2021 മാർച്ച് 31, ബുധനാഴ്‌ച


12    പഞ്ചഭൂതങ്ങളും പരിവാരങ്ങളും 

എന്നസ്ഥി മുഴുവനും വെടിവച്ചു പൊട്ടിച്ച്
എൻ രക്തധമനികൾ ചൂടുപിടിപ്പിച്ച്
എൻ ദേഹമാകവേ കീറിമുറിച്ചിട്ടു
എന്നെ ഉരുൾപൊട്ടും ഭൂതമാക്കുന്നവൻ

പ്രകൃതിയെ സ്നേഹിക്കാനറിയില്ലവന്ന് 
പ്രകൃതി നശിപ്പിക്കലവന് വിനോദം
വനവും വെളുപ്പിച്ച് നദികൾ തോടാക്കി 
വയലാകെ നികത്തീട്ട് വികൃതമാക്കി 

വിളവു  കൂട്ടാനുള്ള മോഹമേറീട്ടവൻ
വളമെന്ന് കരുതി തളിക്കുന്നത് വിഷം    
അതു വീണിട്ടെൻ തനു ചുട്ടുപൊള്ളീടുന്നു
അർബുദ രോഗിയാകുന്നവനും ഞാനും
        
പുക വമിച്ചീടും തൊഴിൽശാലകളേറെ  
പുകതുപ്പിയോടുന്ന ശകടങ്ങളേറെ
സിമന്റിൽ പൊതിഞ്ഞെന്റെ ദേഹം മറച്ചിട്ട് 
വിമ്മിട്ടത്താലെൻറെ കണ്ണു മിഴിക്കുന്നു

ചൂടേറ്റിട്ടെന്നുള്ളം വീർപ്പു മുട്ടീടുന്നു    
ചൂടകറ്റാൻ വെണ്ട ജലമെനിക്കില്ലിന്ന് 
വിലപിക്കുക മാത്രമേ വഴിയുള്ളെനിക്ക്  
വിലപിച്ചിടട്ടെ  ഞാൻ കണ്ണീരൊഴുക്കാതെ

മന്വന്തരങ്ങളായ് ഞാനായി  നേടിയത് 
മക്കളിൽ കേമനാം മനുജന്റെ നന്മയ്ക്ക് 
മർത്യനോ മനം മാറി, അഹങ്കാരിയായി 
മനുഷ്യത്വമേലാത്ത മൃഗം പോലെയിന്ന്    

കഴിവുറ്റ ബുദ്ധി വഴിവിട്ടു  പ്രയോഗിച്ച്
കുഴി കുഴിച്ചിട്ടതിൽ വീഴും മനുജനെ      
കണ്ടിട്ടു സഹതപിച്ചീടുന്നു ഞാനിന്നു   
കേഴുന്നീ വസുമതി, മർത്യനെയോർത്ത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ