകലെയുള്ള ഒരു ചന്തയിൽ പോയി ലക്ഷണമൊത്ത ഒരു 'ബംഗാളി മൺചട്ടി' വാങ്ങിക്കൊണ്ടു വന്ന് വെളിച്ചെണ്ണയോ മറ്റോ പുരട്ടി മയപ്പെടുത്തി മീൻകറി വച്ചാൽ രുചിയേറും വിധം മാറ്റം വരുത്തി ഒരു 'മീൻചട്ടി'യാക്കിയെടുത്തു. മാത്രമല്ല, ഒരു ഞായറാഴ്ച, ഉച്ചഭക്ഷണം കഴിഞ്ഞ് വൈകിട്ടേക്കു വച്ചിരുന്ന മീൻകറി, ചാരിയിരുന്ന അടുക്കളവാതിൽ തള്ളിത്തുറന്ന്, ഒരു 'പൂച്ച' കുശാലായി ശാപ്പിട്ടതിന്റെ പ്രതികാര നടപടിയായി, അടുക്കളയുടെ ആസ്ബസ്‌റ്റോസ് മേൽക്കൂരയുടെ കഴുക്കോലിൽ രാമേട്ടൻ ഒരു ഉറി കെട്ടിത്തൂക്കി എപ്പോഴും മീൻകറി അതിൽ ഭദ്രമായി സൂക്ഷിക്കുവാൻ മറക്കാതെയുമായി! എന്നിട്ടും ഒരിക്കൽ ചട്ടി കഴുകി ഭിത്തിയിൽ ചാരിവച്ചിരുന്നത് 'പൂച്ച' തള്ളിയിട്ടോ നിരങ്ങിവീണോ പൊട്ടുകയുണ്ടായപ്പോൾ, രാമേട്ടൻ നിരാശയോടെ പറഞ്ഞു: "ഇവിടുത്തെ 'ബംഗാളിച്ചട്ടി' കൊള്ളുകേല, ഇനി തൽക്കാലം അലൂമിനിയം ചരുവം തന്നെ ശരണം."
അടുത്ത മാസം രാമേട്ടൻ നാട്ടിൽ പോയി. ഒരുമാസത്തെ അവധിയ്ക്കു ശേഷം തിരികെയെത്തിയ ദിവസം വൈകിട്ട് മറ്റുള്ളവർ ഓഫിസിൽ നിന്നെത്തിയപ്പോൾ രാമേട്ടൻ എല്ലാവരോടുമായി പറഞ്ഞു: "ഞാനെന്തൊക്കെ കൊണ്ടുവന്നിട്ടൊണ്ടെന്ന് നിങ്ങക്കറിയണ്ടേ?"
"എന്ത് കൊണ്ടുവരാൻ? പതിവുപോലെ കൊറച്ചു ചിപ്സും പത്ത് ഏത്തക്കായും ഒരു കുപ്പി അച്ചാറും, അല്ലാതെന്തോന്ന് കൊണ്ടുവരാൻ?" ജോസഫിന്റെ മറുചോദ്യം. "കളിയാക്കണ്ടാ, ഞാനൊരു സുന്ദരിയെത്തന്നെയാ ഒപ്പം കൊണ്ടുവന്നിരിക്കുന്നെ". എല്ലാവർക്കും ആകാംക്ഷയായി. ജോസഫ് അത് മറച്ചുകൊണ്ട് തിരിച്ചടിച്ചു: "രാമേട്ടൻ ഇപ്രാവശ്യമെങ്കിലും കല്യാണം കഴിച്ച് സ്വന്തമായി ഒരു സഹധർമിണിയെ കൊണ്ടുവന്നാരുന്നേൽ ആ 'സുന്ദരി'ച്ചേച്ചിയെ കാണിച്ചേനേ. അതു നടന്നില്ലല്ലോ? അപ്പം കല്യാണം കഴിക്കാത്ത രാമേട്ടന് വേറേ ഏത് സുന്ദരി?"
"എന്നാ എല്ലാരും കണ്ടോ", അതും പറഞ്ഞ്, രാമേട്ടൻ കട്ടിലിന്റെ കീഴിൽനിന്നും തന്റെ വലിയ സൂയിട്കേസ് വലിച്ചു വെളിയിൽ വച്ചിട്ട് മൂടി തുറന്ന് ഒരു വലിയ പൊതിയെടുത്തു താഴെ വച്ചു. എന്നിട്ട് വളരെ കരുതലോടെ പൊതിയഴിച്ച്, കറുത്തു മിനുത്ത്, മയങ്ങിക്കിടന്ന, വലിയ ഒരു 'സുന്ദരി' മീൻ 'ചട്ടി'യും അതു നിറയെ കുടമ്പുളിയും പുറത്തെടുത്തു! രാമേട്ടനോടാ പൂച്ചയുടേം 'ബംഗാളിച്ചട്ടി'യുടേം കളി!
ഒരു മാസത്തോളം കടന്നുപോയി. പതിവനുസരിച്ച് ആ ശനിയാഴ്ചയും രാമേട്ടൻ ഓഫിസിൽ നിന്നും മടങ്ങുംവഴി ഒന്നാം തരം ഹിൽസ മീൻ വാങ്ങിക്കൊണ്ടു വന്ന് വെട്ടിക്കഴുകി, കുറച്ചെടുത്ത് പൊരിച്ചിട്ട് ബാക്കി കറിവയ്ക്കുവാനായി ഉപ്പും മഞ്ഞളും മീൻപുളിയും ചേർത്ത് അടച്ച് ഉറിയിൽ വച്ചു. എട്ടു മണിയോടെ പട്ടരുമെത്തി, എല്ലാവരും ഒരുമിച്ചിരുന്നു ആഹാരം കഴിച്ചതിനു ശേഷം രാമേട്ടൻ പറഞ്ഞു: "ഞാൻ മീൻകറി അടുപ്പത്താക്കിയിട്ട് വരുമ്പോഴേയ്ക്ക് നിങ്ങൾ റമ്മിയോ മറ്റോ കളിക്ക്". അത് പറഞ്ഞുകഴിഞ്ഞതും, പട്ടർ പറഞ്ഞു: "വേണ്ടാ, ഞാൻ കുറച്ചു സ്പെഷ്യൽ മീൻ മസാലക്കൂട്ട് കൊണ്ടുവന്നിട്ടുണ്ട്. ഇന്ന് ഞാൻ കറിയടുപ്പത്താക്കാം". രാമേട്ടനതിഷ്ടപ്പെട്ടില്ലെങ്കിലും, പട്ടരെ പിണക്കുവാൻ പറ്റാത്ത അവസ്ഥയായിപ്പോയി! ഞങ്ങൾ റമ്മി കളിയിൽ ഏർപ്പെട്ടപ്പോൾ പട്ടർ കറി അടുപ്പത്താക്കിയിട്ട് തിരിച്ചെത്തുകയും പിന്നീട് 56 കളിയ്ക്കിടയിൽ പലപ്പോഴും പോയി കുറേ നേരം കറിയുടെ 'പാകം' നോക്കുകയും യഥാസമയം തീയണച്ചിട്ട് ചട്ടിയും കറിയും സൂക്ഷിച്ച് ഉറിയിലെടുത്തു വയ്ക്കുകയും ചെയ്തു. പിറ്റേ ദിവസം ഉച്ചയാഹാരത്തിന് കറി കൂട്ടിയപ്പോൾ പട്ടരുടെ കൈപ്പുണ്യത്തെ എല്ലാവരും പ്രശംസിക്കുകയും ചെയ്തു.
അടുത്ത ശനിയാഴ്ചയും മീൻകറി അടുപ്പത്താക്കുവാനുള്ള പട്ടരുടെ ശ്രമം രാമേട്ടൻ തടഞ്ഞു. "ഇന്ന് ഞാൻ വയ്ക്കാം. അടുത്തയാഴ്ച്ച പട്ടർ വച്ചോളൂ" രാമേട്ടൻ പതിവിലും കുറച്ചു സമയമെടുത്ത് മീൻകറി അടുപ്പത്താക്കിയിട്ട് എട്ടരയോടെ എല്ലാവരുമൊത്ത് 'അമ്പത്താറ്' കളിയിലേർപ്പെട്ടു. പക്ഷേ എന്തുകൊണ്ടോ രാമേട്ടന് കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ കഴിയുന്നില്ലെന്ന് മറ്റുള്ളവർക്ക് തോന്നി. രാജൻ ഒരിക്കൽ അത് സൂചിപ്പിക്കുകയും ചെയ്യുകയുണ്ടായി. ഇടയ്ക്ക് ഒരു പ്രാവശ്യം കറിയുടെ പാകം നോക്കുവാൻ പോയ രാമേട്ടൻ തിരികെ വരുവാൻ പതിവിലുമേറെ സമയമെടുക്കുകയും ചെയ്തു. തിരികെയെത്തിയിട്ട് രാമേട്ടൻ സ്വയം പറയുകയുണ്ടായി: "ഇന്ന് കറിക്ക് വെള്ളമല്പം കൂടിപ്പോയി. വാങ്ങാൻ കുറേക്കൂടി സമയമെടുക്കും."
തീ വളരെക്കുറച്ചിട്ടാലേ മീനിൽ എരിവും പുളിയും ശരിക്ക് പിടിച്ചിട്ട് മീൻകറിയുടെ അസ്സൽ ടേസ്റ്റ് കിട്ടുകയുള്ളെന്നാണ് രാമേട്ടന്റെ വിദഗ്ധാഭിപ്രായം! എന്തോ പന്തികേടുണ്ടെന്ന് ഞങ്ങൾക്ക് തോന്നിയെങ്കിലും, കളിയിൽ മുഴുകി എല്ലാവരും മീൻകറിയുടെ കാര്യമേ മറന്നുപോയി. രാത്രി പതിനൊന്നര മണിയായിക്കാണും. മുകളിലും അടുത്തടുത്തുമുള്ള കുറേയധികം വീടുകളിൽ നിന്നും, ഒന്നിന് പിറകേ ഒന്നായി, ചുമയുടെ ശബ്ദം കേൾക്കായി. അതിന്റെ ആക്കം കൂടുന്നതറിഞ്ഞിട്ടും, കൂടുതൽ ആളുകൾ ചുമയ്ക്കുന്നത് കേട്ടിട്ടും, കാര്യമെന്തെന്ന് ഞങ്ങൾക്കാർക്കും മനസ്സിലായില്ല. ജോസഫ് ഇടയ്ക്ക് മുൻവശത്തെ വരാന്തയിലിറങ്ങി നോക്കി. റോഡിനപ്പുറത്തെയും രണ്ടു വശങ്ങളിലെയും വീടുകളുടെ മുകളിലത്തെ നിലയിലുള്ള ആളുകൾ അവരുടെ വരാന്തകളിലിറങ്ങി നിന്നു ചുമയോട് ചുമ. എന്തൊക്കെയോ സംസാരിക്കുവാൻ ശ്രമിക്കുന്നുണ്ടെങ്കിലും ചുമ കാരണം വ്യക്തമായി സംസാരിക്കാനാകുന്നുമില്ല. അൽപ്പം ഉയരത്തിൽ മാത്രം ഒരു പുകമയം കാണുന്നുമുണ്ട്. എന്തോ അന്തരീക്ഷത്തിൽ വ്യാപിച്ചിട്ടുണ്ടെന്നു വ്യക്തം. സിറ്റി ആയതിനാൽ ചേർന്നുചെർന്നുള്ള മൂന്നും നാലും നിലകളുള്ള വീടുകളാണ്. താഴത്തെ നിലകളിൽ പ്രശ്നമൊട്ടില്ല താനും. ജോസഫ് അകത്തു വന്നിട്ട് വിവരം എല്ലാവരോടും പറഞ്ഞെങ്കിലും ഞങ്ങളാരുമതത്ര കാര്യമാക്കിയില്ല. ഞങ്ങൾക്ക് പ്രശ്നമൊന്നുമില്ലല്ലോ! ഞങ്ങൾ വീണ്ടും കളിയിൽ മുഴുകി. പത്തു മിനിട്ട് കഴിഞ്ഞപ്പോൾ റോഡിൽ നിന്നും ഒരാൾ ഉറക്കെ വേറെയാരോടോ ബംഗാളിയിൽ പറയുന്നത് കെട്ടു.
"മാംസം കരിഞ്ഞു നാറുന്ന ഗന്ധമാണ്. ഇവിടെയടുത്തെങ്ങും ശ്മശാനമൊട്ടില്ല താനും." അത് കേട്ടതും, കയ്യിലിരുന്ന ചീട്ടുകൾ മേശപ്പുറത്തേയ്‌ക്ക് ആഞ്ഞെറിഞ്ഞുകൊണ്ട് രാമേട്ടൻ പിടഞ്ഞെഴുന്നേറ്റ് മുറിയ്ക്കു വെളിയിലേക്ക് ഒറ്റ ഓട്ടം! കാര്യമെന്തെന്ന് ആർക്കും മനസ്സിലായില്ല. മറ്റുള്ളവർ പിറകെയെത്തുമ്പോൾ, അടുക്കളയുടെ ചാരിയിരുന്നു കതക് തുറക്കുന്നതിനിടയിൽ തിരിഞ്ഞു നിന്ന്
രാമേട്ടൻ ചുണ്ടത്ത് ചൂണ്ടുവിരൽ വച്ച് ശബ്ദമുണ്ടാക്കരുതെന്നും, പിറകേ ആ കൈകൊണ്ടു തന്നെ എല്ലാവരും അകത്തേയ്ക്ക് തിരികെ പോകുവാനും ആംഗ്യം കാണിച്ചു. തിരികെ പോകുവാനായി തിരിയവേ വെളിയിലെ ലൈറ്റിന്റ പ്രകാശത്തിൽ രാജൻ ആ കാഴ്ച കണ്ടെന്ന് തോന്നുന്നു - അൽപ്പം തുറന്ന അടുക്കളയുടെ വാതിലിനിടയിൽക്കൂടിയും വശത്തെയും പിറകിലത്തെയും ജനലിൽക്കൂടിയും കുമുകുമാന്ന് കട്ടപ്പുക ഉയർന്നുയർന്നു പോകുന്ന കാഴ്ച. രാമേട്ടൻ ഉടനെ ആ ലൈറ്റ് അണയ്ക്കുകയും ചെയ്തു. തിരികെ റൂമിൽ കയറിയപ്പോൾ രാജൻ മറ്റുള്ളവരോടായി പറഞ്ഞു: "മീൻകറിയിലെ വെള്ളമെല്ലാം വറ്റി മീനും മസാലയും കരിഞ്ഞു പുക പൊങ്ങിപ്പടർന്നതാണെന്ന് തോന്നുന്നു. "മാംസോം, മൊളകും മല്ലീം മഞ്ഞളും ഉലുവേം കലർന്ന മസാലേം കറിവേപ്പിലേം ഒക്കെ മീൻചട്ടിയോടൊപ്പം കരിഞ്ഞു കരിക്കട്ടയായിട്ട് കുമിഞ്ഞു പൊങ്ങിയ വിഷപ്പുക തലമണ്ടേൽ കയറിയാപ്പിന്നെ ശ്വാസം മുട്ടി വെപ്രാളപ്പെട്ട് അയൽവാസികള് മൽസരിച്ച് ചുമച്ചു വശായിപ്പോ വാതിരിക്കുവോ?" രാജന്റെ ചോദ്യം! പട്ടരുടെ മുഖത്ത് എന്തോ 'കടുത്ത' പരിഭ്രമം നിഴലിക്കുന്നത് കണ്ടു. ഉടനെ തന്നെ അയാൾ വെപ്രാളപ്പെട്ട് വരാന്തയിലിറങ്ങി, റോഡിലും ചുറ്റും ആരുമില്ലെന്ന് ഉറപ്പു വരുത്തിയിട്ട്, ധൃതിയിൽ നടന്നകന്നു.
പിറകേതന്നെ രാമേട്ടനും ചുമച്ചും ചുമയടാക്കാനായി വെപ്രാളപ്പെട്ടു കൊണ്ടും എത്തിയിട്ട് ഒരുവിധത്തിൽ പറഞ്ഞൊപ്പിച്ചു: "മീൻകറി നോക്കാൻ
മറന്നുപോയി. ചട്ടിയോടെ കരിഞ്ഞു പുക അടുക്കളയിൽ നിറഞ്ഞിട്ട് പുറത്തു പോയി അടുത്തുള്ള വീടുകളിലും കയറി. അതാ എല്ലാവരും ചൊമയ്ക്കുന്നെ. ഞാൻ ഒരുവിധം സ്റ്റോവ് അണച്ചു. ഇനി പുക കുറേശ്ശയായി നിന്നോളും. ലൈറ്റ് അണച്ചിട്ട് എല്ലാവരും കിടന്നോ. ഇവിടുന്നാണെന്ന് ആരും അറിയണ്ടാ."
പറഞ്ഞിട്ട് രാമേട്ടൻ തന്റെ മുറിയിൽ കയറിപ്പോയി. ഞാൻ കതക് അടയ്ക്കുവാൻ തുടങ്ങിയപ്പോൾ അതിന്റെ വിടവിലൂടെ രാമേട്ടൻ കട്ടിയുള്ള ഒരു ബെഡ്ഷീറ്റ് എടുത്തുകൊണ്ടുപോകുന്നത് കണ്ടു. രാമേട്ടൻ കൈപൊള്ളാതെ ബെഡ്ഷീറ്റ്കൊണ്ട് 'മീൻചട്ടി' പൊതിഞ്ഞു ഒതുക്കിപ്പിടിച്ചെടുത്തു വെളിയിലെത്തി, ആരും കാണുന്നില്ലെന്നുറപ്പു വരുത്തിയിട്ട്, പിറകുവശത്തെ മതിലിനപ്പുറമുള്ള ആഴമുള്ള വലിയ അഴുക്കു ചാലിലേയ്ക്ക്, ബദ്ധപ്പെട്ട് എറിഞ്ഞിട്ട് തിരികെ തന്റെ മുറിയിൽ കയറി വാതിലിന്റെ കുറ്റിയുമിട്ടു.
******* ******** ******
രാവിലെ വളരെ താമസിച്ചുണർന്ന ഞാനും ജോസഫും മറ്റും വെളിയിൽ വന്നു നോക്കുമ്പോൾ രാമേട്ടന്റെ മുറി വെളിയിൽ നിന്നും താഴിട്ടു പൂട്ടിയിരിക്കുന്നതാണ് കണ്ടത്. രാമേട്ടൻ ആരോടും ഒന്നും പറയാതെ എങ്ങോട്ടോ പോയിരിക്കിന്നു! എന്തിന്? ഞങ്ങൾക്കൊന്നും മനസ്സിലായില്ല. ഇരുപത് മിനിട്ട് കഴിഞ്ഞപ്പോൾ ഒരു പോലീസ് വാഹനം ഗേറ്റിനടുത്തു വന്നു നിന്നു. അതിൽ നിന്നും രണ്ടുമൂന്നു പോലീസ്സുകാരിറങ്ങി വരാന്തയിലേക്ക് കയറിവന്നു!
--------------------
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ