2020 ഡിസംബർ 11, വെള്ളിയാഴ്‌ച

28. ഒരു തിരിഞ്ഞു നോട്ടം

 28.   ഒരു തിരിഞ്ഞു നോട്ടം 

അറിയാമെനിക്കിനിയും  തിരിയേയൊരു'പോക്ക്', 
അതിമോഹമാണെന്ന സത്യം!
തിരിഞ്ഞൊന്നു 'നോക്കു'വാൻ ആരുമേ,യനുവാദം
തരികവേണ്ടെന്നതും സത്യം   

തിരിഞ്ഞൊന്നു നോക്കിയാൽ മനസ്സിന്നു മടിയാണ്  
തിരികേ പോരാനായി വീണ്ടും
ബാല്യത്തിൻ സൗകുമാര്യമത്രയേറെയോർമ്മയിൽ 
മുല്ലപ്പൂ സൗരഭ്യമായ് നിറഞ്ഞ് 

തുളുമ്പവേ മനമൊരു വെഞ്ചാമരതുല്യം 
തുള്ളിക്കളിക്കും കുഞ്ഞാട് പോലെ!  
മേയാനായവനെത്രയോ വെമ്പൽ  കൊള്ളുന്നെന്നോ   
പോയോരാ ബാല്യത്തിൻ മേട്ടിലായ്, 

നുകരാൻ,  കൊതിതീരെ പച്ചപ്പിൻ  നിറമുള്ള
നറുബാല്യ തരുലതകൾ!
ഓർമ്മതൻ ചെപ്പു തുറന്നിട്ടതിലുള്ളവയെ
ഓർത്തെടുത്തൊന്ന് മിനുക്കട്ടെ ഞാൻ!

ബാല്യത്തിലിണങ്ങിയ കളിക്കൂട്ടരാരൊക്കെ? 
ബാഹ്യമായിട്ട് പിണങ്ങിയോരും
തങ്കപ്പൻ,  വേലപ്പൻ കുട്ടൻ,  കരുണാകരൻ
ശങ്കരൻ, അപ്പു, കുഞ്ഞുകൃഷ്ണൻ

എത്രയെത്ര പേരുകളേതൊക്കെ   ക്ളാസ്സുകളിൽ 
എത്രയെന്നിന്നോർമ്മയില്ലെനിക്ക് !
എത്രയെത്ര കളികൾ കളിച്ചുവെന്നോ ഞങ്ങൾ 
എന്ത് രസമായിരുന്നുവെന്നോ!

തോട്ടിലെ തണുപ്പേറും  വെള്ളത്തിലൂളിയിട്ടും  
കൂട്ടരെ വെള്ളത്തിൽ മുക്കിത്താഴ്തീം      
തണുപ്പേറിയ  വെള്ളം കുടിച്ചും കുടിപ്പിച്ചും   
തല തുവർത്താതേ നടന്നും  

ജലദോഷം പിടിപെട്ടു  മൂക്കളേമൊലിപ്പിച്ച് 
വലഞ്ഞു നടന്നോരു കാലം!
അന്യോന്യമെന്തിനും  അടികൂടുന്നതിനൊക്കെ 
അടിയെത്ര സാറന്നു തന്നൂ!  
                                      
കുസൃതികളെത്രയേറെ കാട്ടിയില്ലാ ഞങ്ങൾ
കുന്നായ്മേമതുപോലെ തന്നെ
കുഴികുഴിച്ചിട്ടതു പുറമേയടച്ചിട്ടു
കൂട്ടരേ വീഴ്ത്തിയൊരു നാളിൽ 

കൂട്ടത്തിൽ ചാടിയതൊരു ബാലികയാരുന്നു 
കളി കാര്യമായെന്നു മാത്രം!
*****                *****             *****   
എൻചുണ്ടിലറിയാതൊരു പുഞ്ചിരി വിടർന്നത് 
എൻപ്രിയതമ കണ്ടുപോയി !
*****                *****             *****   
തിരികെ വരാതിനി തരമില്ലാതായല്ലോ!
തിരിച്ചിതാ ഞാൻ വന്നീടുന്നു,
നുകർന്നിട്ട് മധുരമാ, മതിവരാ,  ബാല്യത്തിൻ 
നാളിലെയോർമ്മത്തേൻ കൂട്ടിൽ നിന്ന്  !!!









അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ