2021 ജൂലൈ 9, വെള്ളിയാഴ്‌ച

4. അരുണൻ (for Book Cafe)

            

          അരുണ ചംക്രമണം (6)

    ഉപഗുപ്തൻ കെ. അയിലറ 
                                                             
ശ്യാമപ്പുതപ്പു പതുക്കെ മാറ്റീയർക്കൻ
ഭൗമസൗന്ദര്യം നുകരാൻ പുലർച്ചയിൽ  
നോക്കവേ കാണ്മതോ ധവളാഭയോലും 
നീഹാര പടലം പുതച്ച രസയെ. 
                          
മെല്ലവേയൂഷ്മളമായ കരങ്ങളാൽ 
മഞ്ഞിൻ പുതപ്പലിയിച്ചു മാറ്റീട്ടർക്കൻ      
അരുണാഭയോലും കിരണങ്ങളാലേ  
പരിരംഭണത്തിലൊതുക്കീ പൃഥിയെ.  
                           
ധരയെ ഉഷസ്സിലാലിംഗനം ചെയ്തി-  
ട്ടൊരിളവെയിൽ പട്ട് പുതപ്പിച്ച ശേഷം
ആദിത്യനുയരത്തിലേക്കുപോകേ,യീ
മേദിനിയെത്രയോസുന്ദരിയെന്നോർത്തു! 
                           
ദിനകരൻ മദ്ധ്യാഹ്ന വേളയിൽ നോക്കേ
തന്നുടെ ചൂടേറ്റ്  ധരണി ചൂടീടുന്ന    
പൊൻവെയിൽപുടവയുരുകുമെന്നുകണ്ട് പകരമായ് ശ്വേതാംബരത്തിനാൽ മൂടി. 
                                      
പശ്ചിമചക്രവാളത്തിലെത്തേ ദിന-
പതിതൻ രശ്മിയുമഭ്രവുമാഴിയും 
ഒരുമിച്ചൊരുക്കീയഭൗമമായീടു-
മൊരുസന്ധ്യ, ഒപ്പമൊരു മാരിവില്ലും. 

സിന്ദൂരസന്ധ്യയ്ക്കകമ്പടിയായ് വന്നു
ചന്ദ്ര,താര,പ്പരിവാരങ്ങളൊക്കെയും    
രാവിന്റെ പാലൊളിച്ചോലയിലാറാടി-
ച്ചവളെയേൽപ്പിച്ചു പുലർച്ചെ ഭസ്വാനെ.

സായാഹ്നവേളയിൽ ചക്രവാളത്തിലെ
സാഗരഗർത്തേയമർന്ന ദിനകരൻ 
സുഖനിദ്രയിൽ നിന്നുണർന്നിട്ടു വന്നൂ  
സഹ്യാദ്രിതന്റെ മുകളിലൂടത്ഭുതം!!!
                                             
സൂര്യ, ധര, താര, ചന്ദ്രന്മാരൊക്കെയും 
ഒരുമിച്ച് കാട്ടുന്ന ലീലാവിലാസങ്ങൾ
പ്രകൃതിയ്ക്കഭൗമ സൗന്ദര്യം പകരും
പ്രജകൾക്കോ കണ്ണിന്നമൃതം പകരും!                 

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ