2020 ഡിസംബർ 12, ശനിയാഴ്‌ച

49. മാവേലി ഇന്നോണം കാണാൻ വന്നാൽ

   
49.  മാവേലി ഇന്നോണം കാണാൻ                വന്നാൽ

മാവേലി ഇന്നോണം കാണാൻ വന്നാൽ
മാനുഷരെക്കാണാമല്ലലോടെ
കാണം വിറ്റോണമുണ്ണുന്നോരേയും
കാണം പോലുമില്ലാത്തോരേം കാണാം

ക്യാമ്പിലായ്‌ കാണാം പ്രളയത്തിൻ്റെ
വമ്പൻ ദുരന്തത്തിൻ ബാക്കിപത്രം
വീട്ടുവസ്തുക്കളും വീടും പോയി  
ഉടുതുണി മാത്രമായ്  വന്നവരേം

ആഹാരം പോലും ശരിക്കില്ലാതെ
മോഹങ്ങളെല്ലാം മരവിച്ചോരേം
കുട്ടികൾ പട്ടിണിക്കോലമായി, 
കുട്ടിക്കളിയും  മറന്നുപോയി

പൂത്തുമലേലും  കവളപ്പാറേം
പോയൊന്നു കാണൂ മാവേലിമന്നാ
മലയൊന്നാകേയുരുൾപൊട്ടിയിട്ട്
മണ്ണിന്നടിയിലായ് ആളും വീടും

ആഴ്ചകളേറെക്കഴിഞ്ഞെന്നാലും
ആളുകളിപ്പോഴും മണ്ണിൻകീഴിൽ
ഉടയോരേക്കണ്ടുകിട്ടാതായിട്ട്
ഇടനെഞ്ച് പൊട്ടിക്കരയുന്നോരേം

ബന്ധുക്കളുടെ  ശരീരങ്ങളെ 
ബദ്ധപ്പാടോടെ തിരയുന്നോരേം
വാസസ്ഥലം വിട്ടുപോകാനാകാ-
തസ്വസ്ഥരായിക്കറങ്ങുന്നോരേം 

മാതാപിതാക്കളെ നഷ്ട്ടമായി
ഭീതി നിറഞ്ഞ മുഖവുമായി
ഭാവിയെപ്പറ്റിയോർത്താകുലപ്പെട്ട്
ഭാരിച്ച നെഞ്ചുമായ് പൈതങ്ങളേം

വാലുമാട്ടിക്കൊണ്ടു മണ്ണും മാന്തി 
മണ്ണിന്നടിയിലെ യജമാനനായ്
നന്ദിതൻ പര്യായമായിടുന്ന 
നായയേയും കാണാം തമ്പുരാനേ

എന്നാലും നിന്നെബോധിപ്പിക്കുവാ-
നൊന്നായ് ഞങ്ങളാഘോഷിക്കുമോണം
പതിവ്  തെറ്റിയ്ക്കുവാനാവില്ലല്ലോ
പ്രകൃതി തെറ്റിക്കാൻ ശ്രമിച്ചാലും !

മാവേലി വാണോരു കാലമനു-
ഭവിക്കാനെനിക്കോരു മോഹമുണ്ട്
എന്നിലെ  മോഹങ്ങളൊന്നു നേടാൻ 
നിന്നോട് മാവേലീ ചോദ്യമഞ്ചുണ്ടേ  

മാനുഷരെല്ലാരുമൊന്നുപോലെ
മോദമായ് ജീവിച്ചിരുന്ന കാലം
കണ്ടുമടങ്ങുവാനില്ലേ മോഹം?
ഉണ്ടെങ്കിലങ്ങിവ ചെയ്തേപോകൂ

ഭരിക്കുമോരിവിടുത്തെ ഭരണക്കാരെ
ഭരണപാഠങ്ങളൊൾ പഠിപ്പിച്ചു കൂടേ ?
ഉരുൾപൊട്ടാതിരിക്കാനായ് അവിടിരുന്നു 
ധരണിയെ ബലമായ് പിടിച്ചുനിന്നൂടേ  ?

പെരുമഴക്കാലത്ത് പ്രളയത്തെ തടയാൻ 
പയസ്സിനെ ധരണിയിൽ  ലയിപ്പിച്ചൂടേ ?
അസ്സാദ്ധ്യമാമിവയെന്നങ്ങയ്ക്കുതോന്നുന്നേൽ
അവതാരമൊരിക്കൽക്കൂടെടുത്തുകൂടേ?
             
ബാലിശമാണെന്നനുയോഗങ്ങളെങ്കിലോ ബാലനാണിവനെന്ന് കരുതി ക്ഷമിച്ചൂടേ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ