2022 നവംബർ 3, വ്യാഴാഴ്‌ച

(വൃത്തം :സ്രഗ്ദ്ധര ) ശ്രീലകം വേണുഗോപാൽ

ഞാനൊരു ‘ഗോ‘പാലൻ.
**************************
എന്താണീ ‘ഗോ‘വിനർത്ഥം, പലവിധമതിനായ് കാണ്മു നാനാർത്ഥമിത്ഥം 
ചന്തത്തിൽത്തന്നെ വയ്ക്കാമവയുടെ ചയനത്താൽ വരുന്നർത്ഥമേറ്റം
വന്ദ്യന്മാർ പണ്ടുതൊട്ടേ രചനയിലിവയെക്കൊണ്ടു ജാലങ്ങൾ തീർത്തൂ,
നന്ദിക്കാമൊന്നു തീർക്കാമതുവിധമിതുപോൽ ശ്ലോകമിമ്മട്ടിലും ഞാൻ.

ചൊല്ലീടാം ‘ഗോ‘വരുമ്പോളതിനൊരു ബഹുമാനം കൊടുക്കേണമർത്ഥം
ചൊല്ലേറും കാളയാവാം പശുവുമതുവിധം  സൂര്യചന്ദ്രോഡുപങ്ങൾ
എണ്ണീടൂ കണ്ണുമാവാമറിവു പകരുമാ ജ്ഞാനവും വാണിമാതും 
വിണ്ണും മണ്ണും മഹത്താം വരിയിൽ വിരിയുമീ വാക്കുമാം ദിക്കുമാവാം

ചുറ്റും വന്നിട്ടു ഗോവിൻ പ്രകരമതുലമാം വൃത്തമായ് നിന്നിടുമ്പോൾ
ചെറ്റും ചൊല്ലാൻ മടിക്കില്ലവയിലലയിടും വർണ്ണവൈവിദ്ധ്യപൂരം!
സത്യം! ഗോജാലമെല്ലാമിതുവിധമിനിയും മന്മനോവീഥിതന്നിൽ
നിത്യം നിന്നാൽ ഗണിക്കാം,മധുരമനുപമം നല്ല നാൽക്കാലിയെല്ലാം.!

ആവോളം വന്നു നീയെൻ രസനയിലമരൂ സാരമായ്  ഗോപ്രഭാവം
തൂവീടൂ വാണിമാതേ! നിറവൊടുനിറവാം ശ്ലോകജാലം രചിക്കാൻ
ഗോവായ് ഗോവിൽത്തിളങ്ങുന്നവയുടെയൊളിയുള്ളോരു നേരത്തപാരം
ഗോവായാചന്ദ്രകാലം തെളിയണമവയും കാവ്യലോകത്തിൽ  മുഗ്ദ്ധം!
(സ്രഗ്ദ്ധര)

................................................
ഈ ശ്ലോകങ്ങളുടെ സാരസ്യം ഇങ്ങനെയൊക്കെയാണേ.

1).  (ചയനം = ശേഖരണം ,തിരഞ്ഞെടുപ്പു്)
“ഗോ‘ എന്ന വാക്കിനു വളരെയധികം നാനാർത്ഥങ്ങളുണ്ടു്. അവയെല്ലാംശേഖരിച്ചു തിരഞ്ഞെടുത്തു പ്രയോഗിച്ചാൽ ശ്ലോകങ്ങളുടെ അർത്ഥഭംഗിയും ആസ്വാദനമാധുര്യവും കൂടും. നമ്മുടെ പൂർവ്വികന്മാർ ഇങ്ങനെയുള്ള വാക്കുകൾകൊണ്ടു് വളരെയധികം ജാലവിദ്യകൾ ശ്ലോകങ്ങളിൽ പ്രദർശിപ്പിച്ചിരുന്നു.. അവരെ  നമുക്കു് അഭിനന്ദിക്കാം. അതുപോലെയുള്ള ശ്ലോകങ്ങൾ ഞാനും ഇവ്വിധമൊന്നു രചിച്ചുനോക്കട്ടേ.
2) . 
ഗോ എന്ന വാക്കു നമ്മൾ രചനകളിൽ കാണുമ്പോൾ അതിനു ബഹുമാനം (ആദരവു്, പല  അളവുകൾ, സാന്ദർഭികമായ അർത്ഥങ്ങൾ) കൊടുക്കണം. അതിനു് കാള, പശു, സൂര്യൻ, ചന്ദ്രൻ , നക്ഷത്രം , കണ്ണു്, ജ്ഞാനം , സരസ്വതീദേവി , ആകാശം, സ്വർഗ്ഗം, ഭൂമി, വാക്കു് , ദിക്കു് എന്നൊക്കെയുള്ള അർത്ഥങ്ങളുണ്ടു്.
3). 
(പ്രകരം = കൂട്ടം / വർണ്ണം = നിറം, അക്ഷരം / ഗോജാലം - കന്നുകാലിക്കൂട്ടം )
ഇതു്  കന്നുകാലിക്കൂട്ടത്തെയും ശ്ലോകങ്ങളെയും  ഒന്നുപോലെ അന്വർത്ഥമാക്കുന്ന ശ്ലോകമാണു്

a) .  പശുക്കളും കാളകളുമടങ്ങുന്ന ഈ കൂട്ടം എന്റെ ചുറ്റുംവന്നു ഭംഗിയായി വട്ടത്തിൽ നിലകൊള്ളുമ്പോൾ അവയുടെ ഇടയിൽ അലയടിക്കുന്ന വർണ്ണവൈവിദ്ധ്യഭംഗി എത്ര വർണ്ണനാതീതമാണെന്നു പറയാൻ എനിക്കു മടിയില്ലാ. ( അവയുടെയിടയിൽ പലപല നിറങ്ങളുള്ള കന്നുകാലികൾ ഉള്ളതിനാൽ കാണാൻ ഭംഗിയേറുന്നു). എന്റെ മനസ്സിന്റെ വീഥിയിൽ ഇവ നിൽക്കുമ്പോൾ ഇവയെല്ലാം അനുപമമായ ഭംഗിയുള്ള നാൽക്കാലികൾതന്നെയാണെന്നു  ഞാൻ കണക്കാക്കുന്നു.
b) . എന്റെചുറ്റും  വാക്കുകളുടെ കൂട്ടം അതുല്യമായ വൃത്തഭംഗിയോടെ നിൽക്കുമ്പോൾ അവയിലെ വിവിധതരത്തിലുള്ള അക്ഷരങ്ങൾ അർത്ഥഭംഗിയോടെ ചേർന്നുനിൽക്കുന്നതിന്റെ മഹത്ത്വത്തേക്കുറിച്ചു പറയുവാൻ എനിക്കു ഒരു മടിയുമില്ലാ. ഇനിയും ഇതുപോലുള്ള വാക്കുകൾ എന്റെ മനസ്സിൽ എന്നുംവന്നു നിൽക്കുകയാണെങ്കിൽ മനോഹരമായ, അനുപമമായ നല്ല നാൽക്കാലികൾ (ശ്ലോകങ്ങൾ) ഞാൻ കണക്കുകൂട്ടി രചിക്കാം..
4). 
അല്ലയോ വാണിമാതേ! നീ എന്റെ നാവിൽ അർത്ഥപൂർണ്ണമായി വസിച്ചാലും. 
നിന്റെ ഗോപ്രഭാവം ( സരസ്വതീദേവിയുടെ ജ്ഞാനം, തേജസ്സു് ,മഹിമ) വളരെവളരെ മനോഹരമായ ശ്ലോകങ്ങൾ രചിക്കുവാനുതകുമാറു്  എന്നിൽ തൂവിയാലും.. 
ഗോവായ് ( സൂര്യൻ,ചന്ദ്രൻ)  ഗോവിൽ ( ആകാശത്തു) പ്രകാശിക്കുന്ന അവയുടെ രശ്മികൾ ഉള്ളിടത്തോളം നേരം ( അതായതു പകലും രാത്രിയും) ഗോവായാചന്ദ്രകാലം(നക്ഷത്രങ്ങളെപ്പോലെ എക്കാലവും) എന്റെ അത്തരം ശ്ലോകങ്ങൾ കാവ്യലോകനഭസ്സിൽ  അതിമനോഹരമായി നിന്റെ അനുഗ്രഹത്താൽ തിളങ്ങിനിൽക്കട്ടേ.
*******************************************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ