2021 ഒക്‌ടോബർ 26, ചൊവ്വാഴ്ച

ദ്രൗപദീ പുരാണം (included)

.       പാഞ്ചാലിയെന്ന ശാപജന്മം
                         ------------

പഞ്ചവേദത്തിലെ പാഞ്ചാലിയല്ലോ നീ  
അഞ്ചാത്ത നെഞ്ചിന്നുടമയല്ലോ!

പാഞ്ചാലരാജന്റെ പുത്രിയാണെങ്കിലും
അഞ്ചാണുങ്ങൾക്കൊറ്റ പത്നിയായോൾ!

അഞ്ചു പ്രിയന്മാരെ കിട്ടുവാൻ കാരണം
അല്ല, തീർത്തും, നിൻ നിയോഗമല്ല!

ചൊല്ലുന്നിതൈതിഹ്യം,നിന്റെ നാവിൻ തെറ്റ-
തല്ലാതെയൊന്നുമല്ലെന്ന സത്യം!

പൂർവ്വജന്മത്തിൽ ഒരുത്കൃഷ്ട പത്നിയായ്
വാണിരുന്നില്ലേ നീയാശ്രമത്തിൽ?    

'നാളായണി'പ്പേരിലല്ലോയറിഞ്ഞു നീ
വേളിയായ്, യോഗിയാം മൗൽഗല്യന്റെ.

മൗൽഗല്യ മഹർഷീടെ പ്രീതിക്കു പാത്ര-
മായ് വരമൊന്ന് നിനക്കന്നു കിട്ടി!

നിന്റെയാസക്തിതൻ കാരണം ആ വരം
നീ മാറ്റിയാക്കിനിൻ ശാപമായി!  
 
കുഷ്ഠരോഗിയാമാ യോഗി തന്നറ്റയാ
കൈവിരൽ വീണോരു ഭക്ഷണം നീ

സ്വാദോടെ ഭക്ഷിച്ചു സംതൃപ്തയായതിൽ
സ്വാമിയാ മാമുനിക്കുണ്ടായ് ദയ 
 
നിന്നഭീഷ്ടസിദ്ധിക്കായിക്കരുവാക്കാൻ
നീ വാങ്ങിയ വരമെത്രപൂർവ്വം  

"അഞ്ചു രൂപം പൂണ്ടിടൂ, രമിപ്പിക്കെന്നെ",
അഞ്ചാതെ ചോദിച്ചു വാങ്ങീ വരം.

മൗൽഗല്യനദ്രിയായ് മാറവേ നീ സ്വയം
മോദമോടേയൊഴുകീ പുഴയായ്!

വൃക്ഷമായ് മൗൽഗല്യൻ മാറവേ നീ നീണ്ട  
വള്ളിയായിപ്പടർന്നേറീയതിൽ!

പൃഥ്വിയായ് മൗൽഗല്യൻ മാറേയിരമ്പുന്ന
അബ്ധിയായിട്ടു നീ രൂപം മാറി!

പുഷ്‌പമായിട്ടവൻ വന്നിടേ നീ വന്നു
പാറിപ്പറക്കും ഭ്രമരമായി!

കാറ്റായി മാറീയവൻ വന്നിടെ നീയോ 
കാമോഷ്ണമേകും സുഗന്ധമായി!

അങ്ങനെയഞ്ചു രൂപങ്ങളിൽ ഏറെനാൾ
നിങ്ങളൊന്നിച്ചു  രമിച്ചതില്ലേ

ഓരോ അവതാരത്തിന്റേമവസാനം 
കാര്യമായ് നിന്റെയാസക്തിയേറി,

പൊള്ളീട്ടകന്നാലതിലേറ്റം വേഗേന
പാറീട്ടടുക്കുമിയ്യാമ്പാറ്റപോൽ      

നിന്നന്ത്യമങ്ങനെത്തന്നെയെന്നറിയാ- 
തന്നുനീ നന്നായ് വിരാജിച്ചില്ലേ?    

എന്നിട്ടുമാസക്തി നിന്റേതു തീരാതെ
വന്നിടേ ക്ഷമ തീർന്നു മാമുനിക്ക്    

നീ ശല്യമായ് മാറിയപ്പോൾ മഹർഷീടെ
നിഷ്ഠക്കു വിഘ്നം ഭവിച്ചതില്ലേ?

നീരസം തോന്നാതിരിക്കില്ലയാർക്കുമേ
നാളായണീ നീയതോർത്തതില്ല!

ജനിച്ചീടട്ടെ നീ വരും ജന്മമെങ്കിൽ
മനുഷ്യന്റെ വംശത്തിലൊരുനാൾ,

വരിച്ചീടുകെന്നിട്ടഞ്ചുപേരെയെന്നാ    
വന്ദ്യസന്യാസി ശപിച്ചിതല്ലോ!

ഒട്ടും പ്രതീക്ഷിച്ചതല്ലായൊരിക്കലും,
ഒച്ച നിന്റേതങ്ങടഞ്ഞു പോയി!

അഞ്ചുപേരേവേൾക്കുകെന്നാലതോ സ്വയം
അത്യന്തമായിട്ടപമാനിക്കൽ!

ഇല്ലില്ല,യൊട്ടുമേയത് സാധ്യമായ് വരാ,
വല്ലാത്തൊരാപത്തിലായപോൽ നീ

പേർത്തും വിലപിച്ചു നിന്നുള്ളം മേൽക്കുമേൽ,
പേക്കാറ്റടിച്ചുനിൻ മസ്‌തിഷ്കത്തിൽ!

എത്രമേൽ മൗൽഗല്യനെ നീ സ്നേഹിച്ചിതേ
എന്നിട്ടുമെന്തേ നിനക്കീ ഗതി! 

പോംവഴിയെന്തെന്നറിയാത്ത നിന്മനം
പാരം തപിച്ചതിന്റെയൊടുവിൽ  
  
ശാപമോക്ഷത്തിനായാശിച്ചു ചിന്തിച്ചു, ശൈവസ്തോത്രം നീയുരുവിട്ടഹോ!

തപസ്സെത്രയോനാളനുഷ്ഠിച്ചുവെന്നോ,
തപിപ്പിച്ചുവെന്നോ നീ നിന്മനസ്സ്?

പ്രതീക്ഷിച്ചതില്ലേ നീയൊരിക്കൽ നിന്റെ  
പ്രത്യാശ  സത്യമായ് വന്നീടുമെന്ന്!

പ്രത്യക്ഷനായ്മഹാദേവൻ നിന്മുന്നിലായ്
പ്രീതനായ് നിന്നിലെന്നല്ലോ വ്യക്തം!

എന്നിരുന്നാലും മഹാദേവനിത്രപെ-    
ട്ടെന്നുതൻമുന്നിലേക്കെത്തുമെന്ന്

നീ പ്രതീക്ഷിക്കാത്ത കാരണം നിന്റെപ-
രിഭ്രമം നിന്നേ വലച്ചതില്ലേ?

"എനിക്ക് ഭർത്താവിനെത്തരൂ" നീ കേണു 
ചോദിച്ചതഞ്ചുതവണകളും!

എന്തായിരിക്കാമതിൻ ഭവിഷ്യത്തെന്ന-
തന്നറിഞ്ഞില്ലനീ, സത്യമല്ലേ?

അഞ്ചുപേരുണ്ടായിടട്ടേ പതിമാരായ്
അക്ഷണം ശംഭുവാശീർവ്വദിച്ചു!

ശിരസ്സിലിടിത്തീ വീണപോലായിനി- 
ന്നുരസ്സിന്നുള്ളം നടുങ്ങിയില്ലേ!   

ഒന്നിലേറെപ്പത്നിമാരാകാം പൂരുഷർ-
ക്കെന്നാൽ കുലസ്ത്രീക്കതായിടാമോ?

സ്ത്രീയൊന്നിനഞ്ചുപേർ നായകന്മാരെന്ന
തെത്രയേറേയവൾക്കാക്ഷേപമാം!

സംശയങ്ങൾനീയുയർത്തിയെന്നാകിലും
ശംഭുവിന്നുണ്ടായതില്ല മാറ്റം!   

"ഇല്ലാ, നിനക്കൊന്നുമേ സംഭവിക്കില്ല",
തെല്ലും മടിക്കാതെ ചൊന്നൂ ഭവൻ

വിശ്വസിച്ചീടുവാനാകാതെനീ വ്യോമ-
കേശനോടായിട്ടു ചോദിച്ചിതേ

ഒന്നിലേറെപ്പത്നിമാരായിടാമാണി-
നെന്നാലതല്ല പെണ്ണിന്റെ കാര്യം

ഒന്നിലേറെ പ്രിയന്മാരെവേൾക്കാ യോഷ-
യെന്നതല്ലേ വേദവും ചൊല്ലുക?

നായകന്മാരൊന്നിലേറെയുണ്ടാകുകിൽ
നാരിമാരായിടും നീചയെന്നും!

പുത്രനുണ്ടാകുവാനായിമാത്രം നാരി
കാന്തന്റെയാദേശമോടെ വേറെ

ആണിന്റെ സൂതനെ സ്വീകരിച്ചെങ്കിലോ 
കാണിച്ചിടേണം പരിതാപവും!

എന്നിരുന്നാലതും മൂന്നിലേറെയാകാ,
നാലെങ്കിലാകും പതിത,പിന്നെ,

അഞ്ചെങ്കിലോ വന്ദ്യയായീടുമെന്നുതാൻ 
അഞ്ചിനാകട്ടേ നിനക്കു ഭാഗ്യം

നിന്നേയനുഗ്രഹിച്ചപ്രകാരം ശംഭു,
ഒന്നുമേ ചെയ്യുവാനാകാതെയായ് 

തന്റെ പ്രവർത്തിഫലമല്ലാതെന്താണി-
തെന്നുമാത്രം നീ നിനച്ചുപോയി.

മൗൽഗല്യശാപംതിരുത്തുവാനായില്ല
ഗംഗാധരന്റെ സാമിപ്യത്തിലും!
   
മാഴ്കിക്കഴിഞ്ഞു നീ നാളായണിയായി
മൂകയായ് ജീവിതാന്ത്യം വരേയും

കാലം നിനക്കായി കാത്തുവച്ചുള്ളൊരാ
ശാപജന്മത്തിൻസഫലതയ്ക്കായ്

കാത്തിരുന്നില്ലേയനേക വർഷങ്ങൾ നീ
ഓർത്തുകൊ,ണ്ടാഭാവി ജന്മത്തിനായ്    

പാഞ്ചാല രാജന്റെ പുത്രിയായങ്ങനെ
അഞ്ചു പേരേ വരിച്ചീടുവാനായ്!


പാഞ്ചാലീ നിൻസ്വയംവരത്തിന്നായ് വന്നു 
പഞ്ചപാണ്ഡവരെതി ആരണ്യവാസമദ്ധ്യേ




 
              



പാഞ്ചാലപുത്രിയുമായ് കുന്തിതന്നടുത്തെത്തി 
പഞ്ചപാണ്ഡവർ ചൊല്ലി: "ഇന്നിൻ ഭിക്ഷ ദേ, അമ്മേ"                
                 
"അഞ്ചുപേരുമൊന്നിച്ച് പങ്കിട്ടെടുത്തുകൊള്ളൂ"
അശ്രദ്ധയോടിരുന്ന കുന്തീദേവി ചൊന്നിതേ!
                                 
അഞ്ചു പതിമാർക്കൊറ്റ പത്നിയായിഭ്ഭവിച്ചു
പാഞ്ചാലി, കുന്തിതന്റെ ഉദാസീനമാം വാക്കാൽ                 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ