2020 ഡിസംബർ 10, വ്യാഴാഴ്‌ച

47. എൻ്റെ വിദ്യാരംഭം.


       47.  എൻ്റെ   വിദ്യാരംഭം

കുളിയും കഴിഞ്ഞു കുറിയുമിട്ട് 
തെളിയും വദനവുമായ് മെല്ലേ 
അച്ഛനും ചേച്ചിയ്ക്കുമൊപ്പം പോയി
ആശാൻ പള്ളിക്കൂടമമ്പലത്തിൽ

ഒരു തളിര് വെറ്റിലയിൽ നൽകീ   
ഗുരുദക്ഷിണയാശാനു, പിന്നെ    
ഗുരുവെൻ്റെ തലയിൽ കൈവയ്ക്കേ  
ഒരു കുളിര്  തനുവെപ്പുണർന്നു

ഗുരുവിന്നനുഗ്രഹമാണതെന്ന്
ഒരു മാത്രയന്ന് നിനച്ചില്ല ഞാൻ
ഗുരു  പിടിച്ചെന്നേയിരുത്തീ 
ഒരു ഓലത്തടുക്കിലായ് മെല്ലേ 

വലതുകൈച്ചൂണ്ടു വിരൽ പിടിച്ച്
വളയാതത് നേരേ നിവർത്തിയിട്ട് 
എഴുതിച്ചെന്നേ 'ഹരിശ്രീ'യാശാൻ  
പൂഴി മണ്ണിലനേകം  തവണ

ചൊല്ലിച്ചദ്ദേഹം 'ഹരിശ്രീ'യെന്നു
എല്ലായ്പ്പോഴുമെഴുതിച്ചീടവേ
ചൊല്ലാതെചൊല്ലി, രഹസ്യമായി
ചൊല്ലിപ്പഠിച്ചതു ഞാനെന്നുള്ളിൽ 

ആദ്യാക്ഷരങ്ങളെഴുതിച്ചെന്നെ
ആശാനൊരാനന്ദത്തേരിലേറ്റി
അക്ഷരമുറ്റത്ത് പിച്ചവയ്ക്കാനും   
അറിവിന്റെ തേൻ നുകരാനുമായ് 

നാരായത്തുമ്പാൽ പനയോലേല-
ക്ഷരമാലയെഴുതിയെനിക്ക് തന്നു
വേനപ്പച്ചേടെയില ഞെരുടി 
ഞാനാ അക്ഷരത്തിന്മേല് തേച്ചു 

കറുപ്പിൻ നറുനിറം വന്നപ്പോൾ
നിറഞ്ഞുതുളുമ്പിയെൻ സന്തോഷം
അറിയാതൊരുമ്മ കൊടുത്തതിന്ന് 
പറയല്ലേ ആരോടും നിങ്ങളത്

ആശാൻ പള്ളിക്കൂടമിന്നില്ലല്ലോ
ആശാനുമന്നത്തേപ്പോലിന്നില്ല
പനയോലപ്പുസ്തകോമിന്നില്ല
പനയോല പോലും കാണ്മാനില്ല
  
ആശയുണ്ടിന്നെനിക്കൊന്നുകൂടി
ആശാൻ്റെ ശാലയിലൊന്നുപോയി
ആശാൻ്റെയനുഗ്രഹം വാങ്ങിയിട്ട് 
ആ പൂഴിമണ്ണിലായൊന്നെഴുതാൻ!

ഗുരുവിനെയോർത്തൊന്നു ധ്യാനിക്കൂ 
ഒരു പുത്തൻ കാരിയം ചെയ്യുമ്പോൾ   
ഗുരുവിന്നനുഗ്രഹമില്ലെങ്കിൽ
ഗുരുത്വമില്ലാത്തവനായ് പോകും !

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ