പുസ്തക പരിചയം
"ദണ്ഡകാരണ്യം. മുതൽ ഇന്ദ്രപ്രസ്ഥംവരെ"
(ഉപഗുപ്തൻ കെ. അയിലറ - 8547487211)
Prof. ജി എൻ പണിക്കർ
പല സവിഷേതകളാലും ഏറെ വ്യത്യസ്തവും കൗതുകകരവുമായ ഒരു ആത്മകഥയാണ് ഉപഗുപ്തൻ കെ.അയിലറയുടെ "ദണ്ഡകാരണ്യം മുതൽ ഇന്ദ്രപ്രസ്ഥം വരെ". ഒരു പ്രത്യേകത, അദ്ധ്യായങ്ങൾക്ക് ഒടുവിൽ ചേർത്തിട്ടുള്ള കാവ്യ മധുരമായ ശ്ലോകങ്ങളാണ്. മദ്ധ്യപ്രദേശത്തും ഒറീസ്സയിലും കൽക്കട്ടയിലും ഡൽഹിയിലും തിരുവനന്തപുരത്തും ജോലി ചെയ്യേണ്ടി വന്ന ഉപഗുപ്തന് അൻപതു വർഷത്തെ സജീവവും വൈവിദ്ധ്യവുമാർന്ന ഔദ്യോഗിക സേവനാനുഭവങ്ങൾ കൂടാതെ മൂന്നാമത്തെ വയസ്സുമുതലുള്ള രസകരമായ കാര്യങ്ങളുമുണ്ട് ഓർത്തെടുക്കുവാനും
നല്ല ഒഴുക്കുള്ള ആഖ്യാന ശൈലിയിൽ എഴുതുവാനും. ജോലിയിലിരുന്ന പല
സ്ഥലങ്ങളുടെയും സവിശേഷതകളും
ആഘോഷങ്ങളും ഒരു യാത്രാവിവരണം പോലെ ഈ പുസ്തകത്തിൽ വർണിക്കുന്നുമുണ്ട്. SSLC കഴിഞ്ഞ് ജോലിക്കായി അദ്ദേഹം മദ്ധ്യപ്രദേശിലേയ്ക്ക് ട്രെയിൻ കയറുകയും ആ യാത്രയ്ക്കിടെ ഒരു തിരിഞ്ഞു നോട്ടത്തിൽകൂടി തന്റെ ബാല്യകാലം ഓർത്തെടുക്കുകയും ചെയ്യുന്നു. മദ്ധ്യപ്രദേശിലും ഒറീസ്സയിലുമായി നാലര വർഷം കേന്ദ്ര സർവീസിൽ ജോലിചെയ്ത ശേഷം ഉപഗുപ്തൻ, തികച്ചും വ്യത്യസ്തമായ അന്തരീക്ഷവും അനുഭവങ്ങളും കാത്തിരുന്ന കൽക്കട്ടയിലെ പ്ലാനിംഗ് കമ്മീഷൻ ഓഫീസിലെത്തുന്നു.. അവിടെ അദ്ദേഹത്തെ കാത്തിരുന്നു. ജാതി ഭ്രാന്തനും, ഉച്ചയോടു കൂടി മാത്രം ഓഫീസിലെത്തിയിട്ട് രാത്രിയിലും ജോലിയൊന്നുമില്ലതെ തനിക്കൊപ്പം ഉപഗുപ്തനുമിരിക്കണമെന്ന് ശഠിക്കുന്ന ഓഫിസർക്ക് നിരുപാധികം വഴങ്ങാതെ' നൈറ്റ് കോളേജിൽ ചേർന്നു പഠിച്ച് ബി.കോം.ഓണേഴ്‌സ് ജയിച്ച് എം.കോമിന് പഠിക്കുമ്പോഴാണ്
ഉപഗുപ്തന് ഡൽഹിയ്ക്ക് മാറ്റമായത്. ഡൽഹിയിൽ പ്ലാനിംഗ് കമ്മീഷനിൽ നിന്നും ഗസറ്റഡ് ഓഫീസറായി തൊഴിൽ മന്ത്രാലയത്തിലെത്തുകയും അവിടെനിന്നും തന്റെ എതിർപ്പുകൾ വക വയ്ക്കാതെ അദ്ദേഹത്തെ അഴിമതിയുടെ വിഹാരകേന്ദ്രമായ തിരുവനന്തപുരത്തെ എമിഗ്രേഷൻ ഓഫീസിന്റെ ചുമതല ഏറ്റെടുക്കുവാനായി സ്ഥലം മാറ്റുന്നു.
അഞ്ചു വർഷക്കാലം തിരുവനന്തപുരത്ത് എമിഗ്രേഷൻ ഓഫീസർ എന്ന നിലയിൽ അഴിമതിക്കും മനുഷ്യക്കടത്തിനും എതിരേ ഉപഗുപ്തൻ നടത്തിയ ധീരവും സാഹസികവുമായ നിരന്തരമായ ശ്രമങ്ങൾ വിവരിക്കുന്ന "അനന്തപുരി യുദ്ധകാണ്ഡ" മാണ് ആരെയും ഏറ്റവുമധികം ആകർഷിക്കുന്നതും ചിന്താധീനരാക്കുന്നതും. എയർപോർട്ട് വഴി നടന്നിരുന്ന മനുഷ്യക്കടത്തിനെതിരായി, ഉപഗുപ്തൻ നടത്തിയ ധീരവും തികച്ചും നിയമപരവുമായ പ്രവർത്തികൾ കൊണ്ട് രോഷാകുലരായ എയർപോർട് ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും ട്രാവൽ ഏജന്റുമാരുടെയും എതിർപ്പും ഭീഷണിയും അദ്ദേഹത്തിന് നേരിടേണ്ടിവന്നതിനു പുറമേ മുഖ്യമന്ത്രിയുടെയും MP മാരുടെയും മലയാളിയായ കേന്ദ്ര വിദേശകാര്യ മന്ത്രിയുടെയും അപ്രീതിയ്ക്ക്
ഇരയാകേണ്ടിയും വന്നു. അഞ്ചു വർഷങ്ങളോളം നിരന്തരം അവർ അദ്ദേഹത്തിനെതിരെ നീങ്ങിയെങ്കിലും അതെല്ലാം അതിജീവിച്ചതിന് ശേഷമാണ് അദ്ദേഹത്തിന് ഡൽഹിയ്ക്ക് സ്ഥലം മാറ്റമായത്. ((ഉപഗുപ്തൻ നടത്തിയ സാഹസിക നീക്കങ്ങളെക്കുറിച്ചും
അഴിമതിക്കെതിരെയുള്ള പ്രവർത്തനങ്ങളെ പറ്റിയും മാതൃഭൂമി പത്രത്തിന്റെ തിരുവനന്തപുരം ലേഖകൻ ജി. ശേഖരൻ നായർ ആ പത്രത്തിൽ അക്കാലത്ത് എഴുതിയിരുന്ന 'അക്കരപ്പച്ച' എന്ന ലേഖന
പരമ്പരയിൽ വിശദീകരിച്ചിട്ടുണ്ട്.)) ഒരു പ്രവാസി ട്രാവൽ ഏജന്റിന്റെ പറ്റിപ്പിനിരയായ നിസ്സഹായയായ ഒരു സ്ത്രീയ്ക്ക്, അയാളെ വരച്ച വരയിൽ നിറുത്തി അയാളുടെ പക്കൽ നിന്നും വൻ തുക വാങ്ങിക്കൊടുത്തപ്പോൾ, നിറകണ്ണുകളോടെ ആ നിർഭാഗ്യ "സാറിന് നൂറു പുണ്യം കിട്ടും" എന്ന് ഉപഗുപ്തനോട് പറഞ്ഞിട്ട് ഇറങ്ങിപ്പോകുമ്പോൾ വായനക്കാരുടെ കണ്ണുകളും ഈറനണിഞ്ഞുപോകും.
ഡൽഹിയിൽ ഗ്രാമീണ വികസന മന്ത്രാലയത്തിൽ എത്തിയ ഉപഗുപ്തൻ ഫിനാൻസ് അണ്ടർ സെക്രട്ടറിയായിരിക്കെ മന്ത്രാലയത്തിലെ ഉന്നതർക്കിടയിൽ നടന്നിരുന്ന അഴിമതികൾക്കെതിരെ തികച്ചും നിയമപരവും നിഷ്പക്ഷവുമായ നിലപാടുകൾ സ്വീകരിച്ചത് പല ഉന്നതർക്കും രുചിക്കാതായി. സർവീസിൽ നിന്നും സ്വയം വിരമിക്കുവാൻ തീരുമാനിച്ച ഉപഗുപ്തൻ വിരമിക്കൽ സദസ്സിൽ നടത്തിയത് അസാധാരണമായ, ഒരു വിടവാങ്ങൽ പ്രസംഗമായിരുന്നു കേന്ദ്ര ഗവ.സർവീസിൽ നിന്നും വിരമിച്ച ശേഷം പത്തു വർഷക്കാലം WHO യിൽ സാമ്പത്തിക ഉപദേഷ്ടാവായി ജോലി നോക്കിയ അനുഭവങ്ങളും അദ്ദേഹം വിവരിക്കുന്നുണ്ട്. ((ഒപ്പമുണ്ടായിരുന്ന, ദേശീയതലത്തിലും അന്തർദേശീയ തലത്തിലുമുള്ള സഹപ്രവർത്തകരെപ്പറ്റി അദ്ദേഹം പറയുന്നു: "ജോലിയോടുള്ള ആത്മാർത്ഥതയ്ക്കും സത്യസന്ധതയ്ക്കും പൊന്നുംവില കൽപ്പിക്കുകയും , സഹപ്രവർത്തകരോട് സ്നേഹവും സാഹോദര്യവും വച്ചു പുലർത്തുകയും ചെയ്യുന്ന ഈ മാന്യ വ്യക്തികളെവിടെ, ഈ ഗുണങ്ങൾക്ക് പുല്ലുവില കൽപ്പിക്കുന്ന കേന്ദ്രസർക്കാർ ബ്യൂറോക്രാറ്റുകളെവിടെ? " ))
നിയമങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് ധീരമായും സ്ഥിരോത്സാഹത്തോടും തന്റെ കടമകൾ അനുഷ്ഠിച്ച ഉപഗുപ്തൻറെ ഈ ആത്മകഥ വായനക്കാരുടെ ജീവിതാനുഭവത്തിന്റെ അതിർത്തി രേഖകൾ മാറ്റി വരയ്ക്കും, തീർച്ച. ഉപഗുപ്‌തന്റെ "ദണ്ഡകാരണ്യം മുതൽ ഇന്ദ്രപ്രസ്ഥം lവരെ" നമ്മുടെ ആത്മകഥാ സാഹിത്യത്തിനും, മൊത്തം മലയാള സാഹിത്യത്തിനും, ഒരു മുതൽക്കൂട്ടാണ്. ദിശാ ബോധം നഷ്ട്ടപ്പെട്ട ഇന്നത്തെ തലമുറ ചെറുപ്പക്കാരും പ്രവാസികളും, സംസ്ഥാന-കേന്ദ്ര സർക്കാർ ജീവനക്കാരും അവശ്യം ഈ പുസ്തകം വായിച്ചിരിക്കേണ്ടതാണ്. കഠിനാദ്ധ്വാനത്തിന്റെ, ധീരമായ, ആദർശ സമ്പന്നമായ, ജീവിതം എങ്ങിനെ രൂപപ്പെടുത്തിയെടുക്കണമെന്ന് അവർ ഈ കൃതിയിൽ നിന്ന് പഠിക്കുവാനിടയുണ്ട് . വിവിധ രീതികളിൽ അതീവ ശ്രദ്ധേയമായ ഈ ആത്മകഥ മലയാള വായനക്കാരുടെ മുൻപിൽ എടുത്തു വയ്ക്കാൻ എനിക്ക് ഏറെ സന്തോഷമുണ്ട്; അതിലേറെ അഭിമാനവും.
പബ്ലിഷേഴ്സ് : പ്രഭാത് ബുക്ക് ഹൌസ്
തിരുവനന്തപുരം വില :Rs.300
ജി. എൻ. പണിക്കർ
പ്രദീപ്തി, പാങ്ങോട്, തിരുവനന്തപുരം
0471 2353205
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ