2021 മാർച്ച് 4, വ്യാഴാഴ്‌ച

യാത്രാവിവരണം

യാത്രാവിവരണം

ദണ്ഡകാരണ്യത്തിലെ കുറേ ദിവസങ്ങൾ

1. ദണ്ഡകാരണ്യത്തിലേയ്ക്ക്.
 
SSLC കഴിഞ്ഞ് ടൈപ്പും ഷോർട്ടുഹാൻഡും പരീക്ഷകൾ പാസ്സായിക്കഴിഞ്ഞ് അച്ഛനെ കൃഷികാര്യങ്ങളിൽ സഹായിച്ചുനിൽക്കുമ്പോഴാണ് അന്നത്തെ (1963) മദ്ധ്യപ്രദേശിലെ ബസ്തർ ജില്ലയിലുള്ള ദണ്ഡകാരണ്യ പ്രോജെക്ടിൽ ജോലിയിലിരുന്ന അളിയൻ, ഞാൻ അവിടെയെത്തിയാൽ, ഒരു ജോലി എനിക്ക് കിട്ടുവാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിച്ചെഴുതിയത്.  പിന്നെ താമസിച്ചില്ല,  അവിടേയ്ക്ക് യാത്രയായി.  ഒരു ജോലി കിട്ടുമെന്നതിനുമപ്പുറം പുതിയ സ്ഥലങ്ങളും ആളുകളെയും  കാണുവാനും അനുഭവങ്ങൾ നേടുവാനും കഴിയുമെന്ന കാര്യം എന്റെ മനസ്സിൽ ആകാംക്ഷയും ഒപ്പം പ്രതീക്ഷയും വളർത്തിക്കൊണ്ടേയിരുന്നു. 

അളിയൻ നാഗ്പ്പൂരിൽ കാത്തു നിന്നിരുന്നു.  അവിടെ നിന്നും റയിപ്പൂർ വഴി ദുർഗ്ഗിൽ എത്തി അവിടെ ഭിലായി സ്റ്റീൽ പ്ലാന്റിൽ ജോലിചെയ്തിരുന്ന അളിയന്റെ ബന്ധുവീട്ടിൽ തങ്ങിയിട്ട് പിറ്റേ ദിവസ്സം വെളുപ്പിന് കാൻകേറിലേയ്ക്ക്  ബസ്സ് കയറി.  ഇടതൂർന്ന വനങ്ങളും മലകളും ചുരങ്ങളും കൊക്കകളും കടന്നുള്ള ആദ്യ യാത്ര.  ഉയരങ്ങളിലേയ്ക്ക് കയറുംതോറും  തണുപ്പിന്റെ കാഠിന്യം ഏറിയേറി വിറയലനുഭവപ്പെടുകയായി .  കാൻകേറിലിറങ്ങി ജഗദൽപ്പൂരിലേയ്ക്കുള്ള ബസ്സിൽ കയറി  രാത്രി വളരെയിരുട്ടി അളിയന്റെ താമസസ്ഥലമായ ബോർഗാവിലെത്തി. ഒരുദിവസം അവിടെ തങ്ങിയിട്ട് ബസ്തർ ജില്ലയുടെ ആസ്ഥാനമായ ജഗദൽപ്പൂരിലേയ്ക്ക്. 

നാലുമണിയോടെ ജഗദൽപ്പൂരിൽ ബസ്സിറങ്ങി,  ഒരു സൈക്കിൾ റിക്ഷ പിടിച്ച്,  ഞങ്ങൾ മാധവൻ നായരുടെ തയ്യൽക്കടയിലെത്തി.   രണ്ടായി പകുത്തു ചീകിവച്ച മുടി,  കൊമ്പൻ മീശ,  എപ്പോഴും ചിരിഭാവത്തിലുള്ള മുഖം, 40 - 45 വയസ്സ് പ്രായം -  അതാണ് മാധവൻ നായർ.  പാറശാലക്കാരൻ.  പരിചയപ്പെടുത്തലിനു ശേഷം അളിയൻ  പറഞ്ഞു :  "നാളെത്തന്നെ ഇവന്റെ പേര് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം;  അത്  കഴിഞ്ഞു ഞാൻ തിരികെപ്പോകും.  ഇവനിവിടെ നിൽക്കട്ടെ. ശശിയുമുണ്ടല്ലോ.   മലബാർ ഹോട്ടലീന്ന്  ആഹാരം കഴിച്ചോളും."  മാധവൻ നായർക്കും സമ്മതം.
ആറു മണിയായപ്പോൾ ഓഫീസു വിട്ട്  നാലഞ്ചു മലയാളികൾ കടയിലെത്തി.   മാധവൻ നായർ അവരെയും എന്നെയും അന്യോന്യം പരിചയപ്പെടുത്തി.   കളക്ടറേറ്റിൽ  ജോലി ചെയ്യുന്ന പുരുഷോത്തമൻ,  DNK  (ദണ്ഡകാരണ്യ) പ്രോജക്ടിന്റെ FA ഓഫീസിൽ ജോലിയുള്ള KG നായർ,  പിന്നെ PWD യിലുള്ള മൂന്നു നാലു പേരും.   എല്ലാവരും അവിവാഹിതർ.  വാചകമടിയും ഹോട്ടൽ ഭക്ഷണവും കഴിഞ്ഞേ ഇനി അവർ താമസസ്ഥലങ്ങളിലേയ്ക്കുള്ളു.

ജോലി സാധ്യതകളെപ്പറ്റി K G.  നായർ ഒരു വിവരണം തന്നു.    "State Govt. ഓഫീസുകളിൽ ധാരാളം വേക്കന്സികളുണ്ട്.  അവിടെ ജോലി ചെയ്തിരുന്ന മലയാളികളെല്ലാം Dnk പ്രോജെക്ടിലും ബൈലാഡിലാ പ്രോജെക്ടിലും പോയി.   അതുകൊണ്ട് ഇപ്പോൾ അഞ്ചു വർഷത്തെ ബോണ്ട് വാങ്ങിയിട്ടേ നിയമനം നടത്തൂ.   
"ദണ്ഡകാരണ്യ പ്രൊജക്റ്റ്  എന്താണ് ചെയ്യുന്നത് ?"  ഞാൻ നായരോടു ചോദിച്ചു.   

"ഇന്ത്യാ പാകിസ്ഥാൻ വിഭജന സമയത്തു് കിഴക്കൻ പാകിസ്ഥാനിൽ നിന്നും ഇവിടെയെത്തിയ അഭയാർഥികളെ  കുടിയേറ്റി പാർപ്പിക്കാനുള്ള, കേന്ദ്ര സർക്കാരിന്റെ  പദ്ധതിയാണ്.  ഈ ബസ്തർ ഡിസ്ട്രിക്ട് കേരളത്തിനേക്കാൾ വലുതാണ്.  മുക്കാൽ ഭാഗവും വനവും.   അതുപോലെ തന്നെ ഇതിനോട് ചേർന്നു കിടക്കുന്ന ഒറീസ്സയുടെ കൊരാപ്പുട്ടിലും ഏറിയ ഭാഗവും വനമാണ്.  ഈ  രണ്ടു ഡിസ്ട്രിക്ടിലുമുള്ള വനങ്ങൾക്കു പൊതുവെയുള്ള പേരാണ് "ദണ്ഡകാരണ്യ". രാമായണത്തിൽ
പറഞ്ഞിരിക്കുന്ന, ശ്രീരാമൻ  വനവാസത്തിനായി തെരഞ്ഞെടുത്ത, അതേ ദണ്ഡകാരണ്യം.    അതുകൊണ്ടുതന്നെയാണ്  ഈ  പ്രൊജെക്ടിനും  ആ പേര്  കൊടുത്തത്. ഈ വനങ്ങൾ വെട്ടിത്തെളിച്ചു കൃഷിയോഗ്യമാക്കി വീട് വച്ച്  ഓരോ കുടുംബത്തിനും അഞ്ചേക്കറും, ഒപ്പം വിത്തുകളും ഓരോ ജോഡി കാളയേയോ പോത്തിനേയോ സൗജന്യമായി കൊടുക്കും.  പക്ഷേ,  പറഞ്ഞിട്ടെന്താ ഫലം;  എല്ലാം കിട്ടിക്കഴിയുമ്പോൾ കൃഷിയൊന്നും ചെയ്യാതെ അവന്മാർ വിത്തും തിന്ന്‌ കാളയേയും വിറ്റിട്ട് ഒരു സുപ്രഭാതത്തിൽ തെണ്ടാനായി  കൽക്കട്ടായിലേയ്ക്ക്  കെട്ടുകെട്ടും.   സർക്കാർ പിന്നെയും അവന്മാരെ പിടിച്ചു കൊണ്ട് വരും.   അല്ലെങ്കിൽ അവന്മാർ കൽക്കട്ടാ നഗരം കുട്ടിച്ചോറാക്കും.   വലിയ പ്രൊജക്റ്റ് ആണ്. ഒരു സർക്കാരിൻ്റെ  കീഴിൽ പ്രവർത്തിക്കേണ്ട എല്ലാ വിഭാഗങ്ങളും ഈ  പ്രോജെക്ടിനുണ്ട്." നായർ പറഞ്ഞു നിറുത്തി.

പിറ്റേ ദിവസം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തു.
താമസ്സിക്കുന്നിടത്ത്  കക്കൂസോ കുളിമുറിയോ ഇല്ല.  നല്ല തണുപ്പ് തുടങ്ങിക്കഴിഞ്ഞു. 
ഞാനും ശശിയും പിറ്റേ  ദിവസ്സം അതിരാവിലെ  ബ്രഷും പേസ്റ്റും എടുത്ത്,  കുളിക്കും പ്രഭാത കൃത്യങ്ങൾക്കുമായി ഒരു മൈലോളം അകലെയുള്ള 'ഗംഗാമുണ്ടാ താലാബി' (തടാകം) ലേക്കു പോയി.  തിരകളടിക്കുന്ന, വലിപ്പത്തിൽ  കടലുപോലെ തോന്നിക്കുന്ന,  വളരെ ആഴമുള്ള  ഒരു വെള്ളക്കെട്ട്.   ചുറ്റും 'കക്കൂസായി' കുറ്റിക്കാടുകൾ.

ബസ്തർ മഹാരാജാവിന്റെ കൊട്ടാരം തയ്യൽക്കടയിൽ നിന്നും വെറും രണ്ടു ഫർലോങ്  മാത്രം അകലെയായിരുന്നു.   ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞപ്പോൾ, 1948 ൽ, മറ്റു നാട്ടു രാജ്യങ്ങൾക്കൊപ്പം, ബസ്തറിനെ മദ്ധ്യപ്രദേശിൽ  ഉൾപ്പെടുത്തി, ഇന്ത്യാമഹാരാജ്യത്തിന്റ ഭാഗമാക്കപ്പെട്ടു. രാജ്യം നഷ്ടപ്പെട്ട രാജാക്കന്മാർക്ക് 'പ്രിവി പേഴ്സ്' നൽകി 'ഒതുക്കി' യെങ്കിലും,  അതിനൊന്നും വശംവദനാകാതെ,  തന്റെ പ്രിയപ്പെട്ട ജനങ്ങളായ, തന്നെ കാണപ്പെട്ട ദൈവമായി കരുതുന്ന,  ആദിവാസികളുടെ പൂർണ പിന്തുണയോടെ, സ്വയം ബസ്തർ 'മഹാരാജാ' വായി തുടരുകയാണ് അപ്പോഴത്തെ രാജാവ് പ്രവീൺ ചന്ദ്ര ഭജ്‌ ദേവ്.  ഒരു മലയാളിയാണ് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രെട്ടറി. ഞാൻ പകലൊക്കെ ജഗദൽപ്പൂർ സിറ്റിയിലും കൊട്ടാരത്തിലെ ഗാലറിയിലും മറ്റും ചുറ്റിത്തിരിഞ്ഞ്  സമയം ചെലവാക്കും.  
ജീവിതത്തിൽ ആദ്യമായി  ജോലിയൊന്നും ചെയ്യാതെ,  ശരീരമനങ്ങാതെ, ഇരിക്കേണ്ട അവസ്ഥയായി.  തണുപ്പ് കൂടുതലായതിനാൽ രാവിലെ കുളിക്കാതെ നല്ല വെയിലായാൽ ഗംഗാമുണ്ടയിൽ പോയി കുറെ ഏറെ നേരം നീന്തിത്തുടിയ്ക്കും.   ചില പതിവു നീന്തുകാർ അക്കരയ്ക്കു നീന്തിപ്പോകുന്നത് കണ്ട് ഒരിക്കൽ ഞാനും ഒരു പരീക്ഷണം നടത്തിനോക്കി.  കുറേ ദൂരം ചെന്നപ്പോൾ, ആഴക്കൂടുതലിന്റെ അനുഭവം അറിഞ്ഞു.   തിരകളില്ല, ശാന്തമായ പ്രതലം,  വെള്ളം  ഘനീഭവിച്ചതുപോലെ,  തുഴഞ്ഞിട്ട് നീങ്ങാത്ത പ്രതീതി.  ഭയം അരിച്ചരിച്ചു വന്നിട്ട് കൂടിക്കൂടി വരുന്നതറിഞ്ഞു.  കാര്യം പന്തിയല്ലെന്നുള്ള തോന്നലുണ്ടായപ്പോൾ പെട്ടെന്ന് തിരിഞ്ഞു നീന്തി. നീന്തിയിട്ടും നീന്തിയിട്ടും കരയെത്തുന്നില്ലെന്നു  തോന്നി.  മലർന്നു കിടന്നും തുഴഞ്ഞുനിന്നു ക്ഷീണം അകറ്റി കുറേയധിക സമയമെടുത്ത് അവസാനം കരപറ്റി.  പിന്നീടൊരിക്കലും അധിക  ദൂരം നീന്തുവാൻ ശ്രമിച്ചിട്ടില്ല.

2.  എന്റെ ആദ്യത്തെ ഹോളി ആഘോഷം

മാർച്ച്  മാസമാണ്, ഹോളിയും വന്നു. ആദ്യമായി ഹോളി ആഘോഷിക്കുന്നത് കാണുവാനുള്ള അവസരം. റോഡിലൊക്കെ ആളുകൾ പല നിറത്തിലുള്ള പൊടികൾ അന്യോന്യം മുഖത്തും തലയിലും വാരിപ്പൂശിയും, നിറമുള്ള വെള്ളം നിറച്ച പമ്പ് കൊണ്ട് ചീറ്റി തെറിപ്പിച്ചും ആഹ്‌ളാദ പൂർവ്വം ഹോളി ആഘോഷിക്കുകയാണ്. തയ്യൽക്കട അന്ന് അവധിയാണ്. ഞാനും ശശിയും ജന്നലിൽ കൂടി എല്ലാം നോക്കിക്കാണുകയായിരുന്നു. അപ്പഴതാ നായരും പുരുഷോത്തമനും നാലഞ്ചു മലയാളികളും കൂടി നിറത്തിൽ കുളിച്ച്, കയ്യിൽ പൊടിയും പമ്പുമായി കയറിവരുന്നു. വാതിൽ തുറക്കാതെ മാർഗമില്ല. തുറന്നതും നിറങ്ങൾ കൊണ്ട് ഞങ്ങളെ  കുളിപ്പിച്ചു കഴിഞ്ഞു. തിരികെ ഏതോ സ്നേഹിതന്മാരുടെ അടുത്തേയ്ക്കു പോകുമ്പോൾ അവർ ഞങ്ങളെയും കൂടെക്കൂട്ടി. ഗംഗാമുണ്ടാ റോഡിലെത്തി. ധാരാളം ആദിവാസികൾ, മാറു മറയ്ക്കാത്ത സ്ത്രീകളുൾപ്പെടെ, നടന്നു പോകുന്നുണ്ട്. സ്ഥലത്തെ കുറെ ചെറുപ്പക്കാർ കയ്യിൽ നിറങ്ങളും പമ്പുകളുമായി കറങ്ങി നടക്കുകയും അന്യോന്യവും, വഴിപോക്കരിലും  പ്രയോഗിക്കുന്നുമുണ്ട്. പെട്ടെന്ന് ഒരു കാഴ്ച കാണുവാനിടയായി. ഒരു ചെറുപ്പക്കാരൻ മാറു മറയ്ക്കാത്ത ഒരു ചെറുപ്പക്കാരി ആദിവാസി സ്ത്രീയുടെ തലയിലും മുഖത്തും കരി ഓയിൽ നിറഞ്ഞ കൈകൾ കൊണ്ട് തടവിയിട്ട്, അതിൻ്റെ തുടർച്ചയെന്നവിധനം കൈകൾ പെട്ടെന്ന് താഴേയ്ക്ക് വലിച്ച് അവരുടെ മാറിടങ്ങളിൽ അമർത്തി ഒരു തേപ്പും, പിടിയും. അവൾ പേടിച്ചു വിറച്ച് കൈകളാൽ മാറ് മറച്ചു കൊണ്ട് നടന്നുപോകുന്ന സ്വന്തം ആളുകളുടെ ഇടയിലേക്ക് വലിഞ്ഞു. അവരാരും തന്നെ പ്രതികരിക്കാഞ്ഞതിൽ എനിക്കതിശയം തോന്നി.  ഗോപാലൻ നായർ എന്നോടായി പറഞ്ഞു.  താനതൊന്നും കാര്യമാക്കേണ്ടാ;  അതൊക്കെ ഇവിടെ സർവസാധാരണമാണ്.  

3.  ബസ്തറിലെ (ജഗദൽപ്പൂരിലെ) ഉത്സവത്രയങ്ങൾ 

രഥോത്സവം 

ജൂലൈ മാസത്തിലാണ് ബസ്തറിലെ ആദിവാസികളുടെ, പേരുകേട്ട രഥോത്സവം നടക്കുക.  തങ്ങളുടെ കാണപ്പെട്ട ദൈവമായി കരുതപ്പെടുന്ന ബസ്തർ മഹാരാജാവിനെ  അലങ്കരിച്ച, വലിയ തടിചക്രങ്ങളോട് കൂടിയ രഥത്തിലിരുത്തി, കൊട്ടാരത്തിനു ചറ്റുമുള്ള റോഡിൽക്കൂടിയും, സിറ്റിയിൽക്കൂടിയും ആയിരക്കണക്കിന് ആദിവാസികൾ  വലിച്ചുകൊണ്ടു പോകും.  രഥത്തിൻ്റെ കനത്ത വടത്തിൽ പിടിച്ചു  വലിക്കുവാനോ, കുറഞ്ഞത്, അതിലൊന്ന് തൊടുവാനോ ഉള്ള ആദിവാസിക്കൂട്ടത്തിന്റെ  ആവേശം ഒന്ന് വേറെ തന്നെയാണ്. തിക്കിലും തിരക്കിലും അതിലൊന്ന് തൊടുവാനോ  വലിക്കുവാനോ കഴിഞ്ഞാൽ, തിരക്കിൽ നിന്നും വെളിയിൽ വന്ന് നൃത്തം വച്ചാണ്  അതിൻ്റെ ആഹ്‌ളാദം  പ്രകടിപ്പിക്കുന്നത്. കണ്ടുനിൽക്കുവാൻ വളരെ പുതുമയും ഇമ്പവുമുള്ള കാഴ്ചകളായിരുന്നു അവ.

ഗോൻജാ  ഉത്സവം

രഥോത്സവത്തിനോടനുബന്ധിച്ചുള്ളതാണ് ഗാൻജോത്സവവും.  ഗോജ്ഞാ ഒരുതരം ഉരുണ്ട കായയാണ്. ഒരടിയോളം നീളമുള്ള മുളംകുഴലിന്റെ ഒരറ്റത്തുകൂടി ഞെരുങ്ങിപ്പോകത്തക്ക വിധമുള്ള ഒരു കായ കുത്തിക്കയറ്റി മറു ദ്വാരത്തിനടുത്തു നിറുത്തിയിട്ട് രണ്ടാമതൊരു കായ വീണ്ടും  കുത്തിക്കയറ്റി മറ്റേയറ്റത്തെത്തുമ്പോൾ ആദ്യ കായ ഒരു വെടി  പൊട്ടുന്ന ശബ്ദത്തോടെ തെറിപ്പിച്ചു ആരുടെയെങ്കിലും ശരീരത്തിൽ കൊള്ളിച്ചു രസിക്കുകയെന്നതാണ്  ഈ കളി.  ആയിരക്കണക്കിന് ആദിവാസികൾ ഒരുമിച്ചു അന്യോന്യം വെടിവച്ചു ഉത്സവമാഘോഷിക്കുന്നു.  ഇവിടെയും, ചില സിറ്റി ചെറുപ്പക്കാർ, കൂട്ടത്തിൽ നുഴഞ്ഞു കയറി മാറ് മറയ്ക്കാത്ത ആദിവാസിചെറുപ്പക്കാരികളുടെ മാറിടത്തിലേയ്ക്ക് ഗോജ്ഞാ ലക്‌ഷ്യം വച്ച് രസിച്ചു മുതലെടുക്കുന്നത് കാണാം.

ശ്ശറാ  ഉത്സവം    

ഹോളി ആഘോഷിച്ചത് പോലെ, ആദ്യമായിട്ടാണ്  ശ്ശറാ ഫെസ്റ്റിവലിൽ ഭാഗഭാക്കാകുന്നത്.  വടക്കേ ഇന്ത്യയിലേയും ബംഗാളിലേയും പോലെയല്ല ഇവിടുത്തെ ആഘോഷം.  മറ്റുള്ളിടത്തൊക്കെ, അത് വനവാസവും,  രാവണവധവും കഴിഞ്ഞു അയോദ്ധ്യയിലേയ്ക്ക് മടങ്ങുന്ന രാമനെ വരവേൽക്കുന്ന ആഘോഷമാണ്.  രാമൻ്റെ വനവാസം ദണ്ഡകാരണ്യത്തിലായിരുന്നെങ്കിലും, ഇവിടുത്തെ ആഘോഷത്തിന് അതുമായി യാതൊരു ബന്ധവുമില്ല.  ബസ്തർ രാജ കുടുംബ ദേവതയായ ദാന്തേശ്വരീ ദേവിയുടെയും സഹോദരിമാരുടേയും ഒത്തുചേരൽ ആഘോഷിക്കുന്നതാണ് ഇവിടെ  ശ്രാവണ മാസത്തിലെ കറുത്ത വാവുമുതൽ 75  ദിവസം ആഘോഷിക്കുന്ന  ദശ്ശറാ.   രാജാവ് ഭരണാകാര്യങ്ങളിൽനിന്നും പത്തു ദിവസത്തേയ്ക്ക് തീർത്തും വിമുക്തനായി, ദാന്തേശ്വരീ ദേവിയുടേ പ്രധാന പുരോഹിതനായി ദേവിയെ ധ്യാനിച്ച് കഴിയും. അതോടൊപ്പം, ദേവിയുടെ ബാധ ആവേശിക്കപ്പെട്ട ഒരു കർമ്മി വഴി രാജ്യത്തിൻ്റെ അവസ്ഥാവിശേഷങ്ങളേപ്പറ്റി ആരായുകയും ചെയ്യും.  ദേവിയെ എഴുന്നെള്ളിച്ചുകൊണ്ടുള്ള രഥയാത്രയുമുണ്ട്.  രഥത്തിൻ്റെ  ഓരോ ഭാഗവുമുണ്ടാക്കുന്നതിനുള്ള നിയോഗം ഓരോ ഗോത്രത്തിനുള്ളതാണ്.  രഥം രാജവീഥികളിൽക്കൂടി വലിച്ചുകൊണ്ടു പോകുന്നതിനുള്ള നിയോഗം മറ്റൊരു  ഗോത്രത്തിനും! ഇതും
വളരെ പുതുമയുള്ള കാഴ്ചയായിരുന്നു.

4. ഒറീസ്സയിലെ കൊരാപ്പുട്ടിലേയ്ക്ക്.

താമസിയാതെ ദണ്ഡകാരണ്യ പ്രോജെക്ട്ടിൽ എനിക്ക് ജോലി കിട്ടുകയും ഒറീസ്സയിൽ  കൊരാ പ്പുട്ടിലുള്ള ഓഫിസ്സിലേയ്ക്ക് പോസ്റ്റിങ്ങ്‌ ആകുകയും ചെയ്തു. ബസ്തറിനെപ്പോലെതന്നെ, കോരാപ്പുട്ടും   ഒരു പിന്നോക്ക ജില്ലയും ആദിവാസി കേന്ദ്രവുമാണ്.   സമുദ്ര നിരപ്പിൽനിന്നും വളരെ  ഉയരത്തിൽ, വലിയ വലിയ മൊട്ടക്കുന്നുകളാലും മലയിടുക്കുകളാലും ചുരങ്ങളാലും ചുറ്റപ്പെട്ട സ്ഥലം.  ജില്ലാ തലസ്ഥാനമാണെങ്കിലും  വളരെ ചെറിയ ഒരു സിറ്റിയെന്നു പോലും പറയാനാകാത്തത്ര ചെറിയ സ്ഥലം.  ഒരു ചെറിയ കളക്ടറേറ്റും, ജില്ലാ ആശുപത്രിയും ഒരു
പോലീസ്  സ്റ്റേഷനും ഒരു
ഫോറെസ്റ്റ്  ഡിവിഷൻ ഓഫീസും, പ്രോജക്ടിൻ്റെ  അഞ്ചാറ് ഓഫീസുകളും ഒരു സ്കൂളും കഴിഞ്ഞാൽ പത്തോ ഇരുപത്തഞ്ചോ കടകൾ മാത്രം.  സാംസ്കാരികമായ ഉന്നമനമുള്ള സ്ഥിരം സ്ഥലവാസികൾ തുലോം കുറവ്.  ഒരു സിനിമാക്കൊട്ടക പോലുമില്ലെന്ന് വരുമ്പോൾ കൂടുതൽ വിവരിക്കേണ്ടതില്ലല്ലോ! പിന്നെ കാര്യമായുള്ളതു അവിടെ നിന്നും 8 കിലോമീറ്റർ അകലെ അധികം ആൾതാമസമില്ലാത്ത സുനബേഡാ  എന്ന സ്ഥലത്തുള്ള ചെറിയ ഒരു ആർമി ക്യാമ്പും അവിടെ നിന്നുംഅധികം ദൂരെയല്ലാതെ, മലയിടുക്കുകൾക്കുള്ളിലുള്ള HAL  മിഗ് ഫാക്ടറിയുമാണ്.   ജില്ലയിലെ പ്രധാന സിറ്റി കൊരാപ്പൂട്ടിൽനിന്നും  പടിഞ്ഞാറായി, 15  കിലോമീറ്റർ അകലെയുള്ള, ജയപ്പൂർ ആണ്. അങ്ങോട്ടുള്ള വഴി മൊത്തവും  ഇറക്കവും ചുരങ്ങളും  ഭയാനകമായ കൊക്കകളുമാണ്. കിഴക്ക്‌, ആന്ധ്രാ പ്രദേശിലെ, നൂറിലധികം കിലോമീറ്റർ ദൂരമുള്ള, വിജയനഗരത്തിലേക്കുള്ള വഴിയും മുക്കാൽ ഭാഗവും കൊടിയ ഇറക്കവും ചുരങ്ങളും കൊക്കകളും നിറഞ്ഞതാണ്.  കൊരാപുട്ടിനുള്ള ഒരേ ഒരു പ്രത്യേകത, ഒരു പഴമ,  അവിടുത്തെ സ്റ്റേറ്റ് ഓഫീസുകളിൽ നിന്നും പോലീസ് സ്റ്റേഷനിൽ നിന്നും അടുത്ത ജില്ലകളിലേക്കും മാറ്റും ഉള്ള കത്തുകൾ എത്തിക്കുന്നത് നല്ല പരിശീലനം കൊടുത്തു   പോലീസ് സ്റ്റേഷനിൽ വളർത്തുന്ന പ്രാവുകൾ വഴിയായിരുന്നു.  കത്തുകൾ ചെറുതായി മടക്കി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു അവയുടെ കാലിൽ കെട്ടിവച്ചു അവ എവിടേയ്‌ക്കെന്നു സിഗ്നൽ നൽകിയാൽ  അവ ലക്‌ഷ്യം തെറ്റാതെ എത്തിച്ചിട്ട്, മറുഭാഗത്തുനിന്നുള്ള കാത്തുകളുമായി  തിരികെ അവിടെത്തന്നെയെത്തിയിരിക്കും. പോസ്റ്റൽ സർവീസിനേക്കാൾ വേഗതയും കാര്യക്ഷമതയുമുള്ള സർവീസ്!!! (ഇന്നും ആ സിസ്റ്റം തുടരുന്നുണ്ടെന്നാണറിവ്).  അന്ന്, ബസ്തറിൽ പുതുതായി  തുടങ്ങിയ  ബൈലാഡിലാ ഇരുമ്പയിര് ഖനിയിൽ നിന്നും ജഗദൽപ്പൂർ, ജയപ്പൂർ, കൊരാപ്പൂട്ടു, ബോലാങ്ങിർ വഴി ആന്ധ്രയിലെ വിജയനഗരത്തിലേയ്ക്ക്  ഇരുമ്പ് അയിര് കൊണ്ടുപോകുവാനായി DBK (Dandakaaranya-Bolangir-Kiribiru) എന്ന റെയിൽവേ പ്രോജക്ടിൻ്റെ  പണി നടന്നുകൊണ്ടിരിക്കുകയാണ്.  അതിൻ്റെ  പണി പൂർത്തിയായി പാസ്സഞ്ചർ  ട്രെയിൻ സർവിസും തുടങ്ങിയാൽ കോരപ്പുട്ടിനു അല്പം വികസനമുണ്ടാകുമെന്നാണ് പ്രതീക്ഷ. 

4.  ഒരു മഹാരാജാവിന്റെ ദാരുണമായ നാടുനീങ്ങൽ
 
1966 മാർച്ച് 25.  DNK പ്രോജക്ടിന്റെ ജഗദൽപ്പൂർ ഓഫീസ് പര്യടത്തിനായി എന്റെ ബോസ്സും  ഞാനും അന്ന് രാവിലെ അവിടേയ്ക്ക് യാത്ര തിരിച്ചു.  സിറ്റിയ്ക്കും മൂന്നു കിലോമീറ്ററോളം അകലെയെത്തിയപ്പോഴേ കണ്ടൂ , വളരെയധികം ആദിവാസികൾ വരിവരിയായും കൂട്ടംകൂട്ടമായും സിറ്റിയിലേക്ക് നടന്നു  പോകുന്നു.  സിറ്റി അടുക്കുംതോറും അതൊരു ഒഴുക്കുപോലെയായി; ദൂരെയുള്ള പല പല ഗ്രാമങ്ങളിൽ നിന്നും വരുന്നവർ പ്രധാന റോഡിലെത്തി, ആൾക്കൂട്ടത്തിൽ ലയിച്ച് മുന്നോട്ടു പോകുകയാണ്.  എല്ലാവരുടേയും തോളിൽ മുളംകമ്പിൻ്റെ  രണ്ടു ആഗ്രത്തും  തൂക്കിയിട്ടിരിക്കുന്ന,  താളാല്മകമായി പൊങ്ങിയും താണും  ആടുന്ന, ഭാണ്ഡക്കെട്ടുകളുമുണ്ട്.  ആണുങ്ങളുടെ പുറത്തേയ്ക്ക്  വില്ലും, ആവനാഴിയിൽ,   വിഷം പുരട്ടിയ അമ്പും, തൂക്കിയിട്ടിരിക്കുന്നു.  നിശ്ശബ്ദമായാണ് നടപ്പ്.   അതിമനോഹരമായ കാഴ്ച; വളരെ ദൂരെവരെ ഘനീഭവിച്ച ഒരന്തരീക്ഷം പോലെ!  എന്തോ കാര്യമായിട്ട്  സംഭവിക്കുവാൻ പോകുന്നതിൻ്റെ പ്രതീതി!  ആ കാഴ്ചയുടേയും   നടപ്പിൻ്റെയും അവസാനം,  അതൊരു വലിയ ദുരന്തത്തിലവസാനിക്കുമെന്ന് അവരോ ഞങ്ങളോഅറിഞ്ഞിരുന്നില്ല.

സിറ്റിയിൽ പ്രവേശിച്ചപ്പോഴേയ്ക്കും അതൊരു ആദിവാസ്സി സമുദ്രമായിക്കഴിഞ്ഞിരുന്നു.  വളരെ ബുദ്ധിമുട്ടി ഡ്രൈവർ വണ്ടി മുന്നോട്ടെടുത്തു് ഓഫീസിലെത്തിച്ചു.  ഓഫീസ് കോംപ്ലക്സ് , കൊട്ടാരവളപ്പിനു പിറകിലെ റോഡിനപ്പുറം, കൊട്ടാരത്തിന്റ തന്നെ ഭാഗമായിരുന്ന  ഒരു ചെറിയ ഇരുനിലക്കെട്ടിടവും, അരമതിലും പനമ്പ് ഭിത്തിയും ആസ്ബസ്റ്റോസ് മേൽക്കൂരയുമുള്ള നാലഞ്ച് ബ്ലോക്കുകളും ഉൾപ്പെട്ടത്.  കൊട്ടാരം വക ആ  കെട്ടിടത്തിൻ്റെ ബാൽക്കണിയിൽ
നിന്നാൽ മതിലിനു മുകളിൽക്കൂടി  കൊട്ടാരവും വളപ്പും നല്ലപോലെ കാണാം.  ഞങ്ങൾ ഗേറ്റ് കടന്നപ്പോൾത്തന്നെ, ബാൽക്കണിയിൽ നിന്നുകൊണ്ട്  സ്റ്റാഫിൽ ചിലർ കൊട്ടാരത്തിലേക്ക്  ഉറ്റു നോക്കിക്കൊണ്ടു നിൽക്കുന്നത് കാണുകയുണ്ടായി.  പിറകേ, അഡ്മിനിസ്ട്രേറ്റീവ്ഓഫീസർ 
മുഖർജി  ബോസ്സിനോട് വിശദീകരിച്ചു:  "പ്രവീർ  ചന്ദ്ര മഹാരാജാവ് ആദിവ്യവാസി പ്രജകളെയെല്ലാം കൊട്ടാരവളപ്പിലേയ്ക്ക് വിളിച്ചിരിക്കുകയാണ്.  അദ്ദേഹം മദ്ധ്യപ്രദേശ് വിധാൻ  സഭാ മെമ്പർ കൂടിയാണ്.  ആദിവാസികൾക്ക് വേണ്ടി അദ്ദേഹം സർക്കാരിനോട് മല്ലിടുകയാണ്. അതിനായുള്ള ശക്തിപ്രകടനമാണിത്.  അവരുടെ ആവശ്യം,   അവരുടെ സ്വാതന്ത്ര്യത്തിലും, സ്വത്തിലും, പ്രകൃതി സമ്പത്തിലും സർക്കാരും രാഷ്ട്രീയക്കാരും കൈകടത്തുന്നതു നിറുത്തണം.  രണ്ടുമൂന്നു ദിവസങ്ങളായി വളരെ ദൂരെ നിന്നും ആദിവാസികൾ കൊട്ടാരത്തിലേക്കൊഴുകുകയാണ്.  കൊട്ടാരവളപ്പ്‌ മുഴുവൻ അവർ നിറഞ്ഞിരിക്കുകയാണ്; ആഹാരമുണ്ടാക്കി തിന്നും കുടിച്ചും കഴിയുകയാണ്.  കൊട്ടാര മതിലിനു  വെളിയിലായി പൊലീസിൻ്റെ അനേകം ബറ്റാലിയനുകൾ വളഞ്ഞിരിക്കുകയാണ്.  എന്തും സംഭവിക്കാം.  അത്യാവശ്യ ജോലികൾ പെട്ടന്ന് ചെയ്തു തീർത്തിട്ട് സാറ് മടങ്ങുന്നതായിരിക്കും നല്ലതെന്നെനിക്കു തോന്നുന്നു.", അദ്ദേഹം  പറഞ്ഞു നിറുത്തി.

ബോസ്സ്   പെട്ടെന്നുതന്നെ ഓഫീസർമാരുടെ  മീറ്റിംഗ്  വി ളിച്ചു കൂട്ടി.  അല്പം കഴിഞ്ഞപ്പോൾ വെളിയിൽ ഒരു വെടി  ശബ്ദം കേട്ടു . ക്രമേണ വെടികളുടെ എണ്ണം കൂടിക്കൂടി വന്ന് , പടപടാ   വെടികൾ!   മുഖർജി  സാർ ഉടനെ വാച്ചറെ വിളിച്ചു മുന്നിലേയും  പിന്നിലേയും ഗേറ്റുകൾ പൂട്ടുവാനും    ആരും അകത്തേക്കും പുറത്തേയ്ക്കും കടക്കാതെ നോക്കണമെന്നും പറഞ്ഞു.  ഞാൻ പതുക്കെ ബാൽക്കണിയിലേയ്ക്ക് കയറിച്ചെന്നു. ആരോ പറയുന്നത് കേട്ടു:  "വളപ്പിലെ മരത്തില് മറഞ്ഞിരുന്ന്‌ ഒരുത്തൻ വെളിയിൽ നിൽക്കുന്ന പോലീസുകാർക്ക് നേരേ അമ്പെയ്തു ; വിഷം പുരട്ടിയിട്ടുണ്ടാകും, കൊണ്ടാൽ ആള് തുലഞ്ഞത് തന്നെ.  നോക്കിയപ്പോൾ, പല മരങ്ങളിലും അവരിരിക്കുന്നു.ഇടയ്ക്കിടയ്ക്ക് വെളിയിലേക്കു അമ്പ് തൊടുത്തു വിടുന്നു.  പോലീസ് തിരിച്ച് വെടി വയ്ക്കുന്നുമുണ്ട്.  പെട്ടെന്ന്, മുറിയിൽ നിന്നും അക്കൗണ്ട്സ് ഓഫീസർ കൃഷ്ണൻ സാറ് ബാൽക്കണിയിൽ നിന്ന് എല്ലാവരോടും പറഞ്ഞു:  "ഇവിടെ നിൽക്കുന്നതബദ്ധമാണ്; അമ്പോ വെടിയുണ്ടായോ ലക്‌ഷ്യം തെറ്റി വന്നെന്നിരിക്കും.  എല്ലാവരും താഴേയ്ക്ക് പോകൂ.."  എല്ലാവരും താഴേയ്ക്ക് പോയി. വെടി  തകർക്കുവാൻ തുടങ്ങിയിരുന്നു.  പെട്ടെന്ന് കാവൽക്കാരൻ ഓടി വന്നു മുഖർജിയോടായി പറഞ്ഞു:  "S.P. സാറ് ഗേറ്റിനുവെളിയിൽ വന്ന്, അത്യാവശ്യമായി ബോസ്സിനെ  കാണണമെന്നും  അദ്ദേഹത്തെ
പരിചയമുണ്ടെന്നും പറയുന്നു."
"അദ്ദേഹത്തെ മാത്രം അകത്തു കടത്തിയിട്ട്  ഗേറ്റ് പൂട്ടിയേക്ക്",
ബോസ്സ്   പറഞ്ഞു. SP  ധൃതിയിൽ അകത്തു വന്ന്
ബോസ്സിനെ  അഭിവാദ്യം  ചെയ്തിട്ട്  പറഞ്ഞു:  "ഒരു പോലീസുകാരൻ്റെ  കഴുത്തിൽ  അമ്പ് തറച്ചിരിക്കുകയാണ്, അയാളെ പെട്ടെന്നുതന്നെ ജില്ലാ ആശുപത്രിയിലെത്തിക്കണം.  സാറിൻ്റെ കാറൊന്ന്  വിട്ടു തരണം.  പോലീസ് വാഹനം വഴിയിൽ കണ്ടാൽ ആദിവാസികൾ വളഞ്ഞു കുഴപ്പമുണ്ടാക്കും."
ബോസ്സ് കൂടുതലൊന്നുമാലോചിച്ചില്ല; പരിചയക്കാരനാണ് SP.  കാര്യം ഗൗരവമുള്ളതും.  അദ്ദേഹം ഉടനെ തൻ്റെ  ഡ്രൈവർ ബച്ചൻസിങ്ങിനെ വിളിപ്പിച്ച്  SP സാറിനൊപ്പം ചെല്ലുവാനും ശ്രദ്ധിച്ചു പോകണമെന്നും  പറഞ്ഞു. "  ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഡ്രൈവർ തിരികെയെത്തിയിട്ട് പറഞ്ഞു:  "വഴിയിൽ ആദിവാസികൾ തടസ്സമുണ്ടാക്കിയെങ്കിലും, നിറുത്താതെ വേഗത്തിലോടിച്ചു പോകുകയാണ് ചെയ്തത്."  കാറിൻ്റെ  സീറ്റിലുണ്ടായിരുന്ന രക്തം അയാൾ കഴുകിക്കളഞ്ഞു.  ഉച്ചയ്ക്ക് കൻറ്റീനിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണം കഴിച്ച് അല്പം കഴിഞ്ഞ്
രണ്ടുനിലക്കെട്ടിടത്തിൽ നിന്നും ഒരു സൂപ്രണ്ട് ധൃതിയിൽ വന്ന് 
മുഖർജിയോടും ബോസ്സിനോടുമായി  പറഞ്ഞു:
"രാജാവിനു   വെടി   കൊണ്ടിരിക്കുന്നു.       ബഹളം കേട്ട്, ഞങ്ങൾ ജനാലയിൽ കൂടി നോക്കുകയായിരുന്നു.  പോലീസ് കുറെ ആദിവാസികളെ വെടി  വച്ചു വീഴ്ത്തുന്നത് കണ്ടപ്പോൾ രാജാവ് ബാൽക്കണിയിൽ വന്ന് വെള്ളക്കൊടി പോലീസിന് നേരേ വീശിക്കൊണ്ടിരുന്നു.  കീഴടങ്ങുകയാണെന്നും, വെടി  നിറുത്തണമെന്നും അഭ്യർത്ഥിക്കുന്നതുപോലെ തോന്നി.  പക്ഷെ, നിമിഷങ്ങൾക്കകം അദ്ദേഹം വെടി കൊണ്ട് വീഴുകയാണുണ്ടായത്.  വീണിട്ടും അവർ വെടി തുടരുകയാണ്".  


മുഖർജി ബോസ്സിനോടായി പറഞ്ഞു:  :"സാർ, ഇനി ഇവിടെ തുടരുന്നത് പന്തിയല്ല.  പിറകിലത്തെ ഗേറ്റു വഴിയിറങ്ങിയാൽ ധരംതലാ താലാബിൻ്റെ  ബണ്ടിൽക്കൂടി നാലഞ്ചു കിലോമീറ്റർ  ചുറ്റിക്കറങ്ങി പോയാൽ ജെയപ്പൂർ റോഡിലെത്താം, റിസ്‌ക്കുണ്ടാവില്ല."
"എന്നാൽ അങ്ങിനെയാകട്ടെ", ബോസ്സ്  .പോകാനായി എഴുന്നേറ്റു. ഞങ്ങൾ താടാകബണ്ടുവഴി പോകുമ്പോൾ ആ വിശാലമായ താടാകത്തിന്റെ ഒത്ത നടുക്കുള്ള,  താടാകത്തിൽ നിന്നുള്ള കുളിർമ്മയുള്ള കാറ്റും കൊണ്ടുള്ള രാജാവിന്റെ വിശ്രമത്തിനുള്ള  ചെറിയ രമ്യഹർമ്മം ഒരു പ്രേതബാധിത കെട്ടിടം പോലെ ഒഴിഞ്ഞു കിടക്കുന്നത് കാണുകയുണ്ടായി.  കൊട്ടാരത്തിൽ നിന്നും ഒരു രഹസ്യ തുരങ്കം വഴിയാണ് രാജാവ് അവിടേയ്‌ക്കെത്തുകയെന്നാണ്
പറഞ്ഞു കേഴ്‌വി.

പിറ്റേ ദിവസം ദിനപ്പത്രങ്ങളിൽ വിശദ വിവരങ്ങൾ വന്നു.  കീഴടങ്ങുവാൻ തയ്യാറായ രാജാവിനെ, മദ്ധ്യപ്രദേശ് സർക്കാർ മനപ്പൂർവം പോലീസിനെക്കൊണ്ട് അവസാനിപ്പിക്കുകയായിരുന്നെന്നും, നൂറു കണക്കിന് കൊല്ലപ്പെട്ട ആദിവാസികളുടെ ജഡങ്ങൾ ശബരീ നദീതീരത്തെ മണൽ തിട്ടയിൽ കൊണ്ടുപോയി പെട്രോളൊഴിച്ചു എരിച്ചു കളഞ്ഞെന്നും,  അദ്ദേഹം  സർക്കാരിൻ്റെ  കണ്ണിലെ കരടായി മാറിയിരുന്നതിനാൽ, ആദിവാസികൾക്ക് രാജാവിനോടുള്ള  അന്ധമായ         ആരാധനയും വിശ്വാസവും രാജാവിന് കൂടുതൽ കരുത്താർജിക്കുമെന്നും അതവസാനിപ്പിച്ചില്ലെങ്കിൽ,  രാജാവൊരു കീറാമുട്ടിയായി മാറുമെന്നു ഭയന്നുമാണ് അദ്ദേഹത്തെ മനപ്പൂർവ്വം കോലാപ്പെടുത്തിയതെന്നും  മറ്റുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത് .  ആദിവാസികളുടെ വിഷയമ്പുകളേറ്റു രണ്ടു പോലീസുകാർ കൊല്ലപ്പെടുകയുമുണ്ടായി.

( ശ്രീരാമൻ്റെ  ദണ്ഡകാരണ്യ (വന) വാസ കാലത്ത്, ശബരീനദീതീരത്തു വച്ച്, കാട്ടു  പഴങ്ങൾ സ്വയം രുചിച്ചു നോക്കി, മധുരമുള്ളവ മാത്രം ശ്രീരാമനെ ഊട്ടിയ "ശബരി" എന്ന  ആദിവാസി  ശ്രേഷ്ഠയുടെ  അതേ പിൻഗാമികളെ സംരക്ഷിക്കുവാനും, നയിക്കുവാനും മുതിർന്ന, അവരുടെ ജീവിച്ചിരിക്കുന്ന ദൈവമായ,  മറ്റൊരു 'ആധുനിക' മഹാരാജാവിനെയാണ്, ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട   'അത്യാനുധിക'  'രാജാക്കന്മാർ' ചതിപ്രയോഗത്തിലൂടെ നിഷ്ക്കരുണം വകവരുത്തിയിട്ട്, അദ്ദേഹത്തിൻ്റെ നിഷ്ക്കളങ്കരായ ആദിവാസിപ്രജകളെ കൂട്ടക്കുരുതി ചെയ്യ്തു അതേ  ശബരീ തീരത്തു തീകൊളുത്തി ദഹിപ്പിച്ചു സംതൃപ്തിയടഞ്ഞിരിക്കുന്നതു്!!!  ആ ശബരീ മുത്തച്ഛിയുടെ ശാപം മൂലമായിരിക്കുമോ, ആ ആദിവാസികേന്ദ്ര പ്രദേശങ്ങൾ  പിൽക്കാലത്ത് മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമായി  മാറി, ഇന്നത്തെ 'അത്യന്താധുനീക' രാജാക്കന്മാർക്ക് സ്ഥിരം തലവേദനയായി മാറിയിരിക്കുന്നതെന്നു ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു!!! )



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ