2021 ഏപ്രിൽ 2, വെള്ളിയാഴ്‌ച

ആമുഖം

                     ആമുഖം                                    

എനിക്ക് 76 വയസ്സ് തികയുന്നതുവരെ ഞാൻ കവിതാ രചനയെപ്പറ്റി ഒട്ടും തന്നെ ചിന്തിച്ചിരുന്നില്ല എന്നതാണ് വാസ്തവം.  മിഡ്‌ഡിൽ സ്കൂളിൽ പഠിക്കുമ്പോൾ അച്ഛൻ എഴുതിത്തന്ന, കുമാരൻ ആശാന്റെയും മറ്റും, കവിതാ ഭാഗങ്ങൾ സ്‌കൂളിലെ പല പല  കവിതാ പാരായണ മത്സരങ്ങളിൽ ചൊല്ലി സമ്മാനങ്ങൾ വാങ്ങുകയും, എസ്സ് എസ്സ് എൽ സി വരെ പാഠങ്ങളിൽ ഉണ്ടായിരുന്ന കവിതകൾ നന്നായി പഠിക്കുകയും, 1959 ൽ എസ്സ് എസ്സ് എൽ സി കഴിഞ്ഞ് ഒന്നൊന്നര വർഷത്തോളം ഒരു നല്ല ലൈബ്രറിയിൽ നിന്നും ധാരാളം പുസ്തകങ്ങൾ എടുത്തു വായിച്ച കൂട്ടത്തിൽ മഹാകവികളുടെയും മറ്റും ചില കവിതാപുസ്തകങ്ങൾ കൂടി വായിക്കുകയും ചെയ്തിരുന്നതിൽ എനിക്ക് വിതകളുമായുള്ള  ബന്ധം ഒതുങ്ങിയിരുന്നു.  നാലു വർഷങ്ങൾക്കു മുൻപ് അപ്രതീക്ഷിതമായി ഞാൻ കവിത രചിക്കുവാൻ ഇടയായത് എനിക്ക് കവിതാരചനയിൽ അഭിരുചിയോ താൽപ്പര്യമോ ഉണ്ടായിട്ടല്ല, മറിച്ച് ഒരു ആവശ്യകതയുടെ പേരിൽ മാത്രം  ആയിരുന്നു.  നാൽപ്പതോളം വർഷത്തെ വേറിട്ടതും സംഘർഷഭരിതവുമായിരുന്ന കേന്ദ്ര ഗവണ്മെന്റ് സർവീസ്സിലും അതു കഴിഞ്ഞു പത്തു വർഷം ലോകാരോഗ്യ സംഘടനയുടെ കീഴിലും  ജോലി ചെയ്തപ്പോഴുണ്ടായ ഔദ്യോഗിക ജീവിതാനുഭവങ്ങൾ ഒരു ആത്മകഥാ  രൂപത്തിൽ  പ്രസിദ്ധപ്പെടുത്തുവാൻ തീരുമാനിച്ചപ്പോൾ, അതിൽ ഒരു പുതിയ ശൈലി കൊണ്ടുവരുവാനായി, അദ്ധ്യായങ്ങൾക്ക് അവസാനം അവയുടെ സാരാംശങ്ങൾ, ശ്ലോക രൂപത്തിൽ 'മേമ്പൊടി' ആയിട്ട് എഴുതി ചേർത്താലോ  എന്ന ചിന്തയിൽ ഞാൻ അതിനായി  ശ്രമിക്കുകയും, കവിതയും സാമാന്യ രീതിയിൽ വഴങ്ങുമെന്ന് ഉറപ്പാ‌ക്കുകയും ആ രൂപത്തിൽ അഞ്ചു വർഷങ്ങൾക്കു മുൻപ് എന്റെ ആത്മകഥ  പ്രസിദ്ധപ്പെടുത്തുകയും  ഉണ്ടായി. അതു കഴിഞ്ഞാണ് ഞാൻ പതിവായി കവിതാ രചനയിലേയ്ക്ക് കടന്നതും, എന്റെ ആദ്യത്തെ കവിതാ സമാഹാരം "പഞ്ചഭൂതങ്ങളും പരിവാരങ്ങളും" എന്ന പേരിൽ പ്രസിദ്ധീകരിച്ചതും.  അതിലെ കവിതകൾ രചിച്ചിരുന്നതിനോടൊപ്പം തന്നെ സുഭാഷിതങ്ങളെയോ അതുമല്ലെങ്കിൽ നീതിസാരങ്ങളെയോ സ്പർശിച്ചുകൊണ്ടുള്ള ഒരു ശ്ലോകം രചിച്ചു ദിവസവും Face Book ൽ ഇടുകയും ഒപ്പം WhatsApp group ളേ എന്റെ സ്നേഹിതർക്ക് "സുപ്രഭാതവും ശുഭദിനവും" നേർന്നുകൊണ്ട് മുടങ്ങാതെ ദിവസ്സവും forward ചെയ്യുകയും പതിവാക്കുകയുണ്ടായി. ആ വിധം ആയിരത്തിമുന്നൂറോളം ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ഇവയിലെ തിരഞ്ഞെടുത്ത ആയിരത്തിയൊന്നു ശ്ലോകങ്ങൾ അക്ഷരമാലാ ക്രമത്തിൽ ക്രോഡീകരിച്ചു ഇതുപോലെ പുസ്തകരൂപത്തിൽ പ്രസിദ്ധപ്പെടുത്തുവാനുള്ള തോന്നലുണ്ടായതും അത് സംഭവയമാകുന്നതും.  പല ശ്ലോകങ്ങളുടെയും ആശയങ്ങളോ പൊരുളോ പലരും ഇംഗ്ലീഷ് ഗദ്യത്തിൽ കുറിച്ചിട്ടുള്ളത് വായിച്ചിട്ടുള്ള ഓർമ്മയിൽ നിന്നും കടംകൊണ്ട് എന്റേതായ കവിതാ ഭാഷ്യത്തിൽ രചിച്ചവകൂടിയാണ്.

എന്റെ കവിതകളുടെ നിലവാരത്തെ പറ്റി വിലയിരുത്തേണ്ടത് തീർച്ചയായും സഹൃദയരായ മാന്യ കവിതാസ്വാദകരാണ്.  അവർ തന്നെ തീരുമാനിക്കട്ടെ.

          ഉപഗുപ്തൻ കെ അയിലറ 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ