2021 മാർച്ച് 31, ബുധനാഴ്‌ച

                ഉപഗുപ്തൻ കെ അയിലറ      11

                 1. ഭൂമി ഭൂതം 
              
              ധരണീ പുരാണം 

വ്യോമപടലത്തിലെയഗ്നിഗോളത്തിൽ നി-
ന്നമിതവേഗത്തിലടർന്നു ഞാൻ മാറി
സൗരയൂഥത്തിലൊരിടം നേടിയിട്ടു ഞാൻ
എരിപൊരിച്ചൂടിൽ കഴിഞ്ഞനേകം നാൾ

മന്വന്തരങ്ങളായ് തപസ്സിരുന്നിട്ടു ഞാൻ
മെല്ലെത്തണുത്തു രൂപം കൊണ്ടു ഭൂമിയായ്  
വായു, ജല,മഗ്നി എന്നിവയെ സൃഷ്ടിച്ചാ-  
വാഹിച്ചടിമകളാക്കിയെൻ നെഞ്ചേറ്റി
   
ഒരു മഹനീയമാം  കർമ്മത്തിന്നവരെ
കരുവാക്കി മാറ്റിയെടുത്തു ഞാൻ മെല്ലേ 
ഒരു ചെറുകോശം മെനഞ്ഞിട്ടു ജീവൻറെ
പൊരുളാം തുടിപ്പേകി സംതൃപ്തയായി  

കടലിലെ പായൽ, ചെടികൾ മൽസ്യങ്ങളും  
കരയിലെ  പറവകൾ സസ്യലതാദികൾ,  
ഉരഗങ്ങൾ നാൽക്കാലികളെന്നി വയ്ക്കെല്ലാം
ഒരുപോലെ നൽകി ഞാൻ ജന്മവും ജീവനും

ഇനിയൊരു ശ്രേഷ്ഠമാം സൃഷ്ടിനടത്തണം
ഇരുകാലി ജന്തുവായ്‌ക്കോട്ടെന്ന്  കരുതീട്ട് 
ബുദ്ധിശക്ത്യാദികളൊരുമിച്ചു ചേർത്തിട്ടു
ബുദ്ധിമനാമിരുകാലിയെ വാർത്തുഞാൻ  

മനസ്സിൽ പ്രതീക്ഷയോടേകീയവന്നു ഞാൻ
'മനുഷ്യ'നെന്നുള്ള മനോഹര  നാമം  
'മനുഷ്യനും മണ്ണാകു'മെന്നതു  മറന്നിട്ട്
മാതൃത്വത്തെയിന്ന്   മുറിവേൽപ്പിക്കുന്നവൻ  

എന്നസ്ഥിയാകുന്ന ശിലകളാണെൻ ശക്തി
എൻ രക്തമാം ജലമതിനടിയിലുണ്ട്
മണ്ണാകുമെന്റെ ശരീരവും ചേർന്നിട്ടു
പൂർണതയോലും ധരണിയാകുന്നു ഞാൻ 




 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ