2021 ജൂലൈ 9, വെള്ളിയാഴ്‌ച

3. നെയ്തലാമ്പൽ (for Book Cafe)

        നെയ്തലാമ്പലിനോട്

  ഉപഗുപ്തൻ കെ. അയിലറ 
                   
നിറതിങ്കൾ തൊട്ടുണർത്തേ        
വിറയാർന്നുൽഫുല്ലയായി,
നിറപുഞ്ചിരിക്കതിരൊളിപോൽ -   
നറുനെയ്തലാമ്പൽമലരേ നീ. 

അറിയില്ലെന്ന് വരുമോ ഞാൻ   
പറയാതെ, നിൻ വദന കാന്തി? 
ജലദർപ്പണത്തിലേക്കു നോക്കി 
ഫലമെന്തെന്നു നീസ്വയമറിയൂ. 

സ്വവദന കാന്തി കാണ്മതൊപ്പം
സ്വകമിതാവിനെ നിനക്ക് കാണാം      
പരിരംഭണത്തിനായ് കൊതിച്ചി-
ട്ടരികത്തവൻ തിളങ്ങി നിൽപ്പൂ.  

അരികേയണഞ്ഞു നിന്നാൽ
പരിരംഭണം നിനക്കു  പ്രാപ്യം
ശിരസ്സും നമിച്ചു നിന്നെന്നാൽ   
ഒരു ചുംബനം നിനക്ക് സ്വന്തം.

പവനൻ നിനക്കു തുണയായി 
സ്വവദനകാന്തി കാണ്മതിന്നായ് 
ഒരു മാത്ര, പക്ഷേ വിനയായി- ട്ടിരുവേലിയലയിന്ദുവേ മറച്ചു.

വിധിയിന്ന് നിനക്കു ശാപമായി   
വിധു ദർശനം നിനക്കു നഷ്ടം  
പരിരംഭണം നിനക്കു നഷ്ടം,
ഒരു ചുംബനം നിനക്കു നഷ്ടം!

നഷ്ട നിമിഷങ്ങൾ നീ മറക്കൂ 
ഇഷ്ട കമിതാവിനെ സ്മരിക്കൂ   
ഇജ്ജന്മമിനി സന്ധിയസാദ്ധ്യം  
മുജ്ജന്മ കർമ്മ ഫലമാകാം. 

ഇനി  കരണീയമൊന്നു  മാത്രം
നിനക്കനിലാലിംഗനം ലഭിക്കേ
ചുടുചുംബനം തിരികെ നൽകീ-  ട്ടുഡുരാജന്ന് കൊടുത്തയയ്ക്കത് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ