2020 ഡിസംബർ 12, ശനിയാഴ്‌ച

50. ഓണത്തിന്റെ ഓർമ്മയിൽ.

50.  ഓണത്തിന്റെ ഓർമ്മയിൽ
----------------------------------------
       ഉപഗുപ്തൻ കെ. അയിലറ 

ബാല്യകാലത്തെയാ ഓണമെത്ര  
കാലം കടന്നങ്ങു പോയെന്നാലും, 
പോകില്ല മാഞ്ഞെൻ മനസ്സിൽ നിന്നും
ആകില്ലെനിക്കു മറന്നീടുവാൻ!

പുത്തനുടുപ്പുകൾ തൈപ്പിച്ചീടും 
അത്തത്തിനും തൊട്ടു മുൻപു തന്നെ
പുത്തനുടുപ്പിൻ മണം നുകരാൻ
മുത്തമിടുമെന്നുമോണം വരേം ! 

അത്തം തുടങ്ങിടും മുൻപുതന്നെ
ചെത്തിമിനുക്കി വഴിയും മുറ്റോം
ചാണകവെള്ളം തളിച്ചു ശുദ്ധി
ചെയ്തിടും മാവേലി വന്നുകേറാൻ!

അത്തപ്പൂക്കളിറുക്കുവാനായി
എത്രയും രാവിലെ പോകയായി 
അല്ലെങ്കിൽ കിട്ടില്ല പൂക്കളൊന്നും
അങ്ങേലേകുട്ടികൾ കൊണ്ടുപോകും!

തുമ്പപ്പൂ, മുക്കുറ്റി, കാർത്തികപ്പൂ,
ചെമ്പരത്തി, കാക്കപ്പൂ, ജമന്തി, 
ചെത്തിപ്പൂ, ഓണപ്പൂവെന്നിങ്ങനെ
എത്രേമിനം പൂക്കൾ ശേഖരിക്കും!    
   
വട്ടം വരച്ചിട്ടു  പൂക്കൾ ഞങ്ങൾ 
വൃത്തതിനുള്ളിലായ് ചന്തമോടെ
നിറവും വലിപ്പോമനുസരിച്ച്
നല്ലോരത്തപ്പൂക്കളം രചിക്കും! 
  
അത്തം തുടങ്ങും ദിവസം തന്നെ
അച്ഛൻ ഞങ്ങൾക്കൂഞ്ഞാലിട്ടു തരും
ഒന്നല്ല, മൂന്നാണ്, വനിതകൾക്കും, 
ഓരോന്നാങ്കുട്ട്യോക്കും പെങ്കുട്ട്യോക്കും!

പ്ലാവിന്റെ കൊമ്പിലെയിലകടിച്ച്  
പറിക്കാനൂഞ്ഞാലിൽ മത്സരിച്ചു
ആയത്തി, ലായത്തിലാടിയാടി   
വായുവിൽ പൊങ്ങിപ്പറന്ന കാലം!

ഓണക്കളികളന്നെത്രയെന്നോ!
ഓരോന്നും മാറിമാറിക്കളിക്കും
മത്സരത്തിന്നിടേൽ വഴക്കുമുണ്ട്, 
മനസ്സില് തങ്ങാത്ത പിണക്കമാണ്!

ആണ്ടിലൊരിക്കലടുക്കളയിൽ
അച്ഛൻ കയറുമുത്രാട നാളിൽ     
ഉപ്പുള്ളയച്ചാറും ഇഞ്ചിക്കറീം
ഉപ്പേരീമുണ്ടാക്കും മൂന്നുവിധം 

ചൂടു മാറാത്തോരുപ്പേരി ഞങ്ങൾ 
ചടുലമായിട്ടങ്ങു മോട്ടിച്ചോണ്ട് 
ഓടിപ്പോമൂഞ്ഞാലിൻ ചോട്ടിലേക്കായ്
ഓണനിലാവത്തൂഞ്ഞാലിലാടാൻ!    

തിരുവോണത്തിന്റന്നച്ഛൻ തന്നെ  
ഉരുളീലുണ്ടാക്കുമടയുംകൊണ്ട്  
പ്രഥമനും പാലിൻ പായസ്സവും
പറയേണ്ടരണ്ടിന്റേം സ്വാദെന്തെന്ന്  ! 

തിരുവോണ രാവിലേ ഞങ്ങളങ്ങ് 
ഒരുവട്ടമൂഞ്ഞാലിലാടിയിട്ട് 
പ്രാതലിനായി  തട്ടീടും ചൂടു 
പുട്ടും കടലയും പപ്പടവും!
 
കാലത്ത് കറുമ്പിപ്പശുവിനേയും
കുട്ടി, മണിയനേം കുളിപ്പിച്ചിട്ട്  
ചന്ദനം ചാർത്തീടും നെറ്റിയിലായ്
ചന്തമവർക്കപ്പോഴെത്രയെന്നോ!

ആട്ടുകല്ലുമരിയും  കഴുകും
കാടിയിൽ പഴഞ്ചോറുമുപ്പുമിട്ട് 
കുടിക്കാൻ കൊടു‌ക്കുമവയ്ക്കെന്നിട്ട് 
കൊടുക്കു'മോണ'പ്പുല്ല് തിന്നുവാനായ്

കുളിയും കഴിഞ്ഞോണക്കോടീമിട്ട്
കളികൾ കളിക്കുവാനോട്ടമാണ്
കിളിത്തട്ട്  തലപ്പന്ത് കുട്ടീം കോലും
കളികൾ കളിക്കുമോരോന്ന് മാറി   

പപ്പടം കാച്ചും മണമടിക്കേ
പാഞ്ഞിടും വീട്ടിലേക്കോണമുണ്ണാൻ
വിട്ടീലെത്തേ കാണാമമ്മയാദ്യം  
ഊട്ടുവത് 'പിതൃക്കന്മാരെ'യൊക്കെ 

നിരത്തിയ തൂശനിലകളിലായ്
നിറയെ കറികൾ വിളമ്പിയിട്ട്,  
പുത്തരിച്ചോറു  വിളമ്പുമച്ഛൻ 
വിസ്‌തരിച്ചങ്ങോട്ടിരിക്കും ഞാനും 

പിന്നെയെല്ലാരുമൊരുമിച്ചങ്ങു 
നന്നായുണ്ണുമോണം സന്തോഷമായ് 
ഓണമുണ്ണാനായോ'രോർഡറു'ണ്ട്
ഓർമ്മപ്പെടുത്താം മറന്നെന്നാകിൽ!

നെയ്യും പരിപ്പും പപ്പടോം ചേർത്തു 
നന്നായിട്ടാദ്യം കുഴച്ചുണ്ണേണം   
പിന്നെ സാമ്പറുമൊഴിച്ചുണ്ണേണം  
പുളിശ്ശേരി ചേർത്തിട്ടടുത്തയൂണ്

ഓരോയുരുളയും വായിലായാൽ 
ഓരോരോകൂട്ടുകറി കൂട്ടേണം
പച്ചടിയും തോരനും അവിയൽ 
ഇഞ്ചിയും, ഓലൻ, നാരങ്ങയച്ചാർ, 

മപ്പാസ്സ്, സ്ട്യൂ, ഇനി കറികളെത്ര!
ഉപ്പേരികൾ മൂന്നും  മാറിമാറീ 
തട്ടേണം കടുമുടാ വായിലിട്ട്
ഇടക്ക് ഒരോ കവിൾ വെള്ളോമാകാം

പൂവൻ പഴം നന്നായ് ഞെവിടിയിട്ട് 
പ്രഥമൻ കുടിക്കേണം സ്വാദായിട്ട്
കയ്യിലൂടേയൊഴുകുന്നുണ്ടെങ്കിൽ   
കയ്യോടെ നക്കിക്കൂടിച്ചിടേണം

പ്രഥമനും പായസ്സോം കഴിക്കേ
പറയേണോ, നാരങ്ങേടച്ചാറും
ഇഞ്ചിപ്പുളിയും തൊട്ടുനക്കാനായ്? 
ഇവയില്ലാതാക്കും ദഹനക്കേട് 

ഒരുപിടിച്ചോറ് കഴിക്കവേണം
മോരുമൊഴിച്ചു,  ദഹിക്കാനായി    
കിട്ടില്ലിതുപോലെ സമ്പൂർണമാ-
യിട്ടുള്ള സദ്യയീ ലോകത്തെങ്ങും!

സദ്യകഴിഞ്ഞു  ചേച്ചിമാർക്കൊപ്പം
ആദ്യമായ് പോയിടും കാണുവാനായ്
കയ്യ്കൊട്ടിക്കളീം, തിരുവാതിരേം, 
കളിക്കുന്നത് പ്രായമായ സ്ത്രീകൾ!

'ഒരുകുടുക്ക, പ്പൊന്നി'ൻ കഥയും,
ഒരു 'ചെമ്പഴുക്കേ'ടെ കഥയും  
"കൊച്ചുകുഞ്ഞിന്റെച്ഛന്റെ'കഥയും  
കളിക്കും മൂന്ന് കഥേo മാറി മാറി!

കുറച്ചുനേരമതു കണ്ടിട്ട് ഞാൻ
കൂട്ടുകാർക്കൊപ്പം പലകളികൾ 
കളിക്കുവാനായിട്ട് പായുമല്ലോ, 
കളിക്കുമിരുട്ട് തുടങ്ങും വരെ ! 

പടിക്കലെ തോട്ടിൽ കുളികഴിഞ്ഞ് 
പടിയും നിലവിളക്കിന്ന് മുന്നിൽ
നാമവും ചൊല്ലിയത്താഴവുമുണ്ട്  
നന്നായുറങ്ങിടും സ്വപ്നോം  കണ്ട്!
           *******      *******
വന്നവ,രെത്രപേരെന്നോടൊപ്പം? 
അന്നത്തെ ഓണക്കാലത്തിലേക്കും
അന്നത്തെ ഓണത്തിൻ സദ്യേമുണ്ണാൻ?  
അന്നത്തെ ഓണക്കളികളിക്കാൻ? 

ഒന്നു ചൊല്ലീടാമോ കൂട്ടുകാരേ? !!! 
ഒന്നും മറന്നു ഞാൻ പോയില്ലല്ലോ!!!
ഒറ്റ 'ലയിക്കി'ലൊതുക്കാമല്ലേൽ
ഒന്നു പരത്തിപ്പറകേമാകാം!!!  

            ********      ********
എന്നെപ്പോലിന്നത്തെയപ്പൂപ്പന്മാർ 
ഇന്നു ഗൃഹാതുരത്വമറിയേ  
ഇന്നത്തെ കുട്ടികൾക്കൊക്കെയത്
അന്യമാ, ണറിയില്ല, തെല്ലുപോലും!!! 
   
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ