2022 നവംബർ 7, തിങ്കളാഴ്‌ച

വൃത്തം - ഉപസർപ്പിണി

ശക്തിസ്രോതസ്സ്
-----.................

ഉയർന്നിടുന്നൂ ഉദയാർക്കബിംബം
നഭസ്സിലെന്നും പ്രഭവീശിനിൽപ്പൂ
നിറഞ്ഞിടുന്നൂ പുതുശോഭയെങ്ങും
പരത്തിടുന്നൂ കിരണപ്രകാശം.

ഉണർന്നിടുന്നൂ മിഴിവോടെയെന്നും
നമിച്ചിടുന്നൂ തൊഴുകയ്യുമായീ
അകത്തടങ്ങൾ നിറസാന്ദ്രമായി -
പ്പുണർന്നിടുന്നൂ പുതുമോടിയോടേ .

പ്രപഞ്ചസത്യപ്പൊരുളിന്റെമുന്നിൽ
ജയിച്ചിടാനോ കഴിവില്ലയാർക്കും 
അഹന്തയൊട്ടും പിടിപെട്ടിടാതേ
കഴിഞ്ഞുകൂടാം ഭുവനത്തിലെന്നും .

അടിച്ചുവീഴ്ത്താൻ തുനിയുന്ന മർത്ത്യൻ
ഭയന്നിടുന്നൂ അരുണന്റെ മുന്നിൽ
ജ്വലിച്ചുതീരും, നിമിഷത്തിലെല്ലാം
തൃണങ്ങളെപ്പോൽ ചിറകറ്റുവീഴും.

ജയിച്ചിടാനായപരന്റെ മുന്നിൽ
വരച്ചുകാട്ടുന്ന ദുഷിച്ച ചിത്രം !
തകർത്തിടുന്നൂ ക്ഷണമാത്രയിങ്കൽ
വിറച്ചിടുന്നൂ ക്ഷിതിയിൽ ജനങ്ങൾ !

വെളിച്ചമേകുന്ന പ്രഭാകരന്റെ
കൃപാകടാക്ഷം നിറയട്ടെ മന്നിൽ
ദുഷിപ്പുകാട്ടാതെയുണർന്നിടാനായ്
മനസ്സിലെന്നും തെളിവേകിടേണം.

അജിത സത്യൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ