2021 ജൂലൈ 10, ശനിയാഴ്‌ച

. മനസ്സൊരു മായാലോകം (included)

.        മനസ്സൊരു മായാലോകം
______________________________
      

കാണുവാനാകാതെ മാറിന്റെയുള്ളിലായ്
'കാണുന്നോ'രത്ഭുത പ്രതിഭാസം,മാനസം 
നിന്മനം ഞാൻ കണ്ടുവെന്നുചൊല്ലീടിലും
കാണ്മതുണ്ടാവില്ലനേരിട്ട,താം സത്യം!

മാറുപിളർന്നിട്ടുനോക്കിയാൽകാണ്മതോ
മാംസവും രക്തവും വെള്ളവുമല്ലയോ?
നെഞ്ചാണ് മനസ്സിന്റെയാവാസകേന്ദ്രമെ-
ന്നെന്തുകൊണ്ടാകും മനുഷ്യർ പറയുക?

ഹൃദയമാണ് മനമെന്നും പറയുന്നു  
അതിലെന്ത് സത്യമുണ്ടെന്നതറിയില്ല
നിർമ്മലമാക്കിയിട്ടത് നിണം തനുവിൽ  
നിർലോഭമെത്തിക്കുമെവിടേം,അറിയാം!

ചിന്തതന്നല്ലയോ മാനസമെന്നതും
ചിന്തിക്ക വേണ്ടുന്ന കാരിയമല്ലയോ
എന്തിനു ചിന്തിക്കവേണമെന്നാണെങ്കിൽ
എന്താണതിൻ രൂപമെന്നത് മറുചോദ്യം!

രൂപവും കാഴ്ചയുമില്ലാതെ കാലത്തിൻ 
ചാപല്യമൊന്നുമേയേശിടാതങ്ങനെ
ആരുടേയും വരുതിക്കു വഴങ്ങാതെ 
ആർക്കുമടിമയാകാത്ത പ്രതിഭാസം!  
         
എങ്കിലും സമ്മതിക്കാതെ തരമില്ല
എത്രയപരമാകുന്നതിൻ ശക്തിയും
വേഗതയുമതുപോലെയതിനെല്ലാം 
വേർതിരിച്ചറിയുവാനുള്ള കഴിവും 

എത്രയോ ദൂരമുള്ളിടമാണെങ്കിലും
എത്തിടും ചിന്തിക്കുമാ മാത്രയിൽ മനം   
എത്രശ്രമിച്ചാലും ഗഗനയാനങ്ങൾ-
ക്കത്രയും വേഗത കൈവരിക്കാനാകാ.

മനസ്സെന്ന മാന്ത്രികച്ചെപ്പിന്റെ ശില്പി
മനുഷ്യനല്ലെന്നത് തന്നെയാം കാരണം   
മനസ്സുകൾ തമ്മിലടുത്താലെത്രയോ 
മാനങ്ങളവയ്ക്കിടേൽ കല്പിതമാകാം

 സ്നേഹവും വെറുപ്പും ദേഷ്യ,വിദ്വേഷവും
 സങ്കടവും പൊരേ,ലസൂയേം കുശുമ്പും!
എത്രയോ ഭാവഹാവാദികളാണെന്നോ!
എല്ലാമൊളിഞ്ഞിരിപ്പുണ്ടീ മനച്ചെപ്പിൽ!     
   
രൂപമില്ലാത്ത മനസ്സും ബുദ്ധിയുമേ-
കോപനത്തോടെയൊത്തുപിടിച്ചാൽ
എന്തൊക്കെ നേടിയെടുക്കുവാനാകില്ല, 
എന്നതൊട്ടും തർക്കമില്ലാത്ത കാര്യമാം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ